പിരിഞ്ഞു പോകുന്നവര്‍ ഒറ്റക്കിരിക്കുന്ന
ഗ്രൂപ്പ് ഫോട്ടോകള്‍
താഴെ മൂന്നാം നിരയില്‍
മരക്കസേരയില്‍
അള്ളിപ്പിടിച്ച്
ഇരിക്കുന്നു
പിരിഞ്ഞു പോകുന്നവര്‍
ഒറ്റക്ക്
പാതി കരച്ചില്‍ കണ്ണുകളില്‍.
വിരലുകളില്‍ നിന്ന്
ഒരു ലോകമൂര്‍ന്നു പോയതിന്‍
പിടച്ചില്‍
ഭൂമി മുഴുവന്‍ ചിതറി ക്കിടക്കുന്ന
കണ്ണുകളെല്ലാം
തങ്ങളെത്തന്നെ നോക്കുന്നുവെന്ന്
അരണ്ട വെളിച്ചത്തില്‍
കണ്ടു പേടിച്ചത് പോലെ ഒരാന്തല്‍ !
നടന്ന് തീര്‍ത്ത തെരുവുകളില്‍
പിന്നാലെ വരുന്നവര്‍ക്ക്
നടപ്പാത ഒഴിഞ്ഞു കൊടുക്കും പോലെ!
ഇപ്പോള്‍ മരണപ്പെട്ടവരെപ്പോലെ…
അല്ലെങ്കില്‍
ഉറ്റവരാരോ മരണപ്പെട്ടവരെപ്പോലെ….
വീട് വിട്ടു പോകുമ്പോള്‍ക്കരയുന്ന
വളര്‍ത്ത് മൃഗത്തെപ്പോലെ
ജീവന്റെ അറ്റം ഊര്‍ന്നുപോയപോലെ…
എന്നും പൂട്ടിയടച്ചു പോരുന്ന
ഓഫീസലമാര
മേശ..
ഇരുന്നു തേഞ്ഞ കസേര
എന്തിനാണിത്രക്ക് വേവലാതിയെന്നാരോ
ചോദിക്കാന്‍
കാത്തു നില്‍ക്കുകയായിരിക്കാം
അല്ലെങ്കില്‍,
എന്നും പുലരുമ്പോള്‍പ്പതിവ് പോലെ
കുളിയുമൊരുക്കവും
ബാഗൊതുക്കലും
തിടുക്കവും കാണിക്കുന്ന ഒരാള്‍
നാളെപ്പുലരുമ്പോള്‍ മുതല്‍
എവിടെയാകുമെന്ന ആന്തലാകാം
നാളെ ഉണരുക
മറ്റൊരാളാകുമോ?
No Comments yet!