Skip to main content

വിപ്ലവങ്ങളുടെ കിടപ്പറ

നന്ദിത, രാജലക്ഷ്മി, ഇടപ്പള്ളി രാഘവന്‍ പിള്ളയില്‍ തുടങ്ങി സില്‍വിയ പ്ലാത്ത്, ഹെമ്മിംഗ് വേ എന്നിവരിലൂടെ വിശ്വരൂപമാര്‍ജിക്കുന്നു ആത്മഹത്യ ചെയ്തവരുടെ പട്ടിക.

ആത്മഹത്യാക്കുറിപ്പുകളുടെ കൂട്ടിത്തുന്നലിലൂടെ ഒരു വിശ്വ മഹാകാവ്യം തന്നെ പിറവികൊണ്ടേക്കാം.
സര്‍ഗ്ഗജീവിതങ്ങളുടെ (അ)പൂര്‍ണ്ണവിരാമം. അതിന്റെ കൂട്ട ആവിഷ്‌കാരം.

 

റോബര്‍ട്ട് ലിറ്റിലിന്റെ ‘മയക്കോവ്സ്സ്‌കിയുടെ കാമുകിമാര്‍’ എന്ന കൃതിയാവട്ടെ അതിനപ്പുറത്തേക്കും ഒഴുകിപ്പരക്കുന്നുണ്ട്.

വ്‌ളാഡിമീര്‍ മയക്കോവിസ്‌കി: 1893ല്‍ തുടങ്ങി 1930 ല്‍ അവസാനി(പ്പി)ച്ച ഹ്രസ്വ ജീവിതം. മുറിക്കകത്ത് അദ്ദേഹം കവിതാ രചനയില്‍ ഏര്‍പ്പെടുമ്പോള്‍ പുറത്ത് മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ അരങ്ങേറ്റം. കവിയരങ്ങുകളില്‍ ആരംഭിച്ച് ജയിലറകളില്‍ ശക്തി പ്രാപിച്ച് കിടപ്പറകളില്‍ പുഷ്പിച്ച ജീവിതം!

കൂടിയിരിപ്പ്

മയക്കോവ്‌സ്‌കി എന്ന കാമുകന്റെയും 23ന് വര്‍ഷത്തിനു ശേഷം സംഭവിക്കുന്ന സ്റ്റാലിന്‍ എന്ന അയാളുടെ ഏകാധിപതിയുടെയും മരണശേഷം ഫ്‌ലാറ്റില്‍ ഒത്തുകൂടുന്ന നാലു കാമുകിമാര്‍. അവരുടെ സംഭാഷണങ്ങളുടെ സചിത്രവിവരണമാണ് ഈ നോവല്‍, The Mayakovsky Tapes.

വേഷങ്ങള്‍ ചഷകങ്ങള്‍

നാലു പെണ്ണുങ്ങളുടെ കവിതയൂറും കലമ്പലുകളാണ് തുടര്‍ന്നുള്ള പേജുകളില്‍. കവിതയും വിപ്ലവവും പ്രസംഗ- നാടകങ്ങളും അങ്ങനെ ക്രമം തെറ്റിച്ചു കടന്നുവരുമ്പോള്‍ത്തന്നെ രതിയും മദ്യവും തുടര്‍ച്ചയായി
തങ്ങളുടെ ഗ്ലാസുകള്‍ നിറച്ചു കൊണ്ടേയിരിക്കുന്നു. ആ നാലു പെണ്ണുങ്ങള്‍, മയക്കിന്റെ ഭാഷയില്‍ കാവ്യദേവതമാര്‍ (ലില്ലിയ ,എല്ലി ,തത്യാനാ, വെറോണിക്ക) ഒത്തൊരുമിച്ച് അവരുടെ കവിയെ, കാമുകനെ പുനര്‍ജനിപ്പിക്കുന്നു!
ബോറിസ് പാസ്റ്റര്‍നാക്ക് എന്ന മറ്റൊരു സമകാലീന മഹാകവിയും തനിക്ക് വിധിച്ച വേഷം കെട്ടിയാടുന്നു.

കവിതയെ സ്വന്തം കിടക്കയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവരുന്ന കവിയായും, ‘നമ്മുടെ വിപ്ലവം അതിന്റെ ശിശുക്കളെ ആര്‍ത്തിയോടെ കൊന്നുതിന്നുന്നു’ എന്നുദ്‌ഘോഷിക്കുന്ന പ്രാസംഗികനായും കാമുകിമാര്‍ കവിയെ വരച്ചു തുടങ്ങുന്നു. കിടപ്പുമുറിയില്‍ അദ്ദേഹം ഉള്ളപ്പോള്‍ സ്വജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രാണവായു പോലും വലിച്ചെടുക്കപ്പെടുമായിരുന്നു എന്ന ഭയത്തിന്റെ കുമിളകളെ ഓര്‍ത്തെടുക്കുന്നു. ആത്മാഭിമാനം മറച്ചുവെക്കാനും കവിയുടെ ബീജം ആവേശത്തോടെ കൈക്കലാക്കാനും
താനൊരുക്കമായിരുന്നു എന്ന് ലിലിയ ഓര്‍ത്തെടുക്കുന്നു… ‘ദൈവമേ, അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ മസ്തിഷ്‌കത്തില്‍ മുദ്രിതമാണ്’ എന്നു ജിഹ്വലപ്പെടുന്നു.

എല്ലിയാകട്ടെ, ഒരിക്കല്‍ താന്‍ തന്റെ മോഹസന്ദേശങ്ങള്‍ എഴുതിയടച്ച് കടലില്‍ നിക്ഷേപിക്കുമായിരുന്ന കുപ്പികള്‍ തിരഞ്ഞ്, ഒടുവില്‍ കടലുംകടന്ന് അറ്റ്‌ലാന്റിക് തീരത്തെ ബ്രൂക്ലിനില്‍ കാത്തിരിക്കവേ കവി സ്വജീവിതത്തിലേക്ക് പ്രത്യക്ഷപ്പെട്ട കാര്യം പറയുന്നു.

അവളുടെ ‘യോനീസാക്ഷ്യം’ ഇങ്ങനെ തുടരുന്നു…

കാല വഴികളില്‍ തേഞ്ഞു തീരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ പ്രേമിച്ചു… ഭോഗിച്ചു… കവിയുടെ ‘അഗ്‌നിപര്‍വത മനോഭാവം’ പുറത്തുവന്ന ഒരു കലഹത്തിനിടയില്‍ കവിയുടെ തന്നെ ‘അധരങ്ങള്‍ തണുത്തുമരവിച്ച പാറ പൊട്ടിച്ചുണ്ടാക്കിയ സന്യാസാശ്രമം’ എന്ന വരി ഞാന്‍ കവിയുടെ മുഖത്തേക്കെറിഞ്ഞു..

തുടര്‍ന്ന് അവള്‍ മയക്കിന്റെ കുമ്പസാരത്തെപ്പറ്റിയാണ് പറയുന്നത്.. കവിതയിലേക്ക് തിരിഞ്ഞതിന്റെയും കവിയായ് മാറിയതിന്റെയും കാരണങ്ങള്‍ ഒരിക്കല്‍ അയാള്‍ അവളോടേറ്റു പറഞ്ഞിട്ടുണ്ടത്രേ: മറ്റൊന്നുമല്ല, തൊണ്ടയില്‍ കുടുങ്ങിയ ഒരു വലിയ മുഴ ചുമച്ചു പുറത്തു കളയുവാന്‍; മരണഭയം എന്ന മുഴ. താത്യാന, പക്ഷേ പട്ടിണി പുരണ്ട ഒരു രംഗമാണ് വിവരിക്കുന്നത്. 1921ല്‍ വിപ്ലവത്തിന് ശേഷമുള്ള ഒരു ക്ഷാമകാലത്ത് ‘കാലുറകള്‍ക്കുള്ളിലെ കാര്‍മേഘം ‘ എന്ന മയ്യക്കോവ്‌സ്‌കി കവിത സൈനികര്‍ക്കു വേണ്ടി പതിവായി ചൊല്ലി, അങ്ങനെ കിട്ടുന്ന കോപ്പക്കുകള്‍ കൊണ്ട് വിശപ്പാറ്റിയ സ്വന്തം കഥ.

നോറയ്ക്കാകട്ടെ ചോരപുരണ്ട തന്റെ നാവുകൊണ്ട് പറയാനുള്ളത് പറയാനുള്ളത് മറ്റൊന്നായിരുന്നു :
‘ഇന്റര്‍ കോഴ്‌സിന്റെ എല്ലാ രീതികളും പരീക്ഷിച്ചു പരീക്ഷിച്ച് ഞങ്ങള്‍ ‘ഔട്ടര്‍ കോഴ്‌സി’ലേക്ക് കടന്നു. അദ്ദേഹത്തിന് രണ്ടു തലച്ചോറുകള്‍ ഉണ്ടായിരുന്നു. ഒന്ന് തലയോടിനുള്ളില്‍; മറ്റൊന്ന് ലിംഗത്തില്‍.
അദ്ദേഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനെച്ചൊല്ലി അവ പരസ്പരം കലഹിച്ചുകൊണ്ടേയിരുന്നു.’ ഇതിന്റെ തുടര്‍ച്ചയെന്നോണം കുറച്ചുകഴിഞ്ഞ് അവള്‍ ഇങ്ങനെ പറയുന്നു,’പുരുഷവംശത്തെ നല്ല കാമുകനും ചീത്ത കാമുകനും ആയി തരം തിരിക്കുന്നത് സ്ത്രീയാണ്. ഞാനൊരു രതിദേവതയായ് മാറിയേനെ, അദ്ദേഹത്തിന്റെ ഇഷ്ട കാമുകിമാരില്‍ എന്നെ മുന്‍പന്തിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍..!’

കല്ലറകളുടെ (അപൂര്‍ണ്ണ) സുവിശേഷം

പടിഞ്ഞാറന്‍ മോസ്‌കോയിലെ വാഗന്‍കോവിസ്‌കിയോ സമിത്തേരിയില്‍ വച്ചുണ്ടായ ഒരു അവിസ്മരണീയ മുഹൂര്‍ത്തം ആ സദസ്സിലേക്ക് കുടഞ്ഞിട്ട് പങ്കുവെക്കലിന്റെ വീര്യം കൂട്ടുന്നുണ്ട് ലിലിയ. 1925:സെര്‍ജി യെസ്‌നിന്‍ എന്ന യുവകവിയുടെ ആത്മഹത്യ. അദ്ദേഹത്തെ അടക്കം ചെയ്ത കല്ലറ. അങ്ങോട്ടേക്ക് ലിലിയയെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്ന മയക്ക്. അവരവിടെ ചെല്ലുമ്പോള്‍ അവിടെ രണ്ടു യുവതികള്‍; ഒരാള്‍ തേങ്ങിക്കരയുന്നു. മറ്റേയാള്‍ യേസ്‌നിന്റെ ‘തെരുവു തെമ്മാടിയുടെ ദുഃഖകരമായ ഏറ്റുപറച്ചില്‍’ എന്ന കവിത ഉറക്കെ വായിക്കുന്നു.

തിരിച്ചു ഫ്‌ലാറ്റിലെത്തുമ്പോള്‍ കവി അസ്വസ്ഥനായിരുന്നു. വോഡ്കയില്‍ വിഷാദം കലര്‍ത്തി ഇങ്ങനെ പറഞ്ഞു; ‘യെസ്‌നിന്റെ സ്മാരക ഫലകത്തില്‍ അശ്രുപൂജ ചെയ്ത യുവതികളെപ്പോലെ എന്റെയും സ്മാരക ഫലകത്തില്‍ പൂജ ചെയ്യുമായിരിക്കും എന്റെ കാമുകിമാര്‍..!’ തുടര്‍ന്ന് നമ്മള്‍ പ്ലഖനോവ് ഓഡിറ്റോറിയത്തിലെ ഒരപൂര്‍ണ്ണ കവിതാ പാരായണത്തിന്റെ സാക്ഷികളായ് മാറുന്നു. നോറയോടൊപ്പം മയക്കോവ്‌സ്‌കി എത്തുമ്പോള്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ട് അവിടെ. അവരുടെ അധിക്ഷേപത്തിനിരയായ കവി തന്റെ ‘ബാക്ക് ബോണ്‍ ഫ്‌ലൂട്ട് ‘ എന്ന കവിത ചൊല്ലുന്നു , തൊണ്ടയടച്ചു പോയ ശബ്ദത്തില്‍..

‘..പലപ്പോഴും ഞാനോര്‍ത്തിട്ടുണ്ട് വാക്കുകള്‍ വെടിയുണ്ടകളാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..!’

ചുവരെഴുത്ത്

കാമ -കാല്പനികതകളില്‍ നിന്ന് വെട്ടിത്തിരിഞ്ഞ് റഷ്യന്‍ ഏകാധിപത്യത്തിന്റെ കറുത്തിരുണ്ട മേല്‍വസ്ത്രം ഇടയ്ക്കിടയ്ക്ക് വലിച്ചൂരാനും നോവല്‍ സമയം കണ്ടെത്തുന്നു. മോസ്‌കോ സിറ്റി ഡ്യൂമഹാളിലെ ഒരു പതിവു സായാഹ്നവിരുന്നു ചര്‍ച്ചയ്ക്കിടയില്‍ മാക്സിം ഗോര്‍ക്കി താന്‍ പങ്കെടുത്ത ഒരു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി മീറ്റിംഗിന്റെ ഒരു സചിത്ര വിവരണം നല്‍കുന്നുണ്ട്. മുഖ്യപ്രഭാഷകന്‍ സ്റ്റാലിന്‍ കടന്നു വരുന്നതും സ്വിച്ചിട്ടപോലെ കരഘോഷം മുഴങ്ങിത്തുടങ്ങുന്നു. അദ്ദേഹത്തിന്റെ രഹസ്യപ്പോലീസുകാര്‍ ബാല്‍ക്കണിയിലിരുന്ന് ആദ്യം കരഘോഷം നിര്‍ത്തുന്നതാരെന്ന് നിരീക്ഷിക്കുന്നുണ്ടാകണം എന്ന ഭയം കൊണ്ടാകണം അതെങ്ങനെ മിനിട്ടുകളോളം നീണ്ടു നീണ്ടുപോകുന്നു.

Vladimir Mayakovsky

ഏഴാം നമ്പര്‍ ബസ്

ഉജ്വലമായ ഭാഗം ഇതൊന്നുമല്ല. ന്യൂയോര്‍ക്ക് ഈസ്റ്റ് 67 ആം നമ്പര്‍ തെരുവിലെ സെന്‍ട്രല്‍ ഓപ്പറ ഹൗസിലെ കവിത ചൊല്ലല്‍ പൂര്‍ത്തിയാക്കുന്ന നിമിഷത്തില്‍ കവി നേരിടുന്ന ചോദ്യവും അതിനു നല്‍കുന്ന ഉത്തരവുമാണ്. നിങ്ങളുടെ കവിതയിലെ താളക്രമത്തിന്റെ സ്രോതസ്സെന്താണ് എന്ന ചോദ്യത്തിന് ‘പ്രിയപ്പെട്ടവളേ, ലൂബിയാന്‍സ്‌കി സ്‌ക്വയറില്‍ നിന്ന് മോസ്‌കോയിലെ നോഗിന്‍ സ്‌ക്വയറിലേക്ക് പോകുന്ന ഏഴാം നമ്പര്‍ ബസ് പെട്ടെന്ന് പരുക്കന്‍ ശബ്ദത്തോടെ ഓടാന്‍ തുടങ്ങുന്നതില്‍ നിന്ന് എന്റെ താളക്രമം ഉത്ഭവിക്കുന്നു’ എന്ന മയക്കിന്റെ ഉത്തരം!

‘സൈബീരിയയിലെ കൊടും മൂടല്‍മഞ്ഞിനെ തുളച്ചു കയറുന്ന കവിതകള്‍ അദ്ദേഹം എഴുതി. അത്യന്തം സാന്ദ്രമായ തലച്ചോറുകളിലേക്ക് പോലും തുളച്ചിറങ്ങുന്ന കവിതകള്‍ ‘എന്ന് അതിന് അടിവരയിടുന്നു ലിലിയ.

ഏപ്രില്‍ 14 ,1930

പ്രേമനൗക എന്ന തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ‘മൌസ്ട്രാപ്പ്’ എന്ന പുതിയ കൃതിയുടെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മയക്ക്. നോറ കൂടെയുണ്ടായിരുന്നു . വാട്ടര്‍മാന്‍ പേനയുടെ മുന കടലാസുലുരയുന്ന ശബ്ദം അവള്‍ക്കു കേള്‍ക്കാമായിരുന്നു . ചായയുണ്ടാക്കൂ എന്നവളോട് പറഞ്ഞിട്ട് അദ്ദേഹം ടോയ്‌ലറ്റിലേക്കു പോയി.

കുറേക്കഴിഞ്ഞ്, ഷേവ് ചെയ്ത മുഖത്തോടെ അസാധാരണമായ വേഷവിധാനത്തില്‍ പുറത്തിറങ്ങി.
‘ഇതെന്താ ശവസംസ്‌കാരത്തിന് പോവുകയാണോ’ എന്ന നോറയുടെ ചോദ്യത്തിന് അവളെ ഭയപ്പെടുത്തിക്കൊണ്ട് ‘അതേ’ യെന്നുത്തരം പറഞ്ഞു. ഭയന്നുപോയ അവളുടെ തൊണ്ടയിലേക്ക് കഫം കയറി വന്നു.
പിന്നില്‍ ചായ തിളച്ചുകൊണ്ടിരുന്നു. അതു വാങ്ങിവെച്ച്, സാവധാനം കപ്പിലേക്കൊഴിച്ച് അദ്ദേഹത്തിന്റെ എഴുത്തുമേശമേല്‍ വെച്ചു. തുടര്‍ന്ന് പുറത്തിറങ്ങാനായി കോട്ട് ധരിക്കാന്‍ തുടങ്ങവേ, നേര്‍ത്ത ശബ്ദത്തില്‍ വിതുമ്പിക്കൊണ്ട് മയക്ക് പുലമ്പിയ അയാളുടെ രണ്ടു വരികള്‍ അവള്‍ വ്യക്തമായ് കേട്ടു .

എന്റെ വാക്യത്തിന് ബുള്ളറ്റു കൊണ്ട് വിരാമ ചിഹ്നം ഇടുക..

—-
കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ കേട്ട വെടി ശബ്ദം അവളെ ‘പ്രേമനൗക’യിലേക്ക് തിരിച്ചോടിച്ചു. ഒരു ഉന്മാദാവസ്ഥയില്‍ അവള്‍ മയക്കിന്റെ ശരീരത്തിലേക്കുവീണു.;പുനരുജ്ജീവന ശുശ്രൂഷ ചെയ്യാന്‍ ശ്രമിച്ചു .പക്ഷേ എല്ലാം അവസാനിച്ചിരുന്നു. കവിക്ക് പുറമേ നാടകകൃത്തും സിനിമാ സംവിധായകനും ഒക്കെയായിരുന്ന മയക്കോവ്‌സ്‌കി പക്ഷേ മേല്‍പ്പറഞ്ഞവയെയെല്ലാം വിപ്ലവത്തിന്റെ സേവകരായിട്ടാണ് കണ്ടത്.
‘ഞാന്‍ അനുഗ്രഹീതനായ കവിയാണ്. ഊര്‍ജ്ജസ്വനായ വിപ്ലവകാരിയാണ് വൈദഗ്ധ്യമുള്ള കാമുകനാണ്.
ഈ മൂന്നു പ്രവര്‍ത്തികള്‍ക്കും പൊതുവായ അനേകം കാര്യങ്ങളുണ്ട്; അവ പരസ്പരപൂരകങ്ങളാണ്’ എന്ന് എല്ലിയോട് അദ്ദേഹം പറഞ്ഞതുപോലെ.

ഉപസംഹാരം

നോവലിന്റെ അന്ത്യത്തില്‍
ഹൃദയം ഒരു വെടിയുണ്ടയ്ക്കു
വേണ്ടി കേഴുന്നു
മൂര്‍ച്ചയുള്ള ഒരു അറിവുകത്തി
തൊണ്ടക്കു വേണ്ടിയും

എന്ന മയക്കോവ്‌സ്‌കി കവിത ലിലിയ ഓര്‍ത്തെടുക്കുന്നുണ്ട്. ‘കാവ്യസാധനയുടെ ഔന്നത്യത്തിലുള്ള കവിയുടെ ആത്മഹത്യ അദ്ദേഹത്തിന് അനശ്വരത നല്‍കുന്നുണ്ട്’ എന്ന് നൂറാ അവളെ ആശ്വസിപ്പിക്കുന്നു അപ്പോള്‍. പക്ഷേ, ‘കവികള്‍ 30 വയസ്സിനു മുകളില്‍ ജീവിക്കുകയില്ല’ എന്ന ആശ്വാസവാക്കുകളോടെ പാസ്റ്റര്‍നാക്ക് അവളെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച വേളയില്‍ തന്റെ മുഖത്തു പുരണ്ട അയാളുടെ കണ്ണുനീര്‍ത്തുള്ളികളുടെ ചൂട് അവളിലേക്കു വീണ്ടും പടര്‍ന്നു കയറുന്നു. പ്രിയ കാമുകന്റെ അവസാന സന്ദേശം അഥവാ ആത്മഹത്യ കുറിപ്പിലെ വരികള്‍ അവള്‍ക്കുള്ളില്‍ വീണ്ടും മുഴങ്ങാന്‍ തുടങ്ങുന്നു:

‘അവര്‍ പറയുന്നതുപോലെ
ആ സംഭവം അവസാനിപ്പിച്ചു.
പ്രേമ നൗക തകര്‍ന്നുവീണു.
ഇപ്പോള്‍ എനിക്കും
എന്റെ ജീവിതത്തിനും
ഋണ ബാധ്യതയില്ല .
ആശിക്കാന്‍
ഒന്നുമില്ലാത്ത ദിവസങ്ങള്‍ .
പരസ്പരം മുറിവേല്‍പ്പിച്ചിട്ട്
കുറ്റം പറഞ്ഞിട്ട്
ഓരോന്നും വേര്‍പെടുത്തിയിട്ട്
എന്തു നേട്ടം.?’

***


മയക്കോവ്‌സ്‌കിയുടെ കാമുകിമാര്‍
റോബര്‍ട്ട് ലിറ്റില്‍
വിവര്‍ത്തനം : പ്രൊഫ. സി.എ. മോഹന്‍ദാസ്
പ്രസാധനം : ഗ്രീന്‍ ബുക്‌സ്
വില : 260 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.