Skip to main content

സജിതാ ശങ്കറിന്റെ ഗാലറി

 

സജിതാ ശങ്കറിന്റെ ഗാലറി കണ്ടു. പുതിയ പെയിന്റിംഗുകൾ അമൂർത്തമെങ്കിലും അനാദിയായ ഊർജ്ജപ്രവാഹത്തിന്റെ സൂക്ഷ്മ കണങ്ങളിലേക്ക് എന്നെ ചേർത്തു നിർത്തി. വലയങ്ങളും വിശാലതയും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇഴതെന്നലുകളും അദൃശ്യമായിരുന്ന ഏതോ അനുഭവത്തെ സാന്ദ്രവും ദൃശ്യതരവുമാക്കുന്നതായി തോന്നി. അപ്പോൾ ഞാൻ മൂന്നു പതിറ്റാണ്ടായി കാണുന്ന സജിതയുടെ ചിത്രങ്ങളുടെ വികാസവഴികളെക്കുറിച്ച് ഓർത്തു. ചാർക്കോളിലും ചായങ്ങളിലും വരച്ചുപോന്ന സ്വത്വ പ്രകാശത്തിന്റെ പിടച്ചിലുകൾ, ഏറെ വഴി പിന്നിട്ട് ആഴത്തിൽ അതിന്റെ ആത്മവും വിലയനകേന്ദ്രവും കണ്ടെത്തുകയാണ്. രൂപങ്ങളിൽനിന്ന് രൂപങ്ങളെ അടർത്തുകയും വിന്യസനത്തിന്റെ വിചിത്രാന്വയങ്ങളിലൂടെ സ്വത്വത്തെ പുറത്തു ചാടിക്കുകയും ചെയ്ത ആദ്യകാല രചനകളിൽനിന്ന് രൂപങ്ങളെത്തുംമുമ്പുള്ള ഉള്ളുരുക്കങ്ങളുടെ കണികാ സഞ്ചാരങ്ങളിലേക്ക്, സ്വത്വത്തിന്റെ വേരുകളിലേക്ക് വരച്ചെത്തിയിരിക്കുന്നു സജിത. ഇത് വിഭ്രമമോ ഭ്രാന്തോ ആവാം. മൂർത്തമായ സകലതിന്റെയും അകം പ്രത്യക്ഷപ്പെടുത്തുന്ന ഈ ധ്യാനോദ്യമത്തിന് മതേതരമായ ഒരാത്മീയതയുടെ ദ്രാവിഡത്തനിമയുണ്ട്.


മുപ്പതാണ്ടുമുമ്പ് തിരുവനന്തപുരത്തു നിന്ന് ചോളമണ്ഡലത്തിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും നീണ്ട യാത്ര സജിതയെ ചിത്രകലയുടെ മർമ്മവും ധർമ്മവും കണ്ടെത്താൻ സഹായിച്ചു കാണും. മനുഷ്യരുടെ സഹനങ്ങളും സ്തോഭങ്ങളുമായിരുന്നു തൊണ്ണൂറുകളുടെ ആദ്യപാതിയിൽ സജിതയുടെ ചിത്രങ്ങളിൽ നിറഞ്ഞത്. ദുഖവും സ്വപ്നവും ഗൃഹാതുരതയും ഭീതിയും നിറഞ്ഞ മനുഷ്യരെ സ്ത്രീ കേന്ദ്രിതമായി നിരീക്ഷിക്കാനായിരുന്നു ശ്രമം. സെൽഫ് പോർട്രെയ്റ്റായാലും പോയംസ് ഓഫ് നൊസ്റ്റാൾജിയയോ പവർ ഓഫ് നൊസ്റ്റാൾജിയയോ ആയാലും സ്ത്രീരൂപങ്ങളുടെ വിചിത്രവും വിസ്മയകരവും പാഠസമൃദ്ധവുമായ ആവിഷ്കാരം ശ്രദ്ധേയമായി. ചാർക്കോളിൽ വരഞ്ഞ സ്ത്രീയും വാസ്തവവും എന്ന സെൽഫ് പോർട്രെയ്റ്റ് കലുഷിതമായ അകം എങ്ങനെയാണ് രൂപവിഭ്രമമായി, ഇരുൾവെളിച്ചങ്ങളായി ആഖ്യാനപ്പെടുക എന്നു കാണിച്ചു. പിന്നീട് പിക്കാസോ പോലുള്ള അനേകം ചിത്രകാരന്മാരും ഗുന്ദർഗ്രസ്സും കുന്ദേരയും പോലുള്ള എഴുത്തുകാരും സജിതയുടെ സർഗ്ഗചേതനയെ ഉന്മേഷപ്പെടുത്തി. ഗ്വർണിക്ക ഓർമ്മിക്കുംവിധം സ്ത്രീപീഡനങ്ങൾക്കെതിരായ രോഷം പൊട്ടിത്തെറിക്കുന്ന സജിതയുടെ ചിത്രം തൊണ്ണൂറുകളിൽതന്നെ നാം കാണുന്നു. ഡാർക്നസ് അറ്റ് നൂൺ 1996ലാണ് ചാർക്കോളിലും കടലാസിലുമായി പിറന്നത്. രൂപങ്ങൾ മാറി മറയുകയാണ്. അകകാലുഷ്യങ്ങൾക്ക് രൂപാന്തരരൂപ പ്രാപ്തിയുണ്ടാകുന്നു. പാഠാന്തര പാരായണങ്ങളുടെ വിസ്തൃത ലോകലാവണ്യം അനുഭവിച്ചറിയുന്ന യുഗത്തിലേക്ക് സജിത ചിത്രങ്ങളുമായി നടന്നുകയറുന്നു.


പിന്നീടാണ് മാതൃപ്രരുപങ്ങളുടെ ചിത്രങ്ങളും ആൾട്ടർ ബോഡീസ് പരമ്പരയും പിറക്കുന്നത്. അതും പിന്നിട്ട് പുതിയ അൽഗൊരിതങ്ങളിലേക്കായി സഞ്ചാരം. ഇതൊക്കെയും ഒറ്റയൊറ്റയായി വേർപെടുത്താവുന്നതല്ല. ഒരേ തുടർച്ചയിൽ സംഭവിക്കുന്നതാണ്. ഉടലിനെയും അതിന്റെ അനവധി ഭ്രംശാന്തരങ്ങളെയും വരച്ചുവരച്ച് മസ്തിഷ്കത്തിന്റെ ദുരൂഹമായ വൃത്തിപഥത്തിലേക്ക് അവർ അരിച്ചെത്തുന്നു. വ്യക്തിവീക്ഷണത്തിന്റെ സൂക്ഷ്മവും പ്രപഞ്ചകാഴ്ച്ചയുടെ വിശാലതയും സന്ധിക്കുന്ന ഒരിടമാണത്. ആസുരമേളം അതിന്റെ ശൂന്യകാലത്തെ പുൽകുംപോലെ സജിതയുടെ ചിത്രക്ഷോഭം അതിന്റെ മുടിക്കാഴ്ച്ചയിലേക്ക് കൂർത്തു വരുന്നതായി എനിക്കു തോന്നി. മസ്തിഷ്കത്തിന്റെ അറകൾ വളരെ ചെറുതാണ്. അതിനുള്ളിൽ ശ്വാസം മുട്ടുന്നു എന്നെഴുതുന്ന സജിത പരുക്കൻ എല്ലുകളുടെ ബലതന്ത്രതതിൽ പിടയുന്ന പാവം തലച്ചോറിനെ തുറന്നു വിടുന്നു. അതിനെ നൃത്തം ചെയ്യിക്കുകയോ കുതിരകളെപ്പോലെ ഓടിപ്പിക്കുകയോ ചെയ്യുന്നു. അതിനെ അനന്തവിസ്തൃതമായ പ്രപഞ്ചത്തെ ഉള്ളിൽ വഹിക്കാനും പുറത്ത് അദൃശ്യകണമായി നിലനിർത്താനും കഴിയുന്ന മാന്ത്രികതയിൽ സ്ഥാപിക്കുന്നു. ആ തുടർച്ചയിൽ വലയങ്ങളും ഷെയ്ഡുകളും വർണമുത്തുകളുമായി അകക്കാഴ്ച്ചയുടെ സ്വപ്നാത്ഭുതം വിടർത്തുന്നു. സർഗ ആത്മീയതയുടെ ‘അദ്വൈതാമല ഭാവസ്പന്ദിത വിദ്യുത് മേഖല’യിലേക്ക് അത് ക്ഷണിക്കുന്നു.  ലോകം ശ്രദ്ധിക്കുന്ന കേരളീയ ചിത്രകലാകാരിയാണ് സജിത. ഇന്ത്യൻ പാരമ്പര്യത്തിന്റെ ദ്രാവിഡവേരുകളിൽ തളിർക്കുന്ന സർഗപ്രതിഭ. മനുവാദ വരേണ്യ നിഷ്ഠകളോട് വിട്ടുവീഴ്ച്ചയില്ലാതെ കലഹിക്കുന്ന കലാകാരിയാണവർ. കേരളം അവരുടെ ചിത്രങ്ങൾ കണുന്നുണ്ടോ എന്നറിയില്ല. ഗൗരവപൂർവ്വമായ അന്വേഷണങ്ങളിൽ കാണാതെ പോകാൻ കഴിയുമെന്നും തോന്നുന്നില്ല.

സജിതാ ശങ്കര്‍

 

******

 

No Comments yet!

Your Email address will not be published.