Skip to main content

ധാന്യക്കതിര്‍

നാവ് വളച്ച് ഉച്ചരിക്കുന്ന വ്യഞ്ജനാക്ഷരങ്ങള്‍ (Retroflex) ദ്രാവിഡ ഭാഷയില്‍ ചിലതുണ്ട് (ട,ണ, ഴ, ള, ശ, ഷ). യൂറോപ്യന്‍ ഭാഷകളില്‍ കുറയും. ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരം അക്ഷരങ്ങളെക്കുറിച്ച് പെഗ്ഗി മോഹന്റെ* പഠനം ശ്രദ്ധേയമാണ്. അവിടേയും ഇവിടേയുമായി ഒറ്റക്കും തെറ്റക്കും ഈ പലവ്യഞ്ജനങ്ങള്‍ ലോകഭാഷകളില്‍ പലതിലും ഉണ്ട്.

പക്ഷേ, ഈ വളഞ്ഞതും വളയാത്തതുമായ നാക്ക് ബൈബിള്‍ പുരാണത്തിലും, അടുത്ത കാലത്തും വലിയ വിന വരുത്തിയിട്ടുണ്ട്.

പഴയ നിയമത്തില്‍ ന്യായാധിപന്മാര്‍ ആണ് ഈ അന്യായം (12: 1-6) പറയുന്നത്. എഫ്രയീമ്യര്‍ അമ്മോന്യരോടുള്ള യുദ്ധത്തില്‍ യിഫ്താഹ് പങ്കടുത്തിരുന്നില്ല. അയാള്‍ക്ക് തിരിച്ചു സഹായം കിട്ടിയിട്ടില്ല. കാര്യം കശപിശയായി. യിഫാതാഹ് ഗിലെയാദ്യരെ വിളിച്ചുകൂട്ടി എഫ്രമ്യരോടു യുദ്ധം ചെയ്തു. ഗിലെയാദ്യര്‍ എഫ്രയിമ്യാഭാഗത്തുള്ള യോര്‍ദ്ദാന്‍ നദി പിടിച്ചടുത്തു. അക്കരെ കടക്കാന്‍ വന്നവര്‍ ഏതു രാജ്യക്കാര്‍? സംശയമായി. അവരോട് ഗിലെയാദ്യര്‍ ശിബ്ബോലെത്ത് ( Shibboleth – ധാന്യക്കതിര്‍) എന്ന് ഉച്ചരിക്കാന്‍ പറയും. സിബ്ബോലെത്ത്** എന്നേ അവരുടെ നാവ് വഴങ്ങൂ. അവിടെ നാല്പതിനായിരം പേരെ കൊന്നുവത്രേ!

1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. വിട്ടുപോയവര്‍ സ്വതന്ത്ര രാഷ്ടം രുപപ്പെടുത്തുന്ന തിരക്കില്‍ അവിടവിടങ്ങളില്‍ ആഭ്യന്തരകലഹം രൂക്ഷമായി.

‘സോദരര്‍തമ്മിലെ പോരൊരു പോരല്ല
സൗഹൃദത്തിന്റെ കലങ്ങിമറിയലാ’
ണെന്ന ‘നമ്മുടെ മറുപടി’*** ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

1992ല്‍ തജക്കിസ്ഥാനില്‍ ആഭ്യന്തരയുദ്ധം പൊട്ടി. ഭൂമിയുടെ മേല്‍ക്കുര എന്ന് വിശേഷിപ്പിക്കുന്ന പാമീര്‍ മലനിരകളിലെ ഇസാമെയിലി വിശ്വാസികള്‍ക്ക്, ഭൂരിപക്ഷമുള്ള സുന്നികളുമായി മതപരമായോ ഭാഷാപരമായോ ജനിതകമായോ ബന്ധം കുറവായിരുന്നു. പാമിര്‍ മലനിരകള്‍ ആയിരത്തിലേറെ വര്‍ഷം പട്ടിന്റേയും സുഗന്ധദ്രവ്യങ്ങളുടേയും സഞ്ചാര പാതയായിരുന്നു. അവിടത്തുകാര്‍ പല സംസ്‌കാരവും കണ്ടവരും നല്ലതു പലതും കൊടുത്തവരും സ്വീകരിച്ചവരും ആണ്. തലസ്ഥാനമായ ഡുഷാംബേയിലുള്ള പാമീറുകള്‍ക്ക് പാലായനം ചെയ്യേണ്ടിവന്നു. പല ചെക്‌പോസ്റ്റും വഴിക്കുണ്ട്. പക്ഷേ, ഉച്ചാരണവിശേഷം അവരെ കുഴപ്പത്തിലാക്കി. ‘ആറ് സംഖ്യക്കുശേഷം ഏതാണ്’ എന്ന ചോദ്യത്തിന് ഹാഫ്റ്റ് ( Haft ) എന്നതിനു പകരം ഫാഫ്റ്റ് എന്ന് പറയാനേ പിമീരര്‍ക്കാവൂ. പിന്നെ, അവരുടെ നെറ്റിയിലൂടെ മനെറികേടിന്റെ വെടിയുണ്ടകള്‍ കടന്നുപോയി. ഭീതിയോടെ അവരുടെ പാലായനം അഫ്ഗാനിസ്ഥാനിലേക്കും, തിരിച്ച് ഖോറോഖ് (Khorog) പ്രദേശത്തേക്കും ആയിരുന്നു.

*Wanderers, Kings, Merchants എന്ന പുസ്തകം
**വെള്ളപ്പൊക്കം
***വള്ളത്തോള്‍

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.