Skip to main content

ജാന്‍ വെര്‍മീര്‍

പതിനേഴാം നൂറ്റാണ്ടില്‍ ഹോളണ്ടില്‍ ജീവിച്ചിരുന്ന ചിത്രകാരന്മാരില്‍, ഒരുപക്ഷേ റെംബ്രാന്റ് (Rembrandt) കഴിഞ്ഞാല്‍, ഏറ്റവും പ്രമുഖന്‍ ജാന്‍ വെര്‍മീര്‍ (Johannes Vermeer or Jan Vermeer) ആയിരുന്നു. 1632 -ല്‍ ഹോളണ്ടിലെ ഡെല്‍ഫ്റ്റ് (Delft) പട്ടണത്തില്‍ ജനിച്ച വെര്‍മീറുടെ പിതാവ് ഒരു സത്രം നടത്തിപ്പുകാരനായും പെയിന്റിങ്ങുകളുടെ വില്പനക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്തെ ഡെല്‍ഫ്റ്റ് കലാകാരന്മാരുടെ ഒരു താവളമായിരുന്നുതാനും.

Rembrandt

വെര്‍മീറുടെ ബാല്യത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ നമുക്കു കിട്ടിയിട്ടുള്ള അറിവുകള്‍ പരിമിതമാണ്. പിതാവ് പെയിന്റിങ്ങുകളുടെ വിപണിയുമായി ബന്ധമുള്ള ആളായിരുന്നതിനാല്‍ ചിത്രങ്ങളും ചിത്രകാരന്‍മാരുമായി അടുത്ത് ഇടപഴകാന്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ വെര്‍മീറിന് അവസരം കിട്ടിയിട്ടുണ്ടാകണം. എങ്കിലും, ചിത്രകലയില്‍ വെര്‍മീറുടെ ഗുരുനാഥന്‍ ആരായിരുന്നു എന്ന കാര്യത്തില്‍ ചില ഊഹങ്ങളല്ലാതെ ആധികാരികമായ രേഖകളൊന്നുമില്ല. ആദ്യകാല ചിത്രങ്ങളും ലഭ്യമല്ല.

പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പെയിന്റിങ് ബിസിനസ്സും സത്രം നടത്തിപ്പിന്റെ ചുമതലയും വെര്‍മീറിന് ഏറ്റെടുക്കേണ്ടിവന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിവാഹവും നടക്കുന്നത്. ഗാര്‍ഹികജീവിതത്തിലെ മറ്റു ചുമതലകള്‍ക്കിടയിലാണ് അദ്ദേഹം ചിത്രം വരയ്ക്കാന്‍ സമയം കണ്ടെത്തിയിരുന്നത് എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നിട്ടുപോലും എതാണ്ട് മുപ്പതുവയസ്സു പ്രായമാകുമ്പോള്‍ അദ്ദേഹം ഡെല്‍ഫ്റ്റിലെ ഏറ്റവും ബഹുമാന്യനായ ഒരു ചിത്രകാരനായിത്തീര്‍ന്നു.

1675 -ല്‍ കേവലം നാല്പത്തിമൂന്നാമത്തെ വയസ്സില്‍ വെര്‍മീര്‍ നിര്യാതനായി. അദ്ദേഹം വരച്ചതെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന ഏകദേശം മുപ്പത്തഞ്ചില്‍ താഴെ പെയിന്റിങ്ങുകള്‍ മാത്രമേ ഇന്നോളം കണ്ടെത്തപ്പെട്ടിട്ടൂള്ളൂ. അതും താരതമ്യേന വലിപ്പംകുറഞ്ഞ ക്യാന്‍വാസുകളില്‍. ജീവിച്ചിരുന്ന കാലത്ത് മിക്കവാറും പ്രാദേശികമായി ഹോളണ്ടില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു ചിത്രകാരനായിരുന്നു വെര്‍മീര്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകനും കലാപണ്ഡിതനുമായ തിയോഫില്‍ തോറെ (Theophile Thore) അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടെത്തി യൂറോപ്പിലെ വലിയ കലാവൃത്തങ്ങളില്‍ അവതരിപ്പിക്കുന്നതോടെയാണ് വെര്‍മീര്‍ ഇന്ന് കാണുന്നതുപോലെ ലോകപ്രശസ്തനായിത്തീരുന്നത്.

Théophile Thoré

തന്റെ ഹ്രസ്വമായ കലാജീവിതത്തിന്റെ ആദ്യകാലത്ത് വെര്‍മീര്‍ ചരിത്രസംബന്ധിയായ വിഷയങ്ങളും ക്രിസ്തുമത സംബന്ധിയായ വിഷയങ്ങളും വരച്ചിരുന്നതായി കരുതാന്‍ ന്യായമുണ്ടെങ്കിലും ആ ചിത്രങ്ങളില്‍ വിരലിലെണ്ണാവുന്ന ഉദാഹരണങ്ങള്‍ മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളു. അദ്ദേഹത്തിന്റേതായി ഇന്ന് അറിയപ്പെടുന്ന പ്രധാന ചിത്രങ്ങള്‍ മിക്കവാറും ഒന്നോ രണ്ടോ മനുഷ്യരൂപങ്ങള്‍ മാത്രമുള്ള ചെറിയ ഗാര്‍ഹിക ദൃശ്യങ്ങളാണ്. ചിത്രങ്ങളില്‍ പുരുഷന്മാരും കടന്നുവരുന്നുണ്ട് എങ്കിലും സ്ത്രീകളാണ് കൂടുതല്‍ ചിത്രങ്ങളിലെയും മോഡലുകള്‍. ദൈനംദിന ഗാര്‍ഹികവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍, സംഗീത ഉപകരണങ്ങളുമായി ഇരിക്കുന്നവര്‍, ചിത്രകാരന്റെ സ്റ്റുഡിയോ, ജ്യോതിശാസ്ത്രജ്ഞന്റെ പഠനമുറി ഇതെല്ലാം വെര്‍മീര്‍ വരച്ചിട്ടുള്ള ഗൃഹാന്തര്‍ഭാഗങ്ങളുടെ ദൃശ്യങ്ങളില്‍ ചിലതാണ്.

View of Delft Painting by Johannes Vermeer

ഇതുകൂടാതെ ഡെല്‍ഫ്റ്റ് -ലെ ചേതോഹരമായ ചില പട്ടണദൃശ്യങ്ങളും വെര്‍മീര്‍ പെയിന്റുചെയ്തിട്ടുണ്ട്. വെളിച്ചത്തിന്റെയും നിറങ്ങളുടെയും രൂപങ്ങളുടെയും ശക്തവും മനോഹരവുമായ വിന്യാസംകൊണ്ട്, അതുപോലെതന്നെ സൂക്ഷ്മതയും കൃത്യതയുമുള്ള ബ്രഷ് സ്‌ട്രോക്കുകള്‍കൊണ്ട് ശ്രദ്ധേയമാണ് പൊതുവില്‍ വെര്‍മീറുടെ ചിത്രങ്ങള്‍.

Maid with a Milk Jug

1658 -ല്‍, തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം ചെയ്തതായി കരുതപ്പെടുന്ന ‘Maid with a milk jug’ (or The Milkmaid) വെര്‍മീര്‍ ചിത്രങ്ങളുടെ തനതു സ്വഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന എടുത്തുപറയേണ്ട ഒരു ഉദാഹരണമാണ്. 18 ഇഞ്ച് X 16 ഇഞ്ച് വലിപ്പമുള്ള ഈ എണ്ണച്ചായചിത്രം കലാചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പില്‍ക്കാല റിയലിസ്റ്റുകളുടെയും മറ്റും ഓര്‍മ്മയെ ഉണര്‍ത്തുന്ന ഒന്നാണ്. വലിപ്പംകൊണ്ട് താരതമ്യേന ചെറുതാണെന്ന് പറയാമെങ്കിലും ഈ ചിത്രം ഡച്ചു ചിത്രകലയിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായി ഇന്ന് പരിഗണക്കപ്പെടുന്നുണ്ട്.


ജാന്‍ വെര്‍മീര്‍
ജനനം: 1632  |  മരണം: 1675

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.