
അമ്മയ്ക്ക് എന്നും
പല മണമായിരുന്നു.
കുഞ്ഞിലേ കരയുമ്പോള്‍ സ്‌നേഹത്തിന്റെ മണം,
നറു പാലിന്റെ വെണ്മയുള്ള
മധുരത്തിന്റെ ഗന്ധം.
നടന്നു തുടങ്ങിയപ്പോള്‍
അമ്മയ്ക്ക് മണ്ണിന്റെ
മണമായിരുന്നു.
അത് എന്റെ ദേഹത്തെ
അഴുക്കിന്റെയായിരുന്നു.
വിശക്കുമ്പോള്‍ അമ്മയ്ക്ക്
ആഹാരത്തിന്റെ മണമായിരുന്നു.
ദോശ മുതല്‍ ചോറു വരെ
ചായ മുതല്‍ വെറും വെള്ളം വരെ.
രാത്രിയില്‍ തണുപ്പിന്റെ ഗന്ധം
അവസാനമായി നല്‍കിയ
ചുംബനത്തില്‍ അമ്മയ്ക്ക്
ചന്ദനത്തിരിയുടെ മണം
ഉണ്ടായിരുന്നു.
തിരികെ വീട്ടില്‍ എത്തിയപ്പോള്‍
ആ വീടു മുഴുവന്‍ അമ്മയുടെ
മണം, പതുക്കെ ഞാന്‍ അറിഞ്ഞു
അത് എന്നില്‍ നിന്നാണെന്ന്
ഞാന്‍ എന്റെ അമ്മയായി
മാറിയിരുന്നു.
***







No Comments yet!