Skip to main content

കെ.എം. സലിം കുമാര്‍ അധഃസ്ഥിതമുന്നേറ്റത്തിന്റെ ചിന്ത-സമരനേതൃത്വം

ആരും മഹത്തുക്കളായി ജനിക്കുന്നില്ല. ജീവിതമാണ് പലരെയും മഹത്തുക്കളാക്കുന്നത്. ഈ ഒരു വസ്തുത അടിവരയിടുന്നത് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ ചരിത്രം പരിശോധിക്കുമ്പോഴാണ്. നൂറ്റാണ്ടുകളിലൂടെ തകര്‍ക്കപ്പെട്ടുപോയ ഒരു ജനത ഉയര്‍ത്തെഴുന്നേല്‍ക്കുകയും വീണ്ടും തകര്‍ക്കപ്പെടുകയും ചെയ്യുകയും, കാലത്തിന്റെ പ്രഹേളികയ്ക്കുള്ളില്‍ ഉഴറി പോകാതെ പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ വഴികളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ചരിത്രം ഏറെയുണ്ട് പറയാന്‍. അത്തരം ചരിത്രത്തില്‍ കേരളത്തില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന നേതൃത്വങ്ങള്‍ ഒട്ടേറെ പേരുണ്ട്. അയ്യങ്കാളി മുതല്‍ ഗോപാലദാസനും, വെള്ളിക്കര ചോതിയും, കറുമ്പന്‍ ദൈവത്താനും, പൊയ്കയില്‍ അപ്പച്ചനും, പാമ്പാടി ജോണ്‍ ജോസഫും, വള്ളോനും, കൃഷ്ണാദിയും അങ്ങനെ ധാരാളം മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രത്തില്‍ പ്രശോഭിതമായി നില്‍ക്കുന്നുണ്ട്. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ കേരളത്തിന്റെ മണ്ണില്‍ ധീരതയോടെ പോരാടിയവരില്‍ പ്രമുഖര്‍ കല്ലെറ സുകുമാരനും പോള്‍ ചിറക്കരോടും ഒക്കെയാണ്.

അവര്‍ക്കൊപ്പം തന്നെ ആ മേഖലയില്‍ വ്യത്യസ്തമായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിച്ച സമകാലിക പ്രമുഖരില്‍ ഒരാളാണ് സലിംകുമാര്‍. കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ബൗദ്ധിക-സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങളിലെ അതിപ്രഗല്‍ഭന്‍മാരൊക്കെ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. പ്രതിബദ്ധനും ധൈഷണികനും പ്രതിഭാ ശാലിയുമായ കെ.കെ. കൊച്ച് കടന്നുപോയിട്ട് അധിക കാലമായില്ല. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കുകയും സമകാലീനനായിരിക്കുകയും ചെയ്ത സാമൂഹിക ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.എം. സലിംകുമാറും ഇപ്പോള്‍ ഇതാ വിടപറഞ്ഞു. വ്യക്തിപരമായി ഇവര്‍ രണ്ടുപേരും വളരെ വേണ്ടപ്പെട്ടവരും എന്റെ ജീവിതത്തോട് ചേര്‍ന്ന് നിന്നവരുമാണ്.

കെ.കെ. കൊച്ചിനോടും സലിംകുമാറിനോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഹൃദയസ്പര്‍ശിയായ ചരിത്രാനുഭവമായി ഞാന്‍ സൂക്ഷിക്കുകയാണ്. അവരുടെ വേര്‍പാട് വളരെയേറെ വൈകാരികമായി തന്നെ എന്നെ സ്വാധീനിക്കുന്നുണ്ട്. ജേഷ്ഠതുല്യര്‍ എന്ന നിലയില്‍ ഞാന്‍ അവരെ പരിഗണിക്കുകയും, അവരില്‍നിന്ന് സ്‌നേഹാദരങ്ങളും കരുതലുകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അംബേദ്കറൈറ്റ് മുന്നേറ്റ ധാരയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലേക്ക് എത്തപ്പെട്ട എന്റെ സാമൂഹിക-രാഷ്ട്രീയ-ബൗദ്ധിക വ്യവഹാരങ്ങള്‍ക്കിടയില്‍ സമകാലികരായ ധിഷണശാലികളെ കണ്ടുമുട്ടാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ നേട്ടവും ചരിത്രത്തിന്റെ അനിവാര്യതയും കൂടിയാവാം എന്ന് ഞാന്‍ കരുതുന്നു.

സലീംകുമാറിനെ ഞാന്‍ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും 1995കളിലാണ്. അദ്ദേഹം ദലിത്-ആദിവാസി ഏകോപനസമിതി എന്നപേരില്‍ ഒരു ഫോറം രൂപീകരിക്കുകയും ആ സമൂഹത്തിന്റെ ഏകോപനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കാനും, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഹൃദയപൂര്‍വ്വമായ പങ്കാളിത്തം വഹിക്കാനും ഒക്കെ കഴിഞ്ഞു എന്നത് ജീവിതാനുഭവങ്ങളിലെ പ്രധാനപ്പെട്ട ഓര്‍മ്മകളാണ്. സി.കെ. ജാനുവുമായിച്ചേര്‍ന്ന് ഭൂമി പ്രശ്‌നത്തില്‍ ഗൗരവതരമായ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങുന്നത് അക്കാലത്താണ്. അതും വലിയൊരു മുന്നേറ്റത്തിന്റെ തുടക്കത്തിന് കാരണമാകുന്നതില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞു എന്നതും ഞാനിപ്പോള്‍ ചാരിതാര്‍ത്ഥ്യമോടെ ഓര്‍ക്കുകയാണ്. അതിനുശേഷമാണ് അദ്ദേഹം ദലിത് ഐക്യസമിതി എന്ന് ഫോറം ഉണ്ടാക്കുന്നത്. സമിതിയുടെ ഏറ്റവും കരുത്തനായ നേതാവ് സലിംകുമാറിനൊപ്പം ഉണ്ടായിരുന്ന അഡ്വക്കറ്റ് ടി.ഡി. എല്‍ദോയാണ്. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല.

വി.ഡി. ജോസ്, കുഞ്ഞ് പഴന്താറ്റില്‍, വിജയന്‍ കോട്ടയം രമണന്‍, രാജപ്പന്‍ ചേട്ടന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ ഒരു നിര അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അതിനുശേഷം അദ്ദേഹം മറ്റൊരു ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ കോട്ടയം കേന്ദ്രീകരിച്ചു കൊണ്ടായിരുന്നുവത്. ദലിത് ഐക്യമായിരുന്നു ലക്ഷ്യം. ദലിത് യൂണിറ്റിക്കു വേണ്ടിയുള്ള ഒരു ശ്രമം സലിംകുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നത് വളരെ പ്രാധാന്യത്തോടെ ഓര്‍ത്തെടുക്കേണ്ട ഒന്നാണ് ചര്‍ച്ചകളും സംവാദങ്ങളും ഒക്കെ കോട്ടയം കേന്ദ്രീകരിച്ചുകൊണ്ട് അതിനായി അദ്ദേഹം നടത്തുന്നുണ്ട്.

അത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ദലിത് സമുദായ പരിപ്രേക്ഷ്യത്തെ സംബന്ധിച്ച തന്റെ വീക്ഷണം മുന്‍പോട്ട് വയ്ക്കുന്നത്. അപൂര്‍ണ്ണമായിട്ടാണെങ്കില്‍ കൂടി തന്നെ പുതിയൊരു പ്രവര്‍ത്ത പാന്ഥാവിന്റെ സാധ്യതകളിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കെ.ഡി.പി. യുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം അങ്ങനെ തുടര്‍ന്നുപോരുകയാണ് ചെയ്തിട്ടുള്ളത്. കെ.ഡി.പി. സ്വകാര്യമേഖലയില്‍ സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം കേരളത്തില്‍ ആദ്യമായിട്ട് ആരംഭിക്കുമ്പോള്‍ അതില്‍ പങ്കാളിയാവുകയും, കെ.ഡി.പിയോടൊപ്പം ആ വിഷയത്തില്‍ ഉറച്ച നിലപാടുമായി ചേര്‍ന്നുനില്‍ക്കുകയും ചെയ്ത ഒരാളായിരുന്നു സലിംകുമാര്‍. സ്വകാര്യമേഖലയിലെ സംവരണ വിഷയത്തിന്മേലുള്ള പ്രക്ഷോഭത്തിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി അദ്ദേഹം പങ്കെടുത്തു എന്നത് ഇപ്പോള്‍ വളരെ പ്രാധാന്യമോടെ ഞാന്‍ അനുസ്മരിക്കുകയാണ്. കേരളത്തിലെ അധികാര വിഭജനത്തെ സംബന്ധിച്ച് ഒരു അധികാരികമായ പഠനവും വീക്ഷണവും കെ.ഡി.പി. മുന്‍പോട്ടുവയ്ക്കുന്നുണ്ട്. കേരളത്തിലെ എം.എല്‍.എമാരുടെയും നേതൃത്വത്തിന്റെയും അധികാര-വിഭവ മേഖലയിലെ ജാതി തിരിച്ചുള്ള കണക്കുകളും മറ്റും ആദ്യമായി അവതരിപ്പിക്കുന്നത് കെ.ഡി.പിയാണ്. ആ പരിപാടിയുടെ ഭാഗമായി കൂടെനിന്ന് അദ്ദേഹം വളരെ പ്രോത്സാഹനവും ഊര്‍ജ്ജവും നല്‍കിയത് സന്തോഷകരമായി തന്നെ പറയാന്‍ ആഗ്രഹിക്കുകയാണ്.

പിന്നീട് ചെങ്ങറ ഭൂസമരത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളെല്ലാം ഒന്നിച്ചു ചേരുന്നത്. സമരത്തിന് ഒരു ഐക്യദാര്‍ഢ്യസമിതി രൂപീകരിക്കാനും ഞാന്‍ ഉള്‍പ്പെടെ തീരുമാനിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയും ഇടപെടുകയും ചെയ്തിരുന്നു. കെ. കെ കൊച്ച്. എം. ഡി. തോമസ്, സണ്ണി കപിക്കാട്, സി. എസ്. മുരളി തുടങ്ങിയവരൊക്കെ തന്നെ ഐക്യദാര്‍ഢ്യസമിതിയുമായി ബന്ധപ്പെട്ട് വരികയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് ഒരു വിപുലമായ ദലിത് ഫോറം രൂപീകരിക്കുവാന്‍ മുന്‍കൈയെടുക്കാന്‍ കൊച്ചേട്ടനും സലിംകുമാറും എന്നോട് ആവശ്യപ്പെടുന്നത്. കാരണം കെ.ഡി.പിയാണ് ഒരു സംഘടിത ശക്തിയായി നില്‍ക്കുന്നത്. തങ്ങള്‍ വ്യക്തികള്‍ എന്ന നിലയില്‍ ബൗദ്ധികരെന്ന നിലയിലാണ് ഉള്ളത് അതുകൊണ്ട് കെ.ഡി.പിയുടെ നേതൃത്വത്തില്‍ ഒരു പുതിയ സാമൂഹിക മുന്നേറ്റത്തെ രൂപപ്പെടുത്തണം എന്നതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് കെ.ഡി. എം.എസ് അതായത് കേരള ദലിത് മഹാസഭ രൂപീകരിക്കുന്നത് അതിന്റെ ജനറല്‍ സെക്രട്ടറി കെ.കെ. കൊച്ചും, സെക്രട്ടറി സലിംകുമാറും, പ്രസിഡന്റ് ഞാനുമായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു മുന്നേറ്റത്തിന്റെ ഭാഗമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ചരിത്രത്തിലെ അനിവാര്യതയായി കരുതുന്നു.
ഒരു തീവ്ര ഇടതുപക്ഷ നിലപാടുകളും വീക്ഷണവും വിമര്‍ശന വ്യവഹാരവുമാണ് അദ്ദേഹം പിന്‍തുടര്‍ന്നിരുന്നത്. സലിം കുമാറിന്റെ വിയോഗം സാമൂഹിക ജനാധിപത്യ മുന്നേറ്റ ധാരയ്ക്ക് ഒരു തീരാനഷ്ടമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.