Skip to main content

റോന്ത് : തൊണ്ണൂറുകളിലേക്ക് റീ-റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമ

കുറച്ച് ദിവസം മുമ്പ് ഒരു നാലു വയസ്സുള്ള കൊച്ചു പെണ്‍കുട്ടിയുമായി അവിചാരിതമായി കൂട്ട് കൂടേണ്ടി വന്നു. എന്നെയും അവളെയും രണ്ടോ മൂന്നോ ദിവസം സൗഹൃദത്തില്‍ ആക്കിയത് എന്റെ ലാപ്‌ടോപ്പായിരുന്നു. അവള്‍ കാണുന്ന കാര്‍ട്ടൂണ്‍ എന്റെ ലാപ്‌ടോപ്പില്‍ കാണാന്‍ പറ്റും എന്ന ഒരു കാര്യമാത്രമാണ് അവള്‍ എന്നോട് സൗഹൃദം കാണിക്കാനുള്ള ഒരേ ഒരു കാരണം. വേറെ ഒരു ആകര്‍ഷണവും എനിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. ഞാന്‍ ഇവിടെ ആലോചിച്ചത്, ഞങ്ങളെ ബന്ധിപ്പിക്കുന്നതില്‍ ഒരു മെക്കാനിക്കല്‍ ടൂള്‍ ഞങ്ങളുടെ ഇമോഷണല്‍ അടുപ്പത്തിലും സ്വാധീനിച്ചു എന്നതാണ്.

കുടുംബം, സ്‌നേഹം, ഇമോഷന്‍, ബന്ധങ്ങള്‍ എന്നിവ രൂപപ്പെടുന്നതില്‍ ഓരോ കാലത്തെയും മെക്കാനിക്കല്‍ ആയ ടെക്‌നോളജിയും അതിന്റേതായ ഒരു റോളുകള്‍ കൈവഹിക്കുന്നുണ്ട് എന്നു തോന്നുന്നു. റോന്ത് എന്ന സിനിമ നോക്കുക. റോന്തു ചുറ്റുന്ന ആ പൊലീസുകാരനായ റോഷന്റെ ഡ്രൈവറുടെ കുട്ടിയുമായുള്ള ഇമോഷന്‍ വികാസത്തില്‍ മൊബൈല്‍ ഫോണ്‍ വലിയ ഒരു പങ്ക് വഹിക്കുന്നു. കുട്ടിയുടെ രോഗത്തിന്റെ ഓരോ വിവരങ്ങളും അപ്പോഴപ്പോഴുള്ള അപ്ഡേറ്റിങ്ങിലൂടെ ആണ് അയാള്‍ അറിയുന്നത്. അയാളുടെ ഇമോഷന്‍സ് ആ സിനിമ രൂപപ്പെടുത്തുന്നതും അത്തരത്തിലുള്ള അപ്ഡേറ്റുകളിലൂടെ ആണ്. മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ അയാള്‍ക്ക് ഒരുവേള ആ കുട്ടിയുടെ അസുഖം അറിയാന്‍ വൈകിയേനേ. അയാളുടെ ഇമോഷന്‍സ് രൂപപ്പെടുന്നതിന് ആ സിനിമ വേറെ വഴികള്‍ ആലോചിക്കേണ്ടി വന്നേനെ. അതുപോലെ തന്നെ രോഗം, ഡിപ്രഷന്‍, അമ്മയുടെ അസുഖങ്ങള്‍ തുടങ്ങിയ പല അവസ്ഥകളിലൂടെ ആണ് ഈ സിനിമ രൂപപ്പെടുത്തുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ഇമോഷനുകള്‍ രൂപപ്പെടുന്നത്. യോഹന്നാന്റെ ഭാര്യക്ക് മാങ്ങ കൊടുക്കുന്നതിലും ആ ഡ്രൈവറുടെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുന്നതിലും പോലീസ് ജീപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ യാന്ത്രിക ടൂളുകള്‍ വലിയ ഘടകങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത്തരം ടൂളുകളിലൂടെ ആണ് ഈ മനുഷ്യര്‍ വികാസം നേടുന്നതും അവരുടെ വര്‍ത്തമാനകാല ജീവിതാവസ്ഥകള്‍ രൂപപ്പെടുന്നതും.

ഇത് പോലെ തന്നെ പല തരത്തിലുള്ള ടൂളുകളിലൂടെയും സാങ്കേതികതകളിലൂടെയും വിദ്യാഭ്യാസങ്ങളിലൂടെയും ഡിജിറ്റല്‍ എക്സ്പോഷറുകളിലൂടെയും കേരളത്തിലെ കീഴാള, ദലിത്, പിന്നോക്ക മുസ്ലിം സമുദായങ്ങള്‍ അവരവരുടേതായ രീതിയില്‍ പല തരത്തിലുള്ള വികാസങ്ങളിലൂടെ മുന്നോട്ട് പോയിട്ടുണ്ട്. അവരെക്കുറിച്ചുണ്ടാകുന്ന സിനിമകളെക്കുറിച്ചുള്ള അപര വായനകളും പല തരത്തിലുള്ള വായനകളും രൂപപ്പെട്ടിട്ടുണ്ട്. അത്തരം വായനകള്‍ സിനിമകള്‍ സൃഷ്ടിക്കുന്ന ഈസ്‌ത്തേറ്റിക്‌സിന് തന്നെ പല തരത്തിലുള്ള മാറ്റങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പല പഴയ ആര്‍കൈട്ടൈപ്പുകളെ പൊളിച്ചും മാറ്റിച്ചും പോയിട്ടുണ്ട്. ദലിത് പ്രതിരോധ അംബേഡ്കറൈറ്റ് സിനിമകള്‍ അടക്കം ഉടച്ചു വാര്‍ക്കപ്പെട്ട് പുതിയ ആഘോഷങ്ങളുടെയും ഈസ്‌ത്തേറ്റിക്‌സുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മുസ്ലിം റാപ്പ്, വേടന്റെ റാപ്പ്, മഞ്ഞുമ്മല്‍ ബോയ്‌സിലെ പൊളി പിള്ളേര്‍ തുടങ്ങിയവ ഇത്തരത്തില്‍ രൂപപ്പെട്ട പുതിയ സിനിമാറ്റിക് ഈസ്‌ത്തേറ്റിക്‌സുകളുടെ ഉദാഹരണങ്ങളാണ്.

എന്നെ സംബന്ധിച്ചിടത്തോളം, പൊയ്കയില്‍ അപ്പച്ചന്‍ എന്ന ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിനെ, നവോത്ഥാന ഫിഗറിനെ ഞാന്‍ ആഴത്തില്‍ അറിയുന്നത് കുമാരദാസ് എന്ന റോന്ത് എന്ന സിനിമയില്‍ അഭിനയിച്ച നടനെ മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പിന് വേണ്ടി അഭിമുഖം ചെയ്യുമ്പോഴാണ്. കുമാരദാസ് എന്ന നടനെ പരിചയപ്പെടുന്നത് പുതിയ ഒരു ഡിജിറ്റല്‍ ടൂള്‍ ആയ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ ആണ്. ഞാനും അദ്ദേഹവും തമ്മിലുള്ള സൗഹൃദം ഏകദേശം പതിനഞ്ച് വര്‍ഷമായി മുന്നോട്ട് പോകുന്നത് മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ്. ഇതിന്റെ ഇടയില്‍ ഒന്നോ രണ്ടോ തവണ (ഈ പതിനഞ്ചു വര്‍ഷങ്ങളില്‍) മാത്രമേ ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുള്ളൂ. കുമാരദാസ് റോന്ത് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ ഏകദേശം മുപ്പത് വര്‍ഷത്തെ യാത്രയുടെ അവസാനം ആണെന്ന് അദ്ദേഹം പറയുന്നു. എന്റെ ഒരു തോന്നല്‍ – അത്തരം ഒരു വികാസത്തിലേക്ക്, വളര്‍ച്ചയിലേക്ക് അദ്ദേഹത്തെ നയിച്ചതില്‍ സോഷ്യല്‍ മീഡിയ ടൂളുകള്‍, മൊബൈല്‍ ഫോണുകള്‍, കേരളത്തിന് പുറത്ത് നടത്തിയ പഠനങ്ങള്‍, വിദേശങ്ങളില്‍ അദ്ദേഹം നടത്തിയ പെര്‍ഫോമന്‍സുകള്‍ ഒക്കെ പ്രധാന ഘടകങ്ങളാണ്.

അദ്ദേഹം മലയാളത്തിന് പുറമെ ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ നടി വിദ്യാ ബാലനൊപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നടനായി വളര്‍ന്നു. മലയാളത്തിലും തന്റെ മാതൃഭാഷയല്ലാത്ത ഹിന്ദിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുമാരദാസ് എന്ന ഒരാളുടെ ജീവിതയാത്ര പുതിയ കാലത്തെ ദലിത് യുവത്വങ്ങള്‍ പുതിയ ഡിജിറ്റല്‍ ടൂളുകള്‍, സിനിമ എന്ന ടെക്‌നിക്കല്‍ ആര്‍ട്ട്, സാമൂഹിക മാധ്യമങ്ങള്‍, രാജ്യാതിര്‍ത്തി വിട്ടുള്ള യാത്രകള്‍ എന്നിവയുടെ ഭാഗമായി നേടിയെടുത്ത ഒരു വിജയമാണ്.

കുമാരദാസിന് ശേഷമുള്ള ദലിത് സമൂഹങ്ങള്‍ അതിനുമപ്പുറം യാത്രകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈയിടെ എന്നോട് എന്റെ ഒരു സുഹൃത്ത് തന്റെ ഒമ്പത് വയസ്സുള്ള മകള്‍ കേള്‍ക്കുന്ന കൊറിയന്‍ ഹിപ് ഹോപിനെ കുറിച്ചും, അവള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന കറുത്ത വര്‍ണ്ണക്കാരിയായ അമേരിക്കന്‍ സ്പ്രിന്ററിന്റെ വിജയത്തെ കുറിച്ചുള്ള അവളുടെ വര്‍ത്തമാനങ്ങളെ കുറിച്ചുമാണ് പറഞ്ഞത്. അതായത്, പുതിയ തലമുറയിലെ കീഴാളരായ ദലിതരുടെയും മറ്റു അപരരുടെയും ഈസ്‌ത്തേറ്റിക്‌സ്, കാഴ്ചകള്‍, ജീവിതങ്ങള്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കേരള സമൂഹത്തില്‍ സംഭവിച്ചിരിക്കുകയാണ്. അവര്‍ പ്രതീക്ഷിക്കുന്ന സിനിമയിലെ ഈസ്‌ത്തേറ്റിക്‌സും അവരുടെ കാഴ്ചകളുടെ രീതികളും മാറിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആണ് കെവിന്‍ – നീനൂ ഹോണര്‍ കില്ലിങ്ങിന് ശേഷം ഉണ്ടായ പലതരം ഇടപെടലുകളിലൂടെ പുതിയ കീഴാളരായ ചെറുപ്പക്കാരക്ക് ദുരഭിമാന കൊലകളെ കുറിച്ചും അത്തരം ബന്ധങ്ങളെ കുറിച്ചുള്ള ധാരണകളും പുതിയ കാഴ്ചപ്പാടുകളും ഉണ്ടായിട്ടുണ്ട്. സ്റ്റേക്കേഷന്‍, സീറ്റുവേഷന്‍ ഷിപ്പ്, ഫ്രെണ്ട്ഷിപ്പ് തുടങ്ങിയ പലതരം ആണ്‍ പെണ്‍ ഇടങ്ങളിലേക്കും ദലിത് സമൂഹ്യങ്ങളിലെ അപ്പര്‍ മിഡില്‍ ക്ലാസിലുള്ളവര്‍ എങ്കിലും പരിണാമപ്പെട്ടിട്ടുണ്ട്. വിദേശ സരവകലാശാലകളില്‍ പോയി പഠിക്കുന്ന/യാത്ര ചെയ്യുന്ന ദലിത് കീഴാള മുസ്ലീം സി ജെനറേഷന്‍ ഒക്കെ അത്തരം മാറ്റങ്ങള്‍ ചെറിയ രീതിയിലെങ്കിലും അവിടെ ഇവിടെ ഉണ്ടായിട്ടുണ്ട്. മുസ്ലീം വനിതകളുടെ സ്ത്രീകളുടെ ഭാര്യമാരുടെ സമുദായം മറ്റാരെയും പോലെ മൊബൈല്‍ ഫോണുകളുടെ ഐ പാഡുകളുടെ ലാപ് ടോപ്പ് ഉപയോഗങ്ങളുടെ പുതിയ കാലത്ത് അവര്‍ അതിനെ അവരുടേതായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ കുടുംബത്തിലെ ഇമോഷന്‍സ്, രോഗങ്ങള്‍, മരണങ്ങള്‍, ബന്ധങ്ങള്‍, പ്രണയങ്ങള്‍, ലൈംഗീകതകള്‍, മതം, വിശ്വാസം എന്നിവയില്‍ അടക്കം പലതരം എക്‌സ്‌പോഷറുകളിലൂടെ അവയിലുള്ള വികാരങ്ങളും ജീവിതവും ആത്മീയതയും ഒക്കെ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്ന ആല്‍ഫ തലമുറ രൂപപ്പെടുകയും അത്തരം തലമുറകളെ സ്വീകരിക്കുന്ന അവരോടു കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന എക്‌സ്‌പോഷറുകള്‍ ഉള്ള പലവിധ മനുഷ്യരും ഡിജിറ്റല്‍ ടൂളുകളുടെ കാലത്ത് രൂപപ്പെടുന്നുണ്ട്. അവിടെ സിനിമ അടക്കമുള്ള കലകള്‍ക്ക് പുതിയതായ സട്ടില്‍ ആയ പല തരം എമോഷന്‍സും ആശയ വിനിമയങ്ങളും രൂപപ്പെടുന്നുണ്ട് എന്ന് തൊന്നുന്നു.

ഒരു കാലത്ത് ഫോറിന്‍ സിനിമകളില്‍ വെള്ളക്കാരുടേത് മാത്രം, ഇന്ത്യന്‍ സിനിമയില്‍ സവര്‍ണരുടേത് മാത്രം എന്ന രീതിയില്‍ ആഘോഷിക്കപ്പെട്ട പ്രണയം, ലൈംഗികത, ആഘോഷങ്ങള്‍, ചതി, ഉയര്‍ച്ച, യാത്രകള്‍ തുടങ്ങിയ പല ജീവിതാവസ്ഥകളും ബ്ലാക്ക് ദലിത് ജീവിതങ്ങളിലേക്കും സിനിമകളില്‍ പിന്നീട് പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഹോളിവുഡിലെ വില്‍ സ്മിത്ത് സിനിമകള്‍ (മറ്റ് സിനിമകള്‍), ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍, ആഫ്രിക്കന്‍ സിനിമകളില്‍ എല്ലാം ബ്ലാക്ക് മനുഷ്യരുടെ രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്ക് അപ്പുറം അവരുടെ ലൈംഗികത, ആഘോഷങ്ങള്‍, പ്രണയങ്ങള്‍, സൗഹൃദങ്ങള്‍, യാത്രകള്‍ തുടങ്ങിയവ വിഷയമാകുകയും അവരുടെ ഹീറോഷിപ്പ് ആഘോഷിക്കുന്ന സിനിമകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ദലിത് സിനിമകളില്‍, തമിഴ്‌നാട്ടില്‍ രൂപപ്പെട്ട അംബേദ്കറൈറ്റ് പ്രതിരോധ സിനിമകള്‍ക്കു അപ്പുറം കീഴാളരായ മനുഷ്യരുടെ ആഘോഷങ്ങള്‍, യാത്രകള്‍, സര്‍വൈവലുകള്‍, ഹീറോഷിപ്പ്, സൗഹൃദങ്ങള്‍ തുടങ്ങിയവ ആഘോഷിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള മലയാള സിനിമകള്‍ ഗംഭീര സാമ്പത്തിക വിജയമാകുന്ന കാലത്ത്, അത്തരം കീഴാളരുടെ ആഘോഷങ്ങളുടെ ഒരു ഈസ്‌ത്തേറ്റിക്‌സ് സിനിമയില്‍ രൂപപ്പെടുന്നുണ്ട്. അതിനൊപ്പം വേറെ ഒരു തരം സിനിമയും രൂപപ്പെടുന്നുണ്ട്. അത്തരം ഒരു കാലത്ത്, കള്ള് കുടിച്ച് കുട്ടിയെ തല്ലുന്ന കീഴാള തന്തയെയും, മൊബൈല്‍ ഫോണില്‍ മറ്റൊരാളെ വിളിക്കാന്‍ പോലും അനുവദിക്കാത്ത മുസ്ലിം ഭര്‍ത്താവിനെയും, അടി വാങ്ങി പെരുക്കുന്ന ദലിത് യുവാവിനെയും റോന്ത് എന്ന സിനിമയില്‍ കാണുമ്പോള്‍, ”അയ്യേ, ഇവര്‍ ഈ മലയാള സിനിമാക്കാര്‍ പഴയ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയിട്ടില്ലേ?” എന്നൊരു അവിഞ്ഞ ഫീല്‍ ഉണ്ടാക്കുന്നു.

അത് പോലെ തന്നെയാണ് പോപ്പുലര്‍ കള്‍ച്ചറിലെ റോന്ത് എന്ന സിനിമ ടിപ്പിക്കല്‍ ആയി പഴയ കുടുംബബന്ധങ്ങളിലെ അമ്മ, ഭാര്യ, കൊഴന്ത, പാസം പോലുള്ള പഴയ പരിപാടികളുമായി വരുന്നത്. പൊലീസുകാരുടെ കുടുംബവുമായി ബന്ധപ്പെട്ട കാരച്ചിലോക്കെ എത്ര കണ്ടതാണ്. ഷാഹി കബീര്‍ തന്നെ എഴുതിയ നായാട്ട് എന്ന സിനിമയിലും ഇത് പോലെ ഉള്ള സംഘര്‍ഷങ്ങള്‍ കുടുംബ ബന്ധങ്ങള്‍ എന്നിവ ചേര്‍ത്തുവെച്ചിരുന്നു. പോലീസ് സേനയിലെ ജാതി വംശീയത ഒന്നും ആ സിനിമ ചര്‍ച്ച ചെയ്തില്ലെങ്കിലും ഒരു ദളിതനായ പൊലീസുകാരനായ ജോജൂവിന്റെ കദാപാത്രത്തിന്റെ ഇമോഷണിലൂടെ സഞ്ചരിക്കുമ്പോള്‍ സ്വത്വപരമായ ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. മതിലില്‍ തുപ്പിയത് തുടക്കാന്‍ ഒരു പട്ടിക ജാതിക്കാരനായ ഒരു യുവാവിനോട് പറയുമ്പോള്‍ ആ പോലീസുകാരനെ ആ ദലിത് യുവാവ് നോക്കുന്ന ദാര്‍ഷ്ട്യത്തിന്റെ നോട്ടം ഒരു ഒന്നൊന്നര പൊളി ആയിരുന്നു. പക്ഷേ, റോന്ത് എന്ന സിനിമയിലേക്ക് എത്തുമ്പോള്‍ വീണ്ടും അത്തരം സ്വത്വപരമായ വ്യത്യാസങ്ങളൊക്കെ നഷ്ടപ്പെട്ടു പോലീസുകാരന്റെ കരച്ചില്‍ ആയി മാരുമ്പോഴാണ് ഈ സിനിമ കട്ട ബോറായിട്ട് അവസാനിക്കുന്നത്. പട്ടികജാതിക്കാരൊക്കെ കല്ല് കുടിച്ചു കുട്ടികളെ തല്ലുന്ന പരിപാടി ഏറെ കുറെ മാറി, സാറേ. അത് മാത്രമല്ല, ആ പട്ടികജാതിക്കാരനെ സ്വന്തം കുട്ടിയെ നഷ്ടപ്പെട്ട സവര്‍ണ്ണ ക്രിസ്ത്യാനി ആയ പോലീസുകാരന് കുട്ടിയോടുള്ള സ്‌നേഹം കാരണം തന്തയെ തല്ലി, പിന്നെ ആശ്വസിപ്പിക്കുന്ന പട്ടി ഷോ കാണിക്കുന്നതൊക്കെ എന്തൊരു വെറുപ്പിക്കലാണ്.

ഇന്ത്യയില്‍ പോലീസിങ് സിസ്റ്റം അതീവ വംശീയത നിറഞ്ഞതും സാധാരണക്കാരനു എതിരായതും ആര്‍.എസ്.എസ്. വല്‍ക്കരിക്കപ്പെട്ടതുമായ ഒരു കാലത്ത്, അതൊക്കെ അറിയുന്ന ഒരു പോപ്പുലര്‍ കള്‍ച്ചറിന് മുന്നിലേക്കാള്‍ പോലീസുകാര്‍ മനുഷ്യരാണ്, അവരുടെ കഷ്ടപ്പാടുകളോടെ ഭയങ്കരമാണ് എന്ന ചപ്പടാച്ചി ഇറക്കി റോന്ത് എന്ന സിനിമ വരുന്നത്. അത് പോലെ ഏറ്റവും കൂടുതല്‍ ജാതി വംശീയത നില നില്‍ക്കുന്ന ഒരു ഏജന്‍സി കൂടെ ആണ് പോലീസ്. റോന്തു എന്ന സിനിമ ഇത്തരം കാര്യങ്ങള്‍ ഒന്നും അഡ്രസ് ചെയ്യണം എന്ന് ഒരു തീട്ടൂരവുമില്ല. പക്ഷേ സീറാജുണീസ എന്ന മുസ്ലീം പെണ്‍ കുട്ടിയെ വെടി വെച്ചു കൊന്ന വിനായകന്‍ എന്ന ചെറുപ്പക്കാരനെ ലോകകപ്പില്‍ കൊന്ന, ഗോകുല്‍ എന്ന ആദിവാസി യുവാവിന് ലോകകപ്പില്‍ മരിക്കേണ്ടി വന്ന/കൊല്ലുകയോ? ആര്‍.എസ്.എസ് വല്‍ക്കരിക്കപ്പെട്ട് എന്നു പൊതു ബോധം ചിന്തിക്കുന്ന, ബിന്ദു എന്ന ദലിത് യുവതിയെ വെള്ളം പോലും കൊടുക്കാതെ ഒരു രാത്രി പോലീസ് സ്റ്റേഷനില്‍ ഇരുത്തി കള്ളി ആക്കിയ, ഏറ്റവും അവസാനം ഒരു സ്ത്രീയ കാരണത്തടിക്കുന്ന പോലീസിന്റെ വീഡിയോ പ്രചരിക്കുന്ന ഒരു പുതിയ സമൂഹം പൊലീസിനെ കുറിച്ച് രൂപപ്പെടുത്തുന്ന സിനിമാറ്റിക് സൗന്ദര്യ ശാസ്ത്രം എന്തായിരിക്കും?

അതിനു പലതരത്തിലുള്ള വകഭേദങ്ങള്‍ ഉണ്ടായിരിക്കും. ഒരിക്കല്‍ ഒരു പോലീസ് സ്റ്റേഷനില്‍ ഒരു സമരം വിളിച്ച കേസും ആയി ഏകദേശം ആറ് മണിക്കൂര്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ അവിടെ ഉള്ള പോലീസ് കാര്‍ ഞങ്ങളോടു പറഞ്ഞത് ‘നിങ്ങള്‍ രാമായണം വായിച്ചു നന്നാകൂ’ എന്നായിരുന്നു. അത്തരം അനുഭവങ്ങള്‍ ഉള്ള ഈ ലേഖകനൊക്കെ വ്യക്തിപരമായി പോലീസ് എന്നു പറഞ്ഞാല്‍ അവരുടെ സംഘര്‍ഷം എന്നു പറഞ്ഞാല്‍ കോമഡി ആയി മാത്രമേ തോന്നുകയുള്ളൂ. അങ്ങനെ ഉള്ള എനിക്കെങ്കിലും ഈ പൊലീസിങ്ങിനെ വെള്ള പൂശുന്ന പരിപാടി കാണുമ്പോള്‍ ചിരിക്കാതെ എന്താണ് തോന്നുക. കാരണം മനുഷ്യര്‍ പുതിയ ഇമോഷനുകളിലേക്കും സിനിമാറ്റിക് ഈസ്‌ത്തെറ്റിക്‌സിലേക്കും കാണികള്‍ എന്ന രീതിയില്‍ വളരുമ്പോള്‍ ഇത്തരം പോലീസ് കാരച്ചിലുകള്‍ മുറ്റു കോമഡി ആയിട്ടല്ലാതേ എന്താണ് തോന്നുക. അത് പോലെ പോലീസുകാരന്‍ കുടുംബവുമായി ചേര്‍ത്തു വച്ചുള്ള കരച്ചില്‍ ഒക്കെ ഇങ്ങനെ ആവര്‍ത്തന വിരസമാകുമ്പോള്‍ എന്തു ആരോചകമാണ്. സിനിമാറ്റിക് ഇമോഷന്‍സ് മനുഷ്യരുടെ ഇമോഷന്‍ കോഷ്യന്‍സ് ഒക്കെ മാറിയ കാലത്താണ് ഇമ്മാതിരി പോലീസ് സെന്റിമെന്റ്‌സും ആയി പുതിയ കാണികളുടെ മൂന്നിലെത്തുന്നത്. സിനിമ കണ്ടു കഴിഞ്ഞ് എനിക്ക് വ്യക്തിപരമായി ഈ പടം തൊണ്ണൂറിലെ ഏതോ കുടുംബപടം റീ-റിലീസ് ആക്കിയതാണോ എന്നു തോന്നി. അതോ ഇന്നത്തെ സിനിമ തൊണ്ണൂറുകളിലേക്ക് റീ-റിലീസ് ചെയ്തതോ? ഏതായാലും ഇപ്പോ റീ-റിലീസിങിന്റെ കാലം ആണല്ലോ!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.