Skip to main content

പ്രഭുവിന്റെ രണ്ട് കവിതകള്‍

അച്ഛന്‍

വീടിന്റെ
ഇടവഴിയില്‍
ഒരു ചൂട്ട് എരിയുന്നത്
നിലച്ചപ്പോള്‍
തെക്കെതൊടിയില്‍
ഒരു ചിത
ആളിക്കത്തിത്തുടങ്ങി…

***

 

മരണ വീട്ടിലെ മഴ

മരണ വീട്ടിലെ മഴ
അത് മറവിയില്‍
ദ്രവിക്കാന്‍ അനുവദിക്കാത്ത
ഓര്‍മ്മയാണ്…
അകത്തെ ഇടനാഴിയില്‍
തളം കെട്ടികിടക്കുന്ന
കണ്ണുനീര്‍
മഴയുടെ നീര്‍ച്ചാലുകള്‍
നിറച്ചു ഒഴുകി പരക്കുന്നു…

മുറ്റത്ത് വലിച്ചു കെട്ടിയ
നീല ടാര്‍പോളില്‍ ദുഃഖവും
അതിനേക്കാള്‍ കനത്തില്‍
മഴയും കനം വെച്ച് തൂങ്ങിനിന്നു…
ചളിയില്‍ കുതിര്‍ന്ന മുറ്റത്ത്
പലരും പലഭാവങ്ങളയി
നിലയുറപ്പിച്ചു…
കുടയുടെ കാലുകള്‍ പിടിച്ചു
മഴയെ ശപിച്ചു കുറെ പേര്‍…
മഴയോടൊപ്പം കുതിര്‍ന്നു
കുറച്ചുപേര്‍
പലകാര്യങ്ങള്‍ക്കായി
ഓടിനടപ്പുണ്ട്…

മുറ്റത്തിട്ട കസേരകള്‍
ഇടനാഴിയിലെ വെള്ള പുതച്ച
ശരീരത്തിനൊപ്പം ഒറ്റപ്പെട്ടു…
അകത്തെ ചന്ദനത്തിരിയുടെ
ഗന്ധം പുറത്തെ ചളിയില്‍
മുങ്ങി താഴുന്നത് ആരും
അറിഞ്ഞില്ല…

മുറ്റത്തുനിന്നും ഇടനാഴിയിലേക്ക്
പോയവര്‍ പലരും
തന്റെ കാല്പാടുകള്‍
തറയില്‍ മറന്നുവെച്ച്
പോയിരിക്കുന്നു…
മാറിയുടുക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍
പലരും തന്റെ വസ്ത്രം
പിഴിഞ്ഞുണക്കി ഉടുക്കുന്നുണ്ട്…

അകത്തു നിന്ന്
പുറത്തേക്കെടുത്തു
കിടത്തിയ ശരീരത്തിന്
അവസാന കര്‍മങ്ങള്‍ക്ക്
ചുക്കാന്‍ പിടിച്ചും
അരിയും പൂവും ചേര്‍ത്ത്
അവസാന വയ്ക്കരിയും
നല്‍കി പട്ടടയിലേക്ക്
കൊണ്ടുപോകുവാന്‍
അകമ്പടിയായി
ആ മഴ…
മരണ വീട്ടിലെ മഴ,
അതൊരു അനുഭവമാണ്.

***

No Comments yet!

Your Email address will not be published.