Skip to main content

സിറാത് – ദൃശ്യ ശ്രവ്യതയിലൂടെ മരണത്തെ കൂടെ നടത്തുന്ന സിനിമ

വിശാലമായ ഒരു ഭൂപ്രദേശത്ത് അനേകം ഭീമാകാരമായ സൗണ്ട് ബോക്സുകൾ നിറച്ച് കൊണ്ട് ലഹരിയുടെ മാസ്മരികമായ ഒരു ക്ലൈമാക്സിൽ സംഗീതം ആസ്വദിക്കുന്ന നോമാഡിക് എന്ന് തോന്നിപ്പിക്കുന്ന ഹിപ്പികൾ പോലെയുള്ള ഒരു കൂട്ടം മനുഷ്യരുടെ ആഘോഷങ്ങളിലൂടെയാണ് സിറാത് എന്ന സിനിമ തുടങ്ങുന്നത് തന്നെ. ആ ലഹരിയുടെ മാസ്മരികമായ ആനന്ദത്തിലും സംഗീതത്തിലും ആഹ്ലാദത്തിലും ഒക്കെ അനുഭവിക്കാൻ കഴിയുന്നത് മരണത്തിന്റെ കൂടെയുള്ള ലഹരിയാണ്. ശബ്ദം കൊണ്ട് നമ്മളുടെ ആറാം ഇന്ദ്രിയങ്ങൾക്കപ്പുറത്തേക്കുള്ള വേറെ ഒരു ലോകത്തിലേക്ക് ഈ സിനിമ കൊണ്ട് പോകും. ഒരു സൌണ്ട് ബോക്സിന്റെ ഹോളിന്റെ ഗുഹ്യത പോലും നമ്മൾക്കു മരണത്തിനെ ഫീൽ ചെയ്യിക്കും.

ഒരു അച്ഛനും തന്റെ മകനോടൊപ്പം തനിക്ക് നഷ്ടപ്പെട്ട മകളെ അന്വേഷിച്ച് ഈ സംഘത്തോടൊപ്പം കൂടുന്നതോടെയാണ് ഈ സിനിമ തുടങ്ങുന്നത്. പിന്നെ നോമാഡിക് ആയ ഒരു യാത്രയാണ് അയാളും മകനും തുടങ്ങുന്നത്. ലോകസിനിമയിൽ അടുത്ത കാലത്തൊന്നും കത്തുന്ന ഭൂമിയെ/പ്രകൃതിയെ ഇത്ര ഗംഭീരമായി വിഷ്വലൈസ് ചെയ്ത ഇത്രയും വൈൽഡ് ആയ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നും തന്നെ പറയാം.
മരുഭൂമിയിലൂടെയും മറ്റുമുള്ള അവരുടെ വാഹനങ്ങൾ ഓരോ ദിക്കുകൾ താണ്ടുമ്പോൾ ഭൂമി എന്ന ഓരോ മനുഷ്യന്റെയും വിഷ്വലൈസേഷനിൽ വലിയ ഇടർച്ചകളും തകർച്ചകളും രൂപപ്പെടുത്തിക്കൊണ്ടാണ് ഈ സിനിമ രൂപപ്പെടുന്നത്. ടോണി വൈൽക്ലിഫിന്റെ ട്രാവൽ മൂവികളിൽ നിന്ന് വ്യത്യസ്തമായി ഭൂമി, വാഹനങ്ങളുടെ ശബ്ദങ്ങൾ, അതുപോലെ സിനിമയുടെ സൗണ്ട് ഡിസൈനിങ്ങ് അടക്കം നമ്മളെ തത്ത്വചിന്തയുടെ പോലും വേറെ ഏതോ ഒരു ടെറെയ്‌നിലേക്ക് ഈ സിനിമ കൊണ്ടെത്തിക്കും.

നമ്മൾ അപരമായി പലപ്പോഴും അപ്പുറത്തേക്ക് മാറ്റി വെക്കുന്ന മരണം ഈ സിനിമയിൽ ഞാണിൻമേൽ കളി പോലെ നമ്മോടൊപ്പം സഞ്ചരിക്കും. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ഫീൽ ചെയ്തത് ഈ സിനിമയുടെ ബി.ജി.എം. വഴിയുടെയും സൗണ്ട് ഡിസൈനിങ്ങ് വഴിയുടെയും ആണ്. അതിന്റെ ഓരോ സൗണ്ട് പാറ്റേണുകളും നമ്മളുടെ ചെവിയിൽ മരണത്തിന്റെ വണ്ടുകൾ മൂളിപ്പിക്കും. ഈ സിനിമയുടെ കാഴ്ചയിൽ മുഴുവൻ മരണം ഒരു ലഹരിയായി നമ്മുടെ കൂടെ ഇങ്ങനെ കൂടും. ഇതിലെ യാത്രക്കാർ ഓരോ കാൽച്ചുവട് വെക്കുമ്പോഴുള്ള കുഴിബോംബുകളിൽ മാത്രം അല്ല, ഈ സിനിമയുടെ ഭൂമിയുടെ വിശാല ദൃശ്യങ്ങളിൽ, മരുഭൂമിയിൽ, മഞ്ഞ നിറത്തിൽ, ശബ്ദത്തിൽ എല്ലാം മരണമാണ് നമ്മുടെ കൂടെ ഫ്ലാഷ്‌മോബ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ വർഷം കാൻസിൽ ജൂറി പുരസ്കാരം നേടിയ സിറാത് എന്ന സിനിമ ഈ മാധ്യമത്തിന്റെ ദൃശ്യവ്യാകരണത്തിലും ചിന്തകളിലും അട്ടിമറി നടത്തുന്ന ഒരു സൃഷ്ടിയാണ്. മരണവും ജീവിതവുമായുള്ള അതി ഭീകരമായ ഞാണിൻമേൽ കളി. ശരിക്കും പറഞ്ഞാൽ ഈ സിനിമ എനിക്ക് ഒരു ഷോക്കിങ് വിഷ്വൽ ആന്റ് സൌണ്ട് മെറ്റീരിയല്‍
ആണ്. അപാരമായ ട്രിപ്പ് ആണ് ഈ സിനിമ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.