Skip to main content

അന്യരുടെ ആകാശങ്ങൾ; സമയങ്ങളും!

സമയത്തിൻമേലുള്ള കൊത്തുവേലയാണ് സിനിമയെന്നത് താർക്കോവ്സ്കിയുടെ വിഖ്യാതമായ സങ്കല്പനമാണ്. ഫ്രെയിമിനുള്ളിലെ സമയത്തിൻ്റെ ആക്കം നിർണ്ണയിക്കുന്ന ഒരു സവിശേഷഘടകമായി അതിൻ്റെ താളത്തെ അദ്ദേഹം മനസ്സിലാക്കുന്നു. പതിഞ്ഞ താളത്തിലുള്ള ഒരു സിനിമ കാലത്തെ സാമാന്യമായ ലോകവ്യവഹാരത്തിലെ കാലവുമായി കൂടുതൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ലോങ് ഷോട്ടുകളുടെ ധർമ്മം ഒരർഥത്തിൽ ഇപ്രകാരം കാലപരമാണ്. എന്നാൽ അതിവേഗത്തിൽ ധാരാളം കട്ടുകളുള്ള ഒരു സിനിമ കാലത്തെ അട്ടിമറിക്കുകയോ അതിൻമേൽ മതിഭ്രമം സൃഷ്ടിക്കുകയോ ആണ്. യഥാർഥ കാലഗണനയുടെ എത്രയോ മടങ്ങ് വേഗത കൂട്ടിയും അത്രയും വേഗത കുറച്ചും ആ ചിത്രങ്ങൾ കാണിയുടെ കണ്ണും ചിന്തയും കെട്ടുന്നു. താളം പതിഞ്ഞതുകൊണ്ടുമാത്രം കാലത്തിൽ കലാപരമായ ഒരു ഇടപെടൽ സാധ്യമാണോ? അല്ല എന്നുതന്നെയാണ് ഉത്തരം. Iffk 2025 ലെ ഒരു മലയാളസിനിമ പതിഞ്ഞ താളമായിട്ടും ഫ്രെയിമിനുള്ളിലെയോ പുറത്തെയോ കാലത്തിൽ യാതൊരു കൊത്തുവേലയും ചെയ്യാതെ പോയതാണ് ഇത്രയും ആലോചിക്കാൻ പ്രേരിപ്പിച്ചത്.

IFFK - Official Website

ശ്രീകുമാർ സംവിധാനം ചെയ്ത അന്യരുടെ ആകാശങ്ങൾ (Stolen Skie) IFFK 2025 ലെ ഏറ്റവും മോശം കാഴ്ചാനുഭവമായി എന്ന് പറയാതെ വയ്യ. ഈ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചത് കടുത്ത തീരുമാനമായി എന്നും കൂട്ടിച്ചേർക്കട്ടെ. ഒരു സിനിമ എന്ന നിലയിൽ രൂപത്തിലോ ഭാവത്തിലോ രാഷ്ട്രീയത്തിലോ ദർശനത്തിലോ യാതൊന്നും സംഭാവന ചെയ്യാൻ കഴിയാത്ത ഒരു ചിത്രമായി അത് എപ്രകാരം രൂപപ്പെട്ടു എന്ന അത്ഭുതം ഇപ്പോഴും ഉള്ളിലുണ്ട്. പരമാവധി വലിച്ചു നീട്ടിയ, മടുപ്പിച്ച ഒരു കാഴ്ച എന്നല്ലാതെ മറ്റൊന്നും ആ ചിത്രത്തെക്കുറിച്ച് പറയാനാവില്ല.

ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയിൽ വരുന്ന ഒരാളെ കേന്ദ്രത്തിൽ നിർത്തിയാണ് ശ്രീകുമാർ കഥ പറയാൻ ശ്രമിക്കുന്നത്. പലവിധ ചൂഷണങ്ങൾക്ക് ആ വ്യക്തി വിധേയമാകുന്നു. ഒടുവിൽ ഒരു പെൺസുഹൃത്തിൻ്റെ സഹായത്തിൽ ധൈര്യം സംഭരിച്ച് സ്വാതന്ത്ര്യത്തിലേക്ക് എത്തുന്നിടത്ത് സിനിമ അവസാനിക്കുകയാണ്. ഇതിനിടയിലെ സംഭവവികാസങ്ങളെല്ലാം അതിൻ്റെ യഥാർഥ സമയത്തേക്കാൾ സമയമെടുത്ത് കാണിക്കുകയാണ് ശ്രീകുമാർ ചെയ്യുന്നത്. ദുർബലമായ തിരക്കഥയും പരിചരണരീതിയുംകൂടിയായപ്പോൾ സിനിമ പരമാവധിയിൽ പരാജയമായി. അഥവാ ഇങ്ങനെയൊരു കഥ പറഞ്ഞേ തീരൂ എന്നായിരുന്നുവെങ്കിൽ അതൊരു 10 മിനിറ്റിൽ നിർത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്രപാത്രത്തെ അവതരിപ്പിച്ച നടനടക്കം ചില നല്ല അഭിനേതാക്കൾ സിനിമയുടെ ഭാഗമായിരുന്നു എന്നത് വസ്തുതയാണ്. പക്ഷെ അവരെപ്പോലും വേണ്ടവിധം ഉപയോഗിക്കാൻ സംവിധായകൻ പരാജയപ്പെട്ടു എന്ന് പറയണം. സമയത്തിലേക്കും താളത്തിലേക്കും വരാം.

ഫ്രെയിമിനുള്ളിലെ പതിഞ്ഞ താളവും ലോങ് ഷോട്ടുകളും (പൂർണ്ണമായ അർഥത്തിലുള്ള ലോങ് ഷോട്ടുകളല്ല ചിത്രത്തിലുള്ളത്. അപ്രകാരം തോന്നിപ്പിക്കുന്നതും ഇടയ്ക്ക് കട്ടുകൾ ഉള്ളതുമാണ് അവ.) കാലത്തിന്മേൽ ഭാവത്തിലോ രൂപത്തിലോ നിന്നുകൊണ്ട് യാഥാർഥ്യബോധത്തോടെയോ കലാപരമായോ സ്പർശിക്കുന്നില്ല. ഭാവത്തിലെ ലിംഗവ്യത്യയവിഷയം എത്രമാത്രം ദൃശ്യപ്പെട്ടും സംസാരിച്ചും സിനിമയെടുത്തും കഴിഞ്ഞതാണ് എന്നതാണ് ഏറ്റവും കൗതുകമുള്ള കാലം. അതായത് കാലഹരണം എന്നത് ഭാവപരമായ പരിമിതിയാണ്. അതിനെ പുതുക്കാനുള്ള എന്തെങ്കിലും ഒരു ഘടകം പ്രമേയത്തിൽ വന്നിരുന്നെങ്കിൽ ഈ വ്യാഖ്യാനസാധ്യതയെ മറികടക്കാമായിരുന്നു. കൊല്ലപ്പെടുന്ന ലിംഗവ്യത്യയരുടെ വിഷയം കേന്ദ്രത്തിൽ നിർത്തിയിരുന്നെങ്കിൽ പുതുമയുള്ളതും രാഷ്ട്രീയമുള്ളതുമായ സിനിമയായി ചിത്രത്തെ മാറ്റാമായിരുന്നു എന്നതും വസ്തുതയാണ്. യഥാർഥ കാലത്തോട് നീതിയോ സംവാദശേഷിയോ ഇല്ലാതെപോയതുപോലെ ഫ്രെയിമിനുള്ളിലെ താളവും പരാജയപ്പെടുകയാണ് ചെയ്തത്. പലപ്പോഴും കട്ട് ചെയ്യാതെ നിർത്തുന്ന ഫ്രെയിമുകൾ, വലിച്ചു നീട്ടുന്ന നാടകീയമായ രംഗങ്ങൾ തുടങ്ങി ചിത്രത്തിനകത്തെ താളം ക്രിയാത്മകമല്ലാത്ത ലാഗിൻ്റെ പരകോടിയിലെത്തിച്ചു. അഥവാ ഇത്തരം വിഷയങ്ങൾ മുഷിഞ്ഞു കാണണം എന്നത് സംവിധായകൻ്റെ അബോധം സ്വീകരിച്ച തീരുമാനവുമാവാം. എങ്കിൽ എത്ര നിരുത്തരവാദപരമായ പ്രമേയസ്വീകരണമാണ് എന്നും നോക്കുക. അങ്ങനെയെങ്കിൽ കാലമോ സമൂഹമോ മാറുന്നതിനോട് പുറമേയ്ക്ക് ചേർന്ന് നില്ക്കുകയും അകമേ പുറംതിരിയുകയുമെന്ന ഭൂരിപക്ഷത്തിൻ്റെ പ്രതിലോമഭാവം ഈ സിനിമയും പങ്കുവെയ്ക്കുന്നുവെന്ന് പറയേണ്ടിവരും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ചിത്രം ഒരിടത്തുപോലും സിനിമാറ്റിക് ആയ ഒരു അനുഭവം നല്കിയില്ല എന്നതാണ്. എന്താണീ സിനിമാറ്റിക് അനുഭവം എന്ന് ചോദ്യമുയർന്നേക്കാം. മറ്റൊരു കലാരൂപത്തിനും തരാനാവാത്തതും സിനിമയ്ക്കുമാത്രം കഴിയുന്നതുമായ അനുഭവമെന്ന് ഒറ്റവാക്കിൽ മറുപടി പറയാനാവും. ദൃശ്യം, ശബ്ദം അഥവാ മൗനം എന്നിങ്ങനെ കൂടിച്ചേർന്നതും മറ്റൊരു രൂപത്തിൽ കൂട്ടിച്ചേർത്ത് പ്രയോഗിക്കാനാവാത്തതുമായ ഒരു അനുഭവത്തിൽനിന്ന് നിർമ്മിച്ചെടുക്കാവുന്ന വൈകാരികമോ വൈചാരികമോ ആയ മുഹൂർത്തമാണ് അത്. മുഹൂർത്തം എന്നതിനാൽ കാലവും എന്നർഥം. അങ്ങനെയൊരു സവിശേഷ സന്ദർഭമോ അനുഭവമോ ചിത്രത്തിന് ഒരിടത്തും നല്കാൻ കഴിയാതെ പോയി. അന്യരുടെ ആകാശങ്ങൾ എന്ന ടൈറ്റിൽതന്നെ എന്തൊരു അത്ഭുതകരമായതാണ്! ആരാണീ അന്യർ? ആ പ്രയോഗംതന്നെ മറ്റൊരു അബോധമാണ്. കൂടുതൽ എഴുതി എൻ്റെയോ വായനക്കാരുടെയോ സങ്കടം വർധിപ്പിക്കുന്നില്ല.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.