
കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്ണ് രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.
ഭാഗം 9
ഒരു കലാകാരന്റെ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്തം
പൊതുവില്‍ കലാകാരന്മാര് സ്വതന്ത്ര വ്യക്തിത്വം പുലര്‍ത്തുന്നവരാണ്. അതിനു പുറകിലെ കാരണമെന്തായിരിക്കും?
കലാകാരന്മാര് വല്ലാതെ സ്വതന്ത്ര ചിന്താഗതിക്കാരാകുന്നത് ഇക്കാലത്തിനൊരു പക്ഷേ അനുയോജ്യമായിരിക്കുകയില്ല. അവര്‍ ഒരുപക്ഷേ കുറച്ചുകൂടി സാമൂഹികാവബോധമുള്ളവരാകേണ്ടതുണ്ടാകാം. എന്നാല്‍ ഇന്നത്തെ കലാകാരന്മാര് എന്തിനാണിങ്ങനെ ഭ്രാന്ത ചിത്തരും കുപിതരുമാകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു വീക്ഷണകോണില്‍ നിന്നും അതെന്തിനെന്ന് എനിക്ക് മനസിലായിട്ടില്ല. ജനാധിപത്യ വിശ്വാസിയാകുക എന്നതുണ്ട്; എന്നാല്‍ അവര്‍ അതിനാണു ശ്രമിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ രാജ്യം മുഴുക്കെ അലയുന്നവനാണ്. ഈ യുവതീയുവാക്കളെ ശ്രദ്ധിക്കാറുണ്ടോ…എന്തുകൊണ്ടോ അവരത്ര…..
താങ്കള്‍ സ്വയം സ്വതന്ത്ര ചിന്താഗതിക്കാരനാണെന്ന് കരുതിയിട്ടുണ്ടോ?
ഞാനോ? ഞാനൊരിക്കലും അതിനെ ചോദ്യം ചെയ്തിട്ടില്ല. ആദ്യവസാനം ഞാന്‍ സ്വതന്ത്ര ചിന്താഗതിക്കാരന് തന്നെയാണ്. എന്നിലെ സ്വതന്ത്ര ചിന്താഗതി എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതെന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഉപയോഗിക്കരുത്. ഞാന്‍ നിരന്തരം സ്വതന്ത്ര ചിന്താഗതിയുള്ളവന് തന്നെ. പക്ഷേ, സുഹൃത്തേ, അതിനു മറ്റുള്ളതെല്ലാമായി എന്തു ബന്ധം? ജീവിതം അങ്ങനെയൊക്കെയാണ്. ഞാന്‍ ഒരു പാട് ബുദ്ധിമുട്ടുകളുടേയും കുസൃതികളുടെയും കൂട്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും ഒരാളേയും ഉപദ്രവിച്ചിട്ടില്ല. മനസിലായോ?

ഒരു കലാകാരന് രാഷ്ട്രീയവുമായി എത്ര ആഴത്തിലുള്ള ബന്ധമാകാം?
ചോദ്യം കലാകാരന്മാര്ക്ക് മാത്രം ബാധകമായ ഒന്നല്ല. ഈ സമൂഹത്തില്‍, വര്‍ഗ്ഗം അടിസ്ഥാനപ്പെടുത്തിയുള്ള ഈ സമൂഹത്തില്‍, ഓരോ വ്യക്തിയും രാഷ്ട്രീയത്തില്‍ മുങ്ങിക്കുളിക്കണം. കലാകാരന്മാര് മാത്രമല്ല, എല്ലാവരും. അതിനര്‍ത്ഥം ഒരു കലാകാരന് മുദ്രാവാക്യങ്ങള്‍ വില്ക്കുന്നവനാകണം എന്നല്ല. വിലകുറഞ്ഞ മുദ്രാവാക്യങ്ങള്‍ പേറുന്നവനൊരു കലാകാരനാകാനാകില്ല. കലാകാരന് എപ്പോഴും അയാളുടെ വിവേകത്തിനും ഇന്ദ്രിയാവബോധത്തിനുമകത്തു നിന്ന് പ്രവര്‍ത്തിക്കണം. രാഷ്ട്രീയക്കാര്‍ ഉപരിപ്ളവമായ നിലയിലാണു പ്രവര്‍ത്തിക്കുക – മുദ്രാവാക്യങ്ങള്‍, ഒച്ചയിടല്‍, ഉച്ചത്തിലുള്ള പ്രതിഷേധങ്ങള്‍ അങ്ങനെയങ്ങനെ. കലാകാരനും അതു തന്നെ ചെയ്താല്‍ കല അതിജീവിക്കും എന്നെനിക്ക് തോന്നുന്നില്ല.
കലാകാരന്മാര്ക്ക് സാമൂഹിക ഉത്തരവാദിത്വങ്ങളുണ്ടെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായുമുണ്ട്. സാമൂഹിക ഉത്തരവാദിത്വത്തെ ഒഴിവാക്കുകയോ ഒഴിവാക്കുന്നു എന്ന് അവകാശപ്പെടുകയോ ചെയ്യുന്നവന് ഉന്നത കുലജാതരേയും ഭരിക്കുന്ന തന്തയില്ലാത്തവരേയും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്വത്തെ നിറവേറ്റുന്നവരാണ്. എല്ലാവരും ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്.
ഈ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍, നമ്മുടെ രാജ്യത്തെ കലാകാരന്മാരുടെ പ്രാഥമിക ഉത്തരവാദിത്വം എന്താണ്?
നമ്മുടെ രാജ്യത്തെ സ്ത്രീപുരുഷന്മാരെ സേവിക്കുക. അതിലുപരിയായി, പ്രാഥമികവും അന്തിമവുമായ ഉത്തരവാദിത്വം ഒന്നു തന്നെയാണ് – മനുഷ്യരെ സ്നേഹിക്കുക. അവര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുക. അവരോട് സംസാരിക്കുക. അത് കലാപരമായി അവതരിപ്പിക്കണം. അത്രമാത്രം. അല്ലാതെ മുദ്രാവാക്യം വിളികളാകരുത്.
ചില കലാകാരന്മാര് രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു നില്ക്കുന്നതായി കാണപ്പെടുന്നു. ഇതിനു പുറകില്‍ എന്താണ്, അതോ…
അവര്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒറ്റപ്പെടുകയല്ല. ഞാനിതിനുത്തരം നല്‍കിയിട്ടുണ്ട്. അവരെല്ലാം പക്ഷം പിടിക്കുന്നുണ്ട്, എന്നാല്‍ `എനിക്ക് പ്രതിജ്ഞാബദ്ധതയൊന്നുമില്ല` എന്ന മട്ടില്‍ സ്വയം പ്രകടിപ്പിക്കുന്നു. ഒരാള്‍ക്കും അങ്ങനെ പ്രതിബദ്ധതയില്ലാതാകാനില്ല. നിങ്ങളൊന്നുകില്‍ ഇവിടെയാണ് അല്ലെങ്കില്‍ അവിടെ. അല്ലാതെ അരാഷ്ട്രീയമാകാന്‍ ആകില്ല. അങ്ങനെ നടിക്കുന്നവര്‍ വഞ്ചകമായി പ്രവര്‍ത്തിച്ച് ജനങ്ങളെ ഉപദ്രവിക്കുകയാണ്.
മുപ്പത് വര്‍ഷം മുമ്പ് കലാകാരന്മാര്ക്കിടയില് ഈ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതല്‍ കരുത്തുണ്ടായിരുന്നു. അതിനു ശേഷം അത് വല്ലാതെ ബലഹീനമായി. ഇപ്പോള്‍ അതില്ലാത്ത ഒരവസ്ഥയിലേക്കെത്തുന്നു. എന്തായിരിക്കും ഇതിനോട് താങ്കളുടെ പ്രതികരണം?
ശക്തമായ പ്രതികരണമുണ്ട്. പ്രശസ്തിക്കും വിജയിയാകുന്നതിനും കുറുക്കുവഴികള്‍ കണ്ടെത്താനുള്ള പ്രവണത വളരുന്നതു മൂലമാണവര്‍ ഇങ്ങനെ പെരുമാറുന്നത്. ഇവിടേക്കെത്തുന്നതിനു മുമ്പ് നമ്മള് ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി, ഇല്ലേ? ശാകുന്തളത്തെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തില്‍, കാളിദാസന്റെ കാലഘട്ടത്തെക്കുറിച്ച് പറയുന്നതിനിടയില്‍, രബീന്ദ്ര നാഥ ടാഗോര്‍ `അതിനു ശേഷം കാലമെത്ര അഴുകുകയും വിഴുപ്പു നിറഞ്ഞതാകുകയും ചെയ്തു` എന്ന് സൂചിപ്പിക്കുന്നുണ്ട്. അതങ്ങനെ ക്രമേണ മോശമായിക്കൊണ്ടേയിരിക്കുന്നു എന്ന്. ഒരു കണക്കിന് നമ്മുടെ സാന്മാര്ഗ്ഗിക ബോധം അഴുകുന്നുണ്ട്. എല്ലാവരും കൂടുതല്‍ നിരുത്തരവാദിത്വം കാണിക്കുന്നു. ഇതെല്ലാം അഴുകലിന്റേയും അതിന്റെ പരിണിത ഫലമായ തകര്‍ച്ചയുടേയും ലക്ഷണങ്ങളാണ്. അതേ സമയം അതങ്ങനെ പരിപൂര്‍ണ്ണമായും തകരും എന്നൊന്നും ഞാന്‍ കരുതുന്നില്ല. മാത്രമല്ല, ഈ പ്രക്രിയയില്‍ നിന്ന് പുതിയതും കൂടുതല്‍ കരുത്തുള്ളതുമായ ചിലതെല്ലാം ഉരുത്തിരിയും എന്നും ഞാന്‍ കരുതുന്നു. അതൊരു പക്ഷേ എന്റെ മകന്റെ കാലത്താകാം അല്ലെങ്കില്‍ പേരക്കുട്ടികളുടെ. നമ്മുടെ കാലത്തെന്തെങ്കിലും സംഭവിക്കും എന്നെനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ കലാകാരന്മാരെ പ്രത്യേക സംഘമായി നിങ്ങള്‍ കരുതേണ്ടതില്ല. അവര്‍ ഒരു പൂര്ണ്ണപ്രക്രിയയുടെ ഭാഗം മാത്രമാണ്.
ഈ അഴുകലിന്റെ എത്ര കണ്ട് ഉത്തരവാദിത്വം ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളില്‍ ആരോപിക്കാനാകും?
പരിപൂര്‍ണ്ണ ഉത്തരവാദിത്വം. പക്ഷേ ഇന്ന് അവരൊന്നും ഇടതുപക്ഷമല്ല. അവരെല്ലാം വലത്തോട്ടു മാറിയിരിക്കുന്നു. അതിനാല്‍ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ എന്ന പരാമര്‍ശം കൊണ്ട് നിങ്ങള്‍ ആരെയാണുദ്ദേശിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. അങ്ങനെയൊരു വിഭാഗം ഇപ്പോള്‍ നിലവിലില്ല. നേതാക്കന്മാര്ക്ക് ഇന്നുള്ള ആശങ്ക അവര്‍ക്കായി എത്ര പണം ലഭിക്കും എന്നാണ്. അവര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും. അതിനൊപ്പം വര്‍ത്തമാന പത്രങ്ങളില്‍ എങ്ങനെ തങ്ങളുടെ പേരും ചിത്രവും വരുത്താം എന്നും. ഇന്ത്യക്കാരെക്കുറിച്ചൊന്നും ആര്‍ക്കും വേവലാതിയില്ല; ഇവിടുത്തെ ജനങ്ങളെക്കുറിച്ച്. അതിനാല്‍ ആ നേതാക്കള്‍ക്ക് ഞാനെങ്ങനെ ഉത്തരവാദിത്വം ഏല്പിച്ചുകൊടുക്കും? മുമ്പു പറഞ്ഞതുപോലെ ചിലതെല്ലാം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. നക്സലൈറ്റ് യുവാക്കളെപ്പോലെ ചിലത്…
സമീപ ഭൂതകാലത്തില്‍, അതായത് കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അതിന്റെ നേതൃത്വത്തില്‍ നിന്നും സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട് ചില പിഴവുകള്‍ സംഭവിച്ചു എന്നും അതാണ് പ്രതിജ്ഞാബദ്ധതയിലുള്ള ഈ അഴുകലിനു കാരണമാക്കിയതെന്നും താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണു ഞാന്‍ പാട്ടി വിട്ടത്. പി.സി. ജോഷിക്ക് ഒരു പാടു ന്യൂനതകളുണ്ടാകാം, പക്ഷേ അദ്ദേഹത്തിനീ പ്രശ്നങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഇത്തരം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഓരോ സഖാവിനോടും അദ്ദേഹം പരാതിപ്പെടാറുണ്ടായിരുന്നു. എന്റെ ഭാര്യ ലഖിയും സഖാവായിരുന്നു. വളരെ മുമ്പ് അവള് ഷില്ലോങ്ങ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. പി സി ജെ ഒരു പക്ഷേ അതൊക്കെ മറന്നിട്ടുണ്ടാകും. അയാളിപ്പോള്‍ മിക്കവാറും മരണത്തിന്റെ വക്കിലാണ്. ആ തെമ്മാടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ക്കൊരു കത്തെഴുതി. ഞാന്‍ ദല്ഹിയിലുണ്ടെന്നറിഞ്ഞാല് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്നോടും ലഖിയോടും മാത്രമല്ല, എല്ലാ സഖാക്കളോടും അദ്ദേഹം വ്യക്തിപരമായി സംസാരിക്കും, വിവരങ്ങളാരായും. അലഹബാദ് കോണ്‍ഫറന്‍സില്‍ ഗാന്ധിയെ ഇല്ലാതാക്കിയത് അദ്ദേഹമാണ്. ”പി.സി. ജോഷി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ പൂര്‍ണ്ണമായും ഇല്ലാതാക്കി.” ആ മനുഷ്യനെയാണൊരു ഉപജാപ സംഘം പാര്‍ട്ടിയില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയത്. ആ സഖാക്കളുടെ, ഏതാനും വ്യക്തികളുടെ, പേരൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. 1948 ആഗസ്തില്‍, രണ്ടാം കോണ്‍ഗ്രസ് എന്ന് പേരിട്ട് വെലിങ്ങ്ടണ്‍ ചത്വരത്തില്‍ വച്ചു നടന്ന വെല്ലിങ്ങ്ടണ്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു അത്. അന്നു മുതല്‍ പാര്‍ട്ടി നേതാക്കള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ മറന്നു. അവര്‍ കാര്യങ്ങള്‍ എത്രകണ്ട് അലങ്കോലമാക്കി എന്നതിനെക്കുറിച്ച് ഇനി സംസാരിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.
നമ്മളിപ്പോള്‍ ഒരു പേക്കിനാവിലൂടെ* കടന്നുപോകുകയാണ് (*പരാമര്‍ശം അടിയന്തിരാവസ്ഥയെയാണ്). എന്നാല്‍ അതിനെതിരെ പ്രതിഷേധിക്കുകയോ അതിനെ എതിര്‍ക്കുകയോ ചെയ്യുന്നില്ല. എന്തു തോന്നുന്നു?
ഞാനെന്തു പറയാനാ? ഭീകരമാണവസ്ഥ. നിങ്ങള്‍ക്കൊന്നും അതിന്റെ പാതിപോലും അറിയില്ല. ഞാന്‍ പലതവണ പലതും നേരില്‍ കണ്ടു. അതിനുള്ള ബന്ധങ്ങള്‍ എനിക്കുണ്ട്. പക്ഷേ എനിക്കതിനെതിരെ എന്തു ചെയ്യാനാകും? വിവിധ മാര്‍ഗ്ഗങ്ങളിലൂടെ എനിക്കു ചെയ്യാനാകുന്നത് കുറച്ചെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. ഞാനൊരു രാഷ്ട്രീയക്കാരനല്ല, അതിനാല്‍ ഒന്നും സംഘടിപ്പിക്കാനാകുന്നില്ല, ജനങ്ങളെ ഇളക്കിവിടാനുമാകുകയില്ല. എനിക്ക് ചെയ്യാവുന്നത് അത്രയൊന്നും ഉപകാരപ്പെടില്ല. കലകൊണ്ട് തീര്‍പ്പാക്കാവുന്ന പ്രശ്നങ്ങളല്ല ഇവയൊന്നും.

ദുഷിച്ച സംസ്കാരം (അപസംസ്കൃതി) വ്യാപിക്കുന്നതിനെ തടയാന്‍ നമുക്കെങ്ങനെയാകും എന്നാണു കരുതുന്നത്?
ഈ അപസംസ്കൃതി എന്ന വാക്ക് വല്ലാതെ അരോചകമുള്ളതാണെന്ന് ആദ്യമേ പറയട്ടെ. നിങ്ങള്‍ക്ക് ഇന്നത്തെ തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവത്വത്തെ അവരുടെ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിപരമായി കുറ്റപ്പെടുത്താനാകില്ല. ഈ സമൂഹം തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിപ്പോള്‍ എങ്ങനെ അതിനെ അതില്‍ നിന്ന് പുറത്തുകടത്തണമെന്ന് ആര്‍ക്കുമറിയാത്ത ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. നമ്മള് അതിന്റെ നാരായവേരില്‍ എത്തേണ്ടതുണ്ട്. അത് വര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സമൂഹത്തിലെ സാമ്പത്തിക യാഥാര്‍ത്ഥ്യമാണ്. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നില്ല. കല്‍ക്കട്ടയില്‍ മാത്രം തൊഴിലില്ലാത്ത എഴുപതിനായിരം എഞ്ചിനിയറിങ്ങ് ബിരുദധാരികളുണ്ട്. അവര്‍ക്ക് ചെയ്യാനായി ഒന്നുമില്ല. അതിനാല്‍ ഈ യുവാക്കള്‍ തെമ്മാടികളാകുന്നു. പിടിച്ചുപറിക്കാരാകുന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നു. അതല്ലാതെ നിങ്ങള്‍ക്ക് എന്തു പ്രതീക്ഷിക്കാനാകും? അതു മാത്രമല്ല കുടുംബം എന്ന വ്യവസ്ഥ തന്നെ തകരുകയാണ്. ഭൂതകാലങ്ങളില്‍ മാതാപിതാക്കളോട് സ്നേഹം അല്ലെങ്കില്‍ ബഹുമാനം അല്ലെങ്കില്‍ അതുപോലെയുള്ള എന്തോ ഒന്ന് ഉണ്ടായിരുന്നു. ഇന്ന് ആ ബന്ധങ്ങള്‍ അഴുകുന്നതു നിങ്ങള്‍ക്ക് കാണാനാകും. സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ഭാഗമാണത്. മാനവ ബന്ധങ്ങള്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയാണ് സമൂഹം വിഘടിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനെതിരെ എന്തെങ്കിലും ചെയ്യുക എന്നാല്‍….അതെ, നമുക്ക് ശ്രമിക്കാം, നമ്മള് എന്തു ചെയ്യണം എന്ന് പറയുകയും വേണം, പക്ഷേ അതൊക്കെ അത്ര ഉപകാരപ്പെടും എന്നെനിക്ക് തോന്നുന്നില്ല.
ഐ പി ടി എ യെപ്പോലെ ഒരു തൊഴിലാളിവര്‍ഗ്ഗ സാംസ്കാരിക പ്രസ്ഥാനം നമുക്ക് തുടങ്ങിവച്ചുകൂടേ?
ഒരു പറ്റം യുവതീയുവാക്കളെ ഒന്നിച്ചു കൂട്ടാനാകുമെങ്കില്‍ അത് സാധ്യമായേക്കാം. എന്തുകൊണ്ടില്ല? എന്നാല്‍ പുതുരക്തം വേണം. നമ്മള്‍ക്കൊക്കെ പ്രായമായിരിക്കുന്നു. ഇനിയും അതിനൊന്നുമാകില്ല.

ഇതിനോട് സമാനമായി ജുക്തി ടാകോ ഗപ്പോയില്‍ ഒരു സീക്വന്‍സുണ്ട്. അതിലൊരിടത്ത് `1947 ലെ സ്വാതന്ത്ര്യമോ! ഫൂ` എന്നൊരു വാക്യവുമുണ്ട്. ഈ വരിയുടെ പ്രാധാന്യമെന്താണ്?
1947 ആയപ്പോഴേക്കും ബ്രിട്ടീഷ് നേതാക്കള്‍ ആകെ ആശങ്കയിലായിരുന്നു, അവതാളത്തിലായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിനാണു പ്രാധാന്യം. അവര്‍ വലിയ കുഴപ്പത്തിലായിരുന്നു. അതിനെക്കുറിച്ചൊക്കെ താങ്കള്‍ക്ക് എത്രയറിയാം എന്നെനിക്കുറപ്പില്ല. പക്ഷേ എന്താണു സംഭവിച്ചതെന്ന് എനിക്ക് കൃത്യമായറിയാം. ആദ്യം യുദ്ധച്ചിലവുകള്‍ മൂലം അവരുടെ സമ്പദ് വ്യവസ്ഥയാകെ തകര്‍ന്നു. അമേരിക്കക്കാരില്ലായിരുന്നു എങ്കില്‍ അവര്‍ അതോടെ അവസാനിക്കുമായിരുന്നു. ആ വീരനായകരൊക്കെ ഇല്ലാതാകുമായിരുന്നു. ചര്‍ച്ചില്‍ തുടങ്ങിയ നായകര്‍. മറുഭാഗത്ത് അവര്‍ക്ക് സുഭാഷ് ബോസ് സൃഷ്ടിച്ച അവസ്ഥയെ നേരിടേണ്ടതുമുണ്ടായിരുന്നു. അദ്ദേഹം രാജ്യമെമ്പാടും വലിയ ജനമുന്നേറ്റമുണ്ടാക്കി. അക്കാലത്ത് രാജ്യം മുഴുക്കെ അലഞ്ഞു നടന്നിരുന്നവനാണു ഞാന്‍. ബംഗ്ളാദേശിനെ ഒഴിവാക്കിയാലും, അല്ല പശ്ചിമ ബംഗാളിനേയും ഒഴിവാക്കിയാലും, അതായത് ബംഗാളിനെത്തന്നെ ഒഴിവകകിയാലും, രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍, പ്രത്യേകിച്ചും മദ്ധ്യപ്രദേശ്, അക്കാലത്ത് ഞാന്‍ മദ്ധ്യപ്രദേശിലായിരുന്നു, റായ്പൂരിലും നാഗ്പൂരിലുമൊക്കെ, ആവേശം കൊണ്ടു കമ്പനം കൊള്ളുകയായിരുന്നു. സുഭാഷ് ബാബുവിനവസാനം എന്തു നേടാനായി എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ അദ്ദേഹം ഉത്പാദിപ്പിച്ച പ്രതിക്രിയകള്‍, സാധാരണക്കാരിലും ഇന്ത്യയിലെ സ്ത്രീകളിലും അദ്ദേഹം നിര്‍മ്മിച്ചെടുത്തത്, വളരെ തീവ്രമായിരുന്നു. അവരങ്ങനെ തീര്‍ത്തും ഉന്മത്തരായിരിക്കുമ്പോഴാണ് 42 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിക്കുന്നത്. അതിനു ശേഷം ബോംബെയിലെ നാവിക കലാപമുണ്ടായി. തുടര്‍ന്ന് വായുസേനയിലെ കലാപവും. അതിനെക്കുറിച്ചൊന്നും ഇന്ന് ആര്‍ക്കുമറിയില്ല. കാരണം അതൊക്കെ ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും അടിച്ചൊതുക്കിയല്ലോ. അങ്ങനെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളകിയ കാലമായിരുന്നു. നമ്മള് പോരാട്ടം തുടരുകയായിരുന്നു എങ്കില്‍, ഏതാനും വര്‍ഷങ്ങള്‍ കൂടി ഏതാനും ജീവന് ബലി നല്കി ഒച്ചയും ബഹളവും തുടരുകയായിരുന്നു എങ്കില്‍, വിട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരാകുമായിരുന്നു. പക്ഷേ നമ്മുടെ നേതാക്കള്‍ ഒരു ഇടപാടുണ്ടാക്കി. അധികാരം പിടിച്ചെടുക്കാന്‍ മൗണ്ട് ബാറ്റനുമൊത്ത് ഒരു ഉടമ്പടി. അത് നമ്മുടെ ദേശീയ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തെ തന്നെ ഒറ്റുകൊടുക്കുന്നതായിരുന്നു. ഗാന്ധി അതിനെതിരായിരുന്നു. പക്ഷേ ദേശീയ വിമോചന പോരാട്ടത്തിന്റെ ഉന്നത തല സംഘത്തിനു കാത്തിരിക്കാനാകില്ലായിരുന്നു. അവര്‍ക്ക് അവരെ അധികാരത്തിലെത്തിക്കണമായിരുന്നു. ഈ വഞ്ചനെയ്ക്കുറിച്ച് ഞാനെന്റെ ആയുഷ്കാലം മുഴുക്കെ സംസാരിച്ചിട്ടുണ്ട്. ഒച്ചയിട്ടിട്ടുണ്ട്. അതിനിയും തുടരും.
(തുടരും)
![]()
വിവര്‍ത്തനം : സുരേഷ് എം.ജി.




No Comments yet!