Skip to main content

ആഗസ്റ്റ് 24 – ഗാന്ധിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച, റിച്ചാര്‍ഡ് ആറ്റന്‍ബറോ ഓര്‍മ്മദിനം

‘നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ മുടക്കി നിങ്ങള്‍ ഒരു ചലച്ചിത്രം നിര്‍മ്മിക്കുമ്പോള്‍, അതിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെല്ലാം ലോകത്തിലെ പൊതുമാധ്യമങ്ങളുടെ സംവേദന തലത്തില്‍ നിന്നുകൊണ്ടായിരിക്കണം.” – ആറ്റന്‍ബറോ.

സിനിമ സംവാദമാകണമെന്നും വിയോജിപ്പുകള്‍ സൃഷ്ടിക്കണമെന്നും ആഗ്രഹിച്ച ചലച്ചിത്രകാരനാണ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ (1923 – 2014). ബ്രിട്ടീഷ് ചലച്ചിത്രമേഖലയിലെ അതികായന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ നമ്മള്‍ അറിയുന്നത് ‘ഗാന്ധി’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനെന്ന നിലയിലാണ്.

1969-ല്‍, ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഓ! വാട്ട് എ ലവ്ലി വാര്‍’, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെക്കുറിച്ചുള്ള 1987-ലെ ‘ക്രൈ ഫ്രീഡം’ എന്നിവ ചലിച്ചിത്രകാരനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ്.

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ‘യങ് ചര്‍ച്ചില്‍’ (1972), ചാര്‍ളി ചാപ്ലിന്റെ ജീവിതം പറയുന്ന ‘ചാപ്ലിന്‍’ (1992), ആര്‍ക്കിബാള്‍ഡ് ബെലാനിയെക്കുറിച്ചുള്ള ‘ഗ്രേ ഔള്‍’ (1999) തുടങ്ങിയവ അതാതു വ്യക്തിത്വങ്ങളെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രലോകത്തെ അത്യപൂര്‍വ സൃഷ്ടികളാണ്.

കേംബ്രിഡ്ജില്‍ ജനനം. റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്ന് ബിരുദം നേടിയതിന് ശേഷം സിനിമയിലെത്തി. 1942-ല്‍ പുറത്തിറങ്ങിയ ‘ഇന്‍ വിച്ച് വി സെര്‍വ്’ ആണ് അഭിനയിച്ച ആദ്യ സിനിമ. 1947-ല്‍ ഗ്രഹാം ഗ്രീനിന്റെ നോവലിനെ അധികരിച്ച് പുറത്തിറങ്ങിയ ‘ബ്രൈറ്റന്‍ റോക്ക്’ തിരക്കുള്ള നടനാക്കി. 1960-ല്‍ ‘ദ ആംഗ്രി സൈലന്‍സ്’ എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്തെത്തി. ഈ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

1982- ലാണ് ഗാന്ധിടെ ജീവിത കഥ സിനിമയാക്കുന്നത്. ലൂയിസ് ഫിഷറിന്റെ ‘ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അറ്റന്‍ബറോ ഗാന്ധി നിര്‍മിച്ചത്. 20 വര്‍ഷത്തോളം ഈ സിനിമക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി.

എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച നിര്‍മാതാവിനും സംവിധാനത്തിനും പുരസ്‌കാരം സ്വന്തമാക്കി. സിനിമയില്‍ ഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ ചിത്രീകരിക്കുന്ന സീനുകളില്‍ മാത്രം മൂന്ന് ലക്ഷത്തിലേറെ ആളുകളെ പങ്കെടുപ്പിച്ച് ഇക്കാര്യത്തില്‍ സിനിമ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടുകയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ അഹിംസാത്മക സമാധാന സമ്മാനത്തിനും അര്‍ഹനായി.

ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടണ്‍ പ്രേസ്, മിറാക്കിള്‍ ഓണ്‍ തേര്‍ട്ടിഫോര്‍ത്ത് സട്രീറ്റ്, ദ സാന്റ് പെബിള്‍സ്, ഐ ആം ആള്‍ റൈറ്റ് ജാക്ക്, സിയാന്‍സ് ഓണ്‍ എ വെറ്റ് ആഫ്റ്റര്‍ ന്യൂണ്‍, ദ ഷിപ്പ് ദാറ്റ് ഡൈഡ് ഓഫ് ഷെയിം, ബ്രന്നിഗാന്‍, ദ ഫ്ളൈറ്റ് ഓഫ് ഫീനിക്സ്, ഡോക്ടര്‍ ഡോലിറ്റില്‍, ജുറാസിക് പാര്‍ക്ക്- ദ ലോസ്റ്റ് വേള്‍ഡ് എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന സിനിമകള്‍.

1976-ല്‍ പ്രഭു പദവി ലഭിച്ച ആറ്റന്‍ബറോ, ടാറ്റെ ഗ്യാലറി, ചെല്‍സി ഫുട്‌ബോള്‍ ക്ലബ് തുടങ്ങിയ നിരവധി സംഘടനകളില്‍ സജീവമായിരുന്നു.

‘ഗാന്ധി’ സിനിമ അനിശ്ചിതമായി മാറ്റി വയ്ക്കപ്പെടേണ്ടിവരും എന്ന കാരണത്താല്‍ ലണ്ടനിലെ നാഷണല്‍ തിയേറ്ററിന്റെ അസോസിയേറ്റ് ഡയറക്ടറാവാനുള്ള ഒലിവറിന്റെ ക്ഷണം ഒരിക്കല്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

നാടക ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം കളിച്ചതിന് റെക്കോര്‍ഡിട്ട അഗത ക്രിസ്റ്റിയുടെ ‘ദ മൗസ് ട്രാപ്പ്’-ലെ ഡിക്റ്റടീവ് സര്‍ജന്റ് ട്രോട്ടറുടെ വേഷം 1952-ല്‍ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്.

No Comments yet!

Your Email address will not be published.