Skip to main content

കത്തിച്ചാ കത്തണ സാനം 

 

എന്നെ തന്നെ എനിക്ക് മനസ്സിലാകുന്നില്ല. ഒട്ടുമാവിന്റെയും മൂവാണ്ടന്റെയും തൈകള്‍ കണ്ണില്‍പ്പെട്ടപ്പോള്‍ ഇടതുകൈ മൂവാണ്ടനെ വാരിയെടുത്തു. നെല്ല് വളര്‍ന്ന് പാല്‍പാകമാവുമ്പോള്‍ പറന്നണയുന്ന വെട്ടുകിളിയെപോലെ മാങ്ങ കുലക്കുത്തി കിടക്കുന്ന മാവിലേക്ക് കൈയുടെ കുഴ തെറ്റുന്ന വരെ എറിഞ്ഞ് അമ്മയില്ലാത്ത വീടുകളില്‍ നിന്നും വെളിച്ചെണ്ണയും മുളകും ഉപ്പും കട്ടെടുത്ത് ആരുടെയും ദൃഷ്ടിയില്‍പെടാതിരിക്കുവാന്‍ ചുള്ളിക്കാട്ടില്‍ ഒരുക്കിയ അടുക്കളയില്‍ നിന്നും തൊട്ട് നക്കിയ ചമ്മന്തിയുടെ സ്വാദ്, ഓ നാവില്‍ വെള്ളമൂറുന്നു. ഇടതുകൈ മൂവാണ്ടനിലേക്കും വലതുകൈ ഒട്ടുമാവിലേക്കും മത്സരിച്ചപ്പോള്‍ വിചാരങ്ങളെ വികാരങ്ങളാക്കി മാറ്റാന്‍ മിടുക്കന്‍മാരായ സെയില്‍സ്മാന്‍ എന്റെ വീക്ക്നസില്‍ തന്നെ കയറിപിടിച്ചു.

”ഇതാണെങ്കില്‍ ഒന്ന്, രണ്ട് മാസത്തിനകം കായ്ക്കും. ഇടതുകൈയിലിരിക്കുന്നത് സമയമെടുത്താലും രുചിയേറും.”

”അതല്ലാ, നമ്മൾ എന്തിനാ സമയവും രുചിയും നോക്കുന്നേ പൂച്ച എലിയെ പിടിച്ചാല്‍ പോരെ പൂച്ച ചുവന്നത് തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്ധം അല്ല ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും. എല്ലാ ഇസങ്ങളുടെയും ലക്ഷ്യം മനുഷ്യ ഉന്നതിയാണല്ലോ.”

”അപ്പോ തീര്‍ച്ചയായും സാറിന് രണ്ടും വാങ്ങാം.” അവന്റെ വാചകത്തിലെ രസത്തില്‍ മതിമറന്നപ്പോള്‍ അവന്‍ എന്റെ തോളില്‍ കയറി ആ ധൈര്യത്തില്‍ അവന്‍ ഞൊടിയിടകൊണ്ട് രണ്ടും പോളീത്തിന്‍ പായ്ക്കിലാക്കി കൈയില്‍ വെച്ചു തന്നു. അച്ചാറിന്റെയും മാങ്ങചമ്മന്തിയുടെയും കൊതിയില്‍ മതിമറന്ന് പോകുമ്പോള്‍ എതിരെ വന്ന സജിയെ കണ്ണില്‍പ്പെട്ടില്ല.

”സഖാവെ, ഇത് എന്ത് പോക്കാ?”ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ചോദ്യശരവുമായി അവന്‍.

”സാറിന്റെ കുടിയിലെ മാങ്ങ കാലത്തിലേക്ക് പോയപ്പോള്‍…………….”

”നിന്റെ ഭ്രാന്ത് ഇനിയും തീര്‍ന്നില്ലേ. രജിയുടെ കല്ല്യാണത്തിന്റെ കാര്യം….”

”എന്നെ നിനക്ക് ശരിക്കും അറിയാല്ലോ. ഒന്ന് കണ്ണില്‍ പതിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അതിന്റെ പിന്നാലെ പായും.”

”അത് തന്നെയാ നിന്റെ മെയിന്‍ പ്രശ്നം. നിന്റെ ലക്ഷ്യത്തിലേക്ക് മാത്രം പോകു. വേറെ ഇടവഴികളിലൂടെയുള്ള സഞ്ചാരം നിറുത്തു. എല്ലാം കൂടി തലയിലേറ്റി നടന്നവന്റെ ഗതി നാം കണ്ടതല്ലേ. ത്രിബിള്‍ എം.എ എന്ന് പറഞ്ഞിട്ടെന്താ. റോട്ടിലൂടെ ഭ്രാന്തനായി ഓളിയിടുന്നത് നീ കണ്ടതല്ലേ. ജീവിതമെന്ന് പറയുന്നത് നീര്‍കുമിളയുടെ ആയുസ്സേയുള്ളു. പിന്നെ നാടന്‍ സദ്യയാ ഒരുപാട് പണി കാണും. നീ വേഗം നട്ടിട്ടു വാ.”

”ഓ ഞാന്‍ ആ കാര്യം മറന്നു. ദേ വരണു.”

പറഞ്ഞ സമയം കൊണ്ട് കുഴി കുത്തി രണ്ട് മാവും പടിഞ്ഞാറെ അതിരില്‍ നട്ട് ടെകേന്ന് കൈ കഴുകി പുറത്ത് ചാടി സജിയുടെ ഒപ്പമെത്തി.

”എടാ, ഇന്നെങ്കിലും പ്രശ്നമുണ്ടാകാതെയിരുന്നാല്‍ മതിയായിരുന്നു.”

”എന്ത് പ്രശ്നം?”

”വെള്ളം കുടിക്കാരെ….. ഇച്ചിര് അകത്ത് ചെന്നാല്‍ എല്ലാവരും പോലീസാ.”

”നീയും മോശമില്ല തുടങ്ങിയ പിന്നെ വീഴേണ്ടേ.”ഇന്ന് തലപോയാലും അടിക്കില്ല ശരിയാകില്ല മനസ്സ് അനുവദിക്കുന്നില്ല. ഞാന്‍ ചതിയില്‍ വീഴാതെ നീ നോക്കണം. അവര് വിളിക്കുമ്പോള്‍ നീ സിഗ്‌നല്‍ തന്ന് തപ്പിക്കണം.”

തേങ്ങ പിഴിയുന്നവരുടെ ആരവമാണ് ഞങ്ങളെ വരവേറ്റത്. വലിയ ചെമ്പുരുളിയുടെ അടിയില്‍ ചിരട്ട വെച്ച് ഇളകാതെ ഉറപ്പിച്ച് ഫെയ്സ് ടു ഫെയ്സ് നിന്ന് ഒരാള്‍ ഉരുളിയിലെ ചിരവിയ തേങ്ങ പിഴിയാന്‍ പാകത്തിന് ഉടയ്ക്കുമ്പോള്‍ എതിര്‍ വശത്ത് നില്‍ക്കുന്നവന്‍ പാത്രം അനങ്ങാതെ പിടിച്ച് കൊടുക്കും. നെഞ്ച് വിരിച്ച് നടക്കുന്ന വില്ല്യം ആണ് ഒരറ്റത്ത് മറുവശത്ത് മെലിഞ്ഞ എന്തിനും പോന്ന ജോസും നല്ല അദ്ധ്വാനത്തിന് ഊര്‍ജ്ജം പകരുവാന്‍ ജെഗില്‍ നിറച്ച തെളിമയുള്ള വാറ്റ് ചാരായം അവര്‍ക്ക് നല്‍കുന്നുണ്ട്. കളിയാക്കലാണ് മുഖ്യ വിനോദം. ആരെ കിട്ടിയാലും കൊന്ന് കൊല വിളിക്കും. ഞങ്ങള്‍ പന്തലിലേക്ക് കാല് എടുത്ത് വെച്ചത് ജോസ് കണ്ടു.

”കത്തിച്ചാ കത്തണ സാധനാ ഒന്ന് വിട്ടോ.”ആ കൂട്ടത്തിന്റെ മുഴുവന്‍ കണ്ണ് ഞങ്ങളിലേക്കായി.

”എടാ സാറ്മാര് എത്തി ഇലയിട്ടോ.” കളിയാക്കലിന്റെ ഉദ്ഘാടനം തുടങ്ങിയത് രഘുവാണ്.

”ആ വെള്ളകാരന്‍ എത്തിയല്ലോ. എന്തായി നിന്റെ ആഘോഷം?”റഷ്യയുടെ വിജയാഘോഷമാണ് കാരണം.

”എവിടെ കഴിയാന്‍ ഇത് സാമ്പിളല്ലേ. ഒറിജിനല്‍ വെടികെട്ട് തുടങ്ങാന്‍ പോവുകയല്ലേ ഞങ്ങള് ഇന്ത്യകാരും പേടിക്കണം.”

”വല്ല്യ മിടുക്കായി ഒരുത്തനെ വട്ടം കൂടി തല്ലുന്നത് ആണത്തമല്ല. തന്തക്ക് പിറന്നവരാണെങ്കില്‍ നേര്‍ക്ക് നേര്‍ നിന്ന് നോക്കണം അതാ അന്തസ്സ്.”

”നേര്‍ക്ക് നേരെ നോക്കുമ്പോള്‍ വേറെ ന്യായം പറയും. അതിന് ഞങ്ങള് പല തന്ത്രവും പയറ്റും അത് ഞങ്ങളുടെ മിടുക്ക്.”

”ഈ മിടുക്ക് ക്യൂബയുടെ അടുത്ത് ഓടിയില്ലല്ലോ. അത് പോട്ടെ ക്യൂബയെ ആക്രമിച്ചപ്പോള്‍ സഖാവ് ആരുടെ പക്ഷത്തായിരുന്നു?” ഒട്ടും സമയം കളയാതെ കൊടുത്തു മറുപടി.

”നിന്റെ അമ്മേടെ പക്ഷത്ത്.”

ജോസ് നാക്ക് കടിച്ച് ചാടിയെഴുന്നേറ്റ് ഇരുന്ന കസേര വലിച്ചെറിഞ്ഞു. സജി കയറി വട്ടം നിന്നു. എന്നിട്ടും ജോസിന്റെ കലിപ്പ് തീര്‍ന്നില്ല. അവന്‍ ചെത കൊത്തുന്ന പൂവന്‍ കോഴിയെ പോലെ അവന്റെ പിന്നാലെ ചെന്നു ഒരു കണക്കിന് കല്ല്യാണ ചെറുക്കന്റെ അപ്പനും അമ്മയും വന്ന് ജോസിന്റെ കാല് പിടിച്ചു. എന്നിട്ടും പക അടങ്ങാതെ കൂട്ടം കൂടി നിന്ന് വെല്ലുവിളി തുടര്‍ന്നു. അറ്റകൈക്ക് കൂട്ടത്തെ പിരിച്ചു വിടുവാന്‍ തക്ക സമയത്ത് ലാസര്‍ വെടി പൊട്ടിച്ചു. കത്തിച്ച കത്തുന്ന വാറ്റുമായി ലാസര്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞു. ആ ജലപീരങ്കിയാല്‍ എല്ലാവരും കൂട്ടമായി ഗ്രൗണ്ടിലേക്ക് എടുത്തടിച്ച് പന്തിന്റെ പിന്നാലെ പന്തലില്‍ നിന്നും പാഞ്ഞു. ഒറ്റപ്പെടുമ്പോള്‍ ഏക ആശ്രയമെന്ന് ധരിച്ചവന്‍ പോലും വഴി പിരിഞ്ഞപ്പോള്‍ പിന്നത്തെ കൂട്ട് ഊഹിക്കാമല്ലോ നേരെ വാറ്റ് അടിക്കുന്നിടത്ത് ചെന്ന് തീരുമാനങ്ങള്‍ അട്ടിമറിച്ചു കൊണ്ട് ഒറ്റയിടക്ക് ഒരു വെട്ട് ഗ്ലാസ് അകത്താക്കി. വാറ്റ് അടിക്കാന്‍ എളുപ്പമാണ്. അതിന്റെ ചൊരക്ക് കളയുവാന്‍ കാറി തുപ്പിയിട്ടും രക്ഷയില്ല. ഒരു പുക കിട്ടിയിരുന്നെങ്കില്‍. കുളിക്കാതെ പല്ല് തേക്കാതെ വലിച്ച് മാത്രം ജീവിക്കുന്നു പത്രോസിന്റെ ചുണ്ടില്‍ നിന്നും ബീഡി തട്ടിപറിച്ച് വാങ്ങി വലിക്കുന്നത് കണ്ട കാര്‍ന്നോന്മാര് മൂക്കത്ത് വിരല്‍ വെച്ചു. ആ മുറി ബീഡി വലിച്ചു കഴിഞ്ഞപ്പോഴേക്കും നല്ല ലെവലായി പിന്നെ ഒന്നും നോക്കിയില്ല. മനസ്സ് വില ക്കിയ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് മിടുമിടുന്നു രണ്ട് മൂന്ന് ഗ്ലാസ്സ് കേറ്റി. പിന്നെ ബോധം പോകു മ്പോഴേക്ക് കൈയില്‍ കിട്ടിയ പകര്‍ന്ന് കുടിച്ച കുപ്പി തന്നെ തറയില്‍ തല്ലി. ആ ഒച്ചയില്‍ പന്തലിലെ പാട്ട് നിന്നു ഗ്രൗണ്ടിലെ കളിയും നിന്നു. കല്ല്യാണ ചെറുക്കന്‍ രജി ഓടിവന്നു.

”നീ എന്ത് പണിയാ കാണിച്ചേ? ഇത് സാധാനം വേറെയാ. ഞാന്‍ തട്ടി കയറി കൊണ്ട് അവനെ വെല്ലുവിളിച്ചു.

”എടാ ഞാന്‍ ആരാ? എന്നെ മനസ്സിലാക്കിയവര്‍ എത്രപേര്‍ ഉണ്ട്? എന്താ, എന്റെ പരിപാടിയെന്ന് നിനക്ക് പറയാമോ?

”നീ നിറുത്ത് ഓഹരിയില്‍ കമ്പം കയറി അത് പിടിച്ചടക്കാമെന്ന് പറഞ്ഞ് കുറച്ച് പോയി. പിന്നെ കാണുന്നത് സിനിമയുടെ പുറകെയാണ്. അതും കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ നിന്നും എടുത്തു ചാടിയത് പഠനത്തിലെക്കാണ്. അതും മുഴുവിച്ചില്ല. എന്തെങ്കിലും നീ ചെയ്യ്ത് തീര്‍ത്തിട്ടുണ്ടോ? അതിന് ഉത്തരം തന്നാല്‍ നമുക്ക് മുന്നോട്ട് പോകാം.”

”ഇത് കോടീശ്വരന്‍ പരിപാടിയാണോ, മുന്നോട്ട് പോകുവാന്‍. എന്ത് ചെയ്യാനാ ഇരുന്ന എഴുന്നേല്‍ക്കുന്നതിന് മുന്‍പ് വലുതാകണം അതിന് വേണ്ടിയുള്ള പാച്ചിലിന്റെ ഇടയ്ക്ക് പലതും ചെയ്ത് നോക്കി. നില്‍ക്കപ്പൊറു തിയില്ലാതെയാകുമ്പോള്‍ ആരും ചെയ്യുന്നതേ ഞാനും ചെയ്യ്തൊള്ളു. ആരെയും പറ്റിക്കാന്‍ പോയില്ലല്ലോ.”

”നീ മനസ്സിലാക്കേണ്ടത് ഒരു മരം നട്ടാല്‍ അപ്പോ തന്നെ ഫലം കിട്ടണമെന്ന, ആ വേണ്ടാതീനം നമുക്ക് തന്നത് പഴയ മലയാള സിനിമയാണ്. പാട്ട് സീന്‍ തുടങ്ങുമ്പോള്‍ ചെറിയ കുട്ടിയായിരുന്നവള്‍ പാട്ട് കഴിയുമ്പോഴേക്കും വലുതായിരിക്കും. ആ ചീത്ത കോപ്പി ഉപേക്ഷിക്ക്. എന്നിട്ട് നീ യാഥാര്‍ത്ഥ്യത്തിലേക്ക് വാ. മനു ഷ്യന്റെ അടിസ്ഥാന ആവശ്യമെന്ന് പറയുന്നത് വിശപ്പാണ്. അത് മാറ്റുവാന്‍ വേണ്ടിയാണ് എല്ലാ പണിയുടെയും തത്ത്വം അത് നീ മനസിലാക്കുവാന്‍ നോക്ക്. എന്തും ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുന്ന പോലെ വളര്‍ന്നാല്‍ അതിന് ആയുസുണ്ടാവുകയില്ല. സ്വാഭാവികമായി വളര്‍ന്നാലെ നിലനില്‍കു അത് നീ മനസിലാക്കണം.”

”നീ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നമ്മുടെ ജോണ്‍സണ്‍ എങ്ങനയാ രക്ഷപ്പെട്ടത്? എന്റെ ബാച്ചിലുള്ളവര്‍ മുഴുവന്‍ പേരും രക്ഷപ്പെട്ടു. ഞാന്‍ മാത്രം?”

”എല്ലാം ശരിയാകും.”

”എടാ ഞാന്‍ എന്തു ചെയ്യനാ. ഇങ്ങനെയൊക്കെ ആയിപോയി. പിന്നെ ക്യൂബയിലും ചൈനയിലും കമ്മ്യൂണിസം തന്നെ അല്ലേ?”

”ഈ വക എനിക്ക് തിരിയാത്ത ചോദ്യം ചോദിക്കല്ലേ. എനിക്ക് അതിനുള്ള വിവരമില്ല.”

”ഇതാണ് പ്രശ്നം, നിങ്ങളോട് ചോദിക്കുമ്പോള്‍ അറിയില്ലയെന്നും അറിയുന്നവരോട് ചോദിക്കുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, നമ്മെ പണയം വെയ്ക്കും അതിന് ആര്‍ക്കും പരാതിയില്ല. ഇതില്‍ ഏത് സ്വീകരിക്കണം? വിവേകം നഷ്ടപ്പെടുന്നത് ഇവിടെ ആണ്. ഇത് തന്നെ ആണ് എന്റെ മെയിന്‍ പ്രശ്നം. ഒന്നിലേക്ക് ഒന്ന് നോക്കി പോയാല്‍ പിന്നെ അതിലായിരിക്കും എന്റെ മുഴുവന്‍ ശ്രദ്ധ. അല്ലാ, എന്റെ പഠനം എങ്ങനെയാ പോയേ?”

ഞങ്ങള്‍ നടന്നടുത്തത് കല്യാണ പന്തലിലേക്കായിരുന്നു. അവിടെ വേണ്ടപ്പെട്ട ഒന്നു രണ്ട് അടുത്ത ബന്ധുക്കള്‍ ഉണ്ട്. വെപ്പുകാരനോട് കുശലം പറഞ്ഞു. വലതു വശത്തെ കസേരയില്‍ ഇരുന്ന് അപ്പോഴേക്കും ലോക്കല്‍ സെക്രട്ടറി അധികാരത്തിന്റെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് എത്തി. വീട്ടുകാര്‍ ഓടി വന്ന ഭയ ഭക്തി ബഹുമാനത്തോടെ മൊഴിഞ്ഞു.

”കഴിച്ചിട്ട് പോയ മതിയിട്ടോ.”

”സമയമില്ല എത്രയാ പരിപ്പാടി എല്ലാത്തിനും എത്തേണ്ടേ.”

പിന്നെ എന്റെ അടുത്തേക്ക് നീങ്ങി അധികാര ഭാവത്തോടെ എന്റെ നേര്‍ക്കായി ചോദ്യം.

”നീ പടക്കം പൊട്ടിച്ചോ?”

രസിക്കാതെ ”പൊട്ടിച്ചു.”

”എന്താ നിന്റെ ഉദ്ദേശം? മറുപടി തരേണ്ടി വരും.”

”അത് ഇപ്പോ തന്നെ പിടിച്ചോ. ഇറാക്കില്‍ നമ്മുടെ പാര്‍ട്ടി ആരുടെ കൂടെയാ?”

”ഇത് പാര്‍ട്ടി കമ്മറ്റിയല്ല.”

”മറുപടിയാണ് ഞാന്‍ ചോദിച്ചത്.”

”അത് കമ്മറ്റിയില്‍ ഉന്നയിക്ക്.”

”പിന്നെ എന്തിനാ ഇപ്പോ ചോദിച്ചേ?”

”നമ്മള് തമ്മില് എന്തിനാ തര്‍ക്കം. നിന്റെ ചോദ്യത്തിന് പാര്‍ട്ടിക്ക് മറുപടിയുണ്ട്. അത്, അവിടെ
തരാം. എന്തിനാ നമ്മള്‍ ഒന്നും രണ്ടും പറഞ്ഞു തെറ്റുന്നത് .” അയാള് വായ്പാട്ടുകാരുമായി പോയി.

”നീ വിഷമിക്കാതെ. എന്താ പ്രശ്നം? എനിക്കൊന്നും മനസ്സിലായില്ല.”

”എടാ വാറ്റ് കഴിഞ്ഞോ?”

”നീയിനി കുടിക്കില്ല.”

”എന്നാ ഇപ്പോ കത്തിക്കും ഞാന്‍.”

”ആരാ?”

”ആ ഓഫീസ്.”

”നീ വെറുതെ പ്രശ്നമുണ്ടാക്കാതെ. ഞാന്‍ പോയി നോക്കട്ടേ.”

അവനെ അറിയാവുന്നത് കൊണ്ട് രജി എറണാകുളത്തെ ഫ്രണ്ട്സിന് മാറ്റി വെച്ച് രണ്ട് ലിറ്റര്‍ എടുത്തു കൊടുത്തു. അത് തീരുവോളം കോഴിയുടെ പാര്‍ട്ട്സും തലയിറച്ചിയും കൂട്ടി അകത്താക്കി. ഒടുക്കം പോട്ടി തിന്നു തീര്‍ന്നപ്പോള്‍ അതിനായി ബഹളം. ഒടുവില്‍ വാളായി പാമ്പായി ചുരുണ്ട് കൂടി. അപ്പോഴേക്കും കളിയും കുളിയും കഴിഞ്ഞ് എല്ലാവരും എത്തിയിരുന്നു. അവന്റെ ആ കോലം കണ്ടപ്പോള്‍ കളിയാക്കലിന്റെ തുച്ചത്തെത്തി.

”കെടക്കണ കണ്ടോ? വെള്ളകാരന്‍ പോട്ടിം തിന്നുകൊണ്ട്. വര്‍ത്താനം മുഴുവന്‍ എക്സിക്യൂട്ടിവ്. തിന്നതും കുടിക്കുന്നതോ പോട്ടിം, വാറ്റും വെള്ളകാരന്റെ ഒരു ഗതിയേ.”

പിഴക്കുന്ന കമ്മ്യൂണിസത്തിലേക്കും അമേരിക്കന്‍ മോഡലില്‍ ജീവിക്കണമെന്ന ആശയും എങ്ങനെ മുന്നോട്ട് പോകും. പിറ്റേന്ന് പുലരുന്നത് വരെ അവന്‍ ഓളിയിടുവാന്‍ തുടങ്ങി പറ്റ് മാറുമ്പോള്‍ തീരേണ്ടത് അവനെ കൊണ്ട് പോകുന്നത് കാണാനായി. പിറ്റേ ദിവസം എഴുന്നേറ്റ് ഉടനെ ഒട്ട്മാവാണോ, നാടന്‍ മാവാണോ പൂവിട്ടത് എന്ന് നോക്കുവാന്‍ അവന്‍ ധൃതിയില്‍ പോയി നോക്കി.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “കത്തിച്ചാ കത്തണ സാനം ”

Your Email address will not be published.