Skip to main content

ഹോംബൗണ്ട് – ചിത്രത്തില്‍ നിന്നും ചലച്ചിത്രത്തിലേക്കും, സ്വപ്നങ്ങളില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും ഉള്ള ഒരു യാത്ര!

‘ടേക്കിംഗ് അമൃത് ഹോം’ എന്ന തലക്കെട്ടില്‍ കശ്മീരി പത്രപ്രവര്‍ത്തകനായ ബഷാരത് പീര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നീരജ് ഗൈവാന്‍ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ എന്ന ചലച്ചിത്രം 2025 സെപ്റ്റംബര്‍ 26ന് തീയറ്ററുകളിലെത്തി. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ സങ്കുചിതത്വങ്ങള്‍ക്കതീതമായ ആഴത്തിലുള്ള മാനുഷിക വികാരങ്ങളുടെ, ഒരു കൊടുങ്കാറ്റായി സിനിമ പ്രേക്ഷകന്റെ ഉള്ളുലക്കുന്നു. ശക്തമായ തിരക്കഥയും, കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കളും ചലച്ചിത്രാനുഭവത്തെ അവിസ്മരണീയമാക്കുന്നു.

ഉത്തര്‍പ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തില്‍ കളിച്ചു വളര്‍ന്ന രണ്ട് ആണ്‍കുട്ടികള്‍, ഷോയബ് അലിയും (ഇഷാന്‍ ഘാട്ടര്‍) ചന്ദന്‍ കുമാറും (വിശാല്‍ തേജ്വ). തികച്ചും ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള ഇരുവര്‍ക്കും യൗവനാരംഭത്തില്‍ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ നാമ്പിടുകയാണ്. അടിക്കടി ഓട് ഇളകിവീഴാത്ത, മഴപെയ്യുമ്പോള്‍ ചോരാത്ത മേല്‍ക്കൂരയുള്ള ഒരു വീട്, തനിക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളെല്ലാം ത്യജിച്ച് ചെറുപ്രായത്തില്‍ തന്നെ പണിയെടുക്കുന്ന സഹോദരിക്ക് നല്ലൊരു ജീവിതം, നിര്‍മ്മാണ തൊഴിലാളിയായ അമ്മയുടെ വിണ്ടുകീറിയ പാദങ്ങളില്‍ പുരട്ടാന്‍ ലേപനം, ഇതായിരുന്നു ചന്ദന്റെ ആഗ്രഹങ്ങള്‍.

സോയബിനാകട്ടെ, കാല്‍മുട്ട് തേഞ്ഞ് ഇല്ലാതായ ബാപ്പയ്ക്ക് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തണം. അങ്ങനെ സ്വപ്നങ്ങളെല്ലാം പെറുക്കി കൂട്ടി തൊഴിലന്വേഷകരായി ഇറങ്ങിത്തിരിക്കുമ്പോള്‍ ആണ് തങ്ങളെ കാത്തിരുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ തിരിച്ചറിയുന്നത്. ചെറുപ്പം മുതല്‍ തന്നെ നേരിടേണ്ടിവന്ന ജാതി വിവേചനവും അധിക്ഷേപങ്ങളും മറികടക്കുവാന്‍ പോലീസ് കോണ്‍സ്റ്റബിള്‍സ് ആകുക എന്ന പരിഹാരമാണ് അവര്‍ കണ്ടെത്തുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പം പരീക്ഷയെഴുതിയത് ഒരു യുദ്ധമായും ലിസ്റ്റില്‍ പേര് വരുവാനുള്ള അനന്തമായ കാത്തിരിപ്പ് ഒരു ശിക്ഷയായും അവര്‍ക്ക് അനുഭവപ്പെടുന്നു. മറ്റു ജോലികള്‍ അന്വേഷിക്കുന്നിടത്തെല്ലാം വില്ലനായിത്തീരുന്നത് ജാതിയും മതവും. ദളിതനായ ചന്ദന്‍ തന്റെ ജാതി തിരിച്ചറിയാതിരിക്കുവാന്‍ പേരിന്റെ ജാതി വാല്‍ മറച്ചു വെച്ചിട്ടും നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങള്‍. മുസ്ലിം ആയതിന്റെ പേരില്‍ പൗരത്വം പോലും ചോദ്യം ചെയ്തു, പരിഹാസപാത്രമാക്കി ആത്മാഭിമാനത്തെ കുത്തി മുറിവേല്‍പ്പിക്കുന്ന ഷോയിബിന്റെ സഹപ്രവര്‍ത്തകര്‍..! അപ്പോഴും അവര്‍ സ്വദേശത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു.

സോയബിന്റെയും ചന്ദന്റെയും ജീവിതയാത്ര സിനിമയുടെ കേന്ദ്രബിന്ദു ആയിരിക്കുമ്പോഴും സംവിധായകന്‍, അവരുടെ ചുറ്റുമുള്ള ശക്തരായ മറ്റ് കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ചന്ദന്റെ സഹയാത്രികയായ സുധ ഭാരതി (ജാന്‍വി കപൂര്‍) അവന്‍ ബിരുദം നേടുകയും വലിയ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ പ്രണയബന്ധം ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്നു. ഇരുവരും ഒരേ ജാതി ആണെങ്കിലും വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ ജീവിത കാഴ്ചപ്പാടും വ്യത്യസ്തമായിരിക്കുന്നു. അല്‍പ്പം മെച്ചപ്പെട്ട കുടുംബ സാഹചര്യത്തില്‍ നിന്നുള്ള ഭാരതി വിദ്യാഭ്യാസത്തെയാണ് സാമൂഹ്യ അംഗീകാരം നേടുവാനുള്ള ഉപാധിയായി കാണുന്നത്. എന്നാല്‍ ചന്ദന്‍, താന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ജാതി അധിക്ഷേപങ്ങളില്‍ നിന്നും രക്ഷപെടാന്‍ എത്രയും പെട്ടെന്ന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിത്തീരുന്നതാണ് പരിഹാരം എന്ന് കരുതുന്നു.

വിവേചനത്തെക്കുറിച്ച് ചന്ദന്‍ അവന്റെ സഹോദരിയോട് പരാതിപ്പെടുമ്പോള്‍, വിദ്യാഭ്യാസം നേടാനുള്ള എല്ലാ വഴികളും അടഞ്ഞ തന്റെ അവസ്ഥ അവള്‍ അവനെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ജാതി, വര്‍ഗം, ലിംഗം എന്നീ ഘടകങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രകടമാക്കുന്നു. വീട്ടിലെ ആണ്‍കുട്ടിയായതിനാല്‍ ചന്ദന് തന്റെ ഭാവി സ്വയം നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, ദരിദ്രയായ ഒരു ദളിത് പെണ്‍കുട്ടി എന്ന നിലയില്‍ സഹോദരി ജാതിയുടെയും പുരുഷാധിപത്യ സമൂഹത്തിലെ ലിംഗ വിവേചനത്തിന്റെയും ഇരയാക്കപ്പെടുന്നു. ഇത് പ്രതിലോമകരമായ ഈ സാമൂഹിക ഘടനകളോട് ഉള്ള പോരാട്ടം ഒറ്റപ്പെട്ടതല്ല, മറിച്ച് പരസ്പരബന്ധിതമായി മാത്രമേ നടത്താന്‍ കഴിയൂ എന്ന വസ്തുത ഊന്നിപറയുന്നു.

തന്റെ കാല്‍പ്പാദത്തിലെ വിള്ളലുകളെ (cracks) കുറിച്ച് മകന്‍ അമ്മയോട് ചോദിക്കുമ്പോള്‍ അത് മാത്രമാണ് തന്റെ അമ്മയില്‍ നിന്ന് ലഭിച്ച പൈതൃകം എന്ന് അവര്‍ പറയുന്നു. അമ്മ ശക്തയായ ഒരു വനിതയായിരുന്നു എന്നും അഭിമാനത്തോടുകൂടി പറയുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ അവശരായ ഷോയബിനും ചന്ദനും ദാഹജലം നല്‍കി നിശബ്ദയായി കടന്നുപോകുന്ന ഒരു സ്ത്രീയുടെ വിണ്ടുകീറിയ കാല്‍പാദങ്ങളെയും ക്യാമറ പിന്തുടരുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിലെ അമ്മമാര്‍ തലമുറകളായി നിശ്ശബ്ദമായി സഹിച്ച് കൊണ്ടിരിക്കുന്ന വേദനയും കഠിനാധ്വാനവും പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതീകമായി ഈ പൊട്ടിയ കാല്‍പ്പാദങ്ങളുടെ ദൃശ്യം നിലകൊള്ളുന്നു. സ്വന്തം ആശ്വാസവും സ്വയംപരിചരണവും ത്യജിച്ച്, അവര്‍ കുടുംബങ്ങളെ കലാകാലങ്ങളായി പരിപാലിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ, ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ‘ചെറുപ്പക്കാര്‍ക്ക് മുന്നില്‍ വെച്ചുനീട്ടുന്ന കൈപ്പുനീരുകളിലൂടെയുള്ള അവരുടെ യാത്ര സൂറത്തിലെ ഒരു നെയ്ത്ത് ശാലയില്‍ ചെന്ന് നില്‍ക്കുകയാണ്; സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ ആദ്യ കാല്‍വെപ്പ്. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഫാക്ടറി അടയ്ക്കുകയും, എല്ലാവരും തങ്ങളുടെ നാട്ടിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. ഒരു ലോറിയില്‍ ഇരിപ്പടം തരപ്പെടുത്തി ഇരുവരും യാത്ര ആരംഭിച്ചുവെങ്കിലും ചന്ദന് പനിയും ചുമയും വന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ അവരെ ലോറിയില്‍ നിന്നും ഇറക്കിവിടുന്നു. ഗ്രാമത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ വഴിയരിക്കില്‍ പുറന്തള്ളപ്പെട്ട ആ ചെറുപ്പക്കാര്‍ വിജനമായ തെരുവിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്… ഒടുവില്‍ തന്റെ സൂര്യാഘാതമേറ്റ് അവശനായ ആത്മമിത്രത്തെ നഷ്ടമാകുമ്പോള്‍ നിസ്സഹായനായി അലമുറയിടുവാന്‍ മാത്രമേ ഷോയബിന് കഴിഞ്ഞുള്ളൂ.

സിനിമ ഇവിടെ അവസാനിക്കുന്നില്ല, ഇരുവരും കോവിഡ് നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന്, ചന്ദന്റെ മൃതദേഹവുമായി അവന്‍ ഗ്രാമത്തിലേക്ക് യാത്ര തുടരുകയാണ്; 140 കോടി ജനങ്ങള്‍ക്ക് മേല്‍ ഭരണാധികാരികള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ലോക്ക്ഡൗണ്‍ എന്ന മാരകമായ പ്രഹരത്തിന്റെ കനലുകള്‍ താണ്ടി..!

2020ല്‍, കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ച വഴിയരികില്‍ അവശരായിരിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ഫോട്ടോഗ്രാഫ് ബഷാരത് പീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍ പതിഞ്ഞപ്പോള്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഷോയിബ്, ചന്ദന്‍ എന്നീ കഥാപാത്രങ്ങളുടെ സൃഷ്ടിക്കാധാരമായ മുഹമ്മദ് സായുബിന്റെയും അമൃത് കുമാറിന്റെയും ജീവിതകഥ അനാവരണം ചെയ്യപ്പെടുന്നത്. പത്രമാധ്യമങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളുമായി അവരുടെ ഗ്രാമത്തിലേക്ക് പുറപ്പെട്ട അദ്ദേഹം പുറത്തുകൊണ്ടുവന്നത് കേവലം രണ്ട് വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ മാത്രമല്ല; സമകാലിക ഇന്ത്യന്‍ സമൂഹത്തിന് നേര്‍ക്കുപിടിച്ച ഒരു കണ്ണാടിയാണ് അദ്ദേഹത്തിന്റെ ലേഖനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയവാദിയായ ഭാരതീയ ജനതാ പാര്‍ട്ടിയും അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ വളരെ വികൃതമായ ഒരു മുഖം മൂടുപടം നീക്കി പുറത്തുവന്നിരിക്കുകയാണ്.
ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത തുടങ്ങിയ പുരോഗമന ആശയങ്ങള്‍ക്ക് പകരം മതവിദ്വേഷം, സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ലിംഗവിവേചനം, അന്ധവിശ്വാസം തുടങ്ങിയ പ്രതിലോമകരമായ ആശയങ്ങളുടെ വിജയകരമായ തേര്‍വാഴ്ച സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളിലും സോഷ്യല്‍ മീഡിയയിലും, എന്തിന്, അവരുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പോലും ഈ സംസ്‌കാരം ആധിപത്യം പുലര്‍ത്തുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുമ്പോഴും ഭരണഘടനയുടെ അടിസ്ഥാന ആശയമായി സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനില്‍ക്കുമ്പോഴും, കീഴ്ജാതിയില്‍പ്പെട്ടവര്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കുവാന്‍ വിസമ്മതിക്കുന്ന, അവര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ നിന്നും വെള്ളം എടുക്കുവാന്‍ തയ്യാറാകാത്ത, സ്വന്തം സഹപാഠികളെ പോലും ജാതിയുടെ പേരില്‍ അധിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന, സാമൂഹ്യ വിശ്വാസം നാള്‍ക്കുനാള്‍ നഷ്ടപ്പെടുന്ന ഒരു സംസ്‌കാരം നമുക്കിടയില്‍ വേരുന്നിക്കൊണ്ടിരിക്കുകയാണ്.

ഇവിടെയാണ് ഹോംബൗണ്ട് എന്ന ചലച്ചിത്രം സമകാലിക ഇന്ത്യയെ രേഖപ്പെടുത്തുന്ന അപൂര്‍വ്വ അനുഭവമായി മാറുന്നത്. സ്വപ്നങ്ങള്‍ക്കും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയില്‍ ഞെരിഞ്ഞമരുന്ന യുവജനതയ്ക്ക് നിവര്‍ന്നു നിന്ന് പൊരുതുവാന്‍ ഈ സിനിമ ഒരു പ്രചോദനമാകാതിരിക്കില്ല. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അണ്‍സേര്‍ടൈന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് 9 മിനിറ്റ് സ്റ്റാന്‍ഡിങ് ഓവേഷന്‍ ആണ് ലഭിച്ചത്. 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഹോംബൗണ്ട് നേടിയിട്ടുണ്ട്.

ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള ഉയരങ്ങള്‍ താണ്ടുവാന്‍ ചിത്രത്തിന് കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്, ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും, A Big Salute!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഹോംബൗണ്ട് – ചിത്രത്തില്‍ നിന്നും ചലച്ചിത്രത്തിലേക്കും, സ്വപ്നങ്ങളില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും ഉള്ള ഒരു യാത്ര!”

  1. Sharp , descriptive and comprehensive appreciation!
    Thank you Adv. Aparna for the nice tas you’ve done!

Your Email address will not be published.