
പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് പ്രൊഫ: എം. മുരളീധരന്‍ സ്മാരക നാടകോത്സത്തിന്റെ സമാപനദിനത്തില്‍ 2025 സെപ്തംബര്‍ 17 ബുധനാഴ്ച തൃശൂര്‍ റീജിണല്‍ തിയറ്ററില്‍ ‘ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ കേരളയുടെ’ കൂഹൂ (KOOHOO) എന്ന നാടകമാണ് അവതരിപ്പിച്ചത്.
കൂഹൂ എന്ന നാടകം പൂര്‍ണ്ണമായും റെയില്‍വേയുടെ വിവിധ മേഖലയിലൂടെയുള്ള സഞ്ചാരത്തിലൂടെയും സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവവികാസങ്ങളിലൂടെയും സമകാലീനലോകത്തെക്കും ചരിത്രത്തിലേക്കുമുളള തീഷ്ണമായ അന്വേഷണമാണ്. ട്രെയിനില്‍ യാത്രക്കാരനുഭവിക്കുന്ന ദുരിതങ്ങളും അസൗകര്യങ്ങളെല്ലം കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട്.
ചാന്ദിനി എന്ന സ്റ്റേഷന്‍ തന്നെ കഥാപാത്രമായി എത്തുന്നുണ്ട്. ചാന്ദിനിയും ചെറുപ്പക്കാരനും പ്രണയവും വിരഹവുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
BENGUNKODAR സ്റ്റേഷന്‍ ബംഗാളിലെ ഈ സ്റ്റേഷന്‍ 42 കൊല്ലമായി പ്രവര്‍ത്തിക്കുന്നില്ല. സ്റ്റേഷനില്‍ ട്രയിനുകള്‍ നിര്‍ത്തുകയോ ആളെ കയറ്റുകയോ ചെയ്യുന്നില്ല. പണ്ടൊരു മുത്തശ്ശി സ്റ്റേഷനില്‍ വെച്ച് നടത്തിയെന്ന് പറയപ്പെടുന്ന കൊലപാകങ്ങളുടെ പേരിലാണ് 42 കൊല്ലം ഒരു സ്റ്റേഷന്‍ പ്രവര്‍ത്തിക്കാതിരുന്നത്.

DIMPUR സ്റ്റേഷന്‍ : ഈ സ്റ്റേഷനിലൂടെ രണ്ടാംലോകമഹായുദ്ധക്കാലത്ത് 60,000 ശവങ്ങള്‍ കടന്നുപോയിട്ടുണ്ട്. മകന്റെ വരവ് കാത്തിരിക്കുന്ന ഒരച്ഛന്‍. മകന് പകരം വരുന്നത് മകന്റെ വസ്ത്രവും ഷൂസും. ഈ ഭാഗമെല്ലാം നമ്മെ ആഴത്തില്‍ മുറിവേല്‍പ്പിക്കും. ഈ രംഗത്തിന്റെ ആദ്യ ഭാഗത്ത് യുദ്ധത്തിന് പോകുന്ന ഭര്‍ത്താവിനെ യാത്രയാക്കാന്‍ വരുന്ന ഭാര്യയുടെ ഒരു ചോദ്യമുണ്ട്?
”എന്നാണ് വരിക”
അയാള്‍ മറുപടിയായി പറയുന്നു, ”യുദ്ധം കഴിഞ്ഞിട്ട്.”
അതെ, അതാണ് നാടകം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. എന്നാണ് യുദ്ധം കഴിയുക, ആര്‍ക്ക് വേണ്ടിയാണ് യുദ്ധം!

നാടകം ഭൂതകാലത്തേക്ക് യാത്രപോകുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു ട്രെയിനില്‍ ഒന്നാം ക്ലാസില്‍ കോട്ടും സ്യൂട്ടുമിട്ട് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ യാത്രചെയ്യുന്നു. അയാളെ വെള്ളക്കാരായ സഹയാത്രക്കാര്‍ വളയുന്നു. തവിട്ട് നിറത്തിലുള്ള ഇന്ത്യക്കാരനായ നിങ്ങളെങ്ങനെ ഒന്നാം ക്ലാസ്സില്‍ യാത്രചെയ്യും.
മോഹന്‍ചന്ദ് കരണ്‍ഗാന്ധിയെ ചവിട്ടിപ്പുറത്താക്കുന്നു. അന്നയാള്‍ ആദ്യമായി വര്‍ണ്ണവിവേചനത്തിന്റെ കയ്പറിഞ്ഞു. അവിടെ നിന്നയാള്‍ക്ക് ചര്‍ക്കയിലേക്കും ഉപ്പിലേക്കും അധികം ദൂരമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ ട്രെയിന്‍ അട്ടിമറി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കടന്നുവരവ്. ഗോധ്രയിലെ ട്രയിന്‍ കത്തിക്കല്‍. വാഗണ്‍ കൂട്ടക്കൊല. ഭീകരമായി ഗാസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശീയ കൂട്ടക്കൊല. ജനനത്തിനും പത്ത് വയസ്സിനുള്ളിലും ബാല്യവും കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും ജീവിച്ച് തീര്‍ക്കേണ്ടിവരുന്ന കുഞ്ഞുങ്ങള്‍. കുട്ടിയുടെ ശവപ്പെട്ടിയിലൂടെ എത്ര ഗംഭീരമായാണ് നാടകം ഞങ്ങളോടപ്പോള്‍ സംസാരിച്ചത്. മണിപ്പൂരിലെ ബലാല്‍സംഗം ചെയ്ത് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയുടെ ശരീരവും നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്.

കൊച്ചുകൊച്ച് ഭാഗങ്ങളിലൂടെ, വലിയ വിശദീകരങ്ങളില്ലാതെ കാണികളെ മുഴുവന്‍ ഏകാഗ്രതയിലേക്ക് കൊണ്ടുവരാനും പൊള്ളിക്കാനും നാടകത്തിന് കഴിഞ്ഞു.
കടഞ്ഞെടുത്ത നടീനടന്മാരരില്‍ ആരെങ്കിലുമൊരാള്‍ മറ്റൊരാളേക്കാള്‍ മെച്ചമാണെന്ന് പറയാന്‍ കഴിയാത്ത രീതിയില്‍ മികവ് പുലര്‍ത്തി.
നാടകത്തിന്റെ രംഗമൊരക്കലും പ്രോപ്പര്‍ട്ടി ഉപയോഗവും സംഗീതവുമെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ‘കൂഹൂ’ മലയാള നാടകവേദിയെ ഒരുപാട് മുന്നോട്ട് കൊണ്ടുപോയി.
പ്രിയപ്പെട്ട അരുണ്‍ലാലേ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഒരു ബിഗ് സല്യൂട്ട്!







No Comments yet!