Skip to main content

അവസാനമായി ജീവിച്ച ഒരു മനുഷ്യൻ

നക്ഷത്രമില്ലാത്തൊരു പിറവി

ലോകം അവസാനിച്ചതിന് ശേഷം
ഒരേയൊരു മനുഷ്യന്‍ മാത്രമാണ് ശേഷിച്ചത് – അരുണ്‍.
അവന്‍ എവിടെയാണ് ജനിച്ചത്,
എപ്പോള്‍ അവസാനിച്ചു മനുഷ്യരാശി,
അവന്‍ എങ്ങനെ തനിച്ചായി?
ഒന്നും അറിയില്ല.

അവന് യാതൊന്നു0 ഓര്‍മ്മയില്ല;
എന്നാല്‍
ഓര്‍മ്മയുടെ ആ അഭാവം തന്നെ
അവന്റെ ഏറ്റവും വലിയ ഓര്‍മ്മയായിരുന്നു.

അരുണ്‍ ഒരു പകുതി തകര്‍ന്ന ഗോപുരത്തിന്റെ മുകളില്‍ നിന്ന്
ശൂന്യമായ ഭൂമിയെ നോക്കി നില്‍ക്കുമ്പോളാണ്
ആദ്യത്തെ ഒരു ചിന്ത ജനിച്ചത്:

”ഞാന്‍ ആരാണ് എന്നതിനെക്കാള്‍
ഈ ലോകം ആരുടെ സ്വപ്നമാണ്?”

***

നടക്കാത്ത വഴികളുടെ ശബ്ദം

അവന്‍ യാത്ര തുടങ്ങി.
ഒരു വഴിയും ഇല്ലാത്ത ഭൂമിയില്‍
ഓരോ ചുവടും പുതിയ വഴി.

യാദൃശ്ചികമായി
അവന്‍ കേട്ടു-
കാറ്റിനുള്ളില്‍ ആരോ തന്നെ പേര് ചൊല്ലി വിളിക്കുന്നു:
”അരുണ്‍… അത് നീയാണൊ?”

അവന്‍ ഞെട്ടി നില്‍ക്കുമ്പോള്‍
കാറ്റ് വീണ്ടും പറഞ്ഞു:
”ഞാന്‍… നീ നടന്നിട്ടില്ലാത്ത വഴികളുടെ ശബ്ദമാണ്.”

അരുണ്‍ ചോദിച്ചു:
”വഴികള്‍ സംസാരിക്കുമോ?”
കാറ്റ് ചിരിച്ചു:
”വഴികള്‍; നടക്കാത്തവരോട് മാത്രം സംസാരിക്കും.”

അരുണ്‍ അതിനെ മനസ്സിലാക്കിയില്ല,
പക്ഷേ കാറ്റിന്റെ ശബ്ദം
അവനെ മുന്നോട്ട് തള്ളി.

***

ഓര്‍മ്മയില്ലാത്ത ഒരു സ്മാരകം

ദൂരെയൊരു വലിയ കൂനമരം.
അതിന്റെ പുറത്ത്
ഒരു വരുത്തി കുറിപ്പ്:

”എനിക്കെല്ലാം ഓര്‍മ്മയുണ്ട്,
എന്നാല്‍ ഞാന്‍ ഒന്നും കണ്ടിട്ടില്ല.”

അരംമരം സംസാരിക്കുമോ?
അവന്‍ കൈ വെച്ചപ്പോള്‍
മരം വിറച്ചു,
ശബ്ദം ഉയര്‍ന്നു:

”അരുണ്‍,
നിന്റെ ഓര്‍മ്മകള്‍ എല്ലാം എന്റെയാണ്;
നീയായിരുന്ന ജീവിതങ്ങള്‍,
നീ ആയേക്കുമായിരുന്ന ജീവിതങ്ങള്‍,
നീ പറഞ്ഞതും പറഞ്ഞിട്ടില്ലാത്തതുമായ വാക്കുകള്‍ –
അവയെല്ലാം ഇവിടെ അടങ്ങിയിട്ടുണ്ട്.”

അരുണ്‍ ഭയന്നു. വിറസ്വരത്തില്‍ അവന്‍ പറഞ്ഞു:
”എനിക്ക് അവ തിരികെ വേണം!”

മരം പറഞ്ഞു:
”ഓര്‍മ്മ തിരികെ കിട്ടുന്നത്
നിന്നെ പുനര്‍ജനിപ്പിക്കില്ല,
അതിനെ പുനര്‍ജനിപ്പിക്കുന്നത്
ഒരു സത്യം:
നീ ആരായിരുന്നു എന്നതല്ല;
നീ എന്ത് ഉള്‍ക്കൊള്ളുന്നു എന്നതാണ് നീ.”

***

സമയം മരിച്ച ഒരു ദിനം

അരുണ്‍ മുന്നോട്ട് നടന്നു.
അവന്റെ മുന്നില്‍
ഒരു വിചിത്രമായ കാഴ്ച –
ഒരു പുരാതന മണല്‍ക്കൂന നീര്‍ത്തി വെച്ചിരിക്കുന്നു.
മണല്‍ വീഴുന്നില്ല.
സമയം മരിച്ചിരിക്കുന്നു.

അവന്‍ ചോദിച്ചു:
”സമയം എന്തുകൊണ്ട് നില്‍ക്കുന്നു?”

മണല്‍ക്കൂന മറുപടി പറഞ്ഞു:
”മനുഷ്യര്‍ സമയം അളക്കാന്‍ കുറിച്ചു,
പക്ഷേ അത് അവര്‍ തന്നെ
തന്നെ നഷ്ടപ്പെടുത്താനുള്ള മാര്‍ഗമായി മാറി.”

”അപ്പോള്‍ നീ ഇനിയും തെന്നിക്കൊണ്ടില്ലേ?”
”നിന്നെ കാത്തു നില്‍ക്കുകയാണ് ഞാന്‍,”
മണല്‍ക്കൂന പറഞ്ഞു.

”എന്നെ, എന്തിന്?”
”നിന്റെ ഉള്ളിലെ സമയത്തെ
നീ തന്നെയാണ് ആരംഭിക്കേണ്ടത്.”

അവന്‍ ഒരു മണല്‍ക്കണം കൈയില്‍ എടുത്തു.
അന്നേരം
മണിക്കൂര്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

***

സത്യം കണ്ട അവസാന കണ്ണാടി

അവന്‍ ഭൂമിയിലെ അവസാന കണ്ണാടിയുടെ
മുമ്പില്‍ നില്‍ക്കുമ്പോള്‍ കാണ്മാനായി
അതില്‍ അവന്റെ രൂപം ഒന്നുമില്ല.
പകരം
കണ്ണാടി എഴുതി:

”അരുണ്‍,
നീ നീ തന്നെയാണ് എന്ന് കരുതുന്നത് നിന്റെ
ഒരു തെറ്റിദ്ധാരണ.
നീ കാണുന്ന ലോകം-
അത് യഥാര്‍ത്ഥത്തില്‍ നിന്നെ കാണുന്ന ലോകമാണ്.”

അരുണ്‍ മുട്ടുകുത്തി:
”എന്നെ… ഞാന്‍ കാണുന്നില്ല.”
കണ്ണാടി പറഞ്ഞു:
”കാരണം,
നീ അന്വേഷിക്കുന്നത്
നിന്റെ മുഖമല്ല,
നിന്റെ അര്‍ത്ഥമാണ്.”

***

അവസാന ചോദ്യത്തിന്റെ ജനനം

അവന്‍ ഭൂമിയുടെ അതിര്‍ത്തിയിലേക്ക് നടന്നു.
അവിടെയൊരു വാതില്‍.
ലോകം അവസാനിച്ചതിന് ശേഷം
ഒരേയൊരു വാതില്‍ മാത്രമാണ് ശേഷിച്ചത്.

വാതില്‍ ചോദിച്ചു:
”നിനക്ക് എന്താണ് വേണ്ടത്, അരുണ്‍?”
അരുണ്‍ മറുപടി നല്‍കി:

”എനിക്ക് ആരെന്ന് അറിയണം.”

വാതില്‍ പറഞ്ഞു:

”നീ ആരാണ്’ എന്ന ചോദ്യം
നിന്റെതല്ല.
നീ ചോദിക്കേണ്ടത്
ലോകം ആര്‍ക്കാണെന്നാണ്?!”

അരുണ്‍ വിറന്നു:
”അപ്പോള്‍ ഈ ലോകം…?”

വാതില്‍ തുറന്നു പറഞ്ഞു:

”നീ ജീവിച്ചിട്ടില്ലാത്ത
നിന്റെ തന്നെ അവസാന സ്വപ്നമാണ് ഈ ഭൂമി.”

അരുണ്‍ ഞെട്ടി:
”അപ്പോള്‍ ഞാന്‍… ജീവിച്ചതല്ലേ, ഒന്നു0?”

വാതില്‍ ചിരിച്ചു:
”നിന്റെ ഇതുവരെയുള്ള ഒരു ജീവിതത്തിലു0 ജീവനില്ല.
ഇപ്പോള്‍ ആദ്യമായി
നീ ജീവിക്കാന്‍ പോവുകയാണ്.”

***

 പിറവി

അരുണ്‍ വാതിലിലൂടെ കടന്നപ്പോള്‍
ഒന്നുമില്ലാത്ത ഇടത്ത്
ഒന്നാകുന്നു –
ശ്വാസം.

പിന്നെ
പ്രകാശം.

അവസാനം
ഒരു പുതുമനുഷ്യന്‍ ജനിച്ചു.
അവന്റെ ആദ്യ ശബ്ദം:

”ഞാന്‍ ജീവിക്കുന്നു.”

അത് കേട്ട്
പ്രപഞ്ചം മറുപടി നല്‍കി:

”ഇപ്പോള്‍ തുടങ്ങുന്നു നിന്റെ കഥ;
ഇനി ഓര്‍മ്മകള്‍ അവ
നീ എഴുതുന്നതാണ്.”

പക്ഷേ; അവസാനം
അതായിരുന്നു, തുടക്കം!’

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.