Skip to main content

OTT കളും സിനിമാ തീയേറ്ററുകളും

ലോകത്തിന്റെ തലവര നിമിഷംപ്രതി മാറ്റിവരച്ചുകൊണ്ടാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണം, ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വളര്‍ന്നുവരുന്ന നവ ബിസിനസ് സംരംഭങ്ങള്‍, ഡിജിറ്റല്‍ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതനീകരണം (Innovations) ഒക്കെ നാം ജീവിക്കുന്ന ലോകത്തെ നമുക്ക് തന്നെ അപരിചിതത്വം തോന്നുന്ന ഇടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് റേഡിയോയെ ആശ്രയിച്ച മനുഷ്യരെ പിന്നീട് വന്ന ടേപ്പ് റിക്കോര്‍ഡറും, ടെലിവിഷനും ഉത്തേജിതരാക്കി. VCD, VCR, DVD, CD ഒക്കെ നമ്മുടെ വിനോദങ്ങളുടെ സ്വഭാവം മാറ്റിയവ ആണ്. പിന്നീട് ഡിഷ് ടെലിവിഷനുകളും DTH കളും വന്നു. ടെലിവിഷന്‍ മാതൃകകള്‍ തന്നെ മാറി വന്നുകൊണ്ടിരുന്നു. അങ്ങനെ നമ്മള്‍ ഡിജിറ്റല്‍ യുഗത്തിലും ഇപ്പോള്‍ OTT യുഗത്തിലും എത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ച OTT Platform കളെ ഈ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചാ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ വിശകലനം ചെയ്യാന്‍.

OTT പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയിലേക്ക് നയിച്ച നിരവധി കാരണങ്ങള്‍ ഉണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച, കുറഞ്ഞ വിലയ്ക്ക് OTT സേവനങ്ങള്‍ നല്‍കുന്നത്, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ദൃശ്യാനുഭവം കൊടുക്കാനുള്ള കമ്പനികള്‍ക്കിടയിലെ മത്സരം, പ്രാദേശിക ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിഭവങ്ങള്‍ വിളമ്പുന്നത്, ഓരോ ഉപഭോക്താവിനും ഇണങ്ങുന്ന അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള സിനിമകളും മറ്റും കൊടുക്കാന്‍ കമ്പനികളെ പ്രാപ്തരാക്കുന്ന നിര്‍മ്മിതബുദ്ധിയുടെ സ്വാധീനം, നൂതന സാങ്കേതിക വിദ്യകളെ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ കമ്പനികള്‍ കാണിക്കുന്ന ഉത്സാഹം, മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഉണ്ടായ വളര്‍ച്ച, മില്ലേനിയം മനുഷ്യരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച, ആഗോളതലത്തില്‍ മൊബൈലുകളുടെ വിലയില്‍ ഉണ്ടായ കുറവ്, ഡിജിറ്റല്‍ വിഭജനം കുറയ്ക്കാനുള്ള സര്‍ക്കാരുകളുടെ ശ്രമം ഒക്കെ നേരിട്ടും പരോക്ഷമായും OTT പ്ലാറ്റ്‌ഫോമുകളുടെ കൂടി വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കോവിഡ് നല്‍കിയ അനുകൂല സാഹചര്യം OTT പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി എന്നത് സത്യമാണ്. OTT പ്ലാറ്റ്‌ഫോമുകളുടെ വികാസത്തില്‍ ഇന്ത്യയും പങ്കു വഹിച്ചിട്ടുണ്ട്.

OTT മേഖലയിലെ പ്രധാന കമ്പനികള്‍ ആയ You Tube, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ജിയോ ഹോട്സ്റ്റാര്‍, സോണി ലൈവ് തുടങ്ങിയവ ഇന്ത്യന്‍ വിനോദ വിജ്ഞാന കമ്പോളത്തില്‍ അവരുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞ ബ്രാന്‍ഡുകള്‍ ആണ്. അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്ക് പുറമേ പ്രാദേശിക OTT പ്ലാറ്റ്‌ഫോമുകളും ഇന്ത്യയില്‍ വളരുന്നുണ്ട്. Saina Play, Hoichoi, SunNXT, Aha, Stage, Manoramamax, Cityshor TV, Chaupal Olly Plus, Planet Marathi, Zartek ഒക്കെ ഇന്ത്യയിലെ പ്രാദേശിക OTT പ്ലാറ്റ്‌ഫോമുകള്‍ ആണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വേരുപിടിച്ച OTT പ്ലാറ്റ്‌ഫോമുകള്‍ അവിടങ്ങളില്‍ വളര്‍ച്ചയുടെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്.സ്വാഭാവികമായും ആഗോള OTT ഭീമന്മാരുടെ ശ്രദ്ധ ഇന്ത്യ പോലുള്ള മുതലാളിത്ത വളര്‍ച്ചയുടെ പാതയിലുള്ള സമ്പദ് വ്യവസ്ഥയിലേക്ക് തിരിയുമല്ലോ. ആഗോള ഭീമന്മാര്‍ അരങ്ങുവാണ ഇന്ത്യന്‍ OTT മാര്‍ക്കറ്റില്‍ വലിയ കുതിപ്പ് ഉണ്ടാക്കുകയും കമ്പോളത്തിന്റെ മുപ്പത് ശതമാനത്തിനു മുകളില്‍ ഇന്ന് കയ്യടക്കി വെച്ചിരിക്കുന്നത് ജിയോ ഹോട്സ്റ്റാര്‍ ആണ്. ഏറ്റവും കൂടുതല്‍ വരുമാനം ഇന്ത്യയില്‍നിന്നും ഉണ്ടാക്കുന്ന OTT പ്ലാറ്റ്‌ഫോം You Tube തന്നെയാണ്. അവരുടെ കമ്പോള പങ്കാളിത്തം മുപ്പത്തി ഏഴു ശതമാനം ആണ്.

ജിയോയും യു ട്യൂബും ചേര്‍ന്ന് ഇന്ത്യന്‍ OTT മാര്‍ക്കറ്റിന്റെ എഴുപത് ശതമാനവും കയ്യടക്കിയിരിക്കുന്നു. ഏതാണ്ട് നാല്‍പതിനായിരം കോടിക്ക് അടുത്താണ് ഇന്ത്യയിലെ OTT മാര്‍ക്കറ്റ് ഷെയര്‍. വാര്‍ഷിക വളര്‍ച്ചാ നിരക്ക് പത്ത് ശതമാനമാണ്. ഇന്ത്യ നടപ്പിലാക്കിയ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി നമ്മുടെ രാജ്യത്തെ OTT വ്യവസായത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഉള്‍ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ എത്തിയതും ഒരു കുടുംബത്തിന് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സിനിമ കാണാന്‍ കഴിയും എന്നതും OTT യെ ഇന്ത്യക്കാര്‍ക്ക് പ്രീയപ്പെട്ടവര്‍ ആക്കി. OTT വന്നതോടുകൂടി ആളുകള്‍ സാദാ ടെലിവിഷന്‍ ഉപയോഗിക്കുന്നതില്‍ തന്നെ വലിയ വ്യത്യാസം ഉണ്ടായി. കോടാനുകോടി വരുന്ന ഇന്ത്യയിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ എല്ലാം തന്നെ OTT പ്ലാറ്റ്‌ഫോമുകളുടെ വലിയ കമ്പോളങ്ങള്‍ ആണ്. സമ്പദ് വ്യവസ്ഥയെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രായത്തില്‍പെട്ട ആളുകളേയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദ ഉപാധിയായി OTT പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ആളുകളെ മാനസികമായി സ്വാധീനിക്കാന്‍ OTT പ്ലാറ്റ്‌ഫോമുകള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ OTT പ്ലാറ്റ്‌ഫോമുകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ഇഷ്ടാനുസരണം സിനിമകള്‍ കാണാം എന്നത് ഉപഭോക്താക്കളെ OTT കളിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഒരാളുടെ കൈവശം എത്ര OTT സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട് എന്നത് ഒരു സ്റ്റാറ്റസ് അടയാളമായി ആളുകള്‍ ഇന്ന് കരുതുന്നതും ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്ക്ക് കാരണമാണ്. വിവരങ്ങള്‍ അറിയുന്നതിനായി ആളുകള്‍ OTTകളെ ആശ്രയിക്കുന്നുണ്ട്. നിരന്തരം സീരിയല്‍ എപ്പിസോഡുകള്‍ OTT കളില്‍ കാണുന്നതിലൂടെ തനിക്ക് ചുറ്റുമുള്ള ലോകത്തില്‍ നിന്നും ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായും ആളുകള്‍ OTT കളെ ഉപയോഗിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് തുല്യമായ അടിമത്തം പലര്‍ക്കും OTT കളോടും ഉണ്ടാകുന്നുണ്ട് എന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തില്‍ പ്രത്യേകിച്ചും കുട്ടികളുടെ OTT പ്ലാറ്റ്‌ഫോം ഉപയോഗത്തില്‍ സര്‍ക്കാരും മാതാപിതാക്കളും ഇടപെടണം എന്ന വാദത്തെ സാധൂകരിക്കുന്ന ഫലങ്ങളാണ് പല പഠനങ്ങളും മുന്നോട്ടു വെച്ചിട്ടുള്ളത്. ഓരോ ഉപഭോക്താവിനും അയാളുടേതായ ഒരു വാച്ച് ലിസ്റ്റിന് അനുസരിച്ച് തന്റെ സമയം ചിലവഴിക്കാന്‍ കഴിയുന്നു എന്നത് കാണികളെ OTT യിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.

OTT ഇന്ത്യയില്‍ വ്യാപകമായപ്പോള്‍ പ്രധാനമായി ഉയര്‍ന്നുവന്ന ഒരു വാദം അത് മള്‍ട്ടിപ്ലക്‌സുകളേയും സാദാ സിനിമാ തീയേറ്ററുകളേയും ഇല്ലാതാക്കും എന്നാണ്. ആളുകള്‍ സങ്കല്‍പ്പിച്ചതുപോലുള്ള ഒരു ഭീകരമായ അവസ്ഥയൊന്നും ഉണ്ടായില്ല എന്നതാണ് സത്യം. മലയാളം സിനിമാ മേഖലയെ ഒന്ന് നിരീക്ഷിച്ചാല്‍ തന്നെ നമുക്ക് മനസിലാകും OTT കേരളത്തിലെ സിനിമാ തീയറ്ററുകളെ കാര്യമായി ബാധിച്ചിട്ടില്ല എന്ന്. ലേഖകന്റെ ഒരു നിരീക്ഷണം ഇതുവരെ തീയേറ്ററില്‍ സിനിമ കാര്യമായി കാണാതിരുന്ന ആളുകള്‍ കൂടി OTT വഴി സിനിമ കാണാന്‍ തുടങ്ങിയതോടെ അവര്‍ക്കും തീയേറ്റര്‍ അനുഭവം ആസ്വദിക്കാനുള്ള ആഗ്രഹം ഉണ്ടാകുകയും അത്തരം ആളുകള്‍ കൂടി ഇപ്പോള്‍ തീയേറ്ററില്‍ വരുന്നുണ്ട് എന്നാണ്. സിനിമ ഒരു വ്യവസായം എന്ന നിലയില്‍ കൂടുതല്‍ വിശാലമായ കമ്പോളങ്ങളില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഇന്നുണ്ടായിട്ടുണ്ട്. OTT പ്ലാറ്റ്‌ഫോമുകള്‍ പ്രാദേശിക സിനിമകളെ ഗ്ലോബല്‍ സ്‌കെയിലില്‍ കാണികള്‍ക്ക് മുന്‍പില്‍ കൊണ്ടുവരുവാന്‍ സഹായിക്കുന്നുണ്ട്. സബ് ടൈറ്റില്‍ സംസ്‌കാരം വ്യാപകമായപ്പോള്‍ സിനിമകള്‍ ഭാഷാഭേദമന്യേ ലോകം മുഴുവനുമുള്ള കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായി മാറി. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഥ പറഞ്ഞിരുന്ന രീതി അവസാനിക്കുകയും ലോകത്തോട് മുഴുവന്‍ കഥപറയുന്ന തരത്തിലുള്ള കഥകളും ആശയങ്ങളും തീമുകളും സിനിമയുടെ പ്രസന്റേഷന്‍ രീതിയും ഒക്കെ മാറുന്നതില്‍ OTT നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ടെലിവിഷന്‍ നമ്മുടെ വിനോദങ്ങളെ കുടുംബ വീട്ടിലെ ലിവിംഗ് റൂമിനകത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. വിഡ്ഢിപ്പെട്ടി എന്നൊക്കെ ആളുകള്‍ അതിനെ കളിയാക്കി എങ്കിലും ആളുകളുടെ മാനസിക സാംസ്‌കാരിക ഭാവനകളെ ഉണര്‍ത്താനും നമ്മളെ തന്നെ പുതുക്കിപ്പണിയാനും ടെലിവിഷന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ ഇത്രമേല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ടെലിവിഷനില്‍ വന്ന രാമായണ മഹാഭാരത സീരിയലുകള്‍ വഹിച്ച പങ്കിനെ പറ്റി മികച്ച അക്കാദമിക് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു നിശ്ചിതമായ സമയത്ത് മറ്റെല്ലാ ജോലികളും മാറ്റി വെച്ച് കുടുംബം മുഴുവന്‍ ടെലിവിഷന് മുന്‍പിലേക്ക് ഒഴുകുന്നത് നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ളതാണ്. എണ്‍പതുകളില്‍ ബസ്സില്‍ പോകുമ്പോള്‍ ഞായറാഴ്ചകളില്‍ വൈകുന്നേരം ദൂരദര്‍ശനില്‍ സിനിമ കാണാന്‍ ആളുകള്‍ ഓരോ വീടിന് മുന്‍പിലും തിക്കി തിരക്കി നിന്നത് നമുക്ക് മറക്കാന്‍ കഴിയുമോ. അയല്‍പക്കത്തെ വീട്ടില്‍ സിനിമ കാണാന്‍ പോയി പോയി പ്രണയത്തില്‍ വീണ, അവിഹിതത്തില്‍ വീണ എത്രയെത്ര ആളുകളുടെ കഥകളാണ് ദൂരദര്‍ശന്‍ ടെലിവിഷന്‍ കാണല്‍ സംസ്‌കാരത്തിന് സമാന്തരമായി പ്രാദേശികമായി മലയാളിക്ക് കിട്ടിയതെന്നതിന് കണക്കില്ല. ടെലിവിഷന്‍ നമ്മുടെ വീടിനകത്ത് ആണ് പ്രവര്‍ത്തിച്ചതെങ്കില്‍ സിനിമ ഒരു മാസ് ഓഡിയന്‍സിനെ ആണ് തൃപ്തിപ്പെടുത്തിയത്. കൂട്ടത്തോടെ ഉണ്ടാക്കുകയും കൂട്ടത്തോടെ ഉപഭോഗിക്കുകയും ചെയ്ത പ്രാചീന മനുഷ്യരുടെ, നമ്മളില്‍ ഇന്നും കുറ്റിയറ്റു പോകാതെ നില്‍ക്കുന്ന, ഗോത്രസന്തോഷങ്ങളെ ആണ് മൂവി തീയേറ്ററുകള്‍ ഉണര്‍ത്തുന്നത്. ഉറങ്ങാതെ തീയേറ്ററിലെ അരവങ്ങള്‍ക്കൊപ്പം ഒരു ബ്ലോക്ക്ബസ്റ്റര്‍ മൂവി കാണുമ്പോള്‍ നമ്മള്‍ പോലും അറിയാതെ ഗുഹയിലെ തീക്ക് ചുറ്റുമിരുന്നു പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്ത ഗുഹാമനുഷ്യര്‍ ആയി മാറുകയാണ് ചെയ്യുന്നത്. കയ്യില്‍ പോപ്പ്‌കോണും ബര്‍ഗറും ഒക്കെയാകും ഉള്ളത് എന്ന് മാത്രം. ഭൌതികമായി വീട്ടിലെ ഒരു ലിവിംഗ് റൂമിന്റെ വകഭേദം മാത്രമാണ് സിനിമ തീയേറ്ററിലെ നമ്മുടെ സീറ്റ് എന്ന് വാദിക്കാമെങ്കിലും സിനിമ തീയേറ്ററില്‍ കാണുമ്പോള്‍ കിട്ടുന്ന വൈകാരികമായ അനുഭവം വീട്ടിലിരുന്നു ടെലിവിഷന്‍ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ അല്ലേയല്ല.

OTT സംസ്‌കാരം വ്യാപകമാവുമെന്നും തീയേറ്ററുകള്‍ പൂട്ടിപ്പോകും എന്ന് പ്രവചിച്ച ആളുകള്‍ക്ക് തെറ്റിപ്പോയി. കേരളത്തിലെ തീയേറ്ററുകളില്‍ നിന്നും പല സിനിമകളും അമ്പതും നൂറും കോടികള്‍ നേടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. തീയേറ്ററുകള്‍ പ്രത്യേകിച്ചും മാളുകളിലെ തീയേറ്ററുകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആകാത്ത ഒരു യഥാര്‍ത്ഥ്യം ആണ്. ഇന്ന് തീയേറ്റര്‍ എന്നത് കേവലം സിനിമ കാണാനുള്ള ഒരിടം മാത്രമല്ല. മാളുകളില്‍ ചുറ്റിയടിക്കുക, ഫുഡ് കോര്‍ട്ടില്‍ നിന്നും വയറു നിറയെ വിവിധ വിഭവങ്ങള്‍ കഴിക്കുക, പര്‍ച്ചേസ് നടത്തുക, സിനിമ കാണുക, തീയേറ്ററില്‍ ഇരുന്നു ഇഷ്ടവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുക തുടങ്ങി സിനിമ എന്നത് പലതരം അനുഭവങ്ങള്‍ ചേര്‍ന്ന ഒന്നാണ് ഇന്ന്. നഗരങ്ങളിലെ മിക്കവാറും എല്ലാ മധ്യവര്‍ഗ്ഗ കുടുംബങ്ങളും മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും മാളുകളില്‍ പോയി സിനിമ കാണുന്ന ഒരു ഉപഭോഗ സംസ്‌കാരം നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നുണ്ട് എന്ന കണ്ടെത്തല്‍ ഈ മേഖലയില്‍ നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നു. മാളുകളിലെ റിക്ലയിനര്‍ സീറ്റുകള്‍ ആളുകളുടെ പൊങ്ങച്ചത്തെ അവരുടെ Conspicuous consumption ത്വരകളെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് മറ്റൊരു കാര്യമാണ്. സമൂഹത്തിലെ ക്ലാസ് ഘടനയെ പ്രതിഫലിപ്പിക്കാന്‍ മാളുകളിലെ തീയേറ്ററുകള്‍ക്ക് കൃത്യമായി കഴിയുന്നുണ്ട്.

OTT പ്ലാറ്റ്‌ഫോമുകള്‍ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ദൃശ്യാനുഭാവത്തിന്റെ പലതരം മാതൃകകള്‍ കൊണ്ടുവരുന്നു എന്നത് സത്യമാണ്. ലൈവ് ടെലികാസ്റ്റുകള്‍ അതിന്റെ ഭാഗമാണ്. ഒരു മൊബൈലിന്റെ ഇട്ടാവട്ടത്തില്‍ ഏകനായി ഇരുന്ന് OTT സിനിമകളെ ആസ്വദിക്കുക എന്നത് എന്തൊക്കെ പറഞ്ഞാലും എളുപ്പം മടുക്കാന്‍ ഇടയുള്ള ഒന്നാണെന്ന് തന്നെ ആളുകള്‍ തിരിച്ചറിയുന്നു എന്നതാകും തീയേറ്ററുകളെ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ആളുകള്‍ തയ്യാറാകാത്തത് എന്ന് തോന്നുന്നു. മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ ആണെന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകള്‍ ഓര്‍ത്താല്‍ അറിയാം എത്ര സാങ്കേതിക വിദ്യകള്‍ വളര്‍ന്നാലും നമ്മുടെ ഗാഡ്ജറ്റുകള്‍ക്ക് അപ്പുറം നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുന്ന ഒരു സാമൂഹ്യജീവിതം ഇല്ലാതാകുന്ന ഒരു കാലം വരാനിടയില്ല എന്ന്. ആ നിലയ്ക്ക് തീയേറ്ററുകള്‍ ഇല്ലാതാകുന്ന ഒരു കാലം വരാന്‍ ഇടയില്ല എന്ന് ലേഖകന്‍ കരുതുന്നു. ലോക പോലുള്ള സിനിമകള്‍ തീയേറ്ററില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ചെറിയ ബജറ്റില്‍ വരുന്ന കൊച്ചു സിനിമകള്‍ തീയേറ്ററില്‍ ആരും കാണാന്‍ ഇല്ലാതെ മറഞ്ഞു പോകുന്നു എന്നതും നമ്മള്‍ കാണാതെ പോകരുത്. ചെറിയ ബഡ്ജറ്റ് സിനിമകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തീയേറ്റര്‍ കാണാതെ പോകുന്നു എന്നത് സിനിമ മേഖലയിലെ ഒരു പ്രതിസന്ധി തന്നെയാണ്. ഇത്തരം സിനിമകളെ OTT പ്ലാറ്റ്‌ഫോമുകള്‍ തുണച്ചേക്കാം. എന്തൊക്കെ ആണെങ്കിലും അടുത്തൊന്നും OTT കള്‍ തീയേറ്ററുകളെ വിഴുങ്ങാല്‍ ഇടയില്ല.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.