അയ്യപ്പപ്പണിക്കരുടെ കവിതകളെക്കുറിച്ച് ‘ആധുനികതയുടെ ജീർണ്ണ മുഖം’ എന്ന തലക്കെട്ടിൽ അന്ന് തായാട്ട് ശങ്കരൻ എഴുതിയ തുടർലേഖനങ്ങൾ വലിയ ആഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. സാഹിത്യവിമർശനത്തിനുപരിയായി വ്യക്തിവിദ്വേഷത്തിന്റെ അനാവശ്യ മേഖലകളിലേക്ക് കടന്നുവെന്ന് ആരോപണം കേട്ട ഒരു സംഭവമായിരുന്നു അത്. എം.വി. ദേവന്റെ അവതാരികയെക്കുറിച്ച് ആദ്യം ഇങ്ങനെ:

“എറണാകുളത്തെ നല്ലൊരു കെട്ടിടം കരാർ പണിക്കാരനായ ദേവൻ ഒരു കവിതാസമാഹാരത്തിന് അവതാരിക എഴുതാൻ ഇടവന്നത് എങ്ങനെ എന്നതായിരുന്നു അത്ഭുതത്തിന് അടിസ്ഥാനം….”

മറ്റു ചില സാമ്പിളുകൾ ഇങ്ങനെയാണ്:
- “നാട്ടിൻപുറത്ത് ബഡായി രാമന്മാർ എന്നൊരു വിഭാഗക്കാരുണ്ട്. അത്തരക്കാർക്ക് ഒരു നോബൽ സമ്മാനം ഏർപ്പെടുത്തുകയാണെങ്കിൽ ഒന്നാം സമ്മാനം കേരളത്തിന് വെളിയിൽ പോകില്ല.”
- “മതിലിനു ചുറ്റും മുൾക്കമ്പിവേലി കെട്ടി, കുപ്പിച്ചില്ലുകൾ നിരത്തി, ഗേറ്റിൽ അൽസേഷൻ നായയെയും തളച്ചിട്ട വീട്ടിലേക്ക് കയറിപ്പോകുമ്പോൾ എന്തുതോന്നും? അവതാരികയിലേക്ക് പ്രവേശിച്ചപ്പോൾ അതുതന്നെ അനുഭവം.”

പക്ഷേ ഇത്തരം കടന്നാക്രമണങ്ങൾ വ്യക്തിവിദ്വേഷത്തിന്റേതല്ലെന്നും തായാട്ട് സാഹിത്യവായനയിലും സാമൂഹികപഠനത്തിലും പിന്തുടർന്ന ചില ആശയങ്ങളുടെയും നിലപാടുകളുടെയും വെളിച്ചത്തിലാണ്, രൂക്ഷമെങ്കിലും, ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നും മനസ്സിലാക്കണം.

“എന്താണ് ഈ കാലഘട്ടത്തിൻ്റെ പൊതുസ്വഭാവം? ഒറ്റവാക്കിൽ പറഞ്ഞാൽ അത് സംഘടിത ജനവിഭാഗത്തിൻ്റെ ഘോരാട്ടഹാസ കലുഷവും ഉരുക്കുകാലിന്മേലുള്ളതുമായ പ്രയാണമാണ്. ഈ സംഘടിതരുടെയെല്ലാം മുഖം ഒന്നാണ്.” എന്ന് കേരളത്തിലും ഇന്ത്യയിലും നടന്ന സംഘടിത ജനകീയ സമരങ്ങളെയെല്ലാം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എം.വി. ദേവൻ്റെ നിരീക്ഷണം തായാട്ടിനെ ക്ഷുഭിതനാക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. അദ്ദേഹം ഇങ്ങനെ മറുപടി നൽകുന്നു:
“ഇക്കഴിഞ്ഞ 50 വർഷം ഭാരതത്തിലും കേരളത്തിലും ഉണ്ടായ സംഭവങ്ങൾ ഒരു കവിയെ സ്പർശിച്ചില്ല എന്ന് അവകാശപ്പെടുന്നത് ആ കവിക്കൊരു ഭൂഷണമാണ് എന്ന നിലയ്ക്കാണോ അതോ അപമാനം എന്ന നിലയ്ക്കാണോ?”
നിശ്ചയദാർഢ്യത്തോടെ സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് മുന്നേറ്റവും നടന്ന കാലഘട്ടമാണിത്. അതിനെ വെറും ശബ്ദകോലാഹലമായി ചുരുക്കുന്ന ദേവൻ്റെ വല്ലാത്ത നിരീക്ഷണം ബാലിശമാണ്.
തായാട്ട് തുടരുന്നു:
“പക്ഷേ ഈ സംഘടിത ജനതയുടെ ഘോരാട്ടഹാസമുണ്ടായിരുന്നില്ലെങ്കിൽ ഇത് എഴുതുന്ന ഞാനും ദേവനും ഈ സ്ഥാനത്ത് എത്തുമായിരുന്നില്ല…. മനുഷ്യൻ്റെ ഘോരാട്ടഹാസം അത്രയൊന്നും ഉച്ചത്തിൽ മുഴങ്ങിക്കേൾക്കാത്ത ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ സ്ഥിതി എന്താണ്? അസംഘടിത ജനസഹസ്രം അടിമത്തത്തിൽ തന്നെ കഴിയുന്നു.”
തായാട്ട് ശങ്കരൻ തന്റെ സാഹിത്യസമീപനങ്ങളിൽ ഉടനീളം പുലർത്തിയിരുന്ന ജന്മിത്തവിരുദ്ധവും ജാതി, മതവിരുദ്ധവും പുരുഷാധിക്യവിരുദ്ധവുമായ നിലപാടുകൾ അയ്യപ്പപ്പണിക്കരുടെ കവിതയെ വിമർശിക്കുമ്പോഴും മുറുകെ പിടിക്കുന്നുണ്ട്. പണിക്കരുടെ വിഖ്യാതമായ ‘കുടുംബപുരാണം’ എന്ന കവിതയെക്കുറിച്ച് തായാട്ട് അഖണ്ഡമായി ഇങ്ങനെ എഴുതി:
“ജന്മി വർഗ്ഗത്തിൻ്റെ പതനത്തെക്കുറിച്ച് അയ്യപ്പപ്പണിക്കർക്കുള്ള ഹൃദയത്തിൽ തട്ടിയ ദുഃഖവും ഉയർന്നുവരുന്ന പുതിയ വർഗ്ഗത്തിന് നേരെയുള്ള അവജ്ഞയും പുച്ഛവും പകയും നിറഞ്ഞതാണ് കുടുംബപുരാണം.”
‘കുടുംബപുരാണ’ത്തിൽ തന്റെ അമ്മാമനായ സർദാർ കെ.എം. പണിക്കരെ പുകഴ്ത്തുന്ന അയ്യപ്പപ്പണിക്കരെ പരിഹസിച്ചുകൊണ്ട് തായാട്ട് ഇത്രയും കൂടി എഴുതുന്നു:
“മന്ത്രിസ്ഥാനം, വൈസ് ചാൻസിലർ സ്ഥാനം തുടങ്ങി അമ്മാവൻ പണിക്കർ വഹിച്ച ഓരോ പദവിയും കവിതയിൽ എണ്ണിയെണ്ണിപ്പറയുന്ന അനന്തരവൻ പണിക്കർ, പറഞ്ഞ ഓരോ പദവിയിലും അമ്മാമന് കിട്ടിയ ശമ്പള സ്കെയിൽ കൂടി, ഒരു അടിക്കുറിപ്പായെങ്കിലും കൊടുക്കണമായിരുന്നു. കവി പ്രദർശിപ്പിക്കുന്ന മൂല്യബോധത്തിന് ഇണങ്ങിയതാകുമായിരുന്നു, അത്.”
വിമർശകന്റെ രാഷ്ട്രീയവും സാമൂഹികവുമായ ദർശനങ്ങൾ തീർച്ചയായും വിമർശനത്തിൽ പ്രതിഫലിക്കും. ആ രാഷ്ട്രീയം അധ്വാനിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടുമുള്ള ചേർന്നുനിൽക്കലും അവരെ പിഴിഞ്ഞൂറ്റുന്നവരോടുള്ള അകൽച്ചയുമാണ്. സമകാലിക രാഷ്ട്രീയത്തിൽ അത്തരം ഉറച്ച നിലപാടുകളുടെ അഭാവം കാരണം, ഇതൊക്കെ ഇങ്ങനെയൊക്കെയാണോ പറയേണ്ടത് എന്ന് പണിക്കരുടെ കവിതയുടെ പുതിയ വായനക്കാർക്ക് തോന്നിയേക്കാം. തായാട്ട് ശങ്കരനാണ് ശരി എന്നേ ഞാൻ പറയൂ. അയ്യപ്പപ്പണിക്കരുടെ സാമൂഹികവീക്ഷണത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും കവിതയിൽ നിന്നുതന്നെ കിട്ടുന്ന തെളിവുകൾ വെച്ച് തായാട്ട് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു:
“ഈ കവി പട്ടിണിക്കാരുടെ കുടിലിൽ ചെന്നെത്തുന്നത് ‘നാടൻ പെണ്ണേ നീയിത്രയ്ക്കൊരു നാണം കാട്ടാനെന്തുള്ളു’ എന്ന് ശൃംഗരിക്കാനാണ്……. ജന്മിത്വത്തിന്റെ ജീർണ സംസ്കാരമാണ് ഇതിലെ മുഖ്യധാര. അസംതൃപ്തമായ ലൈംഗികതൃഷ്ണയുടെ വൈകൃതവും അധഃസ്ഥിതജനതയുടെ നേരെ നിറഞ്ഞൊഴുകുന്ന അവജ്ഞയും തകർന്നുപോയ പ്രഭാവകാലത്തെക്കുറിച്ചുള്ള തങ്കക്കിനാക്കളും സ്വന്തം കുടുംബമഹത്വത്തെക്കുറിച്ചുള്ള പൊങ്ങച്ചവും. ഈ കവിതാസമാഹാരത്തിൻ്റെ പ്രധാന മുഖം അതാണ്.”
ഫ്രഞ്ച് നിരൂപകനായ ഹിപ്പോലൈറ്റ് ടെയ്ൻ (1828-1893) പത്തൊമ്പതാം നൂറ്റാണ്ടിൽ ആവിഷ്കരിച്ച ഒരു സാഹിത്യസിദ്ധാന്തം തായാട്ട് ശങ്കരൻ കുമാരനാശാൻ്റെ ‘ദുരവസ്ഥ’യുടെ പഠനത്തിൽ ഒന്നു സൂചിപ്പിക്കുന്നുണ്ട്. സാഹിത്യരചനയിലും ആസ്വാദനത്തിലും മൂന്നു കാര്യങ്ങളാണ് വളരെ പ്രധാനമായി ടെയ്ൻ കാണുന്നത്. വർഗ്ഗം (Race), സമകാലിക പരിപ്രേക്ഷ്യം (Milieu), കാലഘട്ടം (Moment) എന്നിവയാണവ. വർഗ്ഗസ്വഭാവം എന്നാൽ ഒരു ജനസമൂഹം വളരെക്കാലം കൊണ്ട് ആർജിച്ച പൊതുവായ സാംസ്കാരിക നിലപാടുകളും പരമ്പരാഗതമായി കിട്ടിയ സ്വഭാവങ്ങളുമാണ്. മില്ല്യു ആകട്ടെ ഭൗതികവും സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടുകൾ, കാലാവസ്ഥ, ഭൂപ്രകൃതി, രാഷ്ട്രീയം തുടങ്ങിയവ ചേർന്നതാണ്. മൂമെൻ്റ് എന്നത് ആകെയുള്ള ചരിത്രസന്ദർഭം, കാലഘട്ടത്തിന്റെ അന്തർഭാഗം, അല്ലെങ്കിൽ പഴയതും പുതിയതുമായ സാംസ്കാരിക പാരമ്പര്യങ്ങളുടെ ചേർത്തുവെച്ച ചലനശക്തി എന്നിവയാണ്.

‘ദുരവസ്ഥ ഒരു പഠനം’ എന്ന പുസ്തകത്തിൻ്റെ ആദ്യഭാഗത്ത് തന്നെ ശ്രീനാരായണ പരിപാലന സംഘത്തിന്റെ ഔദ്യോഗിക ഭാരവാഹിത്വം ഒഴിഞ്ഞതോടെ കുമാരനാശാൻ്റെ സാമൂഹികദർശനത്തിന് വ്യാപ്തി കൂടി എന്ന് തായാട്ട് എഴുതിയിട്ടുണ്ട്. അതേ ശ്വാസത്തിൽത്തന്നെ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ്റെ സൃഷ്ടിയാണ് സാഹിത്യം എന്നും പറയുന്നുണ്ട്. ‘വീണപൂവ്’ (1907), ‘ലീല’ (1914), ‘നളിനി’ (1911), ‘ചിന്താവിഷ്ടയായ സീത’ (1919) എന്നീ കൃതികൾ രചിച്ച കുമാരനാശാന് 1919-ൽ കാര്യദർശിസ്ഥാനം ഒഴിഞ്ഞതിനുശേഷം എന്ത് സാമൂഹികബോധവികാസമാണ് ഉണ്ടായത് എന്ന് യുക്തിപൂർവ്വം പറയാൻ തായാട്ടിന് ഉത്തരവാദിത്വമുണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല!
എന്നിരുന്നാലും തന്റെ ഇടതുരാഷ്ട്രീയത്തിന്റെയും പുരോഗമനപരമായ സാമൂഹികകാഴ്ചപ്പാടുകളുടെയും കൂടെ ഇന്ത്യയുടെ മഹാശാപമായ വർണ്ണാശ്രമവ്യവസ്ഥയുടെ ഭീകരതകളെയും ജാതിമേധാവിത്വത്തെയും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെയും കാവ്യവിമർശനത്തിൽ ഉൾക്കൊള്ളിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ട്. “നാം താലോലിച്ചുപോരുന്ന അഭിരുചികളിൽ അധികവും ഉപരിവർഗ്ഗ സംസ്കാരത്തിൽ നിന്നും ജീവിതരീതികളിൽ നിന്നും” എന്ന് അസന്ദിഗ്ധമായി അദ്ദേഹം പറഞ്ഞു. ഉപരിവർഗ്ഗം എന്നാൽ ഇന്ത്യൻ അവസ്ഥയിൽ ഉയർന്ന ജാതികൾ തന്നെ.
ആശാൻ്റെ മറ്റു കൃതികളോളം അംഗീകാരമോ നിരൂപകസമ്മതമോ ‘ദുരവസ്ഥ’യ്ക്ക് ലഭിക്കാഞ്ഞത് നമ്മുടെ ഉള്ളിലെ ജാതിബോധം കൊണ്ടാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. “ഉപരിവർഗ്ഗ സാംസ്കാരികബോധങ്ങളുമായി, സദാചാര നിർബന്ധങ്ങളുമായി ഇണങ്ങിച്ചേരാത്ത കൃതിയായതുകൊണ്ടാണ് ദുരവസ്ഥയെ അംഗീകരിക്കുന്നതിന് പലർക്കും കഴിയാതെ പോയത്” എന്ന് തായാട്ട് ശങ്കരൻ എഴുതുന്നുണ്ട്.

“അന്തർജ്ജനകന്യകയെ പുലയയുവാവിനെക്കൊണ്ട് നമ്പൂതിരി മാത്രമല്ല, പുലയനുപരിയുള്ള സമൂഹങ്ങൾക്കും ഇഷ്ടമായില്ല. അതങ്ങ് പച്ചയായി പറയാൻ ധൈര്യവും ഇല്ല.”
ഇപ്പോൾ 2026-ൽ കേരളത്തെ ദുരിതപ്പെയ്ത്തിൽ മുക്കിയ പ്രളയം കൊടുമ്പിരി കൊള്ളുമ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വന്ന ഒരു വാർത്ത ഞെട്ടിച്ചു. ആദിവാസി ഉന്നതിയിലുള്ളവർ ക്യാമ്പിൽ ഉള്ളതുകൊണ്ട് ജാതിയിൽ മുന്തിയ ജില്ലക്കാർ തങ്ങളുടെ വീടിൻ്റെ ടെറസിൽ തന്നെ കഴിഞ്ഞോളാം എന്ന് ദുരിതാശ്വാസ പ്രവർത്തകരോട് പറഞ്ഞുവത്രേ. ഇന്നും ഉള്ളിൽ തേച്ചാൽ പോകാത്തതാണ് ജാതിപ്പുലിയുടെ പുള്ളികൾ.
‘ദുരവസ്ഥ’യ്ക്ക് മുൻമാതൃകകളില്ല. 1921-ൽ മലബാർ കലാപം അഥവാ മാപ്പിള ലഹള നടക്കുന്നു. 1922-ൽ തന്നെ കുമാരനാശാൻ ‘ദുരവസ്ഥ’ എഴുതുന്നു; പ്രതികരിക്കുന്നു. ജാതിവ്യവസ്ഥയുടെ നീചതകൾ അനുഭവിച്ച്, അതിനെതിരായി ഒരു പ്രസ്ഥാനം നയിച്ച് അനുഭവഗുണമുള്ള ആശാന് ആ സംഭവത്തിൽ ജാതിയെ കൊല്ലാവുന്ന ഒരു ഇതിവൃത്തം ഉണ്ടെന്ന് മനസ്സിലായി. ‘ദുരവസ്ഥ’യുടെ ആദ്യഭാഗത്ത് മാപ്പിളമാർക്കെതിരെ ഉപയോഗിച്ച ‘പീറമുഹമ്മദർ’, ‘ക്രൂരമുഹമ്മദർ’ തുടങ്ങിയ വാക്കുകൾ കുമാരനാശാനെപ്പോലെ മനുഷ്യകഥാനുഗായിയായ ഒരു കവിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരമാണ് കവിത എന്ന വേർഡ്സ്വർത്തിന്റെ നിർവചനം പിൻപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ആ ഇംഗ്ലീഷ് കവിയുടെ ഇക്കാര്യത്തിലുള്ള ആദ്യ നിർവചനമായ ‘ശക്തമായ വികാരങ്ങളുടെ അനിയന്ത്രിതമായ കുത്തൊഴുക്കാണ് കവിത’ എന്ന വരികൾ ആശാനെ പ്രചോദിപ്പിച്ചിരിക്കണം. തൻ്റെ ഒരു വിലക്ഷണകൃതിയാണ് ‘ദുരവസ്ഥ’ എന്ന സംശയവും കവിക്കുണ്ടായിരുന്നു.

വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രമായി തായാട്ട് ശങ്കരൻ വാഴിക്കുന്നത് ‘വീണപൂവി’നെയല്ല, ‘ദുരവസ്ഥ’യെയാണ്. ആ പ്രയോഗം അദ്ദേഹം നടത്തുന്നില്ലെങ്കിലും. ജാതിവ്യവസ്ഥ എന്ന മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമാണ് തായാട്ടിനെ ‘ദുരവസ്ഥ’യുടെ പക്ഷപാതിയാക്കുന്നത്. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള പുലയനും അന്തർജനവും ചേരുന്നതിനെ കഠിനമായി വിമർശിച്ചപ്പോൾ ഗീതഗോവിന്ദത്തിലെ തീർത്തും അശ്ലീലമായ വരികൾ എടുത്താണ് അതിനെ മറുക്കുന്നത്.
ഉയർന്ന ജാതി വരേണ്യത പിന്നീട് എങ്ങനെയാണ് മൂലധനതാൽപര്യങ്ങളുമായി മേധാവിത്വം നിലനിർത്തുന്നത് എന്നും തായാട്ട് കണ്ടെത്തുന്നുണ്ട്:
“എന്നാൽ നാലഞ്ചു ദശവർഷങ്ങൾ കടന്നുപോകുമ്പോഴേക്കും കേരളത്തിൻ്റെ സാമൂഹ്യജീവിതം ആകെയൊന്നു പൊളിച്ചുപണിതു കഴിഞ്ഞു. എന്നാലും ജാതിചിന്ത എന്ന ആ രൂപത്തിൽ തന്നെ പുറത്ത് ചൊല്ലിയാടാറില്ല. ഉള്ളിൽ നിന്ന് അത് മായിച്ചുകളയാൻ ഇനിയും ദശാബ്ദങ്ങൾ പിടിക്കും. സാഹചര്യങ്ങളിൽ വന്ന ഈ മാറ്റം മൂലം ബ്രാഹ്മണസ്ത്രീയെ പുലയനെക്കൊണ്ട് പരിണയിപ്പിച്ചു എന്ന കുറ്റം ഉറക്കെ പറയുന്നതിന് ഇന്നത്തെ നിരൂപകർ മടിക്കും. ആ കുറ്റത്തിൽ നിന്ന് ആശാനെ ദയവായി ഒഴിവാക്കിയിരിക്കുകയാണവർ. പക്ഷേ അന്നത്തെ അധിക്ഷേപം, മറ്റൊരു വർഗ്ഗത്തിൻ്റെ അസ്വാരസ്യങ്ങൾ, ജാതിമറവിൽ നിന്നും മാറി, തനതായ സാമ്പത്തികതാൽപര്യങ്ങൾക്ക് അനുസരിച്ച് രൂപം കൊള്ളുന്നുവെന്നർത്ഥം. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന സമുദായത്തിൽ സവർണ്ണവർഗ്ഗം എന്നതിന് സമ്പന്നവർഗ്ഗം എന്നാണ് അർത്ഥം. ആ വർഗ്ഗത്തിന് മറ്റു മണ്ഡലങ്ങളിൽ എന്നപോലെ സാഹിത്യമണ്ഡലത്തിലും സ്വന്തം താൽപര്യങ്ങൾ ഉണ്ട്.”
തായാട്ട് ശങ്കരന്റെ ഏറ്റവും പ്രധാനപ്പെട്ട കവി കുമാരനാശാനാണ്. അതുകൊണ്ട് ആശാനെ അദ്ദേഹം നിരന്തരമായി പിന്തുടർന്നു. സാഹിത്യവിമർശനചരിത്രത്തിൽ അങ്ങനെയുള്ള പിന്തുടരലുകൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഹരോൾഡ് ബ്ലൂമും എ.സി. ബ്രാഡ്ലിയും ഷേക്സ്പിയറുടെ പിന്നാലെയുണ്ടായിരുന്നു. ജോർജ് ഓർവൽ ഡിക്കൻസിനെക്കുറിച്ചും വിർജീനിയ വൂൾഫിനെക്കുറിച്ചും നിരന്തരമായി എഴുതി. മലയാളത്തിൽ ആണെങ്കിൽ എം.എൻ. വിജയൻ വൈലോപ്പിള്ളിയെ നിരന്തരം അനുധാവനം ചെയ്തു.
തായാട്ട് ശങ്കരനാകട്ടെ കുമാരനാശാൻ്റെ മഹാവലുപ്പത്തെ എടുത്തുകാട്ടാനും വിമർശകരുടെ വാദങ്ങളെ പ്രതിരോധിക്കാനും ‘സീതയും നിരൂപകന്മാരും’ എന്നൊരു പുസ്തകം തന്നെ എഴുതി. “സീത ആശാൻ്റെ സീത,” അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. “മനുഷ്യത്വത്തിന്റെയും പുരോഗതിയുടെയും മുമ്പിലുള്ള ഈ അനീതി (വർണ്ണവിവേചനം)ക്കെതിരായി കുമാരനാശാൻ്റെ സർഗ്ഗശക്തിയിൽ നിന്ന് മൂന്ന് ഉൽകൃഷ്ടകാവ്യങ്ങൾ ജന്മം കൊണ്ടിട്ടുണ്ട്. ‘ചിന്താവിഷ്ടയായ സീത’, ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ എന്നിവയാണ് ആ കൃതികൾ” എന്നും “സ്ത്രീക്കും ശൂദ്രനും പാതിത്വം വിധിച്ച സ്മൃതിയുടെ നേരെയുള്ള ആശാൻ്റെ പ്രതിഷേധമാണ് ചിന്താവിഷ്ടയായ സീത” എന്നും തായാട്ട് എഴുതി.
‘അന്തണനെ ചമച്ചുള്ളോരു കൈയല്ലോ
ഹന്ത നിർമിച്ചു ചെറുമനെയും’ എന്ന ‘ദുരവസ്ഥ’യിലെ വരികളും,
‘ഒന്നല്ലി സഹോദരനല്ലി പൂവേ
ഒന്നല്ലി കയ്യിന രചിച്ചതു നമ്മെയെല്ലാം’ എന്ന ‘വീണപൂവി’ലെ വരികളെയും താരതമ്യപ്പെടുത്തിക്കൊണ്ട് തായാട്ട് ശങ്കരൻ പറയുന്നത്, “ആദ്യത്തേതിൽ ജീവിതത്തിൻ്റെ രക്തപക്ഷിമ കലണ്ട ചെമ്മന്തരികൾ പുരണ്ടിരിക്കുന്നു” എന്നാണ്.
‘സീതയും നിരൂപകന്മാരും’ എന്ന പുസ്തകത്തിൽ ആറ്റൂർ കൃഷ്ണപ്പിഷാരടി, കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട്, എ.പി.പി. നമ്പൂതിരി, കുന്നത്ത് ജനാർദ്ദനമേനോൻ തുടങ്ങി ആശാൻ്റെ സീതാകാവ്യത്തിൽ ഇടപെട്ട് ശങ്കരൻ വിലയിരുത്തുന്നുണ്ട്. പൂർവപക്ഷങ്ങളെ നിരത്തി സ്വപക്ഷം കൊണ്ട് വിശദീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്ന ഒരു താർക്കികരീതിയാണ് അദ്ദേഹം ഇതിൽ കൈക്കൊണ്ടിട്ടുള്ളത്.

സാഹിത്യം വിദ്യയാണ് എന്ന അർധസത്യത്തിന്റെ തടവുകാരനായ കുട്ടികൃഷ്ണമാരാരെക്കുറിച്ച് എം.എൻ. വിജയൻ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ശങ്കരനും പറഞ്ഞത്. ആര് ആദ്യം പറഞ്ഞു എന്നത് ഇവിടെ പ്രസക്തമല്ല. “അധ്യാത്മികതയും ഭൗതികതയും തമ്മിലുള്ള സംഘർഷമാണ് ചിന്താവിഷ്ടയായ സീത” എന്ന ‘രാജാങ്കണ’കാരന്റെ വാദമാകട്ടെ, “ആ കവിതയുടെ മേൽ (കുട്ടികൃഷ്ണമാരാർ) നടത്തിയ നഗ്നമായ ബലാൽക്കാരമാണ്.” മറ്റൊരു പുസ്തകത്തിലെ ‘വ്യക്തികൾ സങ്കൽപ്പങ്ങൾ’ എന്ന ലേഖനത്തിൽ കുറച്ചുകൂടി പറയുന്നുണ്ട്:
“സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധത്തിൻ്റെ കെട്ടുപിണഞ്ഞ ഭാഗങ്ങളിലേക്കൊന്നും മാരാർ കടന്നുചെല്ലാറില്ല. വ്യക്തിയുടെ സ്വഭാവം ആളുടെ ഇച്ഛയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്നത്രേ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്.”
കാവ്യവിമർശനത്തിൽ അടക്കം രാഷ്ട്രീയവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളും ആശങ്കകളും പ്രധാനമായി കരുതുന്ന തായാട്ട് ശങ്കരൻ ഇങ്ങനെയേ പറയൂ.
ഇതുപോലെ സീതയുടെ ‘ധർമ്മപ്രഘോഷണം’ അരോചകമായി തോന്നിയ മുണ്ടശ്ശേരിയെയും തായാട്ട് കുടയുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന മുണ്ടശ്ശേരിക്ക് സീതാകാവ്യത്തിൻ്റെ ആന്തരികശ്രേഷ്ഠത മനസ്സിലായില്ല എന്നത് അവിശ്വസനീയം തന്നെ.
“നൂറ്റാണ്ടുകൾ ആശയങ്ങളിൽ വരുത്തിവെച്ച സ്വാധീനവും സാഹിത്യസൃഷ്ടിയിൽ ആ സ്വാധീനം ചെലുത്തുന്ന രാസപരിണാമവും ശ്രീ മുണ്ടശ്ശേരി കണക്കിലെടുത്തില്ല. ‘ചിന്താവിഷ്ടയായ സീത’ സാർവ്വലൗകികമായ സ്ത്രീത്വത്തിന്റെ പ്രതിനിധിയല്ല. എങ്കിൽ ഇന്ത്യൻ സ്ത്രീത്വം പണ്ടെന്നോ വിമോചനം നേടിയേനെ. ചിതയിൽ ചുട്ടെരിക്കപ്പെട്ടവരുടെ വെൺചാരം കൊണ്ട് ഗംഗയുടെ ചരിത്രം ഇത്രയ്ക്ക് കലുഷമാവില്ലായിരുന്നു. കാലഘട്ടത്തിന്റെ സ്വാധീനശക്തി സീതാസങ്കൽപത്തിൽ വരുത്തിയ മാറ്റമാണ് കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീതയിൽ പ്രതിപാദിക്കുന്നത്.”
ഏതു മഹാദുഃഖത്തിലും അവൾ ഒരൊറ്റ വാക്കുപോലും രാമനെ പഴിക്കുന്നില്ലെന്നതാണ് (വാല്മീകിയുടെ) സീതയിൽ സ്വാമിജി (വിവേകാനന്ദൻ) കണ്ടെത്തിയ മേന്മ. രാമൻ കടുത്ത അനീതിയാണ് സീതയോട് ചെയ്തതെന്ന കാര്യത്തിൽ സ്വാമിജിക്ക് പക്ഷാന്തരമില്ല. എന്നാൽ ആ അനീതിയിലും അവൾ രാമനെ ആക്ഷേപിക്കുന്നില്ലെന്നതാണ് സീതയുടെ മഹത്വം. വിവേകാനന്ദവചനത്തിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുന്നു. ഈ കുഴപ്പത്തിൽ നിന്ന് രക്ഷനേടാനാണ് “സീതയുടെ രാമവിമർശനം അബോധാവസ്ഥയിലാണ് നടന്നതെന്ന” ഒരു നൂതനസിദ്ധാന്തം ശ്രീ സുകുമാർ അഴീക്കോട് അവതരിപ്പിക്കുന്നത്. സീത രാമനെക്കുറിച്ച് ചീത്തയായി ചിന്തിക്കാൻ ഇടയില്ലാത്തതുകൊണ്ട് ആശാൻ്റെ കൃതിയിൽ അങ്ങനെ വല്ലതും കണ്ടാൽ അതെല്ലാം അബോധചിന്തയായി ഗണിച്ചുകൊള്ളണമെന്നാവാം നിരൂപകഹൃദയം.
“ആശാൻ്റെ സീതയുടെ താക്കോൽശ്ലോകം കവി 112-ാം ശ്ലോകത്തിൽ ഒളിച്ചുവെച്ചിരിക്കുന്നതായി കാണാം” എന്ന് തായാട്ട് ശങ്കരൻ.
“അരുതോർക്കിൽ നൃപൻ വധിച്ചു നിഷ്-
ക്കരുണം ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ
തരുണീപാദജ ഗർഹിണീ സ്മൃതി”
സ്ത്രീക്കും ശൂദ്രനും പാതിത്വം വിധിച്ച ആ സ്മൃതിയുടെ നേരെയുള്ള ആശാൻ്റെ പ്രതിഷേധമാണ് ‘ചിന്താവിഷ്ടയായ സീത’. സ്ത്രീയെ, സീതയെ, കുലസ്ത്രീയായി, എല്ലാം സഹിക്കുന്നവളായിത്തന്നെ നിലനിർത്തിയ എഴുത്തച്ഛനെവിടെ, രാവണന് എന്നോട് കാമം തോന്നിയാൽ ഞാനാണോ കുറ്റക്കാരി എന്ന് ചോദിക്കുന്ന ആധുനിക സീതയെ രചിച്ച കുമാരനാശാനെവിടെ?
സുകുമാർ അഴീക്കോടിന്റെ സീതാനിരൂപണത്തിലെ കണ്ടെത്തലുകളെ മറുത്തുകൊണ്ട് തായാട്ട് ശങ്കരൻ പോകുന്നത് കാണാൻ സാഹിത്യവിമർശനപരമായ ഒരു കൗതുകമുണ്ട്. ‘കല്യാണസൗഗന്ധികം’ തുള്ളലിൽ പൂവ് തേടി പോകുന്ന ഭീമൻ വഴിയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ തച്ചുടയ്ക്കുമ്പോൾ ‘മറ്റതും മറ്റതും മറ്റതും ഭസ്മമായി’ എന്ന് കുഞ്ചൻ നമ്പ്യാർ എഴുതിയതുപോലെയുണ്ട്! പി.കെ. ബാലകൃഷ്ണനും എ.പി.പി. നമ്പൂതിരിയും തങ്ങളുടെ യാഥാസ്ഥിതികമായ വിലയിരുത്തൽ കൊണ്ട് തായാട്ട് ശങ്കരന്റെ വിമർശനത്തിനിരയാവുന്നുണ്ട്.
കുമാരനാശാൻ്റെ സീത സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ മുഖ്യചാലകശക്തിയായിത്തീരുന്നു.
“ആശാൻ്റെ കാവ്യലക്ഷ്യത്തെക്കുറിച്ചുള്ള പരിഗണനയുമായി ബന്ധപ്പെട്ട പ്രശ്നമാണിത് എന്നിരിക്കെ അതെന്താണെന്ന് പഠിച്ചിട്ട് വേണം നമുക്ക് മുന്നോട്ടുപോകാൻ. ഇന്ത്യൻ സ്ത്രീസങ്കൽപ്പത്തിന് വന്നിട്ടുള്ള പതനത്തിനെതിരെ പ്രതിഷേധിക്കുന്നതിനാണ് ആശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിട്ടുള്ളത്. ബംഗാളിൽ നിന്ന് ആരംഭിച്ച നവോത്ഥാനപ്രസ്ഥാനത്തിൽ സ്ത്രീയുടെ മോചനപ്രസ്ഥാനം സുപ്രധാനമായ ഒരു ഘടകമായിരുന്നു. ആ നവോത്ഥാനപ്രസ്ഥാനമാണ് ആശാനിൽ ചെലുത്തിയ സുപ്രധാനമായ സ്വാധീനശക്തി.”
സ്ത്രീസ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് തായാട്ട് ശങ്കരൻ ഇത്രയും കൂടി പറയുന്നുണ്ട്:
“ഇന്ത്യയിൽ സ്ത്രീക്ക് രണ്ടു മുഖങ്ങളുണ്ട്. നമ്മുടെ ഉൽകൃഷ്ടമായ എല്ലാറ്റിനും സ്ത്രീസങ്കൽപ്പമാണുള്ളത്. വിദ്യ, ധനം, രാജ്യം, ദേവത, ശക്തി എല്ലാം സ്ത്രീരൂപങ്ങളിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യരുടെ പിതൃഭൂമിക്ക് പകരം നമുക്ക് മാതൃഭൂമിയാണ്. എന്നാൽ സാധാരണ ജീവിതത്തിലോ? ഗാന്ധിജിയുടെ പ്രവേശനത്തിനു മുമ്പ് വരെ ഇന്ത്യയിൽ സ്ത്രീ അനുഭവിച്ച നരകയാതനയ്ക്ക് കണക്കില്ല. ഇന്നും സ്ത്രീ സ്വതന്ത്രയല്ല. നരകയാതനകൾക്ക് അല്പം സമാശ്വാസം കിട്ടി എന്നേയുള്ളൂ.”
അമ്പതു കൊല്ലമായി കാണും, തായാട്ട് ശങ്കരൻ ആശാനടക്കമുള്ള കവികളുടെയും എഴുത്തുകാരുടെയും കൃതികളെ വിലയിരുത്തിയിട്ട്. എഴുത്തുകാരനായ നെഹ്റുവിനെയും പ്രബന്ധകാരനായ ടാഗോറിനെയും മനുഷ്യൻ എന്ന നിലയിലുള്ള ടോൾസ്റ്റോയിയേയും കവിത എഴുതിയ വിവേകാനന്ദനെയും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും എഴുതിയ ഗാന്ധിജിയെയും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ഇതിലെല്ലാം തന്നെ തന്റെ നിലപാടുകൾക്കനുസരിച്ചുള്ള കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്.

കാലവും ലോകവും മാറി. ആലങ്കാരികമായി പറഞ്ഞാൽ മുന്നോട്ടാണോ പിന്നോട്ടാണോ പോക്ക് എന്ന നിശ്ചയിക്കാനാവാത്ത അവസ്ഥ. തായാട്ട് ശങ്കരൻ കാവ്യനിരൂപണങ്ങളിലൂടെ ഉയർത്തിയ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമായോ എന്ന ചോദ്യം നിലനിൽക്കുന്നു. ജാതിയും മതവും വിവേചനവും മൂലധനതാൽപര്യങ്ങളും നമ്മുടെ ജീവിതത്തെ വല്ലാതെ അലങ്കോലപ്പെടുത്തുന്നുണ്ട്. ജന്മശതാബ്ദിയുടെ നാളിൽ തായാട്ട് ശങ്കരൻ എന്ന നിരൂപകനെ അങ്ങനെയാണ് വീണ്ടും വായിക്കേണ്ടത്.







No Comments yet!