നവംബർ 21 ശനിയാഴ്ച, രാവിലെ 9.30 മുതൽ രാത്രി 9 മണിവരെ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്സിൽ സതീഷിനെ ഓർമകളിലൂടെ വീണ്ടെടുക്കാൻ അദ്ദേഹത്തിന്റെ സുഹൃദ്സംഘം ഒത്തുചേരുകയാണ്. സതീഷേട്ടന്റെ ജനകീയ ജീവിതം പോലെതന്നെ, ജനകീയ പങ്കാളിത്തത്തോടെയാണ് ഈ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കപ്പെടുന്നത്. സതീഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററികളുടെ സ്ക്രീനിങ്ങും അനുസ്മരണ പ്രഭാഷണങ്ങളും സംഗീത–നാടകാവതരണങ്ങളുമായി ചക്ലി എന്നറിയപ്പെട്ടിരുന്ന കെ. സതീഷേട്ടനെ സുഹൃത്തുക്കൾ ഓർക്കുന്നു. സിനിമയും ഓർമകളും സംഗീതവും നാടകവും ഒത്തുചേരുന്ന ഈ സംഗമം പ്രിയ സുഹൃത്തിനുള്ള സ്നേഹാർച്ചന കൂടിയാണ്. സതീഷ് ജീവിച്ചിരിക്കെത്തന്നെ നടത്തിയ യാത്രകളെ ആസ്പദമാക്കി ഒരു വീഡിയോ ഒരുക്കാൻ ആഗ്രഹിച്ചിരുന്നു. റോഡ് ടു എറ്റേണിറ്റി (Road to Eternity) എന്നായിരുന്നു അതിന് അദ്ദേഹം നൽകിയ പേര്. പൂർത്തിയാകാതെപോയ ആ ആഗ്രഹത്തിന്റെ പേര് തന്നെ ഇന്ന് സതീഷിന്റെ ഓർമകളെ ചേർത്തുപിടിക്കുന്ന ഈ സുഹൃദ്സംഗമത്തിനും പേരിട്ടിരിക്കുന്നു.

ആരാണ് ഈ സതീഷ്?
യാത്രയും അലച്ചിലും കേവലം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ദൂരമല്ല. ചില മനുഷ്യർക്ക് യാത്ര ജീവിതത്തിന്റെ തന്നെ രാഷ്ട്രീയമാണ്. വ്യവസ്ഥാപിത സമൂഹം വരച്ചിടുന്ന അതിരുകളോടും അധികാരസ്ഥാപനങ്ങളോടും ഉടമസ്ഥതാബോധത്തോടുമുള്ള നിശ്ശബ്ദമായ കലാപം.
സുഹൃത്തുക്കൾ ചക്ലി എന്നും ചക്ലി സതീഷ് എന്നും വിളിച്ചിരുന്ന സതീഷിനെ, പ്രായത്തിൽ ഇളയവരായ സുഹൃത്തുക്കൾ സ്നേഹത്തോടെ ചക്ലിച്ചേട്ടൻ എന്നു വിളിച്ചു. യാത്രകളെ ജീവിതമാക്കിയ ആ സഞ്ചാരി തന്റെ അവസാനയാത്ര പോയിട്ട് ആറു വർഷം പിന്നിടുന്നു. 2020 ഏപ്രിൽ 9-നായിരുന്നു സതീഷിന്റെ മടക്കയാത്ര.
പ്രശസ്തിക്കോ പെരുമയ്ക്കോ സമ്പാദ്യത്തിനോ വേണ്ടിയായിരുന്നില്ല സതീഷിന്റെ യാത്രകൾ. മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടിയ ജനകീയ ചെറുത്തുനിൽപ്പുകൾക്ക് തന്നാലാകുന്ന പിന്തുണ നൽകുക എന്നതായിരുന്നു അതിന്റെ പൊരുൾ. സമരങ്ങൾ നടക്കുന്നിടങ്ങളിലേക്ക് ക്യാമറയുമായി ചെല്ലുക, അവിടത്തെ മനുഷ്യരെയും അവരുടെ പോരാട്ടങ്ങളെയും രേഖപ്പെടുത്തുക, ആ ദൃശ്യങ്ങൾ കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കുക, അങ്ങനെയായിരുന്നു സതീഷ് തന്റെ രാഷ്ട്രീയവും സൗഹൃദവും യാത്രകളും ഒരേ ജീവിതത്തിൽ കോർത്തിണക്കിയത്. പത്തുവർഷം മുമ്പ് നമ്മെ വിട്ടുപോയ സി. ശരത്ചന്ദ്രനും 2022ൽ വിടപറഞ്ഞ കെ. പി. ശശിയുമൊക്കെ അദ്ദേഹത്തിന് മാതൃകകളായിരുന്നു. ജനകീയ സിനിമയെയും ദൃശ്യരേഖപ്പെടുത്തലിനെയും സമൂഹത്തോടുള്ള ഉത്തരവാദിത്വമായി കണ്ട ആ മനുഷ്യരുടെ പാതയിൽ, തന്റേതായ രീതിയിൽ സതീഷും സഞ്ചരിച്ചു.

സതീഷിന്റെ ഓർമകൾ പങ്കുവയ്ക്കുന്ന ഒരു ചടങ്ങിൽ, അദ്ദേഹം പകർത്തിയ ചില വീഡിയോകൾക്കൊപ്പം പ്രദർശിപ്പിക്കാൻ അനുയോജ്യമായ സിനിമകളെക്കുറിച്ച് ആലോചിക്കുമ്പോൾ, സംവിധായകൻ ടോണി ഗറ്റ്ലിഫിന്റെ സിനിമകൾ സ്വാഭാവികമായും വന്നു ചേരാം. കാരണം, ഗറ്റ്ലിഫിന്റെ സിനിമകളിലെ നാടോടിജീവിതങ്ങളും കേരളത്തിന്റെ ബദൽ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തം ജീവിതംകൊണ്ട് അടയാളപ്പെടുതാൻ യാത്ര ചെയ്ത കെ. സതീഷ് എന്ന ചക്ലി ചേട്ടനും തമ്മിൽ കണ്ടുമുട്ടുന്നത് നൊമാഡിക് ജീവിതദർശനത്തിന്റെ വിശാലമായ ഭൂമികയിലാണ്.
ഒരിടത്ത് വേരുറപ്പിക്കാതെ, എന്നാൽ കടന്നുപോകുന്ന ഇടങ്ങളിലൊക്കെയും മനുഷ്യരുമായി ആത്മബന്ധങ്ങൾ സൃഷ്ടിച്ച്, സ്വന്തമായി ഒന്നും അവകാശപ്പെടാതെ, എന്നാൽ ജനകീയ സമരങ്ങളുടെ ചരിത്രത്തിൽ ചില അടയാളങ്ങൾ ബാക്കിവെച്ച്, സതീഷ് നടത്തിയ യാത്രകളെ ഓർത്തെടുക്കാനുള്ള മറ്റൊരു വഴിയാണ് ഗറ്റ്ലിഫിന്റെ സിനിമകൾ. അവിടെ സിനിമയും ജീവിതവും യാത്രയും രാഷ്ട്രീയവും പരസ്പരം വേർതിരിക്കാനാവാത്തവിധം കൂടിച്ചേരുന്നു.

ടോണി ഗാറ്റ്ലിഫിന്റെ ‘ലാച്ചോ ഡ്രം’ റൊമാനി ജനതയുടെ സംഗീതപാരമ്പര്യത്തെ ഇന്ത്യയിൽനിന്ന് ഈജിപ്ത്, തുർക്കി, യൂറോപ്പ് വഴി സ്പെയിനിലേക്കുള്ള യാത്രയിലൂടെ ദൃശ്യവൽക്കരിച്ച വിഖ്യാത ചിത്രമാണ്. സംഗീതവും നൃത്തവും ജീവിതവും ഇഴചേർന്ന ഈ സിനിമ, ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ജനതയുടെ സാംസ്കാരിക ഓർമകളുടെയും അതിജീവനത്തിന്റെയും ആവിഷ്കാരം കൂടിയാണ്. 1993-ൽ കാൻ ചലച്ചിത്രമേളയിലെ Un Certain Regard പുരസ്കാരം ഈ ചിത്രം നേടി.

1997-ൽ പുറത്തിറങ്ങിയ ‘ഗാഡ്ജോ ഡിലോ’ ഗാറ്റ്ലിഫിന് കൂടുതൽ അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു. റൊമാനിയയിൽ ഒരു റോമാ ഗായികയെ അന്വേഷിച്ചെത്തുന്ന ഫ്രഞ്ചുകാരന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ റൊമെയ്ൻ ദുരിസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ലൊക്കാർണോ ചലച്ചിത്രമേളയിൽ സിൽവർ ലെപ്പേർഡ് പുരസ്കാരവും മികച്ച ഒറിജിനൽ സംഗീതത്തിനുള്ള സീസർ പുരസ്കാരവും നേടി. ഇരുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഗാറ്റ്ലിഫിന്റെ സിനിമകളുടെ ജീവധാരകളിലൊന്ന് ഫ്ലമെൻകോ ഉൾപ്പെടെയുള്ള റൊമാനി സംഗീതപാരമ്പര്യമാണ്. സംഗീതം അദ്ദേഹത്തിന്റെ സിനിമകളിൽ പശ്ചാത്തലമൊരുക്കുക മാത്രമല്ല ചെയ്യുന്നത്; അത് കഥാപാത്രങ്ങളുടെ ഓർമയും സ്വത്വവും ചെറുത്തുനിൽപ്പും ആവിഷ്കരിക്കുന്ന ഭാഷയായി മാറുന്നു. പല ചിത്രങ്ങൾക്കും അദ്ദേഹം തന്നെ സംഗീതം പകർന്നു. അതുകൊണ്ടുതന്നെ ഗാറ്റ്ലിഫിന്റെ സിനിമകളിൽ നാം കണ്ടുമുട്ടുന്നത് ഒരു ജനതയുടെ ജീവിതദൃശ്യങ്ങൾ മാത്രമല്ല, അതിരുകളെയും ദേശങ്ങളെയും മറികടന്ന് ഒഴുകുന്ന അവരുടെ സാംസ്കാരികമായ ആത്മാവിനെക്കൂടിയാണ്.
ഭൂമിശാസ്ത്രപരമായ അതിരുകൾക്കും സ്ഥിരമായ വാസസ്ഥലങ്ങൾക്കും ഉടമസ്ഥതയുടെ വ്യവസ്ഥകൾക്കും വഴങ്ങാത്ത മനുഷ്യരാണവർ. അവരുടെ യാത്രകൾക്ക് ഒരു ലക്ഷ്യസ്ഥാനത്തെത്തുക എന്നതിലുപരിയായ അർത്ഥമുണ്ട്. സഞ്ചരിച്ചുകൊണ്ടിരിക്കുക എന്നത് അവരുടെ ജീവിതരീതിയും നിലനിൽപ്പിന്റെ രാഷ്ട്രീയവുമാണ്. ഒരിടത്ത് തളച്ചിടപ്പെടാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യപ്രഖ്യാപനം.

ഗാറ്റ്ലിഫിന്റെ സിനിമകൾക്കുള്ള ആവിഷ്കാരത്തിന്റെ അച്ചടക്കമോ സാങ്കേതികമായ പൂർത്തീകരണമോ സാമ്പത്തികമായ പിൻബലമോ അവയുടെ പിന്നിലെ വിപുലമായ ചലച്ചിത്രനിർമാണ സംവിധാനമോ ഒന്നും ചക്ലി ചേട്ടന്റെ യാത്രകൾക്കുണ്ടായിരുന്നില്ല. അവയെ വിളംബരം ചെയ്യാൻ വലിയ വേദികളോ അംഗീകാരത്തിന്റെ വെളിച്ചങ്ങളോ അദ്ദേഹത്തിന് ആവശ്യവുമായിരുന്നില്ല. എന്നാൽ, ആ പരിമിതികൾക്കിടയിലും, ചക്ലി ചേട്ടന്റെ ജീവിതത്തിലും ഈ നാടോടിസ്വഭാവത്തിന്റെ അസാധാരണമായൊരു പ്രകാശമുണ്ടായിരുന്നു.
സുരക്ഷിതമായ ജീവിതത്തിന്റെ പതിവ് അളവുകോലുകളിലൊന്നും അദ്ദേഹത്തെ പൂർണമായി ഒതുക്കാനാവില്ല. ഒരു ബൈക്കും ഒന്നോ രണ്ടോ ഉടുപ്പുകളും കൈയിൽ ഒരു ക്യാമറയുമായി അദ്ദേഹം യാത്ര തിരിക്കും. മിക്കവാറും വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കോ ഹിമാലയത്തിന്റെ വിദൂരപ്രദേശങ്ങളിലേക്കോ. യാത്ര എവിടെ അവസാനിക്കുമെന്നോ എത്രനാൾ നീളുമെന്നോ അദ്ദേഹത്തിന് മുൻകൂട്ടി നിശ്ചയമുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. യാത്രതന്നെയായിരുന്നു ഒരുപക്ഷേ അദ്ദേഹത്തിന്റെ നിശ്ചയം.
ഗാറ്റ്ലിഫിന്റെ സിനിമകളിലെ നാടോടികൾ സംഗീതത്തിലൂടെ തങ്ങളുടെ ചരിത്രവും സ്വത്വവും അടയാളപ്പെടുത്തുമ്പോൾ, ചക്ലി ചേട്ടൻ ക്യാമറയിലൂടെ ജനങ്ങളുടെ ജീവിതവും സമരങ്ങളും രേഖപ്പെടുത്തി. ഒരാൾ സിനിമയിലൂടെ ഒരു ജനതയുടെ സഞ്ചാരസ്മൃതികളെ വീണ്ടെടുക്കുമ്പോൾ, മറ്റൊരാൾ ദൃശ്യങ്ങളിലൂടെ അധികാരത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ ജീവിതം ചരിത്രത്തിൽ അടയാളപ്പെടുത്താൻ ശ്രമിച്ചു. ഇരുവരുടെയും ലോകങ്ങൾ തമ്മിലുള്ള ഈ സമാനത കേവലം യാത്രകളുടെ സാമ്യമല്ല; മനുഷ്യരോടും അവരുടെ സ്വാതന്ത്ര്യത്തോടും പുലർത്തിയ പ്രതിബദ്ധതയുടെ സാമ്യം കൂടിയാണ്.
ഇന്നലെ കാസർഗോഡാണെന്ന് കേൾക്കുന്ന മനുഷ്യൻ അടുത്ത ദിവസം തൃശ്ശൂരിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടും. എവിടെയും കാണാനാവുന്ന ഒരാൾ, അതേസമയം എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷനാകുന്ന മറ്റൊരാൾ. ഭൂമിശാസ്ത്രപരമായ സാന്നിധ്യത്തിനും അസാന്നിധ്യത്തിനുമിടയിൽ സ്വന്തം ജീവിതംകൊണ്ട് ഒരു സ്വാതന്ത്ര്യത്തിന്റെ ഭൂപടം വരച്ച മനുഷ്യൻ. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ഈ വരവും പോക്കും കേവലം യാത്രയുടെ കൗതുകമായിരുന്നില്ല. ചക്ലി ചേട്ടൻ എന്ന മനുഷ്യന്റെ സ്വഭാവമായിരുന്നു അത്.
എന്നാൽ, ആ യാത്രയുടെ രാഷ്ട്രീയവും അർത്ഥവും തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ബൈക്കുയാത്രകളിലേക്ക് മാത്രം നോക്കിയാൽ പോരാ. എൺപതുകളിൽ കേരളത്തിൽ രൂപപ്പെട്ട ബദൽ സാംസ്കാരിക പ്രവർത്തനങ്ങളുടെയും ജനകീയ സിനിമാ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിലേക്കുകൂടി നാം സഞ്ചരിക്കണം.

1984-ൽ ഡോക്യുമെന്ററി സംവിധായകരായ കെ. പി. ശശിയും പി. ബാബുരാജും ചേർന്ന് കേരളം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ മീഡിയ കളക്ടീവിന്റെ ജീവനാഡികളിലൊരാളായിരുന്നു സതീഷ്. അന്ന് സിനിമയെ വിനോദത്തിന്റെ അടച്ചിട്ട മുറികളിൽനിന്ന് പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ ജീവിതത്തിലേക്കും സമരങ്ങളിലേക്കും എത്തിക്കുക എന്നത് വലിയൊരു രാഷ്ട്രീയ പ്രവർത്തനമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതവും അതിജീവനസമരങ്ങളും പ്രമേയമാക്കിയ We Who Make History, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് കമ്പനിയുടെ ആണവമലിനീകരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത Living in Fear, ആധുനിക വൈദ്യശാസ്ത്ര മരുന്നുകളുടെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്ത In the Name of Medicine തുടങ്ങിയ ഡോക്യുമെന്ററികൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സതീഷ് നിർണായക പങ്കുവഹിച്ചു.
വലിയ വി.സി.ആറും ടെലിവിഷൻ സെറ്റും താങ്ങിപ്പിടിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. പ്രദർശനത്തിനുള്ള ഇടങ്ങൾ കണ്ടെത്തി. മനുഷ്യരെ സിനിമ കാണാൻ ക്ഷണിച്ചു. സിനിമ കഴിഞ്ഞാൽ അവരോട് അതിന്റെ രാഷ്ട്രീയം സംസാരിച്ചു. ബസ് സ്റ്റാൻഡുകളും ഗ്രാമീണ ഇടങ്ങളും നഗരത്തിന്റെ പൊതുവിടങ്ങളുമെല്ലാം ആ യാത്രകളിൽ താൽക്കാലിക സിനിമാശാലകളായി മാറി. വീഡിയോ റാലി എന്ന പേരിൽ നടന്ന പ്രദർശനയാത്രകൾ സിനിമയെ ജനങ്ങളിലേക്ക് കൊണ്ടുപോകുക മാത്രമല്ല, സിനിമ കണ്ട മനുഷ്യരെ പരസ്പരം സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രേരിപ്പിച്ചു.

ഇന്ന് ഡിജിറ്റൽ സ്ക്രീനുകളിലൂടെ നിമിഷനേരംകൊണ്ട് ദൃശ്യങ്ങൾ ലോകമെങ്ങും എത്തുന്ന കാലത്ത്, അന്നത്തെ ആ പ്രവർത്തനത്തിന്റെ അധ്വാനവും രാഷ്ട്രീയപ്രാധാന്യവും നമുക്ക് എളുപ്പത്തിൽ മറന്നുപോകാം. ഒരു സിനിമ ജനങ്ങളിലേക്കെത്തിക്കാൻ ഉപകരണങ്ങൾ ചുമന്നും വഴികൾ താണ്ടിയും പ്രദർശനങ്ങൾ സംഘടിപ്പിച്ചും അതിനുശേഷം ചർച്ചകൾ നയിച്ചും നടന്ന മനുഷ്യരുടെ കാലമായിരുന്നു അത്. സിനിമയുടെ രാഷ്ട്രീയം സ്ക്രീനിൽ അവസാനിക്കുന്നില്ലെന്നും അത് മനുഷ്യർക്കിടയിൽ തുടർന്നുകൊണ്ടിരിക്കണമെന്നും സതീഷ് തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്നു.
1986-ൽ നിർമിക്കപ്പെട്ട Living in Fear ആണവവികിരണത്തിന്റെ ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിച്ച ആദ്യകാല ഇന്ത്യൻ ആണവവിരുദ്ധ ഡോക്യുമെന്ററികളിലൊന്നായിരുന്നു

ജനകീയ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ സി. ശരത്ചന്ദ്രന്റെ മരണശേഷം, 2010 മുതൽ മരണം വരെ കേരളത്തിലെ ജനകീയ സമരവേദികളിൽ ചെറിയൊരു ഹാൻഡി ക്യാമറയുമായി സതീഷ് എത്തിക്കൊണ്ടിരുന്നു. സമരങ്ങൾ രേഖപ്പെടുത്തി. പ്രതിഷേധിക്കുന്ന മനുഷ്യരുടെ മുഖങ്ങളും ശബ്ദങ്ങളും ദൃശ്യങ്ങളാക്കി. അവയെല്ലാം ഒരു സമ്പൂർണ ഡോക്യുമെന്ററിയായി മാറിയില്ലെങ്കിലും, അവയ്ക്ക് മറ്റൊരു മൂല്യമുണ്ടായിരുന്നു. ഔദ്യോഗിക ചരിത്രത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന മനുഷ്യരുടെയും ചെറുത്തുനിൽപ്പുകളുടെയും ഒരു സമാന്തര രേഖപ്പെടുത്തൽ.
പക്ഷേ, 2018-ലെ മഹാപ്രളയം ആ ദൃശ്യങ്ങളിൽ വലിയൊരു ഭാഗം കവർന്നെടുത്തു. വർഷങ്ങളോളം തന്റെ ക്യാമറയിൽ പകർത്തി സൂക്ഷിച്ച ദൃശ്യങ്ങൾ നശിച്ചുപോയതിന്റെ സങ്കടം സതീഷിനെ ആഴത്തിൽ ബാധിച്ചു. ഒരു മനുഷ്യൻ തന്റെ ജീവിതംകൊണ്ട് ശേഖരിച്ച ചരിത്രം വെള്ളത്തിൽ നഷ്ടപ്പെടുക എന്നത് വെറുമൊരു സാങ്കേതിക നഷ്ടമല്ല. അത് ഓർമകളുടെ നഷ്ടമാണ്; അധ്വാനത്തിന്റെയും വിയർപ്പിന്റെയും സഹനത്തിന്റെയും സങ്കടങ്ങളുടെയും നഷ്ടമാണ്. അധികാരത്തിന്റെ ചരിത്രരേഖകളിൽ ഇടം ലഭിക്കാതെ പോകുന്ന മനുഷ്യരുടെ ജീവിതവും അവർ നടത്തിയ ചെറുത്തുനിൽപ്പുകളും ഇനിയും പറയപ്പെടാത്ത കഥകളുമാണ് അതിലൂടെ ഒലിച്ചു പോയത്.
വെള്ളം കവർന്നെടുത്തത് കുറെ ദൃശ്യങ്ങൾ മാത്രമായിരുന്നില്ല; കാലത്തിന്റെ വിസ്മൃതിയിലേക്ക് വഴുതിപ്പോകുമായിരുന്ന ഒരു ജനകീയ ചരിത്രത്തിന്റെ വിലപ്പെട്ട അടയാളങ്ങൾ കൂടിയായിരുന്നു. ആ നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ സതീഷിന്റെ ക്യാമറയ്ക്കു പിന്നിലെ മനുഷ്യനെയും അയാൾ ജീവിതംകൊണ്ട് ഏറ്റെടുത്ത ദൗത്യത്തെയും അറിയേണ്ടതുണ്ട്.
ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം എത്രയോ മനുഷ്യരുടെ ശബ്ദങ്ങളും സമരങ്ങളുടെ അടയാളങ്ങളും മാഞ്ഞുപോയെങ്കിലും സതീഷിന്റെ ജീവിതം അത്തരം നഷ്ടങ്ങളിൽ അവസാനിച്ചില്ല.
കാതിക്കുടത്തെ നിറ്റാ ജലാറ്റിൻ കമ്പനിയുണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചുള്ള കറുത്ത ദൈവത്തെ തേടി കാതിക്കുടം എന്ന ഡോക്യുമെന്ററിയിലൂടെ അദ്ദേഹം പരിസ്ഥിതി പ്രശ്നങ്ങളെ വീണ്ടും അഭിസംബോധന ചെയ്തു. ജനകീയ സമരങ്ങളുടെ ഇടങ്ങളിൽ ക്യാമറയുമായി എത്തുന്ന ആ മനുഷ്യൻ, ദൃശ്യങ്ങൾ ശേഖരിക്കുന്ന ഒരാൾ മാത്രമായിരുന്നില്ല. ഒരു സമൂഹം എന്ത് കാണണം, എന്തിനെക്കുറിച്ച് സംസാരിക്കണം, ആരുടെ ജീവിതങ്ങളാണ് രേഖപ്പെടുത്തപ്പെടേണ്ടത് എന്ന ചോദ്യങ്ങൾ ഉയർത്തിയ പ്രവർത്തകനായിരുന്നു.
ഇവിടെയാണ് ചക്ലി ചേട്ടന്റെ ജീവിതം ടോണി ഗറ്റ്ലിഫിന്റെ സിനിമകളിലെ നാടോടി ദർശനവുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെടുന്നത്. നാടോടി എന്നത് സ്ഥിരമായൊരു വീടില്ലാത്തവൻ എന്ന അർത്ഥത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒരിടത്തിന്റെ ഉടമസ്ഥതയിലും ഒരു ജീവിതക്രമത്തിന്റെ സുരക്ഷിതത്വത്തിലും സ്വയം നിർവചിക്കപ്പെടാൻ വിസമ്മതിക്കുന്ന മനുഷ്യൻ കൂടിയാണത്. ചക്ലി ചേട്ടന്റെ യാത്രകൾ ഈ അർത്ഥത്തിൽ ഭൂമിശാസ്ത്രപരമായ അലച്ചിലുകൾ മാത്രമായിരുന്നില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുമ്പോഴും അദ്ദേഹം ബന്ധങ്ങൾ സൃഷ്ടിച്ചു. മനുഷ്യരെ അടുത്തറിഞ്ഞു. സൗഹൃദങ്ങളെ കാത്തുസൂക്ഷിച്ചു. യാത്രയുടെ വഴികളിൽ സ്വന്തം വീടുകൾ കണ്ടെത്തി.
വയനാട്ടിലെ കനവിലെ കുട്ടികളോടും പിന്നീട് അവർ മുതിർന്നവരായപ്പോഴും അദ്ദേഹം സൂക്ഷിച്ച ആത്മബന്ധം അതിന്റെ ഉദാഹരണമാണ്. ലീല, മംഗളു, സന്തോഷ് തുടങ്ങി പലർക്കും സതീഷ് സ്വന്തം മാമനായിരുന്നു. പ്രായം സൗഹൃദത്തിന് അതിരായില്ല. ജീവിതരീതികൾ അടുപ്പത്തിന് തടസ്സമായില്ല. മനസ്സ് തുറന്നുവെച്ച് മനുഷ്യരെ സ്നേഹിക്കാനുള്ള ഒരു അപൂർവശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപക്ഷേ, നാടോടി ജീവിതത്തിന്റെ ഏറ്റവും മനോഹരമായ വശം അതുതന്നെയാണ്: സ്വന്തം വീടിന്റെ അതിരുകൾക്കപ്പുറം മനുഷ്യർക്കിടയിൽ വീടുകൾ കണ്ടെത്തുക.
ജൈവകൃഷിയോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും ഇതേ ജീവിതദർശനത്തിന്റെ മറ്റൊരു മുഖമായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, കഴിയുന്നത്ര സ്വന്തം വീട്ടിൽ പരീക്ഷിക്കുകയും കൃഷി ചെയ്തുണ്ടാകുന്ന വിളവുകൾ സുഹൃത്തുക്കൾക്ക് പങ്കുവെക്കുകയും ചെയ്തിരുന്നു അദ്ദേഹം. രാഷ്ട്രീയം, സിനിമ, പരിസ്ഥിതി, കൃഷി, സൗഹൃദം ഇവയെല്ലാം പരസ്പരം വേർതിരിച്ച വിഷയങ്ങളായി അദ്ദേഹം കണ്ടിരുന്നില്ല. ജീവിതത്തെ മറ്റൊരു രീതിയിൽ സാധ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു അവയെല്ലാം.

2008ൽ ബംഗളൂരുവിൽനിന്ന് വീണ്ടും ഒരു വടക്കേ ഇന്ത്യൻ യാത്രയ്ക്ക് ബൈക്കുമായി പുറപ്പെട്ടപ്പോഴാണ് സതീഷിന് റോഡപകം ഉണ്ടായത്. നഗരത്തിൽനിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോൾ ബൈക്ക് തെന്നിവീണു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സതീഷ് മാസങ്ങളോളം ഓർമ വന്നും പോയുമുള്ള അവസ്ഥയിൽ കിടപ്പിലായി. ഒടുവിൽ കോവിഡ് മഹാമാരിയുടെ കാലത്ത്, യാത്രകളിലും അനിശ്ചിതത്വങ്ങളിലും സ്വയം കണ്ടെത്തിയ മനുഷ്യന്റെ ജീവിതം അങ്ങനെ ഒരു നീണ്ട നിശ്ചലതയിലേക്ക് വഴിമാറി. കോവിഡ് പ്രോട്ടോക്കോൾ ഉണ്ടായിരുന്നതിനാൽ നാലോ അഞ്ചോ പേരുടെ സാന്നിധ്യത്തിൽ, അവസാനകർമങ്ങൾക്കിടയിൽ സതീഷ് യാത്രയായി. അദ്ദേഹത്തെ അവസാനമായി കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി സുഹൃത്തുക്കൾക്ക് അതിന് കഴിഞ്ഞില്ല. ജീവിതത്തിലുടനീളം എത്രയോ മനുഷ്യർക്കിടയിലൂടെ സ്വതന്ത്രമായി സഞ്ചരിച്ച ഒരാൾക്ക്, മരണത്തിന്റെ അവസാനയാത്രയിൽ ഇത്രയേറെ ഏകാന്തത നേരിടേണ്ടിവന്നത് കാലത്തിന്റെ ക്രൂരമായൊരു വൈരുധ്യമായിരുന്നു.
തൃശ്ശൂർ കൊട്ടേക്കാട് സ്വദേശിയും തിരുവനന്തപുരം നിർമല ഭവൻ കോൺവെന്റ് സ്കൂളിലെ അധ്യാപികയുമായിരുന്ന ഓമനച്ചേച്ചിയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. പക്ഷേ, സതീഷിന്റെ ജീവിതത്തെ ആ അവസാനത്തെ ഏകാന്തതകൊണ്ട് നിർവചിക്കാനാവില്ല. അയാൾ നടന്നുപോയ വഴികളിൽ എത്രയോ മനുഷ്യരുണ്ട്. അയാൾ പ്രദർശിപ്പിച്ച സിനിമകൾ കണ്ടവർ, ആ സിനിമകളെക്കുറിച്ച് സംസാരിച്ചവർ, ക്യാമറയിൽ പതിഞ്ഞ സമരങ്ങളിൽ പങ്കെടുത്തവർ, യാത്രയ്ക്കിടെ സൗഹൃദം പങ്കിട്ടവർ, വീട്ടിലെ കൃഷിയിടത്തിൽനിന്ന് വിളവുകൾ സ്വീകരിച്ചവർ, സതീഷിനെ സ്വന്തം മാമനായി കണ്ടവർ. ആ മനുഷ്യരുടെയെല്ലാം ഓർമകളിൽ അയാൾ പല രൂപങ്ങളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു.
ഗാറ്റ്ലിഫിന്റെ സിനിമകളിലെ നാടോടിപ്പാട്ടുകൾ ഒരു യാത്ര അവസാനിക്കുമ്പോൾ നിശ്ശബ്ദമാകുന്നില്ല. അവ മറ്റൊരു യാത്രക്കാരന്റെ ശബ്ദത്തിലേക്ക് പകരുന്നു; മറ്റൊരു ജീവിതത്തിന്റെ താളമായി തുടരുന്നു. ചക്ലി ചേട്ടന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഒരു കാലഘട്ടത്തിലെ ബദൽ സിനിമാ പ്രസ്ഥാനത്തിന്റെ ഓർമകളിലും കേരളത്തിലെ ജനകീയ സമരങ്ങളുടെ ദൃശ്യചരിത്രത്തിലും സൗഹൃദങ്ങളുടെ സ്വകാര്യലോകങ്ങളിലും ആ ജീവിതം തുടർന്നുകൊണ്ടിരിക്കുന്നു.

ടോണി ഗാറ്റ്ലിഫ് തന്റെ പല സിനിമകൾക്കും സംഗീതം നൽകിയിരുന്നെങ്കിൽ, സതീഷും രാഷ്ട്രീയപ്പാട്ടുകൾ പാടിനടന്ന ഒരാളായിരുന്നു. സമരവേദികളിലും സൗഹൃദസദസ്സുകളിലും ആ പാട്ടുകൾക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ യാത്രകളുടെ അതേ സ്വഭാവമുണ്ടായിരുന്നു, പ്രതിരോധത്തിന്റെ താളവും മനുഷ്യരോടുള്ള ഐക്യദാർഢ്യവും പ്രതീക്ഷയുടെ ഈണവും. നിർഭാഗ്യവശാൽ, ആ പാട്ടുകളൊന്നും റെക്കോർഡ് ചെയ്യപ്പെട്ടില്ല. അവയുടെ ശബ്ദം ഇന്ന് വീണ്ടെടുക്കാനാവില്ലെങ്കിലും, അവ കേട്ടുനിന്ന മനുഷ്യരുടെ ഓർമകളിൽ അവയുടെ പ്രതിധ്വനി ബാക്കിയുണ്ടാകാം.
ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പ്രളയം കവർന്നെടുത്തു; ശബ്ദത്തിൽ പാടിനടന്ന പാട്ടുകൾ റെക്കോർഡിങ്ങുകളില്ലാതെ കാലത്തിൽ അലിഞ്ഞുപോയി. പക്ഷേ, ആ ദൃശ്യങ്ങൾക്കും പാട്ടുകൾക്കും പിന്നിലുണ്ടായിരുന്ന മനുഷ്യനെ കാലത്തിന് അത്ര എളുപ്പത്തിൽ മായ്ച്ചുകളയാനാവില്ല. സതീഷിന്റെ ജീവിതംതന്നെ ഒരു രേഖപ്പെടുത്തലായിരുന്നു. പേരും പെരുമയും തേടാതെ, ജനങ്ങളുടെ പക്ഷത്തുനിന്ന്, സ്വന്തം വഴികളിലൂടെ നടന്നുനീങ്ങിയ ഒരു മനുഷ്യന്റെ രാഷ്ട്രീയജീവിതത്തിന്റെ രേഖപ്പെടുത്തൽ.

സ്ഥിരമായൊരു ഇടത്ത് വേരുറപ്പിക്കാതെ സഞ്ചരിച്ച മനുഷ്യൻ, എത്രയോ മനുഷ്യരുടെ ഓർമകളിൽ വേരുറപ്പിച്ചിരിക്കുന്നു. കൈപൊള്ളിയും അനിശ്ചിതത്വങ്ങളോട് കറപിടിച്ച പല്ലുകാട്ടി ചിരിച്ചും മുന്നോട്ടുപോയ ആ മനുഷ്യൻ, ജീവിതത്തെ സുരക്ഷിതമായ ഒരു ലക്ഷ്യസ്ഥാനമായി കണ്ടില്ല, മറിച്ച് നിരന്തരം തുറന്നുകൊണ്ടിരിക്കുന്നൊരു വഴിയായി കണ്ടു. ആ വഴിയിൽ സിനിമയുണ്ടായിരുന്നു, രാഷ്ട്രീയമുണ്ടായിരുന്നു, പ്രകൃതിയുണ്ടായിരുന്നു, മനുഷ്യരോടുള്ള സ്നേഹമുണ്ടായിരുന്നു.
ചക്ലി ചേട്ടൻ ഇന്ന് നമ്മോടൊപ്പമില്ല. എന്നാൽ അയാൾ സഞ്ചരിച്ച വഴികൾ അവസാനിച്ചിട്ടില്ല. അയാൾ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ, അയാൾ സ്പർശിച്ച മനുഷ്യരുടെ ഓർമകൾ അത്ര എളുപ്പം മാഞ്ഞുപോകില്ല. ചില മനുഷ്യർ ചരിത്രത്തിൽ ഇടം നേടുന്നത് അവർ എഴുതിയ പുസ്തകങ്ങളിലൂടെയോ നേടിയ പദവികളിലൂടെയോ അല്ല. അവർ ജീവിച്ച രീതിയിലൂടെയും അവർ സ്നേഹിച്ച മനുഷ്യരിലൂടെയും അവർ ബാക്കിവെച്ച ചോദ്യങ്ങളിലൂടെയുമാണ്.

അങ്ങനെ നോക്കുമ്പോൾ, ചക്ലി ചേട്ടൻ ഒരു സഞ്ചാരി മാത്രമായിരുന്നില്ല. സഞ്ചാരത്തെ ജീവിതത്തിന്റെ രാഷ്ട്രീയമാക്കിയ മനുഷ്യനായിരുന്നു. സ്വന്തമായി ഒരിടവും സ്വന്തമാക്കാതെ, സഞ്ചരിച്ച വഴികളിലെല്ലാം സ്നേഹത്തിന്റെയും പ്രതിരോധത്തിന്റെയും അടയാളങ്ങൾ ബാക്കിവെച്ച യഥാർഥ നൊമാഡ്.
ചില യാത്രകൾക്ക് അവസാനമുണ്ടാകാം. പക്ഷേ, ചില മനുഷ്യർ നടന്നുപോയ വഴികൾക്ക് അവസാനമുണ്ടാകില്ല. ചക്ലി ചേട്ടൻ അത്തരമൊരു വഴിയാണ്.
തീർച്ചയായും ഓർമിക്കപ്പെടേണ്ട ഒരാളു തന്നെയാണ് ചക്ലി ചേട്ടൻ. അത്തരം മനുഷ്യരുടെ ജീവിതം ഓർത്തെടുക്കാനും അവർ നടന്ന വഴികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും വേദികൾ ഉണ്ടാകേണ്ടതുണ്ട്. കാരണം, ചില മനുഷ്യരെ ഓർക്കുക എന്നത് അവരുടെ ജീവിതത്തെ ആദരിക്കുക മാത്രമല്ല, അവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെയും മൂല്യങ്ങളെയും വീണ്ടും സമൂഹത്തിന്റെ ചർച്ചകളിലേക്ക് കൊണ്ടുവരിക കൂടിയാണ്.







No Comments yet!