Skip to main content

ടാഗോര്‍, സംഗീതം, ഫിലിം സൊസൈറ്റി

കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്‍ണ്‍ രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്‌കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.


വിവര്‍ത്തനം : സുരേഷ് എം.ജി.

 

ഭാഗം 10

ശാന്തിനികേതനം, ദേശീയ സ്വബോധത്തില്‍ രബീന്ദ്ര നാഥ്

ശാന്തിനികേതനത്തിലെ താങ്കളുടെ അനുഭവങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട്.

ശാന്തിനികേതനത്തിലെ എന്റെ ഏറ്റവും പ്രധാനവും എന്നും ഓര്‍മ്മയിലുണ്ടാകുന്നതുമായ അനുഭവങ്ങള്‍ രാംകിങ്കര്‍ ബായ്ജിയുമായി ബന്ധപ്പെട്ടവയാണ്. ഞങ്ങളുടെ ചട്ടമ്പിത്തരങ്ങളെക്കുറിച്ചും മദ്യപാന സാഹസങ്ങളെക്കുറിച്ചും അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ നിന്ന് പലപ്പോഴും കഷ്ടിച്ച് രക്ഷപ്പെടാറുള്ളതിനെക്കുറിച്ചുമൊക്കെ എഴുതാന്‍ താങ്കള്‍ താത്പര്യപ്പെടുന്നുണ്ടാകില്ലല്ലോ.

Shantiniketan

രബീന്ദ്ര നാഥുമായി വ്യക്തിബന്ധങ്ങളൊന്നുമുണ്ടായില്ലേ?

പ്രഭാതത്തില്‍ അമ്രകുഞ്ജ് സന്ദര്‍ശിക്കാന്‍ രബീന്ദ്ര നാഥ് എത്താറുണ്ട്. പ്രഭാതത്തിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അതിശയനീയമായിരുന്നു. എന്തുകൊണ്ടാണവ ഇതുവരെ പ്രസിദ്ധീകരിക്കാത്തതെന്ന് എനിക്കറിയില്ല. അതുപോലെ തന്നെ വശ്യമായ അദ്ദേഹത്തിന്റെ പെരുമാറ്റവും കാന്തികശക്തിയുള്ള സാന്നിദ്ധ്യവും. അതിലുപരി എനിക്കൊന്നും പറയാനാകില്ല.

അദ്ദേഹത്തിന്റെ ശവസംസ്‌കാര ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നോ?

അദ്ദേഹം അന്തരിച്ചയന്ന് ഞാന്‍ ബകുല്‍ബഗനിലെ ഞങ്ങളുടെ വീട്ടിലായിരുന്നു. അവിടെ ബെല്‍താല ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു എന്റെ സഹോദരി. അവിടെ വച്ചാണദ്ദേഹം അന്തരിച്ച വാര്‍ത്ത കേട്ടത്. ഉടന്‍ തന്നെ ഞാന്‍ മടങ്ങി. പക്ഷേ അപ്പോഴേക്കും അവിടെ വലിയ ജനത്തിരക്കായി. ഞാന്‍ അവര്‍ക്ക് പുറകില്‍ നടന്നു. ആ ദൂരമത്രയും നടന്നു.

The day Rabindranath became Immortal

ദേശീയ തലത്തില്‍ നമ്മുടെ ചിന്തകളില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമുള്ളതിനെക്കുറിച്ച് ഇപ്പോള്‍ എന്തു തോന്നുന്നു? അദ്ദേഹത്തില്‍ നിന്ന് ഇപ്പോഴും പുരോഗമന ജനാധിപത്യ സംസ്‌കാരത്തിനെന്തു നേടിയെടുക്കാനാകും.

എല്ലാം. ഞങ്ങളുടെ ഒരു സഖാവ്, പേരൊന്നും ഞാന്‍ പറയുന്നില്ല, രബീന്ദ്ര നാഥിനെ ആക്ഷേപിച്ചതും ഒരു മാര്‍ക്‌സിസ്റ്റ് മാസികയില്‍ രബീന്ദ്ര ഗുപ്ത എന്ന പേരില്‍ അപമാനിച്ചതും താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. രണദിവെയുടെ കാലത്താണതു സംഭവിച്ചത്. ഞങ്ങളോടെല്ലാം അദ്ദേഹത്തെ (ടാഗോറിനെ) വായിക്കരുത് എന്നാവശ്യപ്പെട്ടു. മോശം പേരുകളില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചു. ബൂര്‍ഷ്വാ എന്നൊക്കെ ചേര്‍ത്ത് അരോചകമായി. അക്കാലത്ത് ഞാന്‍ ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന ഇള എന്ന ഒരു കുട്ടിയെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ശോഭ സെന്നിന്റെ സഹോദരിയാണവര്‍. ഞാനൊരിക്കല്‍ `രബീന്ദ്ര ഗുപ്ത` എന്ന് പരാമര്‍ശിച്ചതും അവര്‍ വല്ലാതെ കോപാകുലയായി. ഭ്രാന്തുപിടിച്ചതുപോലെയായി. രബീന്ദ്ര നാഥ് ഞങ്ങളുടെ രക്തത്തിലുണ്ട്. അദ്ദേഹമില്ലാതെ ഞങ്ങള്‍ എവിടേക്കും പോകില്ല, പോകാറില്ല. നിങ്ങള്‍ കലയുടെ ഏത് വിഭാഗത്തെയാണു പരാമര്‍ശിക്കുന്നതെങ്കിലും അദ്ദേഹം അവിടെയുണ്ട്. ആ പെണ്‍കുട്ടി എങ്ങനെ പ്രതികരിച്ചു എന്നൊന്ന് കാണൂ. അദ്ദേഹമില്ലാതെ ബംഗാളികള്‍ക്ക് ജീവിക്കാനാകില്ല. ഇതൊന്നും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതേയില്ല. ഏതൊരു ബംഗാളി കലാകാരനും, ഏതൊരു കലാകാരനും….അദ്ദേഹം വളരെ പ്രാധാന്യമുള്ളതാണ്.

എന്നാല്‍ പല തലത്തിലും അദ്ദേഹത്തെ പൂര്‍ണ്ണമായും നിരാകരിക്കാനുള്ള പ്രവണതയുണ്ട് എന്ന് താങ്കള്‍ സമ്മതിക്കില്ലേ? അതുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ കാണിക്കാനാകുമോ..?

ധാരാളം കാണിക്കാനാകും. ഇതാ ഇവിടെ വച്ചു തന്നെ. അദ്ദേഹത്തിന്റെ പുസ്തകങ്ങാളൊന്നും എന്റെ കൈവശമില്ല. പുസ്തകങ്ങളുടെ ആവശ്യവും എനിക്കില്ല. എന്നാല്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് രബീന്ദ്ര നാഥിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടി വരിക എന്നത് വളരെ ലജ്ജാവഹമാണ്. അവമതിക്കുന്നതിനു തുല്യവുമാണ്. രബീന്ദ്ര നാഥ് രബീന്ദ്ര നാഥാണ്… ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ സമാന മഹത്വമുള്ള മൂന്നോ നാലോ കലാകാരന്മാരുണ്ടായിട്ടുണ്ടാകാം. അദ്ദേഹം മരണത്തിനു തൊട്ടുമുമ്പെഴുതിയ സഭ്യതാര്‍ സങ്കട് വായിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തെമ്മാടികള്‍ നിലവാരമില്ലാത്തവരാണ്. വിലകെട്ടവരാണ്. എന്റെ അവസാനം വരെ മനസ്സില്‍ കൊത്തിവച്ചതുപോലെ നിലനില്‍ക്കുന്ന ഒരു വാക്യമുണ്ട്. `മാനവികതയില്‍ വിശ്വാസം നഷ്ടപ്പെടുക എന്നതൊരു പാപമാണ്` എന്നാണത്. അതുകൊണ്ടു തന്നെ എനിക്കതൊരിക്കലും നഷ്ടപ്പെടുകയുമില്ല. വിശ്വാസം നഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. പക്ഷേ അങ്ങനെ അതു നഷ്ടപ്പെടുത്തുന്നതൊരു കുറ്റകൃത്യമാകും എന്നതിനാല്‍ ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല എന്ന്. `സംസ്‌കാരത്തിലെ പ്രതിസന്ധി` ഒരു ഇംഗ്‌ളീഷ് വിവര്‍ത്തനവുമുണ്ട്. അതു വായിക്കൂ. അതല്ലാതെ ഞാന്‍ എന്തു പറയാനാ? രബീന്ദ്രനാഥ് ഒരു സാഗരമാണ്. അദ്ദേഹത്തെ ഏതാനും വാക്കുകളിലേക്ക് ഒതുക്കാനാകില്ല. അതിനാല്‍ ഏതെങ്കിലും നികൃഷ്ടന്‍ അദ്ദേഹത്തെ അപമാനിക്കുന്നതു കണ്ടാല്‍ എനിക്കു വേണ്ടി താങ്കള്‍ അയാളോട് ഞാനയാളെ തല്ലി പരിപ്പെടുക്കും എന്നൊന്ന് പറഞ്ഞേക്കൂ.

ഭാഗം 11: ശാസ്ത്രീയ സംഗീതം

താങ്കളെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ശാസ്ത്രീയ സംഗീതജ്ഞന്‍ ആരാണ്? അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കഥകളും പങ്കുവയ്ക്കാമോ?

എന്നെ സംഗീതത്തിലേക്ക് കൈപിടിച്ചെത്തിച്ച, സരോദ് വായന പഠിപ്പിച്ച ആ വ്യക്തി ഒരു ഭ്രാന്തനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മൈഹാറിലായിരുന്നു താമസം. അന്ന് അദ്ദേഹം മൈഹാര്‍ മഹാരാജാവിന്റെ രാജസദസിലെ, ദര്‍ബാറിലെ, സംഗീതജ്ഞനായിരുന്നു. സംഗീത നാടക അക്കാദമിക്ക് വേണ്ടി ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്യാനാണ് ഞാനവിടെ അന്നെത്തിയത്. അപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാനായി. ഞാനദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കേട്ടുകൊണ്ടിരുന്നു.

എട്ടാം വയസ്സില്‍ വീടുവിട്ടോടിപ്പോന്നവനാണദ്ദേഹം. ജ്യേഷ്ഠ സഹോദരന്‍ അഫ്താബുദ്ദിന്‍ സാഹെബാണദ്ദേഹത്തിന്റെ ഗുരു. നല്ലൊരു പുല്ലാങ്കുഴല്‍ വാദ്യക്കാരനായിരുന്നു. ബാവുള്‍ സംഗീതജ്ഞനും കാളി ഭക്തനുമായിരുന്നു അദ്ദേഹം. ഇതെല്ലാം ഞാന്‍ അലൗദ്ദീന്‍ സാഹിബില്‍ നിന്ന് നേരിട്ടു കേട്ടതാണ്. എന്നെ വല്ലാതെ സ്‌നേഹിച്ചിരുന്നതുകൊണ്ട് പലപ്പോഴും എനിക്കു മുന്നില്‍ ഉള്ളം തുറക്കുമായിരുന്നു. ബാല്യത്തില്‍ അദ്ദേഹം മക്തബില്‍ പഠിച്ചിരുന്നു. അവിടേക്കുള്ള വഴിയില്‍ ഒരു കാളി ക്ഷേത്രമുണ്ട്. മുസ്‌ളീം ആയതിനാല്‍ അദ്ദേഹത്തിന് ആ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ബ്രാഹ്‌മണ പുരോഹിതര്‍ അദ്ദേഹത്തെ മര്‍ദ്ധിച്ചിട്ടുമുണ്ട്. രാത്രിയില്‍ ജ്യേഷ്ഠ സഹോദരന്‍ അദ്ദേഹത്തെ ഒരു തൂണില്‍ കയറുകൊണ്ടു ബന്ധിക്കും. കാലുകള്‍ തൂണില്‍ കൂട്ടിക്കെട്ടും. എന്നിട്ടും ഒരു രാത്രി അവിടെ നിന്ന് രക്ഷപ്പെടാനായി.

കല്‍ക്കട്ടയിലെത്തിയ അദ്ദേഹം നിംതാല ഘട്ടില്‍ ഉറങ്ങി. അങ്ങനെയിരിക്കെ സ്റ്റാര്‍ തിയറ്ററില്‍ അവസരം ലഭിച്ചു. അക്കാലത്ത് നടിമാരായി വന്നിരുന്നതധികവും വേശ്യകളും മറ്റുമായിരുന്നു. പുല്ലാങ്കുഴല്‍ വായിക്കുന്ന ജോലിയാണു ലഭിച്ചത്. മാസം അഞ്ചു രൂപ വേതനം. അവിടെ നിന്ന് അദ്ദേഹം ഉദയ്പൂരിലേക്ക് പോയി. വാസിര്‍ ഖാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. അക്കാലത്തെ ഏറ്റവും മഹാനായ സരോദ് വിദ്വാനായിരുന്നു വാസിര്‍ ഖാന്‍. ആദ്യമൊക്കെ വാസിര്‍ ഖാന്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും അവഗണിച്ചു. നൂറുവര്‍ഷം മുമ്പുള്ള കാര്യമാണു നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്നത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കാലം. അവസാനം അദ്ദേഹത്തിനൊരു പദ്ധതി തോന്നി. വാസിര്‍ ഖാന്റെ വണ്ടിക്കു മുന്നില്‍, വഴിയില്‍ കിടന്നു. തന്നെ പഠിപ്പിക്കാന്‍ വാസിര്‍ ഖാന്‍ സമ്മതിച്ചെങ്കില്‍ മാത്രമേ അവിടെ നിന്നെഴുന്നേല്‍ക്കൂ എന്ന് വാശിപിടിച്ചു. അന്നൊക്കെ സംഗീതം എന്നത് വലിയ രഹസ്യമാണ്. അത്ര പെട്ടെന്നൊന്നും ആര്‍ക്കും ചെന്ന് പഠിക്കാനാകില്ല. അങ്ങനെയൊരു കാലഘട്ടത്തെ നിങ്ങളൊക്കെ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാന്‍ കുറച്ചൊക്കെ കണ്ടിട്ടുണ്ട്.

അവസാനം വാസിര്‍ ഖാന്‍ സമ്മതിച്ചു. `അങ്ങനെയെങ്കില്‍ നീ എന്റെ പരിചാരകനാകൂ. എനിക്കു വേണ്ട സേവനങ്ങള്‍ ചെയ്തു തരൂ` എന്നായി. അലൗദ്ദീന്‍ അതിനു സമ്മതിച്ചു. വീട്ടുവേലകള്‍ ചെയ്തു തുടങ്ങി. അതിനിടയില്‍ ആ ഉപകരണം കാണാനും അതുമായി ബന്ധപ്പെടാനും അവസരം ലഭിച്ചു. രണ്ട് വര്‍ഷം അങ്ങനെ പിന്നിട്ടു. അപ്പോള്‍ അലൗദ്ദീന്‍ തന്റെ ശിഷ്യനാകാന്‍ അര്‍ഹനാണെന്ന തീരുമാനത്തില്‍ വാസിര്‍ ഖാനെത്തി. പതിനാലു വര്‍ഷം അവിടെ പഠിച്ചു. അതിനു ശേഷമാണ് അലൗദ്ദീന്‍ ഖാന്‍ സാഹിബിനു പൊതുവേദിയില്‍ സംഗീതമവതരിപ്പിക്കാന്‍ വാസിര്‍ ഖാന്‍ അനുമതി നല്‍കിയത്. പൊതുവേദികളില്‍ സംഗീതമവതരിപ്പിച്ചു തുടങ്ങണമെങ്കില്‍ ഉസ്താദുമാരില്‍ നിന്ന് അനുമതി വേണം എന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഉദാഹരണത്തിനായി എനിക്ക് അനുമതി ലഭിക്കുന്നതിനു മുമ്പേ എന്റെ ഗുരു അന്തരിച്ചു. അതിനാല്‍ തന്നെ എന്റെ ഭാര്യക്കും കുട്ടികള്‍ക്കും മുമ്പിലല്ലാതെ എവിടേയും ഞാന്‍ സംഗീതം അവതരിപ്പിച്ചിട്ടില്ല. ഈയ്യിടെയായി അതും വിട്ടുകളഞ്ഞിരിക്കുന്നു. സരോദ് പോലും ഉപേക്ഷിച്ചു. അങ്ങനെ അതിനു ശേഷം ഖാന്‍ സാഹെബ് ബ്രഹ്‌മന്‍ബാറിയയിലേക്ക് തിരികെപ്പോയി.

ഒരു ദിവസം ടീറ്റാസ് നദിക്കരയിലിരുന്ന് പരിശീലിക്കുന്നതിനിടയില്‍, അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്ത് അടുത്തുള്ള മസ്ജിദിലേക്ക് പോയി. അതെടുക്കാന്‍ സഹായിക്കുന്നതിനിടെ അദ്ദേഹം വീണു. വലതു കൈ ഒടിഞ്ഞു. അത് സുഖപ്പെടുത്താനാകും എന്ന പ്രതീക്ഷ ഡോക്ടര്‍മാരെല്ലാം കൈവിട്ടു. അത്രയ്ക്ക് തകര്‍ന്നിരുന്നു ആ കൈ. അദ്ദേഹം മൈഹാറിലേക്ക് തിരിച്ചെത്തി. നാലു ദിവസം ഭക്ഷണവും വെള്ളവും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് ചാമുണ്ഡ കാളീക്ഷേത്രത്തില്‍ ഭജനയിലായി. അപ്പോള്‍ സാവധാനത്തില്‍ കൈ സുഖപ്പെട്ടു തുടങ്ങി. അദ്ദേഹം എന്നോട് പറഞ്ഞത് ഞാനിവിടെ അവര്‍ത്തിക്കുന്നു എന്നേയുള്ളു. അതെന്തോ ആകട്ടെ, കൈ വളരെ മോശം അവസ്ഥയിലായിരുന്നു. വലതു കൈ. വലതുകൈ ഉപയോഗിച്ചാണല്ലോ സരോദ് വായിക്കുന്നത്. അദ്ദേഹം പകരം ഇടതു കൈ ഉപയോഗിച്ച് വായിക്കാന്‍ പഠിച്ചു തുടങ്ങി. അങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞനായി. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യവും മനസ്സിന്റെ കരുത്തും അതുല്യമാണ്. എനിക്ക് വേണമെങ്കില്‍ മണിക്കൂറുകളോളം അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കാം. അവസാനിക്കില്ല അത്. എന്റെ ഗുരുവാണദ്ദേഹം….ഉസ്താദ് ഹാഫിസ് അലി ഖാനാണ് മറ്റൊരു മഹാനായ സരോദ് വാദ്യകന്‍. വിലായത്തിന്റെ കഴിവുകള്‍ക്ക് സമാനതകളില്ല. അദ്ദേഹം ശരിയായ മാനസിക നിലയിലാണെങ്കില്‍ ഒരു പക്ഷേ അദ്ദേഹവുമായി കിടപിടിക്കാനാകുക അലി അക്ബര്‍ ഖാനു മാത്രമാകും. രവി ശങ്കര്‍ മിക്കവാറും ഒരു പ്രകടനക്കാരനാണ്. എന്നാലും ഇവരെല്ലാം നല്ല സംഗീതജ്ഞരാണ്. ജീവിച്ചിരിക്കുന്ന കലാകാരന്മാരില്‍, ഞാനുദ്ദേശിച്ചത് ഗായക പ്രതിഭകളില്‍, ഞാന്‍ ഏറ്റവും ആരാധിക്കുന്നത് ഭീംസെന്‍ ജോഷിയെയാണ്.

ഭാഗം 12: ഫിലിം സൊസൈറ്റി

ഫിലിം സൊസൈറ്റി പ്രേക്ഷകര്‍ക്കിടയില്‍ സെന്‍സര്‍ ചെയ്യാത്ത, സഭ്യമല്ലാത്ത, ലൈംഗികച്ചുവയുള്ള, സിനിമകള്‍ മാത്രം കാണുന്ന പ്രവണതയുണ്ട്. പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ മുറിവേല്പിക്കുന്ന ഈ പ്രവണതയ്ക്ക് എങ്ങനെ തടയിടാനാകും?

ഇങ്ങനെ കുറേ തെണ്ടികള്‍ക്ക് – ഭാഷയ്ക്ക് എനിക്ക് മാപ്പു നല്‍കണേ – അതില്‍ മാത്രം താത്പര്യമുള്ളതിന് നമുക്ക് ഒന്നും ചെയ്യാനാകില്ല. അവര്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കാരണം ചിലവിട്ടതില്‍ കുറച്ചു പണം തിരിച്ചുപിടിക്കണം എന്ന് ആഗ്രഹമുണ്ടാകുമല്ലോ. ഫിലിം സൊസൈറ്റി എന്നത് മറ്റൊരു വ്യാപാരമായിരിക്കുന്നു. ഇതിനെ നമ്മള്‍ പൂര്‍ണ്ണമായും നിന്ദിക്കണം, ആക്ഷേപിക്കണം, കഠിനമായി വെറുക്കണം. പക്ഷേ അതുണ്ടാകുന്നില്ല. ഈ രാജ്യം അഗാധതയിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. ഞാനിപ്പോള്‍ മദ്യപിച്ചിട്ടുണ്ട്, ആ സത്യം മറച്ചു വയ്ക്കുന്നില്ല. ഞാന്‍ മദ്യപിക്കാറുണ്ടെന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ എന്നെ ഇപ്പോള്‍ ഇതില്‍ നിന്ന് വിട്ടേക്കൂ. നമുക്കാവശ്യം കൂടുതല്‍ ഉച്ചത്തില്‍ ആക്രമണോത്സുകതയോടെ ഇതിനെതിരെ സംസാരിക്കുക എന്നതാണ്. ഞാന്‍, സത്യജിത്തും, നിങ്ങളുടെ ഈ ഫിലിം സൊസൈറ്റികള്‍ കാണിക്കുന്ന സിനിമാപ്രദര്‍ശനങ്ങള്‍ക്ക് പോകാറില്ല. മാന്യര്‍ക്ക് കാണാനാകുന്ന സിനിമകളല്ല അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്റെ ഭാര്യയേയോ മകളേയോ അത്തരം സിനിമകള്‍ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പോരാട്ടം നിങ്ങള്‍ നടത്തണം. എനിക്കതിനാകില്ല. ഞാനെന്നെ ഇതില്‍ നിന്നെല്ലാം പുറത്തു നിര്‍ത്തിയിരിക്കുന്നു. എനിക്കെന്തൊക്കെ ചെയ്യാനാകും എന്റെ കയ്യില്‍ എന്തുണ്ട് എന്നൊക്കെ നിങ്ങള്‍ക്കറിയാം. പക്ഷേ ഈ ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍, അവിടത്തെ പ്രേക്ഷകര്‍, അതൊക്കെ നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം…

എന്തുകൊണ്ടിങ്ങനെ എന്ന് മനസിലാക്കാന്‍ ഞങ്ങളെ സഹായിക്കണം എന്നാണ്….

മനസിലാക്കാന്‍ ഒന്നുമില്ല. വിശകലനം ചെയ്യാനുമില്ല. ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് അറിയുന്നുണ്ടോ?

അങ്ങനെയെങ്കില്‍ ഫിലിം സൊസൈറ്റികളുടെ പകരം അജണ്ടയോ?

നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നല്ല രുചി വളര്‍ത്തിയെടുക്കാനുതകുന്ന ചര്‍ച്ചകള്‍, വര്‍ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കണം. അത്ര മാത്രം. പക്ഷേ ആദ്യം ഈ ഭീകര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കൂ. അവ ഒന്നിനും കൊള്ളില്ല. പ്രാഥമികമായും മിസൊഗൂചി, എല്ലാ പ്രിന്റുകളും ലഭ്യമാക്കണം. പിന്നെ ഇറ്റലി, ഫ്രാന്‍സ് എന്തിന് ഇംഗ്‌ളണ്ടില്‍ നിന്ന് പോലും. ലിന്‍ഡ്‌സെ (ആന്‍ഡേഴ്‌സണ്‍) ചില നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്ന് തര്‍കോവ്‌സ്‌കി. പോളണ്ടില്‍ നിന്ന് വാജ്ദ. അമേരിക്കയിലെ ഷര്‍ളി ക്‌ളാര്‍ക്ക്. ഇവയൊക്കെയുണ്ടെങ്കില്‍ ഒരു വര്‍ഷം പ്രദര്‍ശനം തുടരും.

***

(അവസാന ഭാഗം)

No Comments yet!

Your Email address will not be published.