Skip to main content

കാഫ്ക അല്ല

വിചാരണത്തടവുകഴിഞ്ഞ്
മടങ്ങുമ്പോൾ
കാഫ്കയെ കണ്ടുമുട്ടിയ
കഥാപാത്രo
പരിചയപ്പെടുത്താൻ ശ്രമിച്ചപ്പോൾ
കോട്ടിൽപറ്റിയിരുന്ന
അഴുക്കിലേക്കുനോക്കി
അപരിചിതമായ എന്തോ
ഒന്നു കണ്ടതുപോലെ
പിറുപിറുത്തു

“അച്ഛന് മഞ്ഞുള്ള രാത്രി
മകനെ വീടിനു വെളിയിൽനിർത്താമെങ്കിൽ

ഒരു കഥാപാത്രത്തോട് എന്തുകൊണ്ട്
മിണ്ടാതിരുന്നുകൂടാ?”
“ഇയാൾ എന്തുകൊണ്ട്
മറ്റൊരച്ഛ൯ ആയിക്കൂടാ?”
“ആ അച്ഛനു മുന്നിലാണ്
താൻ നില്ക്കുന്നതെങ്കിലോ?”

കാഫ്കയ്ക്ക് ആ രാത്രി ഓർമ വന്നു
കാലുറയ്ക്കാത്ത പൂച്ചക്കുഞ്ഞ്
മഞ്ഞിൽ ഇഴഞ്ഞ്
രോമംകൊഴിഞ്ഞ്
മരവിക്കുന്നതുകണ്ട്
ആസ്വസ്ഥനായ കാഫ്ക
പോക്കറ്റിൽനിന്ന്
നോട്ട്ബുക്കെടുത്ത്
കലാസുകളിലൂടെ തന്നെ ചീന്തിയെറിഞ്ഞ്
താഴെവീണുകിടന്നിരുന്ന
കടലാസുതുണ്ടുകളുടെ
ദു൪ഗങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി

സമയം തണുത്ത സൂചിയുടെ വികാരമായി
സമോവറിനു ചുറ്റിലും കൂടിനിന്നിരുന്ന ആളുകൾ
ചലിക്കാൻ പഠിക്കുന്നുണ്ടായിരുന്നു
അവരുടെ പീനൽക്കോളനിയിലെ
ഏതോ ഒരച്ഛൻ
ഭാഷയുടെ ഇന്ദ്രിയം
കെട്ടിയ ചൂരൽ ഉയർത്തുന്നു
മകന്റെ കരച്ചലിൽ ഞെട്ടിയ കാഫ്ക
മഞ്ഞിൽ വിറയ്ക്കുന്നു
കഥാപാത്രം കാഫ്കയോട്
പരിചയപ്പെടുത്താൻ വീണ്ടും ശ്രമിക്കുന്നു
“ഞാൻ”
“അല്ല, ഞാൻ കാഫ്കയല്ല…”

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.