Skip to main content

ഫ്രാന്‍സിസ്‌കോ ഡെ ഗോയെയുടെ The Third of May (1808)

അവസരവാദപരമായി എടുത്ത രാഷ്ട്രീയനിലപാടിന് പ്രായശ്ചിത്തമായി വരച്ചുനൽകിയ ചിത്രം ചിത്രകാരന്റെ ഏറ്റവും പ്രശസ്തമായ ഒരു സൃഷ്ടി ആയിത്തീർന്ന ചരിത്രമാണ് ഗോയയുടെ ‘The Third of May, 1808’ എന്ന പെയിന്റിങ്ങിന്റേത്. 18 – 19 നൂറ്റാണ്ടുകളിലെ ഏറ്റവും ശ്രദ്ധേയനായ സ്പാനിഷ് ചിത്രകാരനായിരുന്നു അദ്ദേഹം.

1746 -ൽ സ്‌പെയിനിന്റെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലാണ് ഗോയ (Francisco de Goya) ജനിക്കുന്നത്. പതിനാലാം വയസ്സിൽ ചിത്രകല പഠിക്കാനായി ഒരു പ്രാദേശിക ചിത്രകാരന്റെ അടുത്ത് അദ്ദേഹം പോയിത്തുടങ്ങി.1763 -ൽ Francisco Bayeu എന്ന മുതിർന്ന ചിത്രകാരനോടൊപ്പം ഗോയ സ്‌പെയിനിന്റെ തലസ്ഥാനവും അക്കാലത്തെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രവുമായ മാഡ്രിഡിലെത്തി. ആ കാലഘട്ടം മുതൽ ഏതാണ്ട് 1790 -കളുടെ തുടക്കം വരെ, അതായത് മാഡ്രിഡിലെത്തി ആദ്യത്തെ ഏതാണ്ട് മുപ്പതുവർഷക്കാലം, സ്പാനിഷ് കൊട്ടാരവുമായി ബന്ധപ്പെട്ട, ചിത്രത്തുണികളിൽ (tapestries) പെയിന്റുചെയ്യുന്ന ജോലിയാണ് ഗോയ ചെയ്തിരുന്നത്. വ്യക്തിത്വമുള്ള ഒരു സ്വതന്ത്രചിത്രകാരനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് 1780 -കൾക്ക് ശേഷം മാത്രമാണ്. 1789 -ൽ ചാൾസ് നാലാമൻ സ്‌പെയിനിൽ രാജാവായി അധികാരമേറ്റപ്പോൾ ഗോയ കൊട്ടാരത്തിലെ പ്രമുഖനായ ഒരു ചിത്രകാരൻ എന്ന പദവിയിലേക്കുയർന്നു. നമ്മൾ ഇന്ന് അറിയുന്ന ഗോയയുടെ പ്രശസ്തമായ പെയിന്റിങ്ങുകൾ മിക്കവാറും ഈ കാലഘട്ടം മുതൽ ചെയ്തിട്ടുള്ളവയാണ്.

Francisco Bayeu

1792 -ൽ ഗോയയെ, ഇനിയും കാരണം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രത്യേകതരം രോഗം ബാധിച്ചു. അതിന്റെ ലക്ഷണങ്ങളെന്നനിലയിൽ അദ്ദേഹം വൈകാരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചുതുടങ്ങി. കേഴ്വിശക്തി ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടു. അദ്ദേഹം പൊതുവിൽ കൂടുതൽ അന്തർമുഖനായിത്തീന്നു. ഈ മാറ്റങ്ങൾ ഗോയയുടെ പിൽക്കാലചിത്രങ്ങളുടെ ശൈലിയെയും ഉള്ളടക്കത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് കലാനിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്.

1799 -ൽ ഗോയ സ്പാനിഷ് കൊട്ടാരത്തിലെ പ്രധാന ചിത്രകാരനായി അവരോധിക്കപ്പെട്ടു. പോർട്രെയ്റ്റുകളും കൊട്ടാരവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും തുടർച്ചയായി വരയ്ക്കാൻ അദ്ദേഹം നിയുക്തനായി. സ്പെയിനിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ സംഘർഷങ്ങളുടെയും അസ്ഥിരതകളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ചാൾസ് നാലാമൻ ആകട്ടെ ദുർബലനായ ഒരു ഭരണാധികാരിയുമായിരുന്നു.

1808 -ൽ ഫ്രഞ്ച് സൈന്യം സ്‌പെയിൻ കീഴടക്കുകയും നെപ്പോളിയന്റെ സഹോദരനായ ജോസഫ് മാഡ്രിഡിൽ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഇതേതുടർന്ന് മാഡ്രിഡ് കേന്ദ്രീകരിച്ച് സ്‌പെയിനിലെ ജനങ്ങൾ പുതിയ ഭരണാധികാരിക്കെതിരെ കലാപം ആരംഭിച്ചു. എന്നാൽ ഈ സന്ദർഭത്തിൽ കൊട്ടാരം ചിത്രകാരനായ ഗോയ പുതിയ രാജാവിനോട് കൂറ് പ്രഖ്യാപിക്കുകയാണുണ്ടായത്. അത്തരമൊരു നിലപാടിലേക്ക് അദ്ദേഹത്തെ നയിച്ച വിചാരങ്ങൾ എന്താണെന്നുള്ളത് വ്യക്തമല്ല.

1814 -ൽ ചാൾസ് നാലാമന്റെ മകനായ ഫെർഡിനാൻഡ് ഏഴാമന്റെ നേതൃത്വത്തിൽ കലാപകാരികൾ സ്‌പെയിനിൽ അധികാരം തിരിച്ചുപിടിച്ചു. ജനങ്ങൾ ഫ്രഞ്ചു ഭരണത്തിനെതിരായി കലാപം നടത്തുന്ന സമയത്ത് ഫ്രഞ്ചുപക്ഷത്തേയ്ക്കു കൂറുമാറിയ ഗോയ പുതിയ ഭരണാധികാരിയിൽനിന്നും ശിക്ഷാനടപടികൾ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. വ്യക്തിപരമായ ഈ പ്രതിസന്ധിയുടെ സന്ദർഭത്തിലാണ് മാഡ്രിഡ് കലാപത്തെ വിഷയമാക്കി ചിത്രങ്ങൾ വരച്ചുനൽകാമെന്ന് ഗോയ രാജാവിനോട് വാഗ്ദാനം ചെയ്യുന്നത്. ഇതേത്തുടർന്ന് അദ്ദേഹം ചെയ്ത പ്രസിദ്ധമായ രണ്ടുചിത്രങ്ങളിൽ ഒന്നാണ് ‘The Third of May, 1808’.

രക്തസാക്ഷിത്വം വരിക്കുന്ന സ്പാനിഷ് കലാപകാരികളെയും അവരെ നിദ്ദയം വെടിവച്ചുവീഴ്ത്തുന്ന ഫ്രഞ്ചു സൈനികരെയുമാണ് 104 x 135 ഇഞ്ച് വലിപ്പമുള്ള ഈ എണ്ണച്ചായചിത്രത്തിൽ നമ്മൾ കാണുന്നത്. ആസന്നമായ മരണത്തിനുമുന്നിൽ ധീരതയോടെ കൈകൾ വിടർത്തിനിൽക്കുന്ന ഒരു പോരാളിയിലേക്ക് നമ്മുടെ ശ്രദ്ധയെ ഫോക്കസ് ചെയ്യുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം. അയാളുടെ കൂടെയുള്ളവർ മരണഭീതിയിൽ പലതരം ഭാവങ്ങൾ കാണിക്കുന്നുണ്ട്. രക്തം അവിടെയെല്ലാം തളംകെട്ടി നിൽക്കുന്നുണ്ട്. ഏതാനും ആളുകൾ മരിച്ചുകിടക്കുകയാണ്. ഫ്രഞ്ചു ഭടന്മാരുടെ മുഖങ്ങൾ നമുക്ക് കാണാൻ കഴിയാത്ത തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.


ഫ്രാൻസിസ്കോ ഡെ ഗോയ
ജനനം : 1746
മരണം : 1828

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.