1535 ല്‍ ജനിച്ച്, 1616 ല്‍ അന്തരിച്ച എഴുത്തുകാരന്‍. ക്വെചുവ എന്ന പ്രാദേശിക വിഭാഗത്തിലാണദ്ദേഹത്തിന്റെ ജനനം. ക്വെചുവ, ആരു ഭാഷകള്‍ അതിനാല്‍ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു. പിന്നീട് സ്പാനിഷ് ഭാഷയും പഠിച്ചു. പെറുവിലെ ആന്ദെസിലെ പ്രാദേശികര്‍ സ്പാനിഷ് സാമ്രാജ്യത്തില്‍ നിന്നു നേരിട്ട പീഢനങ്ങളെക്കുറിച്ചാണദ്ദേഹം എഴുതിയിട്ടുള്ളത്. അതിനെക്കുറിച്ചെഴുതുക മാത്രമല്ല ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ടദ്ദേഹം.
ആദ്യത്തെ ഇങ്ക രാജാവിനെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍ മുമ്പു പ്രസ്താവിക്കപ്പെട്ട ആദമിന്റേയും ഹവ്വയുടേയും നിയമാധിഷ്ടിത പിന്തലമുറക്കാരില്‍ നിന്നാണു വന്നത്. നോഹയുടെ സന്തതിപരമ്പരകളില്‍ നിന്ന്. യുവാരി യൂറ കോക്ച റൂണ, യുവാരി റൂണ, പുരുണ്‍ റൂണ, ഔക റൂണ എന്നീ ആദിമരില്‍ നിന്ന്. അവരില്‍ നിന്നാണു പിന്നെ കപാക് യന്‍ഗ, ടോകയ് കാപാക്, പിനാവു കപാക് എനീ മൗലിക ഇങ്കകള്‍ വന്നത്. എന്നാല്‍ ഈ കുടുംബവും വംശപാരമ്പര്യവും പിന്നീട് കുറ്റിയറ്റു. അപ്പോള്‍ പില്‍ക്കാലത്തുണ്ടായവര്‍ അവരുടെ തന്നെ ആയുധങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി. അവരാണേറ്റവും ആധികാരികതയുള്ളവര്‍ എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്റിപ് ചൂരിനെ ആദ്യത്തെ കഥയെഴുത്തുകാരന്‍ സൂര്യപുത്രനെന്ന് വിളിച്ചതെങ്ങനെയെന്നു കാണാം. അക്കഥ ഇങ്ങനെയാണയാള്‍ പറഞ്ഞിരിക്കുന്നത്: ആദ്യമയാള്‍ തന്റെ പിതാവ് സൂര്യനും അമ്മ ചന്ദ്രനുമാണെന്ന് അവകാശപ്പെട്ടു. ശുക്രനക്ഷത്രമാണ് സഹോദരനെന്നും. ഉവാന കൗരി തന്റെ ആരാധനാപാത്രമാണെന്നുമവകാശപ്പെട്ടു. അവര്‍ കണ്ടുമുട്ടിയത് ടാന്‍ബൊ ടോകൊ എന്നൊരിടത്താണത്രെ. ടാന്‍ബൊ ടോകൊയെ പകാരി ടാന്‍ബൊ എന്നും വിളിക്കാറുണ്ട്. അവര്‍ ഇതിനെയെല്ലാം ആരാധിക്കുകയും ഇവയ്ക്ക് ബലികള്‍ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആദ്യത്തെ ഇങ്കയായ ടൊകായ് കാപകിനു ആരാധനാമൂര്‍ത്തികളോ ആഘോഷച്ചടങ്ങുകളോ ഇല്ലായിരുന്നു. മാന്‍ഗൊ കാപക് യന്‍ഗയുടെ അമ്മയും ഭാര്യയും ഭരണമേറ്റെടുക്കുന്നതുവരെ അയാള്‍ നിഷ്‌കളങ്കനായി തുടര്‍ന്നു. അമാരസ് സര്‍പ്പങ്ങളുടെ വംശപരമ്പരയില്‍ പെട്ടെവരായിരുന്നു അവര്‍. നമ്മളിവിടെ കണ്ട ഇങ്കയെക്കുറിച്ച് അവര്‍ പറയുന്ന മറ്റു കാര്യങ്ങളെല്ലാം, അതിലവര്‍ ചേര്‍ത്തുന്ന വര്‍ണ്ണങ്ങളെല്ലാം അസംബന്ധങ്ങളാണ്.
ഇവ അവകാശപ്പെടുന്നത് ഇങ്കകള്‍ മാന്‍ഗൊ കാപക് യന്‍ഗയുടെ ഭരണത്തോടെ ഇല്ലാതായി എന്നാണ്. അതു മാത്രമല്ല, യുവാരി യൂറ കോക്ച റൂണ, യുവാരി റൂണ, പുരുണ്‍ റൂണ, ഔക റൂണ തുടങ്ങിയ പൂര്‍വ്വികരുടെ കാലങ്ങളെ സൂചിപ്പിക്കും വിധം ഇവരില്‍ ബന്ധുക്കളോ, കുടുംബങ്ങളോ, കോട്ടകളോ, വയലുകളോ, ഭൂമിയോ ആചാരകേന്ദ്രങ്ങളോ, സ്ഥലങ്ങളോ ഇങ്കകള്‍ക്കില്ലായിരുന്നു എന്നും ഇവരുടെ കഥകള്‍ പായുന്നുണ്ട്.
അതിനാല്‍ അയാള്‍ ആദ്യത്തെ ഇന്ത്യക്കാരില്‍ നിന്നുള്ള പിന്തലമുറക്കാരനാണോ അതോ ആദമിന്റേയും പ്രളയകാലത്തെ നോഹയുടെ അനന്തിരാവകാശിയായ യുവാരി യൂറ കോക്ച റൂണയുടെ പിന്തലമുറക്കാരനാണോ എന്നയാള്‍ക്ക് നിശ്ചയിച്ച് പറയാനായില്ല. അതോ അയാള്‍ കാപക് ആപോയുടെ വംശത്തിലുള്ളവനാണോ എന്നും അറിയില്ല. അതിന്റെ ഫലമയാണയാള്‍ താന്‍ സൂര്യപുത്രനാണെന്ന് അവകാശപ്പെട്ടത്.
ഈ പറഞ്ഞ ഇങ്ക മാന്‍ഗൊ കാപകിന്റെ പിതാവാരെന്നറിയില്ലായിരുന്നു. അയാള്‍ സൂര്യപുത്രനാണെന്ന് അവര്‍ അയാളോടു പറഞ്ഞു. യന്റ്റിപ് ചൂരിന്‍ എന്നാല്‍ സൂര്യപുത്രന്‍. ക്വിലാപ് ഉനാന്‍ എന്നാല്‍ ചന്ദ്രപുത്രന്‍. സത്യത്തില്‍ അയാളുടെ അമ്മ മാമ യുവാകൊയായിരുന്നു. ഈ പെണ്ണ് ഒരു വഞ്ചകിയായിരുന്നു എന്നവര്‍ പറയുന്നു. വിഗ്രഹാരാധകയും മന്ത്രവാദിനിയുമായിരുന്നു. നരകത്തിലെ ചെകുത്താന്മാരോട് സംസാരിക്കുന്നവളും ദുര്‍മന്ത്രവാദ ചടങ്ങുകള്‍ നടത്തുന്നവളുമായിരുന്നു. അങ്ങനെ അവള്‍ കുന്നിന്‍ മുകളിലേയും കുളങ്ങളിലേക്കും കല്ലുകളെക്കൊണ്ട്, പാറകളെക്കൊണ്ട്, സംസാരിപ്പിച്ചു. അതിനു കാരണം ചെകുത്താന്മാര്‍ അവളോടു പ്രതികരിക്കാറുണ്ടെന്നതാണ്. അങ്ങെനെ ഇവളാണ് യുവാകാസ്, വിഗ്രഹങ്ങള്‍, മന്ത്രവാദം, വശീകരണം എന്നിവയെല്ലാം കണ്ടെത്തിയത്. അതെല്ലാമുപയോഗിച്ചവള്‍ ആദ്യം ഇന്ത്യക്കാരെ വഞ്ചിച്ചു. ചതിച്ചുകൊണ്ടേയിരുന്നു. അതിനു ശേഷം രാജ്യത്തെ ഒന്നാകെ വഞ്ചിച്ചു. നിരന്തരം വഞ്ചിച്ചു. രാജ്യം കൂസ്‌കൊയുടെ അധീനത്തിലായി. ഒരു സ്ത്രീയ്ക്ക് കല്ലുകളും പാറകളും കുന്നുകളുമായി സംസാരിക്കാനാകുന്നു എന്ന അത്ഭുതം ഇന്ത്യക്കാര്‍ കണ്ടതിനാലാണിതെളുപ്പമായത്. അങ്ങനെ മാമ യുവാകൊയെ എല്ലാവരും അനുസരിക്കാനാരംഭിച്ചു. അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കാനും ആരംഭിച്ചു. അതിനാല്‍ അവരെ ”കോയ” അഥവാ കൂസ്‌കൊയിലെ റാണി എന്നു വിളിച്ചു. അവള്‍ അവള്‍ക്കേതു മണ്ഡലത്തിലെ പുരുഷന്മാരുമൊത്തു ശായിക്കണമെന്നാഗ്രഹം തോന്നിയോ അവരുമൊത്തു ശയിച്ചു. അവരുടെ ഈ വഞ്ചന വര്‍ഷങ്ങളോളം തുടര്‍ന്നു എന്നാണ് ഇന്ത്യക്കാരിലെ പഴമക്കാര്‍ പറയുന്നത്.
ഇവരെ ആദ്യം മാമ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അവര്‍ വിവാഹിതയായപ്പോള്‍ മാമ യുവാകൊയായി. പിന്നീട് അവരുടെ മകന്റെ വിവാഹം കഴിഞ്ഞു. അവര്‍ റാണിയായി. അപ്പോള്‍ അവര്‍ മാമ യുവാകൊ കോയ എന്നറിയപ്പെടാനാരംഭിച്ചു. അതിനിടയില്‍ താന്‍ ഗര്‍ഭിണിയാണെന്നും ഉദരത്തിലുള്ളതൊരു പുത്രനാണെന്നും അവള്‍ ചെകുത്താനില്‍ നിന്നറിഞ്ഞു. ആ കുഞ്ഞിനു ജന്മം നല്‍കണമെന്നും അതിനെ ആരുമറിയാതെ പില്‍കൊ സീസ എന്ന ആയയ്ക്ക് കൈമാറണമെന്നും ചെകുത്താന്‍ അവളോട് നിര്‍ദ്ദേശിച്ചു. അതിനായി നവജാത ശിശുവിനെ ടാന്‍ബൊ ടോകൊ എന്ന ഗുഹയിലെത്തിക്കണം. രണ്ടു വര്‍ഷം കഴിഞ്ഞേ പിന്നെ കുഞ്ഞിനെ പുറത്തുകൊണ്ടുവരാന്‍ പാടുള്ളു, എന്നും നിര്‍ദ്ദേശമുണ്ടായി. ഗുഹയ്ക്കകത്ത് അവനെ പരിചരിക്കണം. അതിനു ശേഷം പകാരി ടാന്‍ബൊയില്‍ നിന്ന് കാപക് ആപൊ യന്‍ഗ പുറത്തുവരും എന്നു പ്രഖ്യാപിക്കണം. സൂര്യന്റേയും സൂര്യപത്‌നിയായ ചന്ദ്രന്റേയും മകനായ മാന്‍ഗൊ കാപക് യന്‍ഗയാണതെന്നും അവന്‍ ഇങ്കകളുടെ കരുത്തനായ രാജാവാണെന്നും പ്രഖ്യാപിക്കണം. ശുക്രനക്ഷത്രമാണവന്റെ സഹോദരന്‍ എന്നും പ്രഖ്യാപിക്കണം. യുവാനാ കൗരിയാണയാളുടെ ആരാധ്യ ദേവത എന്നു പറയണം. ഈ രാജാവ് പിന്നെ രാജ്യം ഭരിക്കും. അയാളും അവരെപ്പോലെ ഒരു കാപക് ആപൊ യന്‍ഗയാകും. അതായത് കരുത്തുള്ള ഇങ്ക പ്രഭു. അങ്ങനെയാണ് ഗുവാക ബില്‍കാസ്, അതായത് കൂസ്‌കൊയിലെ അമാനുഷിക ചെകുത്താന്മാര്‍ പ്രഖ്യാപിച്ചതും അതിനെ നിയന്ത്രിച്ചതും.
ഈ പറഞ്ഞ യന്‍ഗയ്ക്ക് ഭൂമിയില്ലായിരുന്നു, വിശുദ്ധാചാര കേന്ദ്രങ്ങളില്ലായിരുന്നു. അയാളുടേതെന്നവകാശപ്പെടുന്ന ഒരു പിതാവോ വംശപരമ്പരയോ പ്രത്യക്ഷമായിട്ടില്ല, ഇനിയതൊട്ടുണ്ടാകാനും പോകുന്നില്ല. അയാളുടെ അമ്മ താണകുലജാതയും മന്ത്രവാദിനിയുമായിരുന്നു എന്നെല്ലാവരും പറയുന്നു. ആദ്യമായി ചെകുത്താന്മാരെ സേവിക്കുകയും അവരുമായി ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നവരണാവര്‍ എന്ന്. സ്വര്‍ഗ്ഗത്തിന്റെ അത്യുന്നതങ്ങളില്‍ വാഴുന്ന സൂര്യനും ചന്ദ്രനും എങ്ങനെ ഒരു ശിശുവിനെ ജനിപ്പിക്കാനാകും? അതൊരു നുണയാണ്. അയാള്‍ ഒരു രാജ്യത്തിന്റെ രാജാവായത് ദൈവാധികാരത്താലോ എന്തെങ്കിലും നീതിയുക്തമാര്‍ഗ്ഗത്താലോ അയാളിലെത്തിച്ചേര്‍ന്നതല്ല. അയാള്‍ ഒരു അമാരു സര്‍പ്പവും ചെകുത്താനുമാണെന്ന് പറയുന്നവരുണ്ട്. അയാള്‍ക്ക് പ്രഭുത്വത്തിനോ രാജാവാകാനോ അവകാശമില്ല എന്ന്.
അതിനാദ്യത്തെ കാരണം ഒരു പ്രഭുവാകാന്‍ അയാളുടെ കൈവശം ഭൂമിയോ പുരാതനമായ ഗൃഹമോ ഇല്ലായിരുന്നു എന്നതാണ്. രണ്ടാമത്തേത് അയാള്‍ ദൈവത്തിന്റെ ശത്രുവായ ചെകുത്താന്റെ മകനായ അമാരു എന്ന തിന്മ നിറഞ്ഞ സര്‍പ്പമായിരുന്നു എന്നതും. മൂന്നാമതായി താന്‍ സൂര്യചന്ദ്രന്മാരുടെ പുത്രനാണെന്ന അയാളുടെ അവകാശവാദം ഒരു ശുദ്ധ നുണയാണെന്നതാണ്. നാലാമത്തെ കാരണം, പിതാവില്ലാതെ, താണകുലത്തില്‍ പെട്ട, ആദ്യത്തെ മന്ത്രവാദിനിയായ, ചെകുത്താന്മാരുടെ മുഖ്യ സേവികയായ അമ്മയില്‍ ജനിച്ചവനാകയാല്‍ അയാള്‍ക്ക് ഒരു വംശപാരമ്പര്യമോ ലോകത്തിന്റെ വരും തലമുറയ്ക്ക് മാതൃകയാകാവുന്ന, അതിനെ പ്രതിനിധികരിക്കാവുന്ന ബഹുമതിയോ ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ ബഹുമതിയുള്ളവനാകാന്‍ അയാള്‍ക്കാകില്ല. അമാരു സര്‍പ്പമായ ചെകുത്താന്റെ മകനും വന്യജീവിയുമാണല്ലോ അയാള്‍.
*****
വിവ : സുരേഷ് എം.ജി
No Comments yet!