കൊളംബസിന്റെ 1494ലെ യാത്രാസംഘത്തില്‍ അംഗമായിരുന്നു ഫ്രെ റാമണ്‍ പെയ്ന്‍. ഹിസ്പാനയോളയിലെ പ്രാദേശികര്‍ക്കൊപ്പമുള്ള താമസത്തെക്കുറിച്ചും, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അക്കാലത്തദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കോളനിവത്കരണ കാലങ്ങളേക്ക് പെയ്‌നിന്റെ എഴുത്തുകള്‍ വെളിച്ചം വീശുന്നു. പ്രാദേശിക സംസ്‌കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണവയില്‍ അധികവുമുള്ളത്.
ഗ്വാഹയോന എന്നു പേരുള്ള ഒരുവന്‍ യാഹുബാബ എന്നുള്ള മറ്റൊരുവനോട് ഡീഗൊ എന്ന പുല്ലു ശേഖരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കുളിക്കുമ്പോള്‍ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന പുല്ലാണത്. പ്രഭാതത്തില്‍ തന്നെ യാഹുബാബ അതിനായി ഇറങ്ങി. പക്ഷേ സൂര്യന്‍ അയാളെ മറികടന്നുപോയി. അയാളതിനാല്‍ ആ പ്രഭാതത്തില്‍ നൈറ്റിംഗേലിനെപ്പോലെ പാടുന്ന പക്ഷിയായി. യാഹുബാബായേല്‍ എന്ന പക്ഷി. താന്‍ ഡീഗൊ ശേഖരിക്കാനയച്ചവന്‍ തിരിച്ചെത്തിയില്ല എന്നറിഞ്ഞ ഗ്വാഹയോന, കാകിബാഹാഗ്വ എന്ന തന്റെ ഗുഹവിട്ട് പുറത്തിറങ്ങാന്‍ നിശ്ചയിച്ചു.
അവിടെയുണ്ടായിരുന്ന സ്ത്രീകളോടയാള്‍ ”ഇണകളെ എനിക്കായി ഉപേക്ഷിക്കുക. നമുക്ക് മറ്റിടങ്ങളിലേക്കു പോയി ഗ്വേയൊയിലെപ്പോലെ സഹിക്കാം. കുട്ടികളേയും എനിക്കൊപ്പം ഉപേക്ഷിക്കുക. നമുക്ക് ആ പുല്ലിനെ കുറിച്ചു മാത്രം ഇപ്പോള്‍ വേവലാതിപ്പെടാം. പിന്നീട് തിരിച്ചു വരാം” എന്നു പറഞ്ഞു.
ഗ്വാഹയോന സ്ത്രീകളെ ഉപേക്ഷിച്ച് അവിടെ നിന്നിറങ്ങി. മറ്റു പ്രദേശങ്ങള്‍ തിരഞ്ഞിറങ്ങി. മാടിനിനൊ എന്നയിടത്തെത്തി. കൂടെയുള്ളവരോടയാള്‍ അവിടെ തന്നെ നില്‍ക്കാനാവശ്യപ്പെട്ടു. അയാള്‍ പിന്നെയും നടന്നു. ഗ്വാനിനിലെത്തി. ചെറിയ കുട്ടികളെ അവിടെ ഒരു അരുവിക്കരയില്‍ നിര്‍ത്തി. വിശപ്പ് അവരെ വല്ലാതെയലട്ടാനാരംഭിച്ചപ്പോള്‍ അവര്‍ അമ്മയെ വിളിച്ചു കരഞ്ഞു. പിതാക്കള്‍ക്കപ്പോള്‍ കുട്ടികളെ ശാന്തരാക്കാന്‍ ഒന്നും ചെയ്യാനായില്ല. കുട്ടികള്‍ ”മാമ്മാ” എന്നു വിളിച്ച് കരഞ്ഞുകൊണ്ടേയിരുന്നു. അവര്‍ക്ക് പാലുകുടിക്കണമായിരുന്നു. മുലകുടിക്കണം എന്നതിനായി തേങ്ങിക്കരഞ്ഞുകൊണ്ടവര്‍ നിന്നു. അതിനായി അവര്‍ `ടോവ, ടോവ` എന്നു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ കരഞ്ഞുകരഞ്ഞ് അവര്‍ സാവധാനത്തില്‍ ചെറുമൃഗങ്ങളായി. തവളകളെപ്പോലെയായി. അവയെ ടോണ എന്നു വിളിച്ചു. പാലിനായി കരഞ്ഞപ്പോള്‍ അവര്‍ അത്തരത്തിലൊരു സ്വരമാണുണ്ടാക്കിയതെന്നതിനാലായിരുന്നു ആ പേര്. അങ്ങനെ ആ പുരുഷന്മാര്‍ക്കരികില്‍ സ്ത്രീകളില്ലാതായി.
ഗ്വാഹയോന അവരില്‍നിന്നു പോയപ്പോള്‍ ഒപ്പം അനാകാകൂയയുമുണ്ടായിരുന്നു. മറ്റുള്ളവരെയെല്ലാം വിഡ്ഢിക്കളാക്കിയതുപോലെ തന്നെയാണയാള്‍ അനകാകൂയയേയും വിഡ്ഢിയാക്കിയത്. അയാളാകട്ടെ ഗ്വാഹയോനയുടെ സഹോദരീ ഭര്‍ത്താവായിരുന്നു. അവരൊന്നിച്ച് ഒരു ചങ്ങാടത്തില്‍ കടലിലിറങ്ങി. ഗ്വാഹയോന അനകാകൂയയോട് ”വെള്ളത്തിലുള്ള ആ സുന്ദരന്‍ കോബൊയെ കാണൂ” എന്നു പറഞ്ഞു. കോബൊ എന്നാല്‍ കടലില്‍ കാണുന്ന ശംഖ്. അനകോകൂയ അതു കാണാന്‍ വെള്ളത്തിലേക്കെത്തിനോക്കി. അപ്പോള്‍ ഗ്വാഹയോന, അതായത് അനകോകൂയയുടെ ഭാര്യാസഹോദരന്‍, അയാളുടെ കാലില്‍ പിടിച്ച് വെള്ളത്തിലേക്ക് തട്ടിയിട്ടു. അങ്ങനെ അയാള്‍ സ്ത്രീകളെയെല്ലാം തന്റേതാക്കി. സ്വന്തമാക്കി. അവരെ മാടിനിനൊയിലെത്തിച്ചു. അവിടെ ഇന്നും സ്ത്രീകള്‍ മാത്രമേയുള്ളു. ഗ്വാഹയോന യാത്ര തുടര്‍ന്നു.
തനിക്കെത്തേണ്ടിടത്തെത്തിയപ്പോള്‍ ഗ്വാഹയോന, താനൊരു സ്ത്രീയെ കടലില്‍ മറന്നു വച്ചിരിക്കുന്നു എന്നു കണ്ടു. അവളെ മാത്രം ഒപ്പം കൂട്ടി യാത്ര തുടര്‍ന്നു. അവളില്‍ നിന്നാണയാള്‍ക്ക് ഏറ്റവും ആനന്ദം ലഭിച്ചിരുന്നത്. അയാള്‍ തന്റെ ശരീരത്തിലേക്ക് നോക്കിയപ്പോള്‍ ശരീരമാകെ, നമ്മള്‍ ഫ്രഞ്ച് രോഗം എന്നു വിളിക്കുന്നതരം പുണ്ണുകളുള്ളതു കണ്ടു. അവള്‍ അയാളെ ഗ്വാനാരയില്‍ നിര്‍ത്തി. ഗ്വാനാര എന്നാല്‍ ഏകാന്തവാസത്തിനുള്ളയിടം. അവിടെ വച്ച് അയാളുടെ രോഗം ശമിച്ചു. അപ്പോഴവള്‍ അയാളോട് തന്നെ വിട്ടുപോകണം, തനിക്ക് തന്റേതായ മാര്‍ഗ്ഗം സ്വീകരിക്കാനനുവദിക്കണം എന്നാവശ്യപ്പെട്ടു. ഗുവാബോനിറ്റൊ എന്നായിരുന്നു അവരുടെ പേര്. ഗ്വാഹായോന അപ്പോള്‍ തന്റെ പേരില്‍ മാറ്റം വരുത്തി ആല്‍ബെബൊറേല്‍ ഗ്വാഹയോന എന്നാക്കി. ഗ്വാബോനയോറ്റ് എന്നു പേരുള്ളവള്‍ ആല്‍ബെബോറേല്‍ ഗ്വാഹായോനയ്ക്ക് അനേകം ഗ്വാനൈനുകള്‍ നല്‍കി. അനേകം സീബകളും ധരിക്കാന്‍ നല്‍കി. ആ പ്രദേശങ്ങളിലെ സീബകള്‍ എന്നാല്‍ മാര്‍ബിള്‍ പോലെയുള്ള കല്ലുകളായിരുന്നു. അതെല്ലാം അയാള്‍ കയ്യിലും കഴുത്തിലും ഞാത്തിയിട്ടു. കൊച്ചു കുട്ടികളുടെ കാതില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ ഞാത്തി. ലോഹം കൊണ്ടുള്ള ഗ്വാനൈനുകളും അവര്‍ കാതില്‍ ഞാത്തി. (ഗ്വാബോനിറ്റൊ, ആല്‍ബെബൊറേലിന്റെ പിതാവായ ആല്‍ബെബോറെല്‍ ഗ്വാഹായോന എന്നിവരില്‍ നിന്നാണീ ഗ്വാനൈനുകള്‍ ഉത്ഭവിച്ചതെന്ന് അവര്‍ പറയുന്നു.)
ഗ്വാഹായോന തന്റെ പിതാവിനൊപ്പം അവിടെ കഴിഞ്ഞു. ഹിയാവ്വുന എന്നായിരുന്നു പിതാവിന്റെ പേര്. അച്ഛന്റെ മകളില്‍, തന്റെ സഹോദരിയില്‍, അയാള്‍ക്കുണ്ടായ മകനെ ഹിയാഗൗലി ഗ്വാനിന്‍ എന്നു വിളിച്ചു. അതായത് ഹിയാവൂനയുടെ മകന്‍ എന്ന്. പിന്നീടത് ഗ്വാനിന്‍ എന്നു മാത്രമായി. ഇന്നും അതങ്ങനെയാണറിയപ്പെടുന്നത്. അവര്‍ക്ക് എഴുത്തും അക്ഷരങ്ങളുമൊന്നുമില്ലാത്തതിനാല്‍ ഈ കഥകളൊന്നും നല്ല രീതിയില്‍ പറയാനാകില്ല. എനിക്കാകട്ടെ അതൊന്നും അത്ര വൃത്തിയിലെഴുതാനുമാകില്ല. എഴുതാനിരിക്കുമ്പോള്‍ ആദ്യമേത് അവസാനമേത് എന്നെനിക്കറിയാതാകുന്നു. എന്നാലും അവര്‍ പറഞ്ഞതുപോലെയൊക്കെ എഴുതുന്നു. ആ പ്രദേശത്തുവച്ച് ഞാന്‍ കേട്ടതുപോലെ എഴുതുന്നു.
ഒരു ദിവസം പുരുഷന്മാര്‍ കുളിക്കാനിറങ്ങി. അവള്‍ വെള്ളത്തിലായിരുന്നപ്പോള്‍ മഴ പെയ്തു. അവര്‍ക്കപ്പോള്‍ സ്ത്രീകള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം തോന്നി. മഴപെയ്യുമ്പോഴൊക്കെ അവര്‍ എവിടെയെങ്കിലും സ്ത്രീകളുള്ളതിന്റെ സൂചനയുണ്ടോ എന്നന്വേഷിക്കാറുണ്ടായിരുന്നു. പക്ഷേ ഒന്നും കാണാറില്ലായിരുന്നു. എന്നാല്‍ അന്ന് കുളിച്ചുകൊണ്ടിരിക്കേ മരത്തില്‍, ശിഖരങ്ങളില്‍ നിന്ന് ചിലതെല്ലാം പെയ്തു വീഴുന്നതു കണ്ടു. അതിനു പുരുഷന്റേയോ സ്ത്രീയുടേയോ രൂപമില്ലായിരുന്നു. അതു പുരുഷനോ സ്ത്രീയോ അല്ലായിരുന്നു. എങ്കിലുമവരതെല്ലാം ശേഖരിക്കാനൊരുങ്ങി. അവയാകട്ടെ ആരല്‍ മീനുകളെപ്പോലെ വഴുതി. അവയെ പിടികൂടാനാകാത്തതിനാല്‍ കാസിക്വെ അവരില്‍ രണ്ടോ മൂന്നോ പേര്‍ ചെന്ന് അവയെത്രയുണ്ടെന്നെണ്ണി നോക്കാന്‍ ആവശ്യപ്പെട്ടു. അവയോരോന്നിന്നും കാരകാരകോളുള്ള രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ടു. അവര്‍ നാലെണ്ണത്തിനെ എണ്ണി. നാലു കാരകാരകോളുകാരെ വിളിച്ചു വരുത്തി. അങ്ങനെ അവയെ മുറുകെപ്പിടിക്കാനുള്ള കരങ്ങളായി. കാരകാരകോള്‍ എന്നാല്‍ ചിരങ്ങുപോലെ ഒരു രോഗമാണ്. അതുമൂലം ശരീരം പരുക്കനാകും, പരുപരുത്തതാകും. അവയെ പിടികൂടിയതിനു ശേഷം ഇനിയിവയെ എങ്ങനെ സ്ത്രീകളാക്കാം എന്ന ചര്‍ച്ചയായി. അവയപ്പോള്‍ സ്ത്രീലിംഗത്തില്‍ പെട്ടതോ പുരുഷ ലിംഗത്തില്‍ പെട്ടതോ അല്ലായിരുന്നുവല്ലോ.
അവരതിനായി ഇന്രിരി എന്ന പക്ഷിയെ വിളിച്ചു. ഇന്രിരി കാഹുബാബയേല്‍ എന്നാണാ പക്ഷിയെ ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നത്. മരത്തില്‍ കൊത്തിയോട്ടയുണ്ടാക്കുന്ന പക്ഷികളാണവ. ഇക്കാലത്തവയെ അതിനാല്‍ മരം കൊത്തികള്‍ എന്നു വിളിക്കും. അവര്‍ പുരുഷ ലിംഗമോ സ്ത്രീ ലിംഗമോ ഇല്ലാത്ത സ്ത്രീകളെയെടുത്തു, അവയുടെ കയ്യും കാലും കെട്ടി ഈ പക്ഷികള്‍ക്കരികിലെത്തിച്ചു പക്ഷികള്‍ക്കൊപ്പം ചേര്‍ത്തു കെട്ടി. തങ്ങളുടെ ശരീരത്തില്‍ വച്ചുകെട്ടിയിരിക്കുന്നതും മരമാണെന്നവ കരുതി. പതിവുപോലെ, മരത്തില്‍ കൊത്തുന്നതുപോലെ കൊത്തിത്തുടങ്ങി. സ്ത്രീകളുടെ ലൈംഗികാവയവമുള്ളിടത്ത് കൊത്തിത്തുടങ്ങി. അങ്ങനെ അവയൊക്കെ സ്ത്രീകളായി എന്നാണീ ഇന്ത്യക്കാര്‍ പറയുന്നത്. ചുരുങ്ങിയ പക്ഷം അവരിലെ പഴമക്കാരെങ്കിലും പറയുന്നത്.
No Comments yet!