Skip to main content

കുരീപ്പുഴയുടെ നഗ്നകവിതകള്‍

ഏതു നദിയും ഗംഗയല്ല

വാഴ്ത്തിപ്പാടാന്‍
മഹാകവികളില്ല
പൂജിക്കാന്‍
പൂണൂലന്മാരില്ല.
സഞ്ചാരപഥവും
ചരിത്രവും ശേഖരിക്കാന്‍
മൂവി ക്യാമറ വന്നില്ല.

എങ്കിലും, ദിവസേന
പാതിവെന്ത ശവങ്ങള്‍
ഈ നദിയിലൂടെ
ഒഴുകുന്നില്ല.

വിശുദ്ധേ,
നീ ഗംഗയല്ല.

***

 

കൂറ്

ഒന്നാം സാക്ഷി മുതല്‍
നൂറാം സാക്ഷി വരെ
പ്രതിഭാഗത്തേക്ക് കൂറുമാറി.

വാദിയും മാറി
ഇനി മാര്‍ഗ്ഗമില്ലല്ലോ

ഏതോ പഴുതുപയോഗിച്ച്
കോടതിയും മാറി

അടുത്തരംഗം
ജനകീയക്കോടതി.

അതാ,
ഗായകസംഘം
പ്രവേശിച്ചുകഴിഞ്ഞു.
അശകൊശലേ മാറുന്നോ
ഈ കൂറെങ്ങാനും മാറുന്നോ?

***

 

ഫോട്ടോഷോപ്പ്

കുയിലിന്റെ ചിറകില്‍
കഴുകന്റെ തൂവല്‍
അയ്യങ്കാളിയുടെ കയ്യില്‍
ഭഗവദ് ഗീത
നാരായണഗുരുവിന്
കാവിവസ്ത്രം.

ചരിത്രം തോറ്റു
ഫോട്ടോഷോപ്പ് ജയിച്ചു.

***

 

ചിയേഴ്‌സ്

പുസ്തകപ്പുഴു
മതഗ്രന്ഥങ്ങള്‍ തിന്ന്
തടിച്ചുകൊഴുത്തു.

പുഴുവിന്റെ
വിശപ്പ് മാറിയതില്‍
ദൈവങ്ങള്‍ ദുഃഖിച്ചു.

പിന്നെ,
പുഴുവിനെ ഫ്രൈ ചെയ്ത്
പുഴുച്ചെരുപ്പിന്റെ
വാറഴിക്കാനുള്ള
യോഗ്യതയില്ലെന്നോര്‍ത്ത്
ഗ്ലാസ്സുകളുയര്‍ത്തി
ചിയേഴ്‌സ്!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.