Skip to main content

മങ്ങിയ ഓർമ്മകൾ പെട്ടെന്ന് നൃത്തങ്ങളും ചിത്രശലഭങ്ങളുമാകുന്നത്

ചില മേതിൽവരികളോടാണ് എന്റെ പ്രണയം. പറഞ്ഞു വരുന്നത് മേതിൽ രാധാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്; കാലങ്ങളായി കൂടെ കൊണ്ടുനടക്കുന്ന ‘ഭൂമിയേയും മരണത്തേയും കുറിച്ച്’ എന്ന മൾബറിപ്പുസ്തകത്തിലെ കവിതകൾ.

‘ആകത്തുകകളിലേ നിങ്ങൾക്കു കഴിയൂ അർത്ഥങ്ങളറിയാൻ;
അംശങ്ങളുടെയും ശിഷ്ടങ്ങളുടെയും കവി ഞാൻ,
സൂക്ഷ്മങ്ങളുടെയും വിശദാംശങ്ങളുടെയും കവി ഞാൻ …’

എന്ന് ‘ദൈവത്തിന്റെ ഫോസിൽ’ എന്ന കവിതയിൽ മേതിൽ തന്നെ എഴുതുന്നുമുണ്ട്. മേതിൽക്കവിതകളിലെ അംശങ്ങളിലും ശിഷ്ടങ്ങളിലുമാണ് എന്നിലെ വായനക്കാരൻ അഭിരമിക്കുന്നത്. അത്തരം ചില അംശങ്ങളെടുത്തുകാട്ടാനുള്ള കൗതുകത്താലാണ് ഈ കുറിപ്പ്.

‘വാൻഗോഗിന്റെ ചെവി’ എന്ന കവിതയിലെ ഈ അവസാനവരികളിൽ ആദ്യത്തെ രണ്ടു വരികൾക്ക് ലേഖനഗദ്യത്തോടടുത്തു നിൽക്കുന്ന നിർജ്ജലീകരിക്കപ്പെട്ട നിസ്സംഗഭാവമാണുള്ളതെങ്കിൽ, അതിനെത്തുടർന്നു വരുന്ന വരികളിൽ കവിതയുടെ ഒരു വെള്ളച്ചാട്ടം തന്നെ ദൃശ്യമാകുന്നു. ആ വരികൾ ഇങ്ങനെ:

‘എന്നെ സംബന്ധിച്ചിടത്തോളം, എല്ലാറ്റിലുമുപരി
വിൻസന്റ് വാൻ ഗോക്കിന്റെ നേട്ടം ഇതായിരുന്നു:
മഞ്ഞയെ – നിറങ്ങളിൽ വെച്ച് കാട്ടുകുതിരയായ മഞ്ഞയെ –
അദ്ദേഹം മെരുക്കിയെടുത്തു!’

വാൻഗോഗിന്റെ മഞ്ഞയ്ക്ക് അത്യപൂർവമായ ഒരു തരം ദൃശ്യത സമ്മാനിക്കുന്നുണ്ട്, ‘നിറങ്ങളിൽ കാട്ടുകുതിരയായ മഞ്ഞ’ എന്ന ആ കല്പന. മെരുങ്ങാത്ത അശ്വപേശികളുള്ള, കുതിക്കുന്ന, കുതറുന്ന മഞ്ഞ. അതിനെ ക്യാൻവാസിൽ മെരുക്കിയടക്കി ആ സൂര്യമൃഗത്തിനുമേൽ (solar animal) സവാരി ചെയ്യുന്ന വന്യനായ വാൻഗോഗ്. ഇത്രയും, ഇതിലുമേറെയും ഭാവന ചെയ്യാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. അതാണ് ഈ മേതിലിയൻ കവിതാവരിയുടെ സാഫല്യം.

‘കല്ലിൽ ഒരു കവാടം’ എന്ന കവിതയിലേതാണ് എന്നെ നടുക്കിയുണർത്തിയ മറ്റൊരു വരി:

‘കല്ലിനുള്ളിൽ ഒരു ദേവാലയമുണ്ട് –
മണിയൊച്ച പുറത്തു വരുന്നതേയില്ല.’

മുമ്പു തന്നെ നെരൂദയുടെ ഒരു കവിതയിൽ വായിച്ചിരുന്നു, ‘ഞാൻ കല്ലിനോടുരിയാടിയപ്പോൾ അതൊരു മണി പോലെ മുഴങ്ങി’ (When I spoke to the stone, it rang like a bell) എന്ന്. ഇവിടെ ആ ക്രമം തിരിച്ചിടപ്പെട്ടിരിക്കുന്നു. കല്ലിനുള്ളിലാണ് ദേവാലയം. അവിടെ ആരാധന നടക്കുകയും ആളുകൾ ശിരസ്സു കുനിക്കുകയും ധൂപക്കൂട്ടുകളുടെ മണമുയരുകയും മണി മുഴങ്ങുകയും ചെയ്യുന്നു. ഒന്നും പുറത്തു വരുന്നില്ല. എന്തൊരു ഗംഭീരദേവാലത്തെയാണ് ഓരോ കല്ലും ഗൂഹനം ചെയ്യുന്നത്!

‘ഹരിതവും സ്വർണ്ണവും’ എന്ന കവിതയുടെ ഒടുവിലാണ് ഈ വരികളുള്ളത്:

‘ഒരു ചിതയുടെ സ്വർണ്ണത്തിൽ നാം ആളിക്കത്തുന്നു –
എത്ര ക്രൂരമായ ധൂർത്ത്!’

ശരൽക്കാലത്തെ ഇലകൾക്ക് മരണം മഞ്ഞലോഹത്തിന്റെ ദീപ്തവർണ്ണം നൽകുന്നു എന്നതിനാലോ, അടർന്നു വീഴുന്ന പഴുത്ത പ്ലാവിലകളെ നോക്കി ധ്യാനിച്ചതിനാലോ ആവണം, മരണവും സ്വർണ്ണവും തമ്മിലുള്ള ഈ ആകസ്മികമായ ചേർപ്പ്. ‘Nothing gold can stay’ എന്ന ഫ്രോസ്റ്റിന്റെ മനോഹരമായ കാവ്യവരിയുമുണ്ട്. അഗ്നി ഹിരണ്യരേതസ്സായതിനാലാവാം അതിനെ കവി ചിതത്തീയുമായി ബന്ധിപ്പിക്കുന്നത്. അതെന്തായാലും, ആകസ്മികമായവയുടെ ഈ ഒത്തിരിപ്പിൽ കവിതയുടെ തീയാളുന്നു, അത്യുജ്ജ്വലമായി!

‘മലർത്തിയടിക്കപ്പെട്ട ഒരാമയേപ്പോലെ കുളം പിടയ്ക്കുന്നു’ എന്ന വരിയിലാണ് ‘കുളം’ എന്ന കവിത വിസ്മയനീയമായ ഒരു കാവ്യാനുഭവമായി മാറി, എന്റെ മുന്നിൽ അതിന്റെ ആകാശോന്മുഖമായ രജതദർപ്പണം നിവർത്തിക്കാട്ടിയത്.

‘ഞങ്ങളുടെ സംഗങ്ങൾ ആകാശത്തിന്റെയും ഭൂമിയുടേതുമായിരുന്നു,
നേർക്കുനേർ അടഞ്ഞുകിടക്കുന്ന രണ്ട് കവാടങ്ങൾ
ഒരേ സമയത്ത് തുറക്കുന്നതു പോലെ ഞങ്ങളുടെ പൊക്കിളുകൾ ഒപ്പം തുറന്നിരിക്കണം.
എനിക്കവൾ ആകാശമെന്തെന്നു കാണിച്ചു തന്നു,
എനിക്കടിയിലവൾ ചുട്ടു പഴുക്കുന്ന ഒരാകാശമായിരുന്നു’ എന്നും,

‘പക്ഷേ, പൊക്കിളുകൾ അടഞ്ഞ കവാടങ്ങളാണ്;
പുംബീജങ്ങളേപ്പോലെ നിപതിക്കുന്ന ഉൽക്കകൾ
ഭൂമിയിൽ ഒന്നും മുളപ്പിക്കുകയുമില്ല’ എന്നും ‘പൊക്കിളുകൾ’ എന്ന കവിതയിൽ.

സ്ത്രൈണാകാശത്തെ അടിയിലാക്കിക്കൊണ്ടുള്ള ഭൂമിയുടെ പുരുഷസുരതം. അപ്പോൾ അന്യോന്യം തുറക്കപ്പെടുന്ന രണ്ടു കവാടങ്ങൾ പോലെ രണ്ടു പൊക്കിളുകളുടെ പരസ്പരാഭിമുഖീകരണം. പുംബീജങ്ങൾ പോലുള്ള ഉൽക്കാപതനം. അത് ഭൂമിയുടെ പൊക്കിൾക്കുഴിയെന്ന അടഞ്ഞ കവാടത്തിൽ വീണ് കത്തിയമരുന്നു. കുഴി, പൊക്കിൾ, കവാടം, ഭൂമി, ആകാശം, ഉൽക്കകൾ, പുംബീജങ്ങൾ എന്നിങ്ങനെ പ്രപഞ്ചം മുഴുവൻ പങ്കെടുക്കുന്ന ഒരു മഹാമൈഥുനമായി അങ്ങനെ ഈ കവിത മാറുന്നു.

‘ഒന്നും അപ്പുറത്തേയ്ക്കു പോകുന്നില്ല
പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നു:
ആർക്കോ ഊഴമുണ്ട് – അതുവരെ
ഒരു അരണയുടെ മറവിയിൽ നാം ജീവിക്കുന്നു’

എന്ന് ‘എം. ഗോവിന്ദൻ’ എന്ന കവിതയുടെ ഒടുവിൽ.

മരണം ഒന്നും കൊണ്ടുപോകുന്നില്ല, ഒരു ശവം പുറകോട്ടെറിയുക മാത്രം ചെയ്യുന്നു. അതിനെക്കുറിച്ചുള്ള പടുമറവിയോ നമ്മളെ അരണകൾക്കൊപ്പമാക്കുന്നു!

ഇനിയും ഈ കവിതകളിൽ എവിടെ പരതിയാലും ഇത്തരം വരികൾ കിട്ടുമെന്നെനിക്കുറപ്പാണ്. തൽക്കാലം അതിനു മുതിരുന്നില്ല. പകരം, ഞാൻ ആദ്യം വായിച്ച, അതിനാൽ എനിക്കേറ്റവും പ്രിയപ്പെട്ട, ‘ആദ്യത്തെ കണ്ണട‘ എന്ന മേതിൽക്കവിതയിലെ തുടക്കവരികൾ ഇവിടെ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം:

‘ആദ്യത്തെ കണ്ണടയുടെ സുഖം
ആദ്യത്തെ പ്രേമത്തിന്റെ സുഖമാകുന്നു.
മങ്ങി രൂപമഴിഞ്ഞ ലിപികൾ പെട്ടെന്നു തെളിഞ്ഞു വരുന്നത്
മങ്ങിയ ഓർമ്മകൾ പെട്ടെന്ന് നൃത്തങ്ങളും ചിത്രശലഭങ്ങളുമാകുന്നതു പോലെയാണ് ….’

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.