Skip to main content

വിക്ടര്‍ ഹ്യൂഗോ

പാവങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി നിരന്തരം സംസാരിച്ച എഴുത്തുകാരന്‍.
ഫ്രാന്‍സിലെ കാല്പനികതാപ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും കവിയും, നാടകകൃത്തും, ഉപന്യാസകാരനും, ദൃശ്യകലാകാരനും, രാഷ്ട്രതന്ത്രജ്ഞനും, മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്നു വിക്ടര്‍ ഹ്യൂഗോ. കവിയെന്ന നിലയിലാണ് ഫ്രാന്‍സില്‍ ഹ്യുഗോയുടെ പ്രശസ്തി ഉണ്ടായതെങ്കിലും നോവലുകളുടെ പരിഭാഷകളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. ഹ്യൂഗോയുടെ കൃതികള്‍ പ്രധാനമായും രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.
ദാരിദ്യവും ചൂഷണവും അവസാനിപ്പിക്കാനും നീതിപൂര്‍ണമായ വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള മനുഷ്യവാഞ്ഛകളുടെ സൗന്ദര്യാത്മകമായ അവതരണങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും.
ഭുമിയില്‍ ജനിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരിതങ്ങളെയും സങ്കടങ്ങളെയും ജീവിതത്തിന്റെ ഓരോ മണ്ഡലങ്ങളിലും അവര്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളെയും അപമാനവീകരണത്തെയും കുറിച്ചാണ് തന്റെ ക്ലാസ്സിക്കല്‍ രചനകളിലൂടെ അദ്ദേഹം സംസാരിച്ചത്.

In the footsteps of Victor Hugo in La Manche | Manche Tourism

1802 ഫെബ്രുവരി 26-ന് ഫ്രാന്‍സിലെ ബെസാങ്കോണില്‍ ജനനം. സ്‌കൂള്‍പഠനകാലം മുതല്‍ കവിതയും നാടകങ്ങളും എഴുതിത്തുടങ്ങി. 17-ാം വയസ്സില്‍ സഹോദരന്മാര്‍ക്കൊപ്പം ‘കണ്‍സര്‍വേറ്റുര്‍ ലിറ്ററേര്‍’ എന്ന സാഹിത്യമാസിക ആരംഭിച്ചു. 1822-ല്‍ ആദ്യത്തെ കവിതാസമാഹാരം പുറത്തുവന്നു. അടുത്തവര്‍ഷം പേരുവയ്ക്കാതെ ‘ഐസ്ലന്‍ഡിലെ ഹാന്‍സ്’ എന്ന നോവല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1827-ല്‍ ക്രോംവെല്‍, 1830-ല്‍ ഹെര്‍നനി എന്നീ നാടകങ്ങള്‍ പ്രസിദ്ധനാക്കി. 1831-ല്‍ ക്വാസിമോദോ എന്ന വിരൂപനായ കൂനനേയും എസ്മറാള്‍ഡ എന്ന സുന്ദരിയുടെയും കഥ പറഞ്ഞ നോതൃദാമിലെ കൂനന്‍ കൂടുതല്‍ ജനപ്രിയനാക്കി. 1841-ല്‍ ഫ്രഞ്ച് അക്കാഡമിയിലേക്കും 1845-ല്‍ ജനപ്രതിനിധിസഭയിലേക്കും 1848-ല്‍ ഉണ്ടായ വിപ്ലവത്തെ തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലും നിയമസഭയിലും അംഗമായി. 1876-ല്‍ പാരീസിലെ സെനറ്ററായി നിയമിതനായി.

Pavangal Volume One And Two - Mathrubhumi Books

1851-ല്‍ നെപ്പോളിയന്‍ മൂന്നാമന്റെ കീഴില്‍ നടന്ന പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഹ്യൂഗോ പ്രസ്താവനകളിറക്കി. ഭരണഘടനാനിയമങ്ങള്‍ ലംഘിച്ച നെപ്പോളിയനെ രാജദ്രോഹിയായി മുദ്രകുത്തണമെന്നു വാദിച്ച ഹ്യൂഗോ തന്റെ ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കി ഇംഗ്ലീഷ് ചാനലിലെ ഗേര്‍സിയിലേക്ക് നാടുവിട്ടു. ഇക്കാലത്താണ് വിശ്വവിഖ്യാതമായ ‘പാവങ്ങള്‍’ (1862) എന്ന നോവല്‍ രചിച്ചത്.
1871-ല്‍ നെപ്പോളിയന്‍ മൂന്നാമന്റെ പതനത്തിനുശേഷം നിലവില്‍ വന്ന ‘പാരീസ് കമ്യൂണ്‍’ എന്ന ഹ്രസ്വമായ കമ്യൂണിസ്റ്റ് ഭരണത്തെ ഒരേസമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്ത അദ്ദേഹം ആ സമയത്ത് ബ്രസല്‍സിലാണ് താമസിച്ചിരുന്നത്.

How to make a revolution: the 1871 Paris Commune | Aeon Essays
Paris Commune, 1871

ശിക്ഷകള്‍, അടിമരാജാവ്, അപരാധിയുടെ അവസാന ദിവസം, മൂവന്തി ഗീതങ്ങള്‍, മകളുടെ മരണം, നൂറ്റാണ്ടുകളുടെ ഇതിഹാസം, ഉള്‍സ്വരങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യനീതിയുടെയും അഗ്‌നിജ്വാലകള്‍ കൃതികളിലൂടെ പടര്‍ത്തിയ വിക്ടര്‍ ഹ്യൂഗോ 1885 മെയ് 22-ന് അന്തരിച്ചു.
മഹാന്മാരുടെ ശവകല്ലറയായ പാന്‍തിയോണില്‍ ദേശീയ ദുഃഖാചരണത്തോടെ നടത്തിയ വിക്ടര്‍ ഹ്യുഗോവിന്റെ ശവസംസ്‌കാരചടങ്ങില്‍ ഇരുപതുലക്ഷം ജനങ്ങളാണ് പങ്കെടുത്തത്. പാരീസിലെ അധോലോക ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് ‘പാവങ്ങള്‍’. പട്ടിണികൊണ്ട് റൊട്ടി മോഷ്ടിച്ച് ദീര്‍ഘകാലം തടവുകാരനാവുകയും പിന്നെ ഒരു നഗരത്തിന്റെ മേയറാവുകയും ചെയ്ത ജീന്‍വല്‍ജിന്റെ (ഫ്രഞ്ച് ഉച്ചാരണം ഴാങ് വല്‍ ഴാങ്) കഥ പറയുന്ന ‘പാവങ്ങള്‍’ കോടിക്കണക്കിനാളുകളെ കണ്ണീരണിയിച്ചിട്ടുണ്ട്.

Victor Hugo's Top-Rated Books and Their Timeless Appeal – Bookswagon

വിധവയായ സഹോദരിയുടെ ഏഴുമക്കള്‍ വിശന്നുകരയുന്നതു കണ്ട് സഹിക്കാതെയാണ് ഫെവറോള പള്ളിയുടെ സമീപത്തുള്ള ചായക്കടയുടെ ചില്ലലമാര കൈകൊണ്ടിടിച്ചു പൊട്ടിച്ച് റൊട്ടിയുമെടുത്ത് അയാള്‍ (ഴാങ് വാല്‍ഴാങ്ങ്) ഓടിയത്. ചില്ലുകൊണ്ട് മുറിഞ്ഞ് കൈയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. കടയുടമ പിന്നാലെയെത്തിയപ്പോള്‍ കൈയിലിരുന്ന റൊട്ടി ദൂരേക്ക് വലിച്ചെറിയേണ്ടിവന്നു. എന്നിട്ടും പൊലീസ് പിടിയിലായി. അഞ്ചു വര്‍ഷത്തേക്ക് തടവുശിക്ഷ. ജയില്‍ ചാടാന്‍ നടത്തിയ വിഫലശ്രമങ്ങള്‍ ശിക്ഷയുടെ കാലാവധി നീട്ടി. അങ്ങനെ പത്തൊമ്പതു വര്‍ഷങ്ങള്‍. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഴാങ്ങിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ദാഹിച്ചും വിശന്നും വലഞ്ഞ് അയാള്‍ക്ക് ഡീന്യെ നഗരത്തിലെ ബിഷപ് അഭയം നല്‍കി. അതിഥിയായി സ്വീകരിച്ചു. പക്ഷേ, രാത്രിയുടെ നിശ്ശബ്ദതയില്‍ അവിടെനിന്ന് വിലപിടിപ്പുള്ള വെള്ളിമെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച് ഴാങ് കടന്നുകളഞ്ഞു. എന്നാല്‍, പൊലീസിന്റെ വലയിലാകാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. മോഷ്ടാവും തൊണ്ടിമുതലുമായി പൊലീസ് ബിഷപ്പിന്റെയടുത്ത് എത്തി. ‘ഞാനത് അയാള്‍ക്ക് കൊടുത്തതാണല്ലോ’ എന്ന് പുരോഹിതന്‍ മറുപടി നല്‍കി. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നല്‍കുന്ന നിയമവ്യവസ്ഥ മാത്രമല്ല, തെറ്റുകള്‍ക്ക് മാപ്പുനല്‍കുന്ന സ്‌നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന് ഴാങ് തിരിച്ചറിയുന്നതപ്പോഴാണ്. നന്മയുടെ വെളിച്ചം ഴാങ്ങിലേക്ക് കടക്കുന്ന ആ ഒരൊറ്റ മുഹൂര്‍ത്തത്തിലൂടെ വിക്ടര്‍ ഹ്യൂഗോ എന്ന എഴുത്തുകാരന്‍ അനശ്വരനാകുന്നു.

Exceptional portrait of Victor Hugo on his deathbed, by Nadar.

മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചുപറയും:
എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്.


വിക്ടര്‍ ഹ്യൂഗോ 

ജനനം : 1802
മരണം : 1885

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.