Skip to main content

വഴികാട്ടിയ ഇബിലീസ്

മൂന്ന്

കൊയിലാണ്ടി അങ്ങാടിയിലെ ഹാളിൽ നടക്കാനിരിക്കുന്ന സെമിനാറിന് സമയമിനിയും ഏറെ ബാക്കിയുണ്ട്.

കടപ്പുറത്തുകൂടി നടക്കാൻ ഒരു മോഹം. എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യമാണ് കടൽ.

കടൽക്കരയിലൂടെ സൊറപറഞ്ഞുള്ള നടത്തം. മണൽ തരികളിൽ കാലമരുമ്പോഴുള്ള ഇക്കിളി. കാറ്റിന്റെ തലോടൽ.

എത്ര ദൂരം നടന്നുവെന്നറിയില്ല. തിരിച്ചുനടക്കാതെ എങ്ങിനെ മുഖ്യ റോഡിലേക്കെത്തുമെന്നായി ചിന്ത. വഴി ചോദിക്കാൻ ആരെയും കാണാനില്ല. ആരെയെങ്കിലും കാണുംവരെ മുന്നോട്ടു തന്നെ നടക്കാൻ തീരുമാനിച്ചു.

ആ നടത്തം പിന്നെയും നീണ്ടു. നടത്തം തുടങ്ങിയേടത്തേക്ക് തിരിച്ചുനടക്കാമെന്ന് വിചാരിക്കുമ്പോഴാണ് ഒരാൾ പ്രത്യക്ഷപെട്ടത്.

വിചിത്രമായ രൂപം. കടൽക്കാറ്റിന്റെ തലോടലേറ്റാവാം അലങ്കോലമായ മുടി. പാന്റും ഷർട്ടും ഇൻചെയ്തിരിക്കുന്നു. സ്ഥാനം തെറ്റിയ ബെൽറ്റ്. കൈയിൽ സ്വർണ്ണത്തിളക്കമുള്ള റാഡോ വാച്ച്. ഹവായ് ചപ്പൽ. മുറുക്കി ചുവപ്പിച്ച ചുണ്ട്.

ആദ്യം ചിരിയാണ് വന്നത്. റാഡോ വാച്ച് കണ്ട് അയാളെ ഗൾഫുകാരനാണെന്ന് വിലയിരുത്തി. ചിലപ്പോൾ ഗൾഫുകാർ കൊണ്ടുവരുന്ന വസ്തുക്കൾ വാങ്ങി മറിച്ചുവിൽക്കുന്ന ഏജന്റുമാകാം. അയാളാരുമാകട്ടെ ഇപ്പോൾ ഒരു വഴികാട്ടിയെയാണ് ആവശ്യം. അയാളോട് ചിരിച്ചു. മറുചിരിയില്ല.

‘മെയിൻ റോഡിലേക്ക് എങ്ങനെയാണ് പോവുക.’

‘ ദാ ഒരു നൂറു മീറ്ററൂടി പോയാൽ വലത്തേക്ക് ഒരു വഴിണ്ട്. ആ വഴി നടന്നാ നിരത്തിലെത്താം ‘ – ചുവന്ന തുപ്പൽ തെറിപ്പിച്ച് അയാൾ പറഞ്ഞു. എവിടുന്നാ എന്നൊരു ചോദ്യവും.

വിശേഷങ്ങളെല്ലാം കേട്ട് ചില ചോദ്യങ്ങൾ അയാൾ ചോദിക്കുകയും ചെയ്തു.

നിങ്ങളുടെ വീട് ഇവിടെ അടുത്താണോ? – ഞങ്ങൾ അയാളോട് ചോദിച്ചു.

‘ഞാനീ നാട്ടുകാരനല്ല’ – ഒരു ഭാവ വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞു.

‘എങ്കിലും ഈ വഴിയൊക്കെ വരാറുണ്ടല്ലേ?’

‘ഏയ്‌ ഇല്ല… ‘

‘അതെങ്ങിനെ!! ഈ നാട്ടുകാരേപോലെ നിങ്ങൾക്ക് വഴിയൊക്കെ നല്ലോണം അറിയാല്ലോ !!’

‘എല്ലാം അറിയുന്നത് രണ്ടേരണ്ടുപേർക്കാണ്. ഒന്ന് ദൈവം. മറ്റേത് ഇബിലീസും. ഞാനെന്തായാലും ദൈവമല്ല’- എന്നും പറഞ്ഞ് അയാൾ ഒരൊറ്റ നടത്തം. തിരിഞ്ഞു നോക്കിയതേയില്ല.

ഉള്ളിലൊരു ആന്തലുമായി ഞങ്ങൾ അയാൾ പറഞ്ഞു തന്ന വഴിയിലൂടെ നിരത്തിലേക്ക്…

(തുടരും…)

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.