Skip to main content

‘ഫമിലിയർ ടച്ചി’ ലൂടെ ലോകങ്ങളിൽ തുടരുന്നവർ

മനുഷ്യർ ‘രോഗാവസ്ഥയിലാണ്’ എന്ന് സിസ്റ്റത്തിനാലും മറ്റുള്ളവരാലും നിശ്ചയിക്കപ്പെട്ടു കഴിയുമ്പോഴാണ് അധികാരങ്ങളുടെ മറ്റു പ്രയോഗങ്ങൾ ആരംഭിക്കുക. അത് സ്നേഹമാണ് പരിചരണമാണ് ഒക്കെ അങ്ങ് എക്സിബിറ്റ് ചെയ്യുകയും തുടർന്ന് പ്രയോഗിക്കപ്പെടുകയും ചെയ്യും. അത് ഒരു പക്ഷെ തിരിച്ചറിയുന്നവരും ഇല്ലാത്തവരും ഉണ്ടാകാം. ഒരു കാണി എന്ന രീതിയിൽ ‘ഫമിലിയർ ടച്ച്‘ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ റൂത്ത് ഗോൾഡ്മാൻ എന്ന സ്ത്രീയുടെ ഡിമെൻഷ്യ എന്ന അവസ്ഥയിലൂടെ ഉള്ള ജീവിതം നമ്മളെ ഇത്തരം അധികാരം/സ്നേഹം/പരിചരണം എന്നീ സാമൂഹികവും രാഷ്ട്രീയവുമായ ചിന്താധാരകളിൽ നിന്ന് പുറത്ത് കൊണ്ടുപോയി അവരുടെ കൂടെ തന്നെ നമ്മളെ സഞ്ചരിപ്പിക്കുന്നു. അത്രക്ക് ഇമോഷണൽ ആയി സിനിമ നമ്മളെ അതിലേക്ക് വലിച്ച് അടുപ്പിക്കുന്നു.

തന്റെ ഓർമ്മകൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന് തെളിയിക്കാൻ വേണ്ടി പലപ്പോഴും അവർ നമ്മളൊക്കെ ചെയ്യുന്നത് പോലെ തന്നെ പലതരത്തിലുള്ള തെളിവുകളും നിരത്തുവാൻ ശ്രദ്ധിക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട്. അവർ തന്റെ ചരിത്രം പറയുന്നു, വിപ്ലവങ്ങളെ കുറിച്ച് പറയുന്നു, അവർ കുക്ക് ചെയ്യുന്നു. അങ്ങനെ പലതരം ബിഹേവിയറൽ പാറ്റേണുകൾ, എസ്കേപ്പ് മെക്കാനിസം പോലെ തെരഞ്ഞെടുക്കുമ്പോഴും അപ്പുറത്ത് മകൻ, കെയർ ഗിവിംഗ് സെന്റർ, അവിടത്തെ മനുഷ്യർ എല്ലാം ചേർന്ന് അവരെ അവർക്കപ്പുറം നിർണ്ണയിക്കുന്നതിലൂടെ ആ സ്ത്രീ അതിൽ പരാജയപ്പെടുകയല്ല, ഈ കെയർ ഗിവിംഗ് ഹോം എന്ന സിസ്റ്റത്തിന്റെ ഭാഗമാവുകയാണ്. ഒരു മനുഷ്യൻ/സ്ത്രീ ഒരു സിസ്റ്റത്തിന്റെ (മെഡിക്കൽ സിസ്റ്റത്തിന്റെ) ഭാഗമായി ഇത്രയും നോർമൽ ആയി അവസാനിക്കുന്നത് കാണിച്ച് നമുക്ക് ഒരു ആഴത്തിലുള്ള അടി തന്നിരിക്കുക കൂടി ആണ് ഈ സിനിമ.

സിനിമകൾക്ക് പലതരം ഭാഷകളും കോൺഫ്ലിക്ട് പാറ്റേണുകളും ഒക്കെ രൂപപ്പെടുത്താൻ കഴിയും. അതിൽ ഹുക്ക് ചെയ്തു കൊണ്ട് കൂടെയാണ് ഒരു സിനിമ നമ്മളെ കൊണ്ടുപോവുക. ഫമിലിയർ ടച്ച് എന്ന സിനിമയിൽ സ്വന്തം മകൻ, സ്വന്തം മകനാണെന്ന് ഗോൾഡ് തിരിച്ചറിയുന്നതിലൂടെ സിനിമയിൽ കയറുന്ന നമ്മൾ അവരുടെ സാധാരണ/അസാധാരണ (എന്താണ് പറയേണ്ടത് എന്നറിയില്ല) ജീവിതത്തിന്റെ കൂടെ സഞ്ചരിക്കുകയാണ്. കാണികളായി മനുഷ്യർക്ക് സാധാരണ/അസാധാരണ എന്ന രീതിയിൽ നിർവചിക്കാൻ കഴിയാതെ ഗോൾഡ് എന്ന പ്രായം ചെന്ന സ്ത്രീയുടെ കൂടെ യാത്ര ചെയ്യുകയാണ്. അവർ ഒരു രോഗിയാണ് എന്ന് ചിത്രീകരിക്കപ്പെട്ടതോടുകൂടെ വലിയ സംഘർഷങ്ങൾ ഇല്ലാതെ വളരെ പ്ലെയിൻ ആയി ലീനിയർ ആയി നമ്മൾ അവരുടെ കൂടെ അവസാനമില്ലാത്ത ഇങ്ങനെ കൂടെ ചലിക്കുന്ന, വലിയ ഇമോഷൻസ് ഒന്നും ഡിസ്പ്ലേ ചെയ്യാതെ ഈ സിനിമ കടന്നുപോകുന്നു. പക്ഷെ വളരെ ഡാം ആയ ഇമോഷൻസ്‌ന്റെ ഭാരം ഇല്ലാതെ ഈ സിനിമ കണ്ടുതീർക്കാനുമാവില്ല.

ജീവിതം നമ്മൾ അനുഭവിക്കുന്ന ഭ്രാന്തിന്റെ, ഓർമ്മക്കുറവിന്റെ, രോഗങ്ങളുടെ ഒക്കെ അവസാനിക്കാത്ത തുടർച്ച കൂടിയാണല്ലോ. അത് കൊണ്ടുതന്നെ ഫമിലിയർ ടച്ച് എന്ന സിനിമയിലെ ഗോൾഡ് എന്ന കഥാപാത്രം നമ്മളുടെ കൂടെ ഇങ്ങനെ യാത്ര ചെയ്യും. ഒരു പക്ഷെ നമുക്ക് ഒരു ഓർമ്മക്കുറവ് വരുന്ന കാലം വരെയെങ്കിലും.


FAMILIAR TOUCH
Directed by : Sarah Friedland
United States, 2024
Drama

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.