Skip to main content

സത്യപുല്ല് – ഒരു യാത്ര

അകത്തിരുന്ന് യാത്ര ചെയ്യുന്നവര്‍ പുറത്ത് കാണുന്ന മുഖങ്ങളെ കെട്ടിടങ്ങളെ കൃഷിയിടങ്ങളെ മറ്റെന്തിനേയും വായിച്ചെടുക്കുന്നത് അനുഭവങ്ങളുടെയും ചരിത്രബോധത്തിന്റെയും സ്വത്വബോധത്തിന്റെയും കണ്ണടയിലൂടെയാണ്. കരയുന്ന ഒരു കുഞ്ഞിനെ കാണുന്ന യാത്രകാരന് അത് വെറും കരച്ചിലല്ല; മറിച്ച്, കരയുന്ന കുട്ടിക്ക് പിന്നില്‍ ഒട്ടിച്ച് നിഴലാക്കിയ സ്വന്തം കുഞ്ഞിനെ കൂടി അറിഞ്ഞിട്ടാണ്.

ഇന്ത്യയിലെ തെരുവുകള്‍, ആള്‍ക്കൂട്ടങ്ങള്‍, ചരിത്രത്തിനൊപ്പിച്ച് യാത്രയുടെ താളം മാറ്റുന്ന ട്രയിനുകള്‍ ഈ കാഴ്ചകളിലൊക്കെയും ഇടിഞ്ഞൊതുങ്ങിയ – ഇടിച്ചൊതുക്കുന്ന ചരിത്രസ്മാരകങ്ങളുണ്ട്. യാത്ര ചെയ്യാതിരിക്കാന്‍ കഴിയാത്ത റാഷിദ പ്രണയത്തെയും രാഷ്ട്രീയത്തേയും ഭയത്തെയും ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഭയം എന്നത് ഹോര്‍മോണ്‍ പ്രക്രിയയുടെ രാസപരിണിത ഫലമല്ലെന്നും വംശീയമായ കടന്നുകയറ്റങ്ങളുടെയും അടിച്ചമര്‍ത്തുന്ന അധികാര പ്രവണതകളുടെയും പരിണാമ ബോധമാണെന്ന് തിരിച്ചറിയുന്നു.
പ്രണയിക്കുമ്പോഴെ പ്രണയിക്കാതിരിക്കാനോ സ്വപ്നം കാണാതിരിക്കാനോ കഴിയാതിരിക്കുകയും പരമ്പരാഗത അടിമത്വത്തിന് നിന്ന് കൊടുക്കാതെ ആത്മസംഘര്‍ഷങ്ങളുടെ കെടുതിയിലേക്ക് സഞ്ചരിക്കുകയും, സഞ്ചാരത്തില്‍ ശബ്ദവെത്യാസങ്ങളില്‍ നിന്ന് അന്‍വര്‍ അലിയുടെ കവിതയിലെ ചരിത്രത്തെ വരക്കുന്ന തീവണ്ടിയെ കൂടെ കൂട്ടുകയും ചെയ്യുന്ന റാഷിദ ഭയം എന്ന വികാരത്തിന്റെ രാഷ്ട്രീയ അര്‍ത്ഥം തേടുകയാണ്.

 

തീവണ്ടി തുടങ്ങുന്നത് മലപ്പുറത്തിന്റെ അരികു ചാരിയാണെങ്കിലും ദല്‍ഹിയുടെ ചരിത്രസ്മാരകങ്ങളും ആള്‍കൂട്ടവും കടന്ന് പലസ്തിന്റെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അരിച്ച് കിതക്കുന്നത് മുറിഞ്ഞ കഷ്ണങ്ങളാക്കി പലയിടങ്ങളിലും ഒട്ടിച്ചു വെക്കുന്നതായി കാണാം.
പലസ്തിനിലും മലയാളത്തിലും മറ്റ് ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളിലും ലോകത്തിന്റെ മുക്കിലും മൂലയിലും ആധാറില്ലാത്ത അലിമാരുടെ ശബ്ദം, വേഷം റാഷിദയുടെ ഭയം തുടങ്ങുന്നിടത്തും ചലചിത്രം തുടങ്ങുന്നിടത്തും കേള്‍ക്കുന്ന ശബ്ദമാണ്.

രാംദാസ് കടവല്ലൂര്‍

കുട്ടികളെ താലോലിക്കുമ്പോള്‍ അവരെ നഷ്ടപ്പെടുമെന്ന ചരിത്രാനുഭവത്തിന്റെ മനോനില ഉന്‍മൂലനത്തിന്റെ ഫാസിസ്റ്റ് മനോനിലയെ ഓര്‍ത്തെടുക്കല്‍ തന്നെയാണ്. പതിഞ്ഞ ശരണംവിളികളുടെ ശീലം അത് ഉച്ചത്തില്‍ വിളിക്കുമ്പോള്‍ ഉന്മൂലനത്തിന്റെ ആഹ്വാനമാകുന്നതും നമ്മള്‍ നേരിട്ടറിഞ്ഞിടത്ത് നിന്ന്, ജയ് ശ്രീറാം വിളികളുടെ കലാപാഹ്വാനങ്ങള്‍ നേര്‍ചിത്രങ്ങളായിതന്നെ പകര്‍ത്തിവെക്കുന്നു. ലോകത്തിന്റെ മനോഹാരിതക്കിടയില്‍ ഭയവും വേദനയും അകറ്റുന്ന സത്യപുല്ല് തേടുന്ന ചരിത്രബോധത്തിന്റെ യാത്രയാണ് ഏതുവിഭാഗത്തില്‍ പെടുത്തണമെന്ന നിശ്ചയമില്ലാത്ത നിശ്ചയിക്കേണ്ട ആവശ്യമില്ലാത്ത രാംദാസ് കടവല്ലൂരിന്റെ സത്യപുല്ല്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.