Skip to main content

ബംഗ്‌ളാദേശ്, രാഷ്ട്രീയം, നാടകം

കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്‍ണ്‍ രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്‌കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.

 

ഭാഗം 7

കിഴക്കന്‍ ബംഗാള്‍ (ബംഗ്‌ളാദേശ്)

 

ബംഗ്‌ളാദേശിലെ ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച് പറയാമോ?

ദൈവമേ! ബംഗ്‌ളാദേശിലെ ചിത്രീകരണാനുഭവങ്ങളെക്കുറിച്ച് പറയണമെങ്കില്‍ ഞാനൊരു നയതന്ത്രജ്ഞനാകേണ്ടി വരും. അതില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ബന്ധമുണ്ട്. അതാകട്ടെ വല്ലാതെ വികാരവിക്ഷുബ്ധതയുള്ളതുമാണ്. അവരെക്കുറിച്ച് ഞാന്‍ മോശമായി എന്തെങ്കിലും പറഞ്ഞാല്‍ അതവരെ വേദനിപ്പിക്കും, ബന്ധം ഇപ്പോഴുള്ളതിനേക്കാള്‍ വഷളാകും. അതിനാല്‍ അതൊന്നും സംസാരിക്കണ്ട. ഞാന്‍ ബംഗ്‌ളാദേശിന്റെ നല്ല കാര്യങ്ങളെക്കുറിച്ച് പറയാം. അല്ലാതെ മോശം കാര്യങ്ങളല്ല. അവരുടെ യുവ നടീനടന്മാര്‍ അവിശ്വസനീയ പ്രതിഭകളാണ്. അവരുടെ ഓജസ്സും ഊര്‍ജ്ജവും വളരെ തീവ്രതയുള്ളതും. നിങ്ങള്‍ക്ക് വേണ്ടി അവര്‍ മരിക്കാന്‍ വരെ തയ്യാറാകും എന്ന മട്ടിലുള്ള ഓജസ്സും തീവ്രതയും. ടെക്‌നീഷ്യന്മാര്‍ നിങ്ങള്‍ക്ക് വേണ്ടി ഭ്രാന്തെടുത്ത് ജോലി ചെയ്യും. പൊതുവില്‍ പറഞ്ഞാല്‍ ബംഗ്‌ളാദേശികള്‍ വളരെ വൈകാരികതയുള്ളവരാണ്.

ഒരാളെ സ്വന്തമെന്നവര്‍ കരുതിയാല്‍ പിന്നെ അയാള്‍ക്ക് വേണ്ടി എന്തും ചെയ്യും. അതല്ല നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ പൂര്‍ണ്ണമായും തിരസ്‌കരിക്കുകയും ചെയ്യും. ഉപകരണങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല…അവസ്ഥ തീര്‍ത്തും മോശമാണ്. ആശയ്ക്ക് വകയില്ലാത്തത്. അവരുടെ കൈവശമുള്ള ചില ഉപകരണങ്ങള്‍ വളരെ മികച്ചവയാണ്. അത്തരത്തിലുള്ളവ നിങ്ങള്‍ക്ക് കല്‍ക്കട്ടയിലോ ബോംബെയിലോ പൂനയിലോ പോലും ലഭിക്കില്ല. എന്നാല്‍ അവയുടെ പരിപാലനം ഒട്ടും ശ്രദ്ധയില്ലാതെയാണു നടക്കുന്നത്. അതുകൊണ്ടു തന്നെ അവ തീര്‍ത്തും ഉപയോഗശൂന്യമാകുന്നു. അതല്ലെങ്കില്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗപ്രദമാക്കുക വളരെ ബുദ്ധിമുട്ടായിരിക്കുന്നു. ഞാനവിടെ ഒരു മെക്കാനിക്കായി….അല്ലാതെന്തു ചെയ്യും?

അത് അറിവില്ലായ്മകൊണ്ടാണോ അതോ ബോധപൂര്‍വ്വമോ?

പ്രാഥമികമായി അറിവില്ലായ്മ. പിന്നെ കോഴ ലഭിക്കാനാകുന്ന അവസരങ്ങളുണ്ടാക്കുക എന്ന ഒരു പ്രവണത… പൊതുവില്‍ അഴിമതി. കൂടാതെ പരിപൂര്‍ണ്ണ അലസതയും ശ്രദ്ധയില്ലായ്മയും. ഒരു ഉദാഹരണം പറയാം. ഒരു ദിവസം ചിത്രീകരണം ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയായിരുന്നു. ഞങ്ങള്‍ സെറ്റൊക്കെ തയ്യാറാക്കി. തുടങ്ങാന്‍ തയ്യാറായി. പെട്ടെന്ന് എന്റെ ക്യാമറക്കാരില്‍ ഒരാള്‍ ”ദാദ, ഈ ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. ഷട്ടര്‍ പ്‌ളേറ്റ് ചലിക്കുന്നില്ല. എന്താണു പറ്റിയതെന്ന് എനിക്ക് മനസിലാകുന്നില്ല” എന്ന് പറഞ്ഞു. ഞങ്ങളേയും ഈ സാധനസാമഗ്രികളുമെല്ലാം ഇവിടേക്കെത്തിക്കുന്നതിനു മുമ്പ് സ്റ്റുഡിയോയില്‍ വച്ച് ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അതിന്റെ സൂക്ഷിപ്പുകാരന്റെ, പരിപാലകന്റെ, ചുമതലയല്ലേ? സംഘം മുഴുക്കെ അവിടെയുണ്ട്. ഇത്രയധികം പണം ചിലവാക്കപ്പെടുന്നുണ്ട്. അതിനാല്‍ എനിക്കെന്തെങ്കിലും ചെയ്‌തേ മതിയാകൂ. ഞാന്‍ ക്യാമറ തുറന്നു. അതിനകത്തെ ഒരു പിന്‍ ചരിഞ്ഞിരിക്കുന്നു എന്നും അതാണ് ഷട്ടര്‍ പ്‌ളേറ്റിനു തടസ്സമായി നില്‍ക്കുന്നതെന്നും കണ്ടു. ഒരു വിധത്തില്‍ ഞാന്‍ ആ പിന്‍ ശരിയാക്കി. ചിത്രീകരണം ആരംഭിച്ചു. മരൊറ്റു ദിവസം ധാക്കയില്‍ നിന്ന് 30 നാഴിക ദൂരെ ചിത്രീകരണം ആരംഭിച്ചു. എനിക്ക് 180 ഡിഗ്രിയില്‍ ക്യാമറ വേണം. പക്ഷേ ക്യാമറ 120 ല്‍ വച്ചു നിന്നു. ചലിക്കാതായി. ഇതെല്ലാം വ്യത്യസ്തങ്ങളായ ക്യാമറകളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആരിഫ്‌ളെക്‌സ് ടൈപ്പ് ടുവിന് വ്യത്യസ്തങ്ങളായ ഷട്ടറുകളുണ്ട്. ചലിപ്പിക്കാവുന്നത്. ടൈപ്പ് വണ്ണിന്റേത് അങ്ങനെയല്ല. ഷട്ടറുകള്‍ സ്ഥിരമായുള്ളവയാണ്. ആ ക്യാമറക്കാരന്‍ എനിക്കരികിലെത്തി.

”എന്തെങ്കിലും മാറ്റം വരുത്താമോ ദാദാ? ഇത് 120 ഡിഗ്രിയില്‍ ഷട്ടര്‍ ഉറപ്പിച്ചിട്ടുള്ള ഒന്നാണ്.”

”നീ എന്താ തമാശപറയുകയാണോ” എന്നായി ഞാന്‍.

”ഇത് 2 ബിയാണ്. ഏറ്റവും മികച്ച ക്യാമറ.” ഞാനത് തുറന്നു.

അത് അകത്ത് ജാം ആയിരിക്കുന്നു. എനിക്കത് ശരിയാക്കേണ്ടി വന്നു. എന്നിട്ടേ ചിത്രീകരണം തുടര്‍ന്നുള്ളു. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍. പിന്നെ സൗണ്ട് സിസ്റ്റം. അത് ഭീകരമാണ് വളരെ മോശം. നിങ്ങളൊന്ന് സ്പര്‍ശിച്ചാല്‍ അത് പലതുണ്ടുകളായി വീഴും. അവര്‍ ഒന്നും ശ്രദ്ധിച്ച് പരിപാലിച്ചിട്ടില്ല. എന്നാല്‍ അവിടത്തെ ജനങ്ങള്‍ അതിവിശിഷ്ടരാണ്. ഇങ്ങനെയൊക്കെയാണ് ധാക്കയിലെ അവസ്ഥ.

മുക്തിജുദ്ധയെക്കുറിച്ച്* (*ബംഗ്‌ളാദേശ് വിമോചന യുദ്ധം) – സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെക്കുറിച്ച് – താങ്കളുടെ പ്രതികരണമെന്താണ്?

എനിക്കതില്‍ വലിയ ആവേശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേര്‍ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. ഞാന്‍ പ്രതീക്ഷിച്ചതിന്റെ നേര്‍ വിപരീതം. എന്റെയത്ര ബംഗ്‌ളാദേശുമായി ഇവിടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടാകും എന്ന് തോന്നുന്നില്ല. അതിനു പ്രധാന കാരണം അവരില്‍ പലരുമായും എനിക്ക് വലിയ അടുപ്പമുണ്ട് എന്നതാണ്. വ്യക്തിപരമായി അവരെ എനിക്ക് അടുത്തറിയാം.

ആ മുക്തിജുദ്ധക്കാരില്‍* (*സ്വാതന്ത്ര്യ സമരക്കാരില്‍) അധികമാളുകളും തെമ്മാടികളായിരിക്കുന്നു. ശരിയായ തെരുവുതെമ്മാടികള്‍. വീടുകളെല്ലാം സ്റ്റെന്‍ ഗണ്ണുകൊണ്ടും എല്‍ എം ജികള്‍ കൊണ്ടും കൈതോക്കുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അവരാകെ മാറി. കല്‍ക്കട്ടയിലെ വര്‍ത്തമാന പത്രങ്ങള്‍ ഈ കഥകളൊന്നും പ്രസിദ്ധീകരിക്കുകയില്ല. പക്ഷേ ഞാനവിടേക്ക് ഇടക്കിടെ പോകുന്നതാണ്. ഇതെല്ലാം എനിക്കറിയാം. എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന കുട്ടികളാണിങ്ങനെയായത്. അവര്‍ക്കിടയിലെ നല്ല ഘടകങ്ങള്‍ ഇപ്പോള്‍ നിരാശയിലാണ്…ഇതാണോ നമ്മുടെ സ്വാതന്ത്ര്യം, ഇതിനായാണോ നമ്മള്‍ പോരാടിയത്? മുപ്പത് ലക്ഷം പോരാളികള്‍ മരിച്ചത് ഇതിനുവേണ്ടിയാണോ? സ്വാതന്ത്ര സമരത്തിനിടയില്‍ അന്തരീക്ഷത്തില്‍ ആവേശവും ശുഭാപ്തിവിശ്വാസവും നിറഞ്ഞ് നിന്നു. അന്നവര്‍ പാക്കിസ്ഥാനി സേനയ്‌ക്കെതിരെ പോരാടുകയായിരുന്നു. ഞാനപ്പോള്‍ അവിടെയുണ്ട്. അതിന്റെ മദ്ധ്യത്തില്‍ നടന്ന് ചിത്രീകരിച്ചുകൊണ്ടിരുന്നു ഞാന്‍. ഇപ്പോഴും ഞാനവിടേക്ക് പോകാറുണ്ട്. ഈ രണ്ട് ഭാഗങ്ങളും എനിക്ക് കാണാനാകുന്നു. ഒരു ഭാഗത്ത് നിങ്ങള്‍ തെരുവുതമ്മാടികളേയും പോക്കിരികളേയും കാണുന്നു. മറുഭാഗത്ത് തികഞ്ഞ നിരാശയും വിഷണ്ണതയും.

താങ്കള്‍ ബംഗ്‌ളാദേശിലുണ്ടായിരുന്ന കാലങ്ങളിലാണ് ടിതാഷ് ചിത്രീകരിച്ചു പൂര്‍ത്തിയാക്കിയതെന്നത് യാദൃച്ഛികമായിരുന്നോ?

അല്ല. അതങ്ങനെ ആകസ്മികമായി സംഭവിച്ചതല്ല. ബംഗ്‌ളാദേശ് നദികളുടെ രാജ്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആ നദികളെക്കുറിച്ച് ആകെ രണ്ട് നല്ല ബംഗാളി നോവലുകളേ വന്നിട്ടുള്ളു. മാണിക് ബന്ധോപാധ്യായയുടെ പദ്മ നാദി മാജിയും അദ്വൈത മല്ലബര്‍മന്റെ ടിതാഷ് ഏക്തി നദീര്‍ നാമും. മാണിക്ബാബുവുന്റെ രചന വളരെ കൃത്യതയുള്ളതും മൂര്‍ച്ചയുള്ളതുമാണെന്നും നിങ്ങള്‍ക്കറിയാം. അതിനെക്കുറിച്ച് ആര്‍ക്കും ഒന്നും മറുത്ത് പറയാനുണ്ടാകില്ല. അത്രയ്ക്ക് ചുരുക്കിയാണദ്ദേഹം എഴുതുക. ഏതാനും വാക്കുകള്‍കൊണ്ട് അദ്ദേഹത്തിനു പലതും പ്രകടമാക്കാനാകുന്നു. എന്നാല്‍ മുക്കുവരേയും അവരുടെ ജീവിതത്തേയും അദ്ദേഹം ബാദ്രോലോക്* (*മദ്ധ്യവര്‍ഗ്ഗം) എന്ന വീക്ഷണകോണില്‍ നിന്നാണു കാണുന്നത്. അവരുടെ ജീവിതത്തിലേക്കതിനാല്‍ അദ്ദേഹത്തിന് ആഴത്തിലിറങ്ങാനാകുന്നില്ല. എന്തോ ചില പോരായ്മകള്‍. അദ്വൈത മല്ലബര്‍മന്‍ അതേ സമയം ഒരു മാലൊ ആണ്. മുക്കുവന്‍. ചിലയിടത്തൊക്കെ അദ്ദേഹം വാചോടപത കാണിക്കുന്നുണ്ട്. ചില വൃഥാസ്ഥൂലതകള്‍. പക്ഷേ അദ്ദേഹം അതിനകത്തുള്ളവനാണ്. അങ്ങനെയൊരു വീക്ഷണം നല്‍കാന്‍ അദ്ദേഹത്തിനാകുന്നുണ്ട്. അദ്ദേഹത്തിന്റെ വീട് ഗോകര്‍ണ എന്ന ഗ്രാമത്തിലാണ്. അവിടെ വച്ചു തന്നെയാണത് ഞാന്‍ ചിത്രീകരിച്ചതും. ആ ഗ്രാമത്തില്‍ നിന്ന് ബിരുദമെടുത്ത ഏക വ്യക്തിയാണദ്ദേഹം. അതായത് മാലൊ വിഭാഗക്കാര്‍ക്കിടയില്‍ നിന്ന്.

Titas Ekti Nadir Naam

അതുകൊണ്ടു തന്നെ അദ്ദേഹം സന്തോഷങ്ങളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും എഴുതുന്നു. അവരുടെ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ മറ്റൊരു തലത്തിലേക്കെത്തുന്നു. അതൊക്കെ നന്നായി എഡിറ്റ് ചെയ്യേണ്ട ആവശ്യം വന്നു. അത് കൈകാര്യം ചെയ്യാന്‍ എനിക്കായി എന്ന് തോന്നുന്നു. ഉറപ്പില്ല. ടിതാഷ് ആദ്യം വായിച്ചപ്പോള്‍ തന്നെ എന്നെ സ്പര്‍ശിച്ചു. അത് പ്രസിദ്ധീകരിച്ച കാലങ്ങളില്‍ തന്നെയാണ് അദ്വൈത ക്ഷയം ബാധിച്ചു മരിക്കുന്നതും. അന്നു മുതല്‍ അതിനെ ഒരു സിനിമയാക്കണമെന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. പക്ഷേ അയൂബ് ഖാന്റെ ഭരണ കാലത്ത് എനിക്ക് ബംഗ്‌ളാദേശിലേക്ക് പ്രവേശിക്കാനാകില്ലായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ എനിക്ക് വിസ ലഭിക്കില്ലായിരുന്നു. അതേ സമയം ഈ സിനിമ പശ്ചിമ ബംഗാളില്‍ വച്ചു തന്നെ ചിത്രീകരിച്ചുകൂടേ എന്ന് പലരും ചോദിക്കുകയുണ്ടായി. അതെനിക്ക് സ്വീകാര്യമല്ലായിരുന്നു. ആ നദി, ഭൂമി, വള്ളം, മുഖങ്ങള്‍…അതൊന്നും അതിര്‍ത്തിയുടെ ഈ ഭാഗത്ത് നിങ്ങള്‍ക്ക് ലഭിക്കില്ല. അതിനാല്‍ ടിതാഷിനെക്കുറിച്ചുള്ള ചിന്തകളുമായി ദീര്‍ഘകാലം കഴിഞ്ഞു. എന്റെ സഹോദരി, ഇരട്ട, ഇപ്പോള്‍ കൂമില്ലയിലാണു താമസിക്കുന്നത്. 1972 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി രാജ്യത്തിന്റെ അതിഥി എന്ന നിലയില്‍ ഞാന്‍ ബംഗ്‌ളാദേശിലെത്തി. സത്യജിത് റെയും എനിക്കൊപ്പമുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ഒരു സാംസ്‌കാരിക പരിപാടി കഴിഞ്ഞ് എന്റെ സഹോദരിയെ കാണാന്‍ ചെന്നു. ഒരു മുസ്‌ളീം യുവാവ് എനിക്കരികിലപ്പോഴെത്തി. എന്തുകൊണ്ടാണ് ഞാന്‍ ടിതാഷ് ചിത്രീകരിക്കാത്തതെന്ന് അയാള്‍ ചോദിച്ചു. അവിടെ, ആ നിമിഷത്തില്‍ വച്ച് ഞാന്‍ തീരുമാനവുമെടുത്തു. അതിനാല്‍ തന്നെ അത് ആകസ്മികതയല്ല. അതിനെക്കുറിച്ച് വളരെക്കാലം ഞാന്‍ ചിന്തിക്കുകയുണ്ടായി. അവസരം വന്നപ്പോള്‍ ഉപയോഗപ്പെടുത്തി.

 

ഭാഗം 8: രാഷ്ട്രീയ ഭൂതകാല, ഐ പി ടി എ

ഇനി ഞാന്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചോട്ടെ. എപ്പോള്‍ മുതലാണ് മാര്‍ക്‌സിസവും രാഷ്ട്രീയവും താങ്കളെ ആകര്‍ഷിച്ചു തുടങ്ങിയത്?

ബിരുദത്തിന്റെ ആദ്യവര്‍ഷത്തില്‍ എനിക്ക് ആര്‍ എസ് പിയോട് താത്പര്യം തോന്നിത്തുടങ്ങി. അതിനെ തുടര്‍ന്ന് ഐ പി ടി എ എന്നെ സ്വാധീനിച്ചു. ഈ രണ്ടും എന്നെക്കൊണ്ട് മാര്‍ക്‌സിസം പഠിപ്പിക്കുന്നതിലേക്ക് നയിച്ചു. മാര്‍ക്‌സിസ്റ്റ് സാഹിത്യം പഠിക്കുകയും അതിനെക്കുറിച്ചെഴുതുകയും ചെയ്യുക എന്നത് നാടകാഭിനയങ്ങള്‍ക്കൊപ്പം മുന്നോട്ട് നീങ്ങി. 1944-45 കാലങ്ങളിലാകണം ഏകദേശം അത്. കൃത്യമായ തിയതികളൊന്നും ഇപ്പോള്‍ ഓര്‍മ്മയിലില്ല.

അതായത് അന്നുമുതലേ ഐ പി ടി എയുടെ ഭാഗമായിരുന്നു എന്നാണോ?

അതെ. അന്നു മുതല്‍ ഐ പി ടി എയുമായി ബന്ധമുണ്ട്.

എന്നു മുതലാണതിന്റെ മാനേജിങ്ങ് കമ്മറ്റിയുടെ ഭാഗമായത്?

1948 ലായിരുന്നു അത്. 1948 ല്‍ സെക്രട്ടറിയായി. 1953 ല്‍ വിട്ടുപോന്നു.

അത് പാര്‍ട്ടി നിരോധിക്കപ്പെടുന്നതിനും മുമ്പായിരുന്നോ?

അതെ. നിരോധിക്കപ്പെടുന്നതിനു തൊട്ടു മുമ്പ്.

ഐ പി ടി എ കാലങ്ങളില്‍ താങ്കളുടെ ഏതൊക്കെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു, ആരൊക്കെയായിരുന്നു സംവിധായകര്‍?

എല്ലാതിന്റേയും സംവിധാനം ഞാന്‍ തന്നെയയൈരുന്നു. ജ്വാല, ദലീല്‍ – ദലീലായിരുന്നു ആദ്യം – ഓഫീസര്‍, ഭംഗ ബന്ദര്‍ എന്നീ നാലെണ്ണമേ ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നുള്ളു.

സ്‌നാകോ?

ഓ..ശരി തന്നെ. സ്‌നാകൊയും… പിന്നെയും ചിലതുണ്ട്. ഓര്‍മ്മവരുന്നില്ല.

ജ്വാല, ദലീല്‍ എന്നിവയെഴുതാന്‍ തക്കവിധത്തില്‍ താങ്കളെ സ്പര്‍ശിച്ചതെന്തെന്ന് പറയാനാഗ്രഹിക്കുന്നോ?

ദലീലോ? രാജ്ശാഹിയില്‍ നിന്ന് ഞാന്‍ കല്‍ക്കട്ടയിലെത്തുന്നത് 1948 ലാണ്. അതിലേക്കൊന്നും നമുക്ക് പോകണ്ട…..കാര്യമെന്തെന്നാല്‍ കല്‍ക്കട്ടയിലെത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി എന്നതാണ്. അമ്മയെ ഒപ്പം കൊണ്ടുവന്നു. കല്‍ക്കട്ടയില്‍ വച്ച് ഞാന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആ വാക്കു തന്നെ എനിക്ക് സഹിക്കാനാകുന്നില്ല. അഭയര്‍ത്ഥി എന്ന് കേള്‍ക്കുമ്പോഴേ ഞാനാകെ ഞെളിപിരി കൊള്ളുന്നു. അഭയാര്‍ത്ഥി. ആശ്രയമന്വേഷിക്കുന്നവന്‍. എന്തായാലും ഞാന്‍ ദലീല്‍ എഴുതി. അന്ന് ഞാന്‍ ഐ പി ടി എയുടെ സെക്രട്ടറിയായിരുന്നു. സെന്‍ട്രല്‍ സ്‌ക്വാഡിന്റെ സംവിധായകനും. നാടകങ്ങള്‍ എഴുതുക, അവ സംവിധാനം ചെയ്യുക, അഭിനയിക്കുക എന്നതൊക്കെ അന്നെനിക്ക് പൂര്‍ണ്ണ സമയ ജോലിയായിരുന്നു. ഒരു ദിവസം പി. സി. ജോഷി എനിക്കൊരു കത്തെഴുതി. അന്നദ്ദേഹം അലഹാബാദിലാണ്. അന്നൊക്കെ ഞാന്‍ എന്റെ സഹോദരനൊപ്പമാണു താമസം. ഹരീഷ് മുഖര്‍ജി തെരുവില്‍. 1951 ലാണത്. ”ഇന്ത്യന്‍ വെ” എന്നൊരു വര്‍ത്തമാന പത്രത്തിന്റെ പത്രാധിപരായിരുന്നു പി. സി. ജോഷി അക്കാലത്ത്. അത് നിങ്ങള്‍ക്കറിയാമായിരിക്കും. അദ്ദേഹം സി പി ഐയുടെ സെക്രട്ടറിയുമായിരുന്നു. പിന്നീടാണ് ബി. ടി. രണദിവെ അദ്ദേഹത്തെ പുറത്താക്കുന്നതും എനിക്കും എന്റെ ഭാര്യയ്ക്കും കാര്യങ്ങളെല്ലാം മോശമാകുന്നതും. അതൊക്കെ പോകട്ടെ….നശിക്കട്ടെ…അതെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇക്കാലത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയിയല്ല. അവര്‍ക്കത് മനസിലാകുകയുമില്ല. എന്തായാലും ആ കത്തില്‍ പി.സി. ജോഷി എന്നോട് ബംഗാളിന്റെ ചുമതല ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു. അതായത് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചുമതല. അക്കാലത്ത് കല്‍ക്കട്ടയില്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വല്ലാതെ വര്‍ദ്ധിച്ചിരുന്നു. ഞാനതിനെ ”കല്‍ക്കട്ടയിലെ ആത്മഹത്യാ തിരമാലകള്‍” എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയൊന്ന് ആത്മഹത്യകളെക്കുറിച്ച്. അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ആ ആത്മഹത്യകളും പ്രസിദ്ധമായി. എന്നാല്‍ മാധ്യമപ്രവര്‍ത്തനം എന്നെ സംതൃപ്തനാക്കിയില്ല. അതില്‍ എനിക്കെന്റെ കോപവും നിരാശയും കരുത്തോടെ പ്രകടിപ്പിക്കാനകില്ല…ഞാനപ്പോഴും സിനിമകളിലേക്കെത്തിയിട്ടില്ല. അങ്ങനെയിരിക്കെ എന്റെ ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഞാന്‍ ആറു കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു. ജ്വാല എന്നൊരു നാടകമെഴുതി. അതൊരു ഡോക്യുമെന്ററിയാണ്. ഞാന്‍ ആ നാടകമെഴുതി അതില്‍ അഭിനയിക്കുകയും ചെയ്തു. വാഗ്ദാനം നല്‍കിയിരുന്ന ഒരു പറ്റം യുവതീ യുവാക്കള്‍ക്കൊപ്പമായിരുന്നു അത്. അത് അക്കാലത്തെ കല്‍ക്കട്ടയെക്കുറിച്ചാണ്…. ഇന്ന് കാര്യങ്ങള്‍ പിന്നെയും ഭീകരമായിരിക്കുന്നു. ശരിക്കും ഒരു പേക്കിനാവായിരിക്കുന്നു. അക്കാലത്തൊരു പക്ഷേ ഇത് ഇതിലും മികച്ച നഗരമായിരുന്നു, മിക്കവാറും.

ജ്വാലയില്‍ ഒപ്പം അഭിനയിച്ചതാരൊക്കെയാണ്?

കാളി ബാനര്‍ജി, ഗീത ദെ, മംതാജ്, പിന്നെ മമത എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു…

ചതോപാധ്യായയാണോ?

അതെ. പിന്നെയും ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പിന്നെ ഗ്യാനേഷ് തുടങ്ങിയവരും.

ബിജന്‍ബാബു അന്നതിന്റെ ഭാഗമായിരുന്നില്ലേ?

ഇല്ല. അദ്ദേഹമുണ്ടായിരുന്നില്ല. നമ്മള്‍ 1951-52 കാലങ്ങളെക്കുറിച്ചാണു സംസാരിക്കുന്നത്. അതിനു ശേഷം കുറച്ചു കാലം ഞാന്‍ അഭിനയിച്ചില്ല. കുറേക്കാലത്തിനു ശേഷം ഒരു ദിവസം, ഇന്ന് ആകാശവാണിയുടെ ഡിരക്ടര്‍ ജനറല്‍ ആയ, ടിനി ചാറ്റര്‍ജി എന്നെ പിടികൂടി. അദ്ദേഹത്തിനു വേണ്ടി ഞാന്‍ ജ്വാല സംവിധാനം ചെയ്തു. എന്നാല്‍ അതില്‍ എന്റെ സ്വരമില്ലായിരുന്നു. പിന്നെ എന്റെ അനന്തിരവന്‍ ഫല്‍ഗുവാണത് ഹിന്ദിയില്‍ ചെയ്തത്. പട്‌ന ആകാശവാണിയ്ക്ക്. അടുത്തയിടെ രബീന്ദ്ര അവാഡ് ലഭിച്ച ഫനീശ്വര്‍ രേണുവാണത് വിവര്‍ത്തനം ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ ബംഗാളിയാണ്. മുംഗറില്‍ നിന്നാണയാള്‍. അതിനാല്‍ മിക്കവാറും ബംഗാളി. അയാള്‍ക്ക് ബംഗാളി ഭാഷ നന്നായി അറിയാം. ഫനീശ്വറും എന്റെ അനന്തിരവനും അയല്‍ക്കാരാണ്. അവര്‍ക്ക് ഒരു നാടക സംഘമുണ്ട്. ആ വിവര്‍ത്തനം പിന്നെ ദല്‍ഹി ആകാശവാണിയും പ്രക്ഷേപണം ചെയ്തു. അതെന്തോ ആകട്ടെ…നമുക്കതിനെക്കുറിച്ചൊന്നും സംസാരിക്കണ്ട. ഇന്ന് അതൊക്കെ എല്ലാവര്‍ക്കും സ്വീകാര്യമാണ്, പക്ഷേ അന്നങ്ങനെയായിരുന്നില്ല. അംഗീകരിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് കാര്യങ്ങള്‍ കുറേക്കൂടി…

ജ്വാലയ്ക്ക് വളരെ മുമ്പ്, തൃഷ്ണ ചെയ്യണം എന്ന് ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു?

എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കല്ലേ സുഹൃത്തേ. ഞാന്‍ മദ്യപിച്ചിരിക്കുകയാണ്. കുറച്ചുകൂടി മദ്യപിച്ചോട്ടെ.

എന്തുകൊണ്ടാണിനിയും നാടകമെഴുതാത്തത്?

എഴുതണമെന്ന് തോന്നാത്തതിനാല്‍. എഴുതാന്‍ ഉദ്ദേശവുമില്ല.

ശരി. ഐ പി ടി എയില്‍ നിന്ന് സ്വമേധയാ വിട്ടുപോന്നതായിരുന്നോ?

അതെ. തീര്‍ച്ചയായും.

ഇന്ന് ഐ പി ടി എ പോലെയുള്ള സംഘടനകളുടെ ആവശ്യം വളരെ ശക്തമായി തോന്നിപ്പിക്കുന്നുണ്ട്. ഐ പി ടി എ ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരുടെ ഒരു സംഘമായിരുന്നു. ഇന്ന് അങ്ങനെയൊന്ന് ആവശ്യമുണ്ടെങ്കിലും അതുയര്‍ന്ന് വരുന്നില്ല…

ഞാനെന്തു പറയാനാ? ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിനു തുടക്കമുണ്ടായപ്പോള്‍ പി ഡബ്‌ള്യു എ (പ്രോഗസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍) എന്ന പേരില്‍ ശക്തമായ ഒരു സംഘമുണ്ടായിരുന്നു. പി ഡബ്‌ള്യു എയുടെ അനുഗ്രഹത്തോടെയാണ് ഐ പി ടി എയുടെ പിറവി. ഒരേ വിലാസമാണീ രണ്ടു സംഘടനകളും പങ്കിട്ടിരുന്നത്. 49, ധര്‍മതല തെരുവ്. ഞങ്ങള്‍ രണ്ടിലും അംഗങ്ങളായി. ഒന്നിച്ച് പ്രവര്‍ത്തിച്ചു. അക്കാലത്ത് അങ്ങനെ ചെയ്യുക എന്നത് ഞങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായിരുന്നു. ഇന്നും അത്തരം സംഘടനകള്‍ ആവശ്യമാണെന്നതിനോട് യോജിക്കുന്നു. അങ്ങനെ എനിക്ക് ശക്തമായ തോന്നലുണ്ടാകാന്‍ കാരണം ഇന്നെനിക്ക് ദല്‍ഹിയുമായി ബന്ധമുള്ളതുകൊണ്ടും അവിടത്തെ അധികാരഘടന ഫാസിസ്റ്റ് രീതികളില്‍ രൂപപ്പെടുന്നതായി കാണപ്പെടുന്നതുകൊണ്ടുമാണ്. എന്നാല്‍ ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയെന്തെന്ന് എനിക്കറിയില്ല. അവര്‍ എത്ര തത്ത്വദീക്ഷയുള്ളവരാണെന്നും അറിയില്ല. ഇന്നും അതുപോലെയുള്ള യുവതീയുവാക്കളുണ്ടെങ്കില്‍ സമാനമായ വിധത്തില്‍ അവരെന്തെങ്കിലും ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രത്യേകിച്ചും നിങ്ങള്‍ സി ഐ എ മുതലായവ ദല്‍ഹിയില്‍ ഇക്കാലത്തെന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കില്‍. ഞാന്‍ പേരുകളൊന്നും എടുത്തുപയോഗിക്കുന്നില്ല. ഇതിലൊക്കെ ഉള്‍പ്പെട്ടിരിക്കുന്ന ചില പ്രമുഖരുണ്ട്. കരുത്തുള്ളവര്‍. എനിക്കവരെയൊക്കെ അറിയാം. അതിനാല്‍ അത്തരം പ്രസ്ഥാനങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ നക്‌സലൈറ്റുകളല്ലാതെയുള്ള ഇന്നത്തെ യുവാക്കളൊന്നും ഇതില്‍ അധികം ശ്രദ്ധിക്കുന്നില്ല.

താങ്കള്‍ അവരോട് വല്ലാതെ അനുകമ്പ കാണിക്കുകയല്ലേ?

ആരോട്?

നക്‌സലൈറ്റുകളോട്?

അങ്ങനെ അനുകമ്പ കാണിക്കാതിരിക്കാന്‍ എനിക്കാകില്ല.

അത് ക്രമവിരുദ്ധമാണോ?

അല്ല. എന്തുകൊണ്ടങ്ങനെയാകണം. അവരുടെ രാഷ്ട്രീയത്തിനോട് എനിക്കൊട്ടും യോജിപ്പില്ല. രാഷ്ട്രീയത്തിനോടും, അഭിപ്രായങ്ങളോടും, പ്രത്യയശാസ്ത്രത്തിനോടും. പക്ഷേ അവരുടെ സത്യസന്ധത? അതിനെ ബഹുമാനിക്കാതിരിക്കാന്‍ എനിക്കാകില്ല. മറ്റൊന്നും ഞാന്‍ കാണുന്നില്ല. ഈ യുവതീയുവാക്കള്‍ പൂര്‍ണ്ണമായും വഴിതെറ്റിക്കപ്പെട്ടവരാണെന്നതിനോട് ഞാന്‍ യോജിക്കുന്നു. അത് ഞാന്‍ എന്റെ സിനിമകളില്‍ കാണിച്ചിട്ടുമുണ്ട്. പക്ഷേ അവരുടെ സ്വഭാവദാര്‍ഢ്യത്തിനു സമാന്തരങ്ങളില്ല. അവര്‍ അവര്‍ക്കായി ഒന്നും ആവശ്യപ്പെടുന്നില്ല. അതിനെ ഞാന്‍ ബഹുമാനിക്കണ്ടേ? വേണം. തീര്‍ച്ചയായും വേണം.

***

(തുടരും)


വിവര്‍ത്തനം : സുരേഷ് എം.ജി.

No Comments yet!

Your Email address will not be published.