Skip to main content

ബഷീറിന്റെ തൃശ്ശൂരിലെ സാഹിത്യജീവിതം

ബഷീര്‍ ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിച്ചതിന്റെ കരുണാര്‍ദ്രമായ അനുഭവങ്ങളും, ദേശീയ സ്വാതന്ത്രസമരകാലത്ത് അദ്ദേഹ ത്തിലെ പോരാളിയിലുണ്ടായ ത്യാഗതല്‍പരതയും സമസൃഷ്ടി സ്‌നേഹവും ചേര്‍ന്ന ആവിഷ്‌കാരമാണ് ആ സാഹിതിയെ നിത്യസ്മരണീയമാക്കിയത്. ഇതിനിടയില്‍ ബഷീറിനെ തൃശ്ശൂരില്‍ തളയ്ക്കാന്‍ അന്നത്തെ പ്രസാധകവീരനായ ഏ.കെ.ടി.കെ.എം. വാസുദേവന്‍നമ്പൂതിരിപ്പാടും ജോസഫ് മുണ്ടശ്ശേരിയും ശ്രമിച്ചി രുന്നു. എന്നിട്ടും എന്തുകൊണ്ട് ബഷീര്‍ തൃശ്ശൂരില്‍ ജീവിച്ചില്ല?

ഇതു വളരെ പ്രസക്തമായ ചോദ്യമാണ്? അക്കാലത്തെ, ഏറ്റവും വലിയ പ്രസാധനക്കമ്പനിയായ മംഗളോദയം കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ഏ.കെ.ടി.കെ.എം. വാസുദേവന്‍നമ്പൂതിരിപ്പാട്. മംഗളോദയം മാസികയുടെ എഡിറ്റര്‍ ജോസഫ് മുണ്ടശ്ശേരി ‘കൊഴിഞ്ഞ ഇലകള്‍’ എന്ന ആത്മകഥയില്‍, മംഗളോദയം സമാഗമക്കാലത്ത് ബഷീര്‍ തൃശ്ശൂര്‍ താമസക്കാരനായി മാറിക്കഴിഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊഴിഞ ഇലകള്‍, എഴുതിയത് ജോസഫ് മുണ്ടശ്ശേരി , വിഷയം ജീവചരിത്രം , ISBN  9788122611212, Published by Current Books Thrissur ::: കേരളാ ബുക്ക് സ്റ്റോർ
ബഷീറിനോട് തൃശ്ശൂരില്‍ താമസമാക്കാന്‍ അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വീടും പുരയിടവും വാങ്ങി നല്‍കുന്നതിന് ഏ.കെ.ടി.കെ.എം തയ്യാറുമായതാണ്. ”ഭഗവദ്ഗീതയും കുറെ മുലകളും” എന്ന കഥയില്‍ ഇതേപ്പറ്റി ബഷീര്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

ORU BHAGAVATGEETHAYUM KURE MULAKALUM – Mathrubhumi Books

”ഒരു പുസ്തകം തന്നെ പല പ്രാവശ്യം വില്‍ക്കേണ്ട. കടകളിലും വീടുകളിലും വില്‍ക്കുകയും വേണ്ട. അതൊക്കെ ഞങ്ങള്‍ ചെയ്യും. ഇരുന്നെഴുതിക്കോളൂ. താമസം തൃശ്ശൂരേക്ക് മാറ്റ്. ഇവിടെ മുണ്ടശ്ശേരി മാസ്റ്ററുണ്ട്; പരിചയമില്ലേ?”

മറ്റൊരിടത്ത് ബഷീര്‍ എഴുതിയത് ഇങ്ങനെയാണ്:

”ഒരിക്കല്‍ അദ്ദേഹം (ഏ.കെ.ടി.കെ.എം) എനിക്ക് തൃശ്ശൂര് വീടും പുരയിടവും വാങ്ങിത്തരാന്‍ പോയതാണ്. സ്ഥലവും വീടും എന്നെ കൊണ്ടു പോയി കാണിച്ചു. എന്റെ പേരില്‍ വാങ്ങിച്ചുതരും. റോയല്‍റ്റിയില്‍ നിന്ന് കുറെശ്ശേ വീട്ടിയാല്‍ മതി.’

‘ബഷീറും വിമര്‍ശകരും’ എന്ന ലേഖനത്തില്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: ”നമ്മുടെ ചെറുകഥാകൃത്തുക്കളാണ് പിന്നീട് നോവലിസ്റ്റുകളായി, ചന്തു മേനോനും സി.വി.യ്ക്കും ശേഷം മരവിച്ചുനിന്ന നോവല്‍ശാഖയെ പുനരുജ്ജീവിപ്പിച്ചത്. ചെറുകഥകളും നോവലുകളും മുണ്ടശ്ശേരി യുടെ വിമര്‍ശനങ്ങളും കുറ്റിപ്പുഴയുടെ വിപ്ലവചിന്തയും കെ. ദാമോദരന്റെ ‘മനുഷ്യന്‍’ തൊട്ടുള്ള കൃതികളും മംഗളോദയം പ്രസി ദ്ധീകരിച്ചു. ഗദ്യസാഹിത്യത്തിന്റെ തഴപ്പ് മംഗളോദയം പ്രസിദ്ധീകര ണങ്ങളിലൂടെയാണ് തെളിഞ്ഞുകാണാറായത്. തൃശ്ശൂരില്‍ മുകളില്‍ പറഞ്ഞ എഴുത്തുകാരില്‍ പലരും സ്ഥിരതാമസക്കാരായും സന്ദര്‍ശ കരായും വന്നുകൂടി. കൂട്ടത്തില്‍, ബഷീര്‍ തൃശ്ശൂരിലെ ചെമ്പൂക്കാവ് ഭാഗത്തെ ഒരു ഹോട്ടല്‍കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ താമസ മാക്കിയിരുന്നു.”

ബഷീർ: എകാന്തവീഥിയിലെ അവധൂതൻ | Basheer: Ekantha Veedhiyile Avadhoothan by  എം.കെ. സാനു | M.K. Sanu | Goodreads

ബഷീറിന്റെ പ്രസിദ്ധമായ പല രചനകളും തൃശ്ശൂരില്‍വച്ചാണ് എഴുതിയിട്ടുള്ളത്. പ്രസിദ്ധകഥയായ ജന്മദിനം, കഥാബീജം നാടകം തുടങ്ങി പലതും. തൃശ്ശൂര്‍ ജീവിതകാലത്ത് പല കഥകളും രചിക്കാന്‍ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യമാണെന്ന് ‘ബഷീര്‍ എകാന്തവീഥിയിലെ അവധൂതന്‍’ എന്ന ജീവചരിത്രത്തില്‍ എം.കെ.സാനു രേഖപ്പെടു ത്തിയിട്ടുണ്ട്. ഒതുങ്ങിയിരുന്ന് ആത്മശിക്ഷണത്തോടുകൂടി രചന യിലേര്‍പ്പെടാന്‍ ബഷീര്‍ പഠിച്ചത് തൃശ്ശൂരില്‍വച്ചാണെന്നും സാനു മാഷ് വിലയിരുത്തിയിട്ടുണ്ട്. ”എഴുതണമെന്നു തോന്നുമ്പോള്‍ മാത്രം എഴുതുക എന്ന രീതി മാറി. തോന്നിയാലും തോന്നിയില്ലെ ങ്കിലും ഒരു ജോലിചെയ്യുന്ന മട്ടില്‍ എഴുതി ശീലിച്ചെങ്കില്‍ മാത്രമേ ഏതെഴുത്തുകാരനും തന്റെ മേഖലയില്‍ വിജയിക്കാനാകൂ. കഥാബീജം ജനിച്ചത് അങ്ങനെയാണ്. സാഹിത്യവിചാരശൈലിയില്‍ പറഞ്ഞാല്‍ അഭ്യാസം എന്ന ഗുണം ബഷീര്‍ സ്വയം നേടിയെടുക്കു ന്നത് ഈ ഘട്ടത്തിലാണ്. ഇനി ആസൂത്രണത്തോടുകൂടി എഴുതാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ആ സ്വഭാവഘടനയുടെ അംശമായിത്തീര്‍ന്നു.”

മുണ്ടശ്ശേരി മാസ്റ്റര്‍ ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

”ശ്രീ കുത്താമ്പിള്ളി (മാന്യന്‍, മലബാര്‍ ജില്ലാബോര്‍ഡ് അംഗം, സാഹിത്യാസ്വാദകന്‍)ക്കുപുറമെ ഞങ്ങളുടെ സുഹൃദ് സംഘത്തില്‍ കുറേക്കാലത്തേക്ക് സ്ഥിരം മെമ്പര്‍മാരായിരുന്നു ശ്രീമാന്മാര്‍ -ബഷീറും ചങ്ങമ്പുഴയും. ബഷീര്‍ എല്ലാ വൈകുന്നേര ങ്ങളിലും മംഗളോദയം ബുക്സ്റ്റാളില്‍ വന്നെത്തും. സ്വതസിദ്ധമായ ഫലിതം പൊട്ടിച്ച് സ്റ്റാള്‍ മാനേജര്‍ ശ്രീ കൃഷ്ണന്‍നായര്‍ അടക്ക മുള്ള ഞങ്ങളെയെല്ലാവരെയും രസിപ്പിച്ച് അങ്ങോട്ടിറങ്ങിപ്പോകും. താനെഴുതുന്നതെന്തും ലോകോത്തരമാണെന്നുള്ള ഒരഭിമാന ത്തിന്റെ നിഴലാട്ടം ആ ഫലിതധോരണിയില്‍ എപ്പോഴും കാണാം. ഏതാണ്ടൊരു ഓസ്‌കാര്‍ വൈല്‍ഡ് പ്രകൃതക്കാരനാണ് അദ്ദേഹം; ജീവിതത്തില്‍ വിശേഷിച്ചും. സാഹിത്യചര്‍ച്ചകളിലൊന്നും അദ്ദേഹം തല്‍പരനല്ല. വന്നുകയറിയാല്‍ മറ്റോരോന്നങ്ങനെ പറഞ്ഞിരിക്കും. സദസ്സില്‍ എപ്പോഴും വക്താവായിരിക്കാനേ ഇഷ്ടമുള്ളൂ. മറ്റുള്ളവരില്‍നിന്ന് കാര്യമായി വളരെയൊന്നും കേള്‍ക്കാനില്ല. ഈ വാചാലത അദ്ദേഹത്തിന്റെ സാഹിത്യത്തിനില്ല.

‘അപ്പന്‍തമ്പുരാന്‍ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള സായഹ്നസദസിന്റെ പ്രവര്‍ത്തനം നിലച്ച കാലത്താണ് അതിനു ബദലെന്നനിലയില്‍ അനൗപചാരികമായ സുഹൃദ്‌സല്ലാപത്തിന് മംഗളോദയം വേദിയായത്. തൃശ്ശൂര്‍ ചിയ്യാരത്തെ വല്ലപ്പുഴാസ് ആയൂര്‍വേദ നേഴ്‌സിങ് ഹോമിലെ പി.സി.ഗോവിന്ദന്‍നായരുടെ ചികിത്സയില്‍ ബഷീര്‍ ഏതാനും ആഴ്ചകളുണ്ടായിരുന്നു. അതേപ്പറ്റി ബഷീര്‍തന്നെ എഴു തിയിട്ടുണ്ട്: ”എറണാകുളത്തുള്ള കൃഷ്ണന്‍നായര്‍ വാച്ചുകമ്പനി യുടെ ഉടമസ്ഥന്‍ കുട്ടപ്പന്‍നായരുടെ കാറിലായിരുന്നു തൃശ്ശൂര്‍ ചെന്നത്. കാര്‍ ഡ്രൈവ്‌ചെയ്തത് കുട്ടപ്പന്‍നായരാണ്. കാറില്‍ നര്‍മ്മദ പത്രാധിപര്‍ ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍, എം.പി. സ്റ്റുഡിയോ ഉടമസ്ഥന്‍ എം.പി.കൃഷ്ണപ്പിള്ള, പെരുന്ന തോമസ് എന്നിവരുണ്ടാ യിരുന്നു. വൈദ്യരത്‌നം പി.സി.ഗോവിന്ദന്‍നായര്‍ അവര്‍കള്‍ ഭ്രാന്ത് മുതലായവയുടെ സ്‌പെഷ്യലിസ്റ്റാണെന്ന് ഓര്‍ക്കണം. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ പത്തുമുപ്പത് ഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു. കൂച്ചുചങ്ങല ഇട്ടവരും കൈയ്യാമം വച്ചവരും ഇങ്ങനെ പല നിലയില്‍ കിടക്കുന്നവര്‍.”
ആ നാളുകളില്‍ ബഷീറിന്റെ പ്രധാന പണി കത്തെഴുത്തായി രുന്നു. ബഷീര്‍ പറഞ്ഞുകൊടുക്കുന്നത് ശോഭനാപരമേശ്വരന്‍ നായരാണ് എഴുതിയിരുന്നത്. മനോവേദന മറക്കാനാണ് അന്ന് ഒരു മാതിരി പരിചയക്കാര്‍ക്കെല്ലാം വ്യാപകമായി കത്തെഴുതിയത്. മുഖവുരകളും എഴുതിയിരുന്നു. ‘വിശപ്പ്,’ ‘ജിവിത നിഴല്‍പ്പാടുകള്‍’ എന്നി കൃതികള്‍ക്ക് മുഖവുരയുണ്ടായത് അവിടെ വച്ചാണ്. ബഷീറിന് തന്റെ ഭ്രാന്തിനെപ്പറ്റി വളരെ നിസ്സംഗതയോടെ തുറന്നെഴുതാന്‍ കഴിഞ്ഞുവെന്നത് ആ വ്യക്തിത്വത്തിന്റെ മഹനീയത തന്നെയാണ്.
പ്രസിദ്ധ സാഹിത്യനിരൂപകന്‍ എം.പി.പോളുമായി ബഷീറിനു ണ്ടായ ബന്ധം പ്രസിദ്ധമാണല്ലോ. അദ്ദേഹമായിരിക്കാം ബഷീറിന്റെ തൃശ്ശൂര്‍ കുടിയേറ്റത്തിന് വിലങ്ങുതടിയായത്. ബഷീറിന്റെ എഴുത്തി നെയടക്കം സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരിക്കല്‍ ബഷീര്‍ തൃശ്ശൂര്‍ വിശേഷങ്ങള്‍ പറഞ്ഞകൂട്ടത്തില്‍ എം.പി. പോളിനോട് എ.കെ.ടി.കെ.എംന്റെയും മറ്റും തൃശ്ശൂലേക്കുള്ള ക്ഷണ ത്തെപറ്റി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ബഷിറിന് എറണാകുളമാണ് നല്ലത്.” ബാല്യകാലസഖി ഇന്നത്തെ നിലയില്‍ പ്രസിദ്ധീകരിക്കാനുള്ള പ്രേരണ എം.പി.പോളായിരുന്നു. ആരംഭ ത്തിലത് 400 പേജില്‍ കൂടുതലുണ്ടായിരുന്നു. എഡിറ്റു ചെയ്യിച്ചത് അദ്ദേഹമാണ്.
ബഷീര്‍ ‘സ്ത്രീ’ എന്ന പേരില്‍ നോവലും എഴുതിയിരുന്നല്ലോ.

സ്‌ക്രിപ്റ്റ് വായിച്ചതിനെപറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ എം.പി. പോള്‍ പറഞ്ഞു:

”പബ്ലിഷ് ചെയ്യരുതെന്നോ ചെയ്യണമെന്നോ ഞാന്‍ പറയുകയില്ല. സഭ്യതയുടെയും വികാരത്തിന്റെയും അതിരുകള്‍ കടന്നുപോയിരിക്കുന്നു. ബഷീറിന്റെ ഇഷ്ടം പോലെ ചെയ്യ്.”

പിന്നെ, ബഷീര്‍ ഒന്നും ആലോച്ചില്ല. ആ നോവല്‍ വലിച്ചുകീറി വേമ്പനാട്ടുകായലില്‍ ഇട്ടു. അന്നേരം എം.പി.പോളും ഭാര്യയും അടക്കം ചങ്ങനാശ്ശേരിയില്‍നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്നു.
ഒടുവില്‍, ബഷീറിന്റെ തട്ടകം കോഴിക്കോട് ബേപ്പൂര്‍ ആയിത്തീര്‍ന്നു. രണ്ടേക്കര്‍ പുരയിടത്തില്‍ വലിയ അല്ലലില്ലാത കഴിഞ്ഞു. അവിടെവച്ചാണ് അദ്ദേഹം ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ തിരിച്ചറിഞ്ഞത്. സഹൃദയര്‍ അദ്ദേഹത്തെ ബേപ്പൂര്‍ സുല്‍ത്താനുമാക്കി.

ഞാനിപ്പോള്‍ ബഷീര്‍, ‘സ്ത്രീ’ എന്ന നോവല്‍ പിച്ചിച്ചീന്തി വേമ്പനാട്ടുകായലില്‍ എറിഞ്ഞ കഥ ഓര്‍ത്തുപോകുകയാണ്. ഇന്ന്, പൈങ്കിളിസാഹിത്യത്തെയും ജനപ്രിയസാഹിത്യത്തെയും പ്രോത്സാ ഹിപ്പിക്കുന്ന മാധ്യമ ഏജന്‍സികളുടെയും നിരൂപകകേസരികളു ടെയും കാലമാണ്. ഉപദേശിക്കാന്‍ എം.പി.പോളുമാരും ഇല്ല. ബഷീറിനെപോലെയുള്ള വലിയ മനസ്സിന്റെ ഉടമകളും കുറവ്. നിലവാരം എന്നതല്ല ഇന്ന് പ്രശ്‌നം. ഗ്രന്ഥകാരന്റെ കൂടെ തള്ളുകാര്‍ എത്രയുണ്ടെന്നതാണ്. പ്രസാധകര്‍ക്ക് തള്ളുകഥകളാണ് മാര്‍ക്കറ്റ് വിഭവം. ഇന്നാണെങ്കില്‍ അവര്‍ ബഷീറിനെക്കൊണ്ട് ‘സ്ത്രീ’ എന്ന നോവല്‍ 1000 പേജ് എഴുതിക്കാന്‍ ശ്രമിക്കുമായിരുന്നു. അന്നത് കായലില്‍ എറി ഞ്ഞില്ലായിരുന്നെങ്കില്‍ മരണാനന്തരം കണ്ടെത്തിയ രചനയായി ഇന്നത്തെ മാര്‍ക്കറ്റുകളെ ഭരിക്കുമായിരുന്നു. പ്രിയ ബഷീര്‍, നിങ്ങള്‍ ബേപ്പൂര്‍ സുല്‍ത്തനായത് വായനക്കാരുടെ ഭാഗ്യം തന്നെ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.