
പാശ്ചാത്യ ചിത്രകലയുടെ നാളിതുവരെയുള്ള ചരിത്രം എടുത്താൽ ഇന്ന് അവിടെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്ന് ഡച്ചു ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റേതാണ്. ജീവിച്ചിരുന്ന കാലത്ത് ദാരിദ്ര്യവും മാനസികമായ അസ്വസ്ഥതകളും അനുഭവിച്ച്, പലപ്പോഴും ഏകാകിയായി അലഞ്ഞുനടന്ന്, ഒടുവിൽ മുപ്പത്തിയേഴാം വയസ്സിൽ സ്വയം വെടിവച്ച് ആത്മഹത്യചെയ്യുകയായിരുന്നു അദ്ദേഹം. ഏതാണ്ട് പത്തുവർഷക്കാലം മാത്രമാണ് ഒരു ചിത്രകാരനെന്നനിലയിൽ അദ്ദേഹം ജീവിച്ചത്. ആ ചെറിയ കാലഘട്ടത്തിനിടയിൽ ഏതാണ്ട് എണ്ണൂറിലധികം പെയിന്റിങ്ങുകൾ അദ്ദേഹം വരച്ചുകൂട്ടി. കൂടാതെ അസംഖ്യം ഡ്രോയിങ്ങുകളും. ആ ചിത്രങ്ങളിൽ പലതും ഇന്ന് ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട വരച്ച ഇമേജുകളായി നിലനിൽക്കുന്നു.
1853 -ൽ ഹോളണ്ടിൽ, ബെൽജിയത്തിന്റെ അതിർത്തിയോടുചേർന്നുള്ള ഒരു ഗ്രാമത്തിൽ, ഒരു ക്രിസ്തീയ പുരോഹിതന്റെ അഥവാ ഉപദേശിയുടെ മകനായിട്ടാണ് വിൻസെന്റ് ജനിക്കുന്നത്. ബാല്യത്തിൽ മറ്റു കുട്ടികളോട് അധികം ഇടപെടാത്തതരത്തിൽ അന്തർമുഖനായിരുന്നു അദ്ദേഹം. കുട്ടികളോടൊത്തു കളിക്കുന്നതിനേക്കാൾ വീടിനു ചുറ്റുമുള്ള വയൽപ്രദേശങ്ങളിലും മറ്റും ഒറ്റയ്ക്ക് ചുറ്റിനടക്കാനായിരുന്നു ആ ബാലന് താൽപ്പര്യം.
കൗമാരപ്രായം മുതൽ അമ്മയുടെ പ്രേരണയിൽ വിൻസെന്റ് കുറേശ്ശേ വരച്ചുതുടങ്ങി. ചിത്രങ്ങൾ വിൽക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ഒരു അമ്മാവന്റെ സഹായിയായി പതിനാറാം വയസ്സിൽ അദ്ദേഹം ജോലിക്കുചേർന്നു. അമ്മാവന്റെ ബിസിനസിന് ഇംഗ്ലണ്ടിലും ഫ്രാൻസിലും ശാഖകളുണ്ടായിരുന്നു. 1874 -ൽ വിൻസെന്റിന്റെ ജോലി ഇംഗ്ലണ്ടിലേക്കു മാറി. എന്നാൽ അവിടെ അധികനാൾ തുടരാൻ അദ്ദേഹത്തിനായില്ല. ഇംഗ്ലണ്ടിൽ അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയുടെ മകളുമായി ഉണ്ടായ വിഫലമായ ഒരു പ്രേമബന്ധം വിൻസെന്റിനെ മാനസികമായി തകർത്തുകളഞ്ഞു. ജോലിചെയ്യാൻ കഴിയാതെ അദ്ദേഹം വീട്ടിലേയ്ക്കു തിരിച്ചുപോന്നു. ഈ സംഭവത്തിനുശേഷം മാനസികമായ അസ്വസ്ഥതകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇടയ്ക്കിടെ കടന്നുവരുന്നുണ്ട്.
1876 -ൽ വീണ്ടും ഇംഗ്ലണ്ടിലെത്തിയ വിൻസെന്റ് ആദ്യം ഒരു സ്കൂളിൽ ഫീസ്പിരിക്കുന്ന ജോലിയിലും അത് നഷ്ടപ്പെട്ടപ്പോൾ ഒരു പുരോഹിതന്റെ സഹായിയായും പ്രവർത്തിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു സുവിശേഷപ്രചാരകനായി തെക്കൻ ബെൽജിയത്തിലെ ബോറിനേജ് എന്ന പ്രദേശത്തെത്തി. ധാരാളം കൽക്കരിഖനികളുള്ള ഒരു പ്രദേശമായിരുന്നു അത്. “ദരിദ്രർക്ക് ഉള്ളതെല്ലാം ദാനം ചെയ്യുക” എന്ന ക്രിസ്തുവിന്റെ സന്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ച് ദരിദ്രരായ ഖനിത്തൊഴിലാളികൾക്കിടയിൽ വിൻസെന്റ് പ്രവർത്തിച്ചു. തന്റെ സ്വന്തം വസ്ത്രങ്ങളും ചിലപ്പോൾ ഭക്ഷണം പോലും അദ്ദേഹം ദാനം ചെയ്തു. ഇത്തരം അസാധാരണമായ പ്രവൃത്തികൾ കണ്ട മേലധികാരികൾ വിൻസന്റിനെ അയോഗ്യനെന്നുകണ്ട് സുവിശേഷപ്രവർത്തനങ്ങളിൽനിന്നും വിലക്കുകയാണുണ്ടായത്.

ബോറിനേജിൽ വിൻസെന്റ് രണ്ടുവർഷംകൂടി തുടർന്നു. ആത്മീയസംഘർഷങ്ങളിലൂടെ കടന്നുപോയ ആ കാലഘട്ടത്തിലാണ് ഒരു ചിത്രകാരനാകാൻ വിൻസെന്റ് തീരുമാനമെടുക്കുന്നത്. ആ കാലഘട്ടം മുതൽ അദ്ദേഹം നിരന്തരമായി എന്ന് പറയാവുന്നതരത്തിൽ സ്കെച്ചുകളും
ഡ്രോയിങ്ങുകളും ചെയ്തുതുടങ്ങി. ഹോളണ്ടിൽ തിരിച്ചെത്തി അവിടെ പ്രാദേശികമായി അറിയപ്പെടുന്ന പ്രകൃതിദൃശ്യ ചിത്രകാരനായ മോവിന്റെ (Anton Mouve) അടുത്തുനിന്നും പെയിന്റിങ്ങിന്റെ ചില പ്രാഥമിക പാഠങ്ങൾ വിൻസെന്റ് പരിചയിക്കുന്നുണ്ട്.
വിൻസെന്റിന്റെ ജീവിതം പരാമർശിക്കുമ്പോൾ അനുജൻ തിയോയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം പരാമർശിക്കാതിരിക്കുന്നത് ഉചിതമല്ല. തിയോ ആണ് ആദ്യകാലംമുതൽ വിൻസെന്റിനെ സാമ്പത്തികമായി മുടങ്ങാതെ പിന്തുണച്ചിരുന്നത്. തിയോയ്ക്ക് വിൻസെന്റ് പലപ്പോഴായി അയച്ച ഏതാണ്ട് എഴുന്നൂറോളം കത്തുകൾ അദ്ദേഹത്തിന്റെ ആന്തരികജീവിതത്തിന്റെ അക്ഷരസാക്ഷ്യമായി നമുക്ക് കിട്ടിയിട്ടുണ്ട്. ആ കത്തുകൾ പുസ്തരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനേകം ലോകഭാഷകളിൽ അതിനു വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.

വിൻസെന്റിന്റെ ആദ്യകാലചിത്രങ്ങളിൽ ഡച്ചു ഗ്രാമീണദൃശ്യങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, കർഷകരുടെയും തൊഴിലാളികളുടെയും മറ്റും പോർട്രെയ്റ്റുകൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയ പല വിഷയങ്ങളും ഉൾപ്പെടുന്നുണ്ട്. ഒരുപക്ഷേ ഈ കാലഘട്ടത്തിൽ വിൻസെന്റിനെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രകാരൻ മില്ലേ (Jean Francois Millet) ആയിരുന്നു.

കർഷകരെയും കാർഷികവൃത്തിയെയും ഉദാത്തമായ രീതിയിൽ അവതരിപ്പിക്കുന്ന മില്ലെയുടെ ചിത്രങ്ങളുടെ സ്വാധീനം വിൻസെന്റിന്റെ ആദ്യകാലചിത്രങ്ങളിൽ ഉടനീളം കാണാനുണ്ട്. മില്ലേയുടെ ‘The Sower’ പോലെയുള്ള ചിത്രങ്ങൾ അനേകം തവണ വിൻസെന്റ് പകർത്തിവരച്ചിട്ടുമുണ്ട്.

1885 -ൽ പാരീസിൽ എത്തിയതിനുശേഷം വിൻസെന്റിന്റെ പെയിന്റിങ്ങുകളിൽ ഇംപ്രെഷനിസ്റ്റുകളുടെ സ്വാധീനം കടന്നുവരുന്നുണ്ട്. ആ കാലഘട്ടം മുതൽക്കുള്ള അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ അതിന്റെ ശൈലികൊണ്ട് അനായാസം വേർതിരിച്ചറിയാം. ഫ്രഞ്ച് ഇംപ്രെഷനിസ്റ്റുകളുടെ സ്വാധീനം ഉണ്ടാകുന്നതിനുമുൻപ് ഹോളണ്ടിൽവച്ചു വിൻസെന്റ് വരച്ച സുപ്രസിദ്ധമായ ഒരു ആദ്യകാല പെയിന്റിങ് ആണ് ‘The Potato Eaters’. ഹോളണ്ടിലെ ഗ്രാമീണകഷകരുടെ ദരിദ്രവും ദുഷ്കരവുമായ ജീവിതത്തെ ഒരു ഭക്ഷണമുറി പശ്ചാത്തലമാക്കി ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. 114 cm x 82 cm ആണ് ഇതിന്റെ വലിപ്പം. അനേകം പ്രാഥമിക സ്കെച്ചുകളും എണ്ണച്ചായത്തിലുള്ള പഠനചിത്രങ്ങളും ചെയ്തുനോക്കിയതിനുശേഷമാണ് ഈ ഇരുണ്ട മാസ്റ്റർപീസ് വിൻസെന്റ് പൂർത്തിയാക്കിയത്.

വിൻസെന്റ് വാൻഗോഗ്
ജനനം: 1853
മരണം: 1890







No Comments yet!