Skip to main content

ബഷീറിലെ ഗാന്ധിയന്‍ വിഭാവനങ്ങള്‍

‘ഓര്‍മ്മയുടെ അറകള്‍’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകത്തില്‍ ബഷീര്‍ ഇങ്ങനെ ചോദിച്ചിട്ടുണ്ട്:

”ഇന്ത്യയെ ചോര ചിതറിച്ചു രണ്ടായി വെട്ടിപ്പിളര്‍ന്നു. ആരുടെയോ കുടുംബസ്വത്തുപോലെ ഭാഗിച്ചു. ആരാണുത്തരവാദി? മുസല്‍മാന്മാരോ? ഹിന്ദുക്കളോ? എന്നോട് ആരും ചോദിച്ചില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോയതും എല്ലുനുറുങ്ങേ തല്ലുകൊണ്ടതുമാണ് ത്യാഗമെങ്കില്‍ ഞാന്‍ ഒരുപാട് ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്നു തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഒരുപാട് വിളിച്ചുപറഞ്ഞിട്ടുണ്ട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി- ആ മനുഷ്യന്റെ ദുര്‍ബലമായ വലതുകൈത്തണ്ടിലോ തോളിലോ ഞാന്‍ പിടിച്ചപ്പോള്‍ ചിരിച്ചു; പല്ലുകള്‍ പോയ മോണ കാണിച്ചു-ആ ചിത്രം മായാതെ നില്‍ക്കുന്നു. ഞാനന്ന് ചെറുപ്പവും ഗാന്ധിജി വൃദ്ധനും ആയിരുന്നു.”

ബഷീര്‍ അനുഭവിച്ച ജീവിതത്തിന്റെ ഈ വര്‍ത്തമാനം ഉദ്ധരിക്കുകയാണെങ്കില്‍ ഒരു പേജുകൂടി ഉദ്ധരിക്കാനുണ്ട്. അതിനിവിടെ മുതിരുന്നില്ല. പക്ഷേ, അതില്‍ ബഷീര്‍ ചോദിക്കുന്ന ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട്:

”ഇന്ത്യയെ ബ്രിട്ടീഷ് നുകത്തില്‍നിന്നും മോചിപ്പിക്കാന്‍ പടവെട്ടിയ ലക്ഷം ലക്ഷം പാവപ്പെട്ട ഇന്ത്യക്കാരോട് ചോദിക്കാതെ ഇന്ത്യ വിഭജിക്കപ്പെട്ടു. എന്തിന്? ആര്‍ക്കുവേണ്ടി?”

വിഭജനത്തിന്റെ തലേദിവസം എറണാകുളത്തായിരുന്നു ബഷീര്‍. രാത്രി 11-12 മണി. കയ്യില്‍ പണമില്ല. ഹോട്ടലിന്റെമുമ്പില്‍ മഴ നനഞ്ഞുകൊണ്ട് നില്‍ക്കുന്നു. നേതാക്കളുടെ പ്രസംഗം കേള്‍ക്കുവാന്‍ വേണ്ടി മാത്രം. അന്ന് ഹോട്ടലിലേ റേഡിയോ ഉള്ളൂ. മഴ നനഞ്ഞുകൊണ്ട് റോഡില്‍നിന്നു പ്രസംഗം കേട്ടു. ജവഹര്‍ലാലിന്റെ പ്രസംഗം ദുഃഖം നിറഞ്ഞത്- കണ്ണുനീര്‍ എന്നു ബഷീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബഷീറാകട്ടെ റോഡിലൂടെ കരഞ്ഞുകൊണ്ടു നടന്നു.

വൈക്കം സത്യാഗ്രഹകാലത്തെ ഓര്‍ത്തുകൊണ്ട് ബഷീര്‍ പറയുന്നുണ്ട്:

”ഹീനജാതിക്കാരായ ഹിന്ദുക്കളെ മനുഷ്യരാക്കിത്തീര്‍ത്ത മനുഷ്യനാകുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ആ ഗാന്ധി സനാതന ധര്‍മ്മപരിപാലനത്തിന്റെ ക്രൂരമായ വെടിയുയേറ്റു…… ഹരേ റാം.”

അനേകംതവണ ജയിലില്‍ കിടന്നിട്ടുള്ള ആ സ്വാതന്ത്ര്യസമരപോരാളിയോട് ഒരുദിവസം അയല്‍ക്കാരന്‍ ചോദിക്കുന്നു:

”പാക്കിസ്ഥാന്‍ കിട്ടിയില്ലേ? ഇനി എന്തിന് ഇന്ത്യയില്‍ താമസിക്കുന്നു?”

ഈ ചോദ്യം അന്നേ കേട്ടുകൊണ്ടാണ് ബഷീറും കൂട്ടരും ഇവിടെ ജീവിച്ചുതീര്‍ത്തത്. ഇന്നും ഹിന്ദുത്വരാഷ്ട്രീയക്കാര്‍ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

‘അമ്മ’ എന്ന കഥ 1938ല്‍ സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ വാര്‍ന്നുവീണതാണ്. ബഷീര്‍ വീടും നാടും വിട്ട് കോഴിക്കോട്ടെത്തി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത കഥ പ്രസിദ്ധമാണ്. ബഷീര്‍ അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

”ആ സംഭവം എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഒരു റംസാന്‍ മാസത്തില്‍ ആണെന്നു തോന്നുന്നു; ബാപ്പ എന്നോട് വയലില്‍നിന്ന് നെല്ല് കൊണ്ടുവരുവാന്‍ പറഞ്ഞു. ഞാന്‍ പോയില്ല. ഞാന്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ പോയി. അന്ന് ബാപ്പ എന്നെ ഒരുപാട് തല്ലി. സന്ധ്യയ്ക്ക് ഞാന്‍ ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച് ആരോടും ഒന്നും പറയാതെ ഒരു ഖദര്‍ മുണ്ടും ഷര്‍ട്ടുമായി രാത്രി ഒരുപാട് മൈല്‍ നടന്ന് തീവണ്ടിയില്‍ കയറി കോഴിക്കോട് ചെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടു.

ആ കഥയില്‍ ഇങ്ങനെ കൂടി ബഷീര്‍ എഴുതിയിട്ടുണ്ട്:

”മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യന്‍ കാരണമാണ് ഞാന്‍ ആദ്യമായി അടിയും ഇടിയും കൊണ്ടതെന്നുള്ള രഹസ്യമാണ് എനിക്കിവിടെ രേഖപ്പെടുത്താനുള്ളത്.”

വൈക്കം സത്യാഗ്രഹസമരം നടക്കുന്ന കാലം (1924). ഗാന്ധിജി വൈക്കത്തുവന്നല്ലോ. ബഷീര്‍ അക്കാലത്ത് വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി. ഹെഡ്മാസ്റ്റര്‍ വെങ്കിടേശ്വരയ്യര്‍. അദ്ദേഹം സത്യാഗ്രഹവിരോധി. ഗാന്ധിജിയോടും വിരോധമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഖദര്‍ ധരിക്കുന്നതും നിരോധി ച്ചിരുന്നു. അവരാരും സത്യാഗ്രഹാശ്രമത്തില്‍ പോകാന്‍ പാടില്ല. ബഷീര്‍ ഇത് രണ്ടും ചെയ്തു. ബഷീര്‍ ഖദറും ധരിച്ച് സത്യാഗ്രഹാശ്രമത്തില്‍ പോയി. ക്ലാസ്സിലെത്താന്‍ വൈകി. വൈകിയുള്ള ആ വരവ ഹെഡ്മാസ്റ്റര്‍ കണ്ടിരുന്നു. ക്രോധത്തോടെ അദ്ദേഹം പറഞ്ഞു:

”അമ്പടാ അവന്റെ വേഷം കണ്ടോ? ഞാന്‍ ഒന്നും മിണ്ടിയില്ല. വീണ്ടും അദ്ദേഹം ചോദിച്ചു, നിന്റെ ബാപ്പ ഇട്ടിട്ടുണ്ടോടാ ഇത്?”

ബഷീര്‍ പറഞ്ഞു

”ഇല്ല.”

ഏഴ് അടി ബഷീറിന് കിട്ടി. അതിലൊന്ന് പുറത്തും. എന്നിട്ട് പറഞ്ഞു:

”ഇനി പോകരുത് മനസ്സിലായോടാ. ഇനി പോയാല്‍ നിന്നെ ഡിസ്മിസ് ചെയ്യും.”

ബഷീര്‍ പിന്നെയും പോയിക്കൊണ്ടിരുന്നു.

വൈക്കത്ത് ഗാന്ധി വന്നപ്പോള്‍ അദ്ദേഹത്തിന്റെ കാറിനൊപ്പം ബഷീറും കൂട്ടുകാരും കൂടി. കാറിന്റെ സൈഡില്‍ ബഷീറും തൂങ്ങി. ഗാന്ധിയെ തൊടാന്‍ ബഷീര്‍ ആഗ്രഹിച്ചു. വീട്ടിലെത്തി അമ്മയോട് ഗാന്ധിയെ തൊട്ട വിവരം പറഞ്ഞു. അമ്മ ചോദിച്ചു:

”ഗാന്ധിക്ക് എവിടെ നിന്നു കിട്ടിയെടാ ഈ ചാക്കു പോലത്തെ പുഷ്‌ക്കടി മുണ്ട്.”

ഖദര്‍ ശരീരത്തില്‍ ഇട്ടാല്‍ ചൊറിയുമെന്നായിരുന്നു അവര്‍ കേട്ടിരുന്നത്.
കോഴിക്കോട് സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് മൂന്നുമാസത്തെ കഠിന തടവും മര്‍ദ്ദനവും അനുഭവിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു വാസം. ആയിടെയാണ് ഭഗത്‌സിംഗിനെ തൂക്കിലേറ്റിയത്. മൂന്നുദിവസം ജയിലില്‍ ബഷീര്‍ നിരാഹാരവ്രതമെടുത്തു.

ഗാന്ധി-ഇര്‍വിന്‍ സന്ധിപ്രകാരം ബഷീര്‍ ജയില്‍മോചിതനായി. ആയിടെ ഒരുദിവസം വീട്ടിലെത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി ഉമ്മ ചോദിച്ചു:

”നീ വല്ലതും കഴിച്ചോ മകനേ?”

ഊണ് കഴിക്കാനിരി ക്കുമ്പോള്‍ ബഷീര്‍ ചോദിച്ചു:

”ഞാന്‍ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?”

അമ്മ പറഞ്ഞു:

”ഓ ചോറും കറിയുംവച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.”

ബഷീറും ഗാന്ധിയും തമ്മിലുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ദൃഢബന്ധം ആരംഭിച്ചത് വൈക്കം സത്യാഗ്രഹകാലത്താണ്.

ബഷീറിന്റെ മാനവികതയ്ക്കും സഹജീവിസ്‌നേഹത്തിനും പരിസ്ഥിതിയവബോധത്തിനും അപരോന്മു ഖാസ്തിത്വത്തിനും പിന്നില്‍ ഗാന്ധിയാണ് വഴികാട്ടിയായി നിന്നത്. ഡല്‍ഹി സെന്റ്സ്റ്റീഫന്‍സ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലെ ഫിലോസഫി പ്രൊഫസര്‍ ആയിരുന്ന കെ.പി.ശങ്കര നുമായി പ്രസിദ്ധ ഗാന്ധിചിന്തകനായ കെ.അരവിന്ദാക്ഷന്‍ നടത്തിയ അഭിമുഖം വളരെ ശ്രദ്ധേയമാണ് (മാതൃഭൂമി ബുക്‌സ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്). അഭിമുഖത്തില്‍, ഇരുപതാംനൂറ്റാണ്ടിലെ രണ്ട് തനത് ചിന്തകരില്‍ ഒരാള്‍ ഗാന്ധിയും മറ്റേയാള്‍ ബഷീറും ആണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ”വൈക്കം മുഹമ്മദ് ബഷീറിനെ ഞാന്‍ ചെറുപ്പത്തിലേ വായിച്ചു തുടങ്ങിയിരുന്നു. ഒട്ടുമുക്കാലും 1980ല്‍ ഞാന്‍ വായിച്ചുതീര്‍ത്തിരുന്നു. അന്നൊന്നും അദ്ദേഹത്തെ ഞാന്‍ ഈ ഒരു തത്വചിന്തകനായി കണ്ടിരുന്നില്ല. 2012ല്‍ ഞാന്‍ റിട്ടയര്‍ ചെയ്തു. 2014ല്‍ മീരയും ഞാനും കൊച്ചിയിലേക്ക് മാറിത്താമസിച്ചു….. രണ്ടാം വായനയിലാണ് ഞാന്‍ ബഷീറിലുള്ള തത്വചിന്തകനെ കാണുന്നത്, പരിചയപ്പെടുന്നത്. ഞാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മറ്റു ഫിലോസഫി സബ്ജക്ട് പഠിപ്പിക്കുന്നതിന്റെ കൂടെ പലതവണ എത്തിക്‌സ് പഠിപ്പിച്ചിട്ടുണ്ട്. 2014ല്‍ ബുദ്ധനും ഗാന്ധിയും സോക്രട്ടീസും എനിക്ക് പുതുമയല്ല. അവര്‍ തമ്മിലുള്ള ബന്ധം ഞാന്‍ അറിയാതെത്തന്നെ എന്നില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഈ രണ്ടാം വായനയിലാണ് ബഷീറിനെ, അതും ഞാന്‍ അറിയാതെത്തന്നെ ഈ മൂന്ന് ചിന്തകരുമായി ബന്ധപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിനെ മറ്റ് മൂന്ന് ചിന്തകരുമായി കൂട്ടിച്ചേര്‍ത്തത് ഞാനല്ല. എന്റെ വായനയാണ്…. അങ്ങനെയാണ് ബഷീറില്‍ ബുദ്ധനോടും ഗാന്ധിയോടും സോക്രട്ടീസിനോടും ഒത്തുനില്‍ക്കുന്ന മഹാനായ ഒരു തത്വചിന്തകനെ എനിക്ക് കാണാന്‍ സാധിച്ചത്. പക്ഷേ, ബഷീര്‍ മറ്റു മൂന്നു തത്വചിന്തകരില്‍നിന്ന് വ്യത്യസ്തനാണ് താനും. അദ്ദേഹത്തില്‍ ഗാന്ധിയിലും ബുദ്ധനിലും ഉള്ള വ്യത്യസ്തമായ ഒരു പ്രവര്‍ത്തനശൈലി ഇല്ല. ബുദ്ധന്റെയും ഗാന്ധിയുടെയും കാര്യത്തില്‍ ആശ്രമജീവിതം ഒരു പ്രധാന ഘടകമാണ്. അപരിഗ്രഹം ഒരു പ്രധാന കാര്യമാണ്. പക്ഷേ പലതരത്തിലും ബഷീറിന്റെ ജീവിതശൈലി സോക്രട്ടീസിന്റെ ജീവിതശൈലിയുമായി സാമ്യമുണ്ട്.”

ജയിലില്‍വച്ച് വാര്‍ഡനോട് ബഷീര്‍(മതിലുകള്‍) ചോദിക്കുന്നുണ്ട്:

”ഗാന്ധി നിരാഹാരവ്രതത്താല്‍ മരണ ശയ്യയിലാണെന്ന് ഇന്നുകാലത്തും ആ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നോട് പറഞ്ഞു. വാര്‍ഡര്‍ വല്ല വിശേഷവും കേട്ടോ?”

ഈ വേളയില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി നീണാള്‍ ജീവിക്കട്ടേ എന്നും എല്ലാ മനുഷ്യരും നീണാള്‍ ജീവിക്കട്ടേ എന്നും മതിലുകള്‍ എന്ന നോവലില്‍ ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്.

വെളുപ്പിന് അഞ്ചുമണിക്ക് തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ച പ്രതിക്ക് ബഷീര്‍ കൂട്ടിരിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. മരണത്തെ വരിക്കാന്‍ നിര്‍ബന്ധിതനാകുന്ന സന്ദര്‍ഭത്തില്‍, പ്രതിക്ക് അല്പം കടും ചായ കുടിക്കണമെന്നു തോന്നും. ബഷീര്‍ അന്നേരം അതിനു തയ്യാറാണ്. അതുപോലെ ഒന്ന് രണ്ട് ബീഡിയും തീപ്പെട്ടിയും ആവശ്യപ്പെടും. അതുകൊടുത്തയക്കുമ്പോള്‍ ജയിലറോട് ബഷീര്‍ പറഞ്ഞയക്കും:

”മരണത്തെ രണ്ടു വിധത്തില്‍ നേരിടാം. കരഞ്ഞുകൊണ്ട്, ചിരിച്ചുകൊണ്ട്. എങ്ങനെയായാലും മരിക്കും. ആയതുകൊണ്ട് ചിരിച്ചുകൊണ്ടുതന്നെ മരണത്തെ നേരിടുക! മംഗളം.”

”അപ്പോഴൊക്കെ ഞാന്‍ ഉറങ്ങാതിരിക്കും. അഞ്ചുമണിക്കുള്ള തൂക്കിക്കൊല്ലല്‍ കഴിഞ്ഞ് ആറുമണിക്കേ ഞാന്‍ കിടക്കൂ. മയങ്ങിപ്പോകുമ്പോഴായിരിക്കും നേതാക്കള്‍ ആരെങ്കിലും വന്ന് എന്നെ വിളിച്ചുണര്‍ത്തു ന്നത്. ഇത് ദ്രോഹബുദ്ധിയോടെയല്ല. ഞാന്‍ മരണത്തിന് കൂട്ടിയിരിക്കുകയായിരുന്നു എന്നവര്‍ക്ക് അറിഞ്ഞുകൂടല്ലോ.”

ഗാന്ധിയുടെ മാര്‍ഗം ഇങ്ങനെ വെളിവാക്കപ്പെട്ട സന്ദര്‍ഭം ഓര്‍ത്തു പോകാതിരിക്കുമോ?

”ഞാന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ഏകത്വത്തില്‍ വിശ്വസിക്കുന്നു. പാപികളില്‍ പാപികളായവരെ പോലും എന്നില്‍നിന്ന് അകറ്റിനിറുത്താന്‍ എനിക്കാവില്ല.

” ഗാന്ധിമാര്‍ഗത്തിന്റെ വിശുദ്ധോപാസനയാണ് ബഷീര്‍ ഇവിടെ ചെയ്തത്. ‘മതിലുകള്‍’ എന്ന ലഘുനോവല്‍ വായിച്ചു തീര്‍ക്കുമ്പോള്‍ ഗാന്ധിയുടെ പരിസ്ഥിതിദര്‍ശനം എത്രയോ തവണ നമ്മില്‍ ഉണരുന്നുണ്ട്. ”ചെടികളോടും വൃക്ഷങ്ങളോടും വര്‍ത്തമാനം പറയുക.

” ബഷീര്‍ റോസപ്പൂക്കളെ ചുംബിക്കുന്നത് നാരായണിയോടുള്ള പ്രണയം കൊണ്ടുമാത്രമാണോ? ആണെന്നു പറഞ്ഞാല്‍ അതു പൂങ്കാവനങ്ങളോടുള്ള ഭാവനാശൂന്യതയായിത്തീരും. ”ഓരോ വൃക്ഷത്തെയും ഓരോ ചെടിയെയും ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ വര്‍ത്തമാനം പറഞ്ഞാല്‍ ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും മനസ്സിലാകും എന്നുവരെ തോന്നിയിട്ടുണ്ട്.”

ബഷീര്‍, റോസച്ചെടികളുടെ പൂങ്കാവനം നട്ടത് ആര്‍ക്കുവേണ്ടിയായിരുന്നു? അദ്ദേഹം പറയുന്നുണ്ട്:

”ഞാനൊരു കന്നിക്കാരനൊന്നുമല്ല. മുമ്പു കുറേ പ്രാവശ്യം ജയിലുകളിലെ നമ്പറുകളായിട്ടുണ്ട്.

” ബഷീറിന്റെ ഒരു സുഹൃത്ത് തടവുകാരനായി അവിടെയുണ്ട്. അദ്ദേഹത്തിന്റെ വരവുകണ്ട് ബഷീര്‍ പറഞ്ഞു:

”ചങ്ങലകളിട്ട ഒരു മദയാന; അല്ല…. മനുഷ്യന്‍.”

ബഷീറിന്റെ ക്ലാസ്‌മേറ്റാണ്. ബഷീര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അതേപ്പറ്റി ബഷീര്‍ പറയുന്നുണ്ട്: ”അതു ഞാന്‍ ജയിലിലെ ഓരോരുത്തരെയും ചുംബിച്ച പോലെയായി. ഈ ചുംബനവൃത്താന്തം ജയിലാകെ അറിഞ്ഞു. ജയില്‍ രോമാഞ്ചം കൊണ്ടു.”

വാസ്തവത്തില്‍ അവിടെ ബഷീര്‍ തടവുകാരന്റെ ജീവിതമാണോ നയിക്കുന്നത്? അനുഭവിക്കുന്നത്? പാപികളായ മനുഷ്യരെ, തടവിലെ ഭീകരമായ ഏകാന്തത അനുഭവിക്കുന്ന മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്തുനിറുത്താനല്ലേ പരിശ്രമിച്ചത്. അനിയന്‍ ജയിലര്‍ വന്ന് മോചനവാര്‍ത്ത അറിയിക്കുമ്പോള്‍ ബഷീര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്:

”ഹു വാണ്‍ഡ്‌സ് ഫ്രീഡം?”

സ്വാതന്ത്ര്യാനന്തരം ഗാന്ധിയും ഇങ്ങനെ ചോദിച്ചിട്ടുണ്ടല്ലോ. മാനവവിമോചനത്തിനായി നിലകൊള്ളുന്നവര്‍ക്ക് ജയില്‍ജീവിതവും തങ്ങളുടെ ആദര്‍ശജീവിതത്തിന്റെ മറ്റൊരു ഇടം മാത്രമാണ്. അവിടെ നിന്നാണ് മഹാസാഹിത്യങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജയിലില്‍ കിടക്കുന്ന കാലത്ത് ബഷീറില്‍ കമ്മ്യൂണിസ്റ്റു സഹയാത്രികന്റെ മനോഭാവങ്ങളും ദൃശ്യമായിരുന്നു. നേതാക്കള്‍ ആഹ്ലാദത്തോടെ യാത്രയാകുമ്പോള്‍ കാള്‍ മാര്‍ക്‌സിന്റെ ‘ദസ് ക്യാപ്പിറ്റലും’ ഏല്‍പ്പിക്കുന്നുണ്ടല്ലോ. പുസ്തകങ്ങളുടെ ഒരു ലോകവും അവിടെയുണ്ടെന്ന് ബഷീറിന്റെ വായനക്കാര്‍ അറിയുന്നു. മതിലുകള്‍ ആദ്യന്തം ഉല്പാദിപ്പിക്കുന്നത് സമസൃഷ്ടിസ്‌നേഹം എന്ന വികാര വിചാരങ്ങളെ യാണ്. പരിസ്ഥിതിയെ സ്‌നേഹിച്ചുകൊണ്ടും ശക്തീകരിച്ചുകൊണ്ടുമാണ് ഗാന്ധി അഹിംസയെയും സഹാനുഭൂതിയെയും പരിപാലിച്ചത്. ബഷീര്‍ ഇവിടെ ഭൂമിയുടെ അവകാശികളെ കണ്ടെത്തുന്നതും ശ്രദ്ധേയമാണ്. സഹവര്‍ത്തിത്തത്തിന്റെ പാഠമാണ് അക്കഥ ഉല്പാദിപ്പിക്കുന്നത്. പലപല സഹനങ്ങള്‍ക്കിട യിലും ബഷീര്‍ പറയുന്നത്:

”എനിക്കീ ഈ പ്രപഞ്ചങ്ങളെ എല്ലാം സ്‌നേഹത്തോടെ ആലിംഗനംചെയ്യാന്‍ തോന്നുന്നുണ്ട്” എന്നാണ്. ഗാന്ധിയുടെ മതബോധവും ബഷീറില്‍ പ്രവര്‍ത്തിക്കുന്നില്ലേ? മതിലുകളില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്: ”ഞാന്‍ പണ്ട് ഒരു സന്യാസിയായിരുന്നു. ഞാന്‍ ചെന്നു താമസിച്ചിട്ടില്ലാത്ത മസ്ജിദുകള്‍, പുണ്യക്ഷേത്രങ്ങള്‍ ഇന്ത്യയിലില്ല. ചെന്നു കുളിച്ചിട്ടില്ലാത്ത പുണ്യനദികളുമില്ല. കൊടുമുടി കള്‍, താഴ്‌വരകള്‍, വനാന്തരങ്ങള്‍, മരുഭൂമികള്‍, കടലോരങ്ങള്‍, തകര്‍ന്നടിഞ്ഞ ദേവാലയങ്ങള്‍.”

യാത്രകള്‍ ബഷീറിനെ നാനാത്വത്തിന്റെ സങ്കീര്‍ണതകള്‍ അനുഭവിപ്പിച്ചു. അങ്ങനെ നവീനതയുടെ സംസ്‌കാരവും ആദേശിച്ചു.

‘മാന്ത്രികപ്പൂച്ച’ നോവലിലും ബഷീറിന്റെ ഐഡന്റിറ്റി പ്രശ്‌നവല്‍കരിക്കുന്നുണ്ട്. ഒരുവേള ഒരു സദസ്സില്‍ വച്ച് ഉറൂബ് പറയുന്നുണ്ട്: ഹിന്ദുക്കളുടെ ദൈവമാകുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബഷീര്‍ ഹിന്ദു സന്യാസിയാണെന്ന പഴിയും പ്രശംസയും ബഷീര്‍ കേട്ടിട്ടുണ്ട്. സൂഫിപാരമ്പര്യത്തില്‍ അഭിമാനിക്കുന്ന തായും ചെയ്തിട്ടുണ്ട് അദ്ദേഹം. ഗാന്ധിയും ബഷീറിലും പ്രവര്‍ത്തിച്ചിട്ടുള്ളത് കബീറിന്റെ മതദര്‍ശനമാണ്. ഈശ്വരന്‍ ഒരു മതത്തിന്റെയും കുത്തകയല്ല എന്ന് ‘മാന്ത്രികപ്പൂച്ച’യില്‍ ബഷീര്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യദൈവവും സത്യമതവും ആണ് അന്വേഷണവിഷയമിവിടെ! ബഷീര്‍ സ്വാമിജിയോട് ചോദിക്കുന്നു:

”ആദം മുതല്‍ മോസസ്, ഡേവീഡ്, യേശുക്രിസ്തു, മുഹമ്മദ് നബി,…. എന്നിവരെപ്പറ്റി എന്തുപറയുന്നു? ഇവരില്‍ ആരെയാണ് മാനവസമുദായം പിന്തുടരേണ്ടത്? ഇവരില്‍ ആരാണ് സത്യമത പ്രബോധകന്‍?

”ആരെന്നു മനസ്സില്‍ വിചാരിച്ചാല്‍ മതി” അദ്ദേഹം തുടര്‍ന്നു:

”ഇനി നമുക്ക് കുറേ ശ്രേഷ്ഠഗ്രന്ഥങ്ങള്‍ എടുക്കാം…. പരേതാത്മാക്കളുടെ ഗ്രന്ഥം… സെന്റ് അവസ്താ…… വേദങ്ങള്‍, ഉപനിഷത്തുക്കള്‍, സ്മൃതികള്‍, ധര്‍മശാസ്ത്രങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, തേറോ…., ത്രിപിടകങ്ങള്‍, ….ബൈബിള്‍, പുതിയനിയമം…. ഖുറാന്‍….. മോര്‍മണ്‍ ഗ്രന്ഥം…. ക്യാപ്പിറ്റല്‍….. സത്യാര്‍ത്ഥപ്രകാശം…. ഗ്രന്ഥസാഹിബ്ബ്, ആദിഗ്രന്ഥം എന്നിവയില്‍ മാനവരാശി പിന്തുടരേണ്ടïഗ്രന്ഥം ഏത്? ഇവയില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്?”

ഇങ്ങനെ, ബഷീറില്‍ മതം പ്രവര്‍ത്തിക്കുന്നത് കാലഘട്ടത്തിന്റെ ശക്തമായ ചോദ്യങ്ങള്‍ എന്ന നിലയിലാണ്. ചിലയിടത്ത് അദ്ദേഹം ഗാന്ധിയെക്കാള്‍ വലിയ ഗാന്ധിചിന്തയും അവതരിപ്പിച്ചിട്ടുണ്ട്. സന്യാസി പറയുന്നു:

”എനിക്ക് ചോറു നിര്‍ബന്ധമല്ല; ചപ്പാത്തിയോ റൊട്ടിയോ പൂരിയോ നിര്‍ബന്ധമല്ല. പാല് ഒരു മോഷണവും പാപവും ആയതുകൊണ്ട് ഞാന്‍ കഴിക്കില്ല. പച്ചിലകള്‍, പയറുകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ ഇവ ഞാന്‍ ഭക്ഷിക്കുന്നു. വേവിക്കണമെന്നില്ല, ഉപ്പുവേണമെന്നില്ല….. ഓരോരുത്തരും അവനവനാല്‍ കഴിയുന്ന ആഹാരസാധനങ്ങള്‍ ഉല്പാദിപ്പിക്കാന്‍ പറഞ്ഞാല്‍ വല്ലവരും കേള്‍ക്കുമോ?”

ജീവിതചിന്തകളെ ഈ വിധം പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ ബഷീര്‍ പ്രതിജ്ഞാബദ്ധനാണ്. ബഷീര്‍ സാഹിത്യരചനകളുടെ പേര്‍ത്തും പേര്‍ത്തുമുള്ള വായനകള്‍ സത്യാന്വേഷണത്തിന്റെ പ്രകര്‍ഷവും പ്രസാദവും പ്രത്യഭിജ്ഞയുമെല്ലാം അനുഭവിക്കാന്‍ ഇടവരുത്തുന്നുണ്ട്. ഗാന്ധിമാര്‍ഗം അതിന്റെ ആധാര ശിലയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഗാന്ധിജിയെ തൊട്ടതാകാം ബഷീര്‍സാഹിത്യത്തെ കാരുണ്യത്തിന്റെ പാഠപുസ്തകമാക്കിയത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.