Skip to main content

സേതുബന്ധനം

കാണുന്നവർക്കൊക്കെ ഒരേ ചോദ്യം: കുട്ടികൾ എന്തു ചെയ്യുന്നു? എന്ത് മറുപടി പറയണം? കുട്ടികൾ ആയിട്ടില്ലെന്നോ, കല്യാണം കഴിഞ്ഞിട്ടില്ലെന്നോ? എന്തായാലും മറുചോദ്യം ഉറപ്പാണ്. അതുകൊണ്ട് “ആയിട്ടില്ല” എന്ന ഒറ്റവാക്കിൽ ഒതുക്കാറാണ് പതിവ്. അവർക്ക് ഊഹിക്കാം, അല്ലെങ്കിൽ ഊഹിക്കണം — ആയിട്ടില്ലാത്തത് കല്യാണമാണോ അതോ കുട്ടികളാണോ എന്ന്.

എന്റെ നിർവികാരമായ മുഖത്തുനിന്നുള്ള മറുപടി കേൾക്കുന്നവരാരും മറുചോദ്യം ചോദിക്കാത്തതുകൊണ്ട് കുഴപ്പമില്ലാതെ പോകുന്നു.

നാൽപ്പത് കഴിഞ്ഞതാണ് കുഴപ്പമായത്. അതുവരെ എല്ലാത്തിനും ഒരു ഉത്തരമുണ്ടായിരുന്നു: അന്വേഷിക്കുന്നുണ്ട്, കുട്ടി പഠിക്കുകയാണ്, സർക്കാർ ജോലി ഉടൻ കിട്ടും, അതു കഴിഞ്ഞാലുടൻ — എന്നൊക്കെ. ഇപ്പോൾ ആ ഘട്ടം കഴിഞ്ഞു. ഇനിയിപ്പോൾ പുതിയ കഥകൾ പറയേണ്ടിവരും. അല്ലെങ്കിൽ നാടുവിട്ട് പോകാം.

അവിടെയും ചോദിക്കുകയാണെങ്കിൽ ഭാര്യയും കുട്ടികളും നാട്ടിലാണെന്ന് പറയാം. അതാണ് നല്ലത്.

ഇവിടെ നിന്നാൽ പ്രശ്നമാണ്. ചോദ്യങ്ങൾ, അവളുടെ ഓർമ്മകൾ — എല്ലാം എന്നെ നശിപ്പിക്കും. പോയേക്കാം. എവിടെ പോകും? എല്ലാവരും യൂറോപ്പിലേക്കാണ് പോകുന്നത്. എനിക്ക് അവിടെ പോകേണ്ട. അവൾ അവിടെയുണ്ട്. അപ്പോൾ പിന്നെ എവിടെ പോകാം? അല്ലെങ്കിലും എന്റെ പഠിപ്പും കയ്യിലുള്ള പണവും വെച്ച്, വേണമെന്ന് കരുതിയാലും പോകാനാകുമോ? ഇല്ല. ഒരിക്കൽ ശ്രമിച്ചതല്ലേ.

അപ്പോൾ എന്തു ചെയ്യാം?

നോക്കാം.

എങ്ങോട്ട് പോകണമെന്നുള്ളതാണ് ഇപ്പോഴത്തെ ആലോചന. രാജ്യങ്ങൾ പലതുമുണ്ട്. പക്ഷേ മഞ്ഞിൽ പൊതിഞ്ഞ ഇടങ്ങൾ എനിക്ക് പേടിയാണ്, മരുഭൂമികളും. എനിക്ക് ഇഷ്ടമില്ല. എനിക്ക് ഇവിടം പോലൊരിടം വേണം. അങ്ങനെയൊന്ന് ഞാൻ കേട്ടിട്ടില്ല; കേൾക്കുമ്പോൾ ആലോചിക്കാം.

മീൻപിടിക്കാൻ പോകുന്ന സമയത്ത് മാത്രമാണ് ആശ്വാസമുള്ളത് — അതും ഒറ്റയ്ക്ക് പോകുമ്പോൾ. കടലും ഞാനും; രണ്ടുപേർക്കും പരാതികളില്ല. പരാതി പറയാൻ ഇടം കൊടുക്കാതെയാണ് കടൽ എനിക്ക് മീൻ തരുന്നത്. “എനിക്ക് ഇത്രയൊന്നും വേണ്ട, ഇന്നത്തേക്കുള്ളതു മാത്രം മതി; അല്ലെങ്കിൽ നാളെ വരാനുള്ള ഉത്സാഹം കുറയും” എന്നത് എന്റെ സ്ഥിരം പല്ലവിയാണ്. കടൽ അതിന് ചെവികൊടുക്കാറില്ല. കൂടുതൽ പറഞ്ഞാൽ കടൽ എന്റെ തലയിൽ വീഴത്തക്ക രീതിയിൽ തിരമാല പായിക്കും.

എന്നെ ഓടിക്കാൻ വരുന്ന തിരമാല എന്റെ ചിരി കണ്ടാലേ പോകൂ; അല്ലെങ്കിൽ പോകാതെ നിൽക്കും. കൂടുതൽ കളിയാക്കിയാൽ ഞാൻ പറയും: “ഇനിയും ഇങ്ങനെ ചെയ്താൽ ഞാൻ യൂറോപ്പിൽ പോകും; പിന്നെ എന്നെ കാണണമെങ്കിൽ മഴയായി വരേണ്ടിവരും.” അതു കേൾക്കുമ്പോഴാണ് കടലൊന്ന് ശാന്തമാകുന്നത്.

ഞാൻ എവിടെയും പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരേയൊരാൾ.

ഏറെ നേരത്തെ കളിക്കുശേഷം ഞാൻ പറയും: ഞാൻ പോകില്ല, എനിക്ക് പോകാനാകില്ല.

ഏറെ കഴിയുമ്പോൾ ഞാൻ പറയും: ഞാൻ പോകുന്നു, അല്ലെങ്കിൽ കിട്ടിയ മീൻ കേടാകും.

എന്നെ തിരിച്ചയയ്ക്കുമ്പോഴാണ് ഏറ്റവും കരുതൽ. ഞാൻ കരയ്ക്കുകയറി നടക്കുംവരെ എന്നെ നോക്കിനിൽക്കും.

വീട്ടിലെത്തിയാൽ സ്ഥിരം ജോലികൾ, ഒരു മാറ്റവുമില്ല. പല്ലിക്കാട്ടമാണ് എന്റെ ശത്രു. ഇവരൊക്കെ എവിടെയാണാവോ ഇരിക്കുന്നത്, പുറത്തൊന്നും കാണില്ല. എന്നാൽ രാവിലെ വരുമ്പോൾ വീടുമുഴുവൻ കറുപ്പിൽ പൊട്ടുകുത്തിയ അരിമണികൾപോലെ നിറഞ്ഞുകിടക്കും. ഇത് അടിച്ചുകളഞ്ഞാണ് എന്റെ ജീവിതം മടുക്കുന്നത്.

ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള സിദ്ധി വേണം — ആരെങ്കിലും എന്തെങ്കിലും വരം വേണോ എന്ന് ചോദിച്ചാൽ ചോദിക്കണമെന്ന് കരുതിയിരിക്കുന്ന വരമാണ്. പക്ഷേ ഇതുവരെ ആരും ചോദിച്ചില്ല. ഇനി ചോദിക്കുമായിരിക്കും.

ആവശ്യമില്ലാതെയുള്ള വിശപ്പിന്റെ വിളി; ഇനി രക്ഷയില്ല. ഭക്ഷണം ഉണ്ടാക്കിയേ പറ്റൂ. ആരും കൊണ്ടുതരണില്ല, അതുകൊണ്ട് ആ കാത്തിരിപ്പ് വേണ്ട. അതിൽ കുഴപ്പമില്ല. പക്ഷേ ആർക്കും കൊടുക്കാനില്ല — ആ വിഷമം മാറാറില്ല. അതാണ് എന്റെ മടുപ്പ്. ഒരാളെങ്കിലും കഴിക്കാൻ വന്നാൽ എന്റെ ഏറ്റവും കേമമായ മീൻകറി ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. കഴിച്ചാൽ എന്തായാലും പറയും: “നന്നായിട്ടുണ്ട്, നിന്റെ ഭാര്യയുടെ ഭാഗ്യം.”

അതു കേൾക്കേണ്ട; എന്നാലും അവർക്ക് ഇഷ്ടപ്പെടും എന്ന ചിന്ത എന്നെ കോരിത്തരിപ്പിക്കാറുണ്ട്.

ഇന്നിനി മീൻകറിയിൽ തുടങ്ങാം. ചോറ് രാവിലെ വെച്ചതുണ്ട്. മണി നാലായി. വയറിനെ പറഞ്ഞിട്ട് കാര്യമില്ല. വിശപ്പ് സ്വാഭാവികമാണ്.

ഇത്രയും നന്നായി പാചകം ചെയ്യുന്ന എനിക്ക് പാചകം ഒരു ജോലിയായി എടുത്താലെന്താ?

അയ്യോ, അതുവേണ്ട. കടൽ എന്നെ കണ്ടില്ലെങ്കിൽ അന്വേഷിച്ച് ഇവിടംവരെ വരും. അതു വേണ്ട.

മീൻകറിയും ഊണും — സ്ഥിരഭക്ഷണത്തിന്റെ മടുപ്പില്ല, പക്ഷേ ഒറ്റയ്ക്ക് കഴിക്കുന്നതിന്റെ വിരക്തിയുണ്ട്. ഇത് മാറില്ല.

ഊണുകഴിച്ചതും ഉറങ്ങിപ്പോയി.

സ്വപ്നമില്ലാത്ത ഉറക്കം. കാലിൽ മിന്നുപ്പൂച്ച തൊട്ടപ്പോഴാണ് ഉണർന്നത്. സമയം എട്ടുമണി. ചായസമയം കഴിഞ്ഞു.

ഇനിയുറങ്ങിയാൽ രാത്രി ഒരുപോള കണ്ണടയ്ക്കാൻ കഴിയില്ല.

കിട്ടിയ ഷർട്ടുമിട്ട് ടോർച്ചുമെടുത്ത് നടന്നു. എല്ലായിടത്തും ടിവിയുടെ ശബ്ദം; ശബ്ദമില്ലാത്ത വീടുകളില്ല.

എന്നത്തെയുംപോലെ എല്ലാവരും തിരക്കിലാണ്, ഞാനൊഴിച്ച്.

കുട്ടികളുടെ വിളികൾ എന്നെ കുറച്ചൊന്ന് കുലുക്കുന്നുണ്ട്. ഇതെല്ലാം സ്ഥിരം ചിന്തകളാണ്. നടന്നുനടന്ന് കവലയിലെത്തി. കൂട്ടുകാരില്ലാത്ത എനിക്ക് ചുറ്റും ആൾവലയങ്ങളില്ല.

മടുപ്പ് മാറ്റാൻ മാത്രം ചായ വാങ്ങി, പുറത്തുള്ള ബെഞ്ചിലിരുന്നു. കടൽക്കാറ്റുണ്ട്. രാത്രി ചൂണ്ടയ്ക്ക് പോകുന്ന ആളുകൾ തിടുക്കത്തിൽ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പോകുന്നുണ്ട്. ഞാനും ഇവർക്കൊപ്പം പോയാലോ? വേണ്ട. രാത്രി പോയാൽ എനിക്ക് കടലിനോട് സംസാരിക്കാൻ പറ്റില്ല, കാണാനും. ഞാൻ വെളുപ്പിന് തന്നെ പോയേക്കാം.

അടുത്തിരിക്കുന്ന ചെറുപ്പക്കാർ യൂറോപ്പ് യാത്രയെക്കുറിച്ചുള്ള ചർച്ചയിലാണ്. ഇവർ എന്തായാലും പോകും. അവരുടെ എല്ലാ കാര്യങ്ങളും ശരിയായിരിക്കുകയാണെന്ന് സംസാരം കേട്ടാലറിയാം.

സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു: “ഞാൻ വന്നിട്ട് ആറുമാസമായി. ഇനി പോയില്ലെങ്കിൽ ഞാൻ തിരിച്ച് ഇന്ത്യയിൽത്തന്നെ പോകും. അവിടെയാണെങ്കിൽ റേഷനും കിട്ടും, ദിവസവും പണിയുണ്ട്, സിനിമ, കൂട്ടുകാർ — ഇവിടത്തേക്കാളും വേഗത്തിൽ സമയം പോകും.”

അതെന്താ ഇന്ത്യയിൽ സമയം വേഗത്തിൽ പോകുന്നത്? എന്താണ് ശ്രീലങ്കയ്ക്ക് കുഴപ്പം? ഇവിടെയും ഇരുപത്തിനാലു മണിക്കൂർ, അവിടെയും ഇരുപത്തിനാലു മണിക്കൂർ. പിന്നെന്താണ് അവൻ അങ്ങനെ പറയുന്നത്? എനിക്കിവിടത്തെ സമയം കൂടുതലാണ്; സമയം കുറവുള്ള എവിടേക്കെങ്കിലും പോകണമെന്നുള്ള ആശ ഇവനെങ്ങനെ അറിഞ്ഞു? അതുമാത്രം ഞാൻ കേൾക്കത്തക്ക രീതിയിൽ അവൻ പറഞ്ഞു. അത്ഭുതം!

അവനോട് ചോദിച്ചാലോ, അവിടെ സമയം എങ്ങനെയാണ് വേഗത്തിൽ പോകുന്നതെന്ന്? ഇവിടം കഷ്ടമാണ്; ഒരു ദിവസം തള്ളിനീക്കുന്ന പാട് എനിക്കു മാത്രമേ അറിയൂ. ചോദിച്ചാലോ? എന്തു ചോദിക്കും? ഏതായാലും ചായയുടെ പൈസ കൊടുത്തുവന്നിട്ട് ചോദിക്കാം. ഞാൻ എഴുന്നേറ്റ് പണം കൊടുത്തുവന്നപ്പോൾ അവരില്ല. അവർ പോയിരുന്നു. അയ്യോ! ഇതാണ് എന്റെ പ്രശ്നം. സമയത്തിന് പ്രവർത്തിക്കില്ല. അപ്പോൾ മിണ്ടാതിരിക്കും, എന്നിട്ട് ദുഃഖിക്കും.

ഇനി കാണുമ്പോൾ ചോദിക്കണം.

പിറ്റേന്ന് കടലിനോട് ഇതിനെക്കുറിച്ച് പറഞ്ഞു. കടലൊന്നും മിണ്ടിയില്ല. ഇഷ്ടപ്പെട്ടില്ലേ? അതോ സമ്മതമാണോ?

മനസ്സിലായില്ല.

തിരിച്ചുവരുമ്പോൾ അതായിരുന്നു മുഴുവൻ ചിന്ത. സമയം കുറവാണെങ്കിൽ എന്റെ ഏകാന്തതയ്ക്ക് ഒരു ശമനമുണ്ടാകും. ഇന്ത്യയാണെങ്കിൽ മുപ്പത് കിലോമീറ്റർ അകലെ മാത്രം. എനിക്കെന്നും കടലിനോട് മിണ്ടാം, കടലിനെന്നെ കാണാം.

എനിക്ക് പോകേണ്ടത് അവിടെയാണ്.

അയ്യോ, അങ്ങനെ ഞാൻ പോയാൽ എന്റെ ഇവിടത്തെ കാര്യങ്ങളെല്ലാം ആരു നോക്കും?

ഏത് കാര്യം, എന്ത് കാര്യം? എനിക്കാരുണ്ട്? ആരുമില്ല. കാര്യങ്ങളുമില്ല.

അതു മനസ്സിൽ തെളിഞ്ഞപ്പോഴാണ് ചുണ്ടിൽ ഏറെ നാളുകൾക്കുശേഷം ചിരി വന്നത്.

വീട്ടിൽ ഇരിക്കുമ്പോഴും ചിന്തകൾക്ക് കുറവില്ല. എന്റെ വള്ളത്തിൽ കടൽ കടക്കാം; ആരുടെയും സഹായം വേണ്ട, പണച്ചെലവില്ല.

പോയാലോ?

അവിടെ പോയാൽ എന്ത് സംഭവിക്കും?

അവിടെ പോലീസ് കൊണ്ടുപോകും. പരിശോധന കഴിഞ്ഞാൽ ക്യാമ്പിലേക്കും. പിന്നെ അവിടെ താമസിക്കാനുള്ള സ്ഥലവും അരിയും മാസം കിട്ടുന്ന പണവും കിട്ടും. അതു പോരേ? അതു മതി. ദിവസവും കടലിൽ പോയി മീൻപിടിക്കാം. പക്ഷേ യൂറോപ്പിൽ പോകാൻ കഴിയില്ല; അതിന് ഇവിടെത്തന്നെ വരണം. അങ്ങനെ ഞാൻ പോകുന്നുണ്ടോ?

ഇല്ല.

അപ്പോൾ ഇവിടെ വരണോ? ആരെങ്കിലും ഇവിടെ കാത്തിരിക്കുന്നുണ്ടോ?

ഇല്ല. പിന്നെന്തിന് വരണം? ശരിയാണ്, വരേണ്ട കാര്യമില്ല. സമയം കുറവുള്ള ഇന്ത്യയിൽത്തന്നെ പോകാം.

പിറ്റേന്നാണ് തീരുമാനം കടലിനോട് പറഞ്ഞത്.

കടൽ അന്ന് സന്തോഷത്താൽ എന്റെ വള്ളം കുലുക്കി. അപ്പോഴാണ് എനിക്ക് സമാധാനമായത്. കടലിനോട് പറയാതെ, സമ്മതം വാങ്ങാതെ എനിക്ക് പോകാൻ കഴിയില്ല.

തിരിച്ചെത്തിയതുമുതൽ പോകാനുള്ള ചിന്തകളാണ് മനസ്സിൽ. ആരോടും യാത്ര പറയാനില്ല, കടലിനോടൊഴിച്ച്. കൊണ്ടുപോകാൻ സാധനസാമഗ്രികളുമില്ല. ഈ ഒറ്റമുറിവീട് മാത്രം. ഇതിവിടെ എന്നെ കാത്തുനിൽക്കട്ടെ; എനിക്കെപ്പോഴെങ്കിലും വരണമെന്ന് തോന്നിയാൽ വരാനൊരിടമുണ്ടെന്ന് ആശ്വസിക്കാമല്ലോ.

കുടിക്കാനുള്ള വെള്ളം, ആകെയുള്ള മുണ്ടും ഷർട്ടും, ടോർച്ച് — ഇത്രയും കയ്യിൽ കരുതി.

മിന്നുപ്പൂച്ചയോട് മാത്രം യാത്രപറഞ്ഞിറങ്ങി.

പകൽപോലെ വെളിച്ചമുള്ള നിലാവ്. നിലാവിന് ഇത്രയും തെളിച്ചമുണ്ടോ? ഞാനുറങ്ങുന്ന സമയമായതിനാൽ ഈ നിലാവിനെ കാണാറില്ല. വള്ളത്തിൽ കയറിയതുമുതൽ മനസ്സിൽ ഒരു പടപടപ്പ്. പോകണോ? അതോ ഇവിടെത്തന്നെ നിൽക്കണോ? അഭിപ്രായം ചോദിക്കാൻ ആളില്ലാത്ത വേദന മനസ്സിനെ ചെറുതായൊന്ന് കുലുക്കി. വള്ളം ഞാനറിയാതെ പോകുന്നുണ്ട്. നേരം വെളുക്കാറായി. കടൽ നന്നായി കാണാം; എന്നെയും. നേവിയോ? പോലീസോ? ആരെങ്കിലും എന്നെ കാണുമായിരിക്കും. പിന്നെ അവർക്കൊപ്പം പോകാമല്ലോ. പക്ഷേ ആരെയും കാണുന്നില്ല. എന്റെ വള്ളം ചെറുതായതിനാലാകുമോ?

വെയിൽ മുഖത്തടിച്ചപ്പോഴാണ് എഴുന്നേറ്റത്. വള്ളം മണൽത്തിട്ടയിൽ കയറിയിരിക്കുന്നു. വള്ളം എങ്ങോട്ടും പോകുന്നില്ല. രാത്രി നിന്ന അതേ സ്ഥലം. വെയിലേറ്റതിന്റെ ദാഹം.

വെള്ളത്തിനാണ് ഏറ്റവും രുചിയെന്ന് എപ്പോഴെങ്കിലും നിനക്ക് മനസ്സിലായിട്ടുണ്ടോ? — മനസ്സെന്നോട് ചോദിച്ചു. വെള്ളം കുടിച്ചു. വേലിയിറക്കമാണ്; ഇനി പോകണമെങ്കിൽ വേലിയേറ്റമാകണം. അല്ലെങ്കിൽ ഈ മണൽക്കൂനയിൽനിന്ന് വള്ളം തള്ളിയിറക്കണം.

എവിടെ പോലീസ്?

ഞാൻ തിരഞ്ഞു.

കണ്ടില്ല.

ഞാനിപ്പോൾ ഇന്ത്യയിലാണോ ശ്രീലങ്കയിലാണോ?

അറിയില്ല. ഇവിടെയിരിക്കാം. വെയിൽ മൂത്തുമൂത്തു വന്നു. ഇരിക്കാൻ വയ്യ. വള്ളത്തിൽനിന്ന് മണൽക്കൂനയിലേക്ക് ചാടി. പൊള്ളുന്ന മണൽ. കാൽ താഴ്ന്നുചെന്നിടത്തുനിന്ന് തണുപ്പ് അരിക്കുന്നുണ്ട്. അടിയിൽ ചെളിയുണ്ട്. ചെളിയിൽനിന്ന് കാൽ വലിച്ചെടുത്ത് വെള്ളമുള്ളിടത്തേക്ക് നടന്നു. അവിടെ കടലിൽ മുങ്ങിക്കിടന്നു. ആഹാ, എന്തൊരു സുഖം!

മുങ്ങിക്കിടന്ന് കടലിനടിയിലെ ചിപ്പികൾ കാണുമ്പോഴാണ് ഇവയ്ക്കെല്ലാം ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. എല്ലാംകൂടി എങ്ങോട്ടാണ് പോകുന്നത്? മീനുകൾ എന്റെ കാലിൽ ഉരസുന്നുണ്ട്. അവർക്കെന്തോ പറയാനുണ്ട്. ഞാൻ കേൾക്കാം, പറഞ്ഞോളൂ. അവർ കേൾക്കുന്നില്ലെന്ന് തോന്നുന്നു. പുതിയ കൂട്ടുകാരെയും വിളിക്കുന്നുണ്ട്; എന്നെ ഇഷ്ടപ്പെട്ടുകാണും. ആരും പോകുന്നില്ല. എനിക്ക് തിരക്കില്ലെന്ന് അവരെങ്ങനെ അറിഞ്ഞു?

കടലിന്റെ അടിയിലൂടെ ചൂടുവെള്ളം വരുന്നുണ്ടിപ്പോൾ; വേലിയേറ്റമായിക്കാണും. വെള്ളം വഞ്ചിയുടെ അടുത്തെത്തി. കയറിയിരിക്കാം; അല്ലെങ്കിൽ വഞ്ചി തേടി ഞാൻ നീന്തേണ്ടിവരും. സമയം ഉച്ചയായിക്കാണും; സൂര്യൻ ഉച്ചിയിലാണ്. വേലിയേറ്റംകൊണ്ട് കടൽ നിറഞ്ഞു, മണൽക്കൂനകളെല്ലാം മറഞ്ഞു. വഞ്ചിയിപ്പോൾ സാവകാശം കരയെ ലക്ഷ്യമാക്കി പോകുന്നുണ്ട്. ദൂരെ ഒരു മുനമ്പ് കാണാം. അടുക്കുംതോറും കൂടുതൽ കാഴ്ചകൾ. നിറയെ ആളുകൾ. എന്നെ പിടിക്കാനാണോ ഇത്രയും ആളുകൾ? അതാവില്ല. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്, അവരാരും എന്നെ നോക്കുന്നവരല്ല. എല്ലാവരും കടലിനെ നോക്കുകയാണ്.

ഫോട്ടോ എടുക്കുന്നു. ചെറുവഞ്ചികളിൽ മീൻപിടിത്തക്കാർ. തെർമോക്കോളിന്റെ മുകളിലിരുന്ന് കുറേ ആളുകൾ പോകുന്നു. ഇതെന്താണ്, ഇതുവരെ കാണാത്ത വഞ്ചി? അവരെങ്ങോട്ടാണ് പോകുന്നത്? പോകുന്നതല്ല, വരുന്നതാണ്. കണവ ചൂണ്ടയിൽ പിടിച്ചുവരുന്ന വരവാണ്. അവരുടെ മടിയിലുള്ള മിഠായിഭരണിയിൽ നീലയിൽ കുതിർന്ന കണവകൾ.

ഇനി എന്നെ പിടിക്കാൻ പോലീസ് വരും. അപ്പോൾ എല്ലാം ശരിയാകും. ഇന്ന് രാത്രിതന്നെ ക്യാമ്പിൽ താമസം തുടങ്ങാം.

അതിന് ആരും വരുന്നില്ലല്ലോ? അതു വിചാരിച്ചതും മുന്നിൽ നേവി. അവർക്ക് കാര്യം പിടികിട്ടാൻ അധികം സമയം വേണ്ടിവന്നില്ല.

എന്നോട് ബോട്ടിൽ കയറാൻ പറഞ്ഞു. എന്റെ വള്ളം അവിടെ ഇട്ടിട്ട് ബോട്ടിലേക്ക് ആഞ്ഞുകയറി.

പ്രതീക്ഷിച്ചപോലെ ചോദ്യങ്ങൾ. കള്ളം പറയാൻ ഉദ്ദേശ്യമില്ലാത്തതിനാൽ കാര്യങ്ങൾ എളുപ്പമാണ്. ചോദ്യം കഴിയുംമുമ്പേ കരയിലെത്തി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു — ക്യാമ്പിൽ എനിക്കായി നൽകിയ മുറിയിൽ എത്തുന്നതുവരെ.

വിശപ്പിന്റെ വിളി വന്നു. മേശയിൽ വെച്ചിരുന്ന പൊതിച്ചോറെടുത്ത് കഴിച്ചു. രുചിയുണ്ട്; വിശപ്പിന്റെ രുചിയാണോ? കഴിച്ചതേ ഓർമ്മയുള്ളൂ. കണ്ണുതുറന്നപ്പോൾ കൂരിരുട്ട്. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. വെള്ളം കുടിച്ച് വീണ്ടും വന്നുകിടന്നു. ഇന്നലെ ഉറങ്ങാത്തതും പകലത്തെ അലച്ചിലും — ഉറക്കംതന്നെ ഉറക്കം. രാവിലെ വാതിലിൽ മുട്ടുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. പോലീസാണ്; എന്റെ മാനസികാരോഗ്യം തിരക്കാനാണ് വന്നത്. എനിക്കുള്ള കുഴപ്പം ഇവിടെ വന്നതുകൊണ്ടല്ലെന്ന് അവർക്കറിയില്ല. ഉള്ള കുഴപ്പം കുറയ്ക്കാനാണ് വന്നതെന്നും ഞാൻ പറഞ്ഞില്ല. എന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധനകളും നടത്തി തിരിച്ചെത്തിച്ചു. സൗമ്യമായ പെരുമാറ്റം. ദിവസം വേഗം പോകുന്നു. അവൻ പറഞ്ഞത് ശരിയാണോ? ഇവിടെ ദിവസത്തിന് നീളം കുറവാണോ?

വൈകുന്നേരമായപ്പോൾ നാട്ടിലെ പരിചയക്കാരെല്ലാം കുശലം ചോദിക്കാൻ വന്നു. എല്ലാവരും തിരക്കിലാണ്. പകൽ മുഴുവൻ പണിക്ക് പോകുന്നു. വെളുപ്പിന് മീൻപിടിക്കുന്നു — അതും ജീവനോടെ പിടിക്കുന്ന പ്രത്യേക രീതിയിൽ. നമ്മുടെ നാട്ടിൽ ഇതില്ലല്ലോ. പേരുമാത്രം എനിക്കിഷ്ടപ്പെട്ടില്ല — പട്ടിവല.

അവർക്ക് മീൻപിടിക്കാൻ ആളു കുറവാണ്; നാളെ എന്നോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്. വലിയ വല കടലിൽ ഒരുക്കിയിരിക്കുന്നു. അതിന്റെ ഒരു ഭാഗത്ത് വലിയ വായപോലുള്ള ഒരിടം. അതിൽ ഒരിക്കൽ മീൻ കയറിയാൽ തിരിച്ചിറങ്ങാൻ കഴിയാത്ത രീതിയിലുള്ള കെണിയാണ്.

എത്ര ബുദ്ധിമാനായ മീനായാലും ഇതിൽ കയറിയാൽ തിരിച്ചുപോകാൻ കഴിയില്ല. വറ്റമീനുകളാണ് ഏറ്റവും മണ്ടന്മാർ; അവന്മാരാണ് മുഴുവനും. ഇവർക്ക് ഉപദേശം കൊടുക്കാൻ ആളില്ലെന്ന് തോന്നുന്നു.

കടലിനടിയിൽ കണ്ണാടിയിലൂടെ അവരെ നോക്കുമ്പോൾ ഒരു സങ്കടം: അവരറിയുന്നില്ല, അവരുള്ളത് കൂട്ടിലാണെന്നും അവരുടെ സമയം എണ്ണപ്പെട്ടെന്നും. അവരുടെ കൂട്ടുകാർ എല്ലാവരും വലയ്ക്കുപുറത്തുനിന്ന് ദയനീയഭാവത്തിൽ ഇവരെ നോക്കുന്നുണ്ട്. അവർക്കറിയാം, ഇവർ വലയ്ക്കകത്താണെന്ന്.

മീനുകളെ പിടിക്കാനുള്ള എന്റെ കഴിവ് കൂടെ വന്നവർക്കെല്ലാം മനസ്സിലായി. സൗമ്യമായി ഞാൻ വിളിച്ചതേയുള്ളൂ; അവരെല്ലാം എന്റെ കൂടെ വന്നു — എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി മാത്രം. വന്ന ദിവസംതന്നെ മീൻ നിറയെ പിടിച്ചുകൊടുത്തതിനാൽ അവർക്ക് എന്നോട് എന്തോ ഒരു കരുതൽ. മീൻ വിൽക്കാൻ പോയപ്പോഴും എന്നെ കൂട്ടി. നിറയെ ആളുകളുള്ള ഹാർബറിൽ എല്ലാ മീനിനേക്കാളും ഇരട്ടി വിലയ്ക്ക് ഞങ്ങളുടെ മീൻ ലേലത്തിൽ പോയി. ജീവനോടെ ഞങ്ങൾ കൊണ്ടുപോയ മീൻ വാങ്ങാൻ മാത്രമായി ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. എനിക്കുള്ള വിഹിതം തന്നു. അവർക്കൊപ്പം ചായ കുടിക്കാൻ കൊണ്ടുപോയി. ചൂടുള്ള വട; കാഴ്ചയിൽ ചെറുതാണെങ്കിലും നല്ല രുചി. തിരിച്ചെത്തിയപ്പോൾ അവർ പറഞ്ഞു: “കുളിച്ചുനിൽക്കൂ, ഞങ്ങൾ വരാം. നമുക്ക് ഓഫീസിൽ പോയി മീൻപിടിക്കാനുള്ള പാസ് ശരിയാക്കണം.” കുളിച്ചുകഴിഞ്ഞതും അവർ വന്നു. ക്യാമ്പിലും എല്ലാം വേഗത്തിൽ നടക്കുന്നു.

ഉച്ചതിരിഞ്ഞ് വീട്ടിലെത്തി കിടന്നു; പതിവില്ലാതെ മയങ്ങിപ്പോയി. വൈകീട്ട്, രാവിലെ കൂട്ടത്തിലുണ്ടായിരുന്ന അറിവ് വീട്ടിൽ വന്നു. എന്നെയുംകൊണ്ട് കഴിക്കാനായി പോയി. ക്യാമ്പിനടുത്തുള്ള തകരഷെഡിട്ട ചായക്കട. ഇഷ്ടികക്കളത്തിലെ ചൂളയിൽനിന്നു വരുന്നതുപോലുള്ള പുക നിറഞ്ഞ മുറിയിലേക്ക് ഞങ്ങൾ കയറി. കയറിയതും വാഴയിലയും വെള്ളവും വെച്ചു.

ഉടൻതന്നെ ഇലയിലേക്ക് പൊറോട്ടയും കറിയും വന്നു. ഈ കറിയെ “സാൽന” എന്നാണ് അവർ വിളിക്കുന്നത്.

പൊറോട്ട കൊണ്ടുവന്നുവെച്ച ആൾതന്നെ അത് കീറിമുറിച്ചിട്ടു, കറിയും ഒഴിച്ചു. അറിവ് കഴിച്ചുതുടങ്ങി, എന്നെ നോക്കി കഴിക്കാൻ പറഞ്ഞു. വൈകുന്നേരങ്ങളിൽ ഞാനുണ്ടാക്കുന്ന കഞ്ഞി കുടിച്ചുശീലിച്ച എനിക്ക് പൊറോട്ട അപരിചിതഭക്ഷണമായതിനാൽ ആലോചന നീണ്ടു. അവൻ പറഞ്ഞപ്പോൾ തുടങ്ങി. ഞാൻ തുടങ്ങിയപ്പോഴേക്കും അറിവിന് രണ്ടാംവട്ടം പൊറോട്ടയും കറിയും എത്തി. സാവകാശം കഴിച്ചുശീലമുള്ള എനിക്ക് തരാനുള്ള പൊറോട്ടയുമായി അയാൾ കാത്തിരിക്കുകയാണ്. എന്റെ ഇല കാലിയായതും വീണ്ടും പൊറോട്ടയെത്തി. ഇതു മുഴുവൻ കഴിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമായിരുന്നു; എന്നാൽ മുഴുവനും കഴിച്ചു.

ഇല പുറത്തിട്ട്, അവിടെയുള്ള പ്ലാസ്റ്റിക് ടാങ്കിൽനിന്ന് വെള്ളമെടുത്ത് കൈ കഴുകി. അറിവ് പൈസ കൊടുക്കുന്നത് ഞാൻ കണ്ടു. കുറച്ചുകഴിഞ്ഞപ്പോൾ അറിവ് ഹോട്ടലിലെ ആളുമായി എന്തോ സംസാരം തുടങ്ങി. ഞാൻ സാവകാശം പുറകിലെ അടുക്കളഭാഗത്തേക്ക് പോയി. തീച്ചൂളപോലെയുള്ള ഇടം. സ്വർണ്ണനിറമുള്ള കനലുകൾ, ആവി, ദോശക്കല്ലിൽ വെള്ളമൊഴിക്കുമ്പോഴുള്ള ചീറ്റലുകൾ. പൊറോട്ട തിരിച്ചുമറിച്ചിടുന്നു. വെന്ത പൊറോട്ടകൾ അടുക്കിവെച്ച് ഉടയ്ക്കുന്നു. പാചകക്കാരൻ വേറേതോ ലോകത്താണ്; അല്ലെങ്കിൽ അയാൾക്ക് എന്നെ കാണാനാകുന്നില്ല. ഏറെനേരം അവിടെ നിന്നു. വിയർത്തുകുളിച്ചുനിൽക്കുന്ന എന്നെ അറിവ് അത്ഭുതത്തോടെ നോക്കി: “അവിടെ നല്ല ചൂടായിരിക്കും, ഇവിടെ വരൂ.” ഞാൻ വേഗം പുറത്തേക്കിറങ്ങി.

അപ്പോഴാണ് അറിവ് എന്നെ ഹോട്ടലിന്റെ ഉടമസ്ഥന് പരിചയപ്പെടുത്തിയത്: “ഇത് എന്റെ കൂട്ടുകാരൻ നിലവ്.”

ഞാനും അറിവുംകൂടി ബൈക്കിൽ പിന്നെയും കുറേ ദൂരെപ്പോയി. എങ്ങോട്ടാണ് പോകുന്നതെന്ന് ഞാനൊന്നും ചോദിച്ചില്ല. ഏറെ കഴിഞ്ഞപ്പോൾ കടലിനു കുറുകെയുള്ള പാലത്തിലേക്ക് ബൈക്ക് കയറി. നോക്കെത്താദൂരത്തോളം പാലം. ഇരുവശങ്ങളിലും കടൽ. ഒരു വശത്ത് ശാന്തമായ കടൽ; മറുവശത്ത് അലയടിച്ചുതിമിർക്കുന്ന കടൽ. എന്താണ് ഈ കടലുകൾക്കുള്ള പ്രശ്നം? ഇവരേതോ ശത്രുതയിലാണെന്ന് തോന്നുന്നു. പൊറുക്കാനാവാത്ത എന്തോ തെറ്റ് ചെയ്തിട്ടുണ്ട്, തീർച്ച. അറിവ് ബൈക്ക് നിർത്തി. അവിടെ നിറയെ ആളുകൾ ചൂണ്ടയിടുന്നു; ആർക്കും ഒന്നും കിട്ടിയതായി തോന്നുന്നില്ല. എങ്കിലും എല്ലാവരും സന്തോഷത്തോടെ കാത്തിരിക്കുന്നു. അല്ലെങ്കിലും ചൂണ്ടയിടുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും ക്ഷമയുള്ളവരും ശുഭപ്രതീക്ഷയുള്ളവരും. എനിക്കവരോട് ബഹുമാനമാണ് — ജീവിതത്തിലും പ്രവൃത്തിയിലും തിടുക്കം കാട്ടാത്തവർ.

കുറേ കഴിഞ്ഞപ്പോൾ അറിവ് ചോദിച്ചു: “ബിയർ വാങ്ങിയാലോ?” എന്റെ ചിരി കണ്ടതും വേഗത്തിൽ ബൈക്കിൽ കയറി. അതുവരെ പതുക്കെ പോയ ബൈക്ക് ഇപ്പോൾ പറക്കുകയാണ്. പാമ്പൻ പാലത്തിനടുത്തുള്ള വൈൻഷോപ്പിൽ ആകെ തിരക്ക്. എല്ലാവരും ശാന്തമായി വരിയിൽ നിൽക്കുന്നു. തിരക്കും ബഹളവും ഒച്ചയും എടുക്കുന്നത് ജീവനക്കാരാണ്. നല്ലവരായ കുടിയന്മാർ ദാനം വാങ്ങാൻ നിൽക്കുന്നതുപോലെ ഓച്ഛാനിച്ചു വാങ്ങുന്നു. നമ്മുടെ പണംകൊണ്ട് വാങ്ങുന്ന സാധനത്തിന് ഇത്രയും വിനയം വേണോ? എന്റെ മനസ്സിൽ രോഷം; പുറത്തു കാണിച്ചില്ല. വാങ്ങിയവർ അവിടെത്തന്നെ വട്ടംകൂടിയിരുന്ന് കുടിക്കുന്നു. എല്ലാവരും ശാന്തർ. ചിലർ നടക്കാൻ കഴിയാത്തതിനാൽ തെങ്ങിൽ ചാരിയിരുന്നുറങ്ങുന്നു.

തണുത്ത ബിയറും പിടിച്ച് ബൈക്കിൽ പോകുമ്പോൾ ഉള്ളിലൊരു നൂറു മത്താപ്പൂ കത്തുന്ന അനുഭൂതി. കടൽക്കരയിൽ ചെന്ന് മണലിലിരുന്നു. ബൈക്കിൽനിന്നെടുത്ത ഗ്ലാസുമായി അറിവ് വന്നു. അധികം സംസാരിക്കാത്ത പ്രകൃതമാണ് അറിവിന്റേത്. ഞാനും അതുപോലെയായതിനാൽ ആകെ ഒരു ശോകാന്തരീക്ഷം.

പിന്നെ, ബിയർ അകത്തുചെന്നതും അറിവ് ഷർട്ട് ഊരി ബൈക്കിലിട്ടു. പിന്നീട് ഇടയ്ക്കൊക്കെ എന്തോ ചോദിച്ചു.

ഇടയ്ക്കെപ്പോഴോ ഫോൺ വന്നു. അറിവ് അവിടെത്തന്നെയിരുന്ന് സംസാരിച്ചു. അറിവിന്റെ കാമുകിയാണെന്ന് സംസാരം കേട്ടപ്പോൾ മനസ്സിലായി. ഞാൻ അവിടെനിന്ന് എഴുന്നേറ്റു; അവൻ എന്നോട് അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു. മൂത്രമൊഴിച്ചിട്ടു വരാമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് ഞാൻ അവിടെനിന്ന് മാറി.

അവളോട് ഇതിലധികം സംസാരിച്ചിട്ടുള്ളതുകൊണ്ട്, ഇപ്പോൾ ഇത്തരം സംസാരങ്ങൾ കേൾക്കുമ്പോൾ സഹിക്കാനാകുന്നില്ല. ദേഷ്യമല്ല, മറിച്ച് നിരാശയാണ്. പറയുന്ന വാക്കുകൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് തിരിച്ചറിയാൻ സമയമെടുത്ത എനിക്കത് അറിയാം. പക്ഷേ ചിലപ്പോൾ അവരുടെ കാര്യം മറിച്ചായിരിക്കും. ബഹുജനം പലവിധം. തിരമാലയടിച്ചുകുഴിഞ്ഞ, വട്ടത്തിലുള്ള പാറയുടെ കുഴിയിലാണ് ഞാനിരിക്കുന്നത്. കടൽക്കാറ്റിന് നല്ല ചൂട്.

അവരുടെ സംസാരം നീണ്ടു. ഞാൻ അവിടെ കിടന്നുറങ്ങി. നല്ല ഉറക്കത്തിൽ ആരോ വിളിക്കുന്നു. അറിവാണ്: “പോയാലോ?” തപ്പിപ്പിടിച്ചെഴുന്നേറ്റ് ബൈക്കിൽ വീട്ടിലേക്ക്. ഇവിടെ ദിവസത്തിന് നീളം കുറവുതന്നെ. ചെന്നതും ഉറങ്ങി. വെളുപ്പിന് അറിവിന്റെ ബൈക്കിന്റെ ഹോൺ കേട്ടാണ് ഉണർന്നത്. വേഗം കുളിച്ചുവന്ന് വീണ്ടും മീൻപിടിക്കാൻ പട്ടിവല ലക്ഷ്യമാക്കി നടന്നു.

മീനിന് ഒരു ക്ഷാമവുമില്ല. ഇന്ന് ഞങ്ങൾ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. എണ്ണായിരം രൂപയുടെ മീൻ വിറ്റു.

അറിവ് മുഴുവൻ പൈസയും എനിക്കു തന്നു. എന്നിട്ട് പറഞ്ഞു: “ഇതുകൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണം.” ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല.

അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാൻ പോയപ്പോഴും എന്നെ പൈസ കൊടുക്കാൻ സമ്മതിച്ചില്ല.

അന്നാണ് അറിവ് പറഞ്ഞത്, അവൻ സ്നേഹിക്കുന്ന കുട്ടിയുടെ കല്യാണം അടുത്ത മാസമാണെന്ന്.

ഞാനെന്തു പറയണമെന്നറിയാതെ കുഴങ്ങി. അവർ ഉയർന്ന ജാതിയിൽപ്പെട്ടവരാണ്; അറിവ് ക്യാമ്പിലെ ആളും. അവളുടെ വീട്ടുകാർ സമ്മതിച്ചില്ല.

അറിവ് മിടുക്കനാണ്, കാഴ്ചയിലും സുന്ദരനാണ്, നല്ല പെരുമാറ്റവും. പക്ഷേ അവർക്ക് ജാതിയാണ് കാര്യം.

അറിവ് പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ അവൾ വിളിച്ചു. അന്ന് ഞാൻ എഴുന്നേറ്റില്ല. അപ്പോഴാണ് മനസ്സിലായത്: അവൾ അറിവിനെ നിർബന്ധിക്കുകയാണ്. അവൾ ഇറങ്ങിവരാൻ തയ്യാറാണ്, എങ്ങോട്ടെങ്കിലും പോകാമെന്ന്. ക്യാമ്പിലെ ജീവിതമുള്ള അറിവ് എങ്ങോട്ടു പോകും? ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാം. അതിന് അവൾക്ക് സമ്മതമില്ല.

അറിവ് എല്ലാം കേൾക്കുന്നുണ്ട്. അവൾ കരയുന്നുണ്ട്.

“ഒന്നും നടക്കില്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ അവർ അവളെ കൊല്ലും. അതിലും ഭേദം അവൾ ജീവിച്ചിരിക്കുന്നതാണ്. അതാണ് ഞാനിങ്ങനെ ഭീരുവിനെപ്പോലെ സംസാരിക്കുന്നത്,” അറിവ് പറഞ്ഞു.

അറിവ് ഇന്ന് ആകെ സങ്കടത്തിലാണ്.

എന്തു പറയും?

എനിക്ക് പറയാൻ കഥകളുമില്ല.

കുറേ കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു:

അറിവ്, ഞാൻ നാട്ടിലെ പ്രധാന ആളായിരുന്നു; അല്ലെങ്കിൽ മിടുക്കനായിരുന്നു — മീൻപിടിച്ച് പണമുണ്ടാക്കുന്നതിൽ. പണം വേറൊന്നിനും വേണ്ടിയല്ല, അവളെ പഠിപ്പിക്കാനായിരുന്നു. അങ്ങനെ എന്റെ പഠനം മുടങ്ങി. അവൾക്ക് മാർക്കുള്ളതിനാൽ തുടർപഠനത്തിനും അവസരം കിട്ടി. എനിക്ക് പൈസയ്ക്ക് ക്ഷാമമില്ലായിരുന്നു. എല്ലാം ഞാൻ ചെലവാക്കി. അവൾക്കായി എന്നല്ല കരുതിയത്; ഞങ്ങൾക്കായി.

നാട്ടിലെ പഠനം കഴിഞ്ഞതും യൂറോപ്പിൽ പോയി പഠിക്കണമെന്ന് അവൾ പറഞ്ഞു. ഞങ്ങൾ ബാങ്ക് ലോൺ എടുത്തു; എന്റെ സമ്പാദ്യവും ചേർത്തു. തികയാത്തത് ഞാനൊരാളുടെ കയ്യിൽനിന്ന് പലിശയ്ക്കും വാങ്ങി.

അവളെ യൂറോപ്പിലേക്ക് പഠനത്തിന് അയച്ചു.

അവളുടെ വിളികളായിരുന്നു ഉറക്കമില്ലാതെ പണിയെടുത്തിരുന്ന എന്റെ ഏക ആശ്വാസം.

ഞാൻ രാത്രിയും പകലും പണിക്ക് പോകാൻ തുടങ്ങി. പലിശ കൊടുക്കണം, അവൾക്ക് മാസാമാസം അയയ്ക്കണം. അങ്ങനെ ആറുമാസം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: “ഇനി മാസാമാസം പണം അയയ്ക്കേണ്ട, എനിക്ക് ജോലിയുണ്ട്.”

എനിക്ക് സന്തോഷമായി. ഞാൻ ആ പണംകൂടി ചേർത്ത് ലോൺ അടയ്ക്കാൻ തുടങ്ങി. അവിടത്തെയും ഇവിടത്തെയും സമയവ്യത്യാസം ഉള്ളതുകൊണ്ട് ദിവസവും വിളിക്കാൻ പറ്റില്ലെന്ന് അവൾ പറഞ്ഞു.

പിന്നെ അവളുടെ വിളികൾക്കായുള്ള കാത്തിരിപ്പായി. അത് ചിലപ്പോൾ നീളും. കുറേ കഴിഞ്ഞപ്പോഴേക്കും എനിക്കത് ശീലമായി. എങ്കിലും എപ്പോഴെങ്കിലും അവൾ വിളിക്കുമെന്ന് അറിയാമായിരുന്നു. അത് മാസങ്ങളുടെ ഇടവേളയായി. പിന്നീട് വിളിക്കാതെയായി. അവളുടെ പഠനം കഴിഞ്ഞു, ജോലിയായി.

അപ്പോൾ എനിക്ക് വയസ്സ് മുപ്പത്തിയഞ്ചായി, അവൾക്ക് ഇരുപത്തിയെട്ടും.

ഒറ്റയ്ക്കുള്ള ജീവിതം എന്നെ തളർത്തി. കടം വീട്ടാനുള്ളതിനാൽ മാത്രം ജീവിച്ചു; അല്ലെങ്കിൽ ഞാനത് ചെയ്തേനെ.

പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നു: “ഞാൻ നയനയാണ്. നിലവ് എവിടെയുണ്ട്?”

എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. നിന്ന നിൽപ്പിൽ ഉരുകിപ്പോയി. ഏറെ കഴിഞ്ഞാണ് ഞാൻ മറുപടി പറഞ്ഞത്. അവൾ നാട്ടിലുണ്ട്, ഒന്നു കാണാമെന്ന് പറഞ്ഞു. ഞാൻ പുതിയ ഉടുപ്പുമിട്ട് അവൾ പറഞ്ഞ സ്ഥലത്ത് അവളെ കാണാൻ ചെന്നു.

ഏറെ നാളുകൾ കഴിഞ്ഞ് കാണുന്നതിന്റെ ആവേശമായിരുന്നു. എന്റെ ഹൃദയമിടിപ്പ് തുലാവർഷത്തിലെ ഇടിവെട്ടുപോലെ ലോകം മുഴുവൻ കേൾക്കുന്നുണ്ടെന്ന് തോന്നി. ഞാൻ വിചാരിച്ചതിനേക്കാൾ ഒരുങ്ങി, സുന്ദരിയായാണ് അവൾ വന്നത്. കാഴ്ചയിൽ പണ്ടത്തെ രൂപമേ അല്ല.

കയ്യിൽ പുതിയ മൊബൈൽ ഫോൺ. കഴുത്തിൽ തിളങ്ങുന്ന ഡയമണ്ട് മാല. കൈത്തണ്ടയിൽ പച്ചകുത്തിയിരിക്കുന്നു. അവൾ എന്നെ അവിടെയുള്ള കോഫി ഷോപ്പിലേക്ക് ക്ഷണിച്ചു. അതിനിടയിൽ ഫോൺ അടിച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്, അവൾക്ക് രണ്ട് ഫോണുകളുണ്ട്. ഫോണിലുള്ള ആളോട് ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.

ഞാൻ അത് ആസ്വദിച്ചിരുന്നു. എനിക്ക് എന്തെന്നില്ലാത്ത പരവേശം, ആകാംക്ഷ. ഞാൻ അവളെ നോക്കിയിരുന്നു.

എനിക്ക് ചായയും അവൾക്ക് കാപ്പിയും പറഞ്ഞു.

എന്റെ വിശേഷം ചോദിക്കുമ്പോൾ പറയാൻ തയ്യാറായാണ് ഞാൻ വന്നിരിക്കുന്നത്: എന്തൊക്കെ ചെയ്തു; നിന്നെ വിളിക്കാൻ ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ കിട്ടുന്നുണ്ടായിരുന്നില്ല; നമ്മുടെ നാട്ടിലുള്ള ചിലരോട് നിന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നു, പക്ഷേ ആരും ഒന്നും പറഞ്ഞില്ല — എന്നൊക്കെ.

അല്ലെങ്കിൽ ഇതൊന്നും പറയേണ്ട. അവൾ വന്നല്ലോ. എന്റെ ചിന്തകൾ മിന്നിമറിഞ്ഞുകൊണ്ടേയിരുന്നു.

അവൾ ഫോണിൽ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. ഞാനിപ്പോൾ ചെയ്യുന്ന ജോലി ചോദിച്ചാൽ എന്തു പറയണം? പഴയ മീൻപിടിത്തംതന്നെയാണെന്ന് പറയണോ?

അതോ പുതിയ ബിസിനസ് എന്തെങ്കിലും നടത്തുന്നുണ്ടെന്ന് പറയണോ?

അല്ലെങ്കിൽ വേണ്ട, ഉള്ളത് പറയാം.

ഞാൻ തയ്യാറാണ്; അവളൊന്ന് ചോദിച്ചാൽ മതി.

ഫോൺ വെച്ച പാടെ എന്റെ മുഖത്തുപോലും നോക്കാതെ അവൾ സംസാരം തുടങ്ങി: “ഞാൻ ആദ്യം താമസിച്ചത് അമ്മയുടെ ബന്ധുവിന്റെ കൂടെയാണ്. അവിടെ സ്ഥലം തികയാതെ വന്നപ്പോൾ ഞങ്ങൾ വീടെടുത്തു മാറി.”

ഞങ്ങളോ?

എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ചിന്ത.

അതാരായിരിക്കും?

ആരാണെന്ന് മാത്രം അവൾ പറഞ്ഞില്ല.

പ്രതീക്ഷിക്കാത്ത സംസാരം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.

മനസ്സിലെ ഉത്തരങ്ങളെല്ലാം മറക്കുന്നതാണ് നല്ലതെന്ന് അപ്പോൾ മനസ്സിലായി.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അവളത് പ്രതീക്ഷിച്ചതുമില്ലെന്ന് തോന്നി.

“അതുകൊണ്ടാണ് ഞാൻ വിളിക്കാതിരുന്നത്. പിന്നെ എനിക്കൊരു അപകടം പറ്റി. അതു പറയാനാണ് ഞാൻ വന്നത്. ഒരു ദിവസം ഞങ്ങൾ പാർട്ടി നടത്തി. ആ പാർട്ടിക്കിടയിൽ അവൻ ഏതോ മരുന്ന് നൽകി എന്നെ ഉപദ്രവിച്ചു. അന്നുമുതൽ എനിക്ക് മാനസികപ്രശ്നങ്ങളായി. പിന്നെ ഞാൻ ആരെയും വിളിക്കാതെയായി.”

എന്റെ മറുപടിക്ക് അവൾ കാക്കുന്നില്ലെന്ന് തോന്നിയപ്പോൾ ഞാൻ ഇടയിൽ കയറി പറഞ്ഞു: “നീ അറിയാതെ സംഭവിച്ച കാര്യമല്ലേ? അതിൽ ഒന്നും ചെയ്യാൻ കഴിയില്ല, വിഷമിക്കേണ്ട കാര്യവുമില്ല. നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണെങ്കിൽ നമുക്ക് കല്യാണം കഴിക്കാം.”

അവളുടനെ പറഞ്ഞു: “എനിക്കിപ്പോൾ ആരെയും വിശ്വാസമില്ല. കല്യാണം ഞാൻ കഴിക്കുന്നുമില്ല.”

അവളുടെ മുൻകൂട്ടി തീരുമാനിച്ചുറച്ച മറുപടി കേട്ടപ്പോൾ വിഷമവും, പിന്നെ അവളെക്കുറിച്ചോർത്ത് അഭിമാനവും തോന്നി.

“പിന്നെ, ഞാൻ നിലവിനോട് സംസാരിക്കുന്നത് എന്റെ അമ്മയ്ക്ക് ഇഷ്ടമല്ല. ഞാൻ നിലവിനോട് സംസാരിക്കാതെയായതുമുതലാണ് അമ്മ എന്നോട് മിണ്ടിത്തുടങ്ങിയത്. എനിക്കിനി അമ്മയെ നഷ്ടപ്പെടുത്താൻ കഴിയില്ല. നിലവ്, എന്നോട് ക്ഷമിക്കൂ.”

അതും പറഞ്ഞ് അവൾ ഇറങ്ങിപ്പോയി.

അന്നാണ് അവളെ അവസാനമായി കണ്ടത്.

എന്റെ തലയ്ക്കകത്ത് ദേഷ്യവും വിഷമവും സങ്കടവുംകൊണ്ട് വീർപ്പുമുട്ടി.

അവൾക്കൊരു ആപത്തുവന്നിട്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന ചിന്തയാണ് എന്നെ അലട്ടിയത്.

ഞാൻ പലവഴിക്കും യൂറോപ്പിൽ പോകാൻ ശ്രമം തുടങ്ങി. പഠിപ്പില്ലാത്തത് അതിന് തടസ്സമായി; എനിക്ക് പോകാൻ കഴിഞ്ഞില്ല. പഠനം ഉപേക്ഷിച്ചതിൽ വിഷമം തോന്നിയ ഒരേയൊരു ദിവസം അതായിരുന്നു.

ഞാൻ സാവകാശം കള്ളുകുടി തുടങ്ങി; ആരോടും മിണ്ടാതെ, ഒറ്റയ്ക്കുള്ള താമസവും.

കുറേ കഴിഞ്ഞ് ഒരുദിവസം അവളുടെ അമ്മയെ നാട്ടിൽവെച്ച് കണ്ടു. അപ്പോഴവർ പറഞ്ഞു, അവരെല്ലാം യൂറോപ്പിൽ പോവുകയാണ്, മകൾ ഗർഭിണിയാണ് എന്ന്. എനിക്കൊന്നും പറയാൻ വന്നില്ല. ഞാനവിടെ എല്ലാം കേട്ടുകൊണ്ടു നിന്നു.

യൂറോപ്പിൽ അവർ ഒരുമിച്ച് പഠിക്കുന്ന സമയത്തേ ഇഷ്ടത്തിലായിരുന്നു; പിന്നെ ജോലിയും താമസവും ഒരിടത്ത്. അവർ ലിവിങ് ടുഗതർ ആയിരുന്നു. ഈയടുത്താണ് കല്യാണം കഴിച്ചത്.

അന്നാണ് എനിക്ക് തിരിച്ചറിവുണ്ടായത്: എന്നെ ഒഴിവാക്കാനായി അവൾ പറഞ്ഞ കഥയിലെ വില്ലൻ ഞാനാണെന്ന്.

എന്നെ എത്ര സൗകര്യപൂർവം ഒഴിവാക്കി! ഇതെല്ലാം അറിയുമ്പോഴേക്കും സമയം ഏറെ പോയിരുന്നു — തിരിച്ചെടുക്കാൻ കഴിയാത്തത്ര.

ഞാൻ പറഞ്ഞുകഴിഞ്ഞതും അറിവിന്റെ കണ്ണുനീർ അവിടം നനച്ചിരുന്നു. അവൻ സാവകാശം ഫോണുമെടുത്ത് പുറത്തുപോയി.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.