Skip to main content

എന്റെ സിനിമകള്‍

മുഖക്കുറി – കുമാര്‍ സാഹ്നി

കുമാർ സാഹ്നി

ഇന്ന് ഋത്വിക്ക് ദായെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം മുന്നോട്ട് നോക്കണം. പിന്നോട്ട് തിരിഞ്ഞുനോക്കുകയും, നമ്മുടെ വിജയങ്ങളില്‍ തല ചായ്ക്കുകയും ചെയ്താല്‍പോരാ, നമുക്കു ചുറ്റും കാണുന്നതില്‍ അഭിമാനിക്കാന്‍ വേണ്ടത്ര വകയുണ്ടെന്നു ഞാന്‍ കാണുന്നു. സ്ത്രീപുരുഷന്‍മാരുടെ ധീരോദാത്തമായ സമരങ്ങള്‍, പ്രത്യേകിച്ചും യുവാക്കളുടെ; അവര്‍ വ്യവസ്ഥാപിത സ്ഥാപനങ്ങളെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു. സ്വന്തം വിധിക്കിണങ്ങുന്ന ഒരു സിനിമാഭാഷ രചിക്കാന്‍ ശ്രമിക്കുന്നു. അത് എല്ലാ കലകളേയും ഇണക്കിചേര്‍ക്കുന്നു. മാത്രമല്ല, സ്ഥിരം സിനിമാസങ്കേതങ്ങളുടെ ചങ്ങലകളില്‍ നിന്നും അവര്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. അനശ്വരതയെ പ്രാപിക്കാന്‍ കൊതിച്ചുകൊണ്ടു പറപറക്കുന്ന അത്തരമൊരു രൂപാ ന്തരത്തിന്നു നാം ഇന്നു തയ്യാറാണോ? അതല്ല, കച്ചവട സംസ്‌കാരത്തെപ്പറ്റി തികച്ചും അനാവശ്യമായ സുദീര്‍ഘ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമോ? വെളിച്ചത്തിന്റെ അമര്‍ഷം. മരണത്തിന്നെതിരെ ഒടുങ്ങാത്ത അമര്‍ഷം, അടങ്ങാത്ത അമര്‍ഷം…

ബുള്ളറ്റിന് വേണ്ടി പോൾ കല്ലനോട് വരച്ച ഋത്വിക്ക് ഘട്ടക്കിൻ്റെ ചിത്രം

എന്റെ സിനിമകള്‍

ഞാന്‍ പിറന്ന കാലം കബളിപ്പിക്കലിന്റേതായിരുന്നു. എന്റെ ബാല്യത്തിലും കൗമാരത്തിലും ബംഗാളിനെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഞാന്‍ കണ്ടിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ സൃഷ്ടിപരതയും സാഹിതീലോകത്തിലെ പ്രശസ്തിയും അതിന്റെ ഉച്ചസ്ഥായിലായിരുന്നു. മറുവശത്ത് വംഗ സാഹിത്യം കല്ലോല സംഘം എന്നറിയപ്പെട്ടിരുന്ന എഴുത്തുകാരിലൂടെ ഒരു പുതിയ മുഖം തുറക്കുകയായിരുന്നു. അതേ സമയം തന്നെ സ്‌കൂളുകളിലേയും കോളേജുകളിലേയും യുവാക്കള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ആവേശത്തിമര്‍പ്പിലായിരുന്നു.

Meghe Dhaka Tara

വംഗദേശ ഗ്രാമങ്ങളാവട്ടെ അവരുടെ പുരാവൃത്തങ്ങളുടേയും ഇതിഹാസങ്ങളുടേയും ധാരാളിത്തത്തില്‍ പുതുപ്രതീക്ഷകളോടെ ആവേശഭരിതരുമായിരുന്നു. എന്നാല്‍ അപ്പോള്‍ യുദ്ധം, ക്ഷാമം, കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് സംഘര്‍ഷം എന്നിവയെല്ലാം കടന്നുവരികയും നമ്മുടെ ദേശത്തെ വേണ്ടാസനമാക്കുകയും നമുക്ക് പിളര്‍ക്കപ്പെട്ട സ്വാതന്ത്ര്യം സമ്മാനിക്കുകയും ചെയ്തു. എല്ലായിടത്തും ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ പടര്‍ന്നു പിടിച്ചു.

Subarnarekha

സഹോദരര്‍ പരസ്പരം കുത്തിക്കീറിച്ചിന്തിയ രക്തം മൂലം ഗംഗാനദിയും പത്മാനദിയും ചുകചുകെ ചുവന്നു. ഞങ്ങള്‍ ഇവയെല്ലാം ദൃസാക്ഷികളായ തീര്‍ന്നു. ചിതറപ്പെട്ട സ്വപ്നങ്ങളിലൂടെ ഞങ്ങള്‍ ജീവനറ്റ കീറിമുറിക്കപ്പെട്ട വംഗ ഭൂമിയില്‍ വെറുതെ തൂങ്ങിക്കിടന്നു. അവിടം ദാരിദ്ര്യവും ജീണതയും ആ ദിനങ്ങളിലെ ക്രമമായിരുന്നു. കരിഞ്ചന്തക്കാരും അധാര്‍മ്മികരായ രാഷ്ട്രീയക്കാരും അവിടം ഭരിച്ചു, മനുഷ്യന്റെ വിധി പേടിസ്വപ്നങ്ങളും ദുരിതങ്ങളും നിറഞ്ഞതായി.

ഞാന്‍ പിന്നീട് നിര്‍മ്മിച്ച ചലച്ചിത്രങ്ങളില്‍ ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സാങ്കല്‍പ്പികമായോ വൈകാരികമായോ സ്വതന്ത്രനാവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. വംഗനാടിന്റെ പിളര്‍ക്കപ്പെട്ട ചുക്കിച്ചുളിഞ്ഞ ഈ ബിംബത്തെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നുള്ള ത് അവശ്യം ആവശ്യമാണെന്ന് എനിക്ക് തോന്നി. തങ്ങളുടെ ഭൂത-ഭാവി കാലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയെന്നത് എന്റെ മനസ്സില്‍ നിറഞ്ഞ ഒരാശയമായിരുന്നു. ഒരു കാലാകാരനെന്ന നിലയ്ക്ക് എന്നോട് തന്നെ സത്യസന്ധനായിരിക്കാന്‍ ഞാനെപ്പോഴും ശ്രമിച്ചിരുന്നു. എന്റെ പ്രവൃത്തിയുടെ വിധികര്‍ത്താക്കള്‍ ഭാവി തലമുറയാണ് മേഘേ ധാക്കാ താരയ്ക്കും, കോമള്‍ ഗാന്ധാറിനും ശേഷം ഞാന്‍ സുബര്‍ണ്ണ രേഖ നിര്‍മ്മിക്കാന്‍ ഒരുങ്ങി. ഉപരിതലത്തില്‍ നോക്കുമ്പോള്‍ വേണ്ടത്ര ശ്രമം കൂടാതെയാണ് എന്നെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചതെന്നു തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു. ഓരോ സിനിമയും പൂര്‍ത്തിയാവുമ്പോഴേ ക്കും ഞാന്‍ അതീവ തീക്ഷ്ണമായ മാനസീക സംഘഷവും ശാരീരിക പീഢനവും സഹിച്ചിരുന്നു. വംഗദേശത്ത് വിശകലനാത്മകമായ (analytical) സിനിമ നിര്‍മ്മിക്കുക എന്നുള്ളതും അത്തരം സാഹചര്യങ്ങളെ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതും – പ്രത്യേകിച്ചും സിനിമാനിര്‍മ്മാണത്തില്‍ ഏര്‍പ്പെടാത്തവരെ- കൂടുതല്‍ വിഷമകരമായി ത്തീര്‍ന്നുകൊണ്ടിരിക്കുകയാണ് സിനിമാനിര്‍ മ്മാണത്തിനുള്ള ചെലവ് ഇരട്ടിച്ചിരിക്കുകയാണ്. മൂന്നുനാലു ലക്ഷം രൂപാ ചെലവഴിച്ചതിനുശേഷം ആ പണം തിരിച്ചെത്തിയില്ലെങ്കില്‍ നിര്‍മ്മാതാവിന് പരീക്ഷണാത്മകമായ സിനിമ നിര്‍മ്മിക്കാനുള്ള താല്‍പര്യം നഷ്ടപ്പെടുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം മുന്നില്‍വെച്ചുകൊണ്ടുതന്നെ കോമള്‍ ഗാന്ധാറിനു ശേഷം ഞാന്‍ സുബര്‍ണ്ണരേഖ നിര്‍മ്മിക്കാന്‍ തുടങ്ങി. ആ സിനിമ നിര്‍മ്മിക്കുമ്പോള്‍ ഞാന്‍ നേരിട്ട കഷ്ടപ്പാടുകള്‍ ഇവിടെ സംസാരിക്കേണ്ടതില്ല. എന്നാല്‍ ആ സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ വിവരിക്കട്ടെ. ഞങ്ങള്‍ സുവര്‍ണ്ണരേഖ നദിക്കരികെ തമ്പുകള്‍ ഉയര്‍ത്തിയിരുന്നു. എനിക്ക് ഫിലിമിലെ ആഖ്യാനത്തെക്കുറിച്ച് വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അപ്പപ്പോഴുണ്ടായിരുന്ന ഭാവനയ്ക്കനുസരിച്ച് ഞങ്ങള്‍ ഔട്ട് ഡോര്‍ ഷൂട്ടിങ്ങ് നടത്തുകയായിരുന്നു. ഒരുദിവസം രാവിലെ പെട്ടെന്ന് എന്റെ കൊച്ചുമോള്‍ പേടിച്ചുവിറച്ചുകൊണ്ട് ഫീല്‍ഡില്‍നിന്നും ഓടിവന്നു. കാളിയുടെ വേഷംകെട്ടിയ ഒരു ബഹുരൂപി* അവളെ പിന്‍തുടര്‍ന്നതുകൊണ്ടായിരുന്നു അവള്‍ പേടിച്ചുവിറച്ചത്. സമകാലീനയായ ഈ കുട്ടിയുടെ സംഭവവും അത്തരം ഒരു സന്ദര്‍ഭത്തില്‍ മഹാകാളിയുടെ മുമ്പാകെ പേടിച്ചു കരയുന്ന ഫിലിമിലെ സീതയും എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.

ആ ബഹുരൂപിയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. അത്തരമൊരു രംഗം എന്റെ സിനിമ യില്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെ ക്കുറിച്ച് എനിക്ക് തികഞ്ഞ വ്യക്തത ഉണ്ടായി രുന്നില്ല. എന്നിട്ടും ഞങ്ങള്‍ ഷൂട്ടിങ്ങ് തുടര്‍ന്നുകൊണ്ടിരുന്നു. ആ സിനിമയില്‍ ഈ സവിശേഷ സംഭവം പിന്നീട് കാണികള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നെനിക്ക് അറിയില്ലെങ്കിലും എനിക്ക അത് തികച്ചും സുപ്രധാന വിഷയമായി നിലനിന്നു. പുരാവൃത്ത പരമ്പരകളില്‍ ഒന്നായ മഹാകാളിയുടെ ഉപകഥ എന്റെ സിനിമയില്‍ ഞാന്‍ പല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ആധുനിക ജീവിതത്തിലെ ശൂന്യതയും പാരമ്പര്യത്തില്‍ നിന്നും വെട്ടിമാററപ്പെട്ട മൂല്യങ്ങളും പ്രകാശിപ്പിക്കാന്‍.

Komal Gandhar 1961

മേഘാധാക്കാതാര, കോമള്‍ ഗാന്ധാര്‍ എന്നീ ആദ്യകാല ചിത്രങ്ങളിലടക്കം പുരാണങ്ങളെ ഞാന്‍ പലവിധത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉമ അവരുടെ ഭര്‍ത്തുഗൃഹത്തിലേക്ക് പോകുമ്പോള്‍ വംഗദേശത്തിലെ ജനങ്ങള്‍ അവരുടെ പരമ്പരാഗത ഗാനങ്ങളാണ് ആലാപനം ചെയ്യുന്നത്. മേഘാധാക്കാതാരയില്‍ അത്തരം സംഗീതമാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്, എന്നാല്‍ കോമള്‍ ഗാന്ധാര്‍ കല്ല്യാണപാട്ടുകള്‍കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു. ഏകീകൃത ബംഗാള്‍ എന്റെ ഒരഭിലാഷമാണ്. ആയതിനാല്‍ ആ ഫിലിം ഏകീകരണത്തിന്റെതായ ഗാനങ്ങളാല്‍ നിറഞ്ഞു നില്ക്കുന്നു. കോമള്‍ ഗാന്ധാറില്‍ ക്യാമറ റെയില്‍ പാതയിലെത്തുമ്പോള്‍ പെട്ടെന്നു നിശ്ചലമാകുന്നതു കാണാം. കിഴക്കന്‍ ബംഗാളിലേക്കുള്ള പാത ഇന്നു വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു. ഇത് ചിത്രത്തിന്റെ അവസാനമാകുമ്പോള്‍ അനസൂയയുടെ ആന്തരാത്മാവില്‍ ഒരുതരം നിലവിളിയായ് ഉയരുന്നു.

ഈവിധം മഹാകാളിയുടെ കഥ ഉപയോഗിക്കുന്നതില്‍ ഒരുതരം സംതൃപ്തിയുണ്ട്. കാരണം സുകുമാരകലകളില്‍ എല്ലാം തന്നെ ഈ പുരാവൃത്തം ആറ്റിക്കുറുക്കി ഉള്‍ചേര്‍ന്നിട്ടുണ്ട്. സുവര്‍ണ്ണരേഖ നദിക്കരികെ വളരെ വിശാലമായ ഒരു ഭൂവിഭാഗം ഒരു പഴകിയ വിമാനത്താവ ളത്താല്‍ മൂടപ്പെട്ടത് ഞാന്‍ കണ്ടിട്ടുണ്ട്. ഉപയോഗ്യമാക്കി എടുക്കാന്‍ കഴിയാത്ത ആ വിമാനത്താവളത്തിലൂടെ എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ട ആ ആണ്‍കുട്ടിയും പെണ്‍കു ട്ടിയും ഗതകാലത്തെത്തേടി അലഞ്ഞുതിരിയുകയാണ്. ആ രണ്ടു ജീവാത്മാക്കള്‍ എത്ര മാത്രം ജീവനറ്റവരാണ്! അവരറിയുന്നില്ല അവരുടെ ജീവിതം തുലഞ്ഞുപോയിരിക്കുന്നുവെന്ന്, അതിന്റെ അടിത്തറയാവട്ടെ വിമാനത്തിന്റെ പൊളിഞ്ഞ ചിറകുകളും ഇന്നവര്‍ ജീര്‍ണ്ണാവശിഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും ഇടയിലാണ് കളിക്കുന്നത്. അവരുടെ നിഷ്‌ക്കളങ്കതയും അജ്ഞതയും എത്രമാത്രം ഭീകരമാണ്!

സുബര്‍ണ്ണരേഖ മൂല്യത്തിലും കലാസൗഭഗത്തിലും അപൂര്‍ണ്ണമായ ഒന്നല്ല. ഞാന്‍ തിരഞ്ഞെടുത്ത കഥ അതിഭാവുകത്വം നിറഞ്ഞ ഒന്നായിരുന്നു. ആ കഥയിലെ രണ്ടദ്ധ്യായങ്ങളിലായ് കിടക്കുന്ന ഉപകഥകളെ ഇഴചേര്‍ത്ത് സുപ്രധാനവും നിര്‍ണ്ണായകവുമായ യാദൃശ്ചികതകളുടേതായ ഒരു കഥയായ് എനിക്ക് മാറേണ്ടിയിരുന്നു. നമ്മുടെ ആദ്യകാല നോവലുകളില്‍ ഇങ്ങനെ ഇഴചേര്‍ത്ത കഥകളുടെ ഉദാഹരണങ്ങള്‍ പലതും കാണാം.

ഉദാഹരണത്തിന്നു ടാഗോറിന്റെ ഗോറ (Gora), നൗക്കാദബി (Naukadubi) അല്ലെങ്കില്‍ ഷെഷര്‍ കോബിത (Shesher Kobita). ചില സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ കഥ പറയുക മാത്രമല്ല കഥാകൃത്തിന്റെ ഉദ്ദേശ്യം.

Shesher Kobita

അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വീക്ഷണ വും അയാള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിലപ്പോള്‍ അസാധ്യമായ് തീര്‍ന്നേക്കാമെങ്കിലും- എന്തായാലും അപൂര്‍ണ്ണമാവില്ല – അത്തരം യാദൃശ്ചികമായ കൂടിച്ചേരലുകള്‍ സംഭവിച്ചേക്കാം. എന്നാല്‍ അവിടെ യാഥാര്‍ത്ഥ്യത്തിന്റെ ഭാരവുംകൂടിയുണ്ടാവും. സുബര്‍ണ്ണ രേഖയില്‍ സീതയുടെ, ഹര്‍പ്രസാദിന്റെ, ഈശ്വറിന്റെ പ്രശ്‌നം ശരിയായ് സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ അഭിരാമിന്റെ അമ്മയുടെ മരണവും ഈശ്വര്‍ സീതയെ വേശ്യാലയത്തില്‍വെച്ച് കാണുന്നതും മറ്റും അസാധ്യമെന്നു തോന്നുമായിരുന്നില്ല.

ദിനംതോറും ഞങ്ങള്‍ കണ്‍മുമ്പില്‍ കാണുന്ന തകര്‍ന്ന, കീറിപ്പറിഞ്ഞ വിഭജിക്കപ്പെട്ട വംഗ ദേശം വേശ്യാലയത്തിലുള്ള സീതയുടെ വിധിയെപ്പോലെ തോന്നുന്നു. എന്നാല്‍ ഞങ്ങള്‍, വിഭജിക്കപ്പെടാത്ത വംഗദേശത്തെ ജനങ്ങള്‍, അക്രമാസക്തമായ രാത്രികളിലൂടെ കടന്നുപോയ്‌ക്കൊണ്ട് അവ്യക്തവും അനിശ്ചിതവുമായ ജീവിതമാണ് നയിക്കുന്നത്. സുബര്‍ണ്ണരേഖയെക്കുറിച്ച് വേണ്ടത്ര വിവാദങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കൂടുതലെന്തെങ്കിലും പറയേണ്ട ആവശ്യമില്ല. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ. ഏറ്റവും ധൈഷ ണികുമെന്നു ഞാന്‍ കരുതുന്ന കോമള്‍ ഗാന്ധാറിനെ പ്രേക്ഷകര്‍ വേണ്ടതുപോലെ സ്വീകരിച്ചിട്ടില്ല. ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ജനങ്ങള്‍ അതാസ്വദിക്കുമെന്നു കരുതുന്നു. ഒരുപക്ഷെ ബംഗാളികളുടെ നിലനില്‍പിന്നു അസാധ്യമായിരിക്കുന്ന ഒരു സാഹചര്യമായിരിക്കില്ല ഇന്നുള്ളത്.

എന്നിരുന്നാലും എന്റെ സിനിമാ ജീവിതത്തിലെ സജീവവും നിര്‍ജ്ജീവവുമായ അവസ്ഥ യിലും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്; ഒരു കലാകാരന്‍ എപ്പോഴും ഇത്തരമൊരു സമരത്തിലൂടെ കടന്നുപോയേ മതിയാവൂ. ഒരു കലാകാരന് എല്ലാവിധ പ്രശ്നങ്ങളുടേയും വിഷമവൃത്തങ്ങളുടേയും നടുവില്‍ കിടന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. താല്‍ക്കാലികമായി ഈ പ്രശ്‌നങ്ങള്‍ നമ്മെ കീഴടക്കിയേക്കാമെങ്കിലും അതിന്റെ സമഗ്രതയില്‍ വിട്ടുവീഴ്ചകള്‍ക്ക് കീഴടങ്ങാന്‍ നമ്മെ അനുവദിച്ചുകൂടാ. അതായത് നമ്മുടെ വിവേകമുപയോഗിച്ച് നാം വിഷമവൃത്തങ്ങളില്‍ നിന്നു പുറത്തുകടന്നേ മതിയാവൂ.

***

ഋത്വിക് ഘട്ടക്കിന്റെ സിനിമ പ്രദര്‍ശനത്തിന്റെ ഭാഗമായി 1989ല്‍ കോഴിക്കോട്‌ കള്‍ച്ചറല്‍ സര്‍ക്കിള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ നിന്ന്…

സമ്പാദകന്‍ : സ്‌കറിയ മാത്യു

No Comments yet!

Your Email address will not be published.