Skip to main content

ഓണം – ലെനിനും മഹാബലിയും മഹാത്മാഗാന്ധിയും

ഓണക്കവിതകളുടെ സൗന്ദര്യബലിഷ്ഠമായ അസ്തിവാരത്തിനു മേല്‍ പടുത്തുയര്‍ത്തിയ ഒരനുഭൂതിഗോപുരമാണ് മലയാളിയുടെ ഓണസങ്കല്പം. വാമനാകാരനായ വിഷ്ണുവിന്റെ അസാമാന്യവളര്‍ച്ച പോലെ കവിതകളില്‍, കവികളാല്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഓണം ഓണത്തിലുമധികമായി. മഴക്കാലത്തേക്കുറിച്ചെഴുതിയപ്പോഴും ആ മഴക്കാറിന്റെ പെരുംപടര്‍പ്പിനെ മറ്റൊരു വാമനാവതാരത്തിന്റെ ബൃഹദ്‌സ്വരൂപമായി വാങ്മയപ്പെടുത്താനായിരുന്നു വൈലോപ്പിള്ളിക്കു കൗതുകം.

‘ നഭ:സ്ഥലം മൂവടിയായളക്കാന്‍
ഭാവിക്കുമിക്കാര്‍മുകിലിന്റെ മുമ്പില്‍
സഹര്‍ഷമായ് വീര്‍പ്പു മടക്കി നില്‍പ്പൂ
സമസ്തലോകങ്ങളുമൊന്നു പോലെ!’

എന്ന് ‘വര്‍ഷാഗമം’ എന്ന കവിതയില്‍. മലയാളക്കരയുടെ പച്ചപ്പിനുമേല്‍ വച്ച വാമനപാദമാണ് മഴക്കാലമെങ്കില്‍ അത് പിന്‍വലിയുമ്പോഴുള്ള സസ്യപ്രകൃതിയുടെ ഊറ്റവും ഉന്മേഷവുമാണ് ഓണം എന്നു കരുതുന്നതിലുമുണ്ട്, അതിനാല്‍, ഭാവനാപരമായ ഒരു തരം സാംഗത്യം.

സുഭാഷ് ചന്ദ്രന്‍

ഇയ്യിടെ ഒരു ചെറു കുറിപ്പില്‍ കഥാകൃത്തായ സുഭാഷ് ചന്ദ്രന്‍ ഇങ്ങനെ എഴുതി –

‘പെരുമഴയുടെ മെതിയടിയിട്ട് ആകാശം ചവിട്ടിത്താഴ്ത്തിയ സസ്യലതാദികള്‍ നിവര്‍ന്നു നിന്ന് പുഷ്പിക്കുമ്പോള്‍ ഓണമാകുന്നു’.

കാളിദാസീയമാണ് ഈ കല്പന. ബലിയുടെ തലയിലമര്‍ത്താനുയര്‍ത്തിയ വിഷ്ണുപാദമാണ് മേഘം എന്നൊരു സാദൃശ്യകല്പന ‘മേഘസന്ദേശ’ത്തിലുണ്ട് (‘ശ്യാമ:പാദോ ബലിനിയമനാഭ്യുദ്യസ്യേവ വിഷ്‌ണോ:’).

‘വിഷ്ണുപദം’ ആകാശമാണെങ്കില്‍ ‘വിഷ്ണുപാദം’ മേഘം തന്നെ എന്നതാവാം ഇതിന്റെ ഭാവനായുക്തി. അതെന്തായാലും മഴക്കാലം എന്ന വാമനന്റെ പിന്‍മാറ്റത്താലുള്ള മലയാളപ്രകൃതിയുടെ പുഷ്‌പോല്ലാസമാകുന്നു ഓണക്കാലം. രണ്ടു മഴക്കാലങ്ങള്‍ക്കിടയില്‍, ഇരുണ്ട രണ്ടിലകള്‍ക്കിടയില്‍ നിറവും നറുമയുമാര്‍ന്നു വിരിയാന്‍ വെമ്പുന്ന പൂമൊട്ടു പോലെ എന്ന് ഓണക്കാലത്തെ ഭാവന ചെയ്തത് മഹാകവി കുമാരനാശാനായിരുന്നു,

കുമാരനാശാന്‍

‘ഉള്‍നാട്ടിലെ ഓണക്കാലം’ എന്ന കവിതയില്‍,

‘അന്തശ്ശോഭ കലര്‍ന്ന രണ്ടു മഴ തന്‍
മധ്യസ്ഥമാം കാലവും
ചന്തം ചിന്തിയെഴുന്നു രണ്ടിലകള്‍ തന്നുള്ളമ്പും നറുമ്പൂവുപോല്‍’.
അതീവവിരളമാണ് ആശാന്‍കവിതയിലെ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍; പ്രസിദ്ധമായ ഒരാശാന്‍കവിതയിലേ ഓണം കടന്നു വരുന്നുള്ളൂ, അതും ഒരൊറ്റ വരിയില്‍.
‘പൂക്കാലം’ എന്ന കവിതയിലാണത്. പുഷ്‌പോദ്ഗമത്തിന്റെ ലാവണ്യപ്രസരവും ആഹ്‌ളാദപ്രകര്‍ഷവും വര്‍ണ്ണിക്കുന്നതിനിടയില്‍ മഹാകവി ഇങ്ങനെയുമെഴുതുന്നു –
‘ഓണം വെളുക്കും ഉഷസ്സോയിതെല്ലാം?’.

വള്ളത്തോള്‍ നാരായണ മേനോന്‍

വള്ളത്തോളിലാകട്ടെ ഓണം സ്വാതന്ത്ര്യസമരവുമായ ന്വയിക്കപ്പെടുകയായിരുന്നു. 1925 ലെ കര്‍ക്കിടകമാസത്തിലാണ് വള്ളത്തോള്‍ ‘ഓണം’ എന്ന കവിതയെഴുതുന്നത്. സൂര്യനും തുമ്പപ്പൂവുമെല്ലാം ചര്‍ക്കയില്‍ പരുത്തിനൂല്‍ നൂല്‍ക്കുന്ന കാലമായാണ് ഓണക്കാലം ഭാവന ചെയ്യപ്പെടുന്നത് ആ വള്ളത്തോള്‍ക്കവിതയില്‍.പൂവിളിയും വില്ലു കൊട്ടലുമെല്ലാം ‘സ്വാതന്ത്ര്യനിര്‍ഗ്‌ഘോഷ’ങ്ങളാകുന്നു. ഈ ഓണത്തിന്റെ മഹാബലി മഹാത്മാവായ ഗാന്ധിജി തന്നെ.

കവിതയില്‍ വള്ളത്തോള്‍ എഴുതുന്നു –
‘ഹന്ത, യാതൊരു ജീവന്മുക്തനാം മഹാത്മാവു
ബന്ധവും വരിച്ചുവോ സത്യരക്ഷണത്തിന്നായ്
ഏതൊരു നിത്യശ്രീമാന്‍ വാണരുളുകമൂലം
പാതാളത്തുറുങ്കതും മീതെയായ് സ്വര്‍ഗ്ഗത്തേക്കാള്‍,
മൂര്‍ത്തിമത്ത്യാഗം താനാമത്തിരുവടി തൃക്കണ്‍-
പാര്‍ത്തനുഗ്രഹിക്കുന്നതേതു നാട്ടിനുമോണം!’

ഇവിടെ നിന്ന് ഒരു പെരുംകുതിപ്പി(giant leap)ലൂടെ വൈലോപ്പിള്ളിക്കവിതയിലെത്തിയാല്‍ അവിടെ മഹാബലി, ലെനിന്‍ ആകുന്നതും കാണാം. ലെനിനെയല്ല, ലെനിന്‍ പ്രതിമയെയാണ് വൈലോപ്പിള്ളി കാണുന്നത്.1980 ല്‍ പുറത്തുവന്ന ‘മകരക്കൊയ്ത്തി’ലേതാണ് കവിത. കവിതയുടെ പേര്,’ലെനിന്‍’ എന്നു തന്നെ. കവിയുടെ സോവ്യറ്റ് സന്ദര്‍ശനമാവണം കവിതയുടെ പശ്ചാത്തലം. പോയാണ്ടില്‍, ‘ക്രെംലിന്റെ സൂനവാടിയില്‍ക്കണ്ടോരുന്നതശിലാരൂപ ‘ത്തെ വര്‍ണ്ണിക്കുകയാണ് കവി; അതിന് തിരുവോണനാളില്‍ തന്റെ കുട്ടികള്‍ പൂത്തറ മേല്‍ സ്ഥാപിക്കാറുള്ള മാവേലിയുടെ കോലത്തോടുള്ള സാദൃശ്യം ചൂണ്ടിക്കാണിക്കുകയും. ഇവിടെ തെച്ചിപ്പൂക്കളെങ്കില്‍ അവിടെ ‘രക്തദ്യുതി’പൂത്തു നില്‍ക്കുന്ന ട്യൂലിപ്പിന്റെ വൃത്തങ്ങള്‍. പൂത്തുമ്പയ്ക്കു പകരം,
‘ചൈത്രത്തിന്‍ ചെറിമരം’. മാവേലിയുടെ കോലത്തില്‍ ലെനിനും ലെനിന്‍പ്രതിമയില്‍ മാവേലിയും പരസ്പരം ബിംബിക്കുന്നു, അവരെ തമ്മില്‍ തിരിച്ചറിയാനാവാതെയാകുന്നു. സോവ്യറ്റിന്‍ കിടാങ്ങള്‍ ഇന്നനുഭവിക്കുന്നതിന്റെ അനുകരണമോ അനുവര്‍ത്തനമോ ആകുന്നു ഈ പാവം നാട്ടിലെ കിടാത്തന്മാര്‍ നാലു നാള്‍ നീളുന്ന ഓണദിനങ്ങളില്‍ കൊണ്ടാടുന്നത്.

ഈ കവിതയിലെ ഏറ്റവും ദീപ്തമായ വരികളെന്നു ഞാന്‍ വിചാരിക്കുന്നത് ഈ ഈരടിയാണ് –
‘ഹാ മഹാബലേ, ലെനിന്‍,
തമസ്സില്‍ കതിര്‍ നൂറ്റു
താമസിച്ചതങ്ങുന്നീ
ശ്രാവണവാഴ്ച്ചയ്ക്കല്ലോ’.

തമസ്സില്‍ കതിര്‍ നൂല്‍ക്കുക എന്ന കല്പനയില്‍, വേണമെങ്കില്‍, ഒരു ഗാന്ധിയന്‍സ്പര്‍ശമുണ്ടെന്നു പറയാം. വള്ളത്തോളിന്റെ കവിതയില്‍, സൂര്യനെന്ന പ്രാപഞ്ചികമായ ചര്‍ക്കയില്‍ നൂല്‍ക്കപ്പെട്ടിരുന്ന വെളിച്ചത്തിന്റെ വെണ്‍നൂലുകളാണവ. വൈലോപ്പിള്ളിയുടെ അബോധപാതാളത്തില്‍ നിന്നെന്നോണം ഉയര്‍ന്നുവന്ന ഗാന്ധിബിംബമാണത്. ഗാന്ധിയെക്കാള്‍ ലെനിനെ പുരസ്‌കരിച്ചിരുന്ന ഒരു കവി, ഗാന്ധിയെപ്പറ്റി കവിതയില്‍ കാര്യമായൊന്നും എഴുതിയിട്ടില്ലാത്ത കവി, ലെനിനെയും മഹാബലിയെയും ഒറ്റ വീര്‍പ്പില്‍ സംബോധന ചെയ്‌തെഴുതിയപ്പോള്‍ സംഭവിച്ച അമര്‍ത്തി വച്ച അബോധലാവയുടെ ആകസ്മികമായ വെളിപ്പെടലായിരുന്നിരിക്കണം അത്. പില്‍ക്കാലചരിത്രം ഈ കവിതയ്ക്കു സമ്മാനിച്ച ക്രൂരമെന്നോ ദാരുണമെന്നോ പറയാവുന്ന ഒരു ധ്വനിതലവുമുണ്ട്. പുരാണത്തില്‍ മഹാബലിക്കു സംഭവച്ച തു തന്നെ ചരിത്രത്തില്‍ ലെനിനും സംഭവിച്ചു; സ്വരാജ്യഭ്രഷ്ടനായി ഏതോ പാതാളത്തിലേയ്ക്കയക്കപ്പെട്ടു ആ സോവ്യറ്റ് വിപ്ലവനായകന്‍. ഓണനാളില്‍ മടങ്ങിവരാമെന്ന മഹാബലിയുടെ ഭാഗധേയം ആ ഇരുണ്ട ഐറണിയെയും തെല്ലൊന്ന് വെളിച്ചമിറ്റുന്നതാക്കുന്നുണ്ട്. അതും ധ്വനിസമൃദ്ധിയുടെ ആകരമായി മാറാന്‍ കവിതയ്ക്കുള്ള സഹജസിദ്ധികളില്‍ ഒന്ന്!

ഓണത്തെ, അതിന്റെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും, എങ്ങനെ ശാശ്വതമാക്കി മാറ്റാം എന്നതാണ് ചോദ്യം. ഇന്നത്തെ പൂക്കള്‍ നാളേയ്ക്കില്ലാത്തതുപോലെ ഇന്നത്തെ പൂക്കളങ്ങളും നാളേയ്ക്കില്ല. താല്‍ക്കാലികതയുടെ സൗന്ദര്യകംബളമാണ് ഓരോ പൂക്കളവും. അതിനാല്‍ സ്വപ്നവും വിഷാദവും കൂടിക്കലര്‍ന്ന ഒരു സമ്മിശ്രലഹരിയുടെ ഭാജനത്തെയാണ് നമ്മള്‍ ഓണമെന്നു പറഞ്ഞു വരുന്നത്. ഓണക്കോടി, ഓണനാളില്‍ അതുടുക്കുമ്പോള്‍ മാത്രമാണ് പുതുനിറവും മണവും പ്രസരിപ്പിച്ചു കൊണ്ട് പുതുമയുടെ ആഘോഷവസ്ത്രമായി മലയാളിയുടലുകളെ പുല്‍കിക്കുളിര്‍പ്പിക്കുന്നത്. നാളേയ്ക്കതും പഴയതായി മാറി, പുതുമ മാഞ്ഞവയുടെ മുണ്ടുപെട്ടിയുടെ മൂലയ്‌ക്കൊതുങ്ങും. വസ്ത്രങ്ങളുടെ ഈ കോടിപ്പുതുമ, ഓണക്കാലത്തെ വെയിലിനും നിലാവിനും തുമ്പിക്കും തുമ്പപ്പൂക്കള്‍ക്കുമെല്ലാമുണ്ട്. മലയാളി അവയെ ഓണമെന്ന വിശേഷണപദവുമായി ചേര്‍ത്തു വിളക്കി തിളക്കുന്നു. അങ്ങനെ നിലാവ്, ഓണനിലാവായും വെയില്‍, ഓണവെയിലായും വെറും പൂക്കള്‍, ഓണപ്പൂക്കളായും തുമ്പി, ഓണത്തുമ്പിയായും ഏതോ സൗന്ദര്യസാമ്രാജ്യത്തിലെ വിശിഷ്ടപൗരത്വമുള്ള, അതിന്റെ പരിവേഷം ചൂഴുന്ന അത്ഭുതരൂപികളായി മാറുന്നു. ഏതോ ഭാവനാകാചം പതിച്ച കണ്ണടയിലൂടെയാണ് അക്കാലം മലയാളി ലോകത്തെ നോക്കുന്നതെന്നു പറയാം. അതിന്റെ നിര്‍മ്മാണവും വിതരണവും ഒരു ജന്മാവകാശമായി ഏറ്റെടുത്തവരേപ്പോലെയാണ് കവികള്‍ എഴുതുന്നത്. തിരുനല്ലൂര്‍ കരുണാകരന്റെ ‘ഓണം’ എന്ന കവിതയിലെ ഈ ഈരടികള്‍ നോക്കൂ.

ഓണത്തെ നേരിട്ടു സംബോധന ചെയ്യുന്ന ഒരര്‍ച്ചനാഗീതമാണത്; ‘ആന്‍ ഓഡ് റ്റു ഓണം’ എന്ന പേരില്‍ വേണമെങ്കില്‍ പരിഭാഷപ്പെടുത്താവുന്നത് –

‘ഓണമേ, വിഷാദത്തെ ദ്ധിക്കരിച്ചൂര്‍ജ്ജസ്വല-
പ്രാണരായിതാ നിന്നെയെതിരേല്‍ക്കുന്നു ഞങ്ങള്‍,
നിറവേറുവാന്‍ കൊതി കൊണ്ടിടും സ്വപ്നങ്ങളാല്‍,
പുറവേലികള്‍ കടംതന്ന സൗന്ദര്യങ്ങളാല്‍.
ഓമനേ! കുളുര്‍കാറ്റില്‍ പൂനിലാവുലയുമാ-
റീ മണല്‍മുറ്റത്തു നീ നൃത്തമാടുമ്പോള്‍ ഞങ്ങള്‍
ഒരു വര്‍ഷത്തെ ക്ഷീണമൊരു ഗാനത്താല്‍ മായ്ക്കു,
മൊരു വര്‍ഷത്തെദ്ദാഹമൊരു തുള്ളിയാല്‍ മാറ്റും’.

വിഷാദത്തെ ധിക്കരിച്ച് ഊര്‍ജ്ജിതപ്രാണരാകുന്നു മലയാളി, ഓണമെത്തുമ്പോള്‍. വിഷാദമോ വിഷാദഹേതുക്കളോ ഇല്ല എന്നല്ല ഇതിനര്‍ത്ഥം. അതിനെ ധിക്കാരപൂര്‍വ്വം മറികടക്കുന്നതിലെ ഊറ്റമാണ് പ്രധാനം. ‘ധിക്കരിക്കുക’ എന്ന ക്രിയാപദത്തിന് മറ്റെങ്ങുമില്ലാത്ത തിളക്കം കൈവരുന്നു ഈ ഓണക്കവിതാവരിയിലെത്തുമ്പോള്‍. കാരണം ഇവിടെ ധിക്കരിക്കപ്പെടുന്നത് വിഷാദമാകുന്നു. ഒരു വര്‍ഷത്തെ ക്ഷീണത്തെ ഒരു പാട്ടുകൊണ്ട്, ഒരു വര്‍ഷത്തെ പെരുംദാഹത്തെ ഒരു തുള്ളി നിലാവു കൊണ്ടോ കിനാവു കൊണ്ടോ ഓണക്കാലത്ത് നമ്മള്‍ മറികടക്കുന്നു.

ഇത്തരമൊരു മറികടക്കലിനെക്കുറിച്ചു തന്നെയാണ് ‘പാവം മാനവഹൃദയ’മെന്ന കവിതയില്‍ സുഗതകുമാരിയുമെഴുതുന്നത്; ഒരൊറ്റ നക്ഷത്രത്താല്‍ രാത്രിയെ, ഒരു പുതുമഴയാല്‍ വേനലിനെ, ഒരു പുഞ്ചിരിയാല്‍ മൃതിയെയും മറക്കുന്നതിനെപ്പറ്റി. അതൊരോണക്കവിതയല്ല, എങ്കിലും ഓണവുമായുള്ള ഭാവസാമ്യം അതിനെയും ഒരോണക്കവിതയെന്നു തോന്നിക്കുന്ന മാത്രകളുണ്ട് –

‘ആരു ചവിട്ടിത്താഴ് ത്തിലുമഴലിന്‍
പാതാളത്തിലൊളിക്കിലുമേതോ
പൂര്‍വ്വസ്മരണയിലാ ഹ്‌ളാദത്തിന്‍
ലോകത്തെത്തും ഹൃദയം,
പാവം, മാനവഹൃദയം!’

‘അഴലിന്‍ പാതാളം’,’ ആഹ്‌ളാദത്തിന്‍ ലോകം’ എന്നതാണിവിടത്തെ ദ്വന്ദ്വം. ഇരുളാണ്ട മണ്ണറയില്‍ നിന്ന് ഒരു വിത്ത് ചെടിയായി മാറി,വെളിച്ചത്തിലേയ്ക്ക് വളരുന്നതുപോലെയുള്ള ഉയരലും ഉയിര്‍ക്കലുമുണ്ട് ഓണാനുഭവത്തില്‍.

No Comments yet!

Your Email address will not be published.