Skip to main content

പോള്‍ ഗോഗിന്‍

പാശ്ചാത്യ ചിത്രകലയുടെ ചരിത്രം പരിശോധിച്ചാല്‍ നവോത്ഥാനകാലം മുതല്‍ തുടങ്ങുന്ന നാച്വറലിസ്റ്റ് പാമ്പര്യത്തില്‍നിന്നുള്ള വലിയ വ്യതിയാനമായിരുന്നു ഇംപ്രഷനിസം. വരയ്ക്കാനായി സ്വീകരിക്കുന്ന വിഷയങ്ങള്‍ മുതല്‍ രൂപങ്ങളുടെയും നിറങ്ങളുടെയും വെളിച്ചത്തിന്റെയും നിഴലിന്റെയുമെല്ലാം ആവിഷ്‌കാരത്തില്‍ വരെ നാച്വറലിസ്റ്റുരീതികളെ അട്ടിമറിക്കുന്നതായിരുന്നു ഇംപ്രഷനിസ്റ്റുകളുടെ സമീപനം. 1874 -ലാണ് ആദ്യത്തെ ഇംപ്രഷനിസ്റ്റ് പ്രദര്‍ശനം പാരീസില്‍ നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലൂടെ ഇംപ്രഷനിസ്റ്റുകള്‍ ആസ്വാദകര്‍ക്കിടയില്‍ ഒരു പുതിയ ദൃശ്യഭാവുകത്വം രൂപപ്പെടുത്തുന്നതില്‍ വിജയിക്കുകയുണ്ടായി.

ഇംപ്രഷനിസ്റ്റുകളുടെ സ്വാധീനം ഉള്‍ക്കൊണ്ടു വരച്ചുതുടങ്ങി ക്രമേണ വ്യത്യസ്തമായ ഒരു തനതുശൈലി വികസിപ്പിച്ചെടുത്ത ചില ചിത്രകാരന്മാരെയാണ് പൊതുവില്‍ പോസ്റ്റ് ഇംപ്രഷനിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. വൈകാരികഭാവങ്ങളുടെ ശക്തമായ ആവിഷ്‌കരണത്തിന് ഇംപ്രഷനിസ്റ്റുകളുടെ സങ്കേതങ്ങള്‍ പര്യാപ്തമല്ല എന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ സ്വതന്ത്രവും പരീക്ഷണാത്മകവുമായ രചനാരീതികള്‍ സ്വീകരിച്ചവരാണ് അവരില്‍ പലരും. അക്കൂട്ടത്തില്‍ പ്രമുഖനായ ഒരു ചിത്രകാരനായിരുന്നു പോള്‍ ഗോഗിന്‍.

1848 -ല്‍ പാരീസിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗോഗിന്‍ ജനിക്കുന്നത്. കുറച്ചുകാലത്തെ സൈനികസേവനത്തിനുശേഷം അദ്ദേഹം പാരീസിലെ ഓഹരി വിപണിയില്‍ ഒരു ഗുമസ്തനായി ജോലിക്കുചേര്‍ന്നു. തുടര്‍ന്ന് ഇരുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. ജോലിക്കുപോകുകയും ഭാര്യയും കുട്ടികളുമൊത്തുള്ള ജീവിതം നയിക്കുകയും ചെയ്തിരുന്ന ഈ കാലഘട്ടത്തില്‍ ഗോഗിന്‍ ഒരു സ്വകാര്യ താല്പര്യമെന്ന നിലയില്‍ ചെറിയ രീതിയില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

1874 -ല്‍ ഗോഗിന്‍ ഇംപ്രഷനിസ്റ്റു ചിത്രകാരന്‍ പിസാറോയെ (Camille Pissarro) നേരില്‍ക്കണ്ട് അദ്ദേഹത്തിന്റെ രചനാരീതികള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ക്രമേണ പാരീസിലെ മറ്റുള്ള ഇംപ്രഷനിസ്റ്റുകളുടെ ചിത്രങ്ങളുമായും അദ്ദേഹം പരിചയപ്പെട്ടു. ആദ്യകാലം മുതല്‍ക്കുതന്നെ ആരെയും അനുകരിക്കാന്‍ ശ്രമിക്കാതെ സ്വതസിദ്ധമായ ഒരു രചനാരീതിയാണ് അദ്ദേഹം സ്വീകരിച്ചത്. 1879 മുതല്‍ ഗോഗിന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഇംപ്രഷനിസ്റ്റുകളുടെ ഗ്രൂപ്പ് എക്‌സിബിഷനുകളിലാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ പ്രദര്ശിപ്പിച്ചിരുന്നത്.

1883 -ല്‍ ഗോഗിന്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ ചിത്രകാരനായിത്തീര്‍ന്നു. സുരക്ഷിതമായ ഒരു ജോലിയുടെയും വരുമാനത്തിന്റെയും അഭാവം അധികം വൈകാതെ ഗോഗിന്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തു. ചിത്രങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. നിവൃത്തിയില്ലാതെ ഭാര്യ നാല് മക്കളെയും കൂട്ടി അവരുടെ ജന്മനാടായ ഡെന്മാര്‍ക്കിലേയ്ക്കുപോയി. ഇളയ ഒരു മകനെ മാത്രം കൂടെക്കൂട്ടി ഗോഗിന്‍ പാരീസില്‍ത്തന്നെ തുടര്‍ന്നു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും അദ്ദേഹം ചിത്രരചനയില്‍ പൂര്‍ണ്ണമായും മുഴുകുകയാണ് ഉണ്ടായത് .

പാരീസിനെ അപേക്ഷിച്ചു ജീവിതച്ചിലവ് കുറവുള്ള ബ്രിട്ടണിയിലേയ്ക്കും പിന്നീട് തെക്കേ അമേരിക്കയിലെ പനാമയിലേയ്ക്കും വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളിലേയ്ക്കും അദ്ദേഹം താമസം മാറി. പാശ്ചാത്യ നാഗരികതയോടുള്ള കാല്പനികമായ ഒരുതരം വിരക്തിയും ഈ യാത്രകള്‍ക്ക് കാരണമായി വര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ അടുത്തറിയാമായിരുന്ന ആളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യവും രോഗങ്ങളും അലട്ടിയപ്പോള്‍ അവിടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അദ്ദേഹം പാരീസില്‍ തിരിച്ചെത്തി.

1888 -ല്‍ തെക്കന്‍ ഫ്രാന്‍സിലെ ആര്‍ലെസില്‍ വിന്‍സെന്റ് വാന്‍ഗോഗുമായി അദ്ദേഹം കണ്ടുമുട്ടുന്നുണ്ട്. ഏതാണ്ട് രണ്ടു മാസക്കാലം രണ്ടു ചിത്രകാരന്മാരും ഒരുമിച്ചു താമസിച്ചു. ആര്‍ലെസിലെ ആ താമസക്കാലത് ഗോഗിന്‍ വരച്ച പ്രശസ്തമായ ചിത്രമാണ് ‘The Washerwomen of Arles’. ഒരു ചെറിയ നദിയില്‍ തുണി അലക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറച്ചു സ്ത്രീകളെയാണ് ഗോഗിന്‍ വരയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പശ്ചാത്തലമായി ഒരു പ്രകൃതിദൃശ്യവും കാണാം. ഗോഗിന്‍ ചിത്രങ്ങളുടെ സവിശേഷമായ രൂപ ചിത്രീകരണം വര്‍ണ്ണപ്രയോഗം വൈകാരികത – ഇതിനെല്ലാം ഉദാഹരണമായി എടുത്തുകാണിക്കാവുന്ന ഒരു ചിത്രമാണിത്. 92 x 75 cm വലിപ്പമുള്ള ഈ ചിത്രം ക്യാന്‍വാസില്‍ എണ്ണച്ചായം ഉപയോഗിച്ചാണ് വരച്ചിട്ടുള്ളത്. (അലക്കുകാരി സ്ത്രീകളെ വിഷയമാക്കി വേറെയും ചിത്രങ്ങള്‍ ഗോഗിന്‍ വരച്ചിട്ടുണ്ട്. ഇവിടെ അവതരിപ്പിച്ചിട്ടുള്ള ചിത്രം അത്തരം പല ചിത്രങ്ങളില്‍ ഒന്നു മാത്രമാണ്)


പോള്‍ ഗോഗിന്‍
ജനനം:1848
മരണം: 1903

No Comments yet!

Your Email address will not be published.