Skip to main content

രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന മതിലുകള്‍

ലോകമെമ്പാടും ഒഴിവാക്കലിന്‍റെയും തിരസ്കാരത്തിന്‍റെയും പ്രത്യയശാസ്ത്രധാര്‍ഷ്ട്യങ്ങള്‍ വ്യാപകമാകുകയും വിഭജനത്തിന്‍റെ മതിലുകള്‍ കൂടുതല്‍ കണിശതയോടെ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. അഭയാര്‍ത്ഥിപ്രവാഹങ്ങളും  കുടിയേറ്റങ്ങളും അതിന്‍റെ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകളും നിത്യജീവിതത്തിന്‍റെ  ഭാഗമായിരിക്കുന്നു. കെ.വി. പ്രവീണ്‍ എഴുതിയ ‘മതിലുകള്‍’ എന്ന ആഖ്യാനം സമകാലത്തിന്‍റെ ഈ സന്ദിഗ്ദ്ധപ്രകരണത്തെ മുഴുവന്‍ തീവ്രതകളോടെയും സംബോധന ചെയ്യുന്ന കഥയാണ്. ജീവിതോപാധികള്‍ ഇല്ലാത്തതിനാല്‍  അതിര്‍ത്തികള്‍ കടന്ന് അന്യരാജ്യങ്ങളില്‍ കുടിയേറി ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരുടെ യാതനാപൂര്‍ണ്ണമായ ജീവിതത്തെ എഴുതുന്ന   കഥാകാരന്‍ തന്‍റെ ജീവിതകാലം ഉള്ളില്‍ പേറുന്ന ദുരന്തദര്‍ശനത്തിന്‍റെയും ഈ കാലയളവിന്‍റെ അനൈതികതയ്ക്കു വിരുദ്ധമെന്നോണം ചെറുവെളിച്ചമായി നിലകൊള്ളുന്ന പ്രണയത്തിന്‍റെയും ആഖ്യാനം നിര്‍വ്വഹിക്കുന്നു. കുടിയേറ്റത്തിനെതിരായ ഔദ്യോഗികനടപടികളുടെ തുടര്‍ച്ചയിൽ മുറിച്ചു മാറ്റപ്പെടുന്ന മനുഷ്യബന്ധങ്ങൾ, നിയമത്തിന്റെ ആന്ധ്യം, ഭരണകൂടത്തിന്‍റെ അനുദാരത, കരുണയില്ലാത്ത ലോകത്തിൽ അസ്തിത്വത്തിനായുള്ള പോരാട്ടം –  ഇങ്ങനെ ഇരുട്ടു നിറഞ്ഞു കുമിയുമ്പോഴും സെലീനയ്ക്കും ഫിറാസിനുമിടയിലെ പ്രണയത്തിന്റെ ചെറുവെളിച്ചം കഥയുടെ ആത്മാവിൽ തിളങ്ങുന്നു.

സെലീനയും ഫിറാസും സമകാലത്തിന്‍റെ  ഇരുണ്ട യാഥാര്‍ത്ഥ്യത്തിൽ കുടുങ്ങിപ്പോയ രണ്ട് ആത്മാക്കളാണ്. അവര്‍ക്ക് രാജ്യാതിര്‍ത്തികള്‍ ഭൂമിശാസ്ത്രപരമായ രേഖകളല്ല, മറിച്ച്, മനുഷ്യസ്വാതന്ത്ര്യത്തെ പിളര്‍ത്തുന്ന മതിലുകളത്രേ! അവര്‍ക്ക്  ഒരിക്കൽ ആശ്രയമായി   തോന്നിയ ദേശം അനാഥത്വത്തിലേക്കു നയിക്കുന്ന ആപത്തിന്‍റെ അപരദേശമായി മാറിത്തീരുന്നു.

“നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണ്”

എന്ന അധികാരികളുടെ വാചാടോപത്തില്‍ സുരക്ഷിതത്വത്തിന്റെയല്ല, രാജ്യത്തിന്‍റെ അനുതാപശൂന്യമായ ഉള്ളമാണ് തെളിഞ്ഞു മുഴങ്ങുന്നത്. നിയമം മനുഷ്യരെ രക്ഷിക്കാനല്ല, വേർപിരിക്കാനും ഒറ്റപ്പെടുത്താനും ഉള്ളതായിത്തീരുന്നു. കുഞ്ഞുങ്ങളെ അമ്മമാരുടെ സ്നേഹത്തില്‍ നിന്നും അകറ്റുന്നതിനെ കരുണാശൂന്യമായ അധികാരം  നിന്ദ്യമായി കാണുന്നില്ല!

സെലീനയുടെ മകൾ റോസി ജനിച്ചത് ഈ രാജ്യത്താണ്, അവള്‍ക്ക് പൗരത്വമുണ്ട്. പക്ഷേ, അമ്മയ്ക്ക് പൗരത്വമില്ല. അതുകൊണ്ട് അമ്മയും മകളും വേർപ്പെടണമെന്ന് ആ രാജ്യനീതി പറയുന്നു. രാഷ്ട്രത്തിന്‍റെ തീരുമാനം മനുഷ്യത്വരഹിതമായ അക്രമമായി അനുഭവപ്പെടുന്നു. ജനാധിപത്യത്തിന്റെ മഹത്ത്വാകാംക്ഷകളില്‍ നിന്നും ഉയിര്‍കൊണ്ട സ്വപ്നമെന്ന നിലയില്‍ നിന്നിരുന്ന ആധുനികപൗരന്‍ എന്ന സങ്കല്‍പ്പനം ലോപിച്ചു പോയിരിക്കുന്നു. ദേശീയതയുടെയും വംശീയതയുടെയും മതഭ്രാന്തിന്റെയും നീരാളിപ്പിടിത്തത്തില്‍ മനുഷ്യനെ മനുഷ്യനായി കാണുന്നതിനുള്ള ശേഷികളെ നശിപ്പിക്കുന്ന ഉപകരണമായി പൗരത്വം പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.  കുടിയേറ്റക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളുടെ കാചങ്ങളിലൂടെ നോക്കിയാല്‍ ബഹിഷ്‌ക്കരണവും മര്‍ദ്ദനവും നിറഞ്ഞ നിര്‍മ്മിതിയായി പൗരത്വത്തെ കാണാന്‍  കഴിയും. കുടിയേറ്റക്കാര്‍ പൗരാവകാശങ്ങളുടെ സ്‌പെക്ട്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. ഇത് ‘അകത്തുള്ളവരും’ ‘പുറത്തുള്ളവരും’ എന്ന കടുത്ത വിഭജനം സൃഷ്ടിക്കുന്നു, മനുഷ്യന്റെ വ്യക്തിത്വത്തെ  നിഷേധിക്കുന്ന അവസ്ഥയാണിത്. അനുകമ്പയെ സോപാധികമാക്കുന്ന ഒരു വ്യവസ്ഥയെ സമകാലത്ത് പൗരത്വം സൃഷ്ടിക്കുന്നുണ്ടെന്നു പറയാം. സാര്‍വ്വദേശീയമായ ഐക്യദാര്‍ഢ്യത്തേയും മാനവികതയെ കുറിച്ചുള്ള മഹാസങ്കല്‍പ്പനങ്ങളേയും തകര്‍ക്കുന്ന വിപര്യയമായി പൗരത്വം പരിവര്‍ത്തിക്കപ്പെടുന്നു.

കുടിയേറ്റം മനുഷ്യരാശിയുടെ ഏറ്റവും പഴക്കമുള്ള അതിജീവന സഹജാവബോധങ്ങളിലൊന്നാണ് – ഭക്ഷണം, പാർപ്പിടം, സുരക്ഷ, അന്തസ്സ് എന്നിവയ്ക്കുള്ള അന്വേഷണം. ലോകത്തെ എല്ലാ മനുഷ്യരും കുടിയേറ്റക്കാരുടെ പിന്മുറക്കാരാണ്. കുടിയേറ്റത്തെ കുറ്റമായി കാണുന്ന ആധുനികലോകം തങ്ങളുടെ പൂര്‍വ്വികരുടെ ജീവിതകഥ മറന്നുപോയിരിക്കുന്നു! ഇപ്പോള്‍ കുടിയേറ്റക്കാരെ ഭാരങ്ങളായോ, നുഴഞ്ഞുകയറ്റക്കാരായോ, ദേശീയ സ്വത്വത്തിന് ഭീഷണിയായോ മുദ്രകുത്തുന്നു. കുടിയേറിയ മനുഷ്യരുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരുടെ കഷ്ടപ്പാടുകളെ ഒരു കാഴ്ചയാക്കി മാറ്റുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ദുരവസ്ഥ മാനവികതയുടെ മനസ്സാക്ഷിക്കു നേരെ ഉയർത്തിപ്പിടിച്ച ഒരു കണ്ണാടിയാണ്. അവരുടെ യാതനകള്‍ ലോകമെമ്പാടുമുള്ള ഭരണ നേതൃത്വത്തിന്റെ ധാർമ്മികപരാജയത്തെയാണ് തുറന്നുകാട്ടുന്നത്. ഭരണാധികാരികൾ മനുഷ്യരെ തങ്ങളുടെ ഫയലുകളിലെ അക്കങ്ങളായിട്ടല്ലാതെ ജീവനും വികാരങ്ങളും മനസ്സുമുള്ള മനുഷ്യജീവികളായി കാണാൻ പഠിക്കുന്നതുവരെ നമ്മുടെ നാഗരികത അതിന്റെ പേരിനു യോഗ്യത നേടുന്നില്ല!

ഫിറാസ് തന്റെ നാട്ടിലെ ദാരിദ്ര്യവും യുദ്ധവും വിട്ട് പുതിയ ജീവിതം തേടിയെത്തിയവൻ.  ഇവിടെ അവൻ മനുഷ്യനായി പരിഗണിക്കപ്പെടുന്നില്ല. നിയമവിരുദ്ധ കുടിയേറ്റക്കാരന്‍ മാത്രം. തൊഴിലും ആത്മാഭിമാനവും അവനിൽ നിന്ന് എടുത്തുമാറ്റപ്പെടുന്നു. പിന്നെയും ജോലി നഷ്ടമാകുമ്പോൾ അവൻ തിരിച്ചറിയുന്നു — ഈ ഭൂമിയിൽ അവന്റെ ഇടം എവിടെയും വിദേശമാണെന്ന്. ഭരണകൂടവും അധികാരവ്യവസ്ഥയും മനുഷ്യന്റെ ഹൃദയമിടിപ്പുകൾ കേൾക്കുന്നില്ല. സ്‌കൂൾ പ്രിൻസിപ്പൽ, ഇമിഗ്രേഷൻ ഓഫീസർ, ജഡ്ജി — ഇവരെല്ലാവരും നിയമത്തിന്റെ മുഖാവരണം ധരിച്ച യാന്ത്രികശബ്ദങ്ങൾ മാത്രം പുറപ്പെടുവിക്കുന്നു.

സെലീനയുടെ ചോദ്യം — “നിയമവിരുദ്ധമായി താമസിക്കുന്നത് മാതാപിതാക്കളാണെങ്കിൽ കുഞ്ഞുങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നത്?”

മർമ്മസ്പര്‍ശിയായ ഈ ചോദ്യത്തിനു മറുപടിയില്ല.

പ്രണയം ശാഠ്യമുള്ള ഒരു കാട്ടുപൂവിനെ പോലെ ആരും പ്രതീക്ഷിക്കാത്തിടത്തും വളരുന്നു – അവശിഷ്ടങ്ങൾക്കിടയിൽ, അഭയാര്‍ത്ഥിക്യാമ്പുകളിലും.  അത് ഉത്തരവുകൾ നിരസിക്കുന്നു, ലോകത്തിന്റെ ക്രൂരതയിൽ ഒരു വിള്ളൽ നിര്‍മ്മിക്കുന്നു, അവിടെ വേരുറപ്പിക്കുന്നു. ചരിത്രം ആളുകളെ ചിതറിക്കുമ്പോൾ പ്രണയം അവരോടൊപ്പം സഞ്ചരിക്കുന്നു – ദുർബ്ബലമാണെങ്കിലും തോൽവിയറിയാതെ, ദൂരങ്ങളിലൂടെ സ്നേഹത്തിന്‍റെ സുഗന്ധം വഹിച്ചുകൊണ്ട്.
കുടിയേറിയവരോടുള്ള അധികാരത്തിന്‍റെ സമീപനം വിഭജിക്കുകയും വേര്‍തിരിക്കുകയും മാത്രമല്ല, അത് സ്വത്വത്തിന്റെ അദൃശ്യമായ നൂലുകളെയും കീറിമുറിക്കുന്നു. എങ്കിലും, ഓരോ പലായനത്തിനിടയിലും എവിടെയെങ്കിലും പ്രണയം വീണ്ടും പൊടിയ്ക്കുന്നു. മാനവികത മങ്ങിയ ഈ ലോകത്ത് സെലീനയ്ക്കും ഫിറാസിനും ഇടയില്‍ മുളയ്ക്കുന്ന പ്രണയം ഒരു പ്രതിരോധം കൂടിയാണ്. അവസാനത്തെ പ്രതീക്ഷയുടെ പ്രതീകം പോലെ അത് പ്രത്യക്ഷപ്പെടുന്നു. ഫിറാസ് അവളെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു, അവൾക്ക് അവന്റെ കരുണയെ കൂടിയും ഭയപ്പെടേണ്ടുന്ന കാലമാണ്.  പൊള്ളയായ ജീവിതങ്ങൾക്കിടയിൽ ഇരുവരും ഒരുമിച്ച് ഒരു നിമിഷമെങ്കിലും മനുഷ്യരായി ജീവിക്കുന്നു. ലേബർ ജയിലിൽ സെലീനക്കു വേണ്ടി ഒപ്പുവെക്കാൻ ഫിറാസ് തയ്യാറാകുന്ന ദൃശ്യം മനുഷ്യബന്ധങ്ങളുടെ ഔന്നത്യത്തെയാണ് കാണിക്കുന്നത്. അപരിചിതമായ ഒരു ആത്മബന്ധമാണത്. പക്ഷേ, നിയമം അതിനെയും തകര്‍ക്കുന്ന ഭീകരരൂപിയാണ്.

എല്ലാ കാലത്തും പ്രവാസം പ്രണയത്തിന്റെ ക്ഷമയെ പരീക്ഷിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമാക്കലിന്റെ യന്ത്രങ്ങളെ പ്രണയം വെല്ലുവിളിക്കുന്നു. എല്ലാ സുഖങ്ങളും എടുത്തുകളയുമ്പോൾ സ്നേഹം അതിന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തുന്നു. പ്രണയം കൂടിയും ഒരു കുടിയേറ്റമാണ്. അത് ഒരു ആത്മാവിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നു. അതിർത്തികൾക്കപ്പുറമുള്ള സ്നേഹമെന്നാൽ മാനവികതയുടെ ഏറ്റവും പഴയ ഭാഷ സംസാരിക്കുകയെന്നാണര്‍ത്ഥം. വ്യവസ്ഥകളില്ലാത്ത പരിചരണം. വീടുകൾ നഷ്ടപ്പെടുമ്പോൾ, സ്വന്തം രാജ്യം ഇല്ലാതാകുമ്പോള്‍ പ്രണയം മാതൃരാജ്യമായി മാറുന്നു.

“പ്രേമം നിഷേധിക്കപ്പെട്ടവർക്ക് ഈ ഭൂമി തന്നെ ഒരു ജയിലാണ്” —

എവിടെയായാലും മനുഷ്യൻ അന്യനായി വേർപെട്ടവനായി മാറ്റപ്പെടുന്നു. രാഷ്ട്രവും മതവും പൗരത്വവും നിയമവ്യവസ്ഥകളും — എല്ലാം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റാനുള്ള മതിലുകളായി മാറിത്തീരുന്നു. പ്രവീണ്‍ എഴുതിയ കഥ കുടിയേറ്റത്തിന്റെ രാഷ്ട്രീയമോ നിയമപരമോ ആയ പ്രശ്നങ്ങള്‍ക്കപ്പുറത്ത് മനുഷ്യജീവിതത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള വിലാപം പോലെ നമ്മളില്‍ പ്രതിദ്ധ്വനിക്കുന്നു. രാഷ്ട്രങ്ങൾ അതിരുകളില്‍ മതിലുകള്‍ കെട്ടുമ്പോൾ മനുഷ്യമനസ്സുകൾ കൂടിയാണ് വേര്‍പ്പെടുന്നത്. അമ്മമാരുടെ കണ്ണീരിനും പിതാക്കളുടെ പ്രാർത്ഥനകള്‍ക്കും അനുതാപമില്ലാത്ത ഈ ലോകത്തിന്‍റെ മതിലുകളെ തകർക്കാൻ കഴിയുന്നില്ല. മനുഷ്യന്  പ്രണയവും കരുണയും മാത്രം കൂട്ടായിരിക്കുന്നു.

പ്രവാസത്തിന്റെയും അഭയാര്‍ത്ഥിജീവിതത്തിന്റെയും കഥകളെഴുതാതെ ലോകത്തിലെ ഒരു നല്ല കഥാകൃത്തിനും ഇപ്പോള്‍ ജീവിക്കുക അസാദ്ധ്യമാണ്. ബഷീര്‍ ‘മതിലുകള്‍’ എന്ന കഥ എഴുതിയ ഭാഷയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രവീണ്‍ അതേ ശീര്‍ഷകത്തില്‍ ഒരു കഥ എഴുതുന്നു. ബഷീറിനും നാരായണിക്കും അനുപൂരകമെന്നോണം ഫിറാസിന്റെയും സെലീനയുടെയും ജീവിതം തന്റെ കഥയില്‍ എഴുതുന്നു. ഏതു പ്രതികൂലാവസ്ഥയിലും, ഏതു തടവറയിലും പൂക്കുന്ന മനുഷ്യപ്രണയത്തെ കുറിച്ചു തന്നെ പ്രവീണിന്റെ കഥയും പറയുന്നു. സെലീനയെ കാണുന്ന ഫിറാസിന്റെ മുഖത്ത് ഒരു നിമിഷം കൊണ്ട് ഈ ലോകത്തിലെ മുഴുവന്‍ പ്രകാശവും പ്രതിഫലിച്ചെന്നും അയാളുടെ വിരലുകള്‍ തന്റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ തന്നിലേക്കു വൈദ്യുതി പ്രവഹിച്ചതായി സെലീനയ്ക്കു തോന്നിയെന്നും എഴുതുന്നു, കഥാകാരന്‍.  അവരുടെ പ്രണയത്തെ നിരാകരിക്കുന്ന ഓഫീസര്‍ ലേബര്‍ ജയിലില്‍ നിന്നും ഫിറാസിനെ പുറത്തുവിടുമ്പോള്‍ ബഷീറിന്റെ വാക്കുകള്‍ അയാള്‍ക്കും ഉറക്കെ പറയണം.

വൈക്കം മുഹമ്മദ് ബഷീര്‍

‘വൈ ഷുഡ് ഐ ബി ഫ്രീ? ഹു വാണ്ട്‌സ് ഫ്രീഡം?’ .

‘ഏതു സ്വതന്ത്രലോകം? വന്‍ ജയിലിലേക്കു വേണമല്ലോ പോകാന്‍?’

ബഷീറിന്റെ കഥയിലെ ഈ വാക്കുകള്‍ കൂടി വായനക്കാരന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ടാകും.

മതിലുകളുടെ അതിര്‍ത്തികള്‍ രാഷ്ട്രങ്ങളോളം വളര്‍ന്നിരിക്കുന്ന പ്രകരണത്തിലാണ് ഈ കഥ എഴുതപ്പെടുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, രാഷ്ട്രങ്ങള്‍ തടവറകളാകുന്ന കാലത്തിന്റെ കഥയാണിത്. ഈ മതിലുകളെ നുഴഞ്ഞു കടക്കുന്നവര്‍ സാര്‍വ്വലോകത്തിന്റെ സന്ദേശവുമായി രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ ഭേദിക്കുന്ന പോരാളികളാണ്, അവര്‍ അത് അറിയുന്നില്ലെങ്കിലും അവര്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും.

പ്രവീണിന്റെ കഥകളുടെ ആഗോളസ്വഭാവം സവിശേഷമാണ്. ഈ കഥാകാരന്‍റെ പ്രമേയങ്ങള്‍ പ്രാദേശികതയില്‍ നില്‍ക്കുന്നതല്ല. മിക്കപ്പോഴും വിശ്വമാനവനെയാണ് അതു കാണുന്നതും സംബോധന ചെയ്യുന്നതും. പ്രവീണ്‍ ജീവിക്കുന്ന സ്ഥലസ്ഥാനം ഇതിനു പ്രേരണയാകുന്നുണ്ടാകാം. ലോകസാഹിത്യം എന്നും മലയാളിയെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍, മലയാളകഥ ആര്‍ജ്ജിക്കുന്ന സാര്‍വ്വലോകമാനങ്ങള്‍ക്കു ഏറെ സ്വാഭാവികതയുമുണ്ട്. സാര്‍വ്വലോകമാനങ്ങളുള്ള കഥകളെഴുതുന്ന പ്രവീണിന്റെ ആഖ്യാനകല മലയാളത്തിന്റെ മാനകഭാഷയെ ഏറെ സുതാര്യമാദ്ധ്യമമായി ഉപയോഗിക്കുന്നു. സുതാര്യവും ലളിതവും സ്വാഭാവികവുമായ ഭാഷയിലും ശൈലിയിലും പ്രവീണ്‍ കഥകളെഴുതുന്നു. ‘മതിലുകള്‍’ എന്ന കഥയും അങ്ങനെ രചിക്കപ്പെട്ടതാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.