Skip to main content

കഥയിടുക്കുകൾ

ശക്തി കുറഞ്ഞെങ്കിലും പെയ്‌തൊടുങ്ങാതെ നിന്ന മഴയില്‍ റെയില്‍പാളത്തിലേക്കിറങ്ങിയ ഗംഗാധരന്‍ ട്രാക്കിന്റെ വശത്ത് നിന്നും പറിച്ചെടുത്ത ചേമ്പില കുടയാക്കി പാളങ്ങളില്‍ മനുഷ്യവിസര്‍ജ്യം കുതിര്‍ന്ന് പടര്‍ന്ന് കിടന്നിരുന്ന കാലമോര്‍ത്ത് അറപ്പോടെ മുന്നോട്ട് നടക്കുന്നതിനിടയില്‍ മുന്‍പേ നടന്ന പട്രോളിങ്ങ് ജീവനക്കാരനെ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു:

‘ഭായി സാബ്… ഭായി സാബ്…’

തിരിഞ്ഞുനിന്ന ഭായി വിളിയിലെ ദൈന്യത തിരിച്ചറിഞ്ഞു പറഞ്ഞു:

‘ഞാന്‍ സാബല്ല ഭയ്യാ… ഭായി , വെറും ഭായി ….. ‘

‘ഭയ്യാ, കലശം തിരയാന്‍ ഞാന്‍ കൂടെ വന്നോട്ടെ…’

ചേമ്പില കൊണ്ട് തടയാനാകാത്ത മഴയില്‍ നനഞ്ഞൊലിച്ച് മകന്റെ ചിതാഭസ്മകലശം തിരയാന്‍ റെയില്‍പാളത്തില്‍ ഇറങ്ങി നിന്ന ഗംഗാധരനെ ഒഴിവാക്കാന്‍ തോന്നാതിരുന്ന ഭായി മുന്നോട്ട് നടക്കുന്നതിനിടയില്‍ പറഞ്ഞു:

‘വേഗം നടക്കണം. ട്രെയിനില്‍ നിന്ന് കലശം എറിഞ്ഞ സ്ഥലത്ത് തിരഞ്ഞിട്ട് എനിക്ക് സമയം തെറ്റാതെ അടുത്ത സ്റ്റേഷനില്‍ എത്താനുള്ളതാണ്. പിന്നെ കലശം കിട്ടിയാല്‍ കേസായ സ്ഥിതിക്ക് അത് സ്റ്റേഷനില്‍ ഏല്പിക്കണം.’

ഒന്ന് നിര്‍ത്തിയിട്ട് ഭായി ചോദിച്ചു:

‘കലശം വലിച്ചെറിഞ്ഞത് നിങ്ങളിറങ്ങിയ സ്റ്റേഷന്‍ എത്തുന്നതിന് ഏകദേശം പതിനഞ്ച് മിനിറ്റ് മുന്‍പാണെന്നല്ലേ പറഞ്ഞത്?’

ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ കലഹത്തിനിടെ സമയം നോക്കാന്‍ പഴുതില്ലാതെ പോയ ഗംഗാധരന്‍ പിന്നീട് റെയില്‍വേ പോലീസിനോട് മറ്റാരോ പറഞ്ഞതോര്‍ത്ത് അതെയെന്ന് മൂളി.

അത്രയും നടന്ന് താണ്ടാനുള്ള നേരം കണക്കാക്കിയിട്ട് ഭായി വേവലാതി ഇല്ലാതെ പറഞ്ഞു:

‘ഇനി ട്രെയിന്‍ പുലര്‍ച്ചയേ ഉള്ളൂ. അല്പം വേഗം നടന്നാല്‍ തിരയാനുള്ള സമയം കിട്ടും.’

അപ്പോഴേക്കും അവര്‍ പ്ലാറ്റുഫോമിന്റെ അറ്റം എത്താറായിരുന്നു.
എന്തിനെന്നറിയാതെ ഗംഗാധരന്‍ പ്ലാറ്റുഫോമിന്റെ അങ്ങേത്തലയ്ക്കലേക്ക് തിരിഞ്ഞു നോക്കി.മേല്‍ക്കൂരയില്‍ പിടിപ്പിച്ച ട്യൂബ് ലൈറ്റുകളുടെ നീണ്ട നിരയ്ക്ക് താഴെ ആളൊഴിഞ്ഞ പ്ലാറ്റ്ഫോമും അതിലെ കസേരകളും ബെഞ്ചുകളും ഒരുക്കിയ അലംകൃതകാഴ്ച കാണാതെ അയാള്‍ ഏതോ ബെഞ്ചില്‍ കൂനിക്കൂടിയിരുന്ന ഭാര്യ നിര്‍മ്മലയെ ഒരാവര്‍ത്തി തിരഞ്ഞു.

കെട്ടിയ മിന്ന് കാലുഷ്യത്താല്‍ തൂക്കുകയാറോളം എത്തിച്ച നിര്‍മ്മലയെ ഒന്നുകൂടെ തിരയാന്‍ മിനക്കെടാതെ ഇനിയൊരിക്കലും വീണ്ടും കാണരുതേ എന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ തിടുക്കത്തില്‍ ഭായിക്ക് പിന്നാലെ നടന്നു.

‘ഭായിസാബ് പേടിക്കേണ്ട. നേരം പുലര്‍ന്ന് കഴിഞ്ഞ് പോലീസ് വിശദമായ തിരച്ചിലിന് ഇറങ്ങും.’

നീളം കൂടിയ പ്ലാറ്റുഫോമിന്റെ ബാക്കിയുള്ള ദൂരം താണ്ടുന്നതിനിടയില്‍ ഭായി പറഞ്ഞു.
ഇരുവശവും വിസ്തൃതമായ പാടത്തിന് നടുവിലെ റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടയില്‍ ഭായി ഇളകിക്കിടന്ന ഫിഷ് പ്ലേറ്റ് കൂടം കൊണ്ട് അടിച്ചുറപ്പിച്ച ശബ്ദം നാലുപാടു നിന്നും ആകാശത്തുനിന്നും പ്രതി ധ്വനിച്ചു.
തോര്‍ന്നെങ്കിലും വിട്ടൊഴിയാതെ നിന്ന മഴയുടെ മൂകാന്തരീക്ഷത്തില്‍ മറ്റൊലിയുടെ ഇരമ്പം ഗംഗാധരനില്‍ തീവ്രപ്രകമ്പനമായി.

ഭൂഗര്‍ഭത്തില്‍ നിന്ന് പോലും മുഴക്കം പൊട്ടിപ്പുറപ്പെടുന്നത് പോലെ.

മുന്നോട്ട് നടക്കുന്നതിനിടയില്‍ ഭായി ചോദിച്ചു:

‘മകന് എത്ര വയസ്സുണ്ടായിരുന്നു?’

‘ഏഴു വയസ്സ്.’

പറയാന്‍ ഒട്ടുമേ താല്പര്യം ഇല്ലായിരുന്നുവെങ്കിലും ഗംഗാധരന്‍ നിതിന്റെ വയസ്സ് പറഞ്ഞു.

‘അസുഖം ആയിരുന്നോ?’

‘ഹാങ്ജി.’ മഴയത്ത് കേട്ടില്ല എന്ന് നടിക്കാമായിരുന്നെങ്കിലും ഗംഗാധരന്‍ മറുപടി പറഞ്ഞു.

‘മരുന്ന് കൊടുത്തില്ലേ?’

‘കൊടുത്തു.’

ദുര്യോഗത്തിന് എന്ത് മരുന്ന് എന്ന് ഗംഗാധരന്‍ ചോദിച്ചില്ല .

ടോര്‍ച്ചിന്റെ വെട്ടത്തില്‍ പാളത്തില്‍ എന്തോ കുനിഞ്ഞു നോക്കി പരിശോധിച്ച് തെല്ലിട നിന്നിട്ട് മുന്നോട്ട് നടക്കുന്നതിനിടയില്‍ ഭായി പറഞ്ഞു:

‘നമുക്ക് ഒന്നും ചെയ്യാനില്ല. എല്ലാം ആരോ തീരുമാനിക്കുന്നു, നടപ്പാക്കുന്നു.’
എപ്പോഴൊക്കെയോ കേട്ടു തേഞ്ഞ വാക്കുകളായിരുന്നെങ്കിലും അവ അന്നാദ്യമായി ഗംഗാധരനെ ഒരു നൊടി സമാശ്വസിപ്പിച്ചു.

ഗംഗാധരന്റെ നടത്തം പതിയെയായി.

കാലുകളില്‍ നിന്നും ലക്ഷ്യപ്രാപ്തിയുടെ വേഗങ്ങള്‍ അഴിഞ്ഞുപോയി.
ലക്ഷ്യമില്ലായ്മ ഭാരമുള്ള ശൂന്യത എന്ന വല്ലായ്മയായ് കാലുകളില്‍ പിണഞ്ഞു.
കുറച്ചകലെ നിന്ന് ധൃതിപ്പെട്ട ഭായിയുടെ തിരക്കൂട്ടലുകളില്‍ ഗംഗാധരന്‍ നടത്തയുടെ വേഗം കൂട്ടുന്നതായി ഭാവിച്ചെങ്കിലും മനസ്സും ശരീരവും അധികമധികം മന്ദമായി. മഴയും മെല്ലെ മെല്ലെ ഒഴിഞ്ഞു.

തുറസ്സായ പാടത്തിന് കുറുകെ വീശിയ കാറ്റില്‍ താപമാപിനികള്‍ വിറങ്ങലിച്ചു. നാളെ രാവിലെ പത്ത് മണിയോടെ നിതിന്റെ ചിതാഭസ്മകലശവുമായി നാട്ടില്‍ വണ്ടിയിറങ്ങും എന്ന് നിനച്ചിരുന്നതാണ്.
ഇപ്പോഴിതാ നീണ്ട് നീണ്ട് കിടക്കുന്ന റെയില്‍പ്പാളങ്ങളിലെ ഭീതി വിതാനിച്ച ഇടനാഴിയിലൂടെ ആരോ വഴിനടത്തുന്നു.
ഓരോ നിമിഷവും കാല്‍ച്ചുവട്ടിലേക്ക് വഴിക്കുടുക്കുകള്‍ നീട്ടി വയ്ക്കുന്നു.
മുന്‍പേ നടന്ന ഭായി കൂടിക്കൂടി വരുന്ന അകലങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒന്ന് രണ്ട് തവണ തിരിഞ്ഞ് നോക്കി എന്തൊക്കെയോ വിളിച്ച് പറഞ്ഞു.
പിന്നെ കാഴ്ചയ്ക്കപ്പുറത്തേക്ക് നടന്ന് മറഞ്ഞു.
അയാള്‍ സമയത്താല്‍ ബന്ധിതനാണല്ലോ.
മുന്നിലേക്കും പിന്നിലേക്കും നീളുന്ന റെയിലുകള്‍ പുതച്ചു കിടന്ന തണുത്ത ഏകാന്തതയുടെ ഗംഭീര ഗുരുത്വത്തില്‍ ഒരു നിമിഷം അഭിരമിച്ച ഗംഗാധരന്‍ സമയക്രമങ്ങള്‍ക്ക് പുറത്തേക്ക് സ്വത്വകാംക്ഷകള്‍ നീട്ടി പാളത്തില്‍ മുഖം പൊത്തിയിരുന്നു.

പിന്നെ കൈകള്‍ ഇരുവശത്തേയും തണുത്ത പാളത്തില്‍ കുത്തി മുഖമുയര്‍ത്തി ഉടഞ്ഞ ചില്ല് കഷ്ണങ്ങള്‍ പോലെ നക്ഷത്രങ്ങള്‍ ചിതറിക്കിടക്കാത്ത ആകാശത്തേക്ക് നോക്കി.
വണ്ടിയേതുമില്ലാത്ത ഗതികോര്‍ജ്ജങ്ങളായി തീവണ്ടികളുടെ ഇരമ്പങ്ങള്‍ ഗംഗാധരനിലൂടെ പലപാട് കടന്ന് പോയി.
അവയില്‍ ചില ഇരമ്പങ്ങള്‍ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി നനവാര്‍ന്ന അടരുകള്‍ക്കിടയില്‍ പുതഞ്ഞ് പിടഞ്ഞു.
ഉള്ളിലുരുവം കൊണ്ട് ബഹിര്‍ഗമിക്കാനാകാതെ ഭ്രമങ്ങളായ ഊര്‍ജ്ജോല്‍സുകങ്ങള്‍ എന്തിനെന്നറിയാത്ത വെമ്പലായി സ്വത്വത്തിലെ തുറസ്സിലും ഇടുക്കിലും ഇരമ്പിയാര്‍ത്തു.
നിതിന്റെ ചിതാഭസ്മവും കൊണ്ട് നാട്ടിലേക്കുള്ള യാത്ര വര്‍ണ്ണശബളിതവും പ്രൗഢവും ആക്കാനാണ് മഹാനഗരത്തിലെ മാളില്‍ വാതില്‍പാലനം ചെയ്തിരുന്നപ്പോള്‍ ധരിച്ചിരുന്ന ഷൂസും വര്‍ണ്ണക്കുപ്പായവും തലപ്പാവും മാളിലെ മാനേജരോട് ഇരന്നത്.

അവസാനനിമിഷങ്ങളില്‍ കുരുങ്ങിശ്ശേഷിക്കുന്നു എന്ന തോന്നലുളവാക്കിയ ഗംഗാധരന്റെ ജീവിതത്തോടുള്ള അനുകമ്പയില്‍ മാനേജര്‍ സ്റ്റോക്കിലിരുന്ന് പഴകിയതെങ്കിലും പുതിയ ഒരു സെറ്റ് യൂണിഫോം തന്നെ നല്‍കി.
റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഷൂസ് പോളിഷ് ചെയ്ത് മിനുക്കി.
മുഖം കൃത്യമായും ഭംഗിയായും ക്ഷൗരം ചെയ്തു. ഇരുകവിളുകളിലേക്കും പടര്‍ന്നു നിന്ന മീശ മുഖത്തിന് നല്‍കിയ ഗാംഭീര്യം തെല്ലിട ആസ്വദിച്ചു. കുളിച്ച് വന്നിട്ട് താഴത്തെ ഗല്ലിയിലെ പരിചയക്കാരനായ തേപ്പുകാരന്‍ സൗജന്യമായി തേച്ച് കൊടുത്ത യൂണിഫോം അണിഞ്ഞു.

വാതില്‍പാലകരുടെ ഒരുക്കത്തിനായി ബര്‍സാത്തിയുടെ പുറംചുമരില്‍ മാളിലെ ഉടമസ്ഥര്‍ സ്ഥാപിച്ചിരുന്ന വലിയ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ ചെന്ന് നിന്ന് തലപ്പാവ് തലയില്‍ വെച്ചിട്ട് യൂണിഫോം ഒന്ന് കൂടി ശരിയാക്കി. പിന്നെ അകത്ത് പോയി എടുത്തു കൊണ്ട് വന്ന ചുവന്ന പട്ടില്‍ പൊതിഞ്ഞ ചിതാഭസ്മകലശം ദേഹത്തോട് ചേര്‍ത്ത് പിടിച്ച് നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നിന്നു.

കടുംനീല യൂണിഫോമിനോട് ചേര്‍ന്നിരിക്കുന്ന ചെമ്പട്ടിന്റെ പൊതി നിലക്കണ്ണാടിയില്‍ തീര്‍ത്ത ചിത്രചാരുതയില്‍ ഗംഗാധരന്‍ രമിച്ചു നില്‍ക്കെ പ്രതിബിംബം ഒരു മിന്നല്‍മാത്രയ്ക്ക് ഒരേ വേഷഗരിമയില്‍ നില്‍ക്കുന്ന ഗംഗാധരന്റെയും കുഞ്ഞ് നിതിന്റെതുമായി.

നിതിന്‍ ഗംഗാധരന്റെ ഷെര്‍വാണിയില്‍ പിടിച്ച് താഴേക്ക് വലിച്ചുകൊണ്ട് അച്ഛന്റെ മുഖത്തേക്ക് ദൈന്യമാര്‍ന്ന കണ്ണുകള്‍ ഉയര്‍ത്തുമ്പോഴേക്കും നിലക്കണ്ണാടി പൊട്ടിയുടഞ്ഞു.
നാട്ടിലേക്കുള്ള യാത്രയുടെ തിരക്കെന്നുമില്ലാതെ അലക്ഷ്യമായി എന്തൊക്കെയോ ചെയ്തിരുന്ന നിര്‍മ്മല എപ്പോഴാണ് നിലക്കണ്ണാടിയിലേക്ക് നിതിന്റെ പന്ത് വലിച്ചെറിയാന്‍ പാകത്തിന് എത്തിയതെന്ന് ഗംഗാധരന്‍ അന്ധാളിക്കുമ്പോഴേക്ക് യാത്ര പറയാനായി മട്ടുപ്പാവിലേക്ക് കയറിവന്ന ലിഫ്റ്റ് ഓപ്പറേറ്റര്‍ അയാളറിയാതെ സന്ദര്‍ഭത്തെ പ്രത്യക്ഷമായ ശാന്തതയിലേക്ക് ഉയര്‍ത്തി.

യാത്രാമംഗളങ്ങള്‍ ചാഞ്ചല്യത്തോടെ നേര്‍ന്ന ലിഫ്റ്റ് ഓപ്പറേറ്ററെ വാതില്‍ക്കലോളം അനുഗമിച്ച് തിരികെ നിലക്കണ്ണാടിയുടെ മുന്നിലെത്തിയപ്പോള്‍ അവിടെ നീലത്തലപ്പാവ് വെച്ച രാജാവിന്റെ ഉടഞ്ഞ മുഖങ്ങള്‍ കണ്ടു. അങ്ങനെ നോക്കി നില്‍ക്കെ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്നും പണ്ടെങ്ങോ കിട്ടിയ രണ്ട് പ്ലാസ്റ്റിക് കൂടുകളില്‍ ഒതുങ്ങിയ സാധനങ്ങളുമായി മുഷിഞ്ഞ വേഷത്തില്‍ ഉടഞ്ഞ പ്രതിബിംബമായി നിര്‍മ്മല പിന്നിലൂടെ കടന്നു പോയി.
ബര്‍സാത്തി പൂട്ടിയിറങ്ങിയ ഗംഗാധരന്‍ മട്ടുപ്പാവില്‍ നിന്ന് ചുറ്റുപാടും നോക്കി.നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടസമുച്ചയം ആയതിനാല്‍ പതിവ് പോലെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല.

ഗംഗാധരന്‍ മുമ്പോട്ട് നീങ്ങി അരയ്ക്കുമീതെ പൊക്കമുള്ള കൈവരിക്കടുത്ത് നിന്ന് കെട്ടിടസമുച്ചയത്തിന്റെ നടുമുറ്റത്തേക്ക് എത്തിനോക്കി.
നൂറോളം കിണറുകളുടെ ആഴമുണ്ടെന്ന് സങ്കല്പിക്കപ്പെട്ട നടുമുറ്റം.
കുറച്ചു നാള്‍ മുന്‍പായിരുന്നെങ്കില്‍ അവിടെ ചെങ്കല്‍ത്തൊടികള്‍ വെട്ടിയൊരുക്കിയ ആഴത്തില്‍ നിന്നെന്നപോലെ തണുപ്പുയര്‍ന്ന് വരുമായിരുന്നു. കിണര്‍വെള്ളത്തില്‍ തുള്ളുന്ന ചെറുപ്രാണികള്‍ തൊടുക്കുന്ന ഓളവലയങ്ങളും ചെങ്കല്‍ത്തൊടികളില്‍ വളരുന്ന ചെറുചെടികളുടെ പച്ചപ്പും കാണാമായിരുന്നു.
കുഞ്ഞുനിതിന്‍ ബര്‍സാത്തിയിലെ കലുഷിതജീവിതത്തി ന്റെ പൊള്ളലുകളില്‍ നിന്നും നൂറോളം കിണറുകളുടെ ആഴമുള്ള നടുമുറ്റത്തേക്ക് ഉഴറി വീണതിന് ശേഷം അവിടെ ചോരപ്പൊട്ടുകള്‍ ചിതറിയ ചോരച്ചിത്രമേ കാണാനുണ്ടായിരുന്നുള്ളു.

ബര്‍സാത്തിയുടെ താക്കോല്‍ കൈമാറാനായി താഴെ മാളിന്റെ മാനേജരുടെ മുറിയിലെത്തിയ ഗംഗാധരന്‍ അദ്ദേഹത്തെ തലപ്പാവ് വച്ച തല താഴ്ത്തി കുമ്പിട്ട് തൊഴുതു.
റോഡിലേക്കിറങ്ങാനായി മാളിന്റെ ഏതാനും പടികളറങ്ങിയതിന് ശേഷം തിരികെ ചെന്ന് പുതിയ വാതില്‍പാലകന്റെ അനുമതിയോടെ അഞ്ച് മിനിറ്റ് നേരം മാളിലേക്ക് വന്നവരെ ഭവ്യതയോടെ സ്വീകരിച്ചു.
അപ്പോഴേക്കും മാളിന്റെ വാതില്‍ക്കലെത്തിയ മാനേജരെയും മറ്റ് സ്റ്റാഫുകളെയും ഒന്നുകൂടെ തൊഴുത് ഗംഗാധരന്‍ പടിയിറങ്ങാന്‍ തുനിയുമ്പോള്‍ ചില കണ്ണുകളില്‍ നനവ് കിനിഞ്ഞു.
റോഡരികില്‍ ഈര്‍ഷ്യയോടെ കാത്ത് നിന്ന നിര്‍മ്മലയ്ക്കരികില്‍ എത്തിയ ഗംഗാധരന്‍ മാളിന്റെ കമനീയമായ വാതില്‍ക്കലേക്ക് ഒന്ന് കൂടെ തിരിഞ്ഞ് നോക്കി.

ആത്മഹത്യാശ്രമത്തിന് പുറമെ രണ്ട് മക്കളെ കൊന്നതിനും നിതിനെ കൊല്ലാന്‍ ശ്രമിച്ചതിനും കുറ്റപത്രം സമര്‍പ്പിക്കപ്പെടുതിന് തൊട്ടുമുന്‍പ് കുടുംബകലഹത്തിന്റെ ബീജഗണിതത്തില്‍ വൈകാരികതയും അഹംഭാവവും ഒടിമറയുമ്പോള്‍ പിഴച്ചതാര്‍ക്ക് എന്ന സംശയത്തില്‍ നിര്‍മ്മലയെ ജാമ്യത്തിലിറക്കി പലായനം ചെയ്ത് വന്നപ്പോള്‍ അഭയം തന്ന മാള്‍! ഉള്ളിലെ നടുമുറ്റത്ത് നിതിന്റെ ചോരച്ചിത്രമുള്ള മാള്‍!
ഗംഗാധരന്‍ റോഡ്‌സൈഡില്‍ നിന്ന് മാളിന് നേരെ കുമ്പിട്ട് വണങ്ങി.
ചുവന്ന പട്ടു കൊണ്ട് മൂടിക്കെട്ടിയിരുന്ന കുടത്തിനുള്ളിലെ നിതിന്റെ ചിതാഭസ്മം വലതു കൈകൊണ്ട് ദേഹത്തോട് ചേര്‍ത്ത് പിടിച്ചായിരുന്നു സൈക്കിള്‍റിക്ഷയിലെ യാത്ര.

റിക്ഷയിലെ സീറ്റിന്റെ ഒരു വശത്ത് പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ് തുടങ്ങിയ വേഷവുമായി കൈയിലെ ബിഗ്ഷോപ്പര്‍ കെട്ടിപ്പിടിച്ച് എല്ലിന്‍കൂട് പോലെയിരുന്ന നിര്‍മ്മലയും ഗംഗാധരനും തമ്മിലെ പ്രകടമായ വ്യത്യാസം മൂലമാകണം തിരക്കുള്ള നഗരത്തിലെ വഴിയരുകിലെ ചിലരെങ്കിലും അവരെ വല്ലായ്മയോടെ നോക്കി. റിക്ഷയില്‍ നിന്നിറങ്ങി തലയുയര്‍ത്തി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട വരിയില്‍ ഉയര്‍ന്നു നിന്ന തലപ്പാവും നെഞ്ച് വിരിച്ചു നിന്ന ഷെര്‍വാണിയും സത്യത്തില്‍ പൊതിഞ്ഞ് പിടിച്ചിരുന്നത് വല്ലാതെ ദ്രവിച്ച് പോയ സ്വത്വത്തെയായിരുന്നു എന്ന് ഗംഗാധരന്‍ മാത്രമേ അറിഞ്ഞുള്ളു. എഴുന്നേല്‍ക്കാന്‍ വയ്യ.
ഭായി ഗംഗാധരന്റെ കാഴ്ചവട്ടത്തിനപ്പുറത്തേക്ക് വളരെ ദൂരം നടന്ന് മറഞ്ഞിരുന്നു.
സ്വത്വബോധത്തിന്റെ അനുക്രമശൈഥില്യത്തില്‍ അഭിരമിച്ച് ഗംഗാധരന്‍ റെയില്‍പ്പാളത്തില്‍ കാല്‍മുട്ടുകളില്‍ മുഖം അമര്‍ത്തിയിരുന്നു.
മഴവെള്ളത്തിന്റെ സൂക്ഷ്മധൂളികള്‍ നിറഞ്ഞ ഒരു കാറ്റ് വീശിപ്പോയി.
മീന്തുള്ളി പി ഒ!
ഇതു വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത സ്ഥലമാണെങ്കിലും തലവരയില്‍ ആ സ്ഥലം സൂചി തറച്ച് അടയാളപ്പെടുത്തിയിട്ടുണ്ടാവണം.
റെയില്‍വേ പോലീസിലെ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ പുന്നൂസും മഹാരഥനും പറഞ്ഞ സ്ഥിരവിലാസത്തിലെ വാക്ക്.
നിതിന്റെ ചിതാഭസ്മക്കുടം ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞത് എന്തിനെന്ന ചോദ്യത്തിന് മുന്നേ ചെകിടത്ത് വീണ അടിയുടെ ഊക്കില്‍ ഉടഞ്ഞു പോയ ആത്മബലം വീണ്ടെടുക്കുന്നതിന് മുമ്പ് പറഞ്ഞ വിലാസം സത്യമാകാനാണ് സാധ്യത.

‘റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് എടുക്കാനുള്ള ക്യൂവില്‍ തലപ്പാവ് വച്ചു തല ഉയര്‍ത്തിപ്പിടിച്ചുള്ള ഈ ചേട്ടന്റെ നില്‍പ്പ് കണ്ടപ്പോള്‍ ഏതോ ദേശത്തെ രാജാവാണെന്ന് ഈ പുന്നൂസിന് തോന്നി സാര്‍ …’

മഹാരഥന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ഇനിയും തീരാത്ത ഏതോ കയ്പ്പ് കടിച്ചമര്‍ത്തി പുന്നൂസ് പറഞ്ഞു:

‘മീന്തുള്ളി രാജാവ് ‘

കാര്യം മനസ്സിലായില്ലെങ്കിലും വാക്കുകളിലെ ദുസ്സൂചനയില്‍ നിന്നും ഇത്രയും കാലത്തെ പോലീസ് ജീവിതത്തിനിടയില്‍ ഒരു സ്റ്റേഷന്‍ പരിധിയിലും സംഭവിച്ചിട്ടില്ലാത്ത അമ്പരപ്പിക്കുന്ന എന്തോ ആണ് കാര്യമെന്ന് തിരിച്ചറിഞ്ഞ ഇന്‍സ്‌പെക്ടര്‍ പുന്നൂസിന്റെ നട്ടെല്ലിന് കൈമുട്ട് കൊണ്ട് ഇടിച്ചു.
വേദനയിലും മുഖത്തെ ചെറുചിരി മായാതെ കാത്ത പുന്നൂസിന്റെ മനസ്സപ്പോള്‍ അതിപ്രബലമായ അധികാരസ്ഥാനത്തോട് ഏറ്റുമുട്ടുന്ന നിരായുധനായ പോരാളിയുടേതായിരുന്നു.

”ക്യാ, തു പാഗല്‍ ലോഗ് മുച്ചേ ഉല്ലൂ ബനാറേ…’

നേരെ തിരിഞ്ഞ ഇന്‍സ്‌പെക്ടര്‍ ചെകിടത്ത് പൊട്ടിക്കുന്നതിന് മുന്‍പേ മഹാരഥന്‍ പുന്നൂസിനെ ചൂണ്ടി വിറയലോടെ പറഞ്ഞു:

‘സാബ്… എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇവനാ… ഇവന് അധികാരികളോട് കടുത്ത വെറുപ്പും അമര്‍ഷവുമാണ്…’ ഗംഗാധരനെ ചൂണ്ടി മഹാരഥന്‍ തുടര്‍ന്നു: ‘തലപ്പാവുമൊക്കെയായി ഈ ചേട്ടനെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ മുതല്‍ മീന്തുള്ളി ദേശം കാല്‍ച്ചുവട്ടിലിട്ട് അടക്കി ഭരിക്കുന്ന സ്വേച്ഛാധിപതിയായ രാജാവ് എന്നൊരു തോന്നല്‍ ഇവനുണ്ടായി…’

തറയില്‍ കമഴ്ന്നു കിടക്കുകയായിരുന്ന പുന്നൂസിന്റെ ചുണ്ടുകള്‍ വക്രിച്ച് ചിരിച്ചത് ആരും കണ്ടില്ല.
ആ ചിരിക്കൊപ്പം കുടിപ്പള്ളിക്കൂടം ആശാനില്‍ തുടങ്ങി പള്ളിക്കൂടത്തിലെ സാറന്മാരെയും ഒന്നാം സാറിനെയും സ്വന്തം അപ്പനമ്മമാരെയും കടന്ന് സകല നാട്ടധികാരങ്ങളെയും വെല്ലുവിളിച്ച് ജീവിതത്തിലെ പടവുകള്‍ സ്വയം തകര്‍ത്ത കഥയും വക്രിച്ചു.

പുന്നൂസുമായി സാഹോദര്യത്തോളം എത്തിയിരുന്ന ചങ്ങാത്തത്തിന്റെ ഇഴകളറുക്കുന്നതാണ് സന്ദര്‍ഭോചിതം എന്നറിഞ്ഞ മഹാരഥന്‍ അധികാരസ്ഥാനങ്ങളോട് കലഹിച്ച് തിരസ്‌ക്കരിക്കയാല്‍ തരിപ്പണമായ സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ പരിതപിക്കുന്ന മദ്യപാനവേളകളിലെ അപൂര്‍വ്വനേരങ്ങളെക്കുറിച്ച് ഓര്‍ത്തു.
പുന്നൂസിന്റെ ഉള്ളുരുക്കങ്ങള്‍ സോഡയോ വെള്ളമോ ചേര്‍ക്കാത്ത പെഗ്ഗുകള്‍ക്ക് ശമിപ്പിക്കാവുന്നതിനും അപ്പുറമായിരുന്നു.

എങ്കിലും രാവിലെ പണിസൈറ്റിലെത്തിയാല്‍ അളവുകള്‍ അണുവിട തെറ്റാതെ ഇരുമ്പിന്റെ കൂറ്റന്‍ കഷ്ണങ്ങള്‍ മുറിച്ച് വെല്‍ഡ് ചെയ്ത് ചേര്‍ത്ത് ഗര്‍ഡറുകള്‍ ഉണ്ടാക്കുന്ന തൊഴിലാളികളുടെ മേലാളനാകും.
എന്‍ജിനീയര്‍മാര്‍ നല്‍കുന്ന ഡ്രോയിങ്ങിലെ അളവുകള്‍ സ്വന്തമായ ഏതെല്ലാമോ സൂത്രവാക്യങ്ങളില്‍ ഒതുങ്ങി പുന്നൂസിന് മനഃപ്പാഠമാകുമായിരുന്നു.

പണിശീലമല്ലാതെ യോഗ്യതകളൊന്നുമില്ലാത്ത പുന്നൂസ് ഡിസൈന്‍ തിരുത്താനും മെച്ചപ്പെടുത്താനും തുടങ്ങിയിടത്തെല്ലാം ചുളിഞ്ഞ നെറ്റികള്‍ അയാളുടെ ഉപജീവനം പലപ്പോഴും തട്ടിത്തെറിപ്പിച്ചു.
ത്രികോണാജ്യാമിതിയിലെ ഏണേകോണേ പ്രശ്‌നത്തിന് നടപ്പുവഴി വിട്ട് തനതായ കുറുക്കുവഴിയിലൂടെ പരിഹാരത്തിലെത്തിച്ച ബുദ്ധികൂര്‍മ്മതയെ അസഹിഷ്ണുതയോടെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ അധ്യാപികയെപ്പോലെ.

വെറും കൈയുമായി ഒറ്റമുറിക്കുടുസ്സില്‍ എന്തിലൊ അഭിരമിച്ച് അടച്ചരിക്കുന്ന പുന്നൂസിന് പുതിയ തൊഴില്‍ കണ്ടെത്തുക മഹാരഥന്റെ ഉത്സാഹമായിരുന്നു.
തൊഴില്‍പരമായ കലഹങ്ങളില്‍ നിന്ന് കണ്ണില്‍ വിഷാദവും വിജയിയുടെ പുഞ്ചിരിയുമായി നിശബ്ദം ഇറങ്ങിപ്പോയ പുന്നൂസിനെ തിരികെയെടുക്കാന്‍ തൊഴിലുടമകള്‍ മടിച്ചിരുന്നില്ല.
തൊഴിലിന് മേല്‍ തൊഴിലാളിയുടെ ആധിപത്യം എന്നൊക്കെ മഹാരഥന്‍ പറയുമ്പോള്‍ ‘ പൈത്യം പറയാതെടാ ‘ എന്ന ശാസനയിലൊതുങ്ങും പുന്നൂസിന്റെ ആനന്ദം.

നിലവിലെ തൊഴിലുടമ ഓരോ ശമ്പളദിനത്തിലും നേരിട്ട് രഹസ്യമായി നല്‍കുന്ന ബ്ലൂ ലേബല്‍ കുപ്പി കമ്പനിയിലെ മുതിര്‍ന്ന എന്‍ജിനീയറോട് പോലും കാണിക്കാത്ത സൗമനസ്യമായിരുന്നു.
ഗര്‍ഡറുകള്‍ പടുകൂറ്റന്‍ ക്രയിനുകളില്‍ അന്തരീക്ഷത്തില്‍ തൂങ്ങിയാടുമ്പോള്‍ അതില്‍ ചെയ്ത വെല്‍ഡിങ്ങുകള്‍ ഒത്തൊരുമിച്ച് നീലപ്പുകയുടെ പശ്ചാത്തലത്തില്‍ പൂത്തിരി കത്തുന്നത് അകക്കണ്ണാല്‍ കണ്ടു നില്‍ക്കുമ്പോഴുള്ള പുന്നൂസിന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാന്‍ ആര്‍ക്കും ആകുമായിരുന്നില്ല.
എങ്കിലും ആ കാഴ്ചയില്‍ നിന്നും മുഖം തിരിക്കുമ്പോള്‍ പുന്നൂസിന്റെ മുഖത്ത് മ്ലാനത നിഴലാടുന്നതും മൂക്കത്ത് ശുണ്ഠി വരുന്നതും കൂടെ പണിയെടുത്തിരുന്ന മഹാരഥന്‍ എപ്പോഴും അറിഞ്ഞിരുന്നു.
മുന്നില്‍ ഭീഷണമായി നിന്ന ഇന്‍സ്‌പെക്ടറോട് ഓര്‍ത്തെടുത്ത കാര്യങ്ങള്‍ വിറയലോടെ മഹാരഥന്‍ പറയുന്നതിനിടെ നാലഞ്ച് മലയാളികളും ഹിന്ദിക്കാരനായ ഒരു നേതാവും സ്റ്റേഷനിലേക്ക് കയറിവന്നു.
മലയാളികളെ പുറത്തു നിര്‍ത്തിയിട്ട് നേതാവ് ഇന്‍സ്‌പെക്ടറുടെ മുറിയിലേക്ക് കയറി.
പുറത്തു നിന്ന മലയാളികള്‍ ഗംഗാധരനെയും നിര്‍മ്മലയെയും വ്യഗ്രതയാര്‍ന്ന മുഖഭാവത്തോടെ നോക്കി പരസ്പരം അടക്കിപ്പിടിച്ച് സംസാരിക്കുന്നതിനിടയില്‍ ഇന്‍സ്‌പെക്ടറുടെ മുറിയില്‍ നിന്ന് മണിയൊച്ച കേട്ട് അകത്തേക്ക് പോയ പോലീസുകാരന്‍ തിരികെ വന്ന് ഗംഗാധരനോട് അകത്തേക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു.
തറയില്‍ മുട്ടിന്മേല്‍ നില്‍ക്കുന്നു മഹാരഥനും പുന്നൂസും.
മേശയുടെ വശത്ത് മാറി നില്‍ക്കുന്ന ഇന്‍സ്‌പെക്ടര്‍.

ഇന്‍സ്‌പെക്ടറുടെ മേശയ്ക്ക് എതിര്‍വശത്തെ കസേരയില്‍ കിരീടം തലയിലല്ല കാലിലാണെന്ന ഭാവത്തില്‍ വിലകൂടിയ പാദുകം എല്ലാവരും കാണും വിധം കാലിന്മേല്‍ കാല് കയറ്റി വച്ച് ഇരിക്കുന്ന നേതാവ്.
ചുണ്ടിന് മീതെ രണ്ട് വാളുകള്‍ നീണ്ട് വളഞ്ഞ് നില്‍ക്കുന്ന പോലെ തോന്നിപ്പിക്കുന്ന മീശ പിരിച്ച് വലത്തെ പുരികം ഉയര്‍ത്തി ഇടത്തെ കണ്ണ് ചെറുതായി അടച്ചു കൊണ്ട് നേതാവ് ഗംഗാധരനോട് ചോദിച്ചു:

”തും കമ്മ്യൂണിസ്റ്റ് ഹെ?”

ഒന്നും മിണ്ടാതെ നിന്ന ഗംഗാധരനോട് ഇരമ്പല്‍ പോലെ വീണ്ടും ചോദ്യമെത്തി :

”ക്യാ തക്ലീഫ് ഹെ തേരേകോ?”

മകന്റെ ചിതാഭസ്മം എന്നൊക്കെ വിറയലോടെ തപ്പിത്തടയാന്‍ തുടങ്ങിയ ഗംഗാധരന്റെ നേരെ ഗര്‍ജ്ജനത്തോടെ കുതിച്ച് പൊങ്ങിയ നേതാവ് അയാളെ കഴുത്തിന് പിടിച്ച് ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി ശബ്ദം താഴ്ത്തി, എന്നാല്‍ ഉരുള്‍ പൊട്ടി വരുന്ന മുഴക്കത്തോടെ പറഞ്ഞു:

”സിര്‍ഫ് മേം… ഇവിടെയെല്ലാം ഞാന്‍ നിശ്ചയിക്കും…. ഔര്‍ കോയി നഹി….”

പിന്നെ മുറിയിലെ എല്ലാവരോടുമായി മുരണ്ടു:

”ഢൂണ്ട്‌നാ യാ നഹി ഢൂണ്ട്‌നാ… മില്‍ചുക്കാ യാ നഹി…. നാളെ രാവിലെ ആറ് മണിക്ക് മുന്‍പേ എല്ലാം അവസാനിച്ചിരിക്കണം….”

മുറിയില്‍ നിന്നിറങ്ങുന്നതിന് മുന്നേ ഗംഗാധരനെ ഒരു നൊടി നോക്കിയ നേതാവ് ഒരു പക്ഷേ അച്ഛനെന്ന ഭാവം ഉണര്‍ന്നറിഞ്ഞത് കൊണ്ടാകാം തല തിരിച്ച് ഇന്‍സ്‌പെക്ടറോട് പറഞ്ഞു:

”ഇന്‍സ്‌പെക്ടര്‍, അഗര്‍ ഇന്‍കോ ഡൂണ്ട്‌നേകേലിയെ കോയി മദദ് ചാഹിയെ തോ….”

നേതാവ് വാചകം പൂര്‍ത്തിയാക്കുന്നതിന് മുന്നേ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു:

”ഹാങ്ജീ…. ഹാങ്ജീ….”

പിന്നെയെല്ലാം വേഗത്തിലായിരുന്നു.
സ്റ്റേഷന്‍ മാസ്റ്റര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ച് അനുമതി വാങ്ങിയ ശേഷം പ്ലാറ്റ്‌ഫോമിലിരുന്ന ട്രോളി ജീവനക്കാര്‍ പാളത്തിലേക്ക് ഇറക്കി വെച്ചു. ട്രെയിനിലെ പിടിവലിക്കിടയില്‍ കുത്തഴിഞ്ഞ് പോയ നീല തലപ്പാവ് കഴുത്തിലിട്ട് ദൈന്യതയോടെ നിന്ന ഗംഗാധരന്റെ വിവശത കണ്ടതുകൊണ്ടാകാം അയാളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ട് പോലീസുകാര്‍ അയാളെ കൂട്ടാതെ ട്രോളിയില്‍ കയറി റെയില്‍വേ ജീവനക്കാര്‍ക്കൊപ്പം പാളത്തിലൂടെ നിതിന്റെ ചിതാഭസ്മകലേശം തേടി യാത്രയായി.

ലോക്കപ്പിലേക്ക് മാറ്റിയിരുന്ന മഹാരഥനും പുന്നൂസിനും അവരെ സഹായിക്കാനെത്തിയ മലയാളികള്‍ ഭക്ഷണം വാങ്ങിക്കൊടുത്തു. പോലീസ് സ്റ്റേഷന് പുറത്ത് ഇന്‍സ്പെക്ടര്‍ വരാന്‍ കാത്തിരുന്ന നേരത്ത് തന്നെ കാഴ്ചയില്‍ മലയാളികളെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ പുന്നൂസിനെയും മഹാരഥനെയും സഹായിക്കാന്‍ എത്തിയിരുന്നു.
ഏതോ ഒരു നാട്ടിലെ റെയില്‍വേ സ്റ്റേഷന്‍ . അവിടെ ശത്രുക്കള്‍ക്ക് സഹായികളെത്തി എന്നത് വിശപ്പും വിവശതയുമായിരുന്ന ഗംഗാധരനില്‍ ഒറ്റപ്പെടലിന്റെ അസ്വസ്ഥതകള്‍ മുളപ്പിച്ചു.

അവരില്‍ ചിലരുടെയെല്ലാം ഫോണിലേക്ക് വന്ന കോളുകള്‍ക്ക് അവര്‍ വളരെ വ്യഗ്രതയോടെ മാറിനിന്ന് മറുപടി പറയുന്നതിനിടയില്‍ ഗംഗാധരന് നേരെ വന്ന നോട്ടങ്ങളില്‍ ശത്രുതയുടെ മുന തിളങ്ങുന്നതായി തോന്നി.
പ്ലാറ്റ്ഫോമിലെ സ്റ്റേഷന്‍ നാമം ഹിന്ദിയിലായതിനാല്‍ വായിക്കാനാകാതെ ഗംഗാധരന്‍ കുഴങ്ങുമ്പോഴേക്കും ഒന്ന് രണ്ട് പേര്‍ കൂടെ ശത്രുപക്ഷത്തേക്ക് എത്തി. ലോകം മുഴുവന്‍ തനിക്കെതിരെ അണിനിരക്കുന്നു എന്ന തോന്നലിലെത്തിയ ഗംഗാധരന്‍ സഹായത്തിന്റെ എന്തെങ്കിലും പഴുത് ഉണ്ടോ എന്നറിയാന്‍ പ്ലാറ്റ്ഫോമിലെ സ്റ്റേഷന്‍ നാമത്തിന്റെ ഹിന്ദിക്കുരുക്കഴിക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും തോറ്റു.
ആരെയെങ്കിലും ഫോണില്‍ വിളിക്കുന്നതായി ഭാവിക്കാമായിരുന്നെങ്കിലും അത് ശത്രുപക്ഷത്തെ കൂടുതല്‍ ജാഗ്രത്താക്കും എന്ന വീണ്ടുവിചാരം വന്ന് തടഞ്ഞു.
എന്നിരിക്കിലും ഗംഗാധരന്‍ വെറുതെ ഫോണെടുത്ത് സ്വിച്ച് ഓണ്‍ ചെയ്ത് കോണ്‍ടാക്ട് ലിസ്റ്റിലൂടെ സ്‌ക്രോള്‍ ചെയ്തു.
നിര്‍മ്മലയെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനായി നാട്ടില്‍ നിന്ന് പലായനം ചെയ്തതില്‍പ്പിന്നെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല.
ബാറ്ററി പോലും ഊരിവയ്ക്കപ്പെട്ട ഫോണിലേക്ക് കോളുകളൊന്നും വന്നിട്ടുമില്ല.
മൊബൈല്‍ സ്‌ക്രീനില്‍ ഓടി മറഞ്ഞു കൊണ്ടിരുന്ന പേരുകള്‍ അനുജന്‍ രാമഭദ്രന്റെ പേരിലെത്തിയപ്പോള്‍ നിന്നു.
ഒരിക്കലും തളര്‍ന്നിട്ടില്ലാത്ത കൈത്താങ്ങ് .
ഇടത്തെ കൈവിരലുകളിലേക്ക് നെറ്റിതാങ്ങി നല്ലകാലത്തിന് മേല്‍ വീണ കറുത്ത തിരശീല പോലെ കണ്ണുകളടച്ചപ്പോള്‍ അറിയാതെ കമഴ്ന്ന് പോയ ഫോണിന്റെ സ്‌ക്രീനിലെ രാമഭദ്രന്റെ നമ്പര്‍ ഒന്നിന് താഴെ ഒന്നൊന്നായി തൂങ്ങിക്കിടക്കുന്നോ എന്ന തോന്നലുണ്ടായി.
എന്നെന്നും ബലിഷ്ഠമായ ആശ്രയമെന്ന് നിനച്ചിരുന്ന രാമഭദ്രന്റെ ദേഹം റബ്ബര്‍ മരത്തിന്റെ ചില്ലയില്‍ നിന്നെന്നപോലെ.

”മിസ്റ്റര്‍ ഗംഗാധരന്‍, ദേഷ്യം തോന്നരുത് … പുന്നൂസിന്റെ ഒരു ബന്ധു ആവശ്യപ്പെട്ടതനുസരിച്ചാ ഞങ്ങള്‍ വന്നത് … പക്ഷേ ഇവിടെ വന്നപ്പോഴാ നിങ്ങളുടെ ഭാഗത്തെ ശരികള്‍ മനസ്സിലായത്… ഇവിടുന്ന് പോകുന്നത് വരെ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാ മതി … ഇന്‍സ്‌പെക്ടര്‍ക്കും നമ്പര്‍ കൊടുത്തിട്ടുണ്ട് … തിരച്ചിലിന് ആവശ്യം വന്നാല്‍ വിളിക്കാമെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്.”

അവര്‍ പോകുന്നതിന് മുന്‍പ് രണ്ട് ആഹാരപ്പൊതികളും ഒരു കുപ്പി വെള്ളവും ബെഞ്ചിന്മേല്‍ മേല്‍ വച്ചു.
മിസ്റ്റര്‍ ഗംഗാധരന്‍!

ഏതൊക്കെയോ അമ്ലലായനികളില്‍ മൃതീകരിക്കപെട്ട സ്വത്വത്തില്‍ മൃതസഞ്ജീവനിയുടെ ഗന്ധമേറ്റതുപോലെ.
മിസ്റ്റര്‍ ഗംഗാധരന്‍!
ശ്രീമാന്‍ ഗംഗാധരന്‍!
സര്‍വ്വശ്രീ ഗംഗാധരന്‍!
ഗതികേടുകളിലെ ഫലിതം ഗംഗാധരന്റെ മനസ്സില്‍ കോമാളികളിച്ചു.
നഷ്ടപ്പെട്ട് പോയവയുടെ നീണ്ട പട്ടികയും ഇനി നഷ്ടമാകാനുള്ളവയുടെ ചെറിയ കുറിപ്പടിയും നനഞ്ഞൊലിച്ച് നില്‍ക്കുന്ന മേഘങ്ങള്‍ക്കിടയിലെ കൊള്ളിമീന്‍ പടര്‍പ്പുകള്‍ക്കിടയില്‍ കണ്ടുകണ്ടിരിക്കവേയാണ് പട്രോളിങ്ങിലെ ഭായി ചൂട് ചായയുമായി വന്നത്.
ഭായിക്കൊപ്പമുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പാളത്തിന് കുറുകെ മലര്‍ന്ന് കിടന്ന ഗംഗാധരന് മേലെ അന്തരീക്ഷത്തില്‍ ഉള്ളിലെ തീവ്രപ്രവേഗങ്ങള്‍ പുറത്തു കാണിക്കാതെ നിസ്സംഗഭാവത്തില്‍ ഇലക്ട്രിക് ലൈന്‍ നിന്നു.
ഇലക്ട്രിക് ലൈനിനും ആകാശത്തിനുമിടയില്‍ ഭീമാകാരത്തില്‍ അരണ്ടവെളിച്ചത്തില്‍ അരൂപമായി അപായചിഹ്നങ്ങള്‍ നിരന്നു.

ഇരുണ്ട മേഘങ്ങള്‍ ഉറഞ്ഞ് കൂടിയ ആകാശത്ത് ഒരു നക്ഷത്രപ്പൊട്ട് കാണാനുണ്ടോ എന്ന തിരച്ചില്‍ വിഫലമായി.
അവസാന അനുഗ്രഹമായി ദേഹത്തേക്ക് ഒരു തുലാമഴ പെയ്തിറങ്ങണേ എന്ന പ്രാര്‍ത്ഥനയും തിരസ്‌കരിക്കപ്പെട്ടു.
ആകാശത്തിന്റെ സാന്ത്വനമായി ഒരു തണുത്ത കാറ്റോ മണ്ണിന്റെ സാന്ത്വനമായി ഒരു ചെറു വള്ളിത്തലപ്പോ വന്ന് തൊട്ടില്ല.

അരണ്ടവെളിച്ചത്തിലെ അരൂപമായ അപായചിഹ്നത്തില്‍ നിന്നും ഓരോ കുഞ്ഞ് മുഖങ്ങള്‍ ഗംഗാധരനെ മൂകമായി കുറ്റവിചാരണ ചെയ്യും പോലെ നോക്കി നിന്നു. പൂനാവയലിലെ വീടിന്റെ വരാന്തയുടെ വാരിയില്‍ ആരോ തിരുകി വച്ചിരുന്ന ഒരു പത്രം ഗംഗാധരന്റെ ഓര്‍മ്മയില്‍ ചുരുള്‍ നിവര്‍ന്നു:

റീല്‍സ് എടുക്കാനെന്ന് വിശ്വസിപ്പിച്ച് മക്കളെയും കൂട്ടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം:
പൂനാവയല്‍: പൂനാവയല്‍ കിഴക്കുംഭാഗത്ത് മൂന്ന് മക്കളെയും കൂട്ടി അമ്മ വൈദ്യുതാഘാതമേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തില്‍ മക്കളായ സുബിന്‍ (7), സനില്‍ (5) എന്നിവര്‍ മരണപ്പെട്ടു. മറ്റൊരു മകനായ നിതിന്‍ (4), കുട്ടികളുടെ അമ്മയായ നിര്‍മ്മല (34) എന്നിവര്‍ രക്ഷപ്പെട്ടു. പൂനാവയല്‍ മേക്കേതില്‍ ഗംഗാധരന്റെ ഭാര്യയാണ് നിര്‍മ്മല.കുടുംബ കലഹമാണ് ഈ ദാരുണ സംഭവത്തിന് കാരണം എന്നാണ് പോലീസ് നിഗമനം. പൂനാവയല്‍ പോലീസ് നിര്‍മ്മലയ്‌ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം , ആത്മഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
പാളത്തിലെ അലോസരങ്ങള്‍ നിറഞ്ഞ സുഖശയനത്തിലെ ഓര്‍മ്മകളിലേക്ക് മരണപ്പെട്ട മക്കള്‍ക്കും അനുജന്‍ രാമാനുജനുമൊപ്പം ദുരന്തസാക്ഷിയായി ജീവിച്ചിരിക്കുന്ന അമ്മയും ഏതെല്ലാമോ ദൂരങ്ങള്‍ താണ്ടി വന്നു.
രാമാനുജന്‍ മുഖം മാത്രം പുറത്ത് കാട്ടി ഒരു പത്രവാര്‍ത്തയില്‍ പൊതിഞ്ഞാണ് എത്തിയത്:
സാമ്പത്തികബാധ്യത: യുവസംരംഭകന്‍ തൂങ്ങി മരിച്ച നിലയില്‍.
ചായക്കെറ്റിലിലെ വെള്ളം തിളച്ച് അനേകായിരം കുമിളകള്‍ പൊട്ടിത്തകരുമ്പോഴുള്ള ഈണം.
ചായയുടെ മണം, കാപ്പിയുടെ മണം.
പലവ്യഞ്ജനക്കൂട്ടുകള്‍ വെന്ത് പൊങ്ങുന്ന സുഗന്ധം.
സ്വാദ് മണം കൊണ്ടറിയാനുള്ള ഗംഗാധരന്റെ പേരുകേട്ട വൈഭവം.
ഹോട്ടലിന്റെ അടുക്കളയില്‍ കാക്കി ട്രൗസറും ഷര്‍ട്ടുമിട്ട് ചൂടില്‍ വെന്ത് വിയര്‍ത്ത് പണിയെടുക്കുമ്പോള്‍ ഇതിലൊന്നിലും ഒരു കൗതുകവും തോന്നിയിരുന്നില്ല.
രാവിലെ മുതല്‍ രാത്രിവരെ നീളുന്ന കഠിനാദ്ധ്വാനത്തിനിടയ്ക്ക് മനസ്സ് സന്തോഷിച്ചത് രാത്രിയില്‍ അത്താഴത്തിന് മുമ്പ് അനുജന്‍ രാമഭദ്രനുമൊത്തുള്ള ലഘു മദ്യപാനം ഓര്‍ത്താണ്. മഴയില്ലെങ്കില്‍ ചെറിയ വീടിന്റെ തിണ്ണയിലാണ് ഇരുപ്പ്. മഴ പെയ്താല്‍ ഇരുപ്പ് ചെറിയ ഇറയത്തേക്ക് മാറ്റും. രണ്ട് പേരും ഈരണ്ട് മുപ്പത് മില്ലി വീതം ഒരേ സമയക്രമത്തില്‍ സേവ. ഇതിനിടയില്‍ അന്നന്നത്തെ വിവരങ്ങളെല്ലാം സംസാരിച്ചാലും പറഞ്ഞു തീരാതെ പിന്നെയും ബാക്കി.ഗംഗാധരന്റെ കുശിനി വിശേഷങ്ങളും രാമഭദ്രന്റെ സംരംഭകസ്വപ്നങ്ങളും കേള്‍ക്കാന്‍ ചിലപ്പോള്‍ അമ്മയും നിര്‍മ്മലയും രാമഭദ്രന്റെ ഭാര്യ രേണുകയും കുട്ടികളുമൊക്കെ കൂടും.
കൈവിട്ട് പോയ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ ഓരോന്നായി ഗംഗാധരന്റെ മനസ്സിലേക്ക് വന്നു. മോര്‍ച്ചറിക്ക് മുന്നിലെ നിരാശ്രയമായ കാത്തുനില്‍പ്പ്. സ്വന്തം കുരുന്ന് മക്കളുടെ ദേഹങ്ങള്‍ നിറയെ തുന്നലുകളുമായി മോര്‍ച്ചറിക്ക് പുറത്തേക്ക് വന്നപ്പോള്‍ പൊട്ടിക്കരഞ്ഞെങ്കിലും ഗംഗാധരനെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത് അവരെയും കൊണ്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിര്‍മ്മലയോടുള്ള പകയായിരുന്നു. പക്ഷേ മുന്‍പ്പൊ രുന്നാള്‍ രാമഭദ്രന്റെ മൃതദേഹം മോര്‍ച്ചറിക്ക് പുറത്തേക്ക് വന്നപ്പോള്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും ഒക്കെ ചുറ്റുമുണ്ടായിരുന്നിട്ടും താങ്ങുകള്‍ ഒന്നുമേയില്ലാതെ ഗംഗാധരന്‍ കുഴഞ്ഞു വീണു.
ഒടുവില്‍ ജീവിതത്തിന്റെ ദുസ്സഹതയില്‍ നിന്നും രക്ഷപ്പെടാനുള്ള വിഫലശ്രമത്തിനിടെ കുഞ്ഞ് നിതിനും യാത്രയായി.

നിതിന്റെ ചിതാഭസ്മം നാട്ടിലെ ആശ്രയങ്ങളൊഴിഞ്ഞ വീട്ടിലെത്തിക്കാനായിരുന്നു ശിഥിലമായ സ്വത്വം ഷൂസും പാന്റും ഷെര്‍വാണിയും തലപ്പാവും കൊണ്ട് പൊതിഞ്ഞ് പിടിച്ചുള്ള ഈ യാത്ര.
നഷ്ടമായ ചിതാഭസ്മ കലശമോര്‍ത്ത് യാത്രകളെല്ലാം നിരര്‍ത്ഥകം എന്ന തോന്നലില്‍ ഗംഗാധരന്‍ വലത് വശത്തേക്ക് തിരിഞ്ഞ് കിടന്നു. വലത്തെ കവിള്‍ നൂറായിരം ഘര്‍ഷണങ്ങളില്‍ മിനുസപ്പെട്ട പാളത്തിന്റെ തണുപ്പിലേക്ക് ചേര്‍ത്തു വച്ചു.
പാളത്തിലെ കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ ശരീരത്തില്‍ കൊണ്ട് വേദനിക്കുന്നുണ്ടായിരുന്നെങ്കിലും കാല്‍പ്പാദങ്ങള്‍ മറുറെയിലില്‍ നിന്ന് പിന്നിലേക്ക് വലിച്ച് രണ്ട് പാളങ്ങള്‍ക്കും ഇടയിലായി മടക്കി വച്ചു. തല അല്പം നീക്കി ചെവി പാളത്തിലേക്ക് ചേര്‍ത്ത് വച്ച് കാതോര്‍ത്തു, അനേകം സിഗ്‌നലുകള്‍ തെറ്റിച്ച് മരണത്തിന്റെ നേര്‍ത്ത ഇരമ്പല്‍ വരുന്നുണ്ടോയെന്ന്. സിഗ്‌നലുകള്‍ താണ്ടിയെത്തുന്ന ആ ഇരമ്പലിന്റെ കയറ്റിറക്കങ്ങളുടെ താളാത്മകതയില്‍ മയക്കമെത്തി.
തുടരത്തുടരെയുള്ള വിസിലടി കേട്ടാണ് ഗംഗാധരന്‍ മയക്കം വിട്ടുണര്‍ന്നത്. അടുത്തേക്ക് ഓടി വരുന്നത് ആരെന്ന് വിഭ്രമിച്ച് തപ്പിത്തടഞ്ഞ് എഴുന്നേല്‍ക്കുന്നതിനിടയില്‍ ട്രാക്ക് പട്രോളിംഗിന് പോയ ഭായിയുടെ വിളികേട്ടു:

‘ഭായിസാബ്…. ഭായിസാബ്… മില്‍ചുക്കാ… മില്‍ചുക്കാ…’

ഭായിയുടെ ആവേശത്തില്‍ കൂട്ടുപിണഞ്ഞ് മുക്കാല്‍ കിലോമീറ്ററോളം തത്രപ്പെട്ട് ചെന്നപ്പോള്‍ ട്രാക്കില്‍ ട്രോളിയും പോലീസുകാരെയും കണ്ടു.
എങ്ങോട്ടെല്ലാമോ തെളിഞ്ഞ് വീശുന്ന ടോര്‍ച്ചുകള്‍.
ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ അവിടവിടെ മാറിനിന്ന് കുരയ്ക്കുന്ന പട്ടികളുടെ കണ്ണുകള്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ സംഭ്രമിപ്പിക്കുന്ന തിളക്കമായി.

‘ദേഖോ യാര്‍…’

പോലീസുകാരന്‍ കുറ്റിക്കാട്ടിലേക്ക് ടോര്‍ച്ച് തെളിച്ചു.
ചുവന്ന പട്ട് കൊണ്ട് മൂടിക്കെട്ടിയ കലശം. ~~അതുവരെ തോന്നിയ ഭയമൊക്കെ വിട്ടു ഗംഗാധരന്‍ മുന്നോട്ടു ചെന്ന് അതെടുത്ത് മാറോട് ചേര്‍ത്തു.
പട്ടിന്റെ കെട്ട് അല്പം അഴിഞ്ഞിട്ടുണ്ടെങ്കിലും കുറ്റിച്ചെടികള്‍ക്ക് മീതെ വീണതുകാരണം കലശം പൊട്ടിയിട്ടില്ല.

‘ധ്യാന്‍സേ യാര്‍….. കുത്താ കാ ധൂക്ക ഹോഗാ ഇസ് മേം …’ പോലീസുകാരില്‍ ഒരാള്‍ കരുതല്‍ പ്രകടമാക്കി.
ഭായിയോട് നെഞ്ചില്‍ കൈ ചേര്‍ത്ത് നന്ദി പറഞ്ഞ് പോലീസുകാര്‍ക്കൊപ്പം ട്രോളിയിലെ ബെഞ്ചിലിരുന്ന് സ്റ്റേഷനിലേക്ക് മടങ്ങവേ കൈമടക്ക് കിട്ടാന്‍ വഴിയില്ലാത്തതിന്റെ ഈര്‍ഷ്യയില്‍ മറ്റെ പോലീസുകാരന്‍ പറഞ്ഞു:

‘വോ കുത്തക്കോ ഭീ താങ്ക്‌സ് ബോല്‍നാ ചായിയേ….. അവര്‍ കുരച്ചത് കൊണ്ട് കൂടിയാണ് ഞങ്ങള്‍ ആ കുറ്റിക്കാട്ടില്‍ നോക്കിയത്….’

സ്റ്റേഷനില്‍ രാവിലെ തന്നെ എത്തിയ അസോസിയേഷന്‍കാര്‍ പ്രഭാതശീലങ്ങള്‍ നിര്‍വ്വഹിച്ച് കഴിഞ്ഞിരുന്ന ഗംഗാധരനും നിര്‍മ്മലയ്ക്കും പൂരിമസ്സാല വാങ്ങിക്കൊടുത്തു.

‘പരാതിയില്ലെന്ന് എഴുതിക്കൊടുക്കുന്നതാ നല്ലത് ‘ അസോസിയേഷന്റെ പ്രസിഡണ്ട് പറഞ്ഞു. ‘ ഇത് കേസായല്‍ നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരേണ്ടിവരും …. എങ്ങും സൈ്വര്യമായി നില്‍ക്കാന്‍ പറ്റുകേല.’

അസോസിയേഷന്‍ പ്രസിഡണ്ട് ഹിന്ദിയില്‍ എഴുതിക്കൊണ്ട് വന്ന കത്തില്‍ ഗംഗാധരന്‍ ഒന്നും നോക്കാതെ ഒപ്പിട്ടു കൊടുത്തു. രാവിലെ എട്ട് മണി ആയപ്പോഴേക്കും എത്തിയ ഇന്‍സ്പെക്ടര്‍ പൊതിഞ്ഞ് കെട്ടിയിരുന്ന പട്ടിന്റെ കെട്ടിനിടയിലേക്ക് ലാത്തി കടത്തി ചിതാംഭസ്മകലശം ഉയര്‍ത്തി അകലേക്ക് നീട്ടിപ്പിടിച്ച് തല ചരിച്ചും ചായ്ച്ചും നോക്കി. പിന്നീട് ചിതാംഭസ്മകലശം അലസമായി താഴെയിട്ടിട്ട് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ പ്രസിഡണ്ട് മേശപ്പുറത്ത് വിനയത്തോടെ വച്ച എഴുത്ത് വായിച്ചു. പിന്നെ ഗംഗാധരനെ നോക്കി ഭയപ്പെടുത്തുന്ന മുഖഭാവത്തോടെ ശബ്ദമുയര്‍ത്തിപ്പറഞ്ഞു:

‘സമ്ജാ തേരേക്കോ സബ്? ആദ്യത്തെ കേരള ട്രെയിനിന് ഈ സ്റ്റേഷനില്‍ നിന്ന് പൊയ്‌ക്കോണം. ഇല്ലെങ്കില്‍…..’
ഗംഗാധരന്‍ ചൂളിച്ചുരുങ്ങിയൊതുങ്ങി,തൊഴുകൈയ്യോടെ.
ഒരു ജോഡി വസ്ത്രങ്ങള്‍ കൊണ്ടുവരട്ടെ എന്ന അസോസിയേഷന്‍കാരുടെ കാരുണ്യം നിരസിച്ച് അവര്‍ പോക്കറ്റില്‍ തിരുകിത്തന്ന ടിക്കറ്റിലും നോട്ടുകളിലും ഇടയ്ക്കിടെ കൈപ്പത്തി വിടര്‍ത്തി തൊട്ട് നട്ടുച്ചയ്ക്ക് കൂകിയെത്തേണ്ട വണ്ടി കാത്തിരുന്നപ്പോള്‍ നിര്‍മ്മലയെ തിരക്കിയതോ ഓര്‍ത്തതോ ഇല്ല.
വണ്ടിയെത്താറായപ്പോള്‍ ട്രാക്ക് പട്രോളിംഗിലെ ഭായി ആള്‍ക്കൂട്ടത്തിനിടയിലൂടെ തിരക്കിട്ട് വന്നു.
ഭായി വച്ചു നീട്ടിയ ഭക്ഷണപ്പൊതിയും നൂറു രൂപയുടെ നോട്ടും വാങ്ങിയപ്പോള്‍ ക്ഷതപ്പെടാന്‍ ഗംഗാധരന്റെ ആത്മാഭിമാനം ബാക്കിയുണ്ടായിരുന്നില്ല.

‘അബ് ഖുശ് …’ അനുചിതമറിഞ്ഞ് ഭായി ചോദ്യം മുറിച്ചു.

ഗംഗാധരന്‍ ഒറ്റപ്പെടലിന്റെ താഴുകളെല്ലാം അഴിഞ്ഞ് വിതുമ്പുന്നതിന് മുന്നേ തീവണ്ടി കൂകിത്തിമിര്‍ത്ത് വന്നു.
ജനറല്‍ കംപാര്‍ട്ട്‌മെന്റ്റില്‍ തിക്കിക്കയറിയ ഗംഗാധരന്‍ ഉള്ളില്‍ പിടഞ്ഞ ഒരായിരം വാക്കുകളില്‍ ഒന്ന് പോലും പറയാനാകാത്തതിന്റെ വെമ്പലില്‍ ആളുകളുടെ ഉന്തിലും തള്ളിലും വേവലാതിപ്പെട്ടു.
ഗംഗാധരന്റെ ചലനങ്ങളെല്ലാം ജനലിന് അടുത്ത് വന്ന് കംപാര്‍ട്ട്‌മെന്റ്റിന് അകത്തേക്ക് കുനിഞ്ഞ് നോക്കി ഗംഗാധരനെ സഹായിക്കാനായി മറ്റ് യാത്രക്കാരോട് അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്ന ഭായി ട്രെയിന്‍ ചൂളം വിളിച്ചപ്പോള്‍ അല്പം പിന്നിലേക്ക് നീങ്ങി.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയതറിഞ്ഞ ഗംഗാധരന്‍ വളരെ പ്രയാസപ്പെട്ട് ഭായിയെ ഒന്ന് തൊടാന്‍ ജനലിന് പുറത്തേക്ക് കൈനീട്ടിയെങ്കിലും ഭായി ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിപ്പോയിരുന്നു. ട്രെയിന്‍ വേഗതയാര്‍ജിച്ച് ഉശിരോടെ ചൂളം വിളിച്ച് കഥയിടുക്കുകളിലേക്ക് പാഞ്ഞു.


കഥാകൃത്ത് :

സൗമിത്രന്‍

കഥാകൃത്തും കാര്‍ട്ടൂണിസ്റ്റും ronto movie maker ഉം. 1995-97 കാലത്ത് ഭാഷാപോഷിണിയില്‍ ‘ അതീന്ദ്രിയം ‘ എന്ന കാര്‍ട്ടൂണ്‍ കോളം ചെയ്തിരുന്നു. ഡല്‍ഹിവാസക്കാലത്ത് Indian Express, Statesman, Patriot, Cross light എന്നിവയിലും cartoon വരച്ചിട്ടുണ്ട്. ആദ്യ കഥാസമാഹാരം ഡിസി യുടെ കറന്റ് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.