അഭിലാഷം എന്ന ഒരു മലയാള സിനിമ കണ്ടു. കട്ട ബോര്‍ ആയിട്ടാണ് തോന്നിയത്. അജ്ജാതി ക്രിഞ്ചും നന്മയുമൊക്കെ തള്ളിക്കേറ്റി, പത്തു ലഡു ഒരുമിച്ച് കഴിക്കുന്ന പോലത്തെ ഒരു സിനിമ. അത് വിട്ടേക്കാം. പക്ഷേ എനിക്ക് ആ സിനിമയെ കുറിച്ച് തോന്നിയത് വേറൊരു കാര്യമാണ് – എത്ര ക്രിഞ്ചായാലും, ഒരു മുസ്ലിം അറ്റ്‌മോസ്ഫിയറില്‍ നിന്നൊരു ഫീല്‍ ഗുഡ് സിനിമ ഉണ്ടാക്കിയെടുക്കാന്‍ ഈ സിനിമയുടെ പിന്നിലുള്ളവര്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ്. മുമ്പ് കവിയൂര്‍ പൊന്നമ്മ മോഡിലുള്ള വേറൊരു വേര്‍ഷനില്‍ കല്‍ക്കണ്ടം പുരട്ടിയ സ്‌നേഹവും സിംപതിയുമൊക്കെ വാരി ഒഴിച്ച് ബോര്‍ ആക്കിയെങ്കിലും, മലപ്പുറം എന്ന ദേശത്തെ കുറിച്ചുള്ള മലയാളിയുടെ ആര്‍കിടൈപ്പിക്കല്‍ നോട്ടങ്ങളെ ഫീല്‍ ഗുഡ് വഴി പൊളിച്ചു അടുക്കിയ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ എന്ന് എനിക്ക് തോന്നുന്നു. സിനിമാറ്റിക്കായി പലപ്പോഴും പരാജയപ്പെട്ടെങ്കിലും ആയിഷ, കഠിന കഠോരമീ അണ്ഡകടാഹം, കെ.എല്‍. പത്ത്, സുലേഖ മനസില്‍ തുടങ്ങിയ സീരീസിലുള്ള സിനിമകള്‍ അതേ പാതയിലായിരുന്നു. അവ പൊളിറ്റിക്കല്‍ സ്റ്റഡി ക്ലാസുകള്‍ എടുക്കാതെ തന്നെ മുസ്ലീം ജീവിതങ്ങളുടെ പ്രണയം, തമാശകള്‍, സൗഹൃദം, കുശുമ്പ്, ചതി, മിത്ത് തുടങ്ങിയ ലെയറുകളിലൂടെ നീങ്ങുന്നവയായിരുന്നു. അതുപോലെ, ബാങ്ക് വിളി, തീവ്രവാദം, മൊയിലിയാര്‍, ഉസ്താദ്, ഒപ്പന, മാപ്പിളപ്പാട്ട്, മൂന്നു കെട്ടിയതു തുടങ്ങിയ മലയാള സിനിമയിലെ സ്ഥിരം ക്ലീഷേകളെ ഈ സിനിമകള്‍ എടുത്തു തൊട്ടില്‍ എറിയുകയോ ചെയ്തിട്ടുണ്ട്. തല്ലുമാല എന്ന സിനിമ മുസ്ലീം ജീവിതങ്ങളുടെ ആഘോഷങ്ങളുടെ ‘അയ്യര്‍ കളി’ ആണ്. അഭിലാഷം സിനിമയില്‍ തന്നെ കാണുന്ന സ്പിരിച്വല്‍ ലെക്ചര്‍ എടുക്കുന്ന നൗഷാദ് മാഷിനെ കാണുന്നത് ഒക്കെ രസവുമാണ്.

ചിവെറ്റല്‍ എജിയോഫര്‍ ഉള്‍പ്പെടെ അഭിനയിച്ച Rob Peace എന്ന അമേരിക്കന്‍ ബ്ലാക്ക് സിനിമയും, യു.കെ. പ്രൊഡക്ഷനായ Sebastian എന്ന ക്വീര്‍ സിനിമയും കണ്ടപ്പോള്‍ ആണ് ഈ കുറിപ്പ് എഴുതാന്‍ തോന്നിയത്. Rob Peace എന്ന സിനിമയില്‍ 1980കളില്‍ വിദ്യാഭ്യാസം വഴിയോ മറ്റുവഴിയോ ഉയര്‍ന്നു വരുന്ന ഒരു ബ്ലാക്ക് സൊസൈറ്റിയുടെ ലോകമാണ് കാണാന്‍ കഴിയുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തി പി.എച്ച്.ഡി എടുത്ത് സയന്റിസ്റ്റായി മുന്നോട്ട് പോകുന്ന ഒരു ആഫ്രോ-അമേരിക്കന്‍ യുവാവിന്റെ ജീവിതം ചിത്രീകരിക്കുന്നു. അയാള്‍ അവസാനം മയക്കുമരുന്ന് വാറില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതേ സമയം കേരളത്തിലും 1980കളില്‍ ദലിത് മിഡില്‍ ക്ലാസ് സമൂഹ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. പുതിയ നൂറ്റാണ്ടില്‍ എങ്കിലും ദലിത് സമൂഹത്തില്‍ പി.എച്ച്.ഡി നേടിയവരുടെ എണ്ണം കൂടിയിരുന്നു. പക്ഷേ സബാള്‍റ്റേണ്‍ പ്ലൈറ്റുകളുടെ അത്തരം ജീവിതങ്ങള്‍ കേന്ദ്രമാക്കിയുള്ള സിനിമകള്‍ മലയാളത്തിലും ഇന്ത്യന്‍ സിനിമയിലും പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നു വേണമെങ്കില്‍ പറയേണ്ടിവരും. ഇന്ത്യന്‍ സവര്‍ണ സമൂഹങ്ങള്‍ അവരുടെ ആഘോഷങ്ങളും ലൈംഗികകഥകളും പ്രണയങ്ങളും സൗഹൃദങ്ങളും കുടുംബങ്ങളും യാത്രകളും അഡ്വഞ്ചറുകളും എല്ലാം ആഘോഷിക്കുമ്പോഴാണ് ഇതു എന്നതുകൂടെ ഓര്‍ക്കണം. ഇന്ത്യയില്‍ ‘ദലിത് ലൈഫ്’ അടിസ്ഥാനമാക്കിയുള്ള സിനിമ ഉണ്ടാകണമെങ്കില്‍, അതില്‍ രൂക്ഷമായ രാഷ്ട്രീയ പ്രസംഗങ്ങള്‍ മസ്റ്റ് ആയിരിക്കണം എന്നു എവിടെയോ എഴുതിവെച്ചത് പോലെ ആണ്. പട്ടികജാതിക്കാര്‍ പ്രണയിക്കുന്നത്, തമാശ പറയുന്നത്, പിണങ്ങുന്നത്, ചതിക്കുന്നത് പോലുള്ള സാധാരണ ജീവിതാനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് അവതരിപ്പിക്കാന്‍ കഴിയാറില്ല. അവര്‍ രാവിലെ എഴുന്നേറ്റ് കട്ടന്‍ ചായ കുടിക്കുന്നതുപോലും, ജാതിക്കെതിരെ പ്രസംഗം ചെയ്യുന്നതിനൊപ്പം മാത്രമേ ആകാവൂ എന്നതു ഇന്ത്യന്‍ ‘ദലിത്’ സിനിമ റിയാലിറ്റി ആണെന്ന് തോന്നുന്നു. ഈ റിയാലിറ്റി എക്‌സര്‍സൈസ് തന്നെ കട്ട ദുരന്തം ആണ്.

City of God (2002), The Pursuit of Happyness (2006), Green Book (2018), Get Out (2017), Django Unchained (2012), King Richard (2021) തുടങ്ങിയ സിനിമകള്‍ വിവിധ ജേണറുകളിലുള്ള ബ്ലാക്ക് സിനിമകളാണ്. രാഷ്ട്രീയ പ്രസംഗം മാത്രം പറയുന്നതില്‍ നിന്നു വ്യത്യസ്തമായ ബ്ലാക്ക് സിനിമകള്‍. City of God ലുള്ള കഞ്ചാവ് അടിച്ചു, ഷൂട്ട് ചെയ്ത് കൊല്ലുന്ന അണ്ടര്‍വേള്‍ഡ് ജീവിതം പൊളി ആയി സിനിമാറ്റിക്കല്‍ ആയി ലോകം ആഘോഷിച്ചതാണ്. The Pursuit of Happyness എന്ന സിനിമയില്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പശ്ചാത്തലത്തില്‍ ബ്ലാക്ക് ലൈഫ് ഉയിര്‍ക്കുന്നത് ചേര്‍ത്തുവെച്ചിരിക്കുന്നതും കാണാന്‍ രസകരമാണ്. വില്‍ സ്മിത്ത് എന്ന നടന്‍ തന്നെ അമേരിക്കന്‍ ബ്ലാക്ക് ലൈഫിലെ അര്‍ബനൈസ്ഡ് ജീവിതങ്ങളുടെ ആഘോഷങ്ങള്‍ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ King Richard പോലെയുള്ള സിനിമകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്. I Am Not Your Negro മോഡിലുള്ള ബ്ലാക്ക് റിയാക്ഷണറി പൊളിറ്റിക്കല്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി, ബ്ലാക്ക് ആധുനികതയും ആഘോഷങ്ങളും പ്രതിപാദിച്ച സിനിമകള്‍ ലാറ്റിന്‍ അമേരിക്കന്‍, ഹോളിവുഡ് മേഖലകളില്‍ ഉണ്ടായിട്ടുണ്ട് – ഇന്ത്യയിലെ സബാള്‍റ്റേണ്‍ സിനിമകളില്‍ നിന്നു വ്യത്യസ്തവുമാണ് അവ.

2016-ലാണ് ഇന്ത്യന്‍ സിനിമയെ ‘ഞെട്ടിച്ചു’കൊണ്ട് നാഗരാജ് മഞ്ജുളയുടെ മറാത്തി കൊമേഴ്ഷ്യല്‍ സിനിമയായ സൈറാത്ത് പുറത്തിറങ്ങുന്നത്. ആ സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കൊമേഴ്ഷ്യല്‍ വിജയം നേടിയ ഒരു ചിത്രമായി മാറി. ഹോണര്‍ കില്ലിങ്ങിനെ തുറന്നു കാട്ടുന്ന സിനിമയായിരുന്നു അത്. അതിനു മുന്‍പ് അദ്ദേഹത്തിന്റെ ഫാന്‍ഡ്രി എന്ന സിനിമയും ജാതിവിരുദ്ധ സിനിമയായി തന്നെ പുറത്തുവന്നിരുന്നു. സൈറാത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് തമിഴ് സിനിമയില്‍, പാ. രഞ്ജിത്തിന്റെ സ്റ്റ്രീമിലുള്ള അംബേദ്കറൈറ്റുമായുള്ള സിനിമകള്‍ ഉണ്ടാകുന്നത്. തേവര്‍ മകന്‍ പോലുള്ള ജാതി അഭിമാന സിനിമകളില്‍ നിന്നും മാറി, ദലിത് കൊലപാതകങ്ങളിലെങ്കിലും അവസാനിക്കുന്ന പരുത്തിവീരന്‍, സുബ്രഹ്‌മണ്യപുരം പോലുള്ള സിനിമകള്‍ക്കുശേഷമാണ് പാ. രഞ്ജിത്ത് അട്ടക്കത്തി പോലുള്ള സിനിമയുമായി രംഗത്ത് വരുന്നത്. പിന്നീട് മദ്രാസ് എന്ന സിനിമയ്ക്കു ശേഷം പാ. രഞ്ജിത്ത് കബാലി പോലുള്ള ചിത്രങ്ങളില്‍ ജാതിയെക്കുറിച്ച് തുറന്നു സംസാരിച്ചു. മലേഷ്യന്‍ തേയില എസ്റ്റേറ്റുകളില്‍ 1960കളിലും 70കളിലുമായി അടിമപ്പണി ചെയ്ത തമിഴ് ദലിത് സമൂഹത്തിന്റെ ഡോക്യുമെന്ററി ടോണ്‍ ഉള്ള ചിത്രമായി കബാലി മാറി. അതില്‍ പ്രസംഗരൂപത്തില്‍ തന്നെ അംബേദ്കറിസ്റ്റ് രാഷ്ട്രീയമുണ്ടായിരിന്നു. തുടര്‍ന്ന് കാല (2018) എന്ന സിനിമയില്‍ ബോംബെയുടെ അധോലോക പശ്ചാത്തലത്തില്‍ അംബേദ്കറിസ്റ്റ് രാഷ്ട്രീയവും കൂടുതല്‍ പ്രീച്ചിങ് മോഡില്‍ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം വെട്രിമാരന്റെ സിനിമകള്‍ – വിസാരണൈ (2015), അസുരന്‍ (2019), വടചെന്നൈ (2018), വിടുതലൈ (2023) തുടങ്ങിയവ – കൂടാതെ മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ (2018), കര്‍ണന്‍ (2021), മാമന്നന്‍ (2023), വാഴ (2024) എന്നിവയിലെയും അംബേദ്കറിസവും, ദലിത് ദാരിദ്ര്യവും, ജാതിവിവേചനങ്ങളും, ജാതിയാഥാര്‍ത്ഥ്യവും തുറന്നു പറച്ചിലായി. ഇതിലെ ഏറ്റവും രസകരമായ ഒരു കാര്യം മാമന്നന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ (തേവര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച) ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ തമിഴ്‌നാട്ടിലെ വലതുപക്ഷ സംഘടനകള്‍ ആരാധിച്ചു ആഘോഷിച്ചു ഏറ്റെടുത്തുവെന്നതാണ്. അതേ സമയം പാരലലായി മലയാള സിനിമയിലും കമ്മട്ടിപ്പാടം (2016), പുഴു (2022) തുടങ്ങിയ ജാതി വിരുദ്ധമായി ആഘോഷിക്കപ്പെട്ട സിനിമകളും ഉണ്ടായി.

1970കളിലാന് കേരളത്തിലെങ്കിലും ദലിത് ജീവിതങ്ങളുടെ മിഡില്‍ ക്ലാസിലേക്കുള്ള ഒരു പരിണാമം ആരംഭിച്ചത്. സര്‍ക്കാര്‍ ജോലി വഴി അവരില്‍ പലരും മദ്ധ്യവര്‍ഗ ജീവിതത്തിലേക്ക് കടന്നു. തീവണ്ടിയാത്ര, യൂറോപ്യന്‍ വസ്ത്രധാരണം, ടേപ്പ് റിക്കോര്‍ഡര്‍, ടി.വി., യമഹ ബൈക്ക് തുടങ്ങിയവ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു – കേരളത്തിലെങ്കിലും. അന്നും ഇന്നും ജാതീയ വിവേചനങ്ങള്‍, ആക്രമണങ്ങള്‍, വംശീയത എന്നിവ നിലനില്‍ക്കുന്നതിനിടെ, എങ്കിലും അവരുടെ ജീവിതങ്ങളില്‍ പ്രണയവും കുടുംബവും ലൈംഗികതയും ചതികളും തമാശകളും ആഘോഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ, ഇന്ത്യന്‍ ‘ദലിത്’ സിനിമയില്‍ അത്തരമൊരു ജീവിതത്തിന്റെ ആലേഖനം ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം. പകരം, ‘ജാതി ഇവിടെ ഉണ്ട്’ (അത് എല്ലാവര്‍ക്കും അറിയാം), ‘ജാതിക്കെതിരെ പ്രതികരിക്കണം’ (അതും അറിയാം), ‘ജാതിക്കെതിരെയുള്ള പോരാട്ടങ്ങള്‍’ (നൂറ്റാണ്ടുകള്‍ക്കുമുമ്പേ മനുഷ്യര്‍ തുടങ്ങിയതാണല്ലോ), ‘ദലിത് ജീവിതം = ദാരിദ്ര്യം’ (അത് മാത്രമാണോ?) എന്ന തലത്തില്‍ സിംപ്ലിഫൈ ചെയ്ത ഡോക്യു-സ്‌റ്റൈല്‍ രാഷ്ട്രീയ സിനിമകളിലേക്കാണ് ഇന്ത്യന്‍ ദലിത് സിനിമ ചുരുങ്ങിയതെന്ന് തോന്നുന്നു. ദലിത് സിനിമകള്‍ മുദ്രാവാക്യങ്ങളുള്ള സിനിമകളായി ചുരുങ്ങിയതും, അത് ദാരിദ്രയാവുമായി സമീകരിച്ചത് വേറെ ദുരന്തം. ഈ സമീപനം അനുകരിച്ചുകൊണ്ടാണ് തുടരും പോലുള്ള സിനിമകളില്‍ ദൂരഭിമാന കൊലപാതകങ്ങള്‍ എന്നൊക്കെ രാഷ്ട്രീയമായി തള്ളിമറിക്കുന്നത്. ഇന്ത്യയിലെ കീഴാളരുടെ ജീവിതം – ജാതിയും ദാരിദ്ര്യവും ദൂരഭിമാന കൊലയും രാഷ്ട്രീയ പോരാട്ടവുമൊക്കെ ആകുന്നവ മാത്രമല്ല എന്ന കാര്യം – ആരെങ്കിലും ഇവര്‍ക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാമോ?

ഓര്‍മ്മകളും ചരിത്രങ്ങളും എങ്ങനെ പ്രതലോമകരമായി സ്റ്റിഗ്മറ്റൈസ് ചെയ്യപ്പെടുന്നു എന്നത്, ഇത്തരം ജാതിവിരുദ്ധ സിനിമകളെ ബന്ധപ്പെടുത്തി സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍, ഒരു പഠനവിഷയം തന്നെയാകും. പുതിയ സബാല്‍ട്ടേണ്‍ സമൂഹങ്ങള്‍ ദലിത് രാഷ്ട്രീയത്തിനകത്തെ തിയറികളെയും അംബേദ്കറിസത്തെയും അപനിര്‍മ്മിച്ച് കൊണ്ടാണ് ഡിജിറ്റല്‍-വിഷ്വല്‍ യുഗത്തിലെ ബ്ലാക്ക് പൊളിറ്റിക്സിന്റെ ലോകത്തോട് സമ്പര്‍ക്കം സ്ഥാപിച്ച് വിവിധതരം രാഷ്ട്രീയരൂപങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. Gen Z ഒക്കെ അത്തരം പലതരം പൊട്ടിത്തെറികള്‍ തുടങ്ങിക്കഴിഞ്ഞു. ദലിത്/അംബേദ്കറൈറ്റ് രാഷ്ട്രീയത്തിലെ ക്ലാസിക്കല്‍ തിയറികള്‍ അപനിര്‍മ്മിച്ച് തുടങ്ങുന്നതാണ്.
ഉദാഹരണത്തിന്, 1980കളിലും 1990കളിലും ഉത്തരമലബാറില്‍ ജീവിച്ച കൗമാരങ്ങളും യുവത്വങ്ങളുമായ ഞങ്ങള്‍ക്ക് ഇവിടത്തെ പൊതുവായ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നു വിമുക്തമായ ഒരു രാഷ്ട്രീയജീവിതം ഇല്ല എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു. പക്ഷേ ആഗോളവല്‍ക്കരണത്തിന് ശേഷം ഹോളിവുഡ് സിനിമകളുടെയും മ്യൂസിക് വീഡിയോകളുടെയും, യമഹ ബൈക്കിന്റെയും, കില്ലര്‍ ജീന്‍സ് പോലുള്ള ആധുനികതയുടെയും ആഘോഷകരമായ ജീവിതാനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് വ്യവസ്ഥാപിതമായ ഉത്തരമലബാറിലെ ഇടതുപക്ഷചിന്തകളില്‍ നിന്നു വിഘടിച്ചതാണ്. അന്നു ഞങ്ങള്‍ അംബേദ്കറെ കേട്ടിട്ടേയില്ല എന്നതും സത്യമാണ്. അത്തരം ജീവിതാനുഭവങ്ങളെ ‘അരാഷ്ട്രീയ ജീവിതം’ എന്ന ലേബലിലാണ് ഇടതുപക്ഷം വായിച്ചെടുത്തത്. അത് മലയാളി ജീവിതത്തില്‍ നിന്നുള്ള വിഘടനമായതിനാലാണ് അങ്ങനെയായതെന്ന് പറയാം. എന്നാല്‍, ദലിത് ജീവിതങ്ങളുടെ ഉയര്‍ച്ച അത്തരം ജീവിതാനുഭവങ്ങള്‍ വഴിയും നടന്നതാണ് എന്നും വലിയൊരു രാഷ്ട്രീയസത്യമാണ്. ഇടതുപക്ഷത്തിലേക്ക് ചുരുക്കപ്പെട്ട ഓര്‍മ്മകളെ അത്തരം കീഴാളജീവിതങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
അതുപോലെതന്നെ, ഓര്‍മ്മകളെയും ചരിത്രങ്ങളെയും ജാതിവിവേചനം, ദാരിദ്ര്യം, അടിമത്തം, ദുരഭിമാനക്കൊല, മുത്തങ്ങ, വെടിവെപ്പ് തുടങ്ങിയ അനുഭവങ്ങളിലേക്ക് മാത്രം ചുരുക്കുമ്പോള്‍, അത്തരം ചരിത്രങ്ങള്‍ക്കപ്പുറം സബാല്‍ട്ടേണ്‍ ആദിവാസി ജീവിതങ്ങള്‍ക്ക് മറ്റു നിരവധി ഓര്‍മ്മകളും ചരിത്രങ്ങളും ഉണ്ടായിട്ടുണ്ടാകാം. ‘ഇതാണ് ചരിത്രം’, ‘ഇതാണ് ഓര്‍മ്മകള്‍’ എന്ന രീതിയില്‍ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും രാഷ്ട്രീയങ്ങളിലൂടെയും പൊതുബോധം ചിലരേയും അവരുടെ വികാരങ്ങളേയും ചുരുക്കുമ്പോള്‍, അതിന്റെ പുറത്താണ് പരന്നു കിടക്കുന്ന കേരളത്തിലും ഇന്ത്യയിലുമുള്ള അനേകം ആദിവാസി-ദലിത് ജീവിതങ്ങള്‍. അവ വേറൊരു പ്ലൈറ്റില്‍ നിലനില്‍ക്കുന്നതാണ്. അവര്‍ സ്വയം തൊഴിലാളി വര്‍ഗ രാഷ്ട്രീയ സമര ജീവിതങ്ങളെ അപനിര്‍മിച്ചുകൊണ്ട് മറ്റ് ജീവിതങ്ങളിലേക്ക് പറന്നിട്ടുമുണ്ട്. ആദിവാസി ഓര്‍മ്മകളെ സമരങ്ങളിലെ വെടിവെപ്പിലേക്കു മാത്രം ചുരുക്കുന്നതും മറ്റൊരു ചുരുക്കലിന്റെ രാഷ്ട്രീയം തന്നെയാണ്. നരിവേട്ട എന്ന സിനിമ മുത്തങ്ങ വെടിവെപ്പിലേക്കു മാത്രമാവുമ്പോള്‍, മുത്തങ്ങ സമരം ഒരു വെടിവെപ്പിന്റെ കണ്ണീരോര്‍മ്മ മാത്രമല്ല; ലോകസമരങ്ങളിലേക്ക് മാതൃകയായ ‘നില്‍പ്പ് സമരം’ പോലുള്ള മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിട്ടുള്ളതാണെന്നും ഓര്‍ക്കണം. അങ്ങനെ ഒരു പരിവര്‍ത്തനം കൂടെ നടന്നിട്ടുണ്ട്. ചിലരുടെ ഓര്‍മ്മകളെ, ചരിത്രങ്ങളേയും വികാരങ്ങളേയും സെന്റിമെന്റുകളേയും, ചില ഇടങ്ങളിലേക്കു മാത്രം ചുരുക്കുന്നതിനുള്ള സൂക്ഷ്മരാഷ്ട്രീയം നോക്കിയാല്‍ അതിന്റെ അപകടകരമായ ആശയഘടന മനസ്സിലാക്കാന്‍ കഴിയും. ആഘോഷങ്ങളും ആദിവാസികള്‍ക്കു രാഷ്ട്രീയമാണ് എന്നു ഇവര്‍ ഒക്കെ എന്നാണ് തിരിച്ചറിയുക?

ഇവിടെയാണ് ഇന്ത്യയ്ക്ക് പുറമേ, മുകളില്‍ പരാമര്‍ശിച്ച ബ്ലാക്ക് സിനിമകളും, മലയാളത്തില്‍ സംഭവിക്കുന്ന മുസ്ലിം സ്വത്വബോധത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന സിനിമകളും വ്യത്യസ്തമാകുന്നത്. രാഷ്ട്രീയ പ്രസംഗത്തിനുമപ്പുറം ബ്ലാക്ക്/മുസ്ലിം ജീവിതങ്ങളുടെ ആഘോഷമാണ് ഈ സിനിമകളുടെ ദൃശ്യത. അതിനുമപ്പുറം, സിനിമയുടെ റിയലിസ്റ്റിക് ഫീച്ചറുകളില്‍ നിന്ന് വ്യത്യസ്തമായി, അവര്‍ ഫിക്ഷണലൈസ് ചെയ്ത് ബ്ലാക്ക് ജീവിതത്തെ ആഘോഷിക്കുകയും ചെയ്യുന്നു. മലയാളത്തില്‍ തന്നെ ഉള്ള ‘ഛോട്ടാ മുംബൈ’, ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജ ഗജാന്തരം’, ‘രാജാവിന്റെ മകന്‍’ തുടങ്ങിയ സിനിമകള്‍ അത്തരം കീഴാളത്തകളുടെ ദൃശ്യതകളായത്തിന്റെ ചില ഉദാഹരണങ്ങള്‍ ആയിരുന്നു.
ഇന്ത്യന്‍ ആദിവാസി ജീവിതവും, പ്രത്യേകിച്ച് കേരളത്തില്‍, പുതിയ നൂറ്റാണ്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന രീതിയിലും രേഖപ്പെടുത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങളില്‍ നിന്ന് സിനിമാപ്രവര്‍ത്തകര്‍, ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, പൈലറ്റുമാര്‍, സംഗീതജ്ഞര്‍, കവികള്‍, പാട്ടുകാരന്‍മാര്‍, നടന്മാര്‍, പി.എച്ച്.ഡി. നേടിയവരും മറ്റ് പലതരം മേഖലകളിലെ വ്യക്തികളും പ്രതിനിധീകരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ തങ്ങളുടെ ജീവിതം ആഘോഷിക്കുകയും, സ്വന്തം ചരിത്രങ്ങള്‍ ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ, ചരിത്രത്തെക്കുറിച്ചുള്ള എസ്റ്റാബ്ലിഷ് ചെയ്ത ഓര്‍മ്മകള്‍ അവരുടെ ബാധ്യതകളായി സിനിമകളിലൂടെ മാറുന്നതാണ് കോമഡി. മുത്തങ്ങ പോലെയുള്ള സമരങ്ങള്‍ക്ക് ശേഷമുള്ള പലതരം വിഘടനങ്ങളിലൂടെ ഉള്ള മാറ്റങ്ങളും വിവിധ ആദിവാസി വിഭാഗങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാം. അവയും ഓര്‍മ്മകളാണ്. രാഷ്ട്രീയ സമരങ്ങള്‍, വെടിവെപ്പ്, അതിന്റെ ദാരുണത, രാഷ്ട്രീയ പ്രസംഗങ്ങള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ ചുരുങ്ങിയ രീതിയില്‍ അല്ലാതെ – കീഴാള സബാല്‍ട്ടേണ്‍ ആദിവാസി ജീവിതങ്ങളുടെ ഉയര്‍ച്ചയും, അവരുടെ പ്രണയവും, ലൈംഗികതയും, ആഘോഷങ്ങളും, നഗരവല്‍ക്കരണവും, യാത്രകളും, ട്രെക്കിങ്ങുകളും, വിമാനയാത്രകളും ഇതെല്ലാം കൂടി ഓര്‍മ്മകളും ചരിത്രവും ആകുന്ന സാഹചര്യം. ഇവയൊക്കെ അവരുടെ ‘മിലന്‍ കുന്ദര’ ഓര്‍മ്മകള്‍ ആയിരിക്കില്ലെ? ‘നരിവേട്ട’ എന്ന സിനിമ മറവികളില്‍ ഓര്‍മ്മകളുടെ പോരാട്ടം എന്ന മിലന്‍ കുന്ദേരയുടെ വാചകത്തിലൂടെ പഴയ പോരാട്ടങ്ങളെ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നതായി മീഡിയ പബ്ലിസിറ്റിയിലൂടെ മുന്നോട്ട് പോകുന്നു. പക്ഷേ, മുത്തങ്ങ സമരത്തിലെ വെടിവെപ്പിനും കൂട്ടക്കൊലകള്‍ക്കും അപ്പുറത്ത്, ആദിവാസികള്‍ക്ക് ആഘോഷപൂര്‍ണ്ണമായ ഓര്‍മ്മകളും ഉണ്ടല്ലോ? അതുപോലെ നരിവേട്ട സമൂഹത്തെയാണ് ആദിവാസികളെ വെടിവെച്ചു കൊല്ലുന്നതിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്? ‘നരിവേട്ട’ കണ്ടതിനു ശേഷം അട്ടപ്പാടിയില്‍ ആദിവാസിയെ കെട്ടിയിട്ട് തല്ലുന്ന ഒരു കേരളീയ സമൂഹത്തെയോ? മറവികള്‍ക്കു മുകളില്‍ ഓര്‍മ്മകള്‍ ഒരു രാഷ്ട്രീയം ആകുമ്പോള്‍ അത് സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഒരു വെടിവപ്പിന്റെ ഓര്‍മ്മ മാത്രമാണോ അതൊ അതിനപ്പുറം വിഘടിച്ചു നില്‍ക്കുന്ന അനേകം ഓര്‍മ്മകളോ?
No Comments yet!