Skip to main content

$125 ബില്യണ്‍ വനനിധി – സംരക്ഷണമോ കോളനിവത്കരണമോ?

സര്‍ക്കാരുകള്‍, സ്വകാര്യ നിക്ഷേപകര്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പണം സ്വരൂപിച്ച് ലോക ബാങ്ക് കൈകാര്യം ചെയ്യുന്ന ഒരു വലിയ ബഹുരാഷ്ട്ര നിധിയാണിത്.

ബെലേമില്‍ നടക്കുന്ന കോപ്-30 ഉച്ചകോടിയില്‍ ബ്രസീല്‍ പ്രഖ്യാപിച്ച ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഫോറെവര്‍ ഫെസിലിറ്റി (ടി.എഫ്.എഫ്.എഫ് ) ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ധനസഹായ പദ്ധതികളിലൊന്നാണ്. $125 ബില്യണ്‍ നിക്ഷേപ ഫണ്ടിന്റെ പിന്തുണയുള്ള ഈ പദ്ധതി വനസംരക്ഷണത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, ഇത് ശരിക്കും ഒരു പരിഹാരമാണോ?

പദ്ധതിയുടെ വാഗ്ദാനങ്ങള്‍

സര്‍ക്കാരുകള്‍, സ്വകാര്യ നിക്ഷേപകര്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പണം സ്വരൂപിച്ച് ലോക ബാങ്ക് കൈകാര്യം ചെയ്യുന്ന ഒരു വലിയ ബഹുരാഷ്ട്ര നിധിയാണിത്. വനനശീകരണവും കാട്ടുതീയും തടയാന്‍ പ്രതിജ്ഞാബദ്ധരായ 74 വികസ്വര രാജ്യങ്ങള്‍ക്ക് വനസംരക്ഷണത്തിനുള്ള നിക്ഷേപത്തില്‍ നിന്നുള്ള ലാഭം കൈമാറുക എന്നതാണ് ആശയം.

53 രാജ്യങ്ങളുടെ പിന്തുണ പദ്ധതി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. നോര്‍വേ 10 വര്‍ഷത്തേക്ക് 3 ബില്യണ്‍ ഡോളര്‍, ബ്രസീലും ഇന്തോനേഷ്യയും 1 ബില്യണ്‍ ഡോളര്‍ വീതം, ഫ്രാന്‍സ് 500 ദശലക്ഷം യൂറോ വരെയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ വനപരിപാലന അജണ്ടയ്ക്ക് നേതൃത്വം നല്‍കുന്ന ചരിത്രത്തിലെ ആദ്യ സംരംഭമാണിതെന്നു ബ്രസീല്‍ പ്രസിഡന്റ് ലൂല പറയുന്നു.

ടി എഫ് എഫ് എഫ്: ഘടനയും ലക്ഷ്യങ്ങളും

പരസ്പര പൂരകങ്ങളായ രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ അടങ്ങുന്നതാണ് ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഫോറെവര്‍ ഫെസിലിറ്റി.

ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (TFIF): സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും TFIF-ന് ആയിരിക്കും ഉത്തരവാദിത്തം. ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ മേഖലകളില്‍ വീതിയേറിയ ഇലകളുള്ള വനങ്ങള്‍ (broadleaf forest) സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വാര്‍ഷിക പേയ്‌മെന്റുകള്‍ നല്‍കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക.

ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഫോറെവര്‍ ഫെസിലിറ്റി: വനമേഖലയ്ക്കുള്ള പ്രതിഫല സംവിധാനം, യോഗ്യതാ മാനദണ്ഡങ്ങള്‍, നിരീക്ഷണ രീതികള്‍, പണം വിതരണം ചെയ്യാനുള്ള നിയമങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കും.

പ്രധാന ലക്ഷ്യം

TFFF-ന്റെ പ്രധാന ലക്ഷ്യം, ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ മേഖലകളിലെ വീതിയേറിയ ഇലകളുള്ള വനങ്ങളുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും പ്രോത്സാഹനമായി, പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വാര്‍ഷിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ നല്‍കുക എന്നതാണ്.

വനമേഖല നിലനിര്‍ത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നതും, വനനശീകരണ നിരക്ക് 0.5% അല്ലെങ്കില്‍ അതില്‍ താഴെ നിലനിര്‍ത്തുന്നതുമായ രാജ്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ് ഈ പേയ്മെന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും നയപരമായ മുന്‍ഗണനകളെയും മാനിച്ചുകൊണ്ട് ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കും.

ഉയരുന്ന വിമര്‍ശനങ്ങള്‍

എന്നാല്‍ ഈ പദ്ധതിയെ കാലാവസ്ഥാ നീതിക്ക് വേണ്ടി നിലകൊള്ളുന്ന വിമര്‍ശകര്‍ വിളിക്കുന്നത് ”ശരിയല്ലാത്ത പരിഹാരം” (false solution) എന്നാണ്. വനങ്ങളെ സംരക്ഷിക്കുന്നതിന് പകരം, അവയെ സാമ്പത്തിക ആസ്തികളാക്കി മാറ്റുകയാണ് പദ്ധതി ചെയ്യുന്നത് എന്നാണ് മുഖ്യ വിമര്‍ശനം.

വിപണി നിക്ഷേപത്തില്‍ നിന്നുള്ള ലാഭമാണ് ഫണ്ടിന്റെ വരുമാനത്തെ നിര്‍ണ്ണയിക്കുന്നത്. അതായത്, വനസംരക്ഷണം വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ജീവനുള്ള പ്രദേശങ്ങളായും, സാംസ്‌കാരിക ഈറ്റില്ലങ്ങളായും ,ചെറുത്തുനില്‍പ്പിന്റെ ഇടങ്ങളായും വനങ്ങളെ കാണേണ്ടതിന് പകരം നിക്ഷേപകര്‍ക്ക് ലാഭമുണ്ടാക്കാനുള്ള കാര്‍ബണ്‍ ശേഖരങ്ങളായി മാത്രം കാണുന്ന പദ്ധതി.

ആശങ്കകള്‍ക്ക് കാരണം

വനങ്ങളുടെ സാമ്പത്തിക നിയന്ത്രണം: മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രമുള്ള ലോക ബാങ്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വനഭരണത്തില്‍ സ്വാധീനം ലഭിക്കുമ്പോള്‍, പ്രാദേശിക സമൂഹങ്ങള്‍ക്ക് അവരുടെ സ്വയംഭരണം നഷ്ടപ്പെടും.

തദ്ദേശീയ അവകാശങ്ങള്‍ക്ക് ഉറപ്പില്ല: വനങ്ങളെ തലമുറകളായി സംരക്ഷിച്ചുപോരുന്ന തദ്ദേശീയ ജനതയുടെയും പ്രാദേശിക സമൂഹങ്ങളുടെയും ഭൂമിയിന്മേലുള്ള അവകാശങ്ങള്‍, സ്വയംഭരണം, നേരിട്ടുള്ള വിഭവ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥകളില്ല.

വിപണിയിലെ ചാഞ്ചാട്ടം: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ഈ സമൂഹങ്ങള്‍ അടിമപ്പെടും. നിക്ഷേപം കുറഞ്ഞാല്‍, ഭൂമിയില്‍ എന്ത് സംഭവിച്ചാലും ഫണ്ടിംഗ് നിലയ്ക്കും.

സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കുന്നു: നിയമപരമായി നല്‍കാന്‍ ബാധ്യതയുള്ള പുതിയ, ഗ്രാന്റ് അധിഷ്ഠിത കാലാവസ്ഥാ ധനസഹായം നല്‍കുന്നതിനു പകരം, സമ്പന്ന രാജ്യങ്ങള്‍ക്ക് ഈ ഫണ്ടില്‍ നിക്ഷേപിച്ചുകൊണ്ട് അതിനെ കാലാവസ്ഥാ പ്രവര്‍ത്തനമായി കണക്കാക്കാം. ഇത് പങ്കാളിത്തമെന്ന പേരില്‍ അവതരിപ്പിച്ച സാമ്പത്തിക ആശ്രിതത്വമാണ്.

ആര്‍ക്കാണ് ആ പണം ലഭിക്കുക എന്നതാണ് മറ്റൊരു ചോദ്യം? അത് ഈ പ്രദേശത്ത് താമസിക്കുന്ന ആളുകളിലേക്ക് എത്തുമോ?

കാലാവസ്ഥാനീതി ആവശ്യപ്പെടുന്ന ആഗോള കാമ്പയിന്‍ സംഘടന ആയ ഡിമാന്‍ഡ് ക്ലൈമറ്റ് ജസ്റ്റിസിന്റെ (DCJ) ഭാഗമായ ആമസോണിയന്‍ വര്‍ക്കിംഗ് നെറ്റ്വര്‍ക്കിലെ സില മെസ്‌ക്വിറ്റ അപുരിനാ പദ്ധതിയെ വിശേഷിപ്പിക്കുന്നത് പച്ചപുതച്ചെത്തിയ ധരിച്ച പഴയ കോളനിവത്കരണമെന്നാണ്.

കാലാവസ്ഥാ പരിഹാരങ്ങളോടുള്ള നമ്മുടെ സമീപനത്തെക്കുറിച്ചുള്ള മൗലികമായ ഒരു ചോദ്യമാണ് ടി.എഫ്.എഫ്.എഫ് മുന്നോട്ട് വെക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമായ, ലാഭേച്ഛയുടെയും ചൂഷണത്തിന്റെയും യുക്തി പ്രതിഫലിപ്പിക്കുന്ന, ഉത്തരാര്‍ദ്ധ രാജ്യങ്ങളുടെ മൂലധനാധികാരം തെക്കിന് മുകളില്‍ പ്രയോഗിക്കുന്ന ഒരു പദ്ധതി ആരുടെ രക്ഷാസങ്കല്‍പ്പമാണ്?

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.