Skip to main content

സുരേഷ് നാരായണന്റെ രണ്ടു കവിതകള്‍

രാത്രിയെ നീ ഗ്ലാസിലേക്കു പകരുന്നു;
ശേഷം നിലാവൊഴിച്ച് നേര്‍പ്പിക്കുന്നു.

സ്പൂണെടുത്തടിച്ചുകൊണ്ട്
വാ ഒരുമിച്ച് കവിത എഴുതാമെന്ന്
അടയാളം തരുന്നു.

കവിത വിരിയുന്നു;
ഞാനതിനു തടമെടുക്കുന്നു.

നീയോ, വെള്ളമൊഴിക്കുന്നു.

ജോലി നിര്‍ത്തിവച്ചു നമ്മള്‍ കലഹിക്കുന്നു.

ഒന്നു നിര്‍ത്തുവോ എന്ന്
മുകളില്‍ നിന്നൊരലര്‍ച്ച കേള്‍ക്കുന്നു.

തുറിച്ചു നോക്കവേ
നമ്മുടെ മടിയിലേക്കത് ഫലങ്ങള്‍ കുടഞ്ഞിടുന്നു…
നമ്മുടെ കല്‍പ്പവൃക്ഷക്കുഞ്ഞ്!

എന്റെ മടിയില്‍ കിടന്നുകൊണ്ട്
‘ഉം…. ങ്ങടെ ചുണ്ടുകളെപ്പോലെ..’
എന്നു നീ അവയെ കടിച്ചു തിന്നാന്‍ തുടങ്ങുന്നു.

ആകെ ത്രസിച്ചു തുടങ്ങിയതും
രണ്ടു പക്ഷികാലുകള്‍
ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്നു .

കയ്യെത്തിപ്പിടിച്ച് നിന്നെയും കൊണ്ട് പറന്നുപോകുന്നു.

തരിച്ചുപോയ എന്നിലേക്ക്
നിന്റെ മടിയില്‍ നിന്നതാ
അനുസ്യൂത ഫലപ്രവാഹം!

*****

 

ഒരു കവിത പറന്നു വന്ന്
നിന്റെ കഴുമരത്തിന്മേലിരിക്കുന്നു

കുരുക്കില്‍
ആഞ്ഞാഞ്ഞു കൊത്തുന്നു.

കൊക്കു മുറിയുവോളം
ചോര തെറിക്കുവോളം
ഹൃദയം നിലക്കുവോളം

‘പറന്നുപോകൂ’ എന്നൊരു തൂവല്‍ മരണമൊഴിയായ്
കുടഞ്ഞിട്ടിട്ട്…

No Comments yet!

Your Email address will not be published.