ഇത് ഗ്രാംഷിയെ കുറിച്ചുള്ള അൽപം നീണ്ട കുറിപ്പാണ്. പല ഭാഗങ്ങളും മുമ്പ് എഴുതിയതാണ്. മുമ്പ് വായിച്ചിട്ടില്ലാത്ത താല്പര്യമുള്ളവർക്ക് വായിക്കാൻ.
89 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1937 ഏപ്രിൽ 27നാണ് , ആധുനിക കാലത്തെ വലിയ ചിന്തകരിലൊരാളും ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന അന്തോണിയോ ഗ്രാംഷി മരിച്ചത്. 89 കൊല്ലങ്ങൾക്ക് മുമ്പ് മഞ്ഞു വീണു കൊണ്ടിരുന്ന ഒരു കൊച്ചു വെളുപ്പാൻ കാലത്ത്, ഗ്രാംഷിയുടെ മൃതദേഹം ശവക്കല്ലറയിലേക്ക് കൊണ്ടുപോകുമ്പോൾ, കൂടെ പോകാൻ ഉണ്ടായിരുന്നത് രണ്ടേ രണ്ട് പേർ, ഗ്രാംഷിയുടെ അനിയനും, ഭാര്യയുടെ അനുജത്തി താന്യയും. ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്ന ജുമ്പ ലാഹിരി എന്ന എഴുത്തുകാരി, താൻ നടക്കാൻ പോകുമ്പോൾ നിത്യവും ആ ശവകുടീരത്തിനരികിലൂടെ കടന്നു പോകാറുണ്ടെന്ന് എഴുതിയത് ഈയിടെ വായിക്കാനിടയായി.

ഇറ്റലിയിൽ ഫാഷിസത്തിന്റെ വരവ് നേരത്തെ തിരിച്ചറിഞ്ഞത് അന്തോണിയോ ഗ്രാംഷിയായിരുന്നു. മറ്റെല്ലാവരും അതിനെ ഒരു താൽക്കാലിക പ്രതിഭാസമായി കണ്ടപ്പോൾ, വളരെ ആഴത്തിൽ വേരുകളുള്ള ഒരു ദുർഭൂതമാണ് ഇറ്റലിയെ വീഴുങ്ങുന്നതെന്ന് ഗ്രാംഷി മനസ്സിലാക്കി. പക്ഷെ ആ തിരിച്ചറിവ് തന്റെ ആത്മരക്ഷക്ക് ഉതകിയില്ല. സ്വയം രക്ഷപ്പെടാൻ അദ്ദേഹം തയ്യാറായില്ല എന്നു വേണം പറയാൻ. രാജ്യത്തിന്റെ പുറത്ത് സ്വിറ്റ്സർലണ്ടിൽ പോയി അവിടെ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ മേൽ പാർട്ടി സുഹൃത്തുക്കളുടെ നിർബന്ധമുണ്ടായിരുന്നു. മുങ്ങുന്ന കപ്പലിൽ നിന്ന് അവസാനം രക്ഷപ്പെടേണ്ട ആളാണ് കപ്പിത്താൻ എന്ന് ഗ്രാംഷി കരുതി. അന്നയാൾ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. പാർലിമെന്റ് അംഗവുമായിരുന്നു. അതേ, മുസോളിനിയുടെ ഫാഷിസ്റ്റ് പാർലിമെന്റിൽ. പാർലിമെന്റ് അംഗമെന്ന നിലയിലുള്ള പരിരക്ഷ (Immunity) അറസ്റ്റിൽ നിന്ന് തന്നെ ഒഴിവാക്കിയേക്കാം എന്നും അദ്ദേഹം കരുതിയിരിക്കാം.
ഫാഷിസ്റ്റുകൾക്ക് എന്ത് പാർലിമെന്റ്? എന്ത് ജനപ്രതിനിധി? എന്ത് പരിരക്ഷ? ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് ഗ്രാംഷിയായിരുന്നു. 1926 ൽ. 1937 ൽ മരിക്കുന്നതുവരെ പുറത്തു വന്നില്ല. അവസാന കാലത്ത് ഇനി ജീവിച്ചിരിക്കില്ല എന്ന് ഉറപ്പായപ്പോൾ ആശുപത്രിയിലേക്ക് മാറ്റി എന്നു മാത്രം. ഇനി ഈ തലച്ചോർ ഇരുപതു വർഷത്തേക്ക് പ്രവർത്തിക്കരുത് എന്നാണ് മുസോളിനിക്ക് വേണ്ടി പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ആദ്യം അഞ്ചു വർഷവും തുടർന്ന് ഇരുപതു വർഷവും , അതായിരുന്നു ഗ്രാംഷിക്ക് കിട്ടിയ തടവ് ശിക്ഷ. തടവറയിലേക്ക് പോകുമ്പോൾ തന്നെ ഗുരുതരമായ പല രോഗങ്ങളുമുണ്ടായിരുന്നു. ചികിത്സകൾ കിട്ടിയില്ല. ചങ്ങലക്കിട്ട് കൊലപ്പുള്ളികളുടെ കൂടെയാണ് ഗ്രാംഷിയെ കൊണ്ടു പോയിരുന്നത്. ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ടായിരുന്നു. പല്ലുകളൊക്കെ കൊഴിഞ്ഞു പോയി. തലവേദന സഹിക്കാനാകാതെ തടവറയുടെ ചുമരിൽ തലയിട്ടടിക്കുമായിരുന്നുവെന്ന് പിന്നീട് സഹതടവുകാർ പറഞ്ഞു. വായിക്കാനും എഴുതാനും വളരെയേറെ നിയന്ത്രണങ്ങളും പരിമിതികളുമുണ്ടായിരുന്നു. ആ തലച്ചോർ സ്വാഭാവികമായി സ്തംഭിച്ചു പോകേണ്ടതായിരുന്നു.
പക്ഷെ സംഭവിച്ചത് അതല്ല. തന്റെ ജീവിതത്തിലെ ബുദ്ധിപരമായ ഉണർവ്വിന്റെ ഏറ്റവും മികച്ച ദിനങ്ങളായി ആ തടവറ ദിവസങ്ങളെ ഗ്രാംഷി മാറ്റി. തുണ്ടു കടലാസുകളിലെഴുതി, തടവറയുടെ പുറത്തെത്തിച്ച ഏതാണ്ട് മൂവായിരം പേജുകളിലേറെ വരുന്ന സൈദ്ധാന്തിക രചനകൾ. 1946 ൽ ആദ്യം പുറത്ത് വന്നത് ഗ്രാംഷിയുടെ തടവറയിൽ നിന്നുള്ള കത്തുകൾ ആയിരുന്നു. ഒരു വലിയ അന്ധകാരത്തിൽ നിന്ന് ലോകം വെളിച്ചത്തിലേക്ക് തിരിച്ചുവരുന്ന നാളുകളായിരുന്നു അത്. ആ കത്തുകൾ ഇരുട്ടിൽ കൊളുത്തി വെച്ച തിരിനാളങ്ങൾ പോലെ ലോകം വായിച്ചു. 1947ൽ തടവറ നോട്ടു പുസ്തകങ്ങൾ Prison Notebooks പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. പിന്നീടുള്ളത് ചരിത്രം .
ഗ്രാംഷിയുടെ Prison Notebooks നേരത്തെ വായിച്ചിരുന്നു. ഈയിടെയാണ് തടവറ കത്തുകൾ വായിക്കാനിടയായത്. തന്റെ സുഹൃത്തുക്കൾ, അമ്മ, ഭാര്യ, ഭാര്യാ സഹോദരി, ചെറിയ മക്കൾ ഇവർക്കൊക്കെ എഴുതിയ കത്തുകൾ . (രണ്ടാമത്തെ മകനെ ഗ്രാംഷി കണ്ടിട്ടു പോലുമില്ല.) അത് വായിക്കുമ്പോൾ ഞാൻ വീണ്ടുമോർത്തു, ഫാഷിസ്റ്റുകൾ എത്ര വിഡ്ഢികൾ, ക്രൂരരെങ്കിലും.

അവർ തലച്ചോറുകൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. പക്ഷെ പേശികൾ അളിയുന്നു , തലച്ചോറുകൾ പിന്നെയും പ്രവർത്തിക്കുന്നു. ഈ വരികൾ എഴുതുന്ന എന്നിലും ഇതു വായിക്കുന്ന നിങ്ങളിലും പ്രവർത്തിക്കുന്നു, മരിച്ചു പോയിട്ടും ബാക്കിയായ ആ മനുഷ്യന്റെ തലച്ചോറിന്റെ ഒരംശം.
**
അന്തോണിയോ ഗ്രാംഷിക്ക് ഒരു കുടുംബം, റഷ്യക്കാരിയായ ഭാര്യയും രണ്ടു കുട്ടികളും ( ഭാര്യ ജൂലിയ , മക്കൾ ഡെലിയോ, ജൂലിയാനോ ) ഉണ്ടെന്നല്ലാതെ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ആർക്കൈവൽ രേഖകൾ പലതും ലഭ്യമായി തുടങ്ങിയതോടെ അതിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന പലതും പുറത്തു വരാൻ തുടങ്ങി. മറ്റൊരു പ്രധാന സ്രോതസ്സ് , ഗ്രാംഷിയുടെ ഇളയ മകൻ ജൂലിയാനോയുടെ ( ഗ്രാംഷി ആ മകനെ ഒരിക്കലും കണ്ടിട്ടില്ല, അവൻ ജനിക്കും മുമ്പ് അദ്ദേഹം തടവറയിലേക്ക് പോയി, പിന്നെ പുറത്തു വരാൻ കഴിഞ്ഞതുമില്ല.) മകൻ അന്തോണിയോ ഗ്രാംഷി ജൂനിയർ 2014 ൽ എഴുതിയ La Storia di Una famiglia rivoluzionaria എന്ന പുസ്തകമാണ്.

അന്തോണിയോ ഗ്രാംഷി ജൂനിയർ 2012 ൽ ഇറ്റലിയിലെ ടൂറിനിൽ നടത്തിയ ഒരു പ്രഭാഷണം ന്യൂ ലെഫ്റ്റ് റിവ്യൂ 2016 നവമ്പർ- ഡിസംബർ ലക്കത്തിൽ (102) My Grand Father എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നു,
” സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് മുമ്പ് എന്റെ മുത്തച്ഛൻ എനിക്ക് മങ്ങിയ ഒരു ഐതിഹ്യമായിരുന്നു. എന്റെ അച്ഛൻ ജൂലിയാനോ സംഗീതജ്ഞനും കലാചരിത്രകാരനുമായിരുന്നു. രാഷ്ട്രീയത്തോട് യാതൊരു അടുപ്പവും പുലർത്താത്തയാൾ. ഇരുപതാം നൂറ്റാണ്ടിന്റെ ദുരന്തങ്ങളെ വ്യക്തിപരമായി അനുഭവിച്ചയാൾ എന്ന നിലയിൽ , താനൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെ തനിക്ക് നഷ്ടപ്പെടുത്തിയത് രാഷ്ട്രീയമാണ് എന്ന് അദ്ദേഹം കരുതിയിരിക്കണം.”
1991 ൽ ഗ്രാംഷിയുടെ ജന്മശതാബ്ദി വേളയിൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും റോമിലെ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും (Fondazione Istituto Gramsci ) ജൂലിയാനോയെയും മകനെയും ഇറ്റലിയിലേക്ക് ക്ഷണിച്ചു. ആറ് മാസത്തോളം അവർ ഇററലിയിൽ ചിലവഴിച്ചു. ഗ്രാംഷിയുടെ ജന്മസ്ഥലമായ സാർഡീനിയയിൽ, പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന ടൂറിനിൽ, ഗ്രാംഷിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും അവർ പോയി. മുമ്പ് ഗ്രാംഷി കിടന്ന നിരവധി തടവറകളിൽ ഒന്നായ ടൂറിനിലെ തടവറയിൽ, അവിടുത്തെ തടവുകാർക്കായി, ജൂനിയർ ഗ്രാംഷി സംഗീത പരിപാടി ചെയ്തു. എന്റെ സന്ദർശനത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം. ഗ്രാംഷി എന്നാൽ ആരാണെന്ന് ആ സന്ദർശനത്തിലൂടെ ഞാൻ അറിയുകയായിരുന്നു, അയാൾ പിന്നെ ഓർത്തു.
നാട്ടിൽ തിരിച്ചെത്തിയ ശേഷം തന്റെ കുടുംബ ചരിത്രം ഔദ്യോഗിക രേഖകളും കുടുംബ രേഖകളും വെച്ച് ഗവേഷണം ചെയ്യാൻ തുടങ്ങി. അതിന്റെ ഫലമാണ് നേരത്തെ സൂചിപ്പിച്ച പുസ്തകം. 1922 ൽ ലെനിനും ഗ്രാംഷിയും തമ്മിലുള്ള കൂടിക്കാഴ്ചയൊക്കെ ആ പുസ്തകത്തിൽ വരുന്നുണ്ട്. ഗ്രാംഷിയുടെ മരണശേഷം അദ്ദേഹത്തിന്റെ മക്കളിലാരെങ്കിലും ഒരാളെ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ , ഗ്രാംഷിക്ക് ശേഷം പാർട്ടി സെക്രട്ടറിയായ തൊഗ്ലിയാറ്റി പരമാവധി ശ്രമിക്കുന്നുണ്ട് , ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയും ഗ്രാംഷിയും തമ്മിലുള്ള പ്രതീകാത്മകമായ തുടർച്ച നിലനിർത്താൻ. ജൂലിയ ശക്തമായി എതിർത്തതു കൊണ്ടു മാത്രം അത് നടക്കാതെ പോയി.
ഗ്രാംഷിയുടെ അവസാന നാളുകളെ കുറിച്ച് അവ്യക്തതകൾ നിലനിൽക്കുന്നു. 1936 ൽ ഗ്രാംഷിയെ സന്ദർശിച്ച അടുത്ത സുഹൃത്തായിരുന്ന പിയറോ സ്രാഫ, താൻ തടവിൽ നിന്ന് മോചിതനാവുമ്പോൾ സോവിയറ്റ് യൂണിയനിലേക്ക് പോകാൻ ഏർപ്പാട് ചെയ്യണമെന്ന് ഗ്രാംഷി ആവശ്യപ്പെട്ടതായി രേഖപ്പെടുത്തുന്നു. പിയറോ സ്രാഫ തന്നെയാണ് സോവിയറ്റ് യൂണിയനിൽ അപ്പോൾ ആരംഭിച്ച മോസ്ക്കോ വിചാരണകളെ കുറിച്ച് ഗ്രാംഷിയോട് പറയുന്നത്. ലെനിന്റെ അടുത്ത സഖാക്കളായിരുന്നവർ ഓരോരുത്തരായി വധശിക്ഷക്ക് വിധേയരായി തുടങ്ങിയിരുന്നു. ഗ്രാംഷി നിശ്ശബ്ദനായി ഇരുന്നു. അദ്ദേഹം ശാരീരികമായി അവശനായിരുന്നു , സോവിയറ്റ് യൂണിയനിലുള്ള ഭാര്യയെയും കുട്ടികളെയും അദ്ദേഹം ഓർത്തിരിക്കണം. 2000 ന്റെ ആദ്യത്തിൽ പുറത്തു വന്ന രേഖകളിൽ NKVD, സോവിയറ്റ് രഹസ്യപോലീസ്, 1936-37 കാലത്ത് ഗ്രാംഷിയെ സന്ദർശിച്ചതിന്റെ പരാമർശങ്ങളുണ്ട്. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആരൊക്കെയാണ് ട്രോട്സ്കിയിസ്റ്റുകൾ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. ഇറ്റാലിയൻ എംബസിയുമായി ബന്ധപ്പെട്ട് നിങ്ങൾ അന്വേഷിച്ച് അറിയൂ എന്നായിരുന്നു ഗ്രാംഷിയുടെ മറുപടി. ഈ സമയത്താണ് തന്റെ ജന്മനാടായ സാർഡീനിയയിലെ ബന്ധുക്കൾക്ക് ഗ്രാംഷി കത്തെഴുതുന്നത്, നാട്ടിൽ എനിക്കൊരു മുറി നിങ്ങൾ കണ്ടു പിടിക്കണം , ഗ്രാംഷിയുടെ മരുമകൾ എഡ്മിറ ഗ്രാംഷി ഓർക്കുന്നു. അധികം വൈകാതെ ഗ്രാംഷി മരിച്ചു. മുസ്സോളിനിയുടെ ഇറ്റലിയിലോ, സ്റ്റാലിന്റെ റഷ്യയിലോ തനിക്ക് ഇടമില്ലെന്ന് അറിഞ്ഞ ശേഷം.
Considerations on Western Marxism എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ പെരി ആൻഡേഴ്സൺ ആ കാലത്തെ പാശ്ചാത്യ മാർക്സിസ്റ്റുകളെ ഇരട്ട പരാജയത്തിന്റെ ഇരകളായി വിലയിരുത്തുന്നു , ഫാഷിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും.

മനുഷ്യരുടെ ചിന്തകൾ പക്ഷെ അങ്ങനെ പൂർണ്ണമായി എക്കാലത്തേക്കുമായി പരാജയപ്പെടുന്നില്ല എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗ്രാംഷി തന്നെ എഴുതിയതു പോലെ ധിഷണയുടെ അശുഭ ബോധത്തിന് മേൽ
ഇച്ഛയുടെ ശുഭാപ്തി വിശ്വാസം.
**
കുറച്ചു കാലം മുമ്പ് ഭീമ കൊറെഗാവ് കേസിൽ യുഎപിഎ കരിനിയമം ഉപയോഗിച്ച് തടവറയിൽ അടയ്ക്കപ്പെട്ട സുധഭരദ്വാജിനെ കുറിച്ച് വായിച്ചു പോയപ്പോൾ ഞാൻ നേരത്തെ സൂചിപ്പിച്ച പിയറോ സ്രാഫയിൽ ചെന്നു മുട്ടി. സുധ ഭരദ്വാജിൻ്റെ അമ്മ കൃഷ്ണ ഭരദ്വാജിലൂടെ.

പിയെറോ സ്രാഫ (Piero Sraffa) എന്ന കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ്റെ പ്രധാന കൃതികളിലൊന്നായ Production Of Commodities By Means Of Commodities പുറത്തുവരുന്നത് 1960 ലാണ്. ( സ്രാഫ ഇറ്റലിക്കാരൻ, അൻറ്റോണിയോ ഗ്രാംഷിയുടെ അടുത്ത സുഹൃത്ത്, തടവറയിൽ ഗ്രാംഷിയെ നിരന്തരം സന്ദർശിച്ചിരുന്ന രണ്ടു പേരിലൊരാൾ. ഗ്രാംഷിയുടെ തടവറ നോട്ടു പുസ്തകങ്ങൾക്ക് (Prison Notebooks) അക്ഷരാർത്ഥത്തിൽ കാരണക്കാരനും സ്രാഫ തന്നെയാണ് . എഴുതാനുള്ള പേനയും കടലാസും എത്തിച്ചതു മുതൽ പിന്നീട് അത് പ്രസിദ്ധീകരിക്കുന്നതിൽ വരെ. പ്രശസ്ത തത്വചിന്തകൻ ലുഡ്വിഗ് വിറ്റ്ഗൈൻസ്റ്റീൻ സ്രാഫയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു.)
സ്രാഫയുടെ പുസ്തകം അൽപം കടുകട്ടിയായിരുന്നു, പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് വരെ. ഈ പുസ്തകം റിവ്യൂ ചെയ്യാനായി Economic Weekly യുടെ (ഇന്നത്തെ Economic and Political Weekly യുടെ ആദ്യ രൂപം) പത്രാധിപർ സച്ചിൻ ചൗധിരി ഏൽപിച്ചത് തീരെ അപ്രശസ്തയായ കൃഷ്ണ ഭരദ്വാജ് എന്ന ചെറുപ്പക്കാരിയെയാണ്.
അവർ അന്ന് പി എച്ച് ഡി കഴിഞ്ഞ് നിൽക്കുന്നു. പത്ത് മാസമെടുത്ത് അവർ റിവ്യൂ എഴുതി. റിവ്യൂ വായിച്ച് , അതിൻ്റെ ആഴവും തെളിമയും കണ്ട് , അക്കാദമിക ലോകം ഞെട്ടിപ്പോയി. തീരെ അപ്രശസ്തയായ ഒരു ചെറുപ്പക്കാരിയിൽ നിന്ന് ആരും ഇത്ര കനപ്പെട്ട ഒരു സംഭാവന പ്രതീക്ഷിച്ചിരുന്നില്ല. സ്രാഫ തന്നെ അതിശയിച്ചു പോയി. താൻ ഉന്നയിച്ച ആശയങ്ങളെ വ്യക്തമാക്കുക മാത്രമല്ല അതിനെ വളരെയേറെ മുന്നോട്ടു കൊണ്ടുപോകാനും റിവ്യൂവിന് കഴിഞ്ഞിരിക്കുന്നു. സ്രാഫ ഉടൻ തന്നെ സച്ചിൻ ചൗധിരി മുഖേന കൃഷ്ണ ഭരദ്വാജിനെ ബന്ധപ്പെടുകയും അവരെ കേംബ്രിഡ്ജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി ചേരാൻ സൗകര്യങ്ങളും ചെയ്യുന്നു. കൃഷ്ണ ഭരദ്വാജ് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി, JNU വിൽ Centre for Economic Studies and Planning സ്ഥാപിക്കുന്നതിൽ മുൻകൈ എടുക്കുകയും അതിൻ്റെ അദ്ധ്യക്ഷയായി പ്രവർത്തിക്കുകയും ചെയ്തു. പ്രഭാത് പട്നായിക്ക്, ഉത്സ പട്നായിക്ക് തുടങ്ങി നിരവധി ബുദ്ധിജീവികളെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും സ്വതന്ത്രമായ സാമ്പത്തിക ചിന്തക്ക് ഇന്ത്യയിൽ അടിത്തറയൊരുക്കാനും കാരണമായത് കൃഷ്ണ ഭരദ്വാജാണ്. 1992 ൽ താരതമ്യേന ചെറിയ പ്രായത്തിൽ അവർ മരിച്ചു.
*

തൻ്റെ ധൈഷണിക ജീവിതത്തിൻ്റെയും വിമോചന ചിന്തകളുടെയും ഏറ്റവും വലിയ സ്വാധീനം അമ്മ കൃഷ്ണ ഭരദ്വാജ് ആണെന്ന് സുധ ഭരദ്വാജ് പറഞ്ഞിട്ടുണ്ട്. തൻ്റെ കുട്ടിക്കാലത്ത് കേംബ്രിഡ്ജ് സർവ്വകലാശാലയിലെ വസതിയിൽ പിയെറോ സ്രാഫയും അതു പോലുള്ള വലിയ ചിന്തകരും സ്ഥിരം വരാറുള്ളതും അവരുടെ ദീർഘസംഭാഷണങ്ങൾ കേട്ടിരിക്കാറുള്ളതും അവർ ഓർക്കുന്നുണ്ട്. ഇതൊക്കെ വായിച്ചു കൊണ്ടിരുന്നപ്പോൾ ഫാഷിസ്റ്റ് ഇറ്റലിയിൽ നിന്ന് ഫാഷിസ്റ്റ് ഇന്ത്യയിലേക്ക് ഒരു തുരങ്കപാത ചരിത്രത്തിലൂടെ നിർമ്മിക്കപ്പെടുന്നതായി എനിക്ക് തോന്നി.
അതിൻ്റെ അങ്ങേയറ്റത്തെ ഒരു തടവറയിൽ അന്തോണിയോ ഗ്രാംഷിയുണ്ട്. ഇങ്ങേയറ്റത്തെ ഒരു തടവറയിൽ സുധ ഭരദ്വാജ് ഉണ്ട്. ആ തുരങ്കം നിറയെ ഇരുട്ടാണ്. പക്ഷേ അതിൽ കെടാതെ നിൽക്കുന്ന കൈത്തിരികളായി
ഇതു പോലുള്ള അപൂർവ്വം മനുഷ്യരുമുണ്ട്.
***








No Comments yet!