Skip to main content

ഇന്ന് രാത്രി അത്താഴമില്ല

എന്റെ മകനേ,
ഇന്ന് രാത്രി അത്താഴമില്ല.
നിനക്ക്
കുറച്ചപ്പം കിനാവ് കാണാം.
ഉപ്പുരസമുള്ള
കണ്ണുനീര്‍ കുടിക്കാം.
നിന്റെ വയറിന്റെ നിലവിളി
ഒരു കൊടുങ്കാറ്റുപോലെ
ഭയാനകം.

എന്റെ മകനേ,
എനിക്കു നിന്റെ വിശപ്പകറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നു ഞാന്‍ കൊതിക്കുന്നു.
പക്ഷേ,
ഞാനൊരു നിസ്സഹായനായ,
നിര്‍ഭാഗ്യനായ പിതാവാണ്.
നിന്റെ വിശപ്പിന്റെ മുഖത്ത്
ഒരു മന്ദഹാസം വരയ്ക്കാന്‍
കഴിയാത്ത..

രാത്രി ഇരുട്ടാണ്,
കറുപ്പാണ്
നിന്റെ വേദന മറയ്ക്കാനുള്ള
ഒരു ദയാശൂന്യ തുണിപ്പാവാട.
ലോകം ബധിരം,
നിന്റെ നിലവിളിക്ക് തല തിരിച്ചു പോകുന്നൊരു കാറ്റുപോലെ.

എന്റെ മകനേ,
ഉറങ്ങൂ
നിനക്കൊരു ചന്ദ്രക്കല കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നു ഞാന്‍ പ്രത്യാശിക്കുന്നു.
രുചികരമായ വാഴപ്പഴം,
തിളങ്ങുന്ന മധുരമിഠായികള്‍…
പക്ഷേ ഞാനൊരു
നിസ്സഹായനായ പിതാവാണ്.

ഉറങ്ങുക മകനേ,
നാളെ ഒരു രക്തസാക്ഷിയായി ഉണരാന്‍,
ആയിരങ്ങളുടെ കൂട്ടത്തില്‍ ഒരു സംഖ്യയായി തീരാന്‍…
വിടരും മുമ്പേ കൊഴിഞ്ഞ
ഒരു പൂവ്…

പതിവുപോലെ,
മനുഷ്യത്വം അപലപിക്കും
അവര്‍ സഹതാപം അഭിനയിക്കും
മാരകമായ വിശക്കുന്ന കുട്ടിയോട്,

നഷ്ടപ്പെട്ട കഴുതയോടെന്ന പോലെ.

*****

വിവ : അസീസ് തരുവണ

 

No Comments yet!

Your Email address will not be published.