Skip to main content

നിറക്കൂട്ട് – പരസ്യ വ്യവസായവും സദാചാര സംഘര്‍ഷങ്ങളും

എണ്‍പതുകളിലാണ് പരസ്യകലയുടെ വ്യവസായം കേരളത്തില്‍ അതിന്റെ പ്രാരംഭ ദശകളിലെ വികസനം തുടങ്ങിവെക്കുന്നത്. എണ്‍പതുകളില്‍ തന്നെ ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ വലിയ രീതിയില്‍ വികാസം പ്രാപിക്കുകയും ചെയ്യുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ ഇന്ത്യ ക്രിക്കറ്റില്‍ റിലയന്‍സ് വേള്‍ഡ് കപ്പ് നേടുന്നതോടുകൂടി ടെലിവിഷന്‍ എന്ന മാധ്യമവും കുതിച്ചുചാടുകയായിരുന്നു. 1987ലെ വേള്‍ഡ് കപ്പിനൊപ്പം ‘റിലയന്‍സ് വേള്‍ഡ് കപ്പ്’ എന്നൊരു പേരും വ്യാപകമായി പ്രചരിച്ചു. ഇന്ദിരാഗാന്ധിയുടെ മരണം – അതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ കാണാന്‍ ടെലിവിഷന്റെ മുന്നില്‍ ജനങ്ങള്‍ കൂട്ടം ചേര്‍ന്നു. അതുപോലെ രാമായണം എന്ന പരമ്പര വന്നതോടൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ദൂരദര്‍ശനില്‍, പരസ്യങ്ങളുടെ ചാകര തന്നെ ഉണ്ടായി. നിര്‍മ, പാര്‍ലെ-ജി എന്നീ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു തരത്തില്‍ ഇമേജറി സൃഷ്ടിച്ചു. മഹാഭാരതം എന്ന സീരിയലോടൊപ്പം പരസ്യവ്യവസായത്തില്‍ വിപ്ലവകരമായ കുതിച്ചുചാടലും ഉണ്ടായി. ഗ്ലോബലൈസേഷനു ശേഷം പരസ്യവ്യവസായത്തിന്റെ വികസനം ഇന്ത്യന്‍ സമൂഹത്തെ തന്നെ വേറൊരു തരത്തില്‍ മാറ്റിമറിച്ചു.

പക്ഷെ പരസ്യം, സിനിമ തുടങ്ങിയ തൊഴില്‍ മേഖലകള്‍ ഗള്‍ഫ് പ്രവാസം, സര്‍ക്കാര്‍ ഉദ്യോഗം, അതുപോലെ കൂലിപ്പണി തുടങ്ങിയവ പോലെ വ്യാപകമായിരുന്നില്ല. അവയ്ക്ക് നമ്മുടെ സമൂഹത്തില്‍ ഒരു ദുരൂഹത/അപരത്തം നിലനിന്നിരുന്നു. ഈ പരസ്യങ്ങള്‍ ആരാണ് ചെയ്യുന്നത്? എന്താണ് ഡിസൈനിങ്, കോപ്പി റൈറ്റിങ്, ക്രിയേറ്റിവ് ഡയറക്ഷന്‍ തുടങ്ങിയവയെ കുറിച്ച് അടിസ്ഥാനപരമായ ധാരണപോലും സാധാരണ മനുഷ്യര്‍ക്ക് ഈ കാലത്ത് വലിയ രീതിയില്‍ ഉണ്ടായിരുന്നില്ല. അതായത്, ഈ തൊഴില്‍ മേഖലയെ കുറിച്ച് വലിയൊരു അറിവ് ഇല്ലെന്ന് അര്‍ഥം. അത് പോലെ ടെലിവിഷന്‍ പോലെ തന്നെ പ്രിന്റ് മേഖലയിലും പരസ്യങ്ങളുടെ വികാസങ്ങള്‍ ഈ കാലത്ത് ആരംഭിച്ചിരുന്നു. ആ കാലത്ത് വന്നിരുന്ന ചുരിദാറുകള്‍, സോപ്പുകള്‍ പോലുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. സിനിമ പരസ്യ മേഖലകളില്‍ ജോലി ചെയ്തിരുന്ന സംവിധായകരെയും മോഡലുകളെയും, നടിമാരെയും ഒരു തരത്തിലുള്ള സദാചാരത്തിന്റെ കണ്ണിലൂടെ ആയിരുന്നു മനുഷ്യര്‍ കണ്ടിരുന്നത്. സിനിമയില്‍ അഭിനയിക്കുന്ന നടിമാര്‍ ഒരു തരത്തില്‍ ‘പിഴകള്‍’ എന്ന രീതിയില്‍ പൊതു സമൂഹം പലപ്പോഴും വീക്ഷിച്ചിരുന്നു. സിനിമയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് കല്യാണം കഴിക്കാന്‍ ‘പെണ്ണ് കിട്ടാത്ത’ അവസ്ഥകളും ഉണ്ടായിരുന്നു.

പരസ്യങ്ങളും സവര്‍ണ്ണ സാമൂഹിക മൂലധനവും

ഇത്തരം ഒരു കാലഘട്ടത്തില്‍ പരസ്യ മേഖല എന്ന ഒരു പുതിയ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തി ആണ് നിറക്കൂട്ട് എന്ന സിനിമയുടെ പ്ലോട്ട് വികസിക്കുന്നത്. പരസ്യ മേഖല എന്ന തൊഴിലിടവും അതിനെ നോക്കിക്കാണുന്ന സദാചാരവും ഈ സിനിമയുടെ ഈസ്തറ്റിക് ആര്‍ക്കിനെ രൂപപ്പെടുത്തുന്നു എന്ന് വേണമെങ്കില്‍ പറയാം. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന രവി വര്‍മ്മ എന്ന കഥാപാത്രം ഒരു പരസ്യ കമ്പനി നടത്തുന്ന ആളാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ കൂടെ ആണ്. അയാളുടെ ജീവിതം ഭൂരിഭാഗവും പരസ്യവുമായി അതിന്റെ ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ടു കൂടെയാണ് രൂപപ്പെടുന്നത്. അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ശാരീരികമായ ബന്ധം ഉണ്ടായിരുന്നു. ഇത് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ രൂപപ്പെടുന്ന പുതിയ ഒരു തൊഴില്‍ മേഖലയെ കുറിച്ച് ‘നിറക്കൂട്ട്’ എന്ന സിനിമ അങ്ങനെ കൂടി നോക്കുന്നു. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ഇടങ്ങള്‍, അടുപ്പം, തുറവി എന്നിവയെ വ്യത്യസ്തപ്പെടുത്തുന്ന ഒരു പുതിയ തൊഴില്‍ മേഖലയായി പരസ്യ വ്യവസായം കേരള സമൂഹത്തിലേക്ക് കടന്നു വരുന്നത് ഈ സിനിമയില്‍ കാണുന്നു. ഒരേ സമയം ഈ തൊഴില്‍ മേഘല മനുഷ്യരെ ശാരീരികമായും സാമൂഹികമായും അടുപ്പിക്കുന്നതും വിഘടിപ്പിക്കുന്നതും ഈ മേഖലയിലെ മോഡലിങ് നഗ്‌നത പോലുള്ള വിഷയങ്ങളെ സദാചാര നോട്ടങ്ങളിലൂടെ കാണുകയും ചെയ്യുന്നു. ഈ തൊഴില് മേഘലയില്‍ ആണ്‍-പെണ്‍ ശരീരങ്ങളുടെ അടുപ്പം തുറന്നു കാട്ടല്‍, ബന്ധങ്ങളുടെ തുറവി എന്നിവ മറ്റു മേഖലകളുമായി താരതമ്യത്തില്‍ വളരെ വ്യത്യാസമുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളില്‍ രൂപപ്പെടുന്ന ലൈംഗീകതയുടെ രൂപ പരിണാമങ്ങള്‍ക്കും മറ്റു തൊഴില്‍ മേഖലകളുമായി വ്യത്യാസമുണ്ടാകും. അത്തരം ഒരു തൊഴില്‍ മേഖലയില്‍ ലൈംഗീകത ഉള്‍പ്പെടെ ആസ്വദിച്ച് ജീവിച്ച ഒരു പുരുഷന്‍ ആയി രവി വര്‍മ്മന്‍ രൂപപ്പെടുകയാണ്.

പരസ്യ വ്യവസായത്തിന്റെ സാമ്പത്തിക ശാസ്ത്രവും പഠന വിഷയമാകുന്ന രീതിയില്‍ ഈ സിനിമയിലെ പല ഇടത്തും പ്രകടമാവുകയും ചെയ്യുന്നുണ്ട്. പരസ്യ വ്യവസായത്തിന്റെ എന്‍പതുകളില്‍ രൂപപ്പെടുത്താനുള്ള സാമ്പത്തിക അടിത്തറ ഏതു സമൂഹങ്ങളില്‍ ഉണ്ടായിരുന്നു എന്നത് ഒരു ചോദ്യമാണ്. ഒരു പരസ്യ കമ്പനി രൂപപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അത് തുടങ്ങണമെങ്കില്‍, അതിനു സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകണം, പരസ്യങ്ങള്‍ രൂപപ്പെടുത്താനുള്ള ശേഷിയുള്ള കമ്പനികള്‍ ഉണ്ടായിരിക്കണം, അത് പ്രസിദ്ധീകരിക്കാനുള്ള മാധ്യമങ്ങള്‍ ഉണ്ടായിരിക്കണം, അതിനു പുറമെ ഇവരിലേക്ക് കമ്മ്യൂണിക്കേഷന്‍/നല്‍കല്‍-വാങ്ങലുകള്‍ സാധ്യമാകണം. പരസ്യ മേഖലകളില്‍ ജോലി ചെയ്യുന്ന ക്രിയേറ്റീവ് ഡയറക്ടേഴ്‌സ്, കോപ്പി റൈറ്റേഴ്‌സ്, മോഡലുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയ വിവിധ തൊഴിലാളികളെ ഒന്നിച്ച് കൊണ്ടുപോകാനുള്ള ഒരു കമ്മ്യൂണിക്കേഷന്‍ പാറ്റേണ്‍ രൂപപ്പെടുത്തണം. ആത്യന്തീകമായി ഈ മേഖല സജീവമാക്കാന്‍ കഴിയും വിധം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം വളരെ സങ്കീര്‍ണ്ണമായ പല പ്രോസസുകളും ഒരുമിച്ച് നടക്കാന്‍ കഴിയുന്ന ഒരു പരിപാടിയിലേക്ക് ഒരു മനുഷ്യന്‍ വളരണമെങ്കില്‍, അതിനായുള്ള സാമൂഹികമായ ഒരു സോഷ്യല്‍ ഫോര്‍മേഷന്‍ രൂപപ്പെടണം, സാമൂഹിക ബാക്ക് അപ് ഉണ്ടായിരിക്കണം. അത് കേരളത്തിലെ സവര്‍ണ്ണ സമൂഹങ്ങളില്‍ രൂപപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. പത്ര സ്ഥാപനങ്ങളും പരസ്യ സ്ഥാപനങ്ങളും എല്ലാ പ്രവര്‍ത്തനങ്ങളും സവര്‍ണ്ണ സമൂഹങ്ങളും അവരുടെ സാമൂഹിക പിന്തുണയുടെ ബലത്തിലൂടെ നടത്തിക്കൊണ്ടിരുന്നു. പിന്നീട് മുസ്ലീങ്ങളും ഈ മേഖലകളിലേക്ക് വളര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ പോലും, ദളിതര്‍ പരസ്യ മേഖലയിലെ തൊഴില്‍ മേഖലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, അതിന്റെ ഉടമസ്ഥതയിലേക്ക് ഒന്നും എത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം സവര്‍ണ്ണ ബാക്ക് അപും, സാമൂഹികവും സാമ്പത്തികവുമായ അധികാരവും നിലനിറുത്തുന്ന ഒരു പുരുഷ സ്വരൂപമായിട്ടാണ് മമ്മൂട്ടിയുടെ രവി വര്‍മനെ ഈ സിനിമയില്‍ പ്ലേസ് ചെയ്തിരുന്നത്. ”വര്മ്മ” എന്ന പേര് ഇത്തരം വ്യവസായങ്ങളുടെ നടത്തിപ്പ്, ഉടമസ്ഥത, കമ്മ്യൂണിക്കേഷന്‍, കോഓര്‍ഡിനേഷന്‍ എന്നിവയില്‍ ഒരു തുടക്കം കൂടിയായിരുന്നു ആ കാലഘട്ടത്തില്‍ അയാള്‍ ഉപയോഗിച്ചിട്ടുണ്ടാകാം.

മേഴ്‌സിയുടെ തൊഴില്‍ രൂപങ്ങള്‍

പരസ്യ മേഖലയില്‍ മോഡലിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള പൊതു സമൂഹത്തിന്റെ സദാചാര നോട്ടങ്ങള്‍ ഈ സിനിമയുടെ സൌന്ദര്യ ശാസ്ത്രത്തെയും രൂപപ്പെടുത്തുന്നുണ്ട്. മോഡലിങ്, കുടുംബം, വിവാഹം എന്നീ സ്ഥാപനങ്ങള്‍ ഈ സിനിമയില്‍ പലവിധത്തിലായ സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തുന്നു. ഒരു പത്രമോഫീസില്‍ ജോലി ചെയ്യുന്ന സ്ത്രീയായാണ് സുമലത അഭിനയിക്കുന്ന മേഴ്‌സി എന്ന കഥാപാത്രം രൂപപ്പെടുന്നത്. അവര്‍ ഒരു ക്ലബ്ബില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് രവി വര്‍മ്മന്‍ എന്ന മമ്മൂട്ടി മേഴ്‌സിയെ കാണുന്നത്. അയാള്‍ നൃത്തത്തെക്കാളും മേഴ്‌സിയുടെ ശരീരത്തെക്കുറിച്ചാണ് വര്‍ണ്ണിക്കുന്നത്. ഇത് മേഴ്‌സിക്ക് വലിയ സംഘര്‍ഷം സൃഷ്ടിക്കുകയും, അവര്‍ക്ക് അയാളെ ഇഷ്ടപ്പെടാത്തതിനുള്ള ഒരു കാരണവുമാകുന്നു. ശരീരത്തെ കുറിച്ച് സംസാരിക്കുന്നത് മേഴ്‌സിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഒരു പത്രമോഫീസില്‍ ജോലി ചെയ്യുന്ന മേഴ്‌സിക്ക് അത് മാന്യമായ ഒരു ജോലി കൂടിയാണ്. അത് സാമ്പത്തിക സുരക്ഷയും നല്‍കുന്നു. ഈ സിനിമയിലെ ഒരു സീനില്‍ (അതേ യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും ) ‘നീ ക്ലബ്ബില്‍ ഡാന്‍സ് ചെയ്തു അഴിഞ്ഞാടി നടക്കുന്നവള്‍ അല്ലേ?” എന്നിങ്ങനെ മമ്മൂട്ടിയുടെ രവി വര്‍മ്മന്‍ തന്നെ പറയുന്നതായി കാണുന്നു. എണ്‍പതുകളില്‍ രൂപപ്പെട്ട ക്ലബ് സംസ്‌കാരങ്ങള്‍ മലയാള കേരള സമൂഹം കണ്ട സദാചാര വീക്ഷണത്തില്‍ നിന്നു കൂടെ ആയിരിക്കാം ഈ സിനിമ രവി വര്‍മ്മനിലൂടെ ഈ ഡയലോഗ് പറയുന്നതും. അല്ലെങ്കില്‍ അത്തരം ഒരു നോട്ടം കേരളീയ സദാചാരത്തിന് ഇത്തരം ഡാന്‍സുകള്‍ക്കു നേരെ ഉണ്ടായിട്ടുണ്ടാകാം. പത്രം ഓഫീസിലെ തൊഴില്‍ മേഴ്‌സിക്ക് ഒരു തൊഴില്‍ ആകുമ്പോള്‍ ക്ലബ്ബിലെ ഡാന്‍സ് ഒരു അധിക വരുമാനം ഉണ്ടാക്കാനുള്ള ഒരു ഉപാധി ആണ്. അല്ലാതെ അത് അവരുടെ ആദ്യത്തെ ചോയിസ് അല്ല. അതുപോലെ, ഒരു പത്രമോഫീസിലെ തൊഴില്‍, ക്ലബ് ഡാന്‍സര്‍, ദാരിദ്ര്യം, വിവാഹം, കുടുംബം തുടങ്ങിയ പല രൂപങ്ങളിലുള്ള സംഘര്‍ഷങ്ങളില്‍ കൂടെയാണ് സുമലതയുടെ മേഴ്‌സി എന്ന കഥാപാത്രം ഈ സിനിമയില്‍ സഞ്ചരിക്കുന്നത്.

മേഴ്‌സിയുടെ ദാരിദ്ര്യം അവരെ പരസ്യ മേഖലയില്‍ മോഡല്‍ എന്ന രീതിയിലുള്ള ഒരു തൊഴില്‍ മേഖലയിലേക്ക് എത്തിക്കുന്നത്. അല്ലാതെ അതൊരു സ്വയം തിരഞ്ഞെടുപ്പ് അല്ല, അല്ലെങ്കില്‍ ആഹ്ലാദകരമായ ഒരു ചോയിസ് പോലും അല്ല. മോഡലിങ്ങിലെ അല്പ വസ്ത്രം, നഗ്‌നത, തുടങ്ങിയവ അവരെ എപ്പോഴും സംഘര്‍ശപ്പെടുത്തുന്നുമുണ്ട്. രവി വര്‍മ്മന്റെ അധികാരം ഉപയോഗിച്ച് അവരുടെ പത്രമോഫീസിലെ ജോലി അയാള്‍ കളയിക്കുകയാണ്. ഗത്യന്തരമില്ലാതെ, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് വേണ്ടി സുമലത് പരസ്യ മോഡല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഒരു പക്ഷേ സീമയെ പോലെ തന്നെ, മലയാള സിനിമയില്‍ കുടുംബിനിയായും ലൈംഗികതയുടെ രൂപകങ്ങളായും, വ്യത്യസ്ത വേഷങ്ങളില്‍ മാറുന്ന കഥാപാത്രങ്ങള്‍ അഭിനയിച്ച ഒരു താര ശരീരം കൂടെയാണ് സുമലതയുടെതും. നിറക്കൂട്ടിന് പുറമേ, ന്യൂ ഡെല്‍ഹി തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകളില്‍ അവര്‍ അത് തെളിയിച്ചതുമാണ്.

ഈ സിനിമയില്‍ സുമലതയുടെ മേഴ്‌സി എന്ന കഥാപാത്രത്തിന് മൂന്നു തരത്തിലുള്ള ആര്‍ക്കുകള്‍ ഉണ്ട്:

1. സാധാരണ ഒരു ഉദ്യോഗസ്ഥയായ സ്ത്രീ
2. ക്ലബ് ഡാന്‍സര്‍/മോഡല്‍
3. കുടുംബിനി

ഇങ്ങനെ മൂന്നു റോളുകള്‍ കൈകാര്യം ചെയ്യുന്ന മേഴ്‌സി, തന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനായി മാത്രം ക്ലബ് ഡാന്‍സര്‍/പരസ്യ മോഡല്‍ എന്ന രീതിയിലേക്ക് ട്രാന്‍സ്ഫര്‍മേഷന്‍ നടത്തുന്നു. ഈ സിനിമയില്‍, ഒരു പക്ഷേ, മമ്മൂട്ടിയുടെ രവി വര്‍മ്മനെക്കാള്‍ സങ്കീര്‍ണ്ണമായ അനുഭവങ്ങള്‍ നേരിടുന്ന കഥാപാത്രമായി മേഴ്‌സി കാണിക്കുന്നു.

ഒരു സാധാരണ പത്രം ഓഫീസിലെ ഉദ്യോഗസ്ഥയായി വരുമ്പോള്‍, കേരളം/പൊതു സമൂഹം അംഗീകരിക്കുന്ന ഒരു സ്ത്രീത്വമായി അവര്‍ രൂപപ്പെടുന്നു. അതില്‍ അവര്‍ തൃപ്തയുമാണ്. അതിനു പുറമെ, പൈസ കണ്ടെത്തുന്നതിനും അധികം ‘അപകടമില്ലാത്ത’ ക്ലബ് ഡാന്‍സര്‍ ജോലിക്ക് അവര്‍ പോകുന്നു. ”ക്ലബ് ഡാന്‍സര്‍” എന്നു പറയുമ്പോള്‍, ക്ലബ്ബിന്റെ പരിപാടികളില്‍ നൃത്തം അവതരിപ്പിക്കുക ആണ് ഈ സിനിമയില്‍ അവര്‍ ചെയ്യുന്നത്. അത് ബാര്‍ ഡാന്‍സ് പോലുള്ള കലകളില്‍ നിന്നും വ്യത്യസ്തമാണ്. അതിലും അവര്‍ തിരഞ്ഞെടുക്കുന്നത് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സുമാണ്. ഇതേ കാലത്ത് ബാര്‍ ഡാന്‍സിലൂടെ പെണ്‍കുട്ടികള്‍ ക്യാബറ പോലുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത്തിരുന്നു. ക്യാബറ ഡാന്‍സുകള്‍ സമരം ചെയ്തു പൂട്ടിച്ച ആക്റ്റിവിസ്റ്റുകളുടെ നാട് കൂടെ ആണ് കേരളം. അനുരാധ, സില്‍ക്ക് , സ്മിത തുടങ്ങിയ നടിമാര്‍ ബാര്‍ ഡാന്‍സര്‍മാരുടെ, അവരുടെ പ്രതിരൂപങ്ങളെ സിനിമകളില്‍ അവതരിപ്പിച്ചിരുന്നു. അവിടെ മേഴ്‌സി ഒരു ക്ലബ് ഡാന്‍സര്‍ ആയി ”സുരക്ഷിതയുമായിരുന്നു”. അവിടെ നിന്നാണ് മമ്മൂട്ടിയുടെ രവി വര്‍മ്മന്റെ നിര്‍ബന്ധപ്രകാരം അവര്‍ പരസ്യ മോഡല്‍ ആയി മാറുന്നത്.

പരസ്യ മോഡല്‍ അല്‍പ വസ്ത്രം, സദാചാരം

അവര്‍ പരസ്യ മോഡല്‍ ആയി ആദ്യമായി ചെയ്യുന്ന പരസ്യം രാധാസ് സോപ്പിനടേത് ആണ്. അവിടെ അവര്‍ അല്പ വസ്ത്രധാരയില്‍ മാറെണ്ടി വരുന്നു. ഇത് ഒരു സ്ത്രീയുടെ വസ്ത്രധാരണത്തില്‍ മോഡേണിറ്റിയുടെ മാറ്റവും പ്രതിഫലിപ്പിക്കുന്നു. അവര്‍ പരസ്യ മേഖലയില്‍ മോഡല്‍ ആകുമ്പോള്‍ അവരുടെ വസ്ത്രധാരണ രീതി മാറുന്നു, അളവ് മാറുന്നു, പുരുഷന്മാരുമായുള്ള ഇടങ്ങള്‍, സ്റ്റുഡിയോ റൂം, ബെഡ് റൂം തുടങ്ങിയ സ്ഥലങ്ങള്‍ ഷൂട്ടിംഗ്/തൊഴില്‍ ഇടങ്ങളായി മാറുന്നു. പലപ്പോഴും ഫോട്ടോഗ്രാഫര്‍മാരായ പുരുഷന്മാര്‍ അവരെ സ്പര്‍ശിക്കേണ്ട സാഹചര്യം വരുന്നു. ഇത്തരം സ്പര്‍ശങ്ങള്‍, ലൈംഗികതയുടെ ഇടപെടലുകള്‍, അല്പ വസ്ത്ര ധാരണ തുടങ്ങിയവ മേഴ്‌സിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ടൂ.അതേ സമയം ആ വ്യവസായം നല്കുന്ന സാമ്പത്തീക സുരക്ഷിതത്തം അവളെ അതില്‍ നില നിര്‍ത്തുന്നു.

അടുത്ത ഘട്ടത്തില്‍, മേഴ്‌സിക്ക് ആശ്വാസം ലഭിക്കുന്നത് അവള്‍ ഒരു കുടുംബിനിയായപ്പോള്‍ ആണ്. അവിടെ, മമ്മൂട്ടിയുടെ താര ശരീരത്തിലൂടെ രൂപപ്പെ ടുന്ന, അല്ലെങ്കില്‍ മലയാളി രൂപപ്പെടുത്തിയ, ഉത്തമ കുടുംബസ്ഥന്റെ ഭാര്യയാകുന്നതിനാല്‍ അവള്‍ ഒരു സ്വസ്ഥതയിലേക്ക് നീങ്ങുന്നു. കുടുംബം എന്ന പൊതു ബോധ സ്ഥാപനത്തില്‍ മേഴശിയും സന്തോഷം അനുഭവിക്കുന്നു. അവളുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം അവിടെ ആരംഭിക്കുന്നു.

മമ്മൂട്ടി എന്ന നടന്‍/താര ശരീരം/പുരുഷത്ത ഇമേജറി, ഈ സിനിമ രൂപപ്പെടുത്തുന്നത്: ലൈംഗിക നിയന്ത്രണമില്ലാത്ത ഒരു പുരുഷന്‍, തൊഴിലുടമ, ഭര്‍ത്താവ്, കുടുംബസ്ഥന്‍/കുറ്റവാളി എന്നീ നിലകളിലൂടെയാണ്. ലൈംഗികത ആസ്വദിച്ച് നിരവധി പെണ്‍കുട്ടികളെ തന്റെ ഭേദരൂപത്തിലേക്ക് ക്ഷണിച്ച മമ്മൂട്ടി, ഒരു തൊഴിലുടമയും, അടവേര്‍ടൈസിങ്/ക്രിയേറ്റീവ് ഡിസൈനറായി മാറുമ്പോള്‍ പക്കാ പ്രൊഫഷണലായി മാറുന്നു. അതേ സമയം അയാള്‍ മേഴ്‌സിയെ വിവാഹം ചെയ്യുമ്പോള്‍ അയാള്‍ ഒരു നല്ല കുടുംബസ്ഥനുമായി മാറുന്നു. സിനിമയുടെ ഫിക്ഷണല്‍/ കഥാപാഠങ്ങളിലൂടെ ഉള്ള നോട്ടങ്ങളില് ഈ ജീവിതങ്ങള്‍ക്കു പല കാഴ്ചകളുമുണ്ട്. മമ്മൂട്ടിയുടെ താര ശരീരം, ഭാഷ, വസ്ത്രധാര, പെരുമാറ്റം എന്നിവയിലൂടെ ഒരു തൊഴിലുടമ എന്ന രൂപത്തിലേക്ക് അനുയോജ്യമാകുന്ന വിധം ഒത്തു പോകുന്നു. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍, മമ്മൂട്ടിയുടെ താര ശരീരം ഒരു തൊഴിലുടമ എന്ന രീതിയില്‍ മോഡേണിറ്റിയുടെ സ്‌പേസില്‍ കേരളത്തില്‍ യോജിക്കുന്നു. മൂന്നാമതായി, ഒരു കുടുംബനാഥനായെത്തുമ്പോള്‍, സുമലതയുടെ ശക്തമായ താര ശരീരം ഭരിക്കുന്ന ഭാര്യയായി മാറുമ്പോള്‍, മമ്മൂട്ടിയും ഒരു കുടുംബനാഥനായി രൂപപ്പെടുന്നു.മേഴ്‌സിയുടെ അനിയത്തിയായ പത്രപ്രവര്‍ത്തകയായ ഉര്‍വശി അവതരിപ്പിക്കുന്ന ശശികല തന്റേതായ ഒരു ഇമേജിനറി, രവി വര്‍മ്മയെക്കുറിച്ച് രൂപപ്പെടുന്നു. ശശികലയുടെ മമ്മൂട്ടി/രവി വര്‍മ്മനോട് ഉള്ള കാഴ്ചയും, സിനിമയിലൂടെ ചേര്‍ന്നു രൂപീകരിക്കുന്ന ‘റിയാലിറ്റി’ കാഴ്ചയും, ഈ സിനിമയെ രൂപപരമായ സംഘര്‍ഷവും സൃഷ്ടിക്കുന്നു. അവസാനമായി, ഒരു കുറ്റവാളിയായ ജയില്‍ക്കാരനായ തൊഴിലാളിയായി വരുമ്പോള്‍, മമ്മൂട്ടിയുടെ രൂപം ശാരീരികമായും മാറുന്നു. അയാള്‍ മൊട്ട അടിച്ചു, കുറ്റി മുടി വളര്‍ന്ന് ശരീരത്തില്‍ മര്‍ദ്ദനം ഏറ്റ, പാടുകള്‍ കീറി, പറി ഞ്ഞ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സുമലതയുടെ താര-സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ നിന്നു വ്യത്യസ്തമായി മമ്മൂട്ടിയുടെ രവി വര്‍മ്മനും രൂപ പരിണാമങ്ങള്‍ ഉണ്ടാകുന്നു. മമ്മൂട്ടിയും രൂപപരമായും, സാമൂഹികമായും ബാച്ചിലര്‍, തൊഴിലുടമ, കുടുംബസ്ഥന്‍, കുറ്റവാളി തുടങ്ങിയ നിലകളിലൂടെ ജീവിതം ആഘോഷിക്കുന്നു. പല സിനിമകളിലും, പല കാലഘട്ടങ്ങളിലും, മമ്മൂട്ടിയുടെ വ്യത്യസ്ത പുരുഷത്തെയും ഒരുമിച്ച് പ്രതിഷ്ഠിക്കുന്ന സിനിമ കൂടെ ആണ് നിറക്കൂട്ട്.

വില്ലനൈസ് ചെയ്യപ്പെടുന്ന ക്യാമറ/ഫോട്ടോഗ്രാഫി

മമ്മൂട്ടിയുടെ പൗരുഷത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ, ബാബു നമ്പൂതിരിയുടെ അജിത്ത് എന്ന ഫോട്ടോഗ്രാഫറുടെ കഥാപാത്രവും ഈ സിനിമയില്‍ വേറെ ഒരു ഐഡന്റിറ്റി ആണ് . അത് ക്യാമറ, ഡിജിറ്റല്‍ ക്യാമറ, ഇന്ന് ഉപയോഗിക്കുന്ന മൊബൈല്‍ ക്യാമറ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗങ്ങളും, അവയുടെ സാമൂഹിക പൊതു അവബോധങ്ങളെയും ബന്ധപ്പെടുത്തിയാണ് അജിത്ത് എന്ന കഥാപാത്രം ഈ സിനിമയില്‍ രൂപപ്പെടുന്നത്. അതായത് ഫോട്ടോഗ്രാഫി എന്ന കല ക്യാമറ എന്ന ടൂള്‍, അതിലേക്കുള്ള മലയാളിയുടെ സദാചാര നോട്ടങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി കൂടെ ആണു അജിത്തിന്റെ കഥാപാത്രം രൂപപ്പെടുന്നത്. അഡ്വര്‍ടൈസിംഗ് പോലെ തന്നെ, എണ്‍പതുകളില്‍ വികാസം പ്രാപിച്ച ഒരു തൊഴില്‍ മേഖല ഫോട്ടോഗ്രാഫിയുമാണ്. അതില്‍ അഡ്വര്‍ടൈസിങ്ങില്‍ ഫ്രീലാന്‍സര്‍ ആയിട്ടാണ് അജിത്തിന്റെ കഥാപാത്രം ഈ സിനിമയില്‍ വരുന്നത്.

ക്യാമറ, അജിത്തിലൂടെ, ഈ സിനിമയില്‍ ഒളിഞ്ഞു നോക്കാനുള്ള (voyeuristic) ഉപകരണമായി മാറുന്നു. ഇന്നും ഒട്ടേറെ മാറിയിട്ടുണ്ടെങ്കിലും, മൊബൈല്‍ ഒളികാമറകള്‍ ഒരു കാലത്ത് കേരളത്തില്‍ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിലൂടെ വലിയ സാംസ്‌കാരിക പ്രശ്‌നമായി പൊതു ബോധത്തില്‍ വന്നിരുന്നു. ഇപ്പോഴും ആ പേടി മൊബൈല്‍ ക്യാമറ ഒളി ക്യാമറ ചെറു ക്യാമരകളെ കുറിച്ച് ഉണ്ട്. അജിത്ത്, നിറക്കൂട്ട് എന്ന സിനിമയില്‍ മേഴ്‌സി വസ്ത്രം മാറുന്ന ഫോട്ടോ ഒളിഞ്ഞുനോട്ടത്തിലൂടെ എടുക്കുന്നതിലൂടെ, ആ ഫോട്ടോകള്‍ രൂപപ്പെടുത്തുന്ന സദാചാര/സാമൂഹിക പ്രശ്‌നങ്ങള്‍ രവി വര്‍മ്മന്റെയും മേഴ്‌സിയുടെയും ജീവിതം തകര്‍ക്കുകയും ചെയ്യുന്നു. ഈ ഒളി ക്യാമറ ഫോട്ടോ എടുക്കുന്ന ദൃശ്യം ശ്രദ്ധിക്കുക. ഒരു ക്യാമറയുടെ വലിയ ചിത്രം പഠിപ്പിച്ച ഓറ് ചുമറിലൂടെ ആണ് അജിത്ത് ഒളിഞ്ഞു നോക്കി മേജസഹസിയുടെ ഫോട്ടോ എടുക്കുന്നത്. ക്യാമറ എന്ന ടൂള്‍ തന്നെ ഒരു ഒളിഞ്ഞുനോട്ട ഉപകരണമായി ആ സീനില്‍ മാറുന്നു. ഫോട്ടോഗ്രാഫി പോലുള്ള ഉപകരണങ്ങള്‍, ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ പല കാലഘട്ടങ്ങളിലും രൂപപ്പെടുത്തിയിട്ടുണ്ട് എന്നു പൊതു സമൂഹം പല ഇടത്തും ചര്ച്ച ചെയ്തിട്ടുണ്ട്. ഫോടോഗ്രാഫി ക്യാമറ, മൊബൈല്‍ ക്യാമറ തുടങ്ങിയ ഉപകരണങ്ങളെ അങ്ങനെ അപരത്വത്തിലേക്ക് സമൂഹം പല ഇടത്തും തള്ളി വീട്ടിട്ടുമുണ്ട്. അതേ സമയം ടെക്‌നിക്കല്‍ ആയ വികാസ ങ്ങളുടെ ജനാധിപത്യത്തിന്റെ കാലത്ത ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി തുടങ്ങിയവ ഓരോ കാലത്തും സിനിമകളെയും വളരെ സാധാരണക്കാരില്‍ എത്തുന്ന ഒരു സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനും കേരളത്തില്‍ നടന്നിരുന്നു. ടെലിവിഷന്‍ ക്യാമറ മൊബൈല്‍ ഫോണ്‍ ഇന്റര്‌നെറ്റ് തുടങ്ങിയവ എല്ലാം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അതാതു കാലത്ത് അത് ജനങ്ങളെ നശിപ്പിക്കും എന്ന രീതിയിലുള്ള പല വാദങ്ങളും പൊതു ബോധത്തില്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് അത് ഉപയോഗിക്കാനുള്ള യോഗ്യത ഇല്ല, അല്ലെങ്കില്‍ അത് അവര്‍ ‘ദുരുപയോഗം’ ചെയുമ എന്ന ഒരു വാദം നില നിന്നിരുന്നു. ഫോട്ടോഗ്രാഫി എന്ന ആരടിനെ കൂടെ വില്ലനൈസ് ചെയ്തു കൊണ്ട് കൂടെ ആണ് നിറക്കൂട്ട് രൂപപ്പെടുന്നത്. ഈ സിനിമയില്‍ സുമലത, മമ്മൂട്ടി എന്നിവരുടെ താര ശരീരങ്ങള്‍, മതം, കുടുംബം, തൊഴില്‍, സാമൂഹിക സ്ഥാനം എന്നിങ്ങനെ പല ഐഡന്റിറ്റികളുമായി പ്രത്യക്ഷപ്പെടുമ്പോള്‍, അജിത്ത് എന്ന കഥാപാത്രത്തിന് ഒരു സാമൂഹിക സ്ഥാനം കണ്ടെത്താന്‍ ബുദ്ധിമുട്ട് വരും.
അജിത്തിന്റെ ചരിത്രം ഒരു ആഡ് ഫോട്ടോഗ്രാഫര്‍/പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അവസാനിക്കുന്നു. അയാളുടെ കുടുംബം, സോഷ്യല്‍ ലൊക്കേഷന്‍ തുടങ്ങിയവ എന്തും സിനിമയില്‍ വ്യക്തമാക്കുന്നില്ല. മിക്കവാറും ഇത്തരം തൊഴില്‍ മേഖലകളില്‍ ആ കാലത്ത് കീഴാളരുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു. അയാളുടെ വേഷം, രീതികള്‍ എന്നിവയും എണ്‍പതുകളില്‍ രൂപപ്പെട്ട മോഡേണിറ്റിയുടെ യുവത്വവുമായി ബന്ധപ്പെട്ടതാണ്. അയാള്‍ മേഴ്‌സിയുടെ വീട്, കുടുംബം എന്നിവിടങ്ങളിലേക്ക് ഒറ്റയ്ക്ക് കയറി വരുമ്പോള്‍, സിനിമയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നു. അതുപോലെ, അയാളുടെ ബ്ലാക്ക് മെയിലിംഗിന്റെ ഫലം മൂലം മേഴ്‌സി ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് പോകേണ്ടതായും വരുന്നു. മമ്മൂട്ടിയുടെ കുടുംബസ്ഥന്‍, തൊഴിലുടമ, ഉത്തമ പുരുഷന്‍ എന്ന രൂപങ്ങളുമായി വേര്‍പെട്ട്, അജിത്തിന്റെ കഥാപാത്രം ഒരു വ്യത്യസ്ത ഐഡന്റിറ്റിയായി മാറുന്നു. മേഴ്‌സിയുടെ സ്ത്രീത്വം, രവി വര്‍മ്മന്റെയും അജിത്തിന്റെയും പുരുഷത്തുമായുള്ള സങ്കീര്‍ണ്ണമായ സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മേഴ്‌സിക്കു പുറമെയുള്ള സ്ത്രീകള്‍/ സ്ത്രീകളുടെ തൊഴില്‍ രൂപങ്ങള്‍

മമ്മൂട്ടിയുടെ രവി വര്‍മ്മന്‍, സുമലതയുടെ മേഴ്‌സി എന്ന വ്യത്യസ്ത ലേയറുകളുള്ള പുരുഷത്തത്തിനും/സ്ത്രീത്വത്തിനും താര ശരീരങ്ങള്‍ക്കും പുറമെ, ഉര്‍വശിയുടെ ശശികലയും, ലിസി അവതരിപ്പിച്ച ഡോക്ടര്‍ ഉമയും, എണ്‍പതുകളില്‍ വളര്‍ന്നു വരുന്ന പുതിയ തൊഴില്‍ മേഖലകളിലേക്ക് എത്തുന്ന പുതിയ സ്ത്രീ രൂപങ്ങളേയും വിഷ്വലൈസ് ചെയ്യുന്നു. ശശികല വര്‍ഗീസ് (മേഴ്‌സിയുടെ സഹോദരി) എന്ന പത്രപ്രവര്‍ത്തകയും, ഡോക്ടര്‍ ഉമ എന്ന കഥാപാത്രവും, എണ്‍പതുകളിലെ പുതിയ സാമൂഹിക രൂപകങ്ങളുമായി ബന്ധപ്പെട്ടവരാണ്. ശശികല, ഉത്തമയായ ഒരു നേരിന് വേണ്ടി നില കൊല്ലുന്ന പത്രപ്രവര്‍ത്തക ആണെന്ന് സ്വയം കരുതുമ്പോള്‍, അവര്‍ എഴുതുന്ന ‘കഥകള്‍’ തെറ്റാണെന്ന് മമ്മൂട്ടിയുടെ ”കുറ്റവാളി” രവി വര്‍മ്മന്‍ അടി വരെയിട്ട് കാണിക്കുന്നു. ശശികലയുടെ ധീരമായ നേരുള്ള പത്രപ്രവര്‍ത്തക , തന്റെ സഹോദരി മേഴ്‌സിയെ സംരക്ഷിക്കാനായി, രവി വര്‍മ്മന്‍ എന്ന അവരുടെ ഭര്‍ത്താവിനെ കുറ്റവാളി ആക്കി കഥകള്‍ എഴുതുന്നതിനായി പ്രേരിപ്പിക്കുന്നു. സത്യം, സത്യത്തെ കുറിച്ചുള്ള കാഴ്ചകള്‍, സത്യം രൂപപ്പെടുന്നത്-ഇതെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ ഈ സിനിമയില്‍ വിവിധ രീതികളില്‍ അവതരിപ്പിക്കപ്പെടുന്നു. അതേ സമയം, ശശികല കുറ്റവാളിയാണെന്ന് കരുതുന്ന രവി വര്‍മ്മനു വേറെ ഒരു കഥ ഉണ്ടാകാമെന്നുള്ള ചിന്ത, ഡോക്ടര്‍ ഉമയും പങ്കുവെക്കുന്നു. രണ്ടു തൊഴില്‍ മേഖലകളില്‍ ജീവിക്കുന്ന രണ്ട് സ്ത്രീകള്‍, അവരുടെ കാഴ്ചകളിലൂടെ സത്യം, മൊറാലിറ്റി എന്നിവയെ കുറിച്ച് രണ്ട് വ്യത്യസ്ത കാഴ്ചകളും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നു.

രവി വര്‍മ്മന്‍ എന്ന കഥാപാത്രത്തിന്റെ ജയില്‍ ജീവിതം മമ്മൂട്ടിയുടെ താര ശരീരത്തെ വേറെ ഒരു തൊഴിലുടമ, കുടുംബസ്ഥന്‍ എന്നിവയില്‍ നിന്നു വ്യത്യാസപ്പെട്ട് വേറെ ഒരു സ്‌പേസിലേക്ക് പ്രതിഷ്ഠിക്കുന്നു. ഒരു വര്‍മ്മയായ മനുഷ്യ, തൊഴില്‍ ഉടമയായ മനുഷ്യന്, കുടുംബസ്ഥനായ മനുഷ്യന്, ജയില്‍ എന്ന സ്‌പേസില്‍ കെട്ടി ഇടുമ്പോഴുള്ള വധശിക്ഷ വിധിക്കപ്പെടുമ്പോഴുള്ള അനുഭവവും, ആയാളോടുള്ള സഹതാപവും ഈ സിനിമയുടെ കാഴ്ചയെ രൂപപ്പെടുത്തുന്നു. മമ്മൂട്ടി കുറ്റവാളികള്‍/നിരപരാധികള്‍ എന്ന ഐഡന്റിറ്റിയില്‍ വരുന്ന അനേകം സിനിമ കഥാപാത്രങ്ങളില്‍ ഒന്ന് കൂടെ ആണ് നിറക്കൂട്ട്. ഇന്ത്യന്‍ ജയിലുകളില്‍ ഇതെഴുതുമ്പോള്‍, ഉമര്‍ ഖാലിദിനെ പോലുള്ളവര്‍ ഹാനി ബാബുവിനെ പോലുള്ളവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ജാമ്യം കിട്ടാതെ നരകിക്കപ്പെടുകയാണ്. അതുപോലെ, ഇന്ത്യന്‍ ജയിലുകളില്‍ വിചാരണ തടവുകാരും കുറ്റവാളികളുമായ അന്തേവാസികള്‍ ഏറ്റവും കൂടുതല്‍ ദളിതരും മുസ്ലീങ്ങളും ആയ മനുഷ്യരാണ്. അത്തരം ജയിലുകളില്‍, ഒരു വര്‍മ്മ, മര്‍ദ്ദനം അനുഭവിച്ച്, കുറ്റവാളിയായിത്തീര്‍ത്ത് തൂക്കുകയര്‍ കയറി കത്ത് കിടക്കുക എന്ന പൊതു ബോധത്തിന്റെ ചിന്തയും ഈ സിനിമയുടെ എമോഷണല്‍ ഈസ്റ്ററ്റിക്സില്‍ സെന്റിമെന്റുകള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവച്ചിരിക്കാം. മമ്മൂട്ടിയുടെ താര ശരീരം, ഈ സിനിമയിലെ വര്‍മ്മ ഇമേജ്, കുടുംബസ്ഥന്‍, കുറ്റവാളിത്തം തുടങ്ങിയവ കൂട്ടുപിണഞ്ഞു സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.

One Reply to “നിറക്കൂട്ട് – പരസ്യ വ്യവസായവും സദാചാര സംഘര്‍ഷങ്ങളും”

  1. വർഷങ്ങൾക്ക് മുമ്പ് മനുഷ്യ മനസ്സുകളിൽ ഏറേ സ്വാധീനം ചെലുത്തിയ സിനിമ “നിറക്കൂട്ട്”. സിനിമയെ വേറൊരു തലത്തിലേക്ക് പറിച്ച് നട്ടുള്ള വിശകലനം ഉഗ്രൻ .

Your Email address will not be published.