Skip to main content

സജയ് കെ വിയുടെ രണ്ട് കവിതകള്‍

പണ്ട്

ഓര്‍ക്കുന്നുവോ പണ്ട്
നഗരാരവത്തെപ്പുറത്തിട്ടട –
ച്ചൊരേ മൗനത്തുരുത്തില്‍ നാ-
മൊന്നിച്ചിരുന്നത്?

പ്രണയവിങ്ങല്‍ കൊണ്ടുടല്‍ പൂമരംപോലെ
പൊള്ളിപ്പനിക്കെ, നെരൂദയില്‍ ചൂണ്ടി ഞാന്‍ –
‘ചെയ്യും വസന്തം ചെറി മരത്തോട്
ചെയ്യുന്നതൊക്കെ ഞാന്‍ നിന്നോട് ‘
സ്ഫുടമവള്‍ പൂക്കുമശോകശാഖി പോല്‍
പെട്ടെന്ന്
പൂത്തോ? വിടര്‍ന്നോ?
കൊതിത്തേനുറന്നോ?

പിന്നെ –
പ്പിരിഞ്ഞു നാം;
പൂത്തില്ല ചെറിമരം.

***

 

കീറ്റ്‌സിന്

മദിരാചഷകത്തിന്‍
വളഞ്ഞ വക്കില്‍ ജപ –
മാലയില്‍ മണികള്‍ പോല്‍
കണ്ണു ചിമ്മിടും നുര –
ച്ചിരി തന്‍ നിരകളേ,
രാക്കുയില്‍പ്പാട്ടിന്നുള്ളില്‍
പതയും മൃത്യുന്മത്ത –
നദി തന്‍ കയങ്ങളേ,
‘ഫാനി’യെദ്ധ്യാനി –
ച്ചന്ത്യമാത്രയായിളം മാറില്‍
ചേരുവാന്‍, പ്രാര്‍ത്ഥിച്ചോനില്‍
നിസ്സംഗസ്‌മേരം പെയ്ത
സ്ഥിരതാരകേ,ശരല്‍ –
കാലത്തിന്‍ കനിക്കനം
പേറുന്ന തരുക്കളേ,
അന്ത്യമാം കണം വീഞ്ഞു –
ചക്കില്‍ നിന്നിറ്റാന്‍ മൂകം
കാത്തുകാത്തിരുന്നോളേ,
പറയൂ നിങ്ങള്‍ ക്ഷയ –
ഗ്രസ്തമാം തിങ്കള്‍ക്കീറായ്
മറയും താരുണ്യത്തെ,-
ക്കവിതാമാധുര്യത്തെ –
ക്കണ്ടുവോ കണ്ണാല്‍, ‘കണ്ണേ,
മടങ്ങൂ’വെന്നോതിയോ ?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “സജയ് കെ വിയുടെ രണ്ട് കവിതകള്‍”

  1. നല്ല ഡിക്ഷൻ … ഒപ്പം ജീവിതത്തിന്റെ സ്പന്ദനം

  2. നല്ല ഡിക്ഷൻ
    ഒപ്പം ജീവിതത്തിന്റെ സ്പന്ദനം

Your Email address will not be published.