ഉര്‍വ്വരമായ ഭൂമികയില്‍ വീണ് ഉരുവം കൊള്ളുന്ന ജീവനാമ്പുകളാണ് പ്രകൃതിയുടെ ജൈവ ശൃംഖലയെ കാലങ്ങള്‍ക്കപ്പുറത്തേയ്ക്ക് നിലനിര്‍ത്തുന്നത്. സാഹിത്യ ഭൂമികയില്‍ നിക്ഷേപിയ്ക്കുന്ന ഫലപ്രാപ്തിയുള്ള വിത്തുകള്‍ കവിതയായും മറ്റ് കലാരൂപങ്ങളായും പിറവി കൊള്ളുന്നു. ഉറവ വറ്റാത്ത ജീവല്‍ പ്രവാഹമായി സപ്തസമുദ്രത്തിലേയ്ക്ക് ലയിച്ചു ചേരുന്ന ജലപ്രവാഹം പോലെ മനുഷ്യസമൂഹത്തിന്റെ മസ്തിഷ്ക്കങ്ങളില്‍ വിദ്യുത് തരംഗങ്ങളയുര്ത്തി പ്രചോദനമേകി അവ സുസ്ഥിരതയേകുന്നു.
ജീവിതത്തിലെ വൈവിധ്യങ്ങളെ ചേര്‍ത്ത് പിടിച്ചും, പിഴുത് കളഞ്ഞും, മുന്നോട്ട് നയിക്കുവാന്‍ പ്രാപ്തിയായ ഒന്നിനെ മാത്രം സ്വീകരിക്കുന്ന നേര്. പാകമായ വാക്കുകളുടെ പൊട്ടിച്ചിതറലുകള്‍ അവിടെ കാണാം. നിരന്തരമായ വായനയിലൂടെയും മനനത്തിലൂടേയും മാത്രമെ ഏതൊരു എഴുത്തും മനോഹരമാവുകയുള്ളൂ. മനനം ചെയ്തെടുക്കുന്ന വാക്കുകളുടെ പൂര്‍ണ്ണതയാണ് എഴുത്ത്. കവിതയിലെ ജീവിതഗന്ധം ആസ്വദിച്ച് തീര്‍ക്കുന്നവനാണ് കവി. സ്വന്തം ആവാസ വ്യവസ്ഥയിലെ പ്രാണവായു ആവാഹിച്ച് അതില്‍ മാനുഷിക മൂല്യങ്ങള്‍ ചാലിച്ച് കാലത്തിനപ്പുറത്തേയ്ക്ക് ദ്രുത സഞ്ചാരം ചെയ്യുന്നവന്.
അനുഭവത്തിന്റെ തീക്ഷ്ണതയാണ് ഒരോ എഴുത്തും. സാഹചര്യങ്ങളെ മറികടന്ന് പോവുന്ന ചാലകശക്തിയാണ് അത്. ക്രോഡീകരിച്ചെടുക്കുന്ന ഭാവസാന്ദ്രമായ തലത്തിലേക്ക് വാക്കുകളെ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ചേതോഹാരിത നടമാടുന്ന അക്ഷര മുത്തുക്കളായി അത് മാറുന്നു.
വാക്കുകളുടെ പുന: സൃഷ്ടിയിലൂടെ സമകാലിക വിഷയങ്ങളില്‍ ജാഗ്രത്തായ മനസ്സോടെ സൗര വെളിച്ചം പകര്‍ന്നേകി ആസ്വാദകന് നേര് പാത തെളിയിച്ച് നല്കുന്നു, കവിത.
ഒരു കവിത ( നോവല്‍ / കഥ ) വായിച്ച് കഴിഞ്ഞാല്‍ കിട്ടുന്ന നിര്‍വൃതി ഒരനുഭവം പങ്ക് വയ്ക്കുന്നതിന് തുല്യമാണ്.
പുതുകാല കവിത പറഞ്ഞ് വയ്ക്കുന്ന സൂചനകള്‍ ചില മിന്നലുകളായി രൂപാന്തരപ്പെടുന്നു. ഈ ദൃശസൃഷ്ടികള് പ്രമേയത്തിന്റെ കേന്ദ്രം കണ്ടറിഞ്ഞ്, സൗന്ദര്യാത്മകമായ തലത്തിലൂടെ എഴുത്തിനെ നയിച്ച്, സ്വയം ഏറ്റെടുക്കുന്ന പ്രതിസന്ധികളെ അതീജീവിച്ച് ദേശാന്തര ഗമനം നടത്തുന്നു. കവിതയും ജീവിതാവബോധവും ഒന്നായി ചേരുമ്പോള്‍ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന ഉള്‍ബോധമാണ് എഴുത്ത് നല്കുന്ന സംതൃപ്തി. ഇങ്ങനെ സ്വയം സാംസ്കരിച്ചെടുക്കന്ന ഏതൊരു എഴുത്തും കാലത്തെ മറികടന്ന് മുന്നോട്ട് പോവും.
സ്റ്റെല്ലമാത്യുവിന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ‘ഒരാള്‍ക്കുള്ള മൂന്ന് ചായകള്‍’ പ്രഥമ കവിതാ സമാഹാരമായ ‘എന്റെ മുറിവിലേക്ക് ഒരു പെണ്പ്രാവ് പറക്കുന്നു ‘ ഇതിനകം തന്നെ ഒരുപാട് പുരസ്കാരങ്ങള്‍ ലഭിച്ച് കഴിഞ്ഞിരിക്കുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് കവി കവിതകളുടെ നിറച്ചെപ്പ് തുറന്ന് കവിതയുടെ തോണിയേറി പങ്കായം തുഴയുമ്പോള്‍ ദൃശ്യമാകുന്ന കവിതയിലുള്ള വളര്‍ച്ച സന്തോഷം പകര്‍ന്നേകുന്നു.
ഇവിടെയാണ് വ്യത്യസ്തമായ നാള്‍വഴികളിലൂടെ മലയാളകവിതയുടെ സൂര്യശോഭയായി സ്റ്റെല്ല മാത്യുവിന്റെ കവിതകള്‍ മാറുന്നത്. കവിത തനിക്ക് ജീവനു തുല്യമാണെന്നും കനല്വഴിത്താണ്ടിയെത്തുന്ന ആശ്വാസത്തെളിനീരാണെന്നും കവി പറയുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ആനുകാലികങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിയ കവി.
മുന്‍കാല കവിതകളില്‍ നിന്ന് പുതുകാലത്തിലേക്ക് കവി നടന്നേറുമ്പോള്‍ പ്രതീക്ഷകളുടെ പൂവിളികളുയര്‍ത്തി അത് സമര്‍ത്ഥമായി സ്ഥാപിച്ചെടുക്കുന്നുമുണ്ട്.
വ്യത്യസ്തമായ കാവ്യബിംബ നിര്‍മ്മിതി എടുത്ത് പറയേണ്ട ഒന്നാണ്. ഒരോ കവിതയിലും നമ്മെ അനുഭവപ്പെടുത്തുന്ന കുളിരായി അത് മാറുന്നു. തന്റെ ജീവിതത്തോടൊപ്പം അരിക് പറ്റി നില്കുന്ന സങ്കടങ്ങളെ, ചുറ്റുപാടുകളില്‍ നിന്നുയരുന്ന നിലവിളികള്‍ തന്റേതാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, ഏറ്റെടുത്ത് കവി എഴുത്തിന് അടി വരയിടുന്നു.
‘എന്റെ മുറിവിലേക്ക് ഒരു പെണ്പ്രാവ് പറക്കുന്നു’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറഞ്ഞ് വച്ചിട്ടുണ്ട്. ‘അത്യുഷ്ണം വിഘടിച്ച് ദ്രവ്യം ഊര്ജ്ജമാവുന്നതു പോലെ കല്ലിനെ പോലും കൊത്തി കൊത്തി പിളര്‍ന്നു പോവുമ്പോള്‍ എവിടെ നിന്നോ തെളിനീരുറവ കിനിഞ്ഞൊഴുകും പോലെ എന്നിലെ കരിയെഴുത്തായി മാറുന്നതാണ് എനിക്ക് കവിത.
കവിതയെഴുതുക എന്നത് അത്രയെളുപ്പമല്ല എന്നുള്ള കണ്ടെത്തല്‍ കവി ഏറ്റെടുക്കുന്നുണ്ട്. കവിത എഴുതാതിരിയ്ക്കുമ്പോള്‍ /എഴുതി കഴിഞ്ഞാല്‍ / അച്ചടി മഷി പുരണ്ടാല്‍/ ഈ മൂന്ന് ഘട്ടങ്ങളിലും കവി സ്വയം അനുഭവിച്ച് തീര്‍ക്കുന്നൊരു ആധിയുണ്ട് . അതിന്നും സ്വയമേവ അനുഭവിക്കുന്ന കവിയാണ് സ്റ്റെല്ല മാത്യു . ഒരോ കവിതയിലും എരിഞ്ഞ് തീര്‍ന്ന് പിന്നീട് ഉയര്‍ത്തെഴുന്നേറ്റ് ഫീനികസ് പക്ഷിയെ പോലെ പറക്കുന്നുണ്ട്. പ്രകൃതിയിലെ നിറഭംഗിക്കൊപ്പം ‘ഭൂമിയിലെ അവകാശികളെല്ലാം’ കവിതയിലൂടെ ജീവന്റെ തുടിപ്പാക്കി മാറ്റി തീര്‍ക്കുന്നുണ്ട്. ജൈവപരമായ ഒരു സഹവാസം കൂടിയും (ആനന്ദം) കവി ഏറ്റെടുക്കുന്നു.
കവി പറയുന്ന ഒരു വാക്ക് തന്നിലേക്ക് തന്നെ സ്വയം അമ്പെയ്ത് തീര്‍ക്കുന്നതാണ്. ‘അനാഥമാക്കപ്പെടുമ്പോള്‍ ഒരൊറ്റുകാരനെ പോലെ എനിക്ക് മുഖം തിരിച്ചിരിക്കേണ്ടിവരുമോ’ എന്ന ഭയപാട്. ഈ ഭയത്തില്‍ നിന്നാണ് എഴുത്ത് ശക്തിപ്പെടുന്നതും സ്വയം വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നത്. ‘ഒരായിരം തേനീച്ചകളെന്നെ കുത്തുന്നു അല്പം വേദന കുടിച്ചായാലും അവയുടെ തേന്‍ കൊണ്ട് സുഖപ്പെടട്ടെ’ എന്ന് കവി ആഗ്രഹിക്കുന്നു.
നാല്പത്തിയേട്ടൊളം കവിതകളുടെ സമാഹാരമാണ് ‘ ഒരാള്‍ക്കുള്ള മൂന്ന് ചായകള്‍’. ചില കവിതകളില്‍ കൂടിയുള്ള സഞ്ചാരമാണ് ഈ കുറിപ്പ്.
‘ഇലത്തോടണിഞ്ഞവള്’ എന്ന കവിതയില്‍ കവിയുടെ ആകാംഷ എന്തൊക്കെയാണ്.
ഈറച്ചാലുകള്/കൊഴുത്തു പരക്കുന്ന തെരുവ് / അടരുന്ന ഓവ് ചാല് / അതിലേക്ക് അരിച്ചിറങ്ങുന്ന ഒരു പ്രാണി.
കരിമ്പച്ചപ്പുല്ലുകളിലെ
ഒറ്റ വിരല്‍ ചതുപ്പ്.
സ്നേഹത്തിന്റെ അതിജീവനത്തിന്റെ ഒരുമയിലേക്ക് കവി ഒപ്പം ചേരുകയാണ്.
എത്രമാത്രം സുരക്ഷിതമായാലും അപ്രത്യക്ഷമായി സംഭവിക്കുന്ന ചിലതുകളുണ്ട്. കവി സൂചിപ്പിക്കുന്നത് ഇത്തരത്തിലാണ്.
‘തോടിലേക്ക് തുളുമ്പി വരുന്ന ജലത്തുള്ളി കൂട് നനച്ചടര്ത്തുമോ?
പുല്ലോലയുടെ അറ്റം വിണ്ട് കീറി നറും
മെയ് ഉലഞ്ഞ് പോവുമോ?
കുഞ്ഞ് മുതുക് മുറിയില്ലേ…
സുചിത്തുള്ള വലുപ്പമുള്ള
കുഞ്ഞു കണ്ണ് കലങ്ങില്ലേ…?
വേപദു പൂണ്ട് കവി മനസ്സ് എത്രമാത്രം താഴ്ന്ന് താഴ്ന്ന് പോവുന്നു. കുഞ്ഞു മുതുക്/ സൂചിത്തുളയോളം വലുപ്പമുള്ള കുഞ്ഞ് കണ്ണ് / അതീവമായ നീരീക്ഷണ പാടവം നല്കുന്ന വെളിപ്പെടുത്തല്‍ കവിതയുടെ വിജയം തന്നെയാണ്.
‘കടല്‍ പച്ച’ ഉന്മാദത്തിന്റെ തിരതല്ലും എരിവ് കലര്‍ന്ന കവിത.
മറുകടയാളങ്ങള് / മൂക്കുത്തി കീഴേ ചെണ്ടുമല്ലിപ്പൂവ് / ബീഥോവിന്റെ സംഗീതം / എരിവ് കൊണ്ട് വളരണടാ മക്കളെ / അടിവയറില്‍ നിന്ന് ഉണരുന്ന മന്ത്രം. കടലിരമ്പം പോലെ വായനയിലേക്ക് സുഖകരമായൊരു എരിവ് തന്ന് തീര്‍ക്കുകയാണ് ‘കടല്‍ പച്ച’ കവിതയില്‍.
വയനാട് പോവുമ്പോള്‍ കരിത്തണ്ടനെ ഓര്‍ക്കാത്തവര്‍ ചുരുക്കമാണ്. ഏറേ കഥകള്‍ മനസ്സില്‍ പതിഞ്ഞ ഒന്ന്.’ കരിത്തണ്ടന്‍ കാവല്‍ നില്ക്കുമ്പോള്’ മറക്കാന്‍ പറ്റാത്ത ഒന്ന് തന്നെ. ‘അവാളെരുത്തി’ ഓര്‍മ്മിപ്പിക്കുന്നത് ഒരു കാലത്തയാണ് കാലത്തിനൊപ്പം കാവല്‍ നില്ക്കുന്ന കരിത്തണ്ടനെ . കവിതയെ മനോഹരമാകുന്ന കവിയുടെ ഹൃദ്യമായ സൂചകങ്ങള്‍ ഇങ്ങനെ .
‘കരിഞ്ചോപ്പിന്‍ മലമേലെ / ചുരമാന്തും കാറ്റേ / മഴപ്പേച്ച് / അരികത്തെ നീല മേഘം തുടി കേട്ടുറങ്ങി / മീങ്കണ്ണിന് ചിന്നുക്കം / ഇണ കൊത്തി മല കാത്ത് ഉറഞ്ഞാട് പെണ്ണേ / കാടിനെ കീറ മുണ്ടില്‍ കെട്ടിയിട്ടു / ഇങ്ങനെ വര്‍ണ്ണാഭമായ പദങ്ങളുടെ നിറഞ്ഞാട്ടമാണ്’ അവാളൊരുത്തി കവിത. ഗദ്യമായി പറഞ്ഞും താളമായി നിറഞ്ഞും കവിത രണ്ട് തലങ്ങളെ സ്പര്‍ശിച്ച് തഴുകി തലോടി സഞ്ചരിക്കുന്നു.
‘കരിഞ്ചോപ്പിന്‍ മലമേലെ
ചുരമാന്തും കാറ്റേ…
അരി കൊത്തി തരി ചേറി
പാട്ടുപാടു പെണ്ണേ
മല താഴെ തറമേലെ.
തിരുപ്പൊട്ടന് ഇരിപ്പുണ്ടേ.’
തുടങ്ങി വരികള്‍ നല്ല താളത്തിലും ഈണത്തിലും ചൊല്ലല്കവിതയുടെ സ്വഭാവത്തിലേക്ക് ആനയിക്കുന്നുണ്ട്.
‘പൊട്ടിച്ചിതറിയ നിന്റെ
ഏകാന്തതയെ
കഷണങ്ങളായി ഞാന്‍
പെറുക്കിയെടുക്കും
നല്ലൊരു ചില്ലുകുപ്പിയിലേക്ക് ‘
ഇഴകീറി നോക്കിയാല്‍ വല്ലാത്തൊരു തരിപ്പ് പടര്‍ന്ന് കേറും. ശക്തമായൊരു പ്രണയ തലത്തിലേക്ക് കവിതയെ വായിക്കാം ആദ്യാനുഭവത്തിന്റെ അടിമുടിയറിയുന്ന പെരുക്കം / രസനീരില് ഞാനലിഞ്ഞ് /ഒരു നാവ് ദൂരത്ത് നിന്ന് നീ , എന്നിലേക്കിറങ്ങി പോവുന്നത് / എല്ലാ ആസക്തിയും ചരട് പൊട്ടിച്ച് പടരുമ്പോള്‍ അനുഭൂതിയുടെ മഹാ വലത്തില്‍ അകപ്പെട്ട് പോവുന്നു. ഇങ്ങനെ നേരിട്ട് കാണിയ്ക്കുന്നതും – അല്ലാത്തതുമായ ജീവസ്നേഹത്തിന്റെ തുറസ്സിലേക്ക് ‘ഉപ്പിലിടുന്ന ‘ കവിത പറയുന്നു.
കവിയുടെ മുന്‍കാല കവിതയായ ‘റാണിമേദിനിയും’ പുതിയകാല കവിതയായ ‘അടയാളിപ്പൂ’ ചേര്‍ത്ത് വായിക്കുമ്പോള്‍ രണ്ടും സങ്കല്പ ചെടികള്‍ . തോട്ടമൊരുക്കി നട്ടുപിടിപ്പിയ്ക്കുന്ന സ്വപ്നങ്ങള്‍ക്കു മീതെ ജീവിതച്ചൂര് വരയ്ക്കുന്നു കവി.
മുറ്റം പിടിപ്പിച്ച് / ഇത്തിരി വേനലിനെ നിരത്തികൊണ്ട്
തേയില നാമ്പുകളിലേക്ക്
ആദ്യത്തേ ചൂടേല്‍പ്പിച്ച്
കോടപ്പാലൊഴിച്ച്
ചെഞ്ചായക്കുന്നില്‍
സൂര്യന് തിളപ്പിച്ചെടുക്കുന്ന
ആവി പൊന്തും ചായ മുത്തു പോല്‍.
ജീവിതത്തെ / പ്രണയത്തെ / സ്നേഹത്തെ / മറ്റൊരു തലത്തിലേക്ക് തെളിമയോടെ ആവിഷ്കരിക്കുന്ന കവിതയാണ് ‘ഒരാള്‍ക്കുള്ള മൂന്ന് ചായകള്‍ ‘ . എത്രമാത്രം മനോഹരമാകാമോ അത്രമേല്‍ നുണഞ്ഞ് നുണഞ്ഞ് ഒരു ഉന്മാദ അവസ്ഥയാണ് ചായ നല്‍കുന്നത്.
അത് ജീവിതവും സ്നേഹവും പ്രണയഭാവവും ( ദാഹം) കൂടിയാണ്. ഉടലിന്റെ ഒരോയിടങ്ങളില്‍ കൂടി സഞ്ചരിച്ച് നിര്‍വൃതി കൊള്ളുന്ന അനുഭൂതി കൂടിയും പകരുന്നു. പ്രസരിപ്പിന്റെ വരികള്‍ ആവിയായ് ചുറ്റുമൊരു തേയിലകാട് നിറയുന്നു.
‘അതികാലത്തെയെണീറ്റ് മാതളനാരകം പൂവിടുന്നോയെന്ന ‘ കാത്തിരിപ്പും , അതിനൊപ്പം ജീവിതസുഖവും കവിത പങ്കു വയ്ക്കുന്നു.
എന്തിനാണെന്നു പോലുമറിയാതെ
‘മാതളം ചുണ്ടുകൂമ്പി
അവനറിയാതെ / അവന്റെ നാക്കടലിന് സ്വാദേറ്റങ്ങളിലേക്ക് .
ശേഷം കവി പറയുന്ന വാക്ക് ഇരമ്പങ്ങളുടെ തിരമാലയാവുന്നു.
മുറിവുകളെ ഒരു വസന്തമായ തലോടലാക്കി മാറ്റി ഋതുകാല ഉണര്ച്ചകളിലേക്ക് അവന് പോവുന്നു.
എത്ര ഒതുക്കമായി കവിത കൊണ്ട് ഒരു സ്നേഹത്തെ , അനുഭൂതിയെ സ്വപ്നങ്ങളുടെ മടിത്തട്ടിലേക്ക്ഭ
ദ്രമാക്കുന്നു. എഴുത്തിലെ കൈയൊതുക്കം കവിതകളുടെ പ്രത്യേകതയാണ്.
അപൂര്‍ണ മദ: അപൂര്ണമിദം ,
പിരിഞ്ഞ് പോയവരുടെ വേനല്ത്തോട്ടങ്ങള്, ഗുരുതാകര്ഷ്ണം…..
ഇങ്ങനെ എടുത്ത് പറയേണ്ട കവിതകള്‍ ഒത്തിരി.
സ്റ്റെല്ല മാത്യുവിന്റെ കവിതകളുടെ പ്രത്യേകത എന്തെന്നാല്‍ ഒരൊറ്റ വായന കൊണ്ട് കവിത തൃപ്തി നേടുന്നില്ല എന്നതാണ് പലവട്ടം വായിക്കുമ്പോഴാണ് വരികള്‍ക്കിടയില്‍ ഒളിഞ്ഞ് കിടക്കുന്ന വാക്കുകളുടെ രസബിന്ദു കണ്ടെത്താനാവുന്നത്. ഈ ഗുണമാണ് മറ്റു കവികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഭാഷയുടെ കൈപുണ്യമായ് മാറുന്നത്.
‘ഒരാള്‍ക്കുള്ള മൂന്ന് ചായകള്‍’ പൊതു സാഹിത്യ മണ്ഡലത്തില്‍ ഏറെ വായിയ്ക്കപ്പെടാന്‍ ഇതിനാല്‍ വിധി കല്പിയ്ക്കുന്നു.
ഒരാള്‍ക്കുള്ള മൂന്ന് ചായകള്‍
സ്റ്റെല്ല മാത്യു
പ്രസാധനം : ലോഗോസ് ബുക്സ്
വില : 150 രൂപ

No Comments yet!