നവോത്ഥാനത്തിന് ശേഷമുള്ള യൂറോപ്പില്‍ ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടുകൂടി രൂപപ്പെട്ട ഒരു കലാപ്രസ്ഥാനമാണ് അഥവാ ശൈലിയാണ് ബറോക്ക് (Baroque). കലാചരിത്രപരമായി ബറോക്ക് കാലഘട്ടവുമായി ബന്ധപ്പെടുത്തി പറയാവുന്ന ഏറ്റവും പ്രധാനപ്പെട്ട സ്പാനിഷ് ചിത്രകാരനാണ് ഡീഗോ വെലസ്‌ക്വസ് (Diego Velázquez).
1599 -ല്‍ സ്പെയിനിലെ സെവില്ലേ (Seville) പട്ടണത്തില്‍ ജനിച്ച വെലസ്‌ക്വസ് ബാല്യത്തില്‍ത്തന്നെ ചിത്രകലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ കൊച്ചു വെലസ്‌ക്വസിനെ മാതാപിതാക്കള്‍ Francisco Pacheco എന്ന നാട്ടിലെ മുതിര്‍ന്ന ചിത്രകാരന്റെ അടുത്ത് പഠിക്കാനായി അയച്ചു. ആറുവര്‍ഷത്തെ പരിശീലനത്തിനുശേഷം പതിനെട്ടാം വയസ്സില്‍ സമര്‍ഥനായ ഒരു സ്വതന്ത്ര ചിത്രകാരനായിട്ടാണ് അദ്ദേഹം പുറത്തുവരുന്നത്.
ചെറുപ്പത്തില്‍ത്തന്നെ മതസംബന്ധിയായ വിഷയങ്ങളും, സാധാരണ ജീവിതദൃശ്യങ്ങളും പോര്‍ട്രെയ്റ്റുകളും വരയ്ക്കുന്ന ഒരു ചിത്രകാരനായി വെലസ്‌ക്വസ് തന്റെ ജന്മനാട്ടില്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. 1623-ല്‍ അദ്ദേഹം സ്പെയിനിലെ രാജാവായ ഫിലിപ്പ് നാലാമന്റെ കൊട്ടാരം ചിത്രകാരനായി ചുമതല ഏറ്റെടുത്തു. രാജാവിന്റെ ആസ്ഥാനം അക്കാലത്ത് സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രമായിരുന്നു.
കൊട്ടാരത്തിലെ ചുമതലകളുടെ ഭാഗമായി ചരിത്രസംബന്ധിയായ വിഷയങ്ങളും പോര്‍ട്രെയ്റ്റുകളും മറ്റുമാണ് കൂടുതലായി വരച്ചിരുന്നതെങ്കിലും തന്റെ കാലഘട്ടത്തിലെ ചിത്രകാരന്മാരുടെ സാധാരണരീതിയില്‍നിന്നു വ്യത്യസ്തമായി സാധാരണക്കാരുടെയും ദരിദ്രരുടെയും ജീവിതം വിഷയമാക്കിയും വെലസ്‌ക്വസ് ധാരാളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ‘The water seller of Seville’, ‘Old woman frying eggs’ തുടങ്ങിയ പല ചിത്രങ്ങള്‍ ഉദാഹരണമായി എടുത്തുപറയാനുണ്ട്. ഏറെ സമയമെടുത്ത് പതിയെ വരയ്ക്കുന്ന രീതിയാണ് വെലസ്‌ക്വസ് പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുകൂടി ആകാം, മോഡല്‍ രാജാവോ കൊട്ടാരത്തിലെ താഴ്ന്ന പടിയിലുള്ള പരിചാരകനോ ആകട്ടെ, പോര്‍ട്രെയ്റ്റുകളില്‍ അദ്ദേഹം സാധിച്ചിരുന്ന സൂക്ഷ്മമായ ഭാവാവിഷ്‌കാരം എടുത്തുപറയേണ്ട ഒരു കാര്യമാണ്.
1628-29 കാലഘട്ടത്തില്‍ അക്കാലത്തെ പ്രശസ്ത ഫ്‌ലെമിഷ് ചിത്രകാരനായ റൂബെന്‍സ് (Peter Paul Rubens) സ്‌പെയിന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം വെലസ്‌ക്വസുമായി പരിചയപ്പെടുകയും രണ്ടുപേരും സുഹൃത്തുക്കളായിത്തീരുകയും ചെയ്തു. റൂബെന്‍സ് വെലസ്‌ക്വസിന്റെ കലയെ ഏറെ ആദരിച്ചിരുന്നതായി അക്കാലത്തെ ചില ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്.
കൊട്ടാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനിടയില്‍ വെലസ്‌ക്വസ്, രാജാവിന്റെ അനുമതിയോടെ, പലതവണ ഇറ്റലി സന്ദര്‍ശിക്കുകയും അവിടെ താമസിച്ചു ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. 1650-ല്‍ അത്തരമൊരു യാത്രയ്ക്കിടയില്‍ റോമില്‍ താമസിക്കുമ്പോള്‍ പോപ്പ് ഇന്നസെന്റ് പത്താമന്റെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ വെലസ്‌ക്വസ് നിയോഗിതനായി. പോപ്പിന്റെ പോര്‍ട്രെയ്റ്റ് വരയ്ക്കുന്നതിനുമുന്‍പ് ഒരു പരിശീലനം എന്നനിലയില്‍ അദ്ദേഹം തന്റെ സഹായിയായ അടിമയുടെ പോര്‍ട്രെയ്റ്റ് വരച്ചുനോക്കുകയുണ്ടായി. അടിമത്തം അക്കാലത്തു യൂറോപ്പില്‍ വ്യാപകമായി നിലനിന്നിരുന്നു എന്നകാര്യം വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. 30 x 25 ഇഞ്ചു വലിപ്പമുള്ള എണ്ണച്ചായത്തിലുള്ള ആ ‘പരിശീലനചിത്രം’ പില്‍ക്കാലത്ത് പോപ്പിന്റെ പോര്‍ട്രെയിറ്റിനേക്കാള്‍ ഏറെ ശ്രദ്ധേയവും ലോകപ്രശസ്തവും ആയിത്തീര്‍ന്നു എന്നതാണ് രസകരമായ കാര്യം. ‘Juan de Pareja’ എന്നായിരുന്നു ആ അടിമയുടെ പേര്. അതേ പേരില്‍ത്തന്നെയാണ് ആ പെയിന്റിങ് ഇന്ന് അറിയപ്പടുന്നത്.
No Comments yet!